Translate

Tuesday, January 14, 2020

ഭരണങ്ങാനം വികാരിയുടെ കല്ലറഭാഷണം


==============

█ 09-01-2020-ന് രാവിലെ 10:30-ന് ഇടവകയിലെ ഒരു ശവസംസ്കാരശുശ്രൂഷയ്ക്കിടെ ഭരണങ്ങാനം വലിയ പള്ളിയുടെ ഉൾത്തളത്തിൽ ബഹു. പള്ളി വികാരി നടത്തിയ ഭാഷണത്തിന്റെ സംക്ഷിപ്ത രൂപം :
"മൂന്നേകാൽ കോടി* മുടക്കി നിർമ്മിച്ച പുതുക്കല്ലറയ്ക്ക് ഇടവകക്കാരനായ ഒരു വ്യക്തിയുടെ^ പരാതി നിമിത്തം പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകുന്നില്ല. ഈ ഇടവകാംഗത്തിന്റെ മാനസാന്തരത്തിനുവേണ്ടി ഈ ദേവാലയത്തിലും തുടർന്ന് ഇവിടുത്തെ സെമിത്തേരിയിൽ വച്ചും ( ----!! ) പ്രാർത്ഥനനടത്തണം".
█ ബഹുമാനപ്പെട്ട വികാരി എന്തിനാണിത് പറഞ്ഞത്?
പുതുക്കല്ലറയ്ക്കുവേണ്ടി നൽകിയ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്താണ് മേൽ ഭാഷണത്തിന് ബഹുമാനപ്പെട്ട വികാരിയെ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ.
█ എന്താണ് വസ്തുത?
കോടതിയിൽ നിന്നോ പഞ്ചായത്തിൽ നിന്നോ കല്ലറയുടെ അനുമതി തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഉണ്ടായിട്ടില്ല.ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ പഞ്ചായത്തിൽ നിന്നും അപേക്ഷ
പ്രോസസ്സ് ചെയ്ത് അന്തിമാനുമതിനേടുന്നതിന് നിയമപരമായ തടസ്സമില്ല.

█ ഏതൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത്?
➤അസ്സൽ ആധാരം അഥവാ പട്ടയം.
➤ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നിയമാവലിയും ട്രസ്റ്റ് സർക്കാരിൽ രജിസ്ട്രേഷൻ നടത്തിയ രേഖകളും

█ കരമടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും ഇതിന് പകരം മതിയാകില്ലേ?
മതിയാകില്ല. ഇവ രണ്ടും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളല്ല. മാത്രമല്ല, 'ട്രസ്റ്റി' അപേക്ഷകനാകുമ്പോൾ ട്രസ്റ്റിന്റെ വിവരങ്ങളും നൽകേണ്ടതുണ്ട്.
█ ഇതൊക്കെ നമുക്ക് ചെയ്യാൻ സാധിക്കുമോ?
തീർച്ചയായും സാധിക്കും.
█ ആരാണ് വിശ്വാസികളിൽ നിന്ന് വാസ്തവം മറച്ചു വയ്ക്കുന്നത്? വാസ്തവവും നിജസ്ഥിതിയും ബോധ്യപ്പെടാൻ ആഗ്രഹിക്കുന്നവർ എന്ത് ചെയ്യും?
പഞ്ചായത്ത് ഒടുവിൽ നൽകിയ നോട്ടീസ് ഉൾപ്പെടെ പുതുക്കല്ലറയുടെ അപേക്ഷയും നടപടിക്രമങ്ങളും സംബന്ധിച്ച മുഴുവൻ രേഖകകളുടെയും പകർപ്പുകൾ വികാരിയിൽനിന്നോ നടത്തിപ്പുകാരിൽനിന്നോ വാങ്ങി പരിശോധിക്കാവുന്നതാണ്. ഈ രേഖകൾ നൽകാൻ ഇവർ വിമുഖത കാണിക്കുന്നപക്ഷം ഭരണങ്ങാനം ഗ്രാമപ്പഞ്ചായത്ത് ഫയൽ നമ്പർ - A3/7062/16- ന്റെ പകർപ്പ് വിവരാവകാശപ്രകാരം നേടി ബോധ്യപ്പെടാവുന്നതാണ്.
█ കല്ലറ പണിയുന്നതിൽ നടത്തിപ്പുകാരിൽനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ?
ഉടനടി വ്യക്തതവരുത്തി നിർണയിക്കേണ്ട വിഷയമാണിത്.
█ കുടുംബക്കല്ലറയ്ക്ക് പണം നൽകിയവർ അത് തിരിച്ചാവശ്യപ്പെട്ടാൽ ഇടവകയിൽനിന്ന് ആ തുക തിരിച്ചു നൽകാമോ?
ഇതിന് ഉത്തരം ലഭിക്കാൻ നിയമ-സങ്കീർണതകൾ കടന്നുള്ള തീരുമാനം ഉണ്ടാവണം. പുതുക്കല്ലറയ്ക്കുള്ള അപേക്ഷാ-നിർമ്മാണ നടപടികളിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് വീഴ്ചയുണ്ടോ എന്ന് കണ്ടെത്തി തീരുമാനിക്കേണ്ടിവരും.
█ ഉത്തരവാദിത്വരഹിതമായ പ്രവർത്തനങ്ങളിലൂടെ ഇടവകയ്ക്ക് നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ആരാണുത്തരവാദി?
നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഉത്തരവാദിയെ / ഉത്തരവാദികളെ നിയമപരമായ അന്വേഷണം നടത്തി സ്ഥിരീകരിച്ച് നിയമനടപടികൾ സ്വീകരിക്കേണ്ടിവരും.
█ ഇനി എന്താണ് യഥാർത്ഥ പോംവഴി?
ഇടവകയിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് വോട്ടവകാശം നൽകി രജിസ്റ്റേർഡ് ട്രസ്റ്റ് രൂപീകരിക്കുകയാണ് പോംവഴി. ഇടവകയുടെ വസ്തുക്കളുടെ അവകാശം ഈ ട്രസ്റ്റിനായിരിക്കണം.
█ ട്രസ്റ്റ് രൂപീകരണത്തിന് ഇടവകാഗംങ്ങൾ തയ്യാറാകുമോ?
തീർച്ചയായും തയ്യാറാകും.
█ ആരെങ്കിലും ട്രസ്റ്റ് രൂപീകരണത്തിന് എതിർപ്പ് പ്രകടിപ്പിക്കുമോ?
അത്തരക്കാരെ കാത്തിരുന്ന്‌ കാണേണ്ടിവരും.
█ ട്രസ്റ്റ് രൂപീകരണത്തിന് ആരാണ് മുൻകൈ എടുക്കേണ്ടത്?
ഇടവകജനം തന്നെയാണ്.
█ സഭാധികാരികൾ മുന്നിട്ടിറങ്ങില്ലേ?
നിലവിലുളള സാഹചര്യങ്ങളിൽ സഭാധികാരികൾ ട്രസ്റ്റ് രൂപീകരണത്തിന് മുന്നിട്ടിറങ്ങാൻ സാധ്യത കുറവാണ് .
█ എന്തുകൊണ്ടാണത്?
കാരണം, ചർച്ച് ആക്ടിനെ ശക്തിയുക്തം എതിർത്തുകൊണ്ടിരിക്കുന്നത് സഭാധികാരികളാണ്.
█ ഭരണങ്ങാനം പള്ളിയിൽ ചർച്ച് ആക്ട് ആണോ നടപ്പിലാവുക?
അല്ല. ചർച്ച് ആക്ട് നിയമസഭ അംഗീകരിച്ച് തീരുമാനമായിട്ടില്ല.
█ അപ്പോൾ എന്തായിരിക്കും നടപ്പിലാക്കേണ്ടി വരിക?
നിലവിൽ രാജ്യത്തിലുള്ള സിവിൽ നിയമങ്ങളും ഇതിനോട് ബന്ധപ്പെട്ട ചട്ടങ്ങളുമായിരിക്കും ഈ ട്രസ്റ്റ് രൂപീകരണത്തിൽ ബാധകമാവുക .
█ എപ്പോഴാണ് ഇതിന് ആരംഭം കുറിക്കേണ്ടത്?
കല്ലറയുടെ ദൗർലഭ്യവും മറ്റിതര ആവശ്യങ്ങളും ഉള്ളതുകൊണ്ട് താമസംവിനാ ആരംഭിക്കണം.
█ ഇങ്ങനൊയൊക്കെ വന്നാൽ ഇതുവരെയുള്ള പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളും അപ്രസക്തമാകില്ലേ?
കാലോചിതമായ പരിഷ്‌കാരങ്ങൾ എല്ലാക്കാര്യത്തിലും അനിവാര്യമാണല്ലോ?
█ തല്ക്കാലം ഇങ്ങനെയങ്ങുപോകട്ടെ, വരുന്നിടത്തു വച്ച് കണ്ടാലോ?
ഉടമസ്ഥാവകാശം സ്ഥാപിച്ചില്ലെങ്കിൽ ഭരണങ്ങാനം പള്ളിയുടെ വസ്തുവകകൾ സർക്കാരിലേക്ക് ഏറ്റെടുക്കാനുള്ള നടപടികളാണടുത്തത്. അതല്ല നമുക്ക് വേണ്ടത്?
█ കാനൻ നിയമങ്ങൾ അല്ലേ ഇവിടെ ബാധകം? പിന്നെന്താ ഇതൊക്കെ ?
കാനൻ നിയമങ്ങൾ ഇക്കാര്യങ്ങളിൽ ബാധകമല്ല. സഭയ്ക്കുള്ളിലെ നടത്തിപ്പുകാര്യങ്ങളിൽ ഇന്ത്യൻ നിയമങ്ങൾക്കു വിധേയമായി കാനൻ നിയമങ്ങൾ ഉപയോഗിക്കാം. കൃത്യമായി പറഞ്ഞാൽ ക്ലബ്ബുകളിലൊക്കെ നാം ഉപയോഗിക്കുന്ന നിയമ-വ്യവസ്ഥകൾ പോലെ.
================

* തുക കണക്കുകൾ നോക്കി സ്ഥിരീകരിച്ചിട്ടില്ല.
^ ഇയാൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന വ്യക്തിയാണെന്നത്രെ ഈ പ്രസംഗം ശ്രവിച്ച ഭൂരിഭാഗംപേർക്കും ഈ പ്രസംഗം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ഏതാനുംപേർക്കും മനസ്സിലായത്. സെമിത്തേരിയിൽ ചെല്ലുമ്പോൾ ടിയാനുവേണ്ടി പ്രാർത്ഥിക്കണമെന്ന പള്ളിവികാരിയുടെ വികാരപരമായ ആഹ്വാനമാണ് ആളുകളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്.

No comments:

Post a Comment