Translate

Friday, January 10, 2020

'ക്രൂസേഡ് ഇതിഹാസ'ത്തിന്റെ ആഘാതതരംഗങ്ങള്‍!


ജോര്‍ജ് മൂലേച്ചാലില്‍ ഫോണ്‍:9497088904
സത്യജ്വാല 2019 ഡിസംബർ ലക്കത്തിൽനിന്ന്

തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ ആനകള്‍ പാപ്പാന്മാര്‍ക്കെതിരെ തടിച്ചുകൂടി ചിന്നംവിളിക്കുന്നതുപോലുള്ള ഒരു അപൂര്‍വ്വരംഗമായിരുന്നു നവംബര്‍ 27-ന് തിരുവനന്തപുരത്ത് കണ്ടത്. തങ്ങള്‍ പറയുന്നത് അനുസരിക്കേണ്ട ആടുകളായിക്കണ്ട് വിശ്വാസികളെ അവമതിച്ചിരുന്ന കള്ള ഇടയന്മാര്‍ക്കെതിരെയും, തങ്ങളെ അനുധാവനം ചെയ്യേണ്ട വെറും അണികളായിക്കണ്ട് ജനങ്ങളെ അവഗണിച്ചിരുന്ന കക്ഷിരാഷ്ട്രീയക്കാര്‍ക്കെതിരെയും ഉരുള്‍പൊട്ടിയൊഴുകിയ ജനശക്തിയുടെ മഹാപ്രകടനമാണിവിടെ ഉണ്ടായത്. തങ്ങള്‍ അനുസരിക്കേണ്ട കേവലം ആടുകളോ അണികളോ അല്ലെന്ന, അടിമകളല്ലെന്ന തിരിച്ചറിവില്‍ ജനങ്ങളില്‍ ഉരുണ്ടുകൂടുന്ന ഇത്തരം ശക്തിയുടെ കുത്തൊഴുക്കുകളാണ് ചരിത്രത്തില്‍ വഴിത്തിരിവുകളാകുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്, ഭരണാധികാരികളല്ല എന്ന സത്യം 'ചര്‍ച്ച് ആക്ട് ക്രൂസേഡി'ലൂടെ ഒരിക്കല്‍ക്കൂടി വെളിവാകുകയാണ്.

ഒന്നും സംഭവിച്ചില്ലല്ലോ എന്നു പെട്ടെന്നു തോന്നാം. എന്നാല്‍ ക്രൂസേഡിന്റെ ആഘാതത്തില്‍ ബന്ധപ്പെട്ട അധികാരികളെ ആധി ബാധിച്ചിരിക്കുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ രക്ഷാമാര്‍ഗ്ഗം തേടിയുള്ള ഗൂഢാലോചനകള്‍ കൊഴുക്കുന്നു; ഹൃദയശസ്ത്രക്രിയ വേണ്ടിടത്ത് ബാന്‍ഡേജ് ചികിത്സാപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നു. നീതിനിഷേധത്തിന്റെ പതാകവാഹകര്‍ സമാധാനചര്‍ച്ചകള്‍ക്കു മാധ്യസ്ഥ്യംവഹിക്കാനൊരുങ്ങുന്നു.... ഉണര്‍ന്നുകഴിഞ്ഞ കേരളക്രൈസ്തവസമൂഹത്തിനുമുമ്പില്‍ ഇതെല്ലാം താമസംവിനാ പൊളിയുമെന്നുറപ്പാണ്. അങ്ങനെ 'ക്രൂസേഡ് ഇതിഹാസ'ത്തിന്റെ പ്രകാശഗോപുരം വീണ്ടും തെളിഞ്ഞുയര്‍ന്നു നില്‍ക്കുന്നതായി കാണപ്പെടുകതന്നെ ചെയ്യും.

അതു പ്രസരിപ്പിക്കുന്ന പ്രഭാപൂരം പെട്ടെന്നൊന്നും നിലയ്ക്കില്ല. ചര്‍ച്ച് ആക്ട് പാസ്സാകുംവരെ അത് വിശ്വാസിസമൂഹത്തെ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും. ഇന്ത്യന്‍ സ്വാതന്ത്രസമരകാലത്ത് സംഭവിച്ചതുപോലെ, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ ചര്‍ച്ച് ആക്ട് സമരകാലത്തും, സത്യനിഷ്ഠയും നീതിബോധവും കര്‍മ്മധീരതയുമുള്ള അനേകമനേകം നേതാക്കള്‍ ഈ സമുദായത്തില്‍ ഉയര്‍ന്നുവരും. ലോകമാകെ ചിതറിത്തെറിച്ചുപോയെന്നു കരുതിയ കേരളയുവത്വം,  'Justice for Sr. Lucy' ഓണ്‍ലൈന്‍ കൂട്ടായ്മ ഉദാഹരിക്കുന്നതുപോലെ, ആഗോളതലത്തില്‍ കൈകോര്‍ത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലും കേരളസഭാകാര്യങ്ങളില്‍ ധീരമായി ഇടപെടും. പൗരോഹിത്യദുഷ്പ്രഭുത്വത്തിനെതിരെയുള്ള ഈ നൈതികപോരാട്ടങ്ങളെ പിന്തുണയ്ക്കാന്‍, കേരളസഭയെ റോമന്‍ കൈപ്പിടിയിലൊതുക്കുന്നതിനായി 16-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ സൈന്യസമേതം ഇവിടെത്തിയ ആര്‍ച്ച് ബിഷപ്പ് അലക്‌സീസ് മെനേസിസ് (Alexis Menesis)-നെ തുരത്തുന്നതിന് അന്നത്തെ ജാതിക്കു കര്‍ത്തവ്യന്മാരായിരുന്ന മാര്‍ അബ്രാഹത്തിന്റെയും മാര്‍ ഗീവര്‍ഗീസിന്റെയും പിന്നില്‍ ആയിരക്കണക്കിന് നായര്‍പട്ടാളക്കാര്‍ നസ്രാണിഭടന്മാരോടൊപ്പം അണിനിരന്നതുപോലെ, മത-സമുദായഭേദമില്ലാതെ കേരളപൊതുസമൂഹത്തിലെ സാംസ്‌കാരികധര്‍മ്മഭടന്മാര്‍ അണിനിരക്കും.

കൃഷ്ണനെ കൈവിട്ട് സൈന്യത്തെ സ്വീകരിച്ച ദുര്യോധനന്റെ കൗരവപ്പടയെപ്പോെല, യേശുവിനെ വേണ്ടെന്നുവച്ച് സ്ഥാന-മാനങ്ങളെയും സമ്പത്തിനെയും ആഞ്ഞുപുല്‍കിയിരിക്കുന്ന പുരോഹിതാധിപത്യ മാമോന്‍പടയും ഒരു മഹാപരാജയത്തിന്റെ വക്കിലേക്ക് ഉഴറിനീങ്ങുന്ന കാഴ്ച ക്രാന്തദര്‍ശികള്‍ക്ക് ഇപ്പോഴേ കാണാം. ദാവീദിന്റെ ഒരു കവണയ്ക്കു മുമ്പില്‍, എല്ലാ പടച്ചട്ടകളോടുംകൂടിനിന്ന ഗോലിയാത്തിന് അടിപതറിയതുപോലെ, യേശുവിന്റെ ഒരു ചാട്ടവാറിനുമുന്നില്‍ ദൈവാലയത്തിലെ പാതിരിക്കൊള്ളക്കാര്‍ പതറിപ്പോയതുപോലെ, നീതിയുടെ മാത്രം പടച്ചട്ടയണിഞ്ഞ ഒരുകൂട്ടം യേശുശിഷ്യര്‍ക്കുമുമ്പില്‍, നിയമത്തിന്റെയും വ്യവസ്ഥാപിതമായ സാമ്പത്തിക-അധികാരഘടനകളുടെയും പടച്ചട്ടയും വാളും പരിചയുമായി നില്‍ക്കുന്ന അഭിനവ സെന്‍ഹെദ്രീന്‍ സംഘം വിറകൊള്ളുകയാണ്. ആസന്നമായിരിക്കുന്ന ചര്‍ച്ച് ആക്ടിനു തടയിടാന്‍ 'കയ്യാഫാസും പീലാത്തോസും' കളിക്കുകയാണിവിടെ, മെത്രാന്‍ സംഘങ്ങളും ഭരണകൂടവും. ഓരോ ക്രൂശീകരണവും മഹത്വമേറിയ ഓരോ ഉയിര്‍പ്പാണെന്ന ഉള്‍ക്കാഴ്ച നേടിയിട്ടില്ലാത്ത അവര്‍ നീതിമാന്മാരെ ക്രൂശിക്കാന്‍ കുരിശുകള്‍ പണിതു വലയുകയാണ്.

ചരിത്രത്തിന്റെ അനിവാര്യത നൊന്തു പ്രസവിച്ച ബര്‍ യൂഹാനോന്‍ റമ്പാച്ചന്റെയും സിസ്റ്റര്‍ ലൂസി കളപ്പുരയുടെയും ദീപ്തമുഖങ്ങള്‍ സഭാനവീകരണമേഖലയെയാകെ ദീപ്തമാക്കും. എല്ലാവരെയും മാനിക്കാനുള്ള വിനയവും ഏതൊരധികാരിക്കുമെതിരെയും ഗര്‍ജ്ജിക്കാനുള്ള ധാര്‍മ്മികശക്തിയും ഒത്തുചേര്‍ന്ന റമ്പാച്ചനെ അനേകര്‍ 'റോള്‍ മോഡലാ'ക്കിയെത്തി ഈ മേഖലയെ സജീവമാക്കും. ഏതൊരു പന്തംകൊളുത്തി പ്രകടനത്തെയും കോലംകത്തിക്കലിനെയും അചഞ്ചലയായിനിന്ന് പുഞ്ചിരിയോടെ എതിരേല്ക്കുന്ന സിസ്റ്റര്‍ ലൂസി ക്രൈസ്തവസമുദായത്തിനാകെ പകര്‍ന്നുനല്‍കുന്ന ശക്തിയും ധൈര്യവും ആത്മവിശ്വാസവും എത്ര അപാരമാണ്! നീതിക്കുവേണ്ടി സ്വന്തം ജീവിതത്തെ എറിഞ്ഞുകൊടുക്കുന്ന സിസ്റ്ററിന്റെ ഈ ആത്മീയത, സ്വന്തം ജീവിതത്തെയോര്‍ത്തുള്ള ഭയംമൂലം സഭയിലെ അനീതികള്‍ക്കെതിരെ മൗനംപൂണ്ടിരിക്കുന്ന നിരവധി വൈദികരിലും സന്ന്യസ്തരിലും ലജ്ജയും കുറ്റബോധവും ഉണര്‍ത്തുകതന്നെ ചെയ്യും.  ഒരു ഘട്ടത്തില്‍ അവരില്‍ പലരും ധൈര്യമവലംബിച്ച് സഭാനവീകരണ മേഖലയിലേക്ക് രംഗപ്രവേശം നടത്തുകയും ചെയ്യും.

യേശുവിന്റെ ആത്മീയതയെ ആഴത്തിലറിഞ്ഞ് അതിന്റെ വെളിച്ചത്തില്‍, സിസ്റ്റര്‍ ലൂസിയുടെയും റമ്പാച്ചന്റെയും അവര്‍ക്കൊപ്പമുള്ളവരുടെയും പ്രവര്‍ത്തനങ്ങള്‍ക്കു സുവിശേഷസാധൂകരണം നല്‍കിയും, വെള്ളയടിച്ച പൗരോഹിത്യത്തിന്റെ ഉള്ളിലുള്ള ദുഷിപ്പുകളെ തുറന്നുകാട്ടിയും ശക്തമായ ഭാഷയില്‍ എഴുതാനും പറയാനും കെല്പും ധൈര്യവുമുള്ള റവ. ഡോ. വാത്സന്‍ തമ്പു എന്നൊരു മഹാപുരുഷനെയും കേരളസഭയ്ക്കു ലഭിച്ചിരിക്കുന്നു! ഈ മൂന്ന് അനുഗ്രഹങ്ങളും ഒത്തുകൂടിയപ്പോള്‍ സംഭവിച്ച അത്ഭുതമാണ്, ഇതിഹാസമായി മാറിയ 'ചര്‍ച്ച് ആക്ട് ക്രൂസേഡ്.' ഇനിയും തുടരുന്ന ഇവരുടെ സാന്നിധ്യത്തില്‍, വീണ്ടും വീണ്ടും ഇത്തരം അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും.

ഇവയുടെയെല്ലാം അലയടികള്‍ കേരളത്തിലെ ക്രൈസ്തവസഭകളിലെ പൗരോഹിത്യഘടനയെയും അതുമായി കൈകോര്‍ത്തുനില്‍ക്കുന്ന, അത്യധികം യാഥാസ്ഥികമായിരിക്കുന്ന ഇന്നത്തെ കക്ഷിരാഷ്ട്രീയനേതൃത്വത്തെയും വല്ലാതെ തളര്‍ത്തുകതന്നെ ചെയ്യും. എന്തിന്, ഈ പൗരോഹിത്യ-രാഷ്ട്രീയബന്ധത്തെ ഭയന്ന്, 'വെഞ്ചരിപ്പോടുകൂടി ഏതു സഭാസ്ഥാപനവും സഭാധികാരികളുടേതായിത്തീരും' എന്ന രീതിയില്‍ വിധി പ്രഖ്യാപിച്ചുപോരുന്ന നീതിന്യായകോടതികളും മാറിചിന്തിക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങും. 2009-ലെ ചര്‍ച്ച് ആക്ടിന്റെ ചൈതന്യം തല്ലിക്കെടുത്തി 2019-ല്‍ മറ്റൊരു ചര്‍ച്ച് ആക്ട് അവതരിപ്പിച്ചു ലജ്ജിതമായ നിലവിലെ നിയമപരിഷ്‌കരണകമ്മീഷന്‍ അങ്ങനെയൊരു സാഹസത്തിന് ഇനി ധൈര്യപ്പെടാനും ഇടയില്ല.

നാമെല്ലാം ചേര്‍ന്ന് ഒരു മഹാവിജയമാക്കിത്തീര്‍ത്ത 'ചര്‍ച്ച് ആക്ട് ക്രൂസേഡി'ന്റെ ചരിത്രപ്രസക്തി അനിഷേധ്യമാണ്. കേരളസഭയുടെ ചരിത്രത്തില്‍ അതൊരു വഴിത്തിരിവു സൃഷ്ടിച്ചിരിക്കുന്നു!  ചര്‍ച്ച് ആക്ട് പ്രവര്‍ത്തനത്തില്‍, 'ക്രൂസേഡി' നു മുമ്പെന്നും പിമ്പെന്നും രണ്ടു ഘട്ടങ്ങളുണ്ടായിരിക്കുന്നു! 'ക്രൂസേഡ്' സംഭവിക്കുംവരെ, ചര്‍ച്ച് ആക്ടിനുവേണ്ടി നാം നടക്കുകയും കിതച്ചോടുകയുമായിരുന്നെങ്കില്‍, അതിനുശേഷം നാം പറക്കുകയാണ്. അത്രയ്ക്ക് ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കുതിപ്പുമാണ് സ്വതന്ത്രസഭാപ്രസ്ഥാനങ്ങള്‍ക്കെല്ലാം 'ചര്‍ച്ച് ആക്ട് ക്രൂസേഡ്പ്രദാനം ചെയ്തിരിക്കുന്നത്. 'ക്രൂസേഡി' ന്റെ തുടര്‍പരിപാടികള്‍ അതു തെളിയിക്കാതിരിക്കില്ല.

തീര്‍ച്ചയായും, നമ്മുടെ 'ചര്‍ച്ച് ആക്ട് സ്വാതന്ത്ര്യസമരം' അതിന്റെ അന്തിമഘട്ടത്തിലാണ്. ആധികാരികസഭകളും മുഴുവന്‍ രാഷ്ട്രീയസംവിധാനങ്ങളും ഗുണകരമായ ഏതു മാറ്റത്തിനുമെതിരെ അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുന്നു എന്നതാണ് പ്രശ്‌നം. ഇവിടെ, അതേ അനങ്ങാപ്പാറ മറിച്ചിട്ടുകൊണ്ടാണ് കഴിഞ്ഞവര്‍ഷം ഫ്രാങ്കോയെ അറസ്റ്റു ചെയ്യിക്കാന്‍ നാമുള്‍പ്പെടുന്ന ജനശക്തിക്കു കഴിഞ്ഞത് എന്നു നമുക്കോര്‍ക്കാം. ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത് എന്നതിന്റെ ഏറ്റവുമടുത്ത ഉദാഹരണമാണത്. ചര്‍ച്ച് ആക്ടിന്റെ കാര്യത്തിലും, എല്ലാ അനങ്ങാപ്പാറകളെയും നാം, ജനങ്ങള്‍, മാറ്റിമറിക്കുകതന്നെ ചെയ്യും. അതിനുള്ള ശക്തിസ്രോതസ്സായി 'ചര്‍ച്ച് ആക്ട് ക്രൂസേഡ്' നിലകൊള്ളുന്നു. 

No comments:

Post a Comment