Translate

Monday, January 6, 2020

ആമസോണ്‍ സിനഡിലെ അല്മായ പ്രതീക്ഷകള്‍

http://sathyadeepam.org/coverstory/amazon-synod-alamaya-prathekshakal/

ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍
സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ലോക കത്തോലിക്കാ വിശ്വാസികളുടെയിടയില്‍ മാത്രമല്ല, പൊതുസമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ പാന്‍-ആമസോണ്‍ സിനഡ് ചര്‍ച്ചാ വിഷയമാണ്. ഇതിന് പ്രധാനകാരണം സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളോടൊപ്പം, തുല്യപ്രാധാന്യത്തോടെ ലോകത്തിന്‍റെ ആനുകാലിക വിഷയങ്ങളും പ്രാദേശിക സംസ്കാരങ്ങളും പരിസ്ഥിതിസംരക്ഷണവും ലോകഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും ആശങ്കകളും സിനഡ് ഗൗരവമായി കണ്ടുവെന്നതാണ്. സാമ്പത്തിക-പാരിസ്ഥിതിക, സാംസ്കാരിക ചൂഷണം, പരിസ്ഥിതിവാദം, തദ്ദേശീയ സമൂഹങ്ങളുടെ മനുഷ്യാവകാശം തുടങ്ങി വിവിധ വിഷയങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.
അല്മായ വിശ്വാസിസമൂഹത്തിന് സഭാശുശ്രൂഷയുടെ പുതിയ വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന വിപ്ലവകരമായ നിര്‍ദ്ദേശങ്ങള്‍ പാന്‍-ആമസോണ്‍ സിനഡില്‍ ഉയര്‍ന്നു വന്നത് സഭയ്ക്കുള്ളില്‍ പുത്തന്‍ പ്രതീക്ഷകളും ചലനങ്ങളും മാത്രമല്ല സംവാദങ്ങളും സൃഷ്ടിക്കുമെന്നുറപ്പാണ്. ഉന്മൂലനാശഭീഷണിമൂലമുള്ള സാംസ്കാരിക തകര്‍ച്ചയും ഭൂമിക്കും പരിസ്ഥിതിക്കു മേല്‍ക്കുന്ന ആഘാതങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളോടൊപ്പം സഭയിലെ അല്മായ പങ്കാളിത്തവും ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് ഏറെ കരുതലോടെയുള്ള നിര്‍ദ്ദേശങ്ങളാണ് സിനഡ് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
സിനഡിന്‍റെ പശ്ചാത്തലം
2017-ല്‍ പെറുവിലെ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ച താല്പര്യ പ്രകാരം ഉരുത്തിരിഞ്ഞതാണ് “ആമസോണ്‍ സിനഡ്”. നാലായിരത്തോളം ആമസോണ്‍ വനവാസികളുമായി 2018 ജനുവരി 19-ന് അദ്ദേഹം നടത്തിയ മീറ്റിങ്ങില്‍ പറഞ്ഞതനുസരിച്ച്, “ഈ ജനതകള്‍ ഇന്ന് മറ്റെല്ലാ കാലങ്ങളിലേക്കാളും അധികമായി ചൂഷണവിധേയരായിക്കൊണ്ടിരിക്കുന്നു.” കൂടാതെ ഇവര്‍ക്ക് സഹായകരമായ “ഒരു ആഗോള മാര്‍ക്കറ്റിന്‍റെ (a globalized market) ആവശ്യകത”യും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മേല്‍പ്പറഞ്ഞ സംഗതികളുടെ വെളിച്ചത്തിലാണ് പാപ്പ ‘ആമസോണ്‍ സിനഡി’ന് മുന്‍കൈ എടുത്തത്. 2019 ജൂണ്‍ 17-ന് പ്രസിദ്ധപ്പെടുത്തിയ സിനഡിന്‍റെ (പ്രാരംഭ) പ്രവര്‍ത്തനരേഖ പ്രകാരം, സിനഡിന്‍റെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കൂടാതെ, ചില “തര്‍ക്കവിഷയങ്ങളും” ഉള്‍പ്പെട്ടിരുന്നു. പ്രധാനമായും മൂന്ന് തര്‍ക്കവിഷയങ്ങളാണ് സിനഡിന്‍റെ പ്രാരംഭരേഖയെ ചര്‍ച്ചാവിഷയമാക്കിയത്.
1. സ്ത്രീകള്‍ക്ക് ഡീക്കന്‍ പട്ടം നല്‍കുക.
2. തദ്ദേശീയ വൈദികരുടെ അഭാവത്തില്‍ കൂദാശാപരികര്‍മ്മത്തിന് വിവാഹിതരായ പുരുഷന്മാരെയും വൈദികരാക്കുക. പസഫിക് ദേശത്തെ ജനത അനുഭവിക്കുന്ന വൈഷമ്യം കണക്കിലെടുത്ത്, വിവാഹിതരായ പുരുഷന്മാരെയും വൈദികരാക്കുന്ന വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് 2019 ജനുവരിയില്‍ പാപ്പ പറഞ്ഞിരുന്നു എന്നത് ഇവിടെ സൂചനീയമാണ്.
3. ആമസോണ്‍ ദേശത്തെ പ്രത്യേക കാലാവസ്ഥയില്‍ പെട്ടെന്ന് നശിച്ചുപോകുവാന്‍ സാധ്യതയുള്ള ഗോതമ്പ് നിര്‍മ്മിതമായ ഓസ്തിക്ക് പകരം, യൂക്ക സസ്യത്തിന്‍റെ (കിഴങ്ങിലെ) പൊടിയില്‍ നിന്നുണ്ടാക്കുന്ന ഓസ്തി ഉപയോഗിക്കുന്നതിന്‍റെ സാംഗത്യം. ഇതിനായി ആരാധനാക്രമത്തില്‍ അനുയോജ്യമായ മാറ്റം വരുത്തണം.
അന്തിമ രേഖയില്‍ ഈ വിഷയങ്ങള്‍ യഥാക്രമം 103, 111, 119 ഉപഭാഗങ്ങളായി സിനഡ് വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചു.
പാന്‍-ആമസോണ്‍ ചര്‍ച്ചാവിഷയം
ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വാഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസുവെല, സുരിനാം എന്നീ രാജ്യങ്ങളിലായി ഏതാണ്ട് 6,000,000 ച.കിമീ. പരന്നുകിടക്കുന്ന ഈ ദേശത്ത് 400 ഗോത്രവിഭാഗങ്ങളിലായി, 240 ഭാഷകള്‍ സംസാരിക്കുന്ന 2.8 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്നു. ഫ്രാന്‍സിസ് പാപ്പയുടെ തന്നെ അഭിപ്രായത്തില്‍, ഈ സിനഡിന്‍റെ ചര്‍ച്ചാവിഷയം “ആ ദേശങ്ങളിലെ ജനവിഭാഗങ്ങളെ സുവിശേഷവല്‍ക്കരിക്കാനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക” എന്നതാണ്.

അതിനാല്‍ത്തന്നെ സിനഡില്‍ വന്ന നിര്‍ദ്ദേശങ്ങളെ ആഗോളകാഴ്ചപ്പാടില്‍ കാണേണ്ടതില്ല. പ്രാദേശിക പശ്ചാത്തലത്തില്‍ മാത്രം വി ലയിരുത്തുന്നതാണ് ഉചിതം. സഭയുടെ വിശ്വാസസത്യങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്താതെ അല്മായ പങ്കാളിത്തം കൂടുതല്‍ സജീവമാക്കിയുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യമെന്നുള്ള തിരിച്ചറിവ് സിനഡിലെ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പഠിക്കുമ്പോള്‍ ബോധ്യമാകും.
സിനഡിന്‍റേത് നിര്‍ദ്ദേശങ്ങള്‍ മാത്രം
സിനഡ് എന്ന വാക്ക് സൂചിപ്പിക്കുന്നത് കൂട്ടായ്മയും സംവാദവുമാണ് (communian and dialogue). അതിനാല്‍തന്നെ ഓരോ സിനഡും നല്‍കുന്നത് സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് (dream and scope). സിനഡിന്‍റേത് തീരുമാനങ്ങളല്ല നിര്‍ദ്ദേശങ്ങളാണ്. തീരുമാനങ്ങളെന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. സഭാതലവനെ ഉപദേശിക്കാനുള്ള ഒരു സമിതി മാത്രമാണ് സിനഡ്. പലപ്പോഴും മാധ്യമങ്ങളും വ്യക്തികളും വിവിധ ഘട്ടങ്ങളില്‍ ഇപ്രകാരം സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സഭയുടെ തീരുമാനങ്ങളായി മുദ്രകുത്തി ചിലര്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണകള്‍ ജനിപ്പിക്കാറുണ്ട്. സിനഡിനെത്തുടര്‍ന്ന് വിവിധ സമിതികളിലുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ കൂടിയാലോചനകള്‍ക്കുശേഷം മാര്‍പാപ്പ പുറപ്പെടുവിക്കുന്ന അപ്പസ്തോലിക പ്രബോധനമാണ് ആഗോള കത്തോലിക്കാസഭയുടെ നിലപാട്.

അല്മായ പങ്കാളിത്തം സജീവമാകുന്നു
പാന്‍-ആമസോണ്‍ മേഖലയില്‍ പുരോഹിതരുടെ ക്ഷാമം തുടരുകയും വിശ്വാസികളുടെ എണ്ണം പെരുകുകയും ചെയ്യുമ്പോള്‍ ബദല്‍ സംവിധാനമായി വിവാഹിതരായ അല്മായരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നത് സിനഡ് ഗൗരവമായി കണ്ടു. കത്തോലിക്കാസഭയില്‍ വിവിധ ശുശ്രൂഷാ തലങ്ങളില്‍ അല്മായ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നതിനെക്കുറിച്ച് ഏറെ ഗൗരവത്തോടെ ആമസോണ്‍ സിനഡില്‍ പിതാക്കന്മാര്‍ ചിന്തിച്ചത് പ്രതീക്ഷയുണര്‍ത്തുന്നു. കാലത്തിനനുസരിച്ച് സഭയെ നവീകരിക്കുന്നതിനും പങ്കാളിത്തപ്രക്രിയയിലൂടെ ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതിനും ഈ ചിന്തകള്‍ ഇട നല്‍കുമെന്നുറപ്പാണ്.

വിവാഹിതരുടെ പൗരോഹിത്യം
അല്മായ പങ്കാളിത്തത്തെക്കുറിച്ചുള്ള ആമസോണ്‍ സിനഡിന്‍റെ നിര്‍ദ്ദേശങ്ങളെ ചില കേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് വിവാഹിതരായവരുടെ പൗരോഹിത്യവും സ്ത്രീകളുടെ ഡീക്കന്‍പദവിയും. വിവാഹിതരായ പുരോഹിതര്‍ പൗരസ്ത്യ റീത്തുകളില്‍ ഇപ്പോഴുമുണ്ട്. ആമസോണ്‍ മേഖലയിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രാദേശിക സഭാസംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ വിവാഹിതരായവര്‍ക്കും പൗരോഹിത്യശുശ്രൂഷ നിര്‍വഹിക്കുവാന്‍ അവസരമൊരുക്കുന്നത് ഉചിതമെന്ന നിര്‍ദ്ദേശം വന്നുവെന്നല്ലാതെ സഭയുടെ തീരുമാനമായി പ്രബോധനമായി വന്നിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങളും പങ്കുവയ്ക്കലുകളും ആഗോളതലത്തില്‍ ആവശ്യവുമാണ്.

സ്ത്രീകളുടെ പങ്കാളിത്തം
ആമസോണില്‍ ഭൂരിപക്ഷം കത്തോലിക്കാവിഭാഗങ്ങളും സ്ത്രീകളാണ് നയിക്കുന്നത്. അതിനാല്‍ തന്നെ സുവിശേഷവല്‍ക്കരണത്തിനും വിശ്വാസപ്രഘോഷണങ്ങള്‍ക്കും സ്ത്രീകള്‍ക്ക് സഭയില്‍ സമുന്നത സ്ഥാനം നല്‍കുക എന്ന അഭിപ്രായം സ്വാഭാവികമാണ്. സ്ത്രീകള്‍ക്ക് സഭയില്‍ എന്തു പദവിയെന്നതാണ് നിര്‍വചിക്കേണ്ടത്.

സ്ത്രീകളുടെ ഡീക്കന്‍ പദവിയെയും നിലവിലുള്ള പൗരോഹിത്യത്തെയും വ്യത്യസ്ത തലങ്ങളിലാണ് കാണേണ്ടത്. ആമസോണ്‍ മേഖലയിലെ പ്രാദേശിക സഭകളെമാത്രം ഉദ്ദേശിച്ചുവന്ന നിര്‍ദ്ദേശങ്ങളാണിത്. ഒരു കൗദാശികമായ ശുശ്രൂഷയായി ഈ പദവിയെ കാണുന്നത് ശരിയല്ല. സഭാശുശ്രൂഷകള്‍ക്കുവേണ്ടി വിശാലമായ ഒരു ലോകത്ത് അല്മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തവും ഉത്തരവാദിത്വവും ഉറപ്പുവരുത്തി സഭാശക്തീകരണം മാത്രമാണ് സ്ത്രീപങ്കാളിത്തത്തിലൂടെ സിനഡ് ലക്ഷ്യം വെച്ചതും നിര്‍ദ്ദേശിച്ചതും. ‘Deaconess’ എന്നത് കൗദാശിക ശുശ്രൂഷയല്ല. ഒരു ശുശ്രൂഷാപദവി എന്നു മാത്രമേയുള്ളൂ. ‘Diaconate’ എന്താണെന്നും ‘Deaconess’ എന്താണെന്നും ബോധ്യമില്ലാത്തവരാണ് ഈ ശുശ്രൂഷയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. സ്ത്രീ പൗരോഹിത്യത്തെക്കുറിച്ച് നാളുകളായി ഒട്ടേറെ മുറവിളികള്‍ ഉയരുന്നുണ്ട്. പലപ്പോഴും സഭയെക്കുറിച്ച് പഠനമില്ലാത്തവരും സഭാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്നവരും വിവിധങ്ങളായ കാരണങ്ങളാല്‍ സഭയില്‍ നിന്നും പുറന്തള്ളപ്പെട്ടവരും ഉയര്‍ത്തുന്ന ജ്വല്പനങ്ങള്‍ക്കപ്പുറം ഇതിനെ മുഖവിലയ്ക്കെടുക്കാനാവില്ല. സഭയുടെ അടിസ്ഥാന വിശ്വാസസത്യങ്ങളെ തിരുത്തുക അസാധ്യമെന്ന് വിശ്വാസികള്‍ക്കറിയാം.
അല്മായ പ്രബോധനം അണിയറയില്‍
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തിക്കാട്ടിയ അല്മായ പ്രബോധനങ്ങള്‍ പ്രായോഗിക തലത്തില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ എത്രമാത്രം നാം വിജയിച്ചുവെന്ന പരിശോധനകള്‍ ചെന്നെത്തുന്നത് നിരാശയിലായിരിക്കും.

Pray, Pay, Obey  എന്നീ മൂന്നു വാക്കുകളില്‍ ഇന്നും സഭയില്‍ അല്മായരുടെ പങ്കാളിത്തം ഒതുക്കപ്പെട്ടിരിക്കുന്നുവെന്നത് തിരിച്ചറിഞ്ഞിട്ടും മാറ്റങ്ങള്‍ക്ക് നാം തയ്യാറായിട്ടില്ല. ആഗോളതലത്തില്‍ സഭാവിരുദ്ധശക്തികള്‍ സഭയ്ക്കുനേരെ ആഞ്ഞടിക്കുമ്പോഴും അല്മായരില്‍ നിസംഗതയും നിഷ്ക്രിയത്വവും അകല്‍ച്ചയും നിലനില്‍ക്കുന്നുവെന്ന തിരിച്ചറിവ് നല്ലതാണ്. സഭയുടെ ഭൗതികതലങ്ങളിലും പൊതുവേദികളിലും അല്മായ ഗണത്തെ പടിക്കുപുറത്തു നിര്‍ത്തി അനുസരണയുടെ പാഠം പഠിപ്പിച്ചിട്ട് ഇനിയുള്ള നാളുകളില്‍ സഭയ്ക്ക് മുന്നോട്ടുപോവുക ദുഷ്കരമായിരിക്കും. സഭയുടെ പൊതു വേദികളില്‍ അല്മായരെ ഉയര്‍ത്തിക്കാട്ടുകയും സംവിധാനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുകയും വേണം. സഭയ്ക്കുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും സഭയിലെ ചെറിയ വിഷയങ്ങള്‍ പോലും പൊതുസമൂഹത്തിലേയ്ക്ക് വലിച്ചിഴച്ച് അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്താന്‍ അവസരമൊരുക്കുന്നതും അല്മായ വിശ്വാസിസമൂഹമല്ല.
സഭകളിലും സംവിധാനങ്ങളിലും പ്രശ്നങ്ങളുണ്ടാകുക സ്വാഭാവികമാണ്. പക്ഷെ അനുരഞ്ജനത്തിന്‍റെയും ഐക്യത്തിന്‍റെയും വഴികണ്ടെത്തുവാനാവാതെ വിശ്വാസസത്യങ്ങളെ അപമാനിക്കുന്നത് ശരിയല്ല. സഭകള്‍ക്കുള്ളിലേയ്ക്ക് വിരുദ്ധശക്തികള്‍ നുഴഞ്ഞു കയറുന്നതും വിശ്വാസികളുടെ പുത്തന്‍തലമുറയില്‍ ഇടര്‍ച്ചയും അകല്‍ച്ചയും സംഭവിച്ചിരിക്കുന്നതും കാണാതെ പോകരുത്. വിശ്വാസസത്യങ്ങളെ ആഴത്തില്‍ മുറുകെപിടിച്ചുകൊണ്ട് സുവിശേഷവല്‍ക്കരണത്തിന്‍റെ വിവിധതലങ്ങളില്‍ അല്മായ വിശ്വാസികളെ സജീവമാക്കി സംവിധാനങ്ങളില്‍ കാതലായ മാറ്റം വേണമെന്ന നിര്‍ദ്ദേശം സഭയുടെ ഏതുകോണില്‍ നിന്നുയര്‍ന്നാലും സ്വാഗതാര്‍ഹമാണ്.
അല്മായ പങ്കാളിത്തം ചര്‍ച്ച തുടരുന്നു
2019 ഒക്ടോബറില്‍ 21 ദിവസമായി നടന്ന പാന്‍-ആമസോണ്‍ സിനഡിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കൂടി ഉള്‍ക്കൊണ്ട് സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍സംഘം ഡിസംബര്‍ 2 മുതല്‍ 4 വരെ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ചു. സഭയിലെ അല്മായ പങ്കാളിത്തമാണ് പ്രധാനമായും സഭാനവീകരണ കര്‍ദ്ദിനാള്‍ സംഘം ചര്‍ച്ചചെയ്തത്. പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന അല്മായ സമൂഹത്തെ മുഖ്യധാരയില്‍ ശാക്തീകരിക്കാനുള്ള വിപുലമായതും പ്രായോഗിക വുമായ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ അല്മായ പങ്കാളിത്ത പ്രബോധനം മാര്‍പാപ്പ അധികം വൈകാതെ പുറപ്പെടുവിക്കും.

സഭാഭരണത്തിലേയ്ക്കും പങ്കാളിത്തത്തിലേയ്ക്കും കടന്നുവരുന്ന അല്മായ വിശ്വാസികള്‍ക്ക് റോമിലെ കൂരിയ, ദേശീയ പ്രാദേശിക മെത്രാന്‍ സമിതികള്‍ എന്നിവയുമായുള്ള ബന്ധം സഭയുടെ എല്ലാ തലങ്ങളിലുമുള്ള ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലുള്ള പങ്കാളിത്തം എന്നിവ വിശദമായി കര്‍ദ്ദിനാള്‍ സംഘം ചര്‍ച്ചചെയ്തു. ഇന്ത്യയില്‍നിന്നും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ഈ സമിതിയിലുണ്ടെന്നുള്ളത് അഭിമാനമേകുന്നു. അടുത്ത സമ്മേളനവും ചര്‍ച്ചകളും 2020 ഫെബ്രുവരിയില്‍ നടക്കുമെന്നിരിക്കെ ആഗോള കത്തോലിക്കാസഭയിലെ അല്മായ സമൂഹത്തിന് കൂടുതല്‍ ഉണര്‍വ്വേകുന്ന പ്രബോധനങ്ങളും പ്രഖ്യാപനങ്ങളും തുടര്‍ നടപടികളും സഭയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


No comments:

Post a Comment