Translate

Wednesday, January 8, 2020

സിവിൽനിയമങ്ങളും മനുഷ്യാവകാശചട്ടങ്ങളും ലംഘിക്കാൻ കന്യാസ്ത്രീമഠങ്ങളെ അനുവദിക്കരുത്.


സുഹൃത്തുക്കളേ,
   അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്(ASMI) എന്ന സന്യാസിനിസഭയുടെ എറണാകുളം പച്ചാളത്ത് (ലൂർദ്ദ് ആശുപത്രിക്ക് സമീപം) ഉള്ള സെന്റ് ജോസഫ് കോൺവെന്റ്റിൽനിന്നും ഡെൽസി ദേവസ്യ എന്ന ഒരു യുവതി 11 വർഷത്തെ സന്യാസജീവിതത്തിനുശേഷം 2019 മെയ് മാസം ഒടുവിൽ സഭാവസ്ത്രം ഉപേക്ഷിച്ച് പോരേണ്ടിവന്നു. മഠത്തിലുണ്ടായ ദുരനുഭവങ്ങൾമൂലമാണ് ഇത്തരം ഒരു തീരുമാനമെടുക്കേണ്ടിവന്നതെന്നാണ് അവർ പറയുന്നത്. ലൈംഗികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് മഠത്തിലുണ്ടായത് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ ചെറുത്തതോടെ ആരംഭിച്ച  അവഗണയും അവഹേളനവും പരിഹാസവും ഒറ്റപ്പെടുത്തലും അസഹ്യമായെന്നും സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയും ഇതിനു കാരണമായതായും പെൺകുട്ടി പറയുന്നു. ഇത്രയുംകാലം മഠത്തിൽ സേവനം ചെയ്തതിന്റെ നന്ദിപോലും കാണിക്കാതെ, വീട്ടുകാർ നൽകിയ പത്രമേനിത്തുകപോലും തിരികെ നൽകാതെ, കുട്ടിയെ മാതാപിതാക്കളെ ഏല്പിച്ചു വിടുകയാണുണ്ടായത്.
കൂലിപ്പണിക്കാരായ മാതാപിതാക്കാൾ തങ്ങളുടെ മകളുടെ ഭാവിയിൽ ആശങ്കാകുലരായി. അവളുടെ ഭാവി ജീവിതം കെട്ടിപ്പടുക്കുന്നതിനാവശ്യമായ സമ്പത്തികസഹായം ചോദിച്ചെങ്കിലും മഠാധികാരികളായ പ്രൊവിൻഷ്യൽ സി. ജയ ASMI, ഞങ്ങൾക്ക് നിയമമില്ലെന്നും അതിനാൽ ചെയ്യാൻ കഴിയില്ല എന്നു പറഞ്ഞ് പരിഹസിച്ചു തള്ളുകയും അധിക്ഷേപിച്ചയയ്ക്കുകയും ചെയ്തു. മാതാപിതാക്കളെ കാണാനോ സസാരിക്കാനോപോലും തയ്യാറായില്ല. തുടർന്ന് മാതാപിതാക്കൾ പരാതിയുമായി ഞങ്ങളെ സമീപിച്ചതിനെത്തുടർന്ന് 2019 സെപ്റ്റംബറിൽ പ്രശ്നത്തിൽ ഇടപെട്ടു. ലൂർദ്ദ് ആശുപത്രി ഡയറക്റ്റർ . ജോബി തോപ്പിലിന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ വെച്ച് ടി വിഷയം ചർച്ച ചെയ്യുകയുണ്ടായി. ചർച്ചയിൽ പ്രൊവിൻഷ്യൽ സി. ജയയ്ക്കു പുറമെ കൗൺസിലർ സി. രശ്മിയും സുപ്പീരിയർ സി. ക്ലെറ്റിയുമാണ് പങ്കെടുത്തത്. പ്രശ്നം പരിഗണിച്ച് പരിഹരിക്കാമെന്നു അന്ന് വാക്കുതന്ന ഇവർ അതിൽനിന്നും പിന്നാക്കം പോവുകയും ഫോൺ അറ്റൻഡ് ചെയ്യാൻ പോലും തയ്യാറാവാതിരിക്കുകയുമാണുണ്ടായത്. അതിനാൽ ഞങ്ങൾ മഠത്തിൽ ചെന്ന് നേരിട്ട് സംസാരിച്ചപ്പോൾ സംഘടന ഇടപെടേണ്ടെന്നും തങ്ങൾ നേരിട്ട് പരിഹരിച്ചുകൊള്ളാമെന്നുമാണ് മറുപടി നൽകിയത്. എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാകാതിരുന്നതിനാൽ നവംബർ 30ന് റെജി റഫേൽ, ജോർജ് ജോസഫ്, മാതാപിതാക്കൾ എന്നിവർ മഠത്തിൽച്ചെന്ന് ടി അധികാരികളോട് വീണ്ടും സംസാരിച്ചെങ്കിലും അവർ വഴങ്ങാൻ കൂട്ടാക്കിയില്ല. 2019 ഡിസം. 15വരെ ഞങ്ങൾ കാത്തിരിക്കും അതിനുശേഷം ഞങ്ങളുടെതായ മാർഗത്തിൽ പ്രതിഷേധവും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞാണ് ഞങ്ങൾ അന്നു പിരിഞ്ഞത്. പക്ഷെ, ഡിസംബർ 25വരെയും മറുപടിയൊന്നും കിട്ടിയില്ല.  
സാഹചര്യത്തിലാണ് ജനുവരി-1നു മഠത്തിനുമുൻപിൽകന്യാസ്ത്രീ പുനരധിവാസ ഫണ്ടു സമാഹരണം-2020’ എന്ന പേരിൽ ബക്കറ്റു പിരിവ് പ്രതിഷേധപരിപാടി ഡിസംബർ 26നു പ്രഖ്യാപിച്ചത്. മധ്യസ്ഥ ഇടപെടലുകളെത്തുടർന്ന് അത് ജനു. 4ലേക്ക് മാറ്റുകയാണുണ്ടായത്.
ഇത്തരം സ്ത്രീ പീഡന, ബഹിഷ്ക്കരണ സംഭവങ്ങൾ മഠങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കയാണ്. പെൺകുട്ടികളെ തടവിലാക്കി എല്ലാത്തരത്തിലും ചൂഷണം ചെയ്ത്, സമ്പത്തു വാരിക്കൂട്ടുകയും അവരുടെ അധ്വാനംകൊണ്ട് സമാഹരിച്ച സഭയുടെ പൊതുസ്വത്തിൽ, അവർക്ക് അവകാശപ്പെട്ട യാതൊരു വിഹിതവും നൽകാതെ, പെരുവഴിയിൽ തള്ളുകയും ചെയ്യുന്നത് മനുഷ്യാവകാശലംഘനമാണ്. അതിനാൽ വിഷയം പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചുകൊണ്ട് ശക്തമായ സമരവും നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം. അതിന്റെ ഭാഗമായി ബക്കറ്റു പിരിവുമായി കേരളത്തിലെമ്പാടും പ്രചരണപരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. മഠത്തിൽനിന്നും പുറത്തുപോരേണ്ടിവരികയോ പുറത്താക്കപ്പെടുകയോ ചെയ്യുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും പുനരധിവാസത്തിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിനുള്ള പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. നഷ്ടപരിഹാരംതേടി കോടതിയെ സമീപിക്കുകയും ചെയ്യുന്നതാണ്. പ്രശ്നപരിഹാരം ഉണ്ടാകാത്തപക്ഷം മഠത്തിനുമുമ്പിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. നിയമനിർമാണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനുമുദ്ദേശിക്കുന്നു. രാജ്യത്തെ സിവിൽനിയമങ്ങളോ തൊഴിൽനിയമങ്ങളോ മനുഷ്യാവകാശതത്വങ്ങളോ അല്ല, തങ്ങളുണ്ടാക്കുന്ന മതനിയമങ്ങൾമാത്രമാണ് തങ്ങൾക്കു ബാധകമെന്ന് വാദിക്കുന്ന മതമേധാവികൾ സ്വതന്ത്ര പരമാധികാര മതേതര ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭരണഘടനയെയും കോടതികളെയുമാണ് പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത്. ഇതിനു പരിഹാരമായി നിയമ നിർമാണം തന്നെ ആവശ്യമാണ്.
സന്യാസസമൂഹങ്ങളുടെ നിയമാവലികൾ നിയമവിദഗ്ധരുടെ ഒരു സമിതി പരിശോധിക്കുകയും ബാലാവകശ-മനുഷ്യാവകാശനിഷേധപരവും നീതിരഹിതവും  സന്യാസതത്ത്വങ്ങൾക്കും യേശുവിന്റെ പ്രബോധനങ്ങൾക്കും നിരക്കാത്തതുമായ നിബന്ധനകൾ റദ്ദു ചെയ്യുകയും വേണം. 21 വയസിനുശേഷമേ സന്യാസാന്തസിലേക്ക് പരിശീലനത്തിനുപോലും പ്രവേശനം അനുവദിക്കാവൂ. എല്ലാ സമ്പത്തിക വർഷാരംഭത്തിലും നിയമാവലി മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയ ശേഷം മാത്രമെ റിക്രൂട്ട്മെന്റുകൾ പാടുള്ളു. സന്യാസാശ്രമങ്ങളുടെയും മഠങ്ങളുടെയും പ്രവർത്തനം രജിസ്റ്റർ ചെയ്യപ്പെട്ട ട്രസ്റ്റുകളിൽ നിക്ഷിപ്തമാക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന സമിതികൾ നിയമാനുസൃതം ഭരണം നടത്തുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. ഇവിടങ്ങളിൽ മിനിമം കൂലി നടപ്പാക്കണം. അന്തേവാസികൾക്ക് പ്രോവിഡന്റ് ഫണ്ട് ഏർപ്പെടുത്തണം. സന്യാസാശ്രമങ്ങളിലും മഠങ്ങളിലും പരാതിപരിഹാര സമിതികൾ രൂപീകരിക്കണം. സംസ്ഥാന, ജില്ലാതല മോണിട്ടറിംഗ് സമിതിയുമുണ്ടാകണം. ലക്ഷ്യത്തിൽ കേരള നിയമ സഭ നിയമം പാസാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
Justice for Sr. Lucy ഗ്രൂപ്പിനുവേണ്ടി,
ജോസഫ് വെളിവിൽ (Advisor, Justice for Sr. Lucy group)
ജോർജ് ജോസഫ് (Convenor, Creative Assistance & Relief to the Exploited-CARE)
ലൂക്കോസ് ചുള്ളിക്കര(Admin, Justice for Sr. Lucy group)
ബിന്റോ കല്ലറ   (Member, Justice for Sr.Lucy group)
ജിമ്മി ജോസഫ്   (Admin, Justice for Sr.Lucy group)
ദീപു ജോൺ     (Member, Justice for Sr.Lucy group)
തോമസ്, പുഞ്ചപ്രയിൽ (father of Delsy)
തങ്കമ്മ തോമസ്,  ,,   (mother of Delsy)



No comments:

Post a Comment