Translate

Wednesday, January 15, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിമൂന്നാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്കെസിആർഎം നോർത് അമേരിക്ക ജനുവരി 08, 2020 (January 08, 2020) ബുധനാഴ്ച്ച നടത്തിയ ഇരുപത്തിമൂന്നാമത് ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് കൊച്ചിയിൽനിന്ന് മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽനിന്നുമായി വളരെ അധികംപേർ അതിൽ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ചെയർമാൻ അഡ്വ ബോറിസ് പോൾ (Adv Boris Paul) ആയിരുന്നു. വിഷയം: 'ക്രിസ്ത്യൻ സ്വത്തുഭരണത്തിലെ അഴിമതികളും ചർച്ച് പ്രോപ്പർട്ടീസ് ട്രസ്റ്റ് ബില്ലും'

വിഷയസംബന്ധമായി അവതരിപ്പിക്കപ്പെട്ട പ്രധാന പോയിൻറുകൾ: ചർച്ച് ട്രസ്റ്റ് ബിൽ ആവശ്യപ്പെടാനുള്ള കാരണങ്ങൾ, പള്ളിസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കേണ്ടത്തിൻറെ നിയമവശങ്ങൾ, ബില്ലിനെതിരായ സഭാമേലധികാരികളുടെ കള്ളപ്രചരണങ്ങൾ തുടങ്ങി വളരെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്വ ബോറിസ് പോൾ സംസാരിച്ചത്. ഇന്ന് സഭകളിൽ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അഴിമതികൾ, ഭൂമി കള്ളക്കച്ചവടങ്ങൾ, ക്രിമിനൽ സ്വഭാവമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ, അത് മൂടിവെയ്ക്കാൻ സഭകൾ ചിലവഴിക്കുന്ന കോടിക്കണക്കിനുവരുന്ന സമ്പത്തിൻറെ ദുർവിനയോഗം, അനാവശ്യമായ പള്ളികെട്ടിട/ആശുപത്രി/ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണങ്ങൾ, സഭാസ്ഥാപനങ്ങളിലെ കോഴവാങ്ങൽ തുടങ്ങിയ ദുഷ്പ്രവർത്തികൾകൊണ്ടാണ് ചർച്ച് ട്രസ്റ്റ് ബിൽ അനിവാര്യമെന്ന് സഭാംഗങ്ങൾ ചിന്തിച്ചുതുടങ്ങാനും ആവശ്യപ്പെടാനും കാരണമായത്.

1599-ലെ ഉദയമ്പേരൂർ സൂനഹദോസിലൂടെ മലങ്കര ക്രിസ്ത്യാനികളുടെ ജനാധിപത്യപള്ളിഭരണ സമ്പ്രദായം നഷ്ടപ്പെട്ടതാണ് സഭകളിൽ അഴിമതികൾ അഴിഞ്ഞാടാൻ കാരണമായത്. അന്നുമുതൽ ഇന്നുവരെ ഏകാധിപത്യ പുരോഹിത പള്ളിഭരണമാണ് സഭകളിൽ നടക്കുന്നത്. സഭകളിലെ നിയമാവലികളൊന്നും റെജിസ്റ്റേർഡല്ല. അതുകൊണ്ട് ആ നിയമാവലകൾക്ക് രാഷ്ട്ര നിയമ പ്രാബല്യമില്ല. മെത്രാന്മാരും പുരോഹിതരും ഭൂമി കള്ളവ്യാപാരം നടത്തിയാലും നിയമപരമായി അതിനെ എതിർക്കാൻ വിശ്വാസികൾക്ക് മാർഗങ്ങളില്ല. കൊല്ലം ലത്തീൻ രൂപതയിൽ സ്റ്റാൻലി റോമൻ (Stanley Roman) മെത്രാൻറെ കാലത്തെ ഭൂമിവ്യാപാരത്തിലെ ഏഴുകോടിയോളം രൂപ കണക്കിൽപ്പെടാതെ മറിച്ച കള്ളക്കളികളും ജോസഫ് ഫെർണാണ്ടസ് (Joseph Fernandez) മെത്രാൻറെ കാലത്ത് കൊട്ടിയത്തെ പുറമ്പോക്കുഭൂമിയ്ക്ക് കള്ളപ്പട്ടയം ഉണ്ടാക്കി പിന്നീട് മുന്നാധാര പരാമർശമില്ലാതെ നാല്പതോളം ആധാരങ്ങൾ ഉണ്ടാക്കിവിറ്റ ഭീകര അഴിമതികളെപ്പറ്റിയുമെല്ലാം അഡ്വ ബോറിസ് പോൾ വിശദീകരിക്കുകയുണ്ടായി. ഇതുസംബന്ധമായി കൊല്ലം മെത്രാന് എതിരായി ഇന്നും കേസ് നടക്കുകയാണ്, വളരെ സമ്പന്നമായ കൊല്ലം രൂപത നടത്തുന്ന ബിഷപ്പ് ജറോം എഞ്ചിനീറിംഗ് കോളേജ് 80 കോടി രൂപയുടെ കട ബാധ്യതയിലാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇതിനെല്ലാം കാരണം സഭാധികാരികളുടെ സ്വത്തുഭരണത്തിൽ സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലെന്നുള്ളതാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉദ്യോഗനിയമനങ്ങൾക്കും പ്രവേശനങ്ങൾക്കും കോടികളാണ് കൊഴപ്പണമായി വാങ്ങിക്കുന്നത്. എവിടേയ്ക്കാണ് ഈ രഹസ്യ കള്ളത്തുക പോകുന്നതെന്ന് ആർക്കും അറിഞ്ഞുകൂടാ. സീറോ മലബാർ സഭയുടെ തലവൻ ജോർജ് ആലഞ്ചേരി മെത്രാപ്പോലീത്തയും ഭൂമി കുംഭകോണക്കേസിൽ പ്രതിയാണ്. കേരളത്തിലെ എല്ലാ ക്രിസ്ത്യൻ സഭകളിലും സാമ്പത്തിക സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലെന്നുള്ളത്‌ അല്മായർ മനസ്സിലാക്കണം. മേല്പറഞ്ഞ അഴിമതികളുടെ പശ്ചാത്തലത്തിലും ആ അഴിമതികളൊക്കെ കാണിച്ചുകൂട്ടാൻ തങ്ങൾക്ക് അധികാരമുണ്ട് എന്ന ധിക്കാര നിലപാടിൻറെ അടിസ്ഥാനത്തിലും വേണം ചർച്ച് ട്രസ്റ്റ് ബില്ലിൻറെ പ്രാധാന്യത്തെ വിലയിരുത്താൻ.

ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പുപ്രകാരം പള്ളി സ്വത്തുക്കളും സ്ഥാപനങ്ങളും നിയമപ്രകാരം മാത്രമാണ് ഭരിക്കേണ്ടത്. അത് ഒരു ഭരണഘടനാ ബാദ്ധ്യതകൂടിയാണ്. ചർച്ച് ട്രസ്റ്റ് ബില്ലിൻ പ്രകാരം ഓരോ ഇടവകയും ട്രസ്റ്റ് ആയി റെജിസ്റ്റർ ചെയ്യണം. ഇടവക, രൂപത, സംസ്ഥാനം എന്നിങ്ങനെ ത്രിതല ട്രൂസ്റ്റാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റ് പ്രതിനിധികളാൽ സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും ഭരിക്കപ്പെടണം. ഏതെങ്കിലും ഒരു ട്രസ്റ്റോ, ട്രസ്റ്റിയോ നിയമലംഘനം നടത്തിയാൽ അത് ശിക്ഷാർഹവുമാണ്. സഭാസ്വത്തുക്കളുടെ ഉടമകളായ അല്മായർ പുരോഹിതരുടെ അടിമത്തത്തിൽനിന്നും മോചിതരാകുകയും ചെയ്യും.

പള്ളിപ്രസംഗങ്ങളും പ്രസ്താവനകളും ലഘുലേഖകളും ചർച്ച് ട്രസ്റ്റ് ബില്ലിനെതിരായി സഭാമേലധികാരികൾ പ്രചരിപ്പിക്കുന്നുണ്ട്. അത് അല്മായരെ അറിഞ്ഞുകൊണ്ട് തെറ്റിദ്ധരിക്കിക്കലാണ്.  ചർച്ച് ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലിയുടെയും ധർണയുടെയും വാർത്തകൾ മാധ്യമങ്ങളെ കൂട്ടുപിടിച്ചും സമ്മർദ്ദം ചെലുത്തിയും തമസ്ക്കരിക്കുന്നത് നാം കണ്ടുകൊണ്ടാണിരിക്കുന്നത്. ട്രൂസ്റ്റിൻറെ ഭരണത്തിൽ സർക്കാരിൻറെ ഇടപെടൽ ഒന്നുമില്ല. വിശ്വാസപരമായ വിഷയങ്ങളിലോ പുരോഹിത ശുശ്രൂഷാ കാര്യങ്ങളിലോ ട്രസ്റ്റ് ബില്ലിന് ബന്ധമില്ല. എന്നിരുന്നാലും 'പള്ളിസ്വത്തുക്കൾ സർക്കാരിന് അടിയറ വയ്ക്കുകയാണ്', 'എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്', 'സഭയെ തകർക്കാൻ സഭാവിരോധികൾ കണ്ടുപിടിച്ച തന്ത്രമാണ്' 'ഇതിലെ കാണാപ്പുറങ്ങൾ പഠിക്കണം', 'സഭ തകരും'  എന്നും മറ്റുമുള്ള സഭാധികാരികളുടെ ജല്പനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. കീശയിൽ ആശ്വാസം കാണുന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 'അഭിഷിക്തരെ വിമർശിക്കരുത്' എന്ന് കേട്ടുപഠിച്ചിട്ടുള്ള അല്മായരെ ബോധവൽക്കരിച്ചാലേ സഭയിൽ കാതലായ മാറ്റങ്ങൾ സംഭവിക്കൂ. സഭകളിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകാനുള്ള ഒരു സമ്മർദ്ധശക്തിയാകണം, അല്മായർ.

ചർച്ച് ട്രസ്റ്റ് ബിൽ പാസായി നടപ്പിലായാൽ സഭാസ്വത്തുക്കൾ അതിൻറെ യഥാർത്ഥ അവകാശികളായ അല്മായ സമൂഹത്തിന് തിരിച്ചുകിട്ടും. ട്രസ്റ്റ് നിയമം വഴി സഭാസ്വത്തുക്കൾ ജനാധിപത്യപരമായും സുതാര്യമായും കാര്യക്ഷമമായും ഭരിക്കപ്പെടും. സഭാധികാരികളുടെ കുറ്റകൃത്യപ്രവണത ഇല്ലാതാകും. അവർക്ക് അവർ സ്വയം ഭരമേറ്റിരിക്കുന്ന ദൈവജന ശുശ്രൂഷയിൽ പരിപൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. നിരവധിയായ കേസുകൾ നടത്തിയുള്ള ധന ദുർവ്യയം ഇല്ലാതാകും. സഭകൾക്ക് നഷ്ടപ്പെട്ട മാനം തിരിച്ചുകിട്ടും. ചുരുക്കത്തിൽ ആദിമസഭയുടെ ആവേശത്തിലേയ്ക്ക്, ആത്മാവിലേക്ക് തിരിച്ചുപോകാനുള്ള ഇന്നത്തെ ഉത്തമവഴിയാണ് നിർദ്ദേശിച്ചിരിക്കുന്ന ചർച്ച് ട്രസ്റ്റ് ബിൽ.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി.

അഡ്വ ബോറിസ് പോളിൻറെ വിഷയാവതരണം വളരെ വ്യക്തതയോടെ ട്രസ്റ്റ് ബില്ലിൻറെ എല്ലാവശങ്ങളെയും വിശദീകരിച്ചുയെന്ന് കോൺഫെറൻസിൽ സംബന്ധിച്ച എല്ലാവരുംതന്നെ അഭിപ്രായപ്പെടുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് അഡ്വ ബോറിസ് പോളിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് ഫെബ്രുവരി 12, 2020 (February 12, 2020) ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ജനറൽ സെക്രട്ടറി ശ്രീ ജോസഫ് വെളിവിൽ (Joseph Velivil) ആയിരിക്കും. വിഷയം: 'കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ.


https://emalayalee.com/varthaFull.php?newsId=202874

No comments:

Post a Comment