Translate

Sunday, November 16, 2014

സോഷ്യല്‍ മീഡിയാകള്‍ സഭക്ക് ഭീഷണി ...

സഭക്കെതിരായി വരുന്ന വിമര്‍ശനങ്ങളുടെ എണ്ണം മാത്രമല്ല കത്തോലിക്കാ സഭയെ വിരളി പിടിപ്പിക്കുന്നത്. സഭയുടെ നിയന്ത്രണത്തില്‍ വളരുന്ന മക്കളുടെ ദിശാബോധം നഷ്ടപ്പെട്ടെന്ന സത്യവും സഭയെ ഭയപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയായില്‍ ആയിരക്കണക്കിന് ലൈക്കുകള്‍ നേടിയ ഒരു കൊച്ചു കഥ ഇവിടെ കൊടുക്കുന്നു. ഇതുപോലെ ചിന്തിക്കുന്ന ഒരു തലമുറയെ പരുവപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ക്രൈസ്തവ ജീവിതത്തിന് എന്തര്‍ത്ഥം? വഴി ശരിയെന്ന് വിളിച്ചു കൂവിയത് കൊണ്ടെന്ത് പ്രയോജനം? എഡിറ്റര്‍
കഴിഞ്ഞ ഞായറാഴ്ച വീട്ടിലായിരുന്നു. രാവിലെ പ്രാതലൊക്കെ കഴിച്ച് വെറുതെ മൊബൈലില്‍ ഞെക്കിക്കുത്തി അങ്ങനെ കിടന്നതാണ്. ചെറുതായി ഉറക്കം പിടിച്ചുകാണും. രണ്ടാമത്തെ സന്തതിയായ അഞ്ചാം ക്ലാസ്സുകാരി, ഇവള്‍ റസ്മിയ (കുഞ്ഞോള്‍) എന്തോ പറയാന്‍ വേണ്ടി മെല്ലെ അടുത്തു വന്നതാണ്. എന്റെ കിടത്തം കണ്ടപ്പോള്‍ 'ഞാന്‍ ഉറങ്ങിക്കാണും, ശല്യപ്പെടുത്തേണ്ട എന്നു കരുതിയിട്ടാവണം വന്നപോലെ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തുവന്നു. ഇപ്പോള്‍ ഞാന്‍ മൊബൈലില്‍ തന്നെ. അവള്‍ അടുത്തുവന്നിരുന്നു ചോദിച്ചു:
"ഉപ്പച്ചി ബിസി യാണോ..?"
(ആളുടെ മുഖം കണ്ടാലറിയാം, എന്തോ ഗൗരവത്തിലുള്ള കാര്യം പറയാനുണ്ടെന്ന്. ചോദ്യത്തിന്റെ ഭാവവും ശൈലിയുമൊക്കെ കണ്ട് ഞാന്‍ അന്തം വിട്ടു. ബിസിയല്ലെങ്കില്‍ മാത്രമേ അവള്‍ എന്നോടു പറയാനുള്ളത് പറയൂ എന്ന ഭാവം  വല്ലാതെ ആശ്ചര്യപ്പെടുത്തി.,)
എന്താ മോളേ...? ബിസി അല്ലല്ലോ... പറയൂ..
(ഞാന്‍ ചിരിച്ചുകൊണ്ട് മറുപടികൊടുത്തു.)
അവള്‍ എന്റെ കൈത്തണ്ടയില്‍ തലചായ്ച്ചു. കൈ കൊണ്ടെന്നെ ചുറ്റിപ്പിടിച്ചു. കൈയിലൊരു ചുരുട്ടിയ കടലാസുമുണ്ട്. പിന്നെ പറഞ്ഞു തുടങ്ങി:
"ഉപ്പച്ചീ, ഈ വൃക്കകള്‍ നമ്മുടെ പ്രധാനപ്പെട്ട ഒരവയവമാണല്ലേ...?"
"അതേ,എന്താ കാര്യം..."
"അത് വീക്കായാല്‍ മാറ്റിവെക്കേണ്ടിവരും അല്ലേ...?"
"ഉം. മാറ്റിവെയ്ക്കണം.  "
"അതിനു ഒരുപാട് കാശ് ആവും അല്ലേ...?"
"അതേ, എന്തേ....?"
"അല്ലാ, എനിക്കൊക്കെ അങ്ങനെ വന്നാല്‍ വാപ്പച്ചിക്ക് ആകെ സങ്കടാവൂലേ...?"
ഞാനവളുടെ വായ പൊത്തി.
"ഇങ്ങനെയൊന്നും പറയാന്‍ പാടില്ല..! എന്താപ്പോ ഇങ്ങനെയൊക്കെ തോന്നാന്‍ ..?"
"ഉപ്പച്ചീ..."
അവള്‍ വീണ്ടും വിളിച്ചു.
"എന്തോ...."
"ഉപ്പച്ചീ, ഞങ്ങളുടെ സ്‌കൂളിലെ ഒരു കുട്ടിക്ക് ഈ പ്രശ്‌നം ഉണ്ട്. കൂട്ടീടെ വാപ്പച്ചിയൊരു പച്ചപ്പാവാണ്. പൈസയൊന്നും ഇല്ലാന്ന്.  ഇതിനാണെങ്കി ഒരുപാട് പൈസയാകുകയും ചെയ്യും. ഞങ്ങളൊക്കെ ആ കുട്ടിക്കുവേണ്ടി പൈസ പിരിക്കുകയാണ്. വാപ്പച്ചീടെ വക എത്രയെഴുതണം...?"
ഇതുപറഞ്ഞുകൊണ്ടാണ് നേരത്തെ കൈയിലിരുന്ന ആ കടലാസ് നിവര്‍ത്തി എനിക്കു കാണിച്ചുതരുന്നത്. അതില്‍ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. ഒപ്പം സംഭാവന നല്‍കിയവരുടെ ലിസ്റ്റും. അവളും അവളുടെ കൂട്ടുകാരിയും അയല്‍പക്കത്തെ വീടുകളിലും കടകളിലുമൊക്കെ കയറി കാശ് കളക്ട് ചെയ്തതിന്റെ ലിസ്റ്റ്...!
പടച്ചവനേ, ഈ ചെറുപ്രായത്തില്‍ ഇത്രയും ശുഷ്‌കാന്തിയോ...! ഞാന്‍ നാഥനെ സ്തുതിച്ചു.
എല്ലാം വായിച്ച് ഒടുവില്‍ ഞാനുമൊരു ചെറിയസംഖ്യയെഴുതിയപ്പോള്‍ അവളുടെ മുഖത്ത് സംതൃപ്തിയൂടെ പുഞ്ചിരി.
എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയത് ഇക്കാര്യം അവതരിപ്പിക്കാന്‍ അവള്‍ തെരഞ്ഞെടുത്ത വഴിയാണ്. പഴയ കാലത്തെ കുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ കുട്ടികളിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ കാണുന്നു. നമ്മുടെ മക്കള്‍ നന്മയുടെ മൊട്ടുകളാവട്ടെ....! 

1 comment:

  1. ഈ പുന്നാരമുത്തിനെ മൂറോന്‍ ഒരു കത്തനാരും പൂശിയില്ല , ഒരു പാസ്റെര്‍മോനും ഇവളെ മൂക്കില്‍പിടിച്ച് മലര്‍ത്തിമുക്കിയുമില്ല :എങ്കിലും "നല്ലശമാരായന്റെ" മനസും വിവേകവും ഇവള്ക്കാര് നല്‍കി ? "മനസിന്‍റെ സംസ്കാര വീചിയാണാത്മാവിന്‍ വഴിയെന്നും മോക്ഷമാം ഗേഹമെത്താന്‍: പഴമൊഴി അല്ലിതു പരമാര്‍ത്ഥം ആണെന്നും പരമദയാലോ നീ അറിയുന്നില്ലേ " എന്ന് ഞാന്‍ വീണ്ടും അറിയാതെ പാടിപ്പോകുന്നു ! ഇവളുടെ ഉപ്പയെ/ഉമ്മയെ ഏതു പാതിരിയാ കൂദാശ ചെയ്തത് വിവാഹ ബന്ധത്തിനായി ? ചിന്തിക്കൂ അച്ചായാ...

    ReplyDelete