Translate

Friday, November 21, 2014

റീത്ത്- ക്രൈസ്തവ നാശത്തിനോ?



അഡ്വ. ജേക്കബ് പുളിക്കൻ

(ചെയർമാൻ, യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഓഫ് ദൈ കിംഗ്ഡം)

ഡൽഹിയിലും അമേരിക്കയിലുമൊക്കെ സീറോ-മലബാർ സഭയിൽപ്പെട്ട കത്തോലിക്കരെ അവരുടെ മെത്രാന്മാർ റീത്തിന്‍റെ പേരിൽ നിരന്തരമായി പലവിധത്തിൽ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ.

യഥാർത്ഥത്തിൽ ഇത്തരം ഒരു പ്രശ്‌നം ഉടലെടുക്കാൻ എന്തെങ്കിലും ന്യായീകരണമുണ്ടോ? രണ്ടാംവത്തിക്കാൻ കൗൺസിൽ ഈ വിഷയത്തിൽ എടുത്തിട്ടുള്ള തീരുമാനമെന്താണ്? ചരിത്രവഴിയിൽ വിവിധ കാലഘട്ടങ്ങളിൽ ലോകത്തിന്റെ ചില മേഖലകളിൽ ആചാരങ്ങളുടെയും കർമ്മങ്ങളുടെയുംമറ്റും പേരിൽ ഇത്തരം ചില റീത്തുകളും സഭകളും ഉണ്ടാകുകയും നിലനിൽക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവയെല്ലാം ലയിച്ചുചേർന്ന് എത്രയുംവേഗം ഒന്നാകണമെന്നല്ലേ കൗൺസിൽ  തീരുമാനിച്ചിരിക്കുന്നത്?. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ രണ്ടാംവത്തിക്കാൻ കൗൺസിൽ രേഖകളിൽ 'ഈസ്റ്റേൺ കാത്തലിക് ചർച്ചസ്' എന്ന അദ്ധ്യായത്തിന്‍റെ  ഉപസംഹാരഭാഗം നോക്കുക. അരനൂറ്റാണ്ടിനുശേഷവും അതിനുള്ള ക്രിയാത്മകമായ ഒരു നീക്കവും നടക്കുന്നില്ലെന്നു മാത്രമല്ല, കൂടുതൽകൂടുതൽ ഭിന്നതകൾക്ക് പല സഭകളും ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതു കേരളത്തിൽമാത്രം അടിത്തറയുള്ള സീറോ-മലബാർ സഭയാണുതാനും.

22 സഭകളുടെ കൂട്ടായ്മയായ സാർവ്വത്രികസഭയിൽ മൊത്തം 140 കോടിയോളം കത്തോലിക്കരുള്ളതിൽ വെറും രണ്ടുകോടിയിൽപരം വിശ്വാസികൾ മാത്രമാണ് ബാക്കി 21 സഭകളിലും കൂടിയുള്ളതെന്നു എത്രപേർക്കറിയാം? ബാക്കി 138 കോടിയോളം കത്തോലിക്കരും മാർപാപ്പാ അദ്ധ്യക്ഷനായ ലത്തീൻ സഭയിലാണുള്ളത്. മേൽപറഞ്ഞ സഭകളിൽ സീറോ-മലബാർസഭയും സീറോ-മലങ്കര സഭയും മാത്രമാണ് ഭാരതത്തിലുള്ളത്. അതും പ്രധാനമായും കേരളത്തിൽ മാത്രം. അംഗസഭകളിൽ 3-ാം സ്ഥാനമാണ് സീറോ-മലബാർ സഭയ്ക്കുള്ളത് എന്നും എപ്പോഴും അവകാശപ്പെടാറുണ്ട്. ആ വസ്തുത ശരിയാണെങ്കിലും മൊത്തം അംഗബലം വെറും 25 ലക്ഷമാണെന്നകാര്യം വെളിപ്പെടുത്താറില്ല. രണ്ടാംസ്ഥാനത്തുള്ള ഉക്രേനിയൻ കത്തോലിക്കാസഭയുടെ അംഗബലം 45 ലക്ഷവും 13-ാം സ്ഥാനക്കാരായ സീറോ-മലങ്കരസഭയുടെ അംഗബലം വെറും രണ്ടുലക്ഷവുമാണെന്ന യാഥാർത്ഥ്യം വിശ്വാസികൾ അറിയണം.

കേരളത്തിൽമാത്രം അടിത്തറയുള്ള ഈ രണ്ടു സഭകളും മാർപാപ്പായുടെ നേതൃത്വത്തിലുള്ള പ്രധാന സഭയുമായി ലയിച്ചു ചേർന്നു സീറോ - മലബാർ സഭയുടെ നേതൃത്വത്തിൽത്തന്നെ എന്തുകൊണ്ടു ഒരു ഏകീകൃത കാത്തിലക് ഹയരാർക്കി കേരളത്തിൽ സ്ഥാപിച്ചുകൂടാ? അങ്ങനെ ഒരു നിർദ്ദേശം ഇവിടെത്തന്നെ സ്വീകരിച്ചാൽ വത്തിക്കാൻ സഹർഷം അതു സ്വാഗതം ചെയ്യും. ഇതരസംസ്ഥാനങ്ങളിലും ലോകത്തിന്‍റെ പല ഭാഗത്തും പേരിനുമാത്രമുള്ള സീറോ-മലബാർകാർക്കും മലങ്കര റീത്തുകാർക്കും അതാതുസ്ഥലങ്ങളിലെ കത്തോലിക്കാ രൂപതകളിൽ തുടരുകയും ചെയ്യാം. ഇതല്ലേ യേശുവിന്‍റെ അനുയായികൾ സ്വീകരിക്കേണ്ട മാർഗ്ഗം? അതിനുപകരം സർവ്വനാശം വിതച്ചുകൊണ്ടുള്ള ഈ റീത്തുമത്സരം ആർക്കുവേണ്ടിയാണ്?
ഫോൺ: 9037332984

2 comments: