കേരള കൌമുദി പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത നിരവധി ഫെയിസ് ബുക്ക് അക്കൌണ്ടുകളിലൂടെ പങ്കു വെയ്ക്കപ്പെട്ടതാണ് - എഡിറ്റര്‍
കോട്ടയം:
പതിനായിരങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെ ഉയർന്നിട്ടും സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നതിന് പിന്നിൽ കത്തോലിക്കാ സഭയിലെ ഉന്നത പുരോഹിതന്മാരുടെ ഇടപെടലെന്ന് സൂചന.
തമിഴ്നാട്ടിൽ ഏക്കറുക്കണക്കിന് ഭൂമിയും വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള സഭാ നേതൃത്വമാണ് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ ഉടമസ്ഥതയിൽ തമിഴ്നാട്ടിലെ കമ്പത്ത് 52 ഏക്കർ ഭൂമി, സ്വകാര്യ പണമിടപാട് സ്ഥാപനം, കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസന്നദ്ധ സംഘടനയുടെ ഉടമസ്ഥതയിൽ തേനിയിൽ വിശാലമായ ഡയറി ഫാം, സി.എം.ഐ സഭയുടെ ഉടമസ്ഥതയിൽ മെട്രിക്കുലേഷൻ സ്കൂൾ, കോളേജ് തുടങ്ങി കോടികളുടെ ആസ്തിയുണ്ടെന്ന് 'കേരളകൗമുദി ഫ്ളാഷി'ന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇതിനുപുറമേ ചില പുരോഹിതന്മാർ സ്വന്തം പേരിലും ബിനാമി പേരുകളിലുമായി പാട്ടത്തിന് എടുത്തിട്ടുള്ള ഏക്കറുക്കണക്കിന് ഭൂമിയിൽ കപ്പയും വാഴയും കൃഷിചെയ്തിട്ടുമുണ്ട്. പെരിയാറിന്റെ തീരത്ത് ശ്വാസം അടക്കിപിടിച്ച് ജീവിതം തള്ളിനീക്കുന്ന പതിനായിരങ്ങളുടെ ആശങ്ക അവഗണിച്ചാണ് ചില പുരോഹിതന്മാരുടെ ഇംഗിതത്തിന് വഴങ്ങി സർക്കാർ മൗനം പാലിക്കുന്നത്.
അതിനിടെ കാഞ്ഞിരപ്പള്ളി രൂപതയുടെ ഉടമസ്ഥതയിൽ കമ്പത്തുള്ള 52 ഏക്കർ ഭൂമി വിൽക്കാനുള്ള തിരക്കിട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. അതുവരെ വിവാദമുണ്ടാക്കരുതെന്ന കാര്യത്തിൽ സഭാ നേതൃത്വത്തിന് നിർബന്ധമുണ്ട്.
കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കൽ നേതൃത്വം നൽകുന്ന സംഘടനയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പത്തെ സഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി എന്ന സ്വകാര്യ ബാങ്ക്. തമിഴ്നാട്ടിലെ കാർഷിക ഗ്രാമങ്ങളിൽ ഈ ബാങ്ക് കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ പേരിൽ എന്തെങ്കിലും വിവാദമുണ്ടായാൽ ഇരച്ചെത്തുന്ന തമിഴർ ആദ്യം കൈ വെയ്ക്കുന്നത് അവിടെയുള്ള മലയാളികളുടെ സ്ഥാപനങ്ങളിലും കൃഷിഭൂമിയിലുമാണ്. ഈ ആശങ്കയാണ് എന്തുവിവാദമുണ്ടായാലും തമിഴരെ പ്രകോപിപ്പിക്കരുതെന്ന കർശന നിലപാടെടുക്കാൻ സഭാ നേതൃത്വത്തെയും സർക്കാരിനെയും പ്രേരിപ്പിക്കുന്നത്.
മുമ്പ് അണക്കെട്ടിൽ 136 അടിവരെ ജലനിരപ്പ് ഉയർന്നിട്ടുള്ള സാഹചര്യങ്ങളിലൊക്കെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് മന്ത്രിമാരും മുല്ലപ്പെരിയാർ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ സ്ഥിതിഗതികൾ ഏറ്റവും ഭീതിജനകമായ അവസ്ഥയിൽ എത്തിയിട്ടും മന്ത്രിമാരോ പ്രതിപക്ഷ നേതാക്കളോ തിരിഞ്ഞുനോക്കിയിട്ടില്ല. മന്ത്രിമാരുടെ സന്ദർശനം മൂലം ഉണ്ടാകാവുന്ന വിവാദങ്ങൾ പോലും ഒഴിവാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ- കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ പേരിൽ ഇടുക്കിയിൽ കോലാഹലമുണ്ടാക്കിയ മെത്രാന്മാരും ഹൈറേഞ്ച് സംരക്ഷണസമിതിയും മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിക്കാത്തതിന്റെ കാരണവും ദുരൂഹമാണ്. ഇതുസംബന്ധിച്ച് സഭയിലെ ഉന്നതനുമായി ബന്ധപ്പെട്ടപ്പോൾ സഭയിലെതന്നെ ചിലർക്ക് വ്യക്തിപരമായ താത്പര്യങ്ങളുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുമ്പ് മുല്ലപ്പെരിയാർ അണക്കെട്ടിൽ 136 അടിവരെ ജലനിരപ്പ് ഉയർന്നപ്പോൾ സമരവുമായി രംഗത്തെത്തിയ കേരളകോൺഗ്രസിന്റെ നിലപാടും ഇപ്പോൾ സംശയാസ്പദമാണ്.
കേരളകൌമുദി
No comments:
Post a Comment