ജോസഫ്
മറ്റപ്പള്ളി
കത്തോലിക്കാ
സഭയെ മുച്ചൂടും വിമര്‍ശിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും ലോകമെമ്പാടുമായി
അനുദിനം വര്‍ദ്ധിച്ചു വരുന്നു. അവയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയാണ്
അവ വര്‍ദ്ധിക്കുന്നതിന്‍റെ കാരണം. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍
അത്മായാശബ്ദം ബ്ലോഗ്ഗിന്‍റെ സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയായി എന്നാണ് അറിയുന്നത്.
ആരാണ് മാറേണ്ടത്? സഭയോ അതോ വിശ്വാസികളോ? എവിടെയാണ് കുഴപ്പം?
ഫരീദാബാദ്
രൂപത വിപുലപ്പെടുത്തന്നത് സംബന്ധിച്ചുണ്ടായ വിവാദം ശ്രദ്ധിക്കാം. ഡല്‍ഹിയിലെ സീറോ
മലബാര്‍ കുടുംബങ്ങള്‍ ലത്തിന്‍ റിത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് ഒരു ഭീമ ഹര്‍ജ്ജി തയ്യാറാക്കി റോമിനയക്കേണ്ടി വന്നു. വിവാദം
മുറുകിയപ്പോള്‍, ‘ഡല്‍ഹിയിലുള്ളവര്‍ ഇനി മേല്‍ നിര്‍ബന്ധമായും ഫരീദാബാദ് രൂപതയുടെ
കീഴില്‍ ആയിരിക്കും’ എന്നറിയിക്കുന്ന ഇടയ ലേഖനം പിന്‍വലിക്കാതെ, ഇഷ്ടമുള്ളവര്‍
ലത്തിനില്‍ തന്നെ തുടര്‍ന്ന് കൊള്ളൂ എന്ന് പ്രഖ്യാപിച്ച്, സീറോ മലബാര്‍ പള്ളികളും
രൂപതകളും ഉള്ളിടത്ത് വിവാഹക്കുറികള്‍ സീറോ മലബാര്‍ ഇടവക വികാരിമാരില്‍ നിന്ന്
തന്നെ വാങ്ങണം എന്ന കുരുക്കുമിട്ട് ഇപ്പോള്‍ ഫരീദാബാദ് മെത്രാന്‍ അടയിരിക്കുന്നു എന്നാണ്
അറിയുന്നത്. ഇടക്ക് ഫരിദാബാദ് രൂപത എങ്ങിനെ അതിരൂപതയായെന്നും മെത്രാന്‍ എങ്ങിനെ
മെത്രാപ്പൊലീത്തയായെന്നും ചോദ്യം ഉയര്‍ന്നു, അതുപോലെ പ്രസക്തവും അപ്രസക്തവുമായ
അനേകം ചോദ്യങ്ങളും ഒപ്പം ഉണ്ടായി.
എന്തുകൊണ്ട്
വിശ്വാസികള്‍ ജനിച്ച് വളര്‍ന്ന സ്വന്തം പാരമ്പര്യ സഭയെ തള്ളിപ്പറയുന്നു? ഇത് ഡല്‍ഹിയില്‍
മാത്രമുള്ള ഒരു പ്രതിഭാസമല്ല. അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും കുടിയേറിയ
കേരളിയരില്‍ മുഴുവന്‍ കുടുംബങ്ങളും സഭക്കൊപ്പം ചേര്‍ന്നിട്ടില്ല; ചേര്‍ന്നവരോ,
ബഹുഭൂരിപക്ഷവും സംതൃപ്തരുമല്ല. ആമ്മേന്‍ പറയുന്നവര്‍ തന്നെയാണ് ഉള്ളില്‍
അസ്വസ്ഥരായിരിക്കുന്നത് എന്നതാണ് വിചിത്രം. പള്ളി നിറയെ ആളുകള്‍ ഉണ്ടാവാം, പക്ഷെ, കുമ്പസാരിക്കുകയും
കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്നവരുടെ സംഖ്യ അനുദിനം കുറയുന്നില്ലേ? കുടുംബ
കൂട്ടായ്മകളില്‍ 25നും 50 നും മദ്ധ്യെയുള്ളവരുടെ എണ്ണം തീര്‍ത്തും കുറവാണ്.
ഇതുപോലൊരു ചീക്ക് രോഗമാണ് പാശ്ചാത്യ നാടുകളിലും ആദ്യം ഉണ്ടായത്. നേതൃത്വത്തിനെതിരെ
ശബ്ദിക്കുന്നവരുടെ സംഖ്യ അനുദിനമെന്നോണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ
സാഹചര്യത്തില്‍ സഭയുടെ നിലപാടുകളിലേക്ക് ഒരെത്തിനോട്ടം
പ്രസക്തമാണ്.
യൂറോപ്പിലും
പാശ്ചാത്യരാജ്യങ്ങളിലും കത്തോലിക്കാ സഭ വളരുകയല്ല വരളുകയാണെന്നത് പരമാര്‍ത്ഥം.
ഇന്ത്യയിലും അതിവേഗം അംഗസംഖ്യ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതവും ഇത്
തന്നെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. 2001 ല്‍ 2.32 ശതമാനമായിരുന്ന
ക്രിസ്ത്യാനികള്‍ ഇന്ന് 1.75 ആയി കുറഞ്ഞിരിക്കുന്നുവെന്നാണ് സൂചന. മനുഷ്യന്‍റെ
ഈശ്വരചിന്തയാണോ കുറഞ്ഞത്? വിദേശങ്ങളില്‍ എത്തുന്ന മാതാ അമൃതാനന്ദമയിക്കും, ശ്രി
ശ്രി രവിശങ്കറിനും ഭാരതീയ യോഗാചാര്യന്മാര്‍ക്കും ലഭിക്കുന്ന വരവേല്‍പ്പ് അങ്ങിനെയല്ല
പറയുന്നത്. കേരളത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങും. വിപസ്സനയും, റെയ്ക്കിയുമൊക്കെ
അവതരിപ്പിക്കപ്പെട്ടപ്പോള്‍ അത്മായരും അഭിഷിക്തരും ഒക്കെ ആയി നിരവധി പേരാണ് ആ വഴി
തിരിഞ്ഞത്. ബോധവത്കരണം വഴി അതിന് കുറെയൊക്കെ തടയിടാന്‍ സഭക്ക് കഴിഞ്ഞില്ലെന്നു
ഞാന്‍ പറയുന്നില്ല. വചനപ്രഘോഷണങ്ങള്‍ ഇതിനൊരു പ്രതിവിധിയായി അവതരിപ്പിക്കപ്പെട്ടു.
പക്ഷെ, വ്യവസ്ഥാധിഷ്ടിതമായും ഇന്സ്ടോള്‍മെന്റായും സൌഖ്യം തരുന്ന പരി. ആത്മാവിനെ ഇന്ന്
ജനം സംശയിക്കുന്നു. മനുഷ്യന്‍റെ ഈശ്വരനെ പ്രാപിക്കാനുള്ള ത്വരയല്ല
ക്ഷയിക്കുന്നതെന്ന് സ്പഷ്ടം.
ഡല്‍ഹി
ഉദാഹരണമായി എടുത്താല്‍, വിശ്വാസികളെ വെറുപ്പിച്ച കാര്യങ്ങള്‍ താരതമ്യേന ജനങ്ങളില്‍
നിന്നകന്ന് ആര്ഭാട ജീവിതം നയിക്കുന്ന മേലധികാരികള്‍, തന്നിഷ്ടപ്രകാരം ചമച്ച കാര്‍ക്കശ്യമുള്ള
നിയമാവലി, സഭാംഗത്തിനു സഭയിലുള്ള അധികാരം നിഷ്പ്രഭമാക്കുന്ന പ്രവര്‍ത്തന രീതികള്‍,
പണസമ്പാദനം മുഖ്യ ലക്ഷ്യമായുള്ള പൊതു പ്രവര്‍ത്തനം, മനം മടുപ്പിക്കുന്ന അനുഷ്ടാന
കോലാഹലങ്ങള്‍, സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള വിലക്കുകള്‍,
ശരിയും തെറ്റും വിവേചിക്കാതെ അടിച്ചേല്‍പ്പിക്കുന്ന തത്ത്വങ്ങള്‍ ഇവയൊക്കെയാണ്
മുഖ്യ കാരണങ്ങള്‍ എന്ന് കാണാവുന്നതെയുള്ളൂ. ഇവയൊക്കെത്തന്നെയാണ് കേരളത്തിലും
മുഖ്യം.
സഭയില്‍
നിന്നകന്നവരെ രണ്ടു തരത്തില്‍ ഞാന്‍ പെടുത്തും – സഭയുടെ പ്രവര്‍ത്തന ശൈലിയില്‍ എതിര്‍പ്പുള്ളവര്‍,
വിശ്വാസപരമായ സഭയുടെ നിലപാടിനെ അനുകൂലിക്കാത്തവര്‍. ആദ്യ വിഭാഗത്തിലാണ്
ബഹുഭൂരിപക്ഷം പരിഷ്കരണ വാദികളും പെടുന്നത്. രണ്ടാമത്തെ വിഭാഗം പ്രായേണ
നിശ്ശ്ബ്ദരാണ് – ഒരു സാത്വിക ജീവിതചര്യ തിരഞ്ഞെടുത്തു ജീവിതം അവര്‍
നവീകരിച്ചുകൊണ്ടിരിക്കുന്നു. ഈ വിഭാഗത്തില്‍ പെട്ടവര്‍ നടത്തുന്ന നിരവധി
ആശ്രമങ്ങളും കേരളത്തിലുണ്ട് അവര്‍ക്ക് അവരുടെതായ സംഘടനയുമുണ്ട്. ഇത് അധികമാര്‍ക്കും
അറിയാത്ത ഒരു കാര്യം. ആദ്യത്തെ വിഭാഗത്തെ സഭാധികാരികള്‍ അവഗണിക്കുന്നു. പക്ഷെ,
അവരാണ് സഭക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. മിക്കവാറും നവീകരണ പ്രവര്‍ത്തകര്‍ക്കും
നൊമ്പരത്തിന്‍റെ ഒരു കഥ പറയാനുണ്ടാവും. ഒറ്റ ഉദാഹരണം പറയാം; കൃഷി ഗവേഷണ രംഗത്ത്
അനേകം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ശ്രി. റെജി ഞള്ളാനി തികഞ്ഞ ഒരു സഭാവിശ്വാസി
ആയിരുന്നുവെന്നു പറയാം. അദ്ദേഹത്തിന്‍റെ ഏതാനും ലക്ഷങ്ങള്‍ വൈദികരും
മെത്രാനുമൊക്കെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഫാമിന്‍റെ കൈയ്യിലെത്തി. അത്
തിരിച്ചു കിട്ടിയില്ല. അദ്ദേഹത്തിന്‍റെ സമൃദ്ധിയില്‍ നിന്ന് വഴുതി പ്പോയ
പണമല്ലിത്. ഇതേ ദുരനുഭവം ഉണ്ടായ വേറെയും ആളുകള്‍ ഉണ്ടെന്നാണ് റെജി പറയുന്നത്.
തുടര്‍ന്ന് ഇടവകപ്പിരിവുകള്‍ പഴയതുപോലെ കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ആ അകല്‍ച്ച
അദ്ദേഹത്തിന്‍റെ മകളെ കൈനീളം ഉള്ള ഉടുപ്പിട്ട് പള്ളിയില്‍ വന്നുവെന്ന് ആരോപിച്ചു
പരസ്യമായി ഇറക്കി വിടുന്നതില്‍ കലാശിച്ചു. ഇന്ന് അദ്ദേഹത്തെ കാണുന്നത് KCRM ന്‍റെ ഭാരവാഹിയായാണ്.
കൊല്ലം കുരീപ്പുഴ ഇടവകക്കാരുടെ സമരത്തിന് ആവേശമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു,
കൊല്ലം മെത്രാനെ കൊമ്പു കുത്തിക്കാന്‍ ഇടവകക്കാര്‍ക്കും കഴിഞ്ഞു. (കൊല്ലം മെത്രാന്
തന്‍റെ അധികാര പരിധിയില്‍പെട്ട ഈ ഇടവക സന്ദര്‍ശിക്കാന്‍ ഇടവകക്കാര്‍ ഏര്‍പ്പെടുത്തിയ
വിലക്ക് ഇപ്പോഴും തുടരുന്നുവെന്നാണ് അറിയുന്നത്).
റെജിയെപ്പോലെ
അല്ലെങ്കില്‍ ഇന്ദുലേഖയെപ്പോലെ മുറിവേറ്റവരുടെ എണ്ണം സഭയില്‍ ഏറെയുണ്ടെന്നാണ് അറിയുന്നത്. അനേകം
അത്മായര്‍ സഭയിലെ അതിക്രമങ്ങള്‍ക്കെതിരെ വാളും പരിചയുമെടുത്തു മുന്നേറുമ്പോള്‍,
സഭക്ക് ഈ രീതിയില്‍ അധിക കാലം മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തം.
അല്ലെങ്കില്‍ ചരിത്രാനുഭവങ്ങള്‍ മാറ്റി എഴുതേണ്ടി വരും. കാഞ്ഞിരപ്പള്ളി, പാലാ,
കോതമംഗലം, കൊല്ലം, തൃശ്ശൂര്‍, കോതമംഗലം, ഇടുക്കി, ചങ്ങനാശ്ശേരി, ചിക്കാഗോ,
ഫരിദാബാദ് തുടങ്ങിയ രൂപതകളില്‍ വിമത സ്വരം പ്രായേണ കൂടുതലുമാണ്. പണ്ടൊക്കെ
സമൂഹത്തിലെ സാംസ്കാരിക ചടങ്ങുകളിലൊക്കെ പ്രാമുഖ്യം നല്‍കി ആദരിച്ചിരുന്ന
മെത്രാന്മാരെ ഇന്ന് എല്ലാവരും പ്രായേണ അവഗണിക്കുന്നു.
സാമൂഹ്യ/സാംസ്കാരിക
മേഖലകളില്‍ പെട്ട പ്രഗല്‍ഭരും, കത്തോലിക്കാ സഭയില്‍ സവിശേഷമായി കാണുന്നത് സമ്പത്തിന്‍റെ
കുമിഞ്ഞു കൂടല്‍ മാത്രം. വേദം പ്രസംഗിക്കുന്നവരില്‍ അതിന്‍റെ ചൈതന്യം കാണാന്‍
കഴിയുന്നില്ല. സാമൂഹ്യ രംഗത്ത് ജോലി ചെയ്യുന്നവര്‍, ഒരു ക്രിസ്ത്യാനി എന്ന്
പരസ്യമായി പറയാന്‍ പോലും മടിക്കുന്നുവെന്നത് സത്യമാണ്. സഭയുടെ ക്ഷയത്തിനു കാരണമായി
വേറെയും കാര്യങ്ങളുണ്ട്. അവയെല്ലാം കൂട്ടിയിട്ടു വിശകലനം ചെയ്യുകയല്ല എന്‍റെ ലക്‌ഷ്യം,
പകരം അത്മായാ വിപ്ലവം അതിന്‍റെ പാരമ്യത്തില്‍ എത്തുന്നതിനു മുമ്പ് യേശു
അധിഷ്ടിതമായ ഒരു വിശ്വാസീ സമൂഹം കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയുമോ എന്ന്
ചിന്തിക്കുകയാണ്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ചിന്തകനും എഴുത്തുകാരനുമൊക്കെയായ
ഡോ. ജെയിംസ് കോട്ടൂര്‍ പറഞ്ഞതുപോലെ ഇടവകതലം മുതല്‍ മുകളില്‍ വരെ അത്മായരെ കേള്‍ക്കാനും
അവരുമായി രമ്യപ്പെടാനും തയ്യാറുള്ള ഒരു ഭരണ സംവിധാനം അനിവാര്യം.
ഇപ്പോള്‍
പാരിഷ് കൌണ്‍സില്‍ ഉണ്ടല്ലോ എന്ന് പറയുന്നവര്‍ അതാതു വികാരിമാരുടെ ഇശ്ച ഏതു
വിധേനയും നടപ്പാക്കാന്‍ സഹായിക്കുന്ന ‘അതെ അച്ചോ’ കമ്മറ്റികളാണ് നിലവിലുള്ളതെന്ന്
ശ്രദ്ധിക്കുക. നിയമങ്ങളും ആചാരങ്ങളും ഐതിഹ്യങ്ങളും അര്‍ദ്ധസത്യങ്ങളുമൊക്കെയായി മുന്നേറുന്ന കത്തോലിക്കാ സഭ, പാരമ്പര്യം
അവകാശപ്പെടുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെട്ടപ്പോള്‍, ആര്‍ഭാടത്തിന്‍റെ
മറുവാക്കായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, യേശുവിന്‍റെ സ്വരം മങ്ങുന്നു, എപ്പോഴും
ജ്വലിച്ചു നില്‍ക്കേണ്ട സ്നേഹത്തിലേക്കുള്ള ഉള്‍വിളി നേര്‍ത്തതുമാകുന്നു.
നമുക്കിവിടെ പാരമ്പര്യമാണ് പ്രധാനം, യേശുവിന് അങ്ങിനെയൊരു ചിന്തയേ ഉണ്ടായിരുന്നില്ല;
ഉള്ളവരെ പിഴിയുകയാണ് നമ്മുടെ മാര്‍ഗ്ഗം, യേശു അന്വേഷിച്ചത് ഒറ്റപ്പെട്ടു പോയ ആടുകളെയായിരുന്നു.
എല്ലാവരോടും ക്ഷമിക്കാന്‍ യേശു ആവശ്യപ്പെട്ടു, നമ്മളോ നിയമങ്ങളുടെ കാര്‍ക്കശ്യത്തില്‍
അഭിമാനം കൊള്ളുന്നു.
ചരിത്രം
യഥേഷ്ടം അമ്മാനമാടി രസിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ കഴിയുക. വി. തോമ്മാസ്ലിഹായുടെ
കബറിടം എന്നവകാശപ്പെടുന്ന അഞ്ചോളം സ്ഥലങ്ങള്‍ ഇവിടുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.
ഏതായാലും, ഇവിടുത്തെ മാര്‍ത്തോമ്മായുടെ തിരുശേഷിപ്പുകളല്ല റോമിലുള്ളത്. മാര്‍ത്തോമ്മാ
കുരിശ്ശിന്‍റെ കാര്യത്തിലും ഈ തര്‍ക്കം നിലവിലുണ്ട്. മാനിയെന്ന അഭിനവ ക്രിസ്തുവിന്‍റെ
ഔദ്യോഗിക ചിഹ്നമാണ് അതെന്ന് ചരിത്രം; അല്ല, 85)o വയസ്സില്‍ മാര്‍ത്തോമ്മാ ഇവിടെ
വന്നു മിനക്കെട്ടിരുന്നു കൊത്തിയതാണെന്നു സഭ. ഒരു പള്ളിക്കുള്ളില്‍ നിന്നും ഈ കുരിശ്
ആരും ഇന്നേവരെ കണ്ടെടുത്തിട്ടില്ല. പള്ളിയും അതിനുള്ളിലെ അനുഷ്ടാനങ്ങളും
അനിവാര്യമാണെന്ന് വാദിക്കുന്ന സഭക്ക്, യേശു പള്ളിയില്‍ പോയി പ്രാര്‍ഥിച്ച ഒരു
സംഭവം പോലും പറയാനില്ല, പകരം ജീവിതാവസാനം വരെ വിശ്വാസികളെ ഭാരമുള്ള നുകം ചുമപ്പിക്കുന്ന
പുരോഹിതര്‍ക്കെതിരെ പട നയിക്കുകയാണ് യേശു ചെയ്തത്.
ഇന്ന്
അത്മായര്‍ക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പാ കേരള
കത്തോലിക്കാ സഭക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളും ചെറുതല്ല. ബെത്ലഹേം കഥകള്‍
ശരിയല്ലായെന്നു പുസ്തകത്തില്‍ ഏഴുതി പ്രസിദ്ധീകരിച്ചത് ബെനഡിക്റ്റ് മാര്‍പ്പാപ്പയാണ്.
പരിണാമ സിദ്ധാന്തം ശരിയെന്നു പറഞ്ഞത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ്. ലാളിത്യം
കൊണ്ട് ഔന്നത്യം കാണിക്കണമെന്ന് മെത്രാന്മാരെ ഉപദേശിച്ചതും ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ഇതിലൊന്ന് പോലും പരിഗണിക്കാതെ മാസം തോറും കൂടുന്ന ചായ സിനഡുകള്‍ക്ക് ഈ സഭയെ മുന്നോട്ടു
കൊണ്ടുപോകാന്‍ കഴിയില്ല; ഒരിക്കലും സാധിക്കില്ല. അനേകം പരാതികള്‍ കാക്കനാട്ട്
എത്തിയിട്ടുണ്ട്. അവ കിട്ടി എന്ന് പറയാന്‍ പോലുമുള്ള സന്മനസ്സ് കാണിക്കാന്‍ ആരും
തയ്യാറല്ല. നമുക്ക് വേണ്ടത് അനുരജ്ഞനത്തിന്‍റെ ഭാഷയാണ്. ആ ഭാഷ സംസാരിക്കാന്‍ എന്ന്
കേരള സഭാധികാരികള്‍ തയ്യാറാകുന്നോ അതുവരെ ഈ യുദ്ധവും തുടരും. തോല്‍ക്കുന്നത് പക്ഷെ,
യേശു ആയിരിക്കാനെ ഇടയുള്ളൂ.
ശ്രി അലക്സ് കണിയാമ്പറമ്പില്‍ ഫെയിസ് ബുക്കില്‍ കഴിഞ്ഞ ദിവസം എഴുതിയത്, "സഭാവിമര്‍ശനം നിഷ്ഫലമോ?
ReplyDeleteഇന്ന് ഒരു സുഹൃത്തുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ്. മതങ്ങളെ വിമര്‍ശിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ?
ഉത്തരം ലളിതമല്ല. അധികാരത്തിന്റെ മത്തുപിടിച്, തിമിരം ബാധിച്ച്, പരക്ലേശവിവേകമില്ലാതെ കഴിയുന്ന മതാധികൃതര്‍ക്ക് പെട്ടെന്നൊന്നും ഒരു മാറ്റമുണ്ടാകാന്‍ പോകുന്നില്ല. പക്ഷെ, അവര്‍ മാറ്റങ്ങള്‍ക്കു അതീതരല്ല എന്ന് ചരിത്രം സാക്ഷി.
ഇതിന്റെ ചരിത്രം തപ്പി യുറോപ്പിലേയ്ക്കൊന്നും പോകേണ്ടതില്ല. നമ്മുടെ കൊച്ചുകേരളത്തിലേയ്ക്കൊന്നു കണ്ണോടിച്ചാല്‍ മതി. പ്രാചീനകാലത്ത് ബ്രാഹ്മണപുരോഹിതര്‍ക്ക് കേരളത്തില്‍ എന്തുമാകാമായിരുന്നു. അവരുടെ ആജ്ഞാനുവര്‍ത്തിയായിരുന്നു രാജാവ്. കാലം മാറിയപ്പോള്‍ അവര്‍ നേരെയായി.
അക്കാലത്തെ ക്രൈസ്തവപുരോഹിതര്‍ എങ്ങിനെയായിരുന്നു എന്നെനിക്കറിയില്ല. പക്ഷെ, ഒരന്‍പതു വര്ഷം മുമ്പെങ്കിലും അവര്‍ കുറെയൊക്കെ ജനതാല്പര്യം അനുസരിച്ചാണ് ജീവിച്ചിരുന്നത്. മിക്കവരും ലളിതജീവിതം നയിക്കുന്നവരായിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, അതിന്റെ കാരണം അന്ന് കേരളത്തില്‍ ശക്തമായിക്കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു എന്ന് കാണാം. അന്നത്തെ കമ്മ്യൂണിസ്റ്റ്‌കാര്‍ മതത്തെയും, ദൈവത്തെയും ശക്തമായി തള്ളിപ്പറയാന്‍ തയ്യാറായിരുന്നു. കേരളത്തില്‍ സഖാവ് ഇ.എം.എസിന്റെ മന്ത്രിസഭ ഭരണത്തില്‍ വന്നപ്പോള്‍ ക്രൈസ്തവസഭകള്ക്കുണ്ടായത് മരണവെപ്രാളമായിരുന്നു. ഇക്കണക്കിനുപോയാല്‍ ജനങ്ങളെല്ലാം മതം വിട്ടുപോകുമെന്നും, പള്ളികള്‍ പൂട്ടിപോകുമെന്നും അവര്‍ ഭയന്നു. അധികാരത്തോട് ഒട്ടിനില്‍ക്കാന്‍ സാമാന്യജനത്തിന് ഒരു പ്രവണതയുണ്ടല്ലോ.
അവരുടെ നിലനില്പിനായി നടത്തിയ വിമോചനസമരത്തില്‍, സത്യത്തില്‍ രാഷ്ട്രീയമായിരുന്നില്ല കാതല്‍. അത് മതങ്ങളുടെ ഒരു ജീവന്മരണപോരാട്ടം തന്നെയായിരുന്നു.
വിമോചനസമരം വിജയിച്ചപ്പോള്‍, കേരളകമ്മ്യൂണിസവും കേരള ക്രൈസ്തവസഭയും പാഠങ്ങള്‍ പഠിച്ചു.... മതങ്ങളോട് ഏറ്റുമുട്ടുന്നത് ആരോഗ്യത്തിനു ഹാനികരം എന്നതായിരുന്നു സഖാക്കന്മാര്‍ പഠിച്ച പാഠമെങ്കില്‍, കുറെയെങ്കിലും ജനഹിതം നോക്കാതിരുന്നാല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണ് എന്നതാണ് മതം പഠിച്ച പാഠം.
കമ്മ്യൂണിസം അന്നു പഠിച്ച പാഠം ഇന്നുവരെ മറന്നിട്ടില്ല. പക്ഷെ, തങ്ങളുടെ വിജയത്തിന്റെ ലഹരിയില്‍ മതങ്ങള്‍ അന്ന് മനസിലാക്കിയതൊക്കെ മറന്നുപോയ അവസ്ഥയാണിന്ന്.
\സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ കൊണ്ട് അവര്‍ക്ക് മാറ്റമൊന്നും ഉണ്ടാവുകയില്ല.
അവര്‍ക്ക് മാറ്റമുണ്ടാകണമെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് വിശ്വാസിസമൂഹം അവരെ വിട്ടുപോകും എന്ന അവസ്ഥ സംജാതമാകണം.
അതുണ്ടാകുമോ?
ബുദ്ധിമുട്ടാണ്.. കാരണം ചിന്താശേഷി തീരെയില്ലാതവരാണ് അവരുടെ അണികള്‍.
മതം മാനവരാശിയുടെ ഏറ്റവും വലിയ ശാപമാണ് എന്നു തിരിച്ചറിയുന്നവര്‍ക്കും ഈ വിമര്‍ശനത്തിന്റെ ആവശ്യമില്ല. അവര്‍ സ്വയമേ ഇവരില്‍ നിന്നും മോചിക്കപ്പെട്ടവരാണ്.
രണ്ടിന്റെയും ഇടയില്‍ ഒരു ചെറിയ കൂട്ടമുണ്ട്.. ഇവര്‍ പറയുന്നതും, പ്രവര്‍ത്തിക്കുന്നതും ഒക്കെ തെറ്റാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിട്ടും സാമൂഹികമായി ഒറ്റപ്പെടുമോ എന്ന ഭയംമൂലം മനസില്ലാമനസോടെ ഇവര്‍ക്കൊപ്പം കഴിയുന്ന കൂട്ടര്‍.
അവര്‍ക്കു മനോധൈര്യം പകരാനും, അവര്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ ഉണ്ടാക്കികൊടുക്കാനും ഇത്തരം കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്..
സമാനമായി ചിന്തിക്കുന്നവര്‍ അവരുടെ വേല പൂര്‍വാധികം ശക്തിയോടെ തുടരുക...