ഓഷോ
മമതയെ, ആസക്തിയെ
ധാരാളം പേർ സ്നേഹമായി ധരിക്കാറുണ്ട്. സ്നേഹവും ആസക്തിയും ഒന്നുതന്നെയായി
പ്രത്യക്ഷപ്പെടുന്നു - എന്നാൽ അങ്ങനെയല്ല. മമത, ആസക്തി എന്നത് ശരിക്കും
വിരുദ്ധമായതാണ്; അത് സ്നേഹത്തെ കൊന്നുകളയുന്നു. സ്വന്തമാക്കാനുള്ള ത്വരയെപ്പോലെ, മമതയെപ്പോലെ വിഷലിപ്തമാകാൻ
മറ്റൊന്നിനും കഴിയില്ല. ധാരാളം പേർക്കിതു സംഭവിച്ചിട്ടുണ്ട്, അത്
നിങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു. മമത, ആസക്തി എന്നിവ വ്യാജപ്രേമമാണ്.
വെറുപ്പാണ് ഭേദം. എന്തുകൊണ്ടെന്നാൽ ചുരുങ്ങിയ പക്ഷം അത് യഥാർത്ഥമാണ്. മാത്രവുമല്ല, ഏതു നിമിഷവും
വെറുപ്പ് സ്നേഹമായി പരിണമിച്ചേക്കാം. എന്നാൽ ആസക്തിക്ക് ഒരിക്കലും
സ്നേഹമായിത്തീരാൻ കഴിയില്ല.
.
സ്നേഹമെന്നാൽ മറ്റേയാളിലേക്ക്
നിങ്ങൾ സ്വയം അലിഞ്ഞുചേരാൻ സന്നദ്ധനാണെന്നർത്ഥം. അതൊരു മരണമാണ്. അത്
അപരനിലേക്കുള്ള അനന്തമായ വീഴ്ചയാണ്. സ്നേഹം യാതൊരു ഉപാധിയുമില്ലാതെയുള്ള
കീഴടങ്ങലാണ്. കാരണം ഏതെങ്കിലും ഒരു ഉപാധിയെങ്കിലും വച്ചിരുന്നുവെങ്കിൽ, പിന്നീട്
പ്രാധാന്യം നിങ്ങൾക്കാണ്. അപ്പോൾ അപരനെന്നത് വെറുമൊരു മാർഗ്ഗമാണ്. നിങ്ങൾ അയാളെ
ഉപയോഗപ്പെടുത്തുന്നു, ചൂഷണം ചെയ്യുന്നു,
അപരനിലൂടെ സംതൃപ്തിയും
ചാരിതാർത്ഥ്യവും കണ്ടെത്തുന്നു - അപ്പോളും ലക്ഷ്യമായിരിക്കുന്നത് നിങ്ങളാണ്.
സ്നേഹം പറയുന്നതോ അപരനിലേക്ക് അലിഞ്ഞുപോവുക, ഇല്ലാതാവുക' എന്നാണ്. അത്
മരണത്തിന്റേതായ ഒരു പ്രതിഭാസമാണ്. അതുകൊണ്ടാണ് ജനങ്ങൾ സ്നേഹത്തെ ഭയപ്പെടുന്നത്.
നിങ്ങളതിനെപ്പറ്റി സംസാരിച്ചെന്നിരിക്കും. നിങ്ങളതിനെപ്പറ്റി പാടിയെന്നിരിക്കും.
പക്ഷെ ഉള്ളിന്റെയുള്ളിൽ നിങ്ങൾ സ്നേഹത്തെ ഭയപ്പെടുന്നു. നിങ്ങളതിലേക്ക്
പ്രവേശിക്കുന്നില്ല.
.
സ്നേഹത്തെപ്പറ്റിയുള്ള നിങ്ങളുടെ
കവിതകളും ഗാനങ്ങളുമെല്ലാം വെറും പകരംവയ്ക്കലുകളാണ്. അപ്പോൾ, നിങ്ങൾക്ക്
സ്നേഹത്തിലേക്ക് പ്രവേശിക്കാതെതന്നെ സ്നേഹിക്കുന്നതുപോലെ നിങ്ങൾക്കനുഭവിക്കാം.
നിങ്ങൾ സ്നേഹത്തിലാണെന്ന തോന്നൽ താല്കാലികമായിട്ടെങ്കിലും അതു
നിങ്ങളിലുളവാക്കുന്നു. ഇപ്പോളലലെങ്കിൽ അടുത്ത നിമിഷം നിങ്ങൾ മനസിലാക്കിയേക്കും, അത്
വ്യാജമാണെന്ന്. പക്ഷേ, നിങ്ങൾ വിചാരിക്കുന്നു വഞ്ചിക്കുന്നത് നിങ്ങളുടെ പങ്കാളിയാണെന്ന്.
സ്വയമാല്ലാതെ മറ്റാർക്കുംതന്നെ നിങ്ങളെ കബളിപ്പിക്കാനാവില്ല... നിങ്ങൾ ഭാര്യയെ
മാറ്റുന്നു, ഭർത്താവിനെ മാറ്റുന്നു, ഗുരുവിനെ മാറ്റുന്നു, ദൈവത്തെ
മാറ്റുന്നു,മതം മാറുന്നു,
പ്രാർത്ഥന വേറെയാവുന്നു - അപരനെ
നിങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളെത്തന്നെ വിഡ്ഢിയാക്കം, എന്നാൽ എത്രനാൾ
അതിനു കഴിയും? ഈ അപരമായിട്ടുള്ളതല്ല പ്രശ്നമെന്ന് നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്, നിങ്ങളുടെ
സ്നേഹം പൊള്ളയാണെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്.. നിങ്ങളതിനെപ്പറ്റി
സംസാരിക്കുകയായിരുന്നു, നിങ്ങളതിലേക്ക് പ്രവേശിക്കാനായി യാതൊന്നും ചെയ്യുകയായിരുന്നില്ല
എന്നും നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
.
നിങ്ങൾ പ്രേമമെന്നു വിളിക്കുന്ന
വികാരം അപരനെ കൊല്ലുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഈ ലോകം
ഇത്രയ്ക്കും വൃത്തിഹീനമായിരിക്കുന്നത്? അനവധി പ്രമിതാക്കൾ, എല്ലാവരും ഒരു
കമിതാവാണ്; ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നു, ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നു, അച്ഛനമ്മമാർ
കുട്ടികളെ സ്നേഹിക്കുന്നു, കുട്ടികൾ മാതാപിതാക്കളെ സ്നേഹിക്കുന്നു, അതുപോലെ
സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങി എല്ലാവരുംതന്നെ സ്നേഹിക്കുകയാണ്. ഈ ലോകം
മുഴുവനും സ്നേഹത്തിലാണ്... ഏറെ പ്രണയം - എന്നിട്ടും ഏറെ വൃത്തികേടുകൾ! ഏറെ
കഷ്ടപ്പാടുകൾ!? ഇതു പ്രേമമല്ല;
ആയിരുന്നെങ്കിൽ ഭയം
അപ്രത്യക്ഷമാകുമായിരുന്നു. എന്നാൽ ആസക്തിയിൽ ഭയം കൂടുതൽ വളർന്നുകൊണ്ടേയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ
നിങ്ങൾ ഒരാളെ കൈവശമാക്കുമ്പോൾ,
അയാൾ നിങ്ങളെ വിട്ടുപോയേകുമോ
എന്ന് എപ്പോഴും ഭയപ്പെടുന്നു. അപ്പോൾ അവർതമ്മിൽ ചാരന്മാരായിത്തീരുകയും പരസ്പരം
രണ്ടുപേരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നു. അപ്പോൾപിന്നെ
പ്രേമത്തിനുള്ള സാധ്യതയെവിടെ?
.
കുഴപ്പമിതാണ്; എപ്പോഴൊക്കെ
നിങ്ങൾ ഒരു വ്യക്തിയെ കൈവശപ്പെടുത്തുന്നുവോ, അപ്പോഴൊക്കെ അയാൾ ഒരു
സാധനമായിത്തീരുന്നു - എന്നാൽ നിങ്ങളാഗ്രഹിച്ചത് ഒരു വ്യക്തിയെ സ്നേഹിക്കുവാനാണ്, ഒരു
സാധനത്തെയല്ല. ഒരു വസ്തുവിനെ കൈക്കലാക്കാൻ പറ്റും. എന്നാൽ അതിന്
പ്രതികരണശേഷിയുണ്ടായിരിക്കില്ല. നിങ്ങൾക്ക് ഒരു വസ്തുവിനെ സ്നേഹിക്കാൻ കഴിയും.
എന്നാൽ ആ വസ്തുവിന് നിങ്ങളുടെ സ്നേഹത്തിനുത്തരം നല്കാൻ കഴിയില്ല. നിങ്ങൾ നിങ്ങളുടെ
കാറിനെ ആലിംഗനം ചെയ്തേക്കാം. എന്നാൽ കാറിന് നിങ്ങളെ ആലിംഗനം ചെയ്യാനാവില്ല.
കൈക്കലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ അയാളെ വധിക്കുന്നു. നിങ്ങളുടെ ശ്രമം
വിജയത്തിലെത്തുന്ന ആ നിമിഷം തന്നെ സർവ്വ മഹിമയും ചോർന്നുപോകുന്നു. എന്തെന്നാൽ
ഇപ്പോൾ മറ്റേയാൾക്ക് പ്രതികരിക്കാനാവില്ല. മറ്റേയാൾക്ക് പ്രതികരിക്കാൻ കഴിയുക
സ്വാതന്ത്ര്യമുള്ളപ്പോൾ മാത്രമാണ്.
.ഒരു പുരുഷനെയോ സ്ത്രീയെയോ സ്നേഹിക്കുന്ന കാര്യത്തിൽ മാത്രമല്ല, ഒരു ബുദ്ധനെ
സ്നേഹിക്കാൻ തുടങ്ങുമ്പോഴും ഇവയെല്ലാം നിങ്ങൾ ആവർത്തിക്കുന്നു. അവിടെയും
സ്വന്തമാക്കാൻ ശ്രമിക്കും. ക്രിസ്ത്യാനികൾ വിചാരിക്കുന്നു ക്രിസ്തു
അവരുടേതാണെന്ന്- അവരാണ് അവകാശികൾ. മുസ്ലീമുകൾ കരുതുന്നു മുഹമ്മദ് അവരുടേതാണെന്ന്.
ആർക്കുംതന്നെ മുഹമ്മദിനെ കൈവശപ്പെടുത്താനാവില്ല. ആർക്കുംതന്നെ ക്രിസ്തുവിനെ
സ്വന്തമാക്കാനാവില്ല - സ്നേഹത്തെ ഒരിക്കലും സ്വന്തമാക്കാനാവില്ല; അതത്രയ്ക്കും ഊർജ്ജവത്തായ
ഒരു ശക്തിയാണ്. ഒരിക്കലും നിലക്കാത്ത ശക്തി. നിങ്ങളാവട്ടെ അവയെ
കൈവശപ്പെടുത്തുവാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.
.മതങ്ങളിൽ ഇത് വളരെ ആഴത്തിൽ സംഭവിച്ചു. ലോകത്തിനൊരു
അനുഗ്രഹമാകേണ്ടതിനു പകരം മതങ്ങൾ അപകടകാരികളായി മാറി. സ്വന്തമാക്കാനുള്ള ഈ
ത്വരയോടെയാണ് മതങ്ങൾ വിഭജിക്കപ്പെടുന്നത് - എന്നിട്ട് നിങ്ങൾ മൃതവസ്തുവിനെ
ആരാധികാൻ തുടങ്ങുന്നു. എന്നിട്ടോ നിങ്ങളുടെ ജീവിതത്തിൽ യാതൊന്നും
സംഭവിക്കുന്നുമില്ല. അപ്പോൾ നിങ്ങൾ വിചാരിക്കും മതത്തിനെന്തോ കുഴപ്പമുണ്ടെന്ന്.
മതത്തിനു യാതൊരു കുഴപ്പവുമില്ല. മഹാവീരന് നിങ്ങളെ പരിവർത്തനപ്പെടുത്തുവാൻ കഴിയും; തന്നിലുള്ള അതേ
തേജസ്സ് കൃഷ്ണന് നിങ്ങൾക്ക് പകർന്നു നല്കാൻ കഴിയും. പക്ഷേ നിങ്ങളവനെ
അനുവദിച്ചില്ല. ക്രിസ്തുവിന് തീർച്ചയായും നിങ്ങളുടെ മോചനമാകാൻ കഴിയും - പക്ഷേ
നിങ്ങളദ്ദേഹത്തെ അനുവദിച്ചില്ല. ഇപ്പോളദ്ദേഹം ജീവനില്ലാത്ത ഒരു വസ്തുവാണ്. നിങ്ങൾ
നല്ലതുപോലെ ഓർത്തിരിക്കേണ്ടതുണ്ട്, നിങ്ങളുടെ പ്രേമംകൊണ്ട്, നിങ്ങളുടെ
ആരാധനകൊണ്ട് - അത് സ്വന്തമാക്കലായിത്തീരുമ്പോൾ - നിങ്ങൾ നടത്തുന്നത്
പാതകമാണെന്ന്... നിങ്ങൾ കൃഷ്ണനെ വധിക്കുകയാണെങ്കിൽ പിന്നെ, കൃഷ്ണനെങ്ങനെ
നിങ്ങളെ മാറ്റിത്തീർക്കാനാവും?
അവനെങ്ങനെ നിങ്ങളെ ബോധത്തിന്റെ
കൃഷ്ണതലത്തിലെത്തിക്കാനാവും?
അസാദ്ധ്യം!!!
ജിജോ ബേബി ജോസ് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിൽ നിന്നും ജിജോ പോസ്റ്റ് ചെയ്ത ഓഷോയുടെ ചിന്തകൾ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന ലേഖനമാണ്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന പല ലേഖനങ്ങളും അല്മായ ശബ്ദത്തിനു മികവും കൊഴുപ്പും നല്കാറുണ്ട്.
ReplyDeleteസ്നേഹത്തെപ്പറ്റി കൃത്യമായി അളക്കാൻ ആർക്കെങ്കിലും സാധിക്കുമോ? മതങ്ങളും മനുഷ്യനും ജീവജാലങ്ങളും ഈ ഭൂമുഖത്തു നിലനില്ക്കുന്നതു തന്നെ സ്നേഹത്തിൽ നിന്നാണ്. അതിനെ മരണമെന്ന് പറയാൻ സാധിക്കുമോ? സ്നേഹവും വെറുപ്പും പലപ്പോഴും വൈരുദ്ധ്യങ്ങളായി തോന്നാം. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ അതു രണ്ടും ഒന്നാണെന്നും തോന്നും. സ്നേഹത്തെ സ്വാർത്ഥതയായി ഓഷോ ചിത്രീകരിച്ചിരിക്കുന്നു. നാം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്നേഹമെല്ലാം നമ്മുടെ സ്വാർത്ഥതയെന്ന് അർത്ഥം കല്പ്പിക്കുമ്പോൾ സ്നേഹിക്കുന്നവരായ അപ്പനും അമ്മയും സഹോദരങ്ങളും ഭാര്യയും മക്കളും സ്നേഹമെന്ന സ്വാർത്ഥതയുടെ പ്രതിഫലനങ്ങളോ?
ലോകത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ തന്നെ സ്നേഹത്തിൽ നിന്നാണ്. പ്രപഞ്ചവും സൂര്യ ചന്ദ്രാദികളും കാട്ടിലെ കൊച്ചു മിന്നാമിനുങ്ങുവരെയും സ്നേഹത്തിന്റെ അടിയോഴുക്കിൽ നിലകൊള്ളുന്നു. ബുദ്ധന്റെ ദീനദയയും ക്രിസ്തുന്റെ കരുണയും കൃഷ്ണന്റെ കർമ്മ ക്ഷേത്രവും സ്നേഹമായിരുന്നു. കാലത്തിനെയും അതിജീവിച്ചുകൊണ്ട് ആ ദിവ്യന്മാർ നല്കിയ സ്നേഹം മരിക്കാതെ അന്നും ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. സ്നേഹം മരിച്ചാൽ പ്രപഞ്ചമില്ല. എവിടെയും ശൂന്യതയായിരിക്കും. .
സ്നേഹവും വെറുപ്പും ഒരു ത്രാസ്സിലെ സമതുലനാവസ്ഥയിൽ ചലിക്കുന്നു. അമിത സ്നേഹവും അമിത വെറുപ്പും അപകടകരമാണ്. നമുക്കൊരുവനെ സ്നേഹിക്കാം. അതുപോലെ മറ്റൊരു കാര്യത്തിൽ അവനെ തുല്യമായി വെറുക്കുകയും ചെയ്യാം. നല്ലതും ചീത്തയുമില്ലാത്തവർ സൃഷ്ടിയിലുണ്ടാവില്ല. നമ്മോട് അടുത്തുള്ളവരെ നാം സ്നേഹിക്കുന്നു. നമ്മിൽ നിന്ന് അകന്നു പോവാൻ ആഗ്രഹിക്കുന്നവരെ നാം വെറുക്കുന്നു. സ്നേഹിക്കുന്നവരെ നമുക്ക് വെറുക്കാൻ സാധിക്കുമോ? ലോകം തന്നെ സ്നേഹവും വെറുപ്പും ക്രോധവും അടങ്ങിയതാണ്. സൃഷ്ടാവിന്റെ കരവേലകളിൽ രണ്ടും അടങ്ങിയിട്ടുണ്ട്. സൂര്യനും നക്ഷത്ര ചന്ദ്രാദികളും സൃഷ്ടാവിന്റെ നിശ്ചിതമായ സ്നേഹത്തിന്റെ പ്രതിഫലനങ്ങളാണ്. അതുപോലെ നാശവും കൊടുങ്കാറ്റും പ്രളയ മരണവും വരൾച്ചയും സൃഷ്ടികർമ്മങ്ങളിലെ മറ്റൊരു വശവും.. അങ്ങനെ ലോകം തന്നെ വെറുപ്പും സ്നേഹവും ക്രോധവും ഉൾകൊണ്ടതല്ലേ?
ഒരു കുടുംബബന്ധത്തിൽ തന്നെയും സ്നേഹത്തിനൊപ്പം ചീറ്റലും പോറലും പൊള്ളലും സംഭവിക്കാറുണ്ട്. സ്നേഹമുള്ള ഭാര്യ ചിലപ്പോൾ സ്നേഹമുള്ള ഭർത്താവിന്റെ ക്രൂരമായ വർത്തമാനങ്ങളും ശ്രവിക്കേണ്ടി വരും. നേരം പുലരുമ്പോൾ അവർ വീണ്ടും ഒന്നാകും. അവരുടെ സുദൃഢമായ ബന്ധത്തിന്റെ മുറിവുകളുണ്ടായും കരിഞ്ഞും തുടരും. അവിടെ വെറുപ്പെവിടെ, സ്നെഹമെവിടെയെന്ന് വിഭജിക്കാൻ സാധിക്കുമോ? പട്ടണത്തിലെ പോലീസ് ഫോഴ്സിനെ തന്നെയെടുക്കൂ. രാജ്യത്തിന്റെ ക്രമസമാധാനത്തിന് പോലീസിന്റെ നില നില്പ്പ് ആവശ്യമാണെന്ന് നമുക്കെല്ലാമറിയാം. പോലീസിൻറെ അധികാരം പണത്തിന്റെയൊഴുക്കിൽ പ്രവഹിക്കുമ്പോൾ അവിടെ വെറുപ്പുണ്ടാകുന്നു. സ്നേഹവും വെറുപ്പും ഒരേ ത്രാസ്സിൽ ആടുകയാണ്.
To be continued:
ഓഷോ പറയുന്നു, സ്നേഹമെന്നാൽ മറ്റൊന്നായി അലിഞ്ഞു ചേരലാണ്. അത് മരണമാണ്. ആഡംബരമായി അമേരിക്കയിൽ ജീവിച്ച ഓഷോയുടെ ജീവിതത്തിൽ ഈ തത്ത്വം പ്രായോഗികമായിരുന്നില്ല. പുരാണത്തിലോ നോവലിലോ ഇതിഹാസങ്ങളിലോ രൂപപ്പെടേണ്ട ഒരു തത്ത്വമാണിത്. ഫ്രഞ്ച് വിപ്ലവം പശ്ചാത്തലമാക്കി ‘ചാർല്സ് ഡിക്കൻസ്’ എഴുതിയ 'റ്റെയിൽ ഓഫ് ടൂ സിറ്റി' എന്ന നോവലിലെ 'സിഡ്നി കാർട്ടനെ'പ്പറ്റി സ്കൂളിൽ പഠിച്ച ഓർമ്മകളാണ് വരുന്നത്.
Deleteഇതിലെ കഥാ നായകന്മാരായ 'ചാർല്സ് ഡാർനെയും' 'സിഡ്നി കാർട്ടനും' ഒരേ രൂപാകാരത്തോടെയുള്ള ഇരട്ട സഹോദരരെപ്പോലെയായിരുന്നു. ഡാർനെ ഫ്രഞ്ച്കാരനും കാർട്ടൻ ഇംഗ്ലീഷ് കാരനുമായിരുന്നു. വിപ്ലവകൊടുങ്കാറ്റിൽ ഡാർനേ ഇംഗ്ലണ്ടിലായിരുന്നു താമസിച്ചിരുന്നത്. സ്വഭാവത്തിൽ രണ്ടു പേരും വ്യത്യസ്തരായിരുന്നു. കാർട്ടൻ അലസ വേഷ ധാരിയും തലമുടി ചീകാതെയും ലക്ഷ്യമില്ലാതെ നിരാശനായും മുഴുക്കുടിയനായും ജീവിച്ചിരുന്ന ഒരു ജൂനിയർ വക്കീലായിരുന്നു. രണ്ടു പേരും ലൂസിയെന്ന ഒരു പെണ്ണിനെ ഹൃദയം തുറന്നു സ്നേഹിച്ചു. പക്ഷെ ലൂസിക്കിഷ്ടം ഡാർനേയായിരുന്നു. അവൾ ഡാർണയെ വിവാഹം കഴിക്കാനും തീരുമാനിച്ചു. ഒരിക്കൽ ലൂസിയോട് കാർട്ടൻ പറഞ്ഞു, ' ലൂസി, നീ അറിയുക, നിനക്കായി ജീവൻ ഹോമിക്കാൻ തയാറാകുന്ന ഞാൻ നിന്നെയല്ലാതെ നിന്നെ സ്നേഹിക്കുന്ന മറ്റൊരാൾക്കു വേണ്ടിയും ബലിയാടാകും."
ആയിടെ രാജ്യദ്രോഹക്കുറ്റം ചുമത്തി 'ഡാർനേയെ' ഇംഗ്ലീഷ്കാർ വധശിക്ഷക്കു വിധിച്ചു. 'കാർട്ടൻ' വധശിക്ഷയുടെ ദിവസം ജയിൽ വാർഡൻറെ സഹായത്തോടെ ' ഡാർനയുടെ' ജയിലറയിൽ എത്തി. തന്റെ അലസമായ വേഷങ്ങളും കണ്ണാടിയും 'ഡാർണയെ' ധരിപ്പിച്ചുകൊണ്ട് ജയിൽ വാർഡൻറെ സഹായത്തോടെ ലൂസിയുമൊത്തു രാജ്യം വിടുവിപ്പിച്ചു രക്ഷപ്പെടുത്തി. പകരം ഡാർണയുടെ ജയിൽ വേഷം ധരിച്ച് 'കാർട്ടൻ' സ്വയം ഡാർണയുടെ വധശിക്ഷ ഏറ്റു വാങ്ങുകയാണ്. സ്നേഹിച്ചവൾക്കു വേണ്ടി സ്വയം ജീവൻ ത്യജിച്ച് വാക്കു പാലിച്ചു. ഇവിടെ ഒഷോയുടെ തത്ത്വ മനുസരിച്ച് സ്നേഹത്തിന്റെ പ്രതിഫലം മരണമായിരുന്നു.