(സത്യജ്വാല 2014 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച മുഖക്കുറി)
ക്‌നാനായകുടുംബങ്ങളെ ഭിന്നിപ്പിച്ച് സീറോ-മലബാര്‍ സഭയുടെ അമേരിക്കന്‍
അധിനിവേശം!
ജോര്‍ജ്ജ് മൂലെച്ചാലില്‍
ചീഫ് എഡിറ്റര്‍ - സത്യജ്വാല
'ദീര്‍ഘകാലമായി ക്‌നാനായസമുദായത്തില്‍ അകാരണമായി അനിശ്ചിതത്വവും
ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നത്തിനു പരിഹാര'മെന്ന വ്യാജേന, സീറോ-മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ്
മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കോട്ടയം ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടും
അമേരിക്കയിലെ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തും ഒപ്പുവച്ച് ഒരു
പ്രസ്താവന - അല്ല തീരുമാനം തന്നെ - പുറപ്പെടുവിച്ചിരിക്കുന്നു. അതനുസരിച്ച്,
ഷിക്കാഗോ സീറോ-മലബാര്‍ രൂപതയ്ക്കു കീഴിലുള്ള ക്‌നാനായ ഇടവകകളിലെ
അംഗത്വത്തില്‍നിന്ന്, സമുദായം മാറി വിവാഹംകഴിച്ചവരുടെ
ഭാര്യമാരെയും മക്കളെയും പുറത്താക്കുവാന്‍പോകുന്നു! അവര്‍ വേറെ ഇടവകകളില്‍
അംഗത്വമെടുക്കണമെന്നാണു കല്പന. ഭര്‍ത്താവിന്‍റെ ഇടവകാംഗത്വം മാത്രമേ ക്‌നാനായ
ഇടവകകളില്‍ നിലനിര്‍ത്താനാകൂപോലും! 2014 ആഗസ്റ്റ് 18 മുതല്‍ 30 വരെ കാക്കനാട്ടു നടന്ന സീറോ-മലബാര്‍
സിനഡിനിടയ്ക്കായിരുന്നു ഈ തീരുമാനം എന്നാണറിയുന്നത്.
കുടുംബബന്ധങ്ങളുടെ പവിത്രതയെപ്പറ്റിയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള
ഐക്യത്തിന്‍റെ ആവശ്യകതയെപ്പറ്റിയും വാതോരാതെ പ്രസംഗിക്കുകയും, കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഇടവക എന്നു പഠിപ്പിക്കുകയും ചെയ്യുന്ന
സഭാമേലദ്ധ്യക്ഷന്മാരാണ്, കുടുംബത്തെ ഭിന്നിപ്പിക്കുന്ന ഈ
തീരുമാനമെടുത്തു പ്രഖ്യാപിച്ചത് എന്നോര്‍ക്കുക. അതും കുടുംബജീവിതത്തെ
കേന്ദ്രീകരിച്ച് ഒരസാധാരണ സിനഡ് വത്തിക്കാനില്‍ ഒരുക്കുന്നതിനിടെ! 'ദൈവം സംയോജിപ്പിച്ചവരെ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ!' എന്ന യേശുവചനത്തെ ധിക്കരിച്ചുകൊണ്ട്, ഈ
മെത്രാന്‍ ത്രിമൂര്‍ത്തികള്‍ ചേര്‍ന്നെടുത്തതും സീറോ-മലബാര്‍ മെത്രാന്‍സംഘം
മൗനംകൊണ്ടെങ്കിലും അംഗീകരിച്ചെന്നു കരുതാവുന്നതുമായ ഈ തീരുമാനം ബൈബിള്‍ വിരുദ്ധമാണെന്ന
കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഷിക്കാഗോ സീറോ-മലബാര്‍ രൂപതയിലെ ക്‌നാനായ ഇടവകകളിലുയര്‍ന്നുവന്ന 'രക്തശുദ്ധിവാദ'ത്തെയും അതിനെ തടയാന്‍ വത്തിക്കാന്‍
സ്വീകരിച്ച നടപടികളെയും നിരീക്ഷിച്ചാല്‍, ബൈബിള്‍വിരുദ്ധത
മാത്രമല്ല, റോമിലെ
പരി. സിംഹാസനത്തോടുള്ള ധിക്കാരവും ഈ തീരുമാനത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട് എന്നു
കാണാം. കാരണം, റോമിന്റെ നേരിട്ടുള്ള അധികാരത്തിന്‍കീഴില്‍
സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഷിക്കാഗോ രൂപതയിലെ ഒരു വിഷയത്തിലും തീരുമാനമെടുക്കാന്‍
സീറോ-മലബാര്‍ സിനഡിനോ, മേജര്‍ ആര്‍ച്ചുബിഷപ്പിനോ, കോട്ടയം രൂപതാദ്ധ്യക്ഷനോ അധികാരമില്ല എന്നതാണു വസ്തുത. അതുപോലെതന്നെ,
സീറോ-മലബാര്‍ സിനഡിന്‍റെ തീരുമാനം അംഗീകരിക്കാനുള്ള ബാധ്യതയോ
റോമിന്‍റെ പ്രഖ്യാപിതനയത്തിനെതിരെ ഏതെങ്കിലും തീരുമാനം നടപ്പാക്കാനുള്ള അധികാരമോ
ഷിക്കാഗോ ബിഷപ്പിനുമില്ല. ഇതെല്ലാം, ഈ മൂന്നുപേരും
ഓരോരോ സന്ദര്‍ഭങ്ങളില്‍, അഭിമുഖങ്ങളിലും മറ്റുമായി
പറഞ്ഞിട്ടുള്ളതുമാണ്.
അപ്പോള്‍, സീറോ-മലബാര്‍ സിനഡിനെ സാക്ഷിനിര്‍ത്തിയുള്ള
ഈ 'കുളംകലക്കല്‍ തീരുമാനം' ഈ
ത്രിമൂര്‍ത്തികള്‍ എന്തിനെടുത്തു? 'മീന്‍പിടിക്കാന്‍തന്നെ,' എന്നുവേണം കരുതാന്‍. തങ്ങളുടെ അധികാരച്ചിറകുകള്‍ ലോകം
മുഴുവനിലേക്കുമായി വിരിക്കാന്‍ വെമ്പുകയാണ്, സീറോ-മലബാര്‍
സഭാധികാരികള്‍. അതിന്, കേരളത്തിനും ഇന്ത്യയ്ക്കും വെളിയില്‍
രൂപതകള്‍ സ്ഥാപിക്കുകയെന്ന മാര്‍ഗ്ഗമാണവര്‍ സ്വീകരിക്കുന്നത്. സാമ്പത്തികമായി
അഭിവൃദ്ധിപ്പെട്ട മലയാളി കത്തോലിക്കാസമൂഹം എവിടെയെല്ലാമുണ്ടോ, അവിടെയെല്ലാം രൂപതകളെന്ന 'കത്തോലിക്കാ
നാട്ടുരാജ്യങ്ങള്‍' സ്ഥാപിക്കുകയാണു ലക്ഷ്യം. കല്യാണിലും
(ബോംബേ) മദ്രാസിലും ഡല്‍ഹിയിലുമെല്ലാം സീറോ-മലബാര്‍ കത്തോലിക്കര്‍ ലത്തീന്‍
ഇടവകകളുടെ ഭാഗമായി സ്വസ്ഥതയോടെ ജീവിച്ചുപോന്നപ്പോഴാണ്, സീറോ-മലബാര്‍
ആദ്ധ്യാത്മികതയും തനിമയും അവര്‍ക്കു പകര്‍ന്നു നല്‍കണമെന്നും പറഞ്ഞ് അവരുടെയെല്ലാം
സ്വസ്ഥത കെടുത്തി അവിടങ്ങളിലെല്ലാം സീറോ-മലബാര്‍ രൂപതകള്‍ സ്ഥാപിച്ചത്.
അമേരിക്കയിലെ കാര്യവും വ്യത്യസ്തമല്ല.
അമേരിക്കയില്‍ രൂപത സ്ഥാപിച്ചു കിട്ടിയെങ്കിലും, സീറോ-മലബാര്‍ സിനഡിന് അതിനുമേല്‍ അധികാരം കിട്ടിയില്ല.
രൂപതാസ്ഥാപനംമുതല്‍ അതിന്‍റെ വിഷമവുമായി നടക്കുകയാണ് 'സീറോ'
മെത്രാന്മാര്‍. തങ്ങള്‍ക്കു അധികാരമോ ഉത്തരവാദിത്വമോ ഇല്ലാത്ത
അമേരിക്കയിലേക്കാണ്, 'സീറോ'മെത്രാന്മാരെല്ലാവരുംതന്നെ,
ഏറ്റവും കൂടുതല്‍ 'ഇടയസന്ദര്‍ശനങ്ങള്‍' നടത്തിയിട്ടുള്ളത് എന്നോര്‍ക്കുക. പണപ്പിരിവുമാത്രമല്ല, തങ്ങള്‍ സീറോ-മലബാര്‍ സിനഡിന്റെ കീഴിലാണെന്ന്, അവിടുത്തെ
വിശ്വാസിസമൂഹത്തെ വ്യാജമായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാനുമാണ്, അവരുടെ നിരന്തര സാന്നിദ്ധ്യംകൊണ്ടവര്‍ ലക്ഷ്യമിട്ടിരുന്നത് എന്നു
തോന്നുന്നു.
സാന്നിദ്ധ്യത്തിനപ്പുറത്തേക്ക്, ശരിക്കും
ഇടപെടാനുള്ള ഒരു സുവര്‍ണ്ണാവസരവും കൂടിയാണ്, ക്‌നാനായവിഷയം
'സീറോ' മെത്രാന്മാര്ക്കു
നല്‍കുന്നത്. ഭിന്നിച്ചുനില്‍ക്കുന്ന ഇരുവിഭാഗക്കാര്‍ക്കും മദ്ധ്യത്തിലുള്ള
വിടവില്‍ കയറിനിന്ന് കുറുക്കന്‍റെ വിരുതോടെ അപ്പം പങ്കുവയ്ക്കുകയാണവര്‍. വിടവു വര്‍ദ്ധിച്ചു വരുന്നതിനനുസ്സരിച്ച്
ഇടപെടാനുള്ള ഇടവും വിസ്തൃതമായി വരുമല്ലോ. യാഥാസ്ഥിതികരായ ശുദ്ധരക്തശാഠ്യക്കാര്‍ക്കു
വലിയ തൃപ്തി നല്‍കാത്തതും, പുരോഗമനവാദികള്‍ക്കു വലിയ എതിര്‍പ്പു
വരുത്തുന്നതുമായ പുതിയ ത്രിമൂര്‍ത്തീത്തീരുമാനം കൂടുതല്‍ അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും
വഴിവയ്ക്കാതിരിക്കില്ല. അപ്പോഴും, പുതിയ പ്രതീക്ഷകളും വാഗ്ദാനങ്ങളും
പരിഹാരനിര്‍ദ്ദേശ പാക്കേജുകളുമായി കൂടുതല്‍ ശക്തമായ സീറോ-മലബാര്‍ സാന്നിദ്ധ്യം
അമേരിക്കയിലുണ്ടാകാനാണിട. 'സീറോ'മെത്രാന്മാരുടെ
ഈ നിത്യസാന്നിദ്ധ്യം ഒഴിവാക്കുക റോമിനു എളുപ്പമാകാത്ത സാഹചര്യം വരുകയും, ഷിക്കാഗോ രൂപതയുടെമേല്‍ വത്തിക്കാനുള്ള അധികാരം സീറോ-മലബാര്‍
സഭയുമായി പങ്കുവയ്ക്കാന്‍ വത്തിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയും ചെയ്യും -
ഇതാവണം കണക്കുകൂട്ടല്‍.
അധികാരമോഹം യേശുദര്‍ശനത്തിനെതിരാണ്. കാരണം, തന്നെപ്പോലെ
അപരനെയും കാണാനുള്ള വിമുഖതയിലാണ്, മറ്റുള്ളവരെ താഴ്ത്തിക്കാണിക്കാനും
ശുശ്രൂഷകരാക്കാനുമുള്ള ആഗ്രഹത്തിലാണ്, അധികാരമോഹം
ജനിക്കുന്നത്. എവിടെ അധികാരമുണ്ടോ അവിടെ സമത്വം, സാഹോദര്യം,
സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ക്രൈസ്തവമൂല്യങ്ങള്‍ ബലികഴിക്കപ്പെടുന്നു.
അതുകൊണ്ടാണ്, 'നിങ്ങളുടെ ഇടയില്‍ അധികാരികളുണ്ടായിരിക്കരുത്'
(മത്താ.20:25-26) എന്നു യേശു കര്‍ശനമായി വിലക്കിയത്.
എന്നാല്‍, അതേ യേശുവിന്‍റെ മറവില്‍ അധികാരം ഭരിക്കുകയും,
തികഞ്ഞ ലൗകിക സാമ്രാട്ടുകളെപ്പോലെ അധികാരവ്യാപനം ആഗ്രഹിക്കുകയും
ചെയ്യുന്നവരായിരിക്കുന്നു, സഭാപൗരോഹിത്യം. വാസ്തവത്തില്‍, ആത്മീയസ്ഥാനങ്ങളെ തങ്ങളുടെ അധികാരദുരയ്ക്ക് ഇരയാക്കുമ്പോള്‍, അധികാരമോഹമെന്ന തെറ്റിന്‍റെ ഗൗരവം ഇരട്ടിയായിത്തീരുകയാണ്.
സൂക്ഷ്മവിശകലനത്തില്‍, 'ആദ്ധ്യാത്മികാധികാരം' എന്ന പദപ്രയോഗം തന്നെ തെറ്റാണ്. പരസ്പരവിരുദ്ധമായ രണ്ടു പദങ്ങളുടെ
വികലസന്ധിയാണത്. കാരണം, ആദ്ധ്യാത്മികതയെന്നാല്‍, അതില്‍ത്തന്നെ അധികാര മനോഭാവത്തിന്‍റെ നിരാസമാണ്; ശുശ്രൂഷാ മനോഭാവത്തിന്‍റെ നിറവാണ്. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ഓരോ
വാക്കും ഈ ക്രൈസ്തവ ദര്‍ശനം വിളംബരംചെയ്യുന്നത് ഇന്നു നാം കേട്ടുകൊണ്ടിരിക്കുന്നു.
അതുകൊണ്ട്, സീറോ-മലബാര്‍ സഭയുടെ അക്രൈസ്തവവും
തികച്ചും ഭൗതികവുമായ ഈ അമേരിക്കന്‍-ആഗോള അധിനിവേശദുരയുടെ ചിറകൊടിക്കുകയെന്നത്
ഇന്നിന്‍റെ ആവശ്യമായിത്തീര്‍ന്നിട്ടുണ്ട്. അര്‍ത്ഥവത്തായ ഒരു ക്രൈസ്തവസഭയുടെയും
ക്രിസ്തീയതയുടെ തന്നെയും നിലനില്‍പ്പിന് അത് ആവശ്യമാണ്. സഭയിലുയര്‍ന്നു വരുന്ന ഓരോ
വിഷയത്തിലും പ്രശ്‌നത്തിലും വിശ്വാസിസമൂഹം കൈകോര്‍ത്തുനിന്ന് പൗരോഹിത്യത്തിന്‍റെ
അധികാര പ്രയോഗത്തിനെതിരെ നിലകൊള്ളുമ്പോഴാണ് ക്രിസ്തുവിരുദ്ധമായ ഈ ദുരയുടെ
ചിറകൊടിയുന്നത്.
ക്‌നാനായ സമൂഹത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നത്തില്‍
എന്താണു ചെയ്യാന്‍ കഴിയുക എന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. ഇവിടെയും തമ്മില്‍
കൈകോര്‍ക്കുകതന്നെയാണു മാര്‍ഗ്ഗം. അതായത്, ഒരേ കുടുംബത്തിലെ
അംഗങ്ങളായിരിക്കുമ്പോഴും തമ്മില്‍ മല്ലടിച്ചുകൊണ്ടിരിക്കുന്ന ഇരുവിഭാഗങ്ങളും
പരസ്പരം ആശ്ലേഷിക്കുക എന്നതാണു പോംവഴി. അതിനുള്ള ആത്മാര്‍ത്ഥ പരിശ്രമമുണ്ടായാല്‍, ഭിന്നത വളര്‍ത്തി അപ്പം ഭുജിക്കുന്ന അധികാരപൗരോഹിത്യത്തിന് അവിടെ
ഇടം ലഭിക്കാതാവും. അതോടെ പ്രശ്‌നവും തീരും.
ഇരുവിഭാഗങ്ങളില്‍ ഒരു വിഭാഗം ആശ്ലേഷിക്കപ്പെടാന്‍ എന്നും ഒരുങ്ങിനില്‍ക്കുകയാണ്.
സ്വവംശ മഹത്വബോധത്തിന്‍റെ അതി വൈകാരികതയും ലഹരിയും, സ്വന്തം
വംശത്തെത്തന്നെ പിളര്‍ത്തുകയും തളര്‍ത്തുകയും തകര്‍ക്കുകയുമേ ചെയ്യൂ എന്ന സത്യം
മറുഭാഗത്തുള്ള വിവേകമതികള്‍ മനസ്സിലാക്കുകയേ വേണ്ടൂ, ഒരു
പുനഃസമാഗമത്തിന്. ക്‌നാനായസമൂഹത്തില്‍ മറ്റു സമുദായക്കാരുമായുള്ള വിവാഹബന്ധങ്ങള്‍
കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഇങ്ങനെയൊരു
വിവേക മുദിക്കുകയെന്നത് ഈ സമുദായത്തെ സംബന്ധിച്ച് ചരിത്രപരമായ ഒരനിവാര്യതതന്നെ
ആയിരിക്കുന്നു. അല്പംകൂടി ക്രൈസ്തവരാകാന്‍ കഴിയുന്ന പക്ഷം, ഈ
വിവേകം തികച്ചും സ്വാഭാവികമായും ഒട്ടും വൈകാതെയും ഉദിക്കുമെന്ന കാര്യത്തില്‍
സംശയമില്ലതന്നെ.
കുറെയെങ്കിലും, ക്രൈസ്തവരാകാന്‍ സാധിച്ചാല്‍...,
വിവിധ കാരണങ്ങളാല്‍ സ്വസമുദായത്തില്‍നിന്നു വിവാഹം ചെയ്യാന്‍ കഴിയാതെ
പോയ സ്വസഹോദരങ്ങള്‍ക്കെതിരെ സമുദായഭ്രഷ്ടും പള്ളിഭ്രഷ്ടും കല്പിക്കുക വളരെ
മനഃപ്രയാസമുള്ള കാര്യമായി ആര്‍ക്കും അനുഭവപ്പെട്ടുതുടങ്ങും; യേശുവിന്‍റെ
മൗതിക ശരീരമായിരിക്കുന്ന സഭയില്‍ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ നസ്രാണിയെന്നോ ക്‌നാനായക്കാരനെന്നോ
ലത്തീന്‍കാരനെന്നോ ഉള്ള ഭേദചിന്തകള്‍ അസ്ഥാനത്താണെന്നു ബോധ്യപ്പെട്ടുതുടങ്ങും;
സ്വവംശ മഹത്വത്തെയോര്‍ത്തുള്ള ഉല്‍കൃഷ്ടതാഭാവവും അന്യവംശ നിന്ദയും സര്‍വ്വത്തെയും
സൃഷ്ടിച്ച ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമാണെന്നു മനസ്സിലായിത്തുടങ്ങും; അത് അഹന്താനിര്‍ഭരമായ സ്വയമുയര്‍ത്തലാണെന്നും സ്വയമുയര്‍ത്തുന്നവര്‍
താഴ്ത്തപ്പെടുകയേയുള്ളൂ എന്നും ഗ്രഹിക്കാനാവശ്യമായ ഹൃദയശുദ്ധിയും വിനയവും
കൈവന്നുതുടങ്ങും... പൗലോസ് ശ്ലീഹാ പറയുന്നു: ''..........പഴങ്കഥകളും
അന്തമില്ലാത്ത വംശാവലിയും പറഞ്ഞു നടക്കുന്നവരെയും നീ നിരോധിക്കണം; കാരണം, മേല്‍പറഞ്ഞവയൊക്കെ അനാവശ്യമായ
വാദപ്രതിവാദങ്ങള്‍ക്കു വഴിതെളിക്കുകയേയുള്ളൂ. വിശ്വാസത്തിലുള്ള ദൈവിക പരിശീലനത്തിന്
ഇവ ഉപകരിക്കുകയില്ല. നിര്‍മ്മലഹൃദയം, നല്ല മനസ്സാക്ഷി,
ആത്മാര്‍ത്ഥമായ വിശ്വാസം എന്നിവയില്‍നിന്ന് ഉളവാകുന്ന സ്‌നേഹമാണ്
ഞങ്ങള്‍ നല്‍കുന്ന ഈ കല്പനകളുടെ ലക്ഷ്യം...''(1
തിമോ. 1: 3-5). 'ലൗകികവും നിരര്‍ത്ഥകവുമായ പഴങ്കഥകള്‍
പാടേ വര്‍ജ്ജിക്കുക' (1 തിമോ. 3:7) എന്നും
പൗലോസ് ഉപദേശിക്കുന്നുണ്ട്.
കേരളത്തിലെ ബ്രാഹ്മണസമുദായത്തിന്‍റെ പതനചരിത്രം പഠിച്ചാല്‍, ജാതിപരമായ ഔദ്ധത്യ ബോധം അവരെ എങ്ങനെയെല്ലാമാണു തകര്‍ത്തു കളഞ്ഞതെന്നു
കാണാം. വംശ ശുദ്ധിക്കുവേണ്ടി അവരും, സ്വസമുദായത്തിലുള്ളവര്‍ക്കും സ്വന്തം
കുടുംബത്തിലുള്ളവര്‍ക്കുമെതിരെ മനുഷ്യത്വരഹിതമായ പല പാരമ്പര്യങ്ങളും പുലര്‍ത്തിയിരുന്നു
എന്നോര്‍ക്കുക. വംശീയ മഹത്വവും വ്യതിരിക്തതയും സ്ഥാപിച്ചെടുക്കാന്‍ അവരും
ഐതിഹ്യങ്ങള്‍ സൃഷ്ടിക്കുകയും അതിന്‍റെ മേല്‍ ചരിത്രനിര്‍മ്മാണം നടത്തുകയും
ചെയ്തിരുന്നു. വംശീയതയുടെ അടിസ്ഥാനത്തില്‍ സിംഹാസനാ രൂഢരാകാന്‍ മോഹിച്ച്, തെക്കുംഭാഗരുടെ ഇടയിലെ പൗരോഹിത്യവും ഇത്തരം ചരിത്രസൃഷ്ടി
നടത്തിയിട്ടുണ്ടെന്നത്, നിഷ്പക്ഷചരിത്രാന്വേഷികള്‍ക്കു
കണ്ടെത്താന്‍ കഴിയും.
ഉദാഹരണത്തിന്, കേരളത്തിലേക്കു കപ്പല്‍ കയറാന്‍
കോപ്പുകൂട്ടുന്നതിനിടെ നല്‍കപ്പെടുന്ന ഉപദേശമായി തെക്കുംഭാഗരുടെ 'പുരാതനപ്പാട്ടുക'ളില്‍ കാണുന്ന കൊന്തയെപ്പറ്റിയുള്ള
പരാമര്‍ശവും, 'കൊച്ചിയിലഴിമുഖം കണ്ടവാറേ, ഈരേഴു നാലുവെടിയുംവച്ചു' എന്ന
പ്രസ്താവനയുമൊക്കെ, തെക്കുംഭാഗരുടെയിടയില്‍ വ്യാജമായ ഒരു
ചരിത്രബോധം സൃഷ്ടിക്കപ്പെട്ടത് വളരെ പില്‍ക്കാലത്താണ് എന്നതിനു തെളിവാണ്. 4-)0
നൂറ്റാണ്ടില്‍ കൊന്തയോ കൊച്ചീത്തുറമുഖമോ വെടിമരുന്നോ തോക്കോ ഉണ്ടായിരുന്നില്ലല്ലോ.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തിലാണ് 'ക്‌നാനായക്കാര്‍' എന്ന പേര് തെക്കുംഭാഗ പുരോഹിതര്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്
എന്നതിനും വിശ്വസനീയമായ തെളിവുകളുണ്ട്. പുരാതനപ്പാട്ടുകളുടെ ആദ്യപതിപ്പിലോ,
മാക്കില്‍ മെത്രാന്‍റെ 'നാളാഗമ'ത്തില്‍പ്പോലുമോ ആ വാക്കു കാണുന്നില്ല. കേരളീയസമൂഹത്തില്‍ വിവാഹം
കൊണ്ടും മറ്റുതരത്തിലും അലിഞ്ഞുചേര്‍ന്ന ഒരു സമൂഹത്തെ സിംഹാസനസൃഷ്ടിക്കായി പൗരോഹിത്യം
വകഞ്ഞു മാറ്റുകയായിരുന്നെന്നുവേണം കരുതാന്‍. അതിനായി സൃഷ്ടിക്കപ്പെട്ട വ്യാജമായ
ഒരു വംശമഹത്വ ചരിത്രബോധത്തിന്‍റെ ഇരകളായിത്തീര്‍ന്നിരിക്കുന്നു, ഇന്ന് ക്‌നാനായസമൂഹം. തന്മൂലം, ആദ്യമവര്‍
കേരളത്തിലെ പരമ്പരാഗത നസ്രാണികളുമായി ഭിന്നിച്ചു. പിന്നീട്, അതേ
വ്യാജവംശീയബോധം സ്വന്തം സമുദായത്തെത്തന്നെ ഭിന്നിപ്പിക്കാന്‍ കാരണമായി. ഇപ്പോഴിതാ
ഭിന്നിപ്പിന്‍റെ ആ വാള്‍ ക്‌നാനായ അണു കുടുംബത്തിനകത്തു കടന്ന്, ആറ്റത്തെ ന്യൂട്രോണെന്നപോലെ, കുടുംബത്തെത്തന്നെ
പിളര്‍ത്തുന്നു!
സ്വന്തം സമുദായത്തിനുണ്ടായിരിക്കുന്ന ഈ ദുരനുഭവങ്ങളില്‍നിന്നു
പാഠംപഠിക്കാനും മാറി ചിന്തിക്കാനും ഈ സമുദായത്തിലെ വിവേകമതികളും സ്വതന്ത്രചിന്തകരും ധീരരായി
മുന്നോട്ടു വരേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍,
പിളരുന്ന അണുകണികകള്‍ പുറപ്പെടുവിക്കുന്ന സംഹാരശക്തിക്കു സമാനമായ രീതിയില്‍, പിളരുന്ന കുടുംബങ്ങളില്‍നിന്ന്, താപം,
കോപം, ശത്രുത, ഭിന്നിപ്പ്
തുടങ്ങിയ നിഷേധവികാരങ്ങള്‍ പ്രചണ്ഡവാതമായി വീശിയടിച്ച് സമുദായത്തെയാകെ ഉലയ്ക്കുകതന്നെ
ചെയ്യും.
ഇത് അമേരിക്കയിലെ ക്‌നാനായകത്തോലിക്കരുടെയോ ഷിക്കാഗോ രൂപതയുടെയോ
മാത്രം പ്രശ്‌നമല്ലെന്നും, അടിസ്ഥാനപരമായി ഇത് കേരളത്തി ലെ ക്‌നാനായ
സമൂഹത്തിന്‍റെ മൊത്തം പ്രശ്‌നമാണെന്നും കണ്ടുകൊണ്ടുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ്
ആവശ്യമായിരിക്കുന്നത്. പൗരോഹിത്യം ഉയര്‍ത്തിക്കൊണ്ടുവന്ന ശുദ്ധരക്തവാദത്തെ ബൈബിളിന്‍റെ
അടിസ്ഥാനത്തിലും ചരിത്രപരമായും ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്; കോട്ടയം രൂപതയെത്തന്നെ ശുദ്ധരക്തവാദത്തില്‍നിന്നു സമൂലം മോചിപ്പിക്കേണ്ടതുണ്ട്.
സ്വന്തം സമുദായത്തെയും കുടുംബത്തെയും പിളര്‍ത്താനൊരുങ്ങി നില്‍ക്കുന്ന ഈ
ചരിത്രമുഹൂര്‍ത്തം അതിന് ഏറ്റം അനുയോജ്യവുമാണ്.
- എഡിറ്റര്‍
No comments:
Post a Comment