Translate

Tuesday, November 11, 2014

സീറോ മലബാർ മെത്രാന്മാർക്കുവേണ്ടി ഒരു ഏകദിന ധ്യാനം


സീറോ മലബാർ മെത്രാന്മാരുടെ ഏകദിന ധ്യാനത്തിന് ധ്യാന വിചിന്തന വിഷയം പ്രസംഗിക്കാൻ  അവരുടെ ഒരു എളിയ സഹോദരനായ എന്നെ കാക്കനാട്ടേക്ക് ക്ഷണിക്കുകയില്ലെന്ന് എനിക്കും മാന്യവായനക്കാർക്കും തീർച്ചയായും അറിയാവുന്ന കാര്യമാണ്. അവരുടെ അന്നത്തെ ധ്യാനഗുരു പവ്വത്തിൽ മെത്രാപ്പോലിത്തയോ കല്ലറങ്ങാട്ടു മെത്രാനോ ആയിരിക്കാനാണ് സാദ്ധ്യത. വായാടിയും അധികപ്രസംഗിയുമായ വട്ടായി അച്ചനോ (നല്ല അർത്ഥത്തിലാണ് ഞാനിത് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്) മാണി പുതിയിടത്തച്ചനോ ആകാനും സാദ്ധ്യത ഏറെയുണ്ട്. ഒരു അല്മേനി മെത്രാന്മാരെ ധ്യാനിപ്പിച്ച കഥ എന്റെ ജീവിതകാലത്തിൽ ഞാനൊട്ടു  കേട്ടിട്ടുപോലുമില്ല. കാരണം 'സഭയെപ്പറ്റി ഒന്നുമറിയാൻ പാടില്ലാത്ത' (ഷിക്കാഗോ സീറോ മലബാർ രൂപത ചാൻസിലർ സെബാസ്റ്റ്യൻ വേത്താനത്തച്ചന്‍റെ  പ്രയോഗം ഞാനിവിടെ കടമെടുത്തതാണ്), ‘ദൈവശാസ്ത്രം പഠിച്ചിട്ടില്ലാത്ത അല്മേനിയിൽനിന്നും ഒന്നും കേട്ട് ധ്യാനിക്കണ്ടകാര്യം മെത്രാന്മാർക്കില്ലല്ലോ. അല്മേനികളെ പഠിപ്പിക്കേണ്ടവരായ  ഇവർ ഒരു അല്മേനിയിൽനിന്നും എന്ത് പഠിക്കാനിരിക്കുന്നു? പ്രത്യേകിച്ചു് ഒരു ധ്യാനപ്രസംഗം! എങ്കിലും നമ്മുടെ മേല്പട്ടക്കാർക്ക് മനനം ചെയ്യാനായി ഞാൻ ഒരു ധ്യാനവിഷയം ഇവിടെ അവതരിപ്പിക്കാൻ മുതിരുകയാണ്. ന്‍റെ ഒരു അഹമ്മതിയായി നിങ്ങൾ ഇതിനെ കാണരുതെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ഏതെങ്കിലും ഒരു മെത്രാൻ ഇതിലെ ഏതെങ്കിലും ഒരു കാര്യം സ്വന്തം ജീവിതത്തിൽ അഭ്യസിച്ചാൽ ഞാൻ സംതൃപ്തനായി.

ചാക്കോ കളരിക്കല്‍ (USA)


യേശുക്രിസ്തുവിന്‍റെ സദ്വാർത്തയായ സുവിശേഷത്തെ ആധാരശിലയാക്കിയുള്ള ഒരു വചനപ്രഘോഷണമാണിത്. പലസ്തീനിയാക്കാരനായിരുന്ന യേശുഭഗവാന്‍റെ സന്തോഷവും സമാധാനവും നിങ്ങളോടുകൂടെ. ആമേൻ

യേശുവിൽ പ്രിയ സഹോദരന്മാരെ,
നിങ്ങളുടെ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ ഉണർവിനും നവീകരണത്തിനും വേണ്ടിയാണല്ലോ മാസത്തിലെ ഒരു ദിനം ഇപ്രകാരം മാറ്റിവെച്ച് ധ്യാനത്തിൽ നിങ്ങൾ മുഴുകുന്നത്. ബാഹ്യലോകത്തെ ഒച്ചപ്പാടിൽനിന്നും നിങ്ങളുടെ ശ്രദ്ധയെ പിൻവലിച്ച് പഞ്ചേന്ദ്രിയങ്ങളെ അടക്കി മനസ്സിന് ശാന്തിയും ആത്മാവിന് ആനന്ദവും പകരാൻ ഇന്നേദിവസം ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരുന്ന വിഷയത്തെപ്പറ്റി മനനം ചെയ്യുകയും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യേണ്ടതാണ്.

ഒരു ക്രിസ്ത്യാനി സുവിശേഷാത്മക ജീവിതം നയിക്കാൻ വിളിക്കപ്പെട്ടവനാണ്. കാരണം ക്രിസ്തീയ ജീവിതത്തിന്‍റെ നിയമാവലി സുവിശേഷമാണ്. അപ്പോൾ ഒരു മെത്രാൻ തന്‍റെ ജീവിതം സുവിശേഷ ചൈതന്യത്തിൽ വാർത്തെടുക്കാൻ കൂടുതൽ കടപ്പെട്ടവനാണ്. 'ഗർഭം ധരിച്ച വചനത്തെ' (യോഹ. 1: 14) പ്രഘോഷിക്കുകയും കൂദാശകൾ പരികർമ്മം ചെയ്യുകയുമാണ് നിങ്ങളുടെ പ്രധാന കടമകൾ. പള്ളികളെ പണിതുകൂട്ടുന്നതിലോ രൂപതയുടെ സ്വത്ത് വർദ്ധിപ്പിക്കുന്നതിലോ ആയിരിക്കരുത് നിങ്ങളുടെ വ്യഗ്രതകൾ. മാംസമായി തീർന്ന ആ വചനത്തോടാണ് ഓരോ മെത്രാനും അനുരൂപപ്പെടേണ്ടത്. 

മനുഷ്യപുത്രൻ വന്നിരിക്കുന്നത് സേവിക്കപ്പെടാനല്ല, സേവിക്കാനാണ് (മത്താ. 20: 28) എന്ന യേശുദേവന്‍റെ വചനം നിങ്ങളുടെ ഓർമ്മയിൽ എപ്പോഴും ഉണ്ടായിരിക്കണം. ഒരു മെത്രാൻ തന്‍റെ ശുശ്രൂഷയിലൂടെ ആയിരിക്കണം രൂപതയിലുള്ള സഹോദരിസഹോദരന്മാരുമായുള്ള ബന്ധം പുലർത്തേണ്ടത്. രൂപതാംഗങ്ങൾ നിങ്ങളുടെ സഹോദരരാണ്. ആ സഹോദര്യ ബന്ധത്തിന്‍റെ അടിത്തറ അവരോടുള്ള സ്നേഹത്താൽ അധിഷ്ടിതമായിരിക്കണം. മെത്രാന്മാർ അവരുടെ മനോരാജ്യത്തിൽനിന്ന് ഇറങ്ങിവന്ന് യാഥാർത്ഥ്യത്തിൽ കാലുകുത്തി നില്ക്കണം. ഈ കാലഘട്ടത്തിൽ സഭാപൌരന്മാരെ ശ്രവിക്കുന്നില്ലങ്കിൽ ഭാവിയിലെ മെത്രാന്മാർ ഇന്നിന്‍റെ പരിണതഫലം അന്ന് അനുഭവിച്ചറിയും. ഫ്രഞ്ചുവിപ്ലവംപോലെ ഒരു കേരളവിപ്ലവം ഇവിടെ സംഭവിക്കാതിരിക്കട്ടെ. 

നിങ്ങൾ മറ്റുള്ളവരുടെ ആഗ്രഹപൂർത്തിക്കുള്ള വില്പനച്ചരക്കുകൾ ഒരിക്കലും ആകാൻ പാടില്ല. ഏതാനും ചില തൊപ്പിക്കാരാൽ നിയന്ത്രിക്കപ്പെടുന്ന സഭയിൽ നില്ക്കാൻ വിശ്വാസികൾക്ക് ഇഷ്ടമല്ല. കാപട്യവും സുഖജീവിതവും അധികാര പ്രമത്തതയും വലതുപക്ഷചായ്‌ വും എല്ലാമുള്ള സഭയിൽ എന്തുകൊണ്ട് വിശ്വാസികൾ ചുറ്റിപ്പറ്റി നില്‍ക്കുന്നവെന്നു ചോദിച്ചാൽ ആത്മരക്ഷക്ക് നിങ്ങൾ ഇടനിലക്കാരാണ് എന്ന സാധാരണക്കാരുടെ അന്ധവിശ്വാസമാണ് കാരണമെന്നു കാണാം. 

നിങ്ങളുടെ ക്രൈസ്തവ ജീവിതമാതൃകകൾ കണ്ട് മറ്റ് വൈദികരും സന്യസ്തരും വിശ്വാസികളും യേശുവിന് സാക്ഷ്യം വഹിക്കാൻ ഇടയാകണം. നിങ്ങൾ വിലപിടിച്ച കാറുകളും മറ്റ് ആഡംബര സുഖലോലുപ വസ്തുക്കളും നിത്യജീവിതത്തിൽ ഉപയോഗിച്ചാൽ നിങ്ങളുടെ സഹപ്രവർത്തകരായ വൈദികരോട് ലളിതജീവിതം നയിക്കാൻ നിങ്ങൾക്ക് എങ്ങനെ ഉപദേശിക്കാൻ കഴിയും? 

പ്രാർത്ഥനയും ഉപവാസവുമായിരിക്കട്ടെ നിങ്ങളുടെ ജീവിതശൈലി. പ്രാർത്ഥന നിങ്ങളുടെ ആത്മീയ വളർച്ചക്കുള്ള ജൈവവളമാണ്. നിങ്ങളുടെ മുമ്പിൽ വിളമ്പുന്ന ഏതു ഭക്ഷണവും നിങ്ങൾക്ക് കഴിക്കാമെങ്കിലും (ലൂക്കോ. 10: 8) ശാരീരിക പരീക്ഷകളെ നിയന്ത്രിക്കാൻ ഉപവാസവും കൂടാതെ ഭക്ഷണത്യാഗവും അനിവാര്യമാണ്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അങ്ങനെതന്നെ നിങ്ങളും അവരോട് പെരുമാറണം (മത്താ. 7:12). ദിവ്യഗുരു പറയുന്നു: "വിജാതിയരുടെമേൽ അവരുടെ ഭരണാധിപർ യജമാനത്വം പുലർത്തുന്നു എന്നും പ്രമാണിമാർ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾക്ക് അറിയാമല്ലോ. ഇതു നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്. നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനാകണം; നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയാകണം." (മത്താ. 20: 26-27). 

പാപത്തിൽ വീണ സഹോദരങ്ങളോട് നിങ്ങൾ കരുണയായി പെരുമാറുക. അവരെ കഴിയുന്നത്രയും ആത്മീയമായി സഹായിക്കണം. എന്തെന്നാൽ ആരോഗ്യമുള്ളവർക്കല്ല വൈദ്യനെക്കൊണ്ട് (വൈദികരെക്കൊണ്ട്) ആവശ്യം, രോഗികൾക്കാണ് (മത്താ. 9:12). സമൂഹത്തിൽ വിലയില്ലാത്തവരായി ഗണിക്കപ്പെടുന്നവർ, ദരിദ്രർ, രോഗികൾ, ഭിക്ഷക്കാർ, പാപികൾ, ദുർബലർ എന്നിവരുമായി നിങ്ങൾ ഇടപഴകുന്നുണ്ടോ? ഇടപഴകണം. അവരോടൊത്ത് ജീവിക്കാനും നിങ്ങൾ തയ്യാറാകണം. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ (ലൂക്കോ. 13: 24) നിങ്ങൾ യത്നിക്കേണ്ടവരാണ്. നിങ്ങളുടെ പ്രമാണിത്വം കാരണം ദൈവത്തിൻറെ ആലയമായ നിങ്ങളുടെ ശരീരത്തെ നിങ്ങൾ നശിപ്പിച്ചാൽ ദൈവവും നിങ്ങളെ നശിപ്പിക്കും (1 കോറി. 3: 17) എന്ന് നിങ്ങൾ അറിയണം. അതുകൊണ്ട് ആസക്തിയോടെ നിങ്ങൾ ആരെയും നോക്കരുത് (മത്താ. 5: 28). 

നിങ്ങളോട് തിന്മ പ്രവർത്തിക്കുന്നവരെ എതിർക്കരുത് (മത്താ. 5: 39). വലത്തെ കരണത്തടിച്ചാൽ മറ്റെ കരണംകൂടി കാണിച്ചുകൊടുക്കണം (ലൂക്കോ. 6: 29). സാധനങ്ങൾ എടുത്തുകൊണ്ടുപോയാൽ അത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെടരുത് (ലൂക്കോ 6: 30) എന്ന് ഉപദേശിച്ച യേശുവായ രക്ഷകനെ നിങ്ങൾ അനുധാവനം ചെയ്യുന്നുണ്ടോ? സുവിശേഷാധിഷ്ടിത ജീവിതം നയിക്കാൻ പ്രയാസമെങ്കിലും അതിന് പരിശ്രമിക്കാൻ നിങ്ങൾ കടപ്പെട്ടവരാണ്. ദൈവത്തിൻറെ കല്പനകളിൽ നിന്ന് പിന്തിരിയുമ്പോൾ ദൈവശാപത്തെ വിളിച്ചുവരുത്തുകയാണ് നിങ്ങൾ ചെയ്യുന്നത്. 

ജോലി ചെയ്യാൻ അറിയാവുന്ന എല്ലാവരും പണിയെടുക്കണമെന്നാണ് അസ്സീസ്സിയിലെ ഫ്രാൻസിസ് തൻറെ ചെറുസഹോദരങ്ങളെ ഉപദേശിച്ചത്. നിൻറെ അദ്ധ്വാനഫലം നീ അനുഭവിക്കുമ്പോൾ നീ സന്തുഷ്ടനായിരിക്കണമെന്നാണ് പ്രവാചകനും പറയുന്നത് (സങ്കീ. 128: 2). യേശുവിൻറെ പിതാവായ യോസേഫ് തച്ചനും (മത്താ. 13: 55) യേശു മരപ്പണിക്കാരനും (മാർക്കോ . 6: 3) പത്രോസ് മുക്കവനും (മത്താ. 4: 18) പൌലോസ് കൂടാരപ്പണിക്കാരനും (അപ്പോ. പ്രവ. 18: 3) ആയിരുന്നു. അദ്ധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ (2 തെസ. 3: 10) എന്നാണ് വിശുദ്ധ പൌലോസ് പറയുന്നത്. നിങ്ങളുടെ അദ്ധ്വാനം സഹോദര ശുശ്രൂഷകൾ ആയിരിക്കണം.



രൂപതക്കുവേണ്ടി ആർത്തിയോടെ പണം ശേഖരിക്കുന്ന മെത്രാൻ കപടനാട്യനും വിശ്വാസകുടിലനും വഞ്ചകനും മോഷ്ടാവും കൊള്ളക്കാരനും കൊള്ളരുതാത്തവനുമായി കരുതപ്പെടും. പണസഞ്ചി കൈവശമാക്കിയ യൂദാസിന് തുല്ല്യനാണയാൾ . നിങ്ങൾ സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും രാഷ്ട്രിയ സ്വാധീനത്തിന്‍റെയും ചെളിക്കുഴിയിൽ നിപതിച്ചിരിക്കുകയാണ്. നിങ്ങളുടെ ആത്മനാശത്തിനത് ഇടയാകും. 

സീറോമലബാർ സഭയുടെ അധോഗതിക്ക് നിങ്ങളെമാത്രം പഴിച്ചിട്ട് കാര്യമില്ല. ഇവിടത്തെ വിശ്വാസികളെ പഴിച്ചിട്ടും കാര്യമില്ല. റോമൻ ഉദ്യോഗസ്ഥമേധാവിത്വപ്രകാരം നിങ്ങളെ മെത്രാന്മാരാക്കിയ വത്തിക്കാനെയാണ് കുറ്റപ്പെടുത്തേണ്ടത്. ചരടുവലിക്കുന്നവരെ കേട്ടുള്ള ഇത്തരം നിയമനം സഭാപൌരരെ മുഴുവൻ വിഡ്ഡികളാക്കുകയാണ് ചെയ്യുന്നത്. ഒരു മെത്രാൻ രക്ഷപെടാം. എന്നാൽ ഒരുപറ്റം മെത്രാന്മാർ രക്ഷപെടാൻ പോകുന്നില്ല. 

നമ്മൾ ദൈവകല്പിതമായ ഒരു സംസ്കാരത്തിൽ ജനിച്ചുവളർന്ന് ജീവിക്കുന്നവരാണ്. പുരാതന പൈതൃകത്തിൽനിന്നും ഉരുവായ ആ സംസ്കാരത്തിന്‍റെ ആഴവും സാന്ദ്രതയും അർത്ഥവും മനസ്സിലാക്കണമെങ്കിൽ പുരാതന ജ്ഞാനം തന്നെ വേണം. അതിന് ഗഹനമായ പഠനവും ഉൾക്കാഴ്ചയും ആവശ്യമാണ്. ലോകവ്യഗ്രതയിൽ മുഴുകിയിരിക്കുന്ന നിങ്ങൾക്ക് അതിനെവിടെ സമയം. നിങ്ങൾ കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരു പുസ്തകമെങ്കിലും മുഴുവനായി വായിച്ചിട്ടുണ്ടോ? സ്വയം ചിന്തിച്ചുനോക്കുക. ഇല്ലെങ്കിൽ ഹാ കഷ്ടം! 

രണ്ടായിരം വർഷത്തെ പഴക്കവും പാരമ്പര്യവുമുള്ള അദ്വിതീയമായ മലങ്കര ക്രൈസ്തവ സംസ്കാരത്തെ പുനരുദ്ധരിക്കുന്നതിനുപകരം നാനൂറുവർഷത്തെ പഴക്കമുള്ള പാശ്ചാത്യ അധിനിവേശ സംസ്കാരത്തെ നിങ്ങൾ നിങ്ങളുടെ കാര്യലാഭത്തിനായി ഊട്ടിവളർത്തുകയല്ലേ ചെയ്യുന്നത്? അതിനുള്ള ഉത്തമോദാഹരണമല്ലേ നമ്മുടെ അതിവിശിഷ്ടമായ പോതുയോഗത്തിനുപകാരം വികാരിയെ ഉപദേശിക്കുന്ന പാശ്ചാത്യ പാരിഷ് കൌണ്‍സിൽ സഭയിൽ നിങ്ങൾ ഉളുപ്പില്ലാതെ നടപ്പിലാക്കിയത്. 

കേരളമെന്ന പവിത്രമായ പ്രദേശത്ത് യേശു പഠിപ്പിച്ച സുവിശേഷക ധാർമ്മികഗുണം നിങ്ങൾ അഭ്യസിക്കുകയും അഭ്യസിക്കാൻ നിങ്ങൾ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുന്നുണ്ടോ? കേരള കത്തോലിക്ക സഭയിലെ മൂപ്പന്മാരായ നിങ്ങൾ സ്വയം ഭരണാധികാരം ലഭിച്ചിട്ടുള്ള നമ്മുടെ സഭയുടെ പുനരുദ്ധാരണത്തിനായി കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ എന്തുചെയ്തു എന്ന് നിങ്ങൾ സ്വയം ചിന്തിക്കുക. 

ഏതാനും കാര്യങ്ങൾ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരട്ടെ. 

1. സഭ ദൈവജനത്തിന്‍റെ വലിയ ഒരു കൂട്ടായ്മയാണ്. സഭാപൗരർ നിങ്ങളുടെ സഹപ്രവർത്തകരാണ്. അവരുടെ സഭയിലുള്ള ഭാഗഭാഗിത്വത്തെ വർദ്ധിപ്പിക്കാൻ നിങ്ങൾ നിങ്ങളുടെ രൂപതകളിലും സഭ മൊത്തത്തിലും ക്രിയാത്മകമായ എന്ത് നീക്കങ്ങളാണ് ചെയ്തിട്ടുള്ളത്?

2. സഭയുടെ മഹാസിനഡ് പുനസ്ഥാപിക്കാൻ നിങ്ങൾ എന്തു ചെയ്തുകൊണ്ടിരിക്കുന്നു?

3. ലളിത ജീവിതം നയിക്കാൻ എല്ലാ ക്രിസ്ത്യാനികളും കടപ്പെട്ടവരാണ്. ബ്രഹ്മാണ്ഡ അരമനകളും ആഡംബര കാറുകളും പട്ടുകുപ്പായങ്ങളും ഉപേക്ഷിച്ച് വിശ്വാസികൾക്ക് നിങ്ങൾ മാതൃക ആകുന്നുണ്ടോ?

4. ജാതിമത വ്യത്യാസമില്ലാതെ ദരിദ്ര കുടുംബങ്ങളെ നിങ്ങൾ സഹായിക്കുണ്ടോ?

5. സ്ത്രീകൾക്ക് അവർ അർഹിക്കുന്ന സ്ഥാനവും പ്രാതിനിധ്യവും സഭയിൽ നിങ്ങൾ നല്കുന്നുണ്ടോ?

6. സഭാശുശ്രൂഷയിലാണോ അതോ അധികാരകേന്ദ്രീകരണത്തിലാണോ നിങ്ങളുടെ ശ്രദ്ധ?

7. അധിവിശിഷ്ട പുരാതന ദേവാലയങ്ങൾ പൊളിച്ച് നശിപ്പിച്ച് പുതിയ ബ്രഹ്മാണ്ഡ കാണ്ക്രീറ്റ് പള്ളികൾ പണിയുന്ന പ്രവണതയെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

8. ഇടവക /രൂപത വരവ്ചെലവ് കണക്കുകൾ സുതാര്യമായിരിക്കാൻവേണ്ടി നിങ്ങൾ വിശ്വാസികളെ അത് അറിയിക്കുന്നുണ്ടോ?

9. ആരാധനക്രമ സംബന്ധമായ മെത്രാൻ സിനഡിലെ അഭിപ്രായ ഭിന്നതകൾ ക്രിയാത്മകമായ സഭാനവീകരണത്തിന് വിലങ്ങുതടിയായിട്ടില്ലേ?

10. സാധാരണക്കാരിലെ സാധാരണ മെത്രാന്മാരാണോ, അതോ, മറിച്ചു ചിന്തിക്കുന്ന രോഗികളാണോ നിങ്ങൾ?

11. സീറോമലബാർ സഭയിൽ അത്യാവശ്യമായ നിരവധി നവീകരണങ്ങൾ ഇന്ന് നടക്കേണ്ടതായിട്ടുണ്ട്. ആ നവീകരണത്തെ ലക്ഷ്യംവെച്ച് കത്തോലിക്ക സംഘടനകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. അത്തരം സംഘടനകളുടെ നേതാക്കന്മാർ നിങ്ങളുമായി കൂടിക്കാഴ്ച്ചകൾ നടത്താൻ പലവിധത്തിൽ ശ്രമിച്ചിട്ടുണ്ട്. അവരെ അഭിമുഖീകരിക്കാൻ എന്തുകൊണ്ട് നിങ്ങൾ വൈമനസ്യം കാണിക്കുന്നു? അത് ശരിയായ ഒരു നീക്കമാണോ?

12. നിങ്ങൾ യേശുവിന്‍റെ സന്ദേശവാഹകർ മാത്രമാണ്. സീറോ മലബാർ സഭയെ ലോകം മുഴുവൻ പ്രചരിപ്പിക്കാൻ യേശു നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. മാർ തോമ്മായുടെ ഇല്ലാത്ത പൈതൃകം പ്രചരിപ്പിക്കാനെന്ന വ്യാജേന ഇൻഡ്യയിലെ പ്രധാന പട്ടണങ്ങളിലും പാശ്ചാത്യദേശങ്ങളിലും രൂപതകൾ സ്ഥാപിക്കുന്നതിൽ യാതൊരു ന്യായവുമില്ല. മറ്റ് ദേശത്തും ഭാഷയിലും സമൂഹത്തിലും സംസ്കാരത്തിലും ജനിച്ചുവളരുന്ന കുട്ടികൾക്ക് മാർ തോമ്മായുടെ ദൈവാനുഭവമോ പാരമ്പര്യമോ ദൈവശാസ്ത്രമോ ആരാധന രീതികളോ ആദ്ധ്യാത്മികതയോ ശിക്ഷണമോ ഒന്നുമില്ല. അവരുടെ സഭ അവർ ജനിച്ചുവളരുന്ന നാട്ടിലും സംസ്കാരത്തിലും സമൂഹത്തിലും സാഹചര്യത്തിലുമെല്ലാം ആവിഷ്ക്കരിക്കപ്പെടുന്നതാണ്. റീത്ത് (Rite) ഒരു സംസ്കാരത്തിൽനിന്നും മറ്റൊരു സംസ്ക്കാരത്തിലേക്ക് പറിച്ചുനടാൻ സാധിക്കുന്ന ഒന്നല്ല. അത്തരം ഒരു കാഴ്ചപ്പാടിലേക്ക്‌ നിങ്ങളുടെ ശ്രദ്ധയെ തിരിക്കാൻ ഇന്നത്തെ ഈ ധ്യാനം കാരണമാകട്ടെ.

യേശു തന്‍റെ ശിഷ്യരോട് ഉപമകളിൽകൂടി സംസാരിച്ചതുപോലെ ഞാനും നിങ്ങളോട് ഒരു ഉപമ പറയട്ടെ. നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ പക്ഷികളിൽ മൂന്നിനം ഉണ്ട്. ഉന്നതമായ വിഹായസിൽ പറന്ന് കഴിയുന്ന ഗരുഡൻ. പിന്നൊരുകൂട്ടമുണ്ട്. മണലാരുണ്യത്തിലെ ചുഴലികാറ്റിനോടും വെയിലിനോടും മണലിനോടും മല്ലടിച്ച് ഒട്ടും പറക്കാനാകാതെ ജീവിക്കുന്ന ഒട്ടകപക്ഷി. മൂന്നാമതൊരു വർഗം പക്ഷികളുണ്ട്. അതാണ് കോഴി, താറാവ്. അവറ്റകൾ അല്പം പറക്കും; പിന്നെ അല്പം നടക്കും. ഈ പക്ഷികളെ ഉപമിച്ച് പറഞ്ഞാൽ മെത്രാന്മാരിലും മൂന്നിനമുണ്ട്. സുവിശേഷാധിഷ്ടിത ജീവിതം നയിക്കുന്ന മെത്രാന്മാർ. അവർ ഗരുഡന് തുല്യരാണ്. പക്ഷെ അവരുടെ എണ്ണം വളരെ കുറവാണ്. വേറൊരുകൂട്ടം മെത്രാന്മാർ ഉണ്ട്. അവർ ലോകസുഖങ്ങൾ വേണ്ടുവോളം ആസ്വദിച്ച് അധികാരക്കസേരയിൽ ആരൂഡരായിരിക്കുന്നവർ. അവർ ഒട്ടകപക്ഷിക്ക് തുല്യരാണ്. അവരുടെ എണ്ണവും വളരെ തുശ്ചം. എന്നാൽ മൂന്നാമതൊരു കൂട്ടരുണ്ട്. അവർ കോഴി, താറാവുകളെപ്പോലെ കുറച്ചു പുണ്യവും കുറച്ച് തട്ടിപ്പും വെട്ടിപ്പുമായി കഴിയുന്ന മെത്രാന്മാർ. നല്ല ശതമാനം മെത്രാന്മാരും ഈ ഇനത്തിൽ പെടുന്നവരാണ്. മെത്രാന്മാർ ആരും ഒട്ടകപക്ഷിക്ക് തുല്ല്യരോ കോഴി, താറാവിനെ പോലെയോ ആയിരിക്കേണ്ടവരല്ല. മറിച്ച്, എല്ലാ മെത്രാന്മാരും ഉന്നതമായ വിഹായസിൽ പറന്നുല്ലസിക്കുന്ന ഗരുഡനെപ്പോലെ പുണ്യത്തിൽ ശോഭിച്ച് ഹൃദയവെടിപ്പോടെ ദൈവവുമായുള്ള ഐക്യത്തിൽ ജീവിക്കേണ്ടവരാണ്. ആദ്ധ്യാത്മീകത നഷ്ടപ്പെട്ട ഭൂരിപക്ഷത്തിൻറെ അതിപ്രസരമാണ് സഭയുടെ ഇന്നത്തെ പരാജയം. ഇത് ശ്രവിക്കുന്ന അജപാലകരെ നിങ്ങൾ ആത്മപരിശോധന ചെയ്യുക: യേശുവിനെപ്രതി നിങ്ങൾ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നുണ്ടോ? (ലൂക്കോ. 9: 24)

8 comments:

  1. ZACHARIAS NEDUNKANAL WRITES

    ഇടയൻ എന്ന ബ്രഹത്തായ നോവൽ എഴുതിയ ശ്രീ ചാക്കോ കളരിക്കൽ മെത്രാന്മാർക്കുള്ള ധ്യാനം നയിക്കാൻ എന്തുകൊണ്ടും യോഗ്യനാണെന്ന് ആ കൃതി വായിച്ചിട്ടുള്ള ആരും ഉറപ്പിച്ചു പറയും. മറ്റാർക്കും മുമ്പേ ആ പുസ്തകം വായിക്കേണ്ടവർ മെത്രാന്മാരായിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ അത് എത്ര മെത്രാന്മാർ കണ്ടിട്ടെങ്കിലും ഉണ്ട് എന്ന ചോദ്യം നിലനില്ക്കുന്നു. ഏതായാലും ഈ ധ്യാനചിന്തകൾ മനോഹരമായി കുറിച്ച ചാക്കോച്ചന് അഭിവാദ്യങ്ങൾ. ഇന്നത്തെ അവസ്ഥയിൽ ഭാരതത്തിലെ ഒരു മത്രാനും അദ്ദേഹത്തിൻറെ സഹപ്രവർത്തകരെ ധ്യാനിപ്പിക്കാനുള്ള യോഗ്യതയോ അതിനുവേണ്ട അറിവോ വിശുദ്ധിയോ ഇല്ല എന്നതിനാൽ ഇതൊരു അനുഗ്രഹമായി അവരോരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്.

    കുറിക്കു കൊള്ളുന്ന വളരെയധികം ചോദ്യങ്ങൾ Dr. കളരിക്കൽ നമ്മുടെ മെത്രാന്മാരോട് സവിനയം ചോദിച്ചിരിക്കുന്നു. അവയക്കെല്ലാം തന്നോടുതന്നെയെങ്കിലും ഉത്തരം പറയാൻ ഓരോ മെത്രാനും ബാദ്ധ്യസ്ഥനാണ്‌. അതാണല്ലോ ഒരു ധ്യാനത്തിന്റെ ഉദ്ദേശ്യവും. ഒറ്റ ദിവസം കൊണ്ടല്ല, ഏതാനും ദിവസമെടുത്ത് ഓരോ മെത്രാനും ഈ ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ ഉത്തരങ്ങൾ കണ്ടെത്തുകയും അവ പരസ്പരം പങ്കുവയ്ക്കുകയും ചെയ്‌താൽ മാത്രം മതി ഭാരതസഭ ഒറ്റ വര്ഷം കൊണ്ട് അതിന്റെ ഇപ്പോഴത്തെ പൈശാചിക മുഖം വൃത്തിയാക്കി യേശുവിനു നിരക്കുന്ന വിശ്വാസികളുടെ ഒരു സമൂഹമായി മാറും, ഒരു സംശയവും വേണ്ട. അവര്ക്ക് മനനം ചെയ്ത് സ്വായത്തമാക്കേണ്ട എല്ലാ വിഷയങ്ങലെപ്പറ്റിയും ചാക്കോച്ചൻ പരാമർശിച്ചിട്ടുണ്ട്. അവയൊന്നു ശ്രദ്ധിച്ചു വായിക്കാനുള്ള എളിമ മാത്രമാണ് മെത്രാന്മാരിൽ നിന്ന് അദ്ദേഹവും സഭയിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന ബാക്കി ദൈവജനവും പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും ഒരു മെത്രാൻ ഇത് വായിക്കാനിടയായാൽ ബാക്കിയുള്ളവരോട് ഇതെപ്പറ്റി പറയാനുള്ള സന്മനസ്സു കാണിക്കണമെന്നാണ് ഞാനും അകമഴിഞ്ഞ് ആഗ്രഹിക്കുന്നത്. കാരണം, അതിൽ പാഴ് വാക്കുകളില്ല; സഭയോടുള്ള സത്യസന്ധമായ സ്നേഹത്തിൽ കുരുത്ത ചില നിര്ദേശങ്ങളാണ് ധ്യാനവിഷയങ്ങളായി ചാക്കോച്ചൻ സംഗ്രഹിച്ചെഴുതിയിരിക്കുന്നത്. യേശു തന്നെ നേരിട്ട് അവരോടു സ്വംസാരിച്ചാൽ ഇതുതന്നെയായിരിക്കും അവർ കേള്ക്കേണ്ടി വരിക. അങ്ങനെയെങ്കിൽ ഇതൊരു സുവർണാവസരവും ദൈവനിയോഗവുമായി കാണാൻ ഏതാനും മേത്രാന്മാർക്കെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ മതിയായിരുന്നു.

    ReplyDelete
  2. ഈ മാസത്തെ സത്യജ്വാലയുടെ മുഖപ്രസംഗം വായിച്ചാൽ, നമ്മുടെ മെത്രാന്മാർ ശ്രീ ചാക്കോ കളരിക്കലിന്റെയല്ല, ലോകത്തിലെ ഏറ്റവും വിശുദ്ധനായ ധ്യാനഗുരുവിന്റെ വാക്കുകൾ കേട്ടാലും മനസ്സ് തിരിയുന്ന കൂട്ടരല്ലാ എന്ന് മനസ്സിലാകും. അത്രയ്ക്ക് നെറികെട്ട കാര്യങ്ങളാണ് ഇവർ ആലോചിച്ചും കണക്കുകൂട്ടിയും ചെയ്തുവയ്ക്കുന്നത്. നിങ്ങളെ ഉപദ്രവിക്കാനും ഭിന്നിപ്പിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും വേണ്ടി പരിശ്രമിക്കുന്നവർ നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട് എന്ന് പോൾ ഗലാത്തിയർക്കു എഴുതിയത് നമ്മുടെ മെത്രാന്മാരെപ്പറ്റിത്തന്നെയാണെന്നതിന് ഒരു സംശയവും വേണ്ട. സ്വന്തം ഭൌതിക നേട്ടങ്ങൾക്കായി എന്തും ചെയ്യാൻ മടിക്കാത്ത, ഒരു നീതിബോധവും ഇല്ലാത്ത, ഇവർ യേശുവിന്റെ നാമം ഉച്ചരിക്കുന്നത് തന്നെ ദൈവദോഷമാണ്.

    ക്രിസ്തീയ കുടുംബങ്ങളെ പ്രതിസന്ധികളിൽ നിന്ന് മോചിപ്പിക്കുക, അവര്ക്ക് ആദ്ധ്യാത്മിക ധൈര്യം പകരുക എന്ന സദുദ്ദേശ്യത്തോടെ പോപ്‌ ഫ്രാൻസിസ് വിളിച്ചു കൂട്ടിയ സിനഡിൽ എന്തെങ്കിലും ക്രിയാത്മമായി ചെയാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, കുടുംബങ്ങളെ ശിഥിലീകരിക്കാൻ കച്ചകെട്ടിയിറങ്ങിയവരാണ് ആലഞ്ചെരിയും അങ്ങേരുടെ കോട്ടയത്തും ചിക്കാഗോയിലുമൊക്കെയുള്ള സഹമെത്രാന്മാരുമെന്ന് എത്ര വിശ്വാസികൾ മനസ്സിലാക്കുന്നുണ്ട്? ഇത്ര തരംതാണ മനുഷ്യാധമന്മാരാണല്ലോ ദൈവനാമത്തിൽ വിശ്വാസികളുടെയും അവരുടെ കുടുംബങ്ങളുടെയും നാശത്തെ വകവയ്ക്കാതെ തന്നിഷ്ടത്തിനും ആർഭാഡത്തിനുമായി കള്ളക്കളികൾ നടത്തുന്നത് എന്നോർക്കുമ്പോൾ സ്റ്റാലിനും ഹിറ്റ്ലറുമൊക്കെ എത്രയോ പാവങ്ങൾ!

    ReplyDelete
  3. James Kottoor writes: Your talk, dear Kalarickal, is down to earth and far better than any retreat preacher can give. Please don't ask our bishops to imitate Jesus or Pope Francis. They are too busy with administration imitating Judas.
    They are chosen from among the SM Christians of Kerala known as educated illiterates in India, called also the mad house by Vivekananda. They are a carbon of the UDF led by Oomman Chandi and Kunjumani of Palai steeped in corruption. They stopped reading and writing the day they were ordained.
    Every year they repeat with minor modification a pastoral letter on enforcing prohibition while make good business with supplying Mass wine to please chosen political class, I remember to have read some one writing from experience. They also ask devout families to produce more than 4 children (an art about which they know nothing) and get the awards they offer.
    But still there are exceptionally good Bishops among them. I send them all my articles and Irinjalakuda bp. is one who always writes a line at least to acknowledge. And in spite of all the things said of the Eparch Kuriacose, he always answered my letters. The other SMC bishops care too hoots for answering letters or communications from laity.
    Of course they will preach ad nausea about dialogue, which they themselves never practice. Still we should not give up on them. We have to hope till we die (Dum spiro spero) even if that means to live in hope and die in dispaire.
    James Kottoor

    ReplyDelete
  4. മുകളിൽ വായിക്കാവുന്ന ശ്രീ ജെയിംസ്‌ കൊട്ടൂരിന്റെ കമന്റ് നമ്മുടെ ഏതു സാധാരണ മെത്രാന്റെയും (അസ്സാധരണക്കാരൻ എന്ന് പറയാൻ നമുക്ക് എത്ര മെത്രാന്മാരുണ്ട് ?) തൊലിയുരിയാൻ പാകത്തിലുള്ളതാണെന്നു വിലയിരുത്തുന്നതിനാൽ, അത് മലയാളത്തിലും കൊടുക്കുകയാണ്.

    "പ്രിയ കളരിക്കൽ സാർ, അങ്ങ് പറയുന്നത് പച്ച പരമാർഥമാണ്; അതോ ഏത് ധ്യാനഗുരുവും പറയാനിടയുള്ളതിലും നല്ല ഭാഷയിലും. ദൈവത്തെയോർത്ത്‌ നമ്മുടെ മെത്രാന്മാരോട് യേശുവിനെ അനുകരിക്കാൻ പറയരുത്. അവർ യൂദാസിനെ അനുകരിക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാൽ വേറൊന്നിനും സമയമില്ല. അവരുടെ ഉറവിടം സീറോമലബാർ കത്തോലിക്കാ കുടുംബങ്ങളാണ്. ഇവർ അറിയപ്പെടുന്നത് അഭ്യസ്തവിദ്യരായ വിഡ്ഢികൾ എന്നാണ്. ഇത്തരക്കാരാണ് കേരളത്തെ, വിവേകാനന്ദന്റെ ഭാഷയിൽ, ഒരു ഭ്രാന്താലയമാക്കി മാറ്റിയത്. ഇന്ന് ഏതു പാമരനും അറിയാവുന്ന ഉമ്മൻ ചാണ്ടി, കുഞ്ഞുമാണി കൂട്ടുകെട്ടിന്റെ തനി പകർപ്പാണിവർ. തലയിൽ പട്ടം വീണതോടെ എഴുത്തും വായനയും ഉപേക്ഷിച്ചവർ. അല്പസ്വല്പ വ്യതിയാനങ്ങളോടെ അവർ എല്ലാ വർഷവും ഒരേ ഇടയ ലേഖനം പുറപ്പെടുവിക്കും. അതിലൂടെ അവർ മദ്യനിരോധനം പ്രഖ്യാപിക്കും. എന്നിട്ട് കുര്ബാനവീഞ്ഞുണ്ടാക്കി രാഷ്ട്രീയക്കാരെക്കൊണ്ട് കുടിപ്പിക്കും. കുടുംബങ്ങളിൽ കുഞ്ഞുങ്ങൾ എണ്ണമില്ലാതെ ഉണ്ടാകട്ടെ എന്ന് കണ്ണടച്ച് പ്രസംഗിക്കും. അവര്ക്കറിയില്ലാത്ത ആ പണിയിൽ വിജയിക്കുന്നവരെ കാശുകൊടുത്ത് അനുമോദിക്കും.

    എന്നാലും ഒന്നുരണ്ടെങ്കിലും നല്ല മെത്രാന്മാരെ എനിക്കറിയാം. ഞാനെഴുതുന്നവ ഇവർക്കൊക്കെ തുടരെ അയക്കാറുന്ടെങ്കിലും കിട്ടിയതായിപ്പോലും അറിയിക്കാനുള്ള മര്യാദ മിക്കവർക്കുമില്ല. ഇരിങ്ങാലക്കുട മെത്രാൻ കിട്ടിയതായി ഒന്നുരണ്ടു വരി എഴുതാറുണ്ട്. എന്തൊക്കെ പറഞ്ഞാലും, Eparch Kuriacose, കത്തുകൾക്ക് ഒരു ചെറിയ മറുപടി തരാറുണ്ട്. ബാക്കി സീറോമലബാർ തിരുമേനിമാർക്ക് അല്മായരോട് പരമ പുശ്ചമാണ്. വായ നാറുന്നത് വരെ അവർ ഡയലോഗിനെപ്പറ്റി പ്രസംഗിക്കും. എന്നാൽ സംവാദം എന്താണെന്നുപോലും അവർക്കറിയില്ല എന്നതാണ് സത്യം. എന്നാലും ശരീരത്തിൽ ജീവൻ തുടിക്കുവോളം ഇവര താഴേയ്ക്കിറങ്ങി വരാൻ നമുക്ക് കാത്തിരുന്ന്, അവസാനം നിരാശതയിൽ ജീവൻ വെടിയാം.

    ReplyDelete
  5. Mr. Joseph Matthew posted this comment on his Face Book page:
    ജോണ്‍ പോൾ രണ്ടാമനു ശേഷമുള്ള മാർപ്പാപ്പ യൂറോപ്പിനു പുറത്തു നിന്നായിരിക്കുമെന്ന് ആദ്യമായി പ്രവചിച്ച ഗ്രന്ഥകാരൻ ശ്രീ ചാക്കോ കളരിക്കലായിരുന്നു. അതുമൂലം അർജന്റീനായിൽ നിന്നും ചരിത്രത്തിലെ ഏറ്റവും വിശുദ്ധനായ ഒരു മാർപ്പാപ്പ സഭയെ ഇന്നു ഭരിക്കാനിടയായി. അദ്ദേഹത്തിൻറെ ' ഇടയൻ' എന്ന ഗ്രന്ഥത്തിൽ വ്യക്തമായി ഇത് പ്രവചിച്ചിട്ടുണ്ട്. ഇതാ, അടുത്ത വിശ്വോത്തരമായ
    ഒരു പ്രവചനവുമായി ശ്രീ ചാക്കോ അരങ്ങേറിയിരിക്കുന്നു. ' അല്മേനി' ഇനിമേൽ മെത്രാനും പുരോഹിതർക്കും അട്ടപ്പാടി വട്ടായിക്കും ധ്യാനങ്ങൾ കൊടുക്കാൻ പോവുന്നു. രസകരമായ ഈ ലേഖനം നടപ്പിലായാൽ സഭാചരിത്രത്തിലെ ഒരു നാഴികക്കല്ലായി വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കും. സംശയില്ല. ശ്രീ ചാക്കോയുടെ രണ്ടാമത്തെ പ്രവചനവും സഫലമാകും. അടഞ്ഞിരിക്കുന്ന യാഥാസ്ഥിതിക അഭിഷിക്തരുടെ തലയൊന്നു വികസിക്കാൻ ഈ ധ്യാനം തീർച്ചയായും ഒരു ഉത്തമ ഔഷധമായിരിക്കും.

    ReplyDelete
    Replies
    1. ഇക്കാര്യത്തിൽ ശ്രീ ജോസഫ്‌ മാത്യുവിന് തെറ്റി. നമ്മളെല്ലാം ആഗ്രഹിക്കുന്നെങ്കിലും അങ്ങനെയൊരു മാറ്റം സംഭവിപ്പിക്കാനുള്ള ആർജ്ജവമോ എളിമയോ നമ്മുടെ മെത്രാന്മാർക്കില്ല. അവരുടെ പരിശീലനമെല്ലാം കാനോണ്‍ നിയമങ്ങളിലും പാശ്ചാത്യ ചിന്തകളിലുമാണ്. അതെല്ലാം മാമോന്റെ ദൈവശാസ്ത്രവും ശക്തന്റെ യുദ്ധക്കൊതികളും മാത്രമാണ്. അവരിൽ ഒരാളുടെ ഇടയക്കുറിപ്പോ അവർ പരിശീലിപ്പിചെടുക്കുന്ന വൈദികരുടെ ഒരു പ്രസംഗമോ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. വചനത്തോട് വാച്യമായ കൂറ് മാത്രമാണ് ഇവർ വച്ചുപുലർത്തുന്നത്. സുവിശേഷത്തിന്റെ അന്തരാർഥങ്ങൾ മനസ്സിലാക്കിയിട്ടുള്ള ഒരാള് പോലും അവരുടെ ഇടയിലില്ല. ഭാരതീയമായ ആദ്ധ്യാത്മിക ആഴവും പക്വമായ സാധനയും അവർക്ക് അന്യമാണ്. ശ്രീ കോട്ടൂർ ചൂണ്ടിക്കാണിച്ചതുപോലെ, ഉമ്മന്റെയും മാണിയുടെയും, ചിലരുടെ കാര്യത്തിൽ അന്തോനിയുടെയും, രാഷ്ട്രീയക്കളികൾകൊണ്ട് യേശുവിനെ സേവിക്കാം എന്നാണിവർ കരുതുന്നത്. യേശു വിധിച്ചതിൻപ്രകാരം കരിങ്ക്കല്ല് കഴുത്തിൽ തൂക്കി കടലിൽ മുങ്ങിച്ചാകേണ്ടവർ ഇവരാണ്.

      Delete
  6. A.C.George, Houston: Posted in Malayalam Daily news

    November 11, 2014 at 3:11 am
    This is an excellent article written by Chacko Kalarikkal Sir. I think all our Bishops should listen and follow this with a positive attitude after all they are also human beings. But our Pope will listen for sure. But many of our Bishops are more than the Pope. Even thay are more than the God itself. Their lexiourios life style, pomp, show, unwanted, unwarrranted lengthy boring speehes, hero worship, commands, dictatorship, ignorancce about the laity and many attitudes must change. There is nothing wrong listening the meditation conducted by the laity. All are human beings are equals in front of Jesus Christ. Praise the lord always. Help the poor and needy. Lead a simple and humble life. Respect the elder. Be accountable to the laity also. They feed you, Bishops by their contributions to you and to the church. Let us follow the path of our Pope and Jesus Christ. Even a Parish priest rule us like a King. What a pity in the modern world.

    ReplyDelete
  7. ''വിവരവും വിനയവും ഉള്ള അല്മായരിൽ നിന്നു്
    ധ്യാനം കേൾക്കുവിൻ... '' എന്ന് അവരോടു ഞാൻ വർഷങ്ങൾക്ക് മു്പേ പറഞ്ഞിട്ടുണ്ട് ചാക്കോ സാറെ ! ഓര്ക്കുന്നുണ്ടോ എന്റെ ''ഇടയന്മാര്ക്കുള്ള ലേഖനം '' എന്ന കവിതയിലൂടെ.

    ReplyDelete