ഫാദർ സെബാസ്റ്റ്യൻ കാപ്പൻ
(BODHI COMMONS ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ സംഗ്രഹമാണ് ഈ ലേഖനം.)
ആശുപത്രിക്കിടക്കയിൽ വൈദികന് പിറന്നാൾ ആശംസിക്കാൻ വന്ന സുഹൃത്തുക്കൾക്ക് ഒരാഗ്രഹം. "പിറന്നാൾ അല്ലേ… അച്ചൻ ഇന്നൊരു കുർബാന അർപ്പിക്കണം, ഞങ്ങൾക്ക് വേണ്ടി." സന്തോഷമേയുള്ളൂ എന്ന് അദ്ദേഹത്തിൻറെ മറുപടി. ആശുപത്രി ചാപ്പലിലേക്ക് തിരുവോസ്തിയും വീഞ്ഞും എടുക്കാൻ ഓടിയ സുഹൃത്ത് വെറും കയ്യോടെയാണ് തിരിച്ചു വന്നത്. ചാപ്പലിനു പുറത്തേക്ക് ഒസ്തിയും വീഞ്ഞും തന്നുവിടാൻ സാധ്യമല്ല എന്നായിരുന്നു ചാപ്പൽ സൂക്ഷിപ്പുകാരുടെ മറുപടി. അച്ചൻ ഒന്ന് ചിരിച്ചു. "ക്യാന്റീനിൽ പോയി മൂന്നു പൊറോട്ടയും കുറച്ച് കട്ടങ്കാപ്പിയും വാങ്ങി വാ." വിപ്ലവം എന്നാൽ വിയോജിപ്പിന്റെ സംഘടിതമായ പ്രഖ്യാപനമാണെന്ന് എഴുതിയ മനുഷ്യൻ അത് പ്രയോഗത്തിൽ വരുത്തിയ അനേകം സന്ദർഭങ്ങളിൽ ഒന്ന് മാത്രമായിരുന്നു പൊറോട്ടയും കട്ടൻകാപ്പിയും ഉപയോഗിച്ച് നടത്തിയ ഈ ബലിയർപ്പണം.
ഇത് ഫാദർ സെബാസ്റ്റ്യൻ കാപ്പൻ. 1962 മുതൽ മുപ്പത് കൊല്ലക്കാലം ഈ മനുഷ്യൻ കലഹം ഒരു ജീവിതചര്യയാക്കി കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നുണ്ടായിരുന്നു. യേശുവിലെ മാർക്സിനെയും മാർക്സിലെ യേശുവിനെയും അന്വേഷിച്ചു കൊണ്ട്. മനുഷ്യപുത്രനായ യേശുവിനെ അന്യവത്കരിച്ച ക്രൈസ്തവതയെയും, ദാർശനികനായ മാർക്സിനെ അന്യവത്കരിച്ച മാർക്സിസത്തെയും വിമർശിച്ചുകൊണ്ട്. ഒരു പ്രസ്ഥാനത്തിന്റെയും ചതുരക്കള്ളികളിൽ ഒതുങ്ങാൻ തയ്യാറല്ലാത്ത മനുഷ്യരെ അവഗണിക്കുകയാണ് എളുപ്പം. "മുകളിലിരിക്കുന്നവരെ അല്ലേ താഴെ ഇറക്കാൻ പറ്റൂ? തറയിൽ ഇരിക്കുന്നവരെ എന്ത് ചെയ്യാൻ പറ്റും?" ആ മറുപടിയിൽ ഒരു ജീവിതചര്യ തന്നെ നിഴലിച്ചു നില്ക്കുന്നുണ്ട്.
1957 ൽ ഈശോ സഭാംഗമായി പൗരോഹിത്യം സ്വീകരിച്ച കാപ്പൻ ഉന്നതപഠനത്തിനായി ഉടൻ തന്നെ റോമിലേക്ക് അയക്കപ്പെട്ടു. വിഷയം - മതവും മാർക്സിസവും. അത് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരുന്നില്ല. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അരയും തലയും മുറുക്കി നേരിടുക കത്തോലിക്കാ സഭയുടെ ആവശ്യമായിരുന്നു. ഇംഗ്ലീഷിൽ അന്ന് വിവർത്തനം ലഭ്യമല്ലാതിരുന്ന മാർക്സിന്റെ ആദ്യകാല രചനകൾ വായിക്കാൻ ജർമ്മൻ ഭാഷ പഠിച്ചെടുത്തു. അക്കാലം മുതൽ മാർക്സിയൻ ദർശനങ്ങൾ കാപ്പന്റെ സന്തത സഹചാരിയായി. പ്രയോഗവും മതപരമായ അന്യസാൽക്കരണവും മാർക്സിന്റെ സാമ്പത്തിക ദാർശനിക കുറിപ്പുകളിൽ (Religious Alienation and Praxis according to Marx’s Economic and Philosophical Manuscripts) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി 1962 ൽ അദ്ദേഹം തിരികെ കേരളത്തിൽ വന്നു. കേരളത്തിലെ വളരുന്ന കമ്മ്യൂണിസ്റ്റ് സാഹചര്യത്തിൽ സഭയെ പ്രതിരോധിക്കാൻ പുതിയൊരു ഗോൾ കീപ്പറെ പ്രതീക്ഷിച്ച കത്തോലിക്കാസഭക്ക് തെറ്റിപ്പോയി. "വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക്" എന്ന ആദ്യ ഗ്രന്ഥം ഒരു കലാപകാരിയുടെ നാന്ദിക്കുറിപ്പ് ആയിരുന്നു. വിശ്വാസങ്ങളും മതങ്ങളും ചേർന്ന് കെട്ടിയിടുന്ന മനുഷ്യന്റെ ലൈംഗിക സ്വാതന്ത്ര്യത്തെപ്പറ്റി രണ്ടാമത്തെ പുസ്തകം - "നാളത്തേക്ക് ഒരു ലൈംഗിക സദാചാരം" അതിനു ശേഷം പ്രസിദ്ധീകൃതമായ "Jesus and Freedom" ക്രൈസ്തവസഭയുടെ നെറ്റി ചുളിപ്പിച്ചു. പൌരസ്ത്യമായ മണ്ണിൽ നിന്ന് യേശുവിനെ കണ്ടെത്താൻ ശ്രമിക്കുന്ന ആ പുസ്തകം വത്തിക്കാൻ സെൻസർ ചെയ്തു. വിമർശനങ്ങളൊന്നും ആ പോരാട്ടത്തെ തളർത്താൻ പോന്നതായിരുന്നില്ല. Marxian atheism, Jesus and Society, Liberation Theology and Marxism, Marx beyond Marxism തുടങ്ങിയ ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ, അക്രൈസ്തവനായ യേശുവിനെ തേടി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം തുടങ്ങിയ മലയാള രചനകളിലൂടെ Negations പോലെയുള്ള ആനുകാലികങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ, അതിനുമപ്പുറം ജീവിതം തന്നെ കലഹമാക്കി നടത്തിയ യാത്രകളിലൂടെ കാപ്പൻ ഒരു പ്രതിഭാസമാവുകയായിരുന്നു.
ചെങ്കൊടിയും കുരിശും
കാപ്പനച്ചന് മാർക്സിസവും ക്രൈസ്തവതയും വിരുദ്ധ ധ്രുവങ്ങളിൽ നില്ക്കുന്ന ചിന്തകളായിരുന്നില്ല. മാർക്സ് തന്നെ കൂടുതൽ ക്രിസ്തുവിലെക്കും ക്രിസ്തു തന്നെ കൂടുതൽ മാർക്സിലേക്കും അടുപ്പിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. മൂലധനത്തിൽ നിന്നല്ല ആദ്യകാല രചനകളിൽ നിന്നാണ് കാപ്പൻ മാർക്സിനെ കണ്ടെടുക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിലെ മാംസമായ വചനത്തിൽ നിന്നല്ല, മർക്കോസിന്റെ മനുഷ്യപുത്രനിൽ നിന്നാണ് (വചനമായിത്തീർന്ന മാംസം എന്ന് കാപ്പൻ) അദ്ദേഹം യേശുവിനെ കണ്ടെത്തുന്നത്.
കാപ്പന്റെ യേശുവും നാം ഇന്നുവരെ കണ്ടുപരിചയിച്ച രാജാധിരാജനായ ക്രിസ്തു ആയിരുന്നില്ല. ചരിത്രപുരുഷനായ യേശുവിനെയാണ് അദ്ദേഹം തേടിയത്, മരിച്ചവരിൽ നിന്നുയർത്ത് പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന, ചരിത്രാതീതനും നിത്യനും നിർവികാരനുമായ ക്രിസ്തുവിനെ അദ്ദേഹം തള്ളിക്കളയുന്നു. മനുഷ്യരിൽ നിന്നകറ്റി സഭ സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയല്ല, വചനായിത്തീർന്ന യേശു എന്ന മാംസത്തെയാണ് "അക്രൈസ്തവനായ യേശുവിനെ തേടി" എന്ന പുസ്തകത്തിൽ അദ്ദേഹം തേടുന്നത്.
ആത്മാവിന്റെ സ്വാതന്ത്ര്യത്തെ എല്ലാത്തരം വിധേയത്വത്തിനും മുകളിൽ ഉയർത്തിപ്പിടിച്ച വ്യതിയായിരുന്നു കാപ്പനച്ചൻ. ക്രിസ്ത്യാനി ആയിരിക്കുക എന്നാൽ ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ, ആരൊക്കെയോ പടച്ചുവച്ച ധാർമിക ചട്ടങ്ങൾക്കനുസരിച്ച് പെരുമാറുകയല്ല, മറിച്ച് തനതായ വഴിയിലൂടെ തലയുയർത്തി നടക്കുകയാണെന്ന് അദ്ദേഹം സ്വന്തം മാതൃകയിലൂടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അനുകരണത്തിലൂടെ ആര്ക്കും പുഷ്പിക്കാനാവില്ല എന്നതായിരുന്നു അതിന്റെ പിന്നിലെ അദ്ദേഹത്തിൻറെ വിശ്വാസം. അധികാരം അനുകരണത്തെ ആവശ്യപ്പെടുന്നു. അനുകരണം ഒരിക്കലും സ്നേഹത്തെ പരിപോഷിപ്പിക്കില്ല. ഒരു സമൂഹത്തിന്റെ നിലനില്പിനായി പ്രവര്ത്തിക്കുന്ന ഏതൊരു മതനേത്രുത്വവും അധികാരപ്രയോഗം നടത്തും. സ്വതന്ത്ര മനസ്സുകൾ സ്വാഭാവികമായി അതിനു പുറത്തു കടക്കും. അതാണ് കാപ്പനച്ചനും ചെയ്തത്.
ReplyDeleteമനുഷ്യപുത്രനായ യേശു സൗന്ദര്യാസ്വാദകനായിരുന്നു എന്നത് കാപ്പനച്ചന്റെ സ്വന്തം തിരിച്ചറിവായിരുന്നു. അതുകൊണ്ടായിരിക്കാം 'മാംസം വചനമായിത്തീർന്ന' ആ യേശുവിനെ ഇഷ്ടപ്പെടാൻ കാപ്പനച്ചൻ തുനിഞ്ഞതിനു കാരണം. ഇതിന് സുവിശേഷങ്ങളിൽ വേണ്ടുവോളം തെളിവുകൾ ഉണ്ട്. നീലാകാശവും മാമാലകളിലെ സൂര്യപ്രകാശവും വനാന്തരത്തിലെ ചന്ദ്രകാന്തിയും കടലും കോളും കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മുഖങ്ങളും വെള്ളവും മേഘവും പുല്ലും പാമ്പും പക്ഷികളുമെല്ലാം യേശുവിന്റെ സൗന്ദര്യാസ്വാദനത്തിന് ഉത്തേജകങ്ങളായിരുന്നു. ഇവയെയെല്ലാം അറിഞ്ഞനുഭവിക്കാത്ത ഒരാൾക്ക് പ്രപഞ്ച സത്യത്തിലേയ്ക്കെന്നപോലെ മനുഷ്യസ്നേഹത്തിലേയ്ക്കും ചെന്നെത്താനാവില്ല. പുല്ലും മണ്ണും മരവുമൊക്കെയായി ഒരു ചങ്ങാത്തവുമില്ലാത്ത നമ്മുടെ പുരോഹിതരും മതമേധാവികളും കരുണയെന്തെന്നറിയാത്ത അമാനുഷ വ്യക്തികളായി നമുക്ക് മുമ്പിൽ വന്നുനിന്ന് തുറിച്ചു നോക്കുന്നത് നാം നിത്യവും കാണുന്നു. കാരണം, അസ്തിത്വത്തിന്റെ മാഹാത്ഭുതം എന്തെന്ന് തൊട്ടറിയാത്ത ഇവർ മാനുഷികമായ അനുഭൂതികൾ മനസ്സിലാക്കാനും കഴിവില്ലാത്തവരായി മാറിയിരിക്കും. ഇത്തരക്കാരുടെ ഹൃദയം കാറ്റുപിടിക്കാത്ത കരിങ്കല്ലായി പ്രത്യക്ഷമെടുക്കുന്നത് ചുമ്മാതെയല്ല. കുറേ ബൌദ്ധിക വ്യായാമങ്ങളും വായിച്ചു തള്ളിയ പുസ്തകങ്ങളും എഴുതിത്തീർത്ത പരീക്ഷകളും ഉരുവിട്ടു പഠിച്ച ഉദ്ധരണികളും കൊണ്ട് ഏതാനും വർഷങ്ങൾ പിന്നിട്ടതുകൊണ്ട് മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിൽ നിന്ന് അകലുകയല്ലാതെ അടുക്കാൻ അവർക്ക് സാധിക്കുകയില്ല. അതാണ് നമ്മുടെ ക്ലെർജിക്കു പറ്റുന്നത്. അവരുടെ മനസ്സുകൾ അധികാരത്തിന് അടിമപ്പെടുന്നതിലൂടെ രൂപപ്പെട്ടതാകയാൽ അധികാരത്തിനപ്പുറം കാണാനവർക്ക് കഴിവില്ലാതെ പോകുന്നു. നയിക്കുന്നവന് അധികാരം പ്രയോഗിക്കാതെ വയ്യ. അതുപോലെതന്നെ അനുകരിക്കുന്നവരും അനുസരിക്കുന്നവരും അധികാരത്തെ വിലമതിക്കുന്നു. ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യവും ദഹിക്കാനോ ആസ്വദിക്കാനോ അവരെക്കൊണ്ടാവില്ല. ഇരുകൂട്ടരും കാംക്ഷിക്കുന്നത് തങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും മതത്തിന്റെയും കേട്ടറിഞ്ഞ ആദർശങ്ങളുടെയും പാരമ്പര്യങ്ങളുടെയുമൊക്കെ സുരക്ഷിതത്ത്വമാണ്. സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയാണ് അവർക്കിഷ്ടം. കാരണം, ക്രിസ്തുവും അവിടെ സുരക്ഷിതനാണ് എന്നവർ വ്യാമോഹിക്കുന്നു. സുരക്ഷിതത്വം ആഗ്രഹിക്കുന്നവർ ഒരിക്കലും സ്വാതന്ത്ര്യപ്രേമികൾ ആവില്ല. അക്രൈസ്തവനായ യേശു അത്യുത്തമമായ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. സഭയിൽ നിങ്ങൾ കലഹം ഒരു ജീവിതചര്യയാക്കി മാറ്റുക എന്ന് പോപ് ഫ്രാൻസിസ് പറയുമ്പോൾ അദ്ദേഹം വിരൽ ചൂണ്ടുന്നതും കാപ്പനച്ചൻ കണ്ടെടുത്തു സ്നേഹിച്ച അക്രൈസ്തവനായ യേശുവിലേയ്ക്കാണ്.
znperingulam@gmail.com
പൊറോട്ട കുർബാന ഭരണങ്ങാനം ആശു പത്രിയിൽ വച്ചാണ് നടന്നത്. ബാംഗ്ലൂരിൽ ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒരു വൈദികന്റെയും കന്യാസ്തൃയുടെയും വിവാഹം ആശീർവടിച്ചപ്പോൾ ഞാനും ഉണ്ടായിരുന്നു. അന്നുപയോഗിച്ചത് ബ്രഡും കാപ്പിയും ആയിരുന്നു.
ReplyDeletehttps://www.facebook.com/kappenanusmaranam?ref=bookmarks
ReplyDelete