Translate

Monday, November 24, 2014

മതനവീകരണം ഓരോ മനുഷ്യന്റെയും മുഴുവൻ ലോകത്തിന്‍റെയും ആവശ്യം

2013 നവംബര്‍ ലക്കം സത്യജ്വാലയില്‍ എഡിറ്റര്‍ ശ്രി. ജോര്‍ജ്ജ് മൂലേച്ചാലില്‍ എഴുതിയ മുഖക്കുറി.

സഭാനവീകരണം ലക്ഷ്യംവച്ചു പ്രവർത്തിക്കുന്നവരെ പരിഹാസത്തോടെ വീക്ഷിക്കുന്നവരാണിന്ന് ഏറെയും. അവരിൽ സാധാരണക്കാരായ പളളിഭക്തർ മാത്രമല്ല, ഉന്നതവിദ്യാഭ്യാസം നേടിയവരും പൊതുപ്രവർത്തകരും അദ്ധ്യാപകരും എഴുത്തുകാരും, ബുദ്ധിജീവികൾ എന്നറിയപ്പെടുന്ന എല്ലാ വിഭാഗവും ഉൾപ്പെടുന്നു. എന്തിന്, ഏതാണ്ട് സഭാനവീകരണ പ്രവർത്തകരെപ്പോലെതന്നെ പരിഹാസവും അവഗണനയും സഹിച്ച്, പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങൾക്കും നീതിക്കും വിമോചനത്തിനും ഒക്കെവേണ്ടി പ്രവർത്തിക്കുകയും, എല്ലാ വ്യവസ്ഥാപിതസങ്കൽപ്പങ്ങൾക്കുമെതിരെ ബദൽ കാഴ്ചപ്പാടുകൾ തിരയുകയും ചെയ്യുന്ന ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങളിലുള്ളവർക്കുപോലും, സഭാനവീകരണമെന്നു കേൾക്കുമ്പോൾ പുച്ഛഭാവമാണ്. 'അച്ചന്മാരെയും മെത്രാന്മാരെയും നന്നാക്കാൻ നടക്കുന്ന വട്ടന്മാർ' എന്നാണവരുടെയും പൊതുവിലയിരുത്തൽ. 'അവരെ നന്നാക്കിയിട്ടെന്തു കാര്യ'മെന്നും, 'അതസാദ്ധ്യമാണെന്നറിഞ്ഞു കൂടേ'യെന്നും, 'അവരോട് ഒരകലം പാലിച്ചുനിന്നാൽ പോരേ' എന്നുമൊക്കെ അവർ അടിച്ചിരുത്തി ചോദിക്കും. 'അതല്ല' എന്നു വിശദീകരിക്കാൻ നോക്കിയാൽ ആരുമൊന്നു നിന്നുതരികയുമില്ല. വേറൊരു കൂട്ടരുടെ വാദം, 'സഭാനേതൃത്വത്തെ വിമർശിക്കാനും തിരുത്താനും നിങ്ങളാരും യേശുവിനെപ്പോലെ പൂർണ്ണരല്ലല്ലോ' എന്നതാണ്. ചുരുക്കത്തിൽ, യാഥാസ്ഥിതിക ഭക്തർ തൊട്ട്, ഏറ്റവും പുരോഗമനക്കാർ വരെയുള്ളവർ പൊതുവേ, സഭാനവീകരണ-മതനവീകരണപ്രവർത്തനങ്ങളെ വിലകുറച്ചു കാണുന്നവരും അടിച്ചിരുത്താൻ നോക്കുന്നവരുമാണ്.
                ഇതിനു പ്രധാന കാരണം, മനുഷ്യർ കാലുറപ്പിച്ചു നിൽക്കുന്ന ആദ്യപ്രതലം ഏതെന്നതിനെക്കുറിച്ച് സൂക്ഷ്മമായ അറിവ് പൊതുവെ ഇല്ലാത്തതാണെന്നു തോന്നുന്നു. ലോകത്തിലെല്ലാവരും തന്നെ പിറന്നുവീഴുന്നത് ഏതെങ്കിലുമൊരു മതസമൂഹത്തിലാണ്. ഇന്നത്തെ അവസ്ഥയിൽ, മരണംവരെ ആ സമൂഹത്തിന്‍റെ ഭാഗമായേ മനുഷ്യനു ജീവിക്കാനുമാകൂ. എന്തായാലും, മുലപ്പാലിനൊപ്പം അവനെ രൂപപ്പെടുത്തുന്നതിൽ പ്രഥമസ്ഥാനം വഹിക്കുന്നത്, അവൻ അംഗമായിരിക്കുന്ന സമുദായത്തിന്‍റെ മതചിന്തകളും അനുശാസനങ്ങളുമാണ്. അതിനെയൊക്കെ തിരസ്‌കരിച്ചു മുന്നോട്ടുപോകാൻ ചിലർക്കൊക്കെ പിന്നീടു കഴിഞ്ഞെന്നുവരാം. എങ്കിൽപ്പോലും, ശൈശവ-കൗമാരകാല മതാനുശീലനങ്ങളുടെ തായ്‌വേരുകൾ അവരുടെയൊക്കെ വ്യക്തിത്വത്തെയും സംസ്കാരത്തെയും സൂക്ഷ്മമായി സ്വാധീനിച്ചുകൊണ്ട് ആയുഷ്‌കാലം മുഴുവൻ നിലനിൽക്കുമെന്നതാണു യാഥാർത്ഥ്യം. പുരോഹിത ശാപത്തെയും ദൈവകോപത്തെയുംകുറിച്ചുള്ള ഭീതിയും, മതസംബന്ധിയായ സകലതിനും മുമ്പിൽ കൈകൂപ്പാൻ, അവയ്ക്കുണ്ടെന്നു തോന്നിക്കുന്ന ദൈവികപരിവേഷവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇതുകൊണ്ടെല്ലാം സംഭവിക്കുന്നത്, സ്വന്തം മതസമുദായകാര്യങ്ങളെ യുക്തിബോധത്തോടെയോ വിമർശനാത്മകമായോ നോക്കിക്കാണാനോ, മതവിരുദ്ധമെന്നു പ്രകടമായിത്തന്നെ അറിയാവുന്ന കാര്യങ്ങളിൽ പ്പോലും തിരുത്തലുകൾ വരുത്താ നോ മനുഷ്യർക്കു കഴിയാതെപോകുന്നു എന്നതാണ്. തന്മൂലം, ഓരോ തലമുറ കഴിയുന്തോറും, ഒരു ദൂഷിതവലയത്തിലകപ്പെട്ടിട്ടെന്നതുപോലെ, വ്യക്തിത്വത്തിലും സാമൂഹിക തലത്തിലുമുള്ള മനുഷ്യന്‍റെ സാംസ്‌കാരികവളർച്ച മുരടിക്കുന്നു. ഇപ്രകാരമൊരു വളർച്ചാമുരടിപ്പുണ്ടായതാണ്, പുരോഹിതന്‍റെ വിരൽ ചലനത്തിനനുസരിച്ചു ചലിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു യാന്ത്രിക ആൾക്കൂട്ടസമൂഹമായി കേരളകത്തോലിക്കാ സമുദായം മാറിയതിനു കാരണമെന്നു പറയാം.
                അങ്ങനെ പുരോഹിതവായ്ക്ക് എതിർവാ ഉയരാത്ത ഒരു ജനതയായി ക്രൈസ്തവ സമൂഹം മാറിയതുകൊണ്ടാണ്, എന്തായിരുന്നു ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിന്‍റെ ഉള്ളടക്കം എന്നറിയാൻപോലും ശ്രമിക്കാതെ, അതിനെതിരെ അന്ധമായ ഒരു ആൾക്കൂട്ടപ്പടയായി മാറി, സഭയ്ക്കു രക്തസാക്ഷികളെ സൃഷ്ടിച്ചുകൊടുക്കേണ്ട ദുർവിധി ഈ സമുദായത്തിനുണ്ടായത്. (കമ്യൂണിസ്റ്റുകാർ കൊണ്ടുപോകുമെന്നു ഭയപ്പെടുത്തി, സമുദായം വക വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം മെത്രാന്മാർ കൈവശപ്പെടുത്തുന്നത് നോക്കിനിൽക്കേണ്ട ഗതികേടും ഈ സമുദായത്തിനുണ്ടായി!) അതേ സ്ഥിതി ഇന്നും തുടരുന്നതുകൊണ്ടാണ്, പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഗാഡ്ഗിൽ കമ്മിറ്റി ശിപാർശകൾ എന്തെന്നും എന്തിനെന്നും മനസ്സിലാക്കാൻ അശ്ശേഷം ശ്രമിക്കാതെജനങ്ങളിൽ ഭീതിയും തെറ്റിദ്ധാരണകളും സൃഷ്ടിച്ചും ഇടയലേഖനങ്ങളിറക്കിയുമുള്ള സഭാമേലദ്ധ്യക്ഷന്മാരുടെ ഗോഗ്വാവിളികൾ കേട്ട്, ആത്മഹത്യാപരമായ ഒരു പ്രക്ഷോഭത്തിലേക്ക് ക്രൈസ്തവ സമുദായം ഇപ്പോൾ ചാടിയിറങ്ങാനൊരുങ്ങുന്നതും. സമുദായത്തിന്‍റെ ഈ മൃതാവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്. സഭാനവീകരണം പ്രഥമമായി ലക്ഷ്യം വയ്ക്കുന്നത് അതാണ്.
                അതുകൊണ്ട്, സഭാനവീകരണപ്രവർത്തനമെന്നാൽ, അച്ചനെയും മെത്രാനെയും നന്നാക്കാൻ ലക്ഷ്യമിട്ടുള്ള ഒന്നാണെന്ന വിലയിരുത്തൽതന്നെ തെറ്റാണ്. മറിച്ച്, ഏതു മതനവീകരണപ്രവർത്തനവും അതുൾക്കൊള്ളുന്ന മതസമൂഹത്തിന്‍റെ സംസ്‌കാരത്തെ സജീവമായും ആരോഗ്യത്തോടെയും നിലനിർത്താനും വളർത്താനും ലക്ഷ്യമിട്ടുള്ളതാണ്. ക്രൈസ്തവസഭകളുടെ നവീകരണമെന്നാൽ, യേശു മുന്നോട്ടുവച്ച സ്‌നേഹത്തിന്റേതായ മതദർശനത്തെ ജീവിതമാക്കിമാറ്റാനുള്ള ഉപകരണമാക്കി സഭാസംവിധാനത്തെ മാറ്റിത്തീർക്കുക എന്നതാണ്; ആത്യന്തികമായി, സ്‌നേഹത്തിന്‍റെ സ്വർണ്ണനൂലുകളാൽ പരസ്പരം ബന്ധിതരായുളള ഒരു ലോകമഹാകുടുംബം- ദൈവരാജ്യം - ഈ ഭൂമിയിൽ സാക്ഷാത്കരിക്കുക എന്നതാണ്; മാനുഷികമൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പുതിയ ലോകം സൃഷ്ടിച്ചെടുക്കുക എന്നതാണ്.
                അതാണു മാനദണ്ഡം. അതുകൊണ്ട്, ആദിമസഭ തുടക്കമിട്ട, മനുഷ്യർ 'സോദരത്വേന വാഴുന്ന' ആ മാതൃകാലോകത്തിന്‍റെ, കൂട്ടായ്മാ സമൂഹവ്യവസ്ഥയുടെ, കെട്ടുപണിക്ക് ഇന്നത്തെ സഭ എത്രമാത്രം സഹായകമാണ്, അല്ലെങ്കിൽ തടസ്സമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നവീകരണപ്രവർത്തകർ സഭാനേതൃത്വത്തെ പിന്തുണയ്ക്കുകയോ വിമർശിക്കുകയോ ചെയ്യുന്നത്. ഇന്നിപ്പോൾ ഫ്രാൻസീസ് മാർപ്പാപ്പായെ അവർ പിന്തുണയ്ക്കുന്നത് യേശു കടമപ്പെടുത്തിയ ഈ ദൗത്യ നിർവ്വഹണത്തിന് അദ്ദേഹം ധീരമായി മുൻകൈ എടുക്കുന്നു എന്നു കാണുന്നതുകൊണ്ടാണ്; ഒന്നാമനെങ്കിലും അവസാനക്കാരനെപ്പോലെ, സ്‌നേഹത്തിന്‍റെയും സേവനത്തിന്‍റെയും അരൂപിയിലേക്ക് മനുഷ്യരെയും സഭാസംവിധാനത്തെയും പരിവർത്തിപ്പിക്കാൻ അദ്ദേഹം കഠിനശ്രമം നടത്തുന്നതുകൊണ്ടാണ്.
                സഭയിൽ ഒരു മാറ്റവും നടക്കാൻ പോകുന്നില്ല എന്ന മുൻവിധിയിൽ അടയിരിക്കുന്ന വിശ്വാസികൾ വളരെയാണ്. നടക്കാത്ത കാര്യത്തിനുവേണ്ടി സമയം കളഞ്ഞ് മണ്ടനാകാനില്ല എന്നാണവരുടെ നിലപാട്- 'നിങ്ങളൊക്കെ മണ്ടന്മാർ' എന്നു വ്യംഗ്യം. ഒരു കാര്യം ആവശ്യമെന്നു കാണുകയും, അതു നടക്കുമെന്നുറപ്പില്ലാത്തതിനാൽ അതിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി എന്താണു പറയേണ്ടത്! മാറ്റം ആവശ്യമെന്നു തോന്നുന്നവരെ സംബന്ധിച്ച്, ഫലമുണ്ടാകുമോ എന്നു നോക്കാതെതന്നെ കഴിയുന്നതുപോലെ പ്രവർത്തിക്കുകയെന്നതേ കരണീയമായുള്ളൂ.
                അപമാനങ്ങൾ സഹിച്ചും പീഡനങ്ങൾ ഏറ്റുവാങ്ങിയും സത്യത്തിനു സാക്ഷ്യംവഹിക്കാൻ പോരുന്ന പൗരുഷമാണ് തന്‍റെ ശിഷ്യരിൽനിന്നും യേശു ആവശ്യപ്പെടുന്നത്. ''മനുഷ്യപുത്രൻനിമിത്തം മനുഷ്യർ നിങ്ങളെ വെറുക്കുകയും ഒഴിവാക്കുകയും നിന്ദിക്കുകയും ചെയ്യുമ്പോൾ...  സന്തോഷംകൊണ്ടു തുള്ളിച്ചാടുക'' (ലൂക്കാ. 6:22-23) എന്ന യേശുവചസ്സിന്‍റെ അർത്ഥമതാണ്. അതിനു തയ്യാറാകുന്നവരെ പരിസഹിക്കുന്നവർ, അതിലൂടെ യേശുവിനെയാണ് പരിഹസിക്കുന്നതെന്നോർക്കുക. അവരുടെ മറിച്ചുള്ള വാദഗതികളൊക്കെ, സ്വന്തം അലസതയെയും നിഷ്ക്രിയത്വത്തെയും ഭീരുത്വത്തെയും ആദർശവൽക്കരിച്ചു മൂടിവയ്ക്കാനുദ്ദേശിച്ചുള്ളവയാണ് എന്നേ പറയാനാകൂ.
                മറ്റൊന്ന്, നവീകരണ പ്രവർത്തനങ്ങൾകൊണ്ട് സഭയിൽ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്നു കരുതുന്നത് ശരിയല്ല എന്നതാണ്. ഏതൊരു നവീകരണ മുന്നേറ്റത്തിനും ആത്യന്തികമായ ഒരു ലക്ഷ്യവും, അതോടൊപ്പം അതിലേക്കടുപ്പിക്കുന്ന താല്ക്കാലികലക്ഷ്യങ്ങളുമുണ്ടാകും. സമീപകാലത്തെ സഭാനവീകരണ പ്രവർത്തനങ്ങൾകൊണ്ടുതന്നെ, വിശ്വാസിസമൂഹത്തിന് ആശ്വാസകരമായ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു! കെ.സി.ആർ.എം-ജെ.സി.സി. കൂട്ടുകെട്ട് മാനത്തൂർ ഇടവകയിലെ കല്ലുവെട്ടത്തിൽ കുട്ടപ്പന് സഭാപരമായ മരിച്ചടക്കു നിഷേധിച്ചതിനെതിരെയും, കാഞ്ഞിരപ്പള്ളിയിൽ മോണിക്കാ തോമസിന്‍റെ ഭൂമി വഞ്ചിച്ചെടുത്തതിനെതിരെയും, പാലായിലും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും നടത്തിയ പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും വിശ്വാസിസമൂഹത്തിനുണ്ടാക്കിയ ആത്മവിശ്വാസത്തെ ആർക്കും ചെറുതാക്കിക്കാണാനാവില്ല. മാനത്തൂരിൽ പ്രതിഷേധയോഗത്തിനു തൊട്ടടുത്ത ദിവസംതന്നെ വികാരിയെ മാറ്റിയതിനും, കുട്ടപ്പന്‍റെ കുടുംബം കേസിനു പോകാതിരിക്കാനായി അവർക്കു വീടുവച്ചുകൊടുത്തതിനും പള്ളിയിലും കല്ലറയിലും വീട്ടിലും മരണാനന്തരചടങ്ങുകൾ നടത്തിക്കൊടുത്തതിനുമൊക്കെ കാരണം, ഈ കെ.സി.ആർ.എം., ജെ.സി.സി പ്രവർത്തനമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. അതേത്തുടർന്ന്, ആത്മഹത്യചെയ്തവരെപ്പോലും യാതൊരു തടസ്സവും പറയാതെ അവിടെ അടക്കുകയുണ്ടായി. ഇനി ഉടനെയെങ്ങും ഒരു ക്രൈസ്തവന്‍റെയും മൃതദേഹത്തെ അപമാനിക്കാൻ പാലാ രൂപതയ്ക്കു ധൈര്യം വരില്ലെന്ന് ഉറപ്പായി പറയാം. ഭൂമിതട്ടിപ്പുകേസിൽ കെ.സി.ആർ.എം-ഉം ജെ.സി..സി-യും ഇടപെട്ട് രൂപതാ ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധറാലികൾ നടത്തിയത്, പൗരോഹിത്യത്തിന്‍റെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചും നീതിബോധമില്ലായ്മയെക്കുറിച്ചും ഗുണ്ടാബന്ധത്തെക്കുറിച്ചും വിശ്വാസികളുടെയിടയിൽ വലിയൊരു ബോധവൽക്കരണം നടക്കാൻ ഇടയാക്കി.
കാഞ്ഞിരപ്പള്ളി മെത്രാന്‍റെ രാഷ്ട്രീയ ദുഃസ്വാധീനത്തെയും ശക്തിയെയും ഭയന്നിരുന്ന വിശ്വാസി സമൂഹത്തിന് അല്പമൊരു ധൈര്യവും ആശ്വാസവും പകരാൻ അതുതകി. ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്, കോടതിയിൽ മാത്രമല്ല, കേരളക്രൈസ്തവരുടെ മനസ്സുകളിലും അദ്ദേഹമിപ്പോൾ പ്രതിസ്ഥാനത്താണ്. പൗരോഹിത്യത്തെ ചൂഴ്ന്നുനിൽക്കുന്ന ദൈവികപരിവേഷം മനുഷ്യമനസ്സുകളിൽനിന്നു കുറെയെങ്കിലും അഴിഞ്ഞുവീഴാനും അതിടയാക്കി.
                മണ്ണയ്ക്കനാട് ഇടവകയിലുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടതാണ് ഇതിലേറ്റവും അവസാനത്തേത്. കെ.സി.ആർ.എം-ന്‍റെ സഹകരണത്തോടുകൂടി ഇടവക ആക്ഷൻ കൗൺസിൽ പ്രതിഷേധയോഗവും പത്രസമ്മേളനവും നടത്തിയപ്പോൾത്തന്നെ മെത്രാസനം ഇളകുകയും, പിറ്റേന്നുതന്നെ രൂപതാ പ്രതിനിധികളുടെ നേതൃത്വത്തിൽ പ്രത്യേക പള്ളിക്കമ്മിറ്റി ചേരാൻ തീരുമാനിക്കുകയും ചെയ്തു. അന്നു രാവിലെതന്നെ ഇടവകക്കാരും കെ.സി.ആർ.എം. പ്രവർത്തകരും അഖണ്ഡജപമാല പ്രാർത്ഥനായജ്ഞം ആരംഭിച്ചു. ഉച്ചയായപ്പോഴേക്കും, ഇടവകക്കാരുന്നയിച്ചിരുന്ന മുഴുവൻ കാര്യങ്ങളും കമ്മിറ്റി മീറ്റിംഗിൽ അംഗീകരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. പള്ളി തന്‍റെതാണെന്നും വേണ്ടിവന്നാൽ അതു പൂട്ടിയിടുമെന്നും വിശ്വാസികളെ ഭീഷണിപ്പെടുത്തിയ മെത്രാന്, തന്‍റെ ധിക്കാരവാക്കുകൾ വിഴുങ്ങേണ്ടിവന്നത്, ലക്ഷ്യബോധത്തോടെ നടത്തിയ സഭാനവീകരണ പ്രവർത്തനങ്ങൾ മൂലമല്ലേ? ഇതെല്ലാം, ആ ഇടവക സമൂഹത്തിനുമാത്രമല്ല, കേരളത്തിലെ മുഴുവൻ ഇടവകസമൂഹങ്ങൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നുനൽകാൻ പോരുന്ന കാര്യങ്ങളാണ്. ശരിയായ സഭാനവീകരണ പ്രവർത്തനങ്ങൾകൊണ്ട് സഭയുടെയും വിശ്വാസികളുടെയും സമീപനങ്ങളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്നതിന് ഇതൊക്കെ തെളിവല്ലേ?
                'പുരോഹിതരോട് അകന്നുനിന്നാൽ പോരേ?' എന്നുപദേശിക്കുന്നവർ, സ്വന്തം ജീവനും ജീവിതവും എങ്ങനെയും സംരക്ഷിക്കണം എന്നുമാത്രം വിചാരമുള്ള ഉദരംഭരികളാണ്, സ്വകാര്യമാത്രപരതയിൽ (ഭൗതികമനോഭാവത്തിൽ) ആണ്ടുകിടക്കുന്നവരാണ് എന്നു വിലയിരുത്തേണ്ടിവരുന്നു. അക്കാര്യത്തിലും പക്ഷേ, അവർക്കു രക്ഷ കണ്ടെത്താനാവില്ല. കാരണം, വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ഓരോ കാര്യത്തിനുവേണ്ടി അവരും ഇന്നത്തെ നിലയിൽ, അടുക്കേണ്ടിയും ആശ്രയിക്കേണ്ടിയും വരുന്നത് പൗരോഹിത്യത്തെത്തന്നെയാണ്.
                മത-രാഷ്ട്രീയശക്തികൾ തമ്മിൽ കൈകോർത്ത് സൃഷ്ടിക്കുന്ന മനുഷ്യത്വഹീനവും ഭീകരവുമായ സാഹചര്യങ്ങളെയും സഭാനവീകരണപ്രവർത്തകർക്കു നേരിടേണ്ടിവരും. കെ.സി.ആർ.എം-ന്റെയും ജെ.സി.സി-യുടെയും പ്രമുഖ പ്രവർത്തകരായ ഇപ്പനും ഇന്ദുലേഖയും കുടുംബവും വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നതും, ഈയിടെ വീണ്ടും മൂർച്ഛിച്ചതുമായ മതരാഷ്ട്രീയാതിക്രമങ്ങൾ ഇത്തരത്തിലുള്ളവയാണ്. ഇതിനെയും ക്രിസ്തീയമായി നമുക്കു നേരിടേണ്ടതുണ്ട്. അതു കൂടുതൽ വിശദമായി ചർച്ച ചെയ്യേണ്ട ഒരു സഭാനവീകരണവിഷയംതന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. യേശുവും ഈ മത-രാഷ്ട്രീയകൂട്ടുകെട്ടിന്‍റെ ഇരയായിരുന്നു എന്നു നമുക്കോർക്കാം; ജാഗ്രത പുലർ ത്തുകയും ചെയ്യാം. അവിടെയും മാറ്റങ്ങളുണ്ടാക്കാൻ നമുക്കു ശ്രമിക്കാം.
                ഇത്തരം മാറ്റങ്ങൾക്കു തുടക്കം കുറിക്കാനും അവയെ വളർത്തിക്കൊണ്ടുവന്ന് വലിയ മാറ്റങ്ങളിലേക്കു സഭയെ നയിക്കാനും നവീകരണപ്രവർത്തനങ്ങൾക്കു കഴിയും. അങ്ങനെ സ്വന്തം സമുദായത്തെ പുരോഹിതാധിപത്യത്തിൽനിന്നും മതരാഷ്ട്രീയത്തിൽനിന്നും സ്വതന്ത്രമാക്കി സഭാംഗങ്ങളുടെ അന്തസ്സും അഭിമാനവും മനുഷ്യത്വവും വീണ്ടെടുക്കേണ്ടതുണ്ട്. എങ്കിലേ, ഇന്നത്തെ യാന്ത്രികമായ ആൾ ക്കൂട്ടസമൂഹം എന്ന അവസ്ഥയിൽനിന്നും സജീവത പുലർത്തുന്ന ജൈവസമൂഹമായി സഭ മാറൂ. ജൈവസമൂഹത്തിലേ യേശു ഉപദേശിച്ച ദൈവരാജ്യമൂല്യങ്ങൾ വിളയൂ താനും. ഇത് ഓരോ മനുഷ്യനും മൊത്തം ലോകത്തിനും ആവശ്യമുള്ള കാര്യമാണ്. ഈ ബോധ്യമുള്ള ആർക്കും സഭാനവീകരണപ്രവർത്തകരാകാം. ഈശോമിശിഹായുടെ പൂർണ്ണത കൈവരിച്ചിട്ടാകട്ടെ പ്രവർത്തിക്കാൻ എന്നു കരുതിയാൽ വീട്ടിൽ ഒതുങ്ങിയിരിക്കാനേ പറ്റൂ. അതുപദേശിക്കുന്ന അച്ചന്മാരുടെയും പ്രമാണിമാരുടെയും ആഗ്രഹവും അതുതന്നെയാവും. മറിച്ച്, സത്യത്തെ മുൻനിർത്തിയുള്ള അന്വേഷണങ്ങളിലൂടെയും നവീകരണചിന്തകളിലൂടെയും അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും യേശുചൈതന്യത്തോടടുക്കാൻ നോക്കുകയാണു വേണ്ടത്.


എഡിറ്റർ

No comments:

Post a Comment