അടുത്തിടെ
ഞാന്‍ ജോണ്സണ്‍ വൈദ്യരെ കണ്ടു. അങ്ങേരെ അങ്ങിനെ വിളിക്കുന്നുവെങ്കിലും അങ്ങേര്
വൈദ്യരല്ല; പണ്ടൊരു മെഡിക്കല്‍ റെപ്പായിരുന്നു, ഈ തൃശ്ശൂര്‍ക്കാരന്‍. ഗള്‍ഫില്‍
വന്നു സെയില്‍സ്മാനായി ജോലി ചെയ്യുന്നു; അവിടെ വരുന്ന നാട്ടുകാര്‍ക്കെല്ലാം വല്യ
ഉപകാരി. സാമാന്യം രോഗങ്ങള്‍ക്കൊക്കെ പ്രതിവിധി അറിയാം, അതാര്‍ക്കും ഫ്രീയായി
പറഞ്ഞു കൊടുക്കുകയും ചെയ്യും. രക്തം ആവശ്യമുള്ളവര്‍ക്ക് സമൃദ്ധമായി കൊടുക്കുന്നത്
കൊണ്ടാവണം മെല്ലിച്ച ശരീരം. അങ്ങേരുടെ രക്ത ഗ്രൂപ്പ് പറയുകയാണെങ്കില്‍ സീറോ
നെഗറ്റിവ് ആയിരിക്കാനെ വഴിയുള്ളൂ. കത്തോലിക്കാ സഭയുടെ ബദ്ധവൈരി. അദ്ദേഹം അങ്ങിനെ
ആയ കഥ പറഞ്ഞാല്‍ ഒത്തിരിയുണ്ട്. അങ്ങേര്‍ക്ക് എന്നെ അറിയാം, അല്മായാ ശബ്ദം സ്ഥിരം
വായിക്കുകയും ചെയ്യും. എന്തെങ്കിലും പുതിയ ആശയം ഉണ്ടെങ്കില്‍ എന്നെ കാണുമ്പോള്‍
പറയാനും മടിക്കില്ല.
അങ്ങേരെ
കണ്ടപ്പോള്‍ ഒരു കുശലം എന്നോണം ഞാന്‍ പറഞ്ഞു, ‘ഇപ്പോഴും ആ പഴയ പ്രസരിപ്പുണ്ടല്ലോ’
എന്ന്. അങ്ങേര് പറഞ്ഞു, ദീര്‍ഘായുസ്സ് വേണമെങ്കില്‍ മെത്രാനാകണമെന്ന്. മെത്രാന്‍
പട്ടം കൊതിച്ച് അറിയാവുന്ന കുത്തിത്തിരിപ്പുകളെല്ലാം ചെയ്ത് പരാജയപ്പെട്ട ഒരു
വൈദികന്‍ പറഞ്ഞതെന്ന് പറഞ്ഞു പറഞ്ഞ് അദ്ദേഹത്തിന്‍റെ ചെവിയില്‍ എത്തിയതാണത്രേ ഈ
രഹസ്യം. ഞാനോര്‍ത്തു നോക്കി, ഇപ്പറയുന്നത് സത്യമായിരിക്കാന്‍ സാദ്ധ്യത ഏറെ, കാരണം
മെത്രാന്മാര്‍ റിട്ടയര്‍ ചെയ്തു എന്നല്ലാതെ ‘കാലം ചെയ്തു’ എന്ന് കേള്‍ക്കാറില്ല.
ഒരു പക്ഷെ, അവരെല്ലാം ക്യൂരിയാ കുത്തിവെപ്പ് എടുത്തവരായിരിക്കാന്‍
സാധ്യതയുണ്ടായിരിക്കണം. അതിനോട് സാമാന്യം വൈറസ്സുകളൊന്നും അടുക്കില്ലല്ലോ. റിട്ടയര്‍
ചെയ്തിട്ടും മുറുമ്മിക്കൊണ്ടിരിക്കുന്ന മെത്രാന്‍ എല്ലാ രൂപതകളില്‍ തന്നെയും
ഉണ്ടെന്നു പറയാം.
“ചെയ്ത
ദ്രോഹം അനുഭവിച്ചു തീരുന്നിടം വരെ ഒരു മെത്രാനെയും ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന്
പത്രോസിന്‍റെ ഓര്‍ഡര്‍ ഉണ്ട്.” വൈദ്യര് പറഞ്ഞു. വൈദ്യരുടെ കണ്ടുപിടുത്തം എന്നെ
ചിരിപ്പിച്ചു കളഞ്ഞു. ഞാന്‍ വൈദ്യരെ കണ്ടത് എന്‍റെ ഒരു സ്നേഹിതന്‍റെ ബെര്‍ത്ത് ഡേ
പാര്ട്ടിക്കാണെന്ന് പറഞ്ഞില്ലല്ലോ. വൈദ്യരെ ഒരു പൊതു സുഹൃത്തായി എല്ലാവരും
വിളിക്കും. അത് കൊണ്ട് ആ സ്നേഹിതനുമായുള്ള ബന്ധത്തെ പ്പറ്റി ഒന്നും ഞാന്‍
ചോദിച്ചില്ല.
ആ
വീട്ടില്‍ ഒരു കൊച്ചു കുഞ്ഞുണ്ടായിരുന്നു. ഏതാണ്ട് മൂന്നു മാസം പ്രായം കാണും. ആ
കുഞ്ഞ് ഒരു സ്ത്രീയുടെ കൈയ്യിലിരുന്നു വാവിട്ടു കരയാന്‍ തുടങ്ങി. വൈദ്യര്
ചോദിച്ചു,
“ആ
കുഞ്ഞെന്തിനാ കരയുന്നതെന്ന് അറിയാമോ?”
“അമ്മിഞ്ഞാ
കിട്ടാഞ്ഞിട്ട്, അല്ലാതെന്തിനാ?” ഞാന്‍ ചോദിച്ചു. ഒന്നിരുത്തി മൂളിയിട്ട് വൈദ്യര്
പറഞ്ഞു,
“അല്ല....
ആ കുഞ്ഞിന്‍റെ കൈയ്യിലെന്താണെന്ന് നോക്കിക്കേ?”
ഞാന്‍
നോക്കിയപ്പോള്‍ പ്രത്യേകിച്ച് ഒന്നും കണ്ടില്ല, ഒരു കൈ തലമുടിയില്‍
പിടിച്ചിട്ടുണ്ട്; മറ്റേ കൈ സിന്ദാബാദ് വിളിക്കുന്നതുപോലെ വായുവില്‍ പൊങ്ങി നില്‍ക്കുന്നു.
ചോദ്യഭാവത്തില്‍ ഞാന്‍ വൈദ്യരെ നോക്കി. വൈദ്യര് പറഞ്ഞു,
“ആ
കുഞ്ഞ് സ്വന്തം തലമുടിയില്‍ മുറുക്കെ പിടിച്ചു വലിക്കുന്നുണ്ട്. കൈ നിവര്‍ത്താല്‍ പ്രശ്നം
തീരുമെന്നു പക്ഷെ, കുട്ടിക്കറിയില്ല. അതാ കാര്യം.” വൈദ്യരെ മനസ്സാ ഞാന്‍
അഭിനന്ദിച്ചു. വൈദ്യര് നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. അങ്ങേരു തുടര്‍ന്നു,
“ഇത്
തന്നെയാ നമ്മുടെ മെത്രാന്മാരുടെ കാര്യവും. അവര് പാരമ്പര്യത്തില്‍ മുറുകെ
പിടിച്ചിരിക്കുകയാ, വല്ലാതെ വേദനിക്കുകയും കരയുകയും ചെയ്യുന്നുണ്ട്. ആ പിടി
വിട്ടാല്‍ തീരുന്നതാ മിക്കവാറും പ്രശ്നങ്ങള്‍. ഇവര്‍ കൈ വിടുന്നത് കൊണ്ട് പാരമ്പര്യത്തിന്
ഒന്നും സംഭവിക്കുകയുമില്ല.”
വൈദ്യരുമായി
ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് എനിക്കെന്നും സന്തോഷം ഉള്ള കാര്യം. സഭാകാര്യങ്ങള്‍
പറഞ്ഞാല്‍ വൈദ്യര്‍ ഒരു വിജ്ഞാന കോശമായും മാറും. പാവത്തിന് കമ്പ്യുട്ടറില്‍ വലിയ
പരിജ്ഞാനം ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അത്മായാ ശബ്ദത്തിലെ സ്ഥിരം എഴുത്തുകാരനായേനെ
അദ്ദേഹം. അങ്ങേരുടെ കണ്ടുപിടുത്തങ്ങളുടെ ചരിത്രം അവിടം കൊണ്ട് തീര്ന്നില്ല.
“അല്മായശബ്ദം വായിക്കാന്‍ ഒരു കോടി ആള്‍ക്കാര്‍ വന്നാലും ഈ മെത്രാന്മാര്‍ക്ക് ഒരു
മാറ്റവും വരാന്‍ പോകുന്നില്ല. അവര്‍ക്ക് നാണം എന്നൊന്നില്ല. ‘മെത്രാന്മാര്‍ക്ക് നാണമില്ലാത്തത്
എന്തുകൊണ്ട്’ എന്ന വിഷയത്തില്‍ ആരെങ്കിലും ഗവേഷണം നടത്തിയിരുന്നെങ്കില്‍ കാര്യം
മനസ്സിലായേനെ. കാര്യം എനിക്കറിയാം.” വൈദ്യര് പറഞ്ഞു. ചോദ്യഭാവത്തില്‍ ഞാന്‍
വൈദ്യരെ നോക്കി.
“കര്‍ത്താവിന്‍റെ
സ്വരം കേള്‍ക്കാഞ്ഞിട്ടാ. അത് കേട്ടപ്പോഴല്ലേ ആദത്തിനും ഹവ്വാക്കും നാണം ഉണ്ടായത്.
അതുവരെ അവര്‍ സര്‍പ്പവുമായി സല്ലപിച്ചു കഴിയുകയായിരുന്നില്ലേ? അത്മായര്‍ ഇതെന്നും
കേള്‍ക്കുന്നു, അവരത് അറിയുന്നു. അവര്‍ക്ക് നാണത്തിനു ഒരു കുറവുമില്ല.” വൈദ്യര്
പറഞ്ഞു നിര്‍ത്തി. എനിക്കതത്ര വിശ്വാസം വന്നില്ല. പക്ഷെ, അത്മായരും മെത്രാന്മാരും
തമ്മിലുള്ള വ്യത്യാസം ദൈവമാണല്ലോ എന്നോര്‍ക്കാതിരിക്കാനും കഴിഞ്ഞില്ല.
“പണ്ടൊക്കെ,
ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ ചെന്നാല്‍ എണ്ണ, തിരി. മുതലായ സാധനങ്ങള്‍ കാശ്
കൊടുത്ത് വാങ്ങി നേര്ച്ചക്കുപയോഗിക്കണമായിരുന്നു. ഇപ്പോഴെങ്ങിനാണെന്നറിയാമോ?” വൈദ്യര്‍
ചോദ്യഭാവത്തില്‍ എന്നെ നോക്കി. വൈദ്യര്‍ തന്നെ അതിനുത്തരം പറഞ്ഞു.
“എണ്ണ,
തിരി, വിളക്ക് മുതലായ സാധനങ്ങള്‍ നേര്ച്ച കൊടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അതിനുള്ള
പണം നേര്‍ച്ചയായി ഇട്ടാല്‍ മതി’ എന്നൊരു ബോര്‍ഡ് അങ്ങോട്ട് വെക്കും. എന്ത്
കൊടുത്താലും ഞങ്ങളത് ചുക്കിണിയാക്കും എന്നല്ലേ അതിന്‍റെ അര്‍ഥം? നാളെ
എങ്ങിനെയായിരിക്കുമെന്നു അറിയാമോ? എണ്ണ, വിളക്ക് എല്ലാം മാറും; കമ്പി, സിമിന്‍റ്,
മണല്‍ മുതലായ സാധനങ്ങളായിരിക്കും പുണ്യവാന്മാര്‍ നേര്‍ച്ചയായി പിടിക്കുക. പുതിയ
വീടു പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘കമ്പി നേര്ച്ച’ നടത്താന്‍ സൌകര്യമുള്ള
പള്ളികള്‍ എല്ലാ രൂപതകളിലും വരും. മാത്രോ അല്ല,
അത്മായരും മെത്രാന്മാരുടെ കാല്‍ക്കല്‍ വീണെന്നുമിരിക്കും. സ്വന്തം വീടു റിപ്പയര്‍
ചെയ്യാന്‍ സിമിന്റും പാറപ്പൊടിയും കിട്ടാത്ത കാലം വന്നേക്കാം. പള്ളിക്ക്
തികഞ്ഞിട്ട് ഇവയൊന്നും പുറത്തു കിട്ടണമെന്നില്ല.”
“റോഷന്‍
സാര്‍ ഒരു കാര്യം ചെയ്യാമോ? എവുപ്രാസിയാമ്മയുടെയും കുര്യാക്കോസ് ഏലിയാസച്ചന്‍റെയും
കഥകളുണ്ടല്ലോ, ഇപ്പൊ അച്ചടിച്ച് വരുന്നത്. അതിന്‍റെയെല്ലാം കട്ടിംഗ് എടുത്തു
വെയ്ക്കണം, കാരണം അടുത്ത വര്ഷം ഇതേ സമയം ഇറങ്ങുന്ന കഥകള്‍ വ്യത്യാസം വരും; അന്ന്
നമുക്ക് ചോദിക്കണം. ചാവറ അച്ചന്‍ നല്ലൊരു വൈദികനായിരുന്നു എന്നതിന് തര്‍ക്കമില്ല. ജീവിച്ചിരുന്നപ്പോള്‍
തന്നെ വിശുദ്ധനെന്ന് അറിയപ്പെട്ടുവെന്നു പറയുന്ന ചാവറയച്ചന്‍റെ ബോഡിയാ ഇപ്പോള്‍
എവിടാന്ന് അറിയില്ലാത്തത്. ഉടനെ DNA ടെസ്റ്റ് നടത്താന്‍ കോടതി വിധി വന്നേക്കാം.
ടെസ്റ്റ് തീരുന്നിടം വരെ ലാബറട്ടരിയുടെ മുമ്പില്‍ ആരാധനയും നൊവേനയുമൊക്കെ
നടന്നേക്കാം.”
“അതൊക്കെ
ഒത്തു തീര്‍പ്പാകും വൈദ്യരെ. അതിന് പള്ളിക്കാരു സമ്മതിക്കുമോ?” ഞാന്‍ പറഞ്ഞു.
“ഒരു
കൂട്ടര്‍ സമ്മതിക്കില്ല. ഉറപ്പാ.”
“അതാരാ?”
ഞാന്‍ ചോദിച്ചു.
“ചാവറയച്ചന്‍റെ
പൂജ്യാവശിഷ്ടം ഉള്ളിലില്ലാ എന്നറിയുന്ന ഒരു കൂട്ടരുണ്ടല്ലോ. അവര്‍. ഇവിടെ വേറെയും
പ്രശ്നമുണ്ട്. രണ്ടിടത്തും ഓരോ ബോഡി കണ്ടെന്നു വെയ്ക്കുക. ഒന്ന് കുര്യാക്കോസ്
അച്ചന്‍റെയാണെങ്കില്‍ അടുത്തത് ആരുടെയാണെന്ന ചോദ്യം വരും. ചാവറ അച്ചന്‍
കൂനമ്മാവില്‍ നിന്ന് ഉയര്‍ത്തെണിറ്റ് മാന്നാനത്തു വന്നതായിരിക്കുമോ? അച്ചന്‍ ഉയര്‍ത്തെന്നു
വരുത്തിത്തിത്തിര്‍ക്കാന്‍ രണ്ടു പേരും കൂടിയുള്ള ഒത്തുകളിയാണോ, ആര്‍ക്കറിയാം?
കൂനമ്മാവിലെ കല്ലറ തുറക്കുമ്പോള്‍ ബോഡി കണ്ടില്ലെങ്കിലും പ്രശ്നമാവും. അപ്പോള്‍
മാന്നാനംകാര് കട്ടോണ്ട് പോയെന്നു വന്നു കൂടായ്കയില്ല.
“ഇതിനു
പ്രതിവിധി ഒന്നേയുള്ളൂ. അരക്ക് താഴെ ഭാഗം കൂനമ്മാവിലും തലഭാഗം മാന്നാനത്തും
ആണെന്നൊരു നിഗമനത്തിലെത്തി രണ്ടു കൂട്ടരും ധാരണാ പത്രത്തില്‍ ഒപ്പ് വെയ്ക്കുക.
അപ്പോഴുമുണ്ട് പ്രശ്നം – ഏതു ഭാഗം നോക്കിയാ വിശുദ്ധനാക്കിയതെന്നു മാര്‍പ്പാപ്പാ
പ്രഖ്യാപിക്കേണ്ടി വരും. അതുപോലെ, ആരു മരിച്ചാലും രണ്ടായി അടക്കുന്ന സമ്പ്രദായവും
വന്നെന്നിരിക്കും. തപ്പി നോക്കിയാല്‍ നമ്മുടെ പാരമ്പര്യത്തില്‍ അതും കാണും. അപ്പം
മുറിച്ചാണല്ലോ കര്‍ത്താവ് അന്ത്യ അത്താഴം കഴിച്ചത്.”
പാലാക്കാരുടെ
പ്രസിദ്ധമായ ഒരു മൊഴിയുണ്ട്, ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും
ഇല്ലാ’യെന്ന്. അത് തന്നെ ഞാനും വൈദ്യരോട് പറഞ്ഞു. എന്നിട്ട് മനസ്സാ പ്രാര്‍ഥിച്ചു
- ‘കര്‍ത്താവേ, എന്നെ അങ്ങോട്ടെടുത്തോളണേ, ഇപ്പൊ തന്നെ.’
"മെത്രാന്മാര്‍ക്ക് നാണമില്ലാത്തത് എന്തുകൊണ്ട്’ എന്ന വിഷയത്തില്‍ ആരെങ്കിലും ഗവേഷണം നടത്തിയിരുന്നെങ്കില്‍ കാര്യം മനസ്സിലായേനെ." ഗവേഷണം നടത്താൻ പോലും കൊള്ളില്ലാത്ത ഈ വിഷയത്തിന്റെ പേരിൽ സമയം കളയാൻ ആരെയും കിട്ടുമെന്ന് റോഷൻ കരുതേണ്ട. ഫാ. സെബാസ്റ്യൻ കാപ്പനെപ്പറ്റിയുള്ള ചെറിയ പോസ്റ്റിനു ഞാനിട്ട കമെന്റ് വായിച്ചശേഷം ഒരു റവ.ഡോ. Antony അയച്ച മെയിൽ മാന്യ വായനക്കാർ സ്വയം വിലയിരുത്തുക. ഇത്തരം വൈദികർ ഇഷ്ടംപോലെ ഉള്ളിടത്തോളം കാലം മെത്രാന്മാർക്ക് എന്നല്ല, കത്തോലിക്കാ സഭക്കും ഒന്നും പേടിക്കാനില്ല. Dr. Antony തന്നിരിക്കുന്ന ലിങ്ക് തുറന്നൽ കാണാം വൈദികപരിശീലനത്തിന്റെ ശക്തി.
ReplyDeleteDear Zach
It has become a fashion among Christians to criticise their own religion. By doing it, they think, they become above the ordinary ignorant believers. The simple reason for this is that there is no blasphemy law in catholic church. No person, in any other religion, would volunteer to criticise his own religion in public. And this is one reason for the plight of Christianity.
I am not a fanatically religious person. But I know there are fanatic religions in this world. And that is the problem of the world. Not those simple celibate unfortunate priests destined to live that way. They are human beings too. Who is sincere and honest and committed to his profession these days? The whole world is neck deep in corruption and acts of survival. I believe there are far more important issues in this world than cleansing the church.
When you find time, read the link.
http://www.plainsimplefaith.com/2014/07/5-reasons-why-i-dont-criticize-the-church-of-christ/
best regards
dr.antony
കുറിപ്പ് വായിച്ച് അഭിപ്രായം എഴുതിയ ഫാ. ആന്റണിക്ക് നന്ദി പറയുന്നു. ഇരുവശവും എല്ലാവരും കേള്‍ക്കട്ടെ. അദ്ദേഹം പറഞ്ഞ ലോകത്തിലെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ് സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ തീര്‍ക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഒരു വൈദികന്‍ അദ്ദേഹത്തിന്‍റെ ലോകത്ത് നിന്ന് പരമാവധി കാണുന്നതെങ്ങിനെയെന്നാണ് ഈ കത്തില്‍ നിന്ന് മനസിലാക്കാം. അദ്ദേഹത്തെ വിധിക്കാനും നമ്മള്‍ ആളല്ല. ഏറ്റവും ഹീനമായ കുറ്റകൃത്യം ചെയ്യുന്നവനും അവന്റെ മനസാക്ഷിയുടെ ഒരു നീതീകരണമുണ്ട്, അതെല്ലാവര്‍ക്കുമുണ്ട്. പ്രതിക്ഷേധിക്കുന്ന അത്മായനും അങ്ങിനെ തന്നെ.
ReplyDeleteമെത്രാന്മാരെ റോഷന്‍ അടച്ചു പറഞ്ഞത് ശരിയായില്ല. അവരിലും നല്ലവര്‍ വളരെ ഉണ്ട്. വൈദികരിലും കന്യാസ്ത്രികളിലും വളരെ നല്ലവരുണ്ട്. പക്ഷെ, അവരുടെ കൈയിലല്ല സഭ നില്‍ക്കുന്നത്. ഒരു കാലത്ത്, അതായത് ഇടവകക്കാരുടെ കൈയ്യില്‍ ഇടവക ഭരണം ഉണ്ടായിരുന്ന കാലഘട്ടത്തില്‍, കൈക്കാരന്മാര്‍ സ്വന്തം വീട്ടില്‍ നിന്ന് പൊതിയും കെട്ടി വന്ന് പള്ളിക്കാര്യം നോക്കുമായിരുന്നു. അന്ന് അതെല്ലാം അവരുടെതാണെന്നും സഭ നമ്മുടെതാണെന്നും ഒക്കെ ഒരു ബോധമുണ്ടായിരുന്നു. അന്ന് സഭ വളര്‍ന്നു. ഇന്ന് നേരെ തിരിച്ചാണ്. എന്ത് കൊണ്ട് അങ്ങിനെയൊരു വ്യതിയാനം ഉണ്ടായി എന്ന് ചിന്തിക്കുന്നത് നല്ലത്.
ഇവിടെ, പണ്ടത്തെപ്പോലെ സഭ വിട്ടു പോയി തിരിഞ്ഞ് നിന്ന് രണ്ടെണ്ണം പറയുന്നവരുടെ തലമുറ പോയി. തങ്ങള്‍ക്കവകാശപ്പെട്ട സഭയും സമുദായവും വിട്ടു പോകേണ്ട കാര്യം എന്തെന്ന് അവര്‍ ചിന്തിക്കുന്നു. ഏതെങ്കിലും തരത്തില്‍ നൊന്തവരാണ് ഇന്ന് മുക്കിലും മൂലയിലും നിന്ന് സിന്താബാദ് വിളിക്കുന്നത്. ഒരു കുറി സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ നിന്നും ഒത്തു കല്യാണത്തിന്റെ തലേന്ന് വിമാനത്തില്‍ കേരളത്തില്‍ വന്നു മടങ്ങേണ്ട ഗതികേട് ഒരു കുടുംബ നാഥന് ഉണ്ടായെങ്കില്‍ അത് തമാശയാണോ? ഫാക്സും, മൊബൈലും, ഇമെയിലും എല്ലാം ഉള്ള ഒരു രാജ്യത്ത് ഇത് ചിന്തിക്കാന്‍ കൂടി വയ്യ. ഇത് പോലെ നിരവധി അതിക്രമങ്ങളുടെ കഥകള്‍ ദിവസവും കേള്‍ക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇവ ഉണ്ടാകാതെ നോക്കാനും എന്തെങ്കിലും ഒരു സംവിധാനം ഉണ്ടോ? പേരിലേ ഉള്ളൂ, കാര്യത്തിലില്ല. എല്ലാ സഭാ വിരോധികളും ഈ ബ്ലോഗ്ഗ് വായിക്കുന്നില്ല, ഇതിനെപ്പറ്റി കേട്ടിട്ടുമില്ല. ഇത് വായിച്ച് ആവേശം കൊണ്ടിട്ടല്ല കൊല്ലത്ത് അരമന മാര്‍ച്ചും ലാത്തിച്ചാര്‍ജ്ജും നടന്നത്. വ്യാപകമായി അത്മായര്‍ അസ്വസ്ഥരാണ്. അത് സത്യമാണ്. റോമില്‍ ഒരു ക്യൂരിയാ ഹൌസ് തുടങ്ങിയത് മാര്‍പ്പാപ്പയെ വെല്ലു വിളിക്കാന്‍ ആണെന്നത് പരസ്യമായ രഹസ്യമല്ലേ? ആളെ വെച്ചു വിലപറയുന്ന കൂദാശകള്‍ എങ്ങിനെ ദൈവത്തിന്റെതാകും? ഇത് ചോദ്യം ചെയ്യുന്നവര്‍ അല്‍പ്പം കാത്തിരിക്കുക.
ഒരു ദൈവദൂഷണ നിയമം ഉണ്ടാക്കിയാല്‍ ഒതുക്കാന്‍ പറ്റുന്ന കാര്യമല്ല ഇത്. ശവമായാല്‍ അത് മെഡിക്കല്‍ കോളേജിന് എന്നെഴുതി വെച്ചിട്ട് യുദ്ധത്തിനിറങ്ങിയവരെ പിന്തിരിപ്പിക്കാന്‍ അത് പോരാ. ഇവിടെ വേണ്ടത്, അടിമുതല്‍ മുടി വരെ യേശുവിന്റെ വചനം ഉള്‍ക്കൊള്ളാനും എല്ലാവര്ക്കും നീതി കൊടുക്കാനും തയ്യാറുള്ള കൂട്ടായ്മകള്‍ ആണ്. കാനോന്‍ നിയമമായാലും അത് മനുഷ്യന് വേണ്ടിയാണ്, അല്ലാതെ മനുഷ്യന്‍ അതിന് വേണ്ടിയുള്ളതല്ല. സ്നേഹം ഉള്ളിലും പുറത്തും നിറഞ്ഞു നില്‍ക്കണം. അതുണ്ടാവുകയും അത്മായനു നീതി ഉറപ്പാവുകയും ചെയ്‌താല്‍ അത്മായാ ശബ്ദം തീര്‍ച്ചയായും ലോകത്തിന്റെ നീറുന്ന പ്രശ്നങ്ങളിലേക്ക് കടക്കും, അല്ലെങ്കില്‍ അതിനും മാര്ഗ്ഗമുണ്ടല്ലോ. അതിന് ഡോ. ആന്റണി അച്ചന്‍ സഹായിക്കുമല്ലോ.
"അണ്ണാൻ കുഞ്ഞും തന്നാലവതു" എന്നകണക്കെ സക്കരിയാച്ചായന്റെ "മെത്രാന്മാര്‍ക്ക് നാണമില്ലാത്തത് എന്തുകൊണ്ട്’ എന്ന വിഷയത്തില്‍ ആരെങ്കിലും ഗവേഷണം നടത്തിയിരുന്നെങ്കില്‍ കാര്യം മനസ്സിലായേനെ."എന്ന ചിന്തയ്ക്ക് ഒരു ജന്മചിന്ത ഇവിടെകുറിക്കാം...
ReplyDeleteഅമ്മയുടെ ഉദരത്തിൽ വച്ചേ 'കത്തനാര്‍വൃത്തിക്കു' എന്റെ അമ്മ ദൈവത്തിനു നേര്‍ന്ന ഒരു നേര്‍ച്ചദ്രവ്യമാണ് ഞാന്‍ ! എനിക്ക് പത്തുവയസ് ആയപ്പോഴേ അള്‍ത്താരയില്‍ ഞാന്‍ "ബോയ്" ആയി ! ഒത്തിരിയൊത്തിരി പുരോഹിതരുമായും മെത്രന്മാരുമായും കാതോലിക്കാമാരുമായും
അടുത്തിടപഴകാന്‍ ജീവിതത്തില്‍ അവസരം ലഭിച്ച എന്റെ ഈ കണ്ടെത്തല്‍ ലോകമേ, ഇതാ സമര്‍പ്പിക്കുന്നു .
ഒരു പയ്യന്‍ "വീട്ടില്‍ കൊള്ളരുതാത്തവനാണു//നാട്ടില്‍ കൊള്ളരുതാത്തവനാണു //പള്ളിക്കൂടത്തില്‍ കൊള്ളരുതാത്തവനാണു" എന്ന സല്പേര്നേടിയാല്‍, ആ സന്തതിയെ അവന്റെ അപ്പന്‍ ശല്യമൊഴിയാൻ, ഇല്ലാത്തപണമുണ്ടാക്കി "കൈക്കൂലി" ഏതോ മെത്രാന്കൊടുത്ത് 'കത്തനാര് വേലയ്ക്കു' സെമ്മിനാരിയില്‍ ഒരുവനെ ചേര്‍ക്കുന്നു ! ഈ സല്പ്പേര്പയ്യന്‍ ളോഹധരിച്ചു കത്തനാരും, പിന്നെ മെത്രാനും, മൂത്തുമൂത്ത് കര്‍ദ്ദിനാളും, ഒടുവില്‍ വെള്ളപ്പുകയോടെ വി.പോപ്പും ആകുന്നു ! "അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ല " എന്നചൊല്ലുപോലെ, അല്ലെങ്കില്‍ "കാരസ്ക്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ" എന്ന കവിവചനം പോലെ, ഒരു മാറ്റവുമില്ലാതെ ആ മനസിന്‍റെ പഴയസംസ്കാരം ജീവിതാന്ത്യം വരെ അവന്‍ തുടരുകതന്നെ ചെയ്യും ! "ഞാന്‍ ളോഹ ഊരിയാല്‍ മഹാചെറ്റയാണ്" എന്ന് സ്വയം വിലയിരുത്തുന്ന നിരവധി ളോഹധാരികളെ എനിക്കടുത്തറിയാം! വി.വസ്ത്രംധരിക്കുക എന്ന ചടങ്ങുകൊണ്ട് അകമേയുള്ള സംഗതികള്‍ക്ക് ഒരു മാറ്റവുമില്ലാതെ ഇവറ്റകള്‍ സമൂഹത്തെ എക്കാലവും ദൈവനാമത്തില്‍ കാര്‍ന്നു തിന്നുന്നു, വിധവമാരുടെ വീടുകളെ വിഴുങ്ങുന്നു ! ഈ പുറംകുപ്പായം കളര്‍ ചേര്‍ത്തു കണ്ടു മഞ്ഞളിച്ച ആടുകള്‍ (പെണ്നാടുകള്‍ അധികവും)ഇവറ്റകളുടെ അടിമകളായി ജീവിതാന്ത്യം വരെ പള്ളിക്കുച്ചുറ്റും വലയംവച്ച് മരിക്കുന്നു ! വെറും നാലാം ക്ലാസ്സ് പഠിപ്പുള്ളവന്‍ കാതോലിക്കാ ആയി, കലഹത്തിന്റെ വിത്ത് സഭയാകെ വിതറിയതും നാമിന്നു കാണുന്നു ! പള്ളികള്‍ പൂട്ടിക്കുന്നു ! verygood !!!
കപട പണ്ഡിത വേഷ ധാരിയായ ഒരു വ്യക്തി സൈബർ ലോകം മുഴുവൻ ചുറ്റി കറങ്ങുന്നുണ്ട്. അനേക' ജിമെയിൽ' ഐഡിയും കൈവശം വെച്ചുകൊണ്ട് അല്മായ ശബ്ദത്തിൽ എഴുതുന്നതുന്നവരുടെ ഫേസ്ബുക്കുകളും സ്വകാര്യ ബ്ലോഗുകളും നുഴഞ്ഞു കയറി ആക്രമിക്കും. സൂക്ഷിക്കുക. ഫ്രെണ്ട് റിക്വസ്റ്റ് നടത്തുന്ന ഈ നാമധാരിയ്ക്ക് തലയോ ഫോട്ടോയോ സുഹൃത്തുക്കളോ മറ്റു പോസ്റ്റുകളോ കാണുകയില്ല. തമിഴും ഇംഗ്ലീഷും ജർമ്മൻ ഭാഷയും മലയാളവും എഴുതുന്ന ഈ ജോര്ജുകുട്ടി കപട പൌരാഹിത്യത്തിന്റെ ഒരു ദല്ലാളെന്നതിൽ സംശയമില്ല.
ReplyDeleteറെവ. ആന്റണി കൊടുത്തിരിക്കുന്ന ലിങ്ക് രസകരമായിരിക്കുന്നു. "സഭയെ വിമർശിക്കരുത്, സഭ കൃസ്തുവിന്റെ മണവാട്ടി"യെന്നും വിവരിച്ചിരിക്കുന്നു. സത്യത്തിൽ ക്രിസ്തുവിന്റെ സ്ഥാനത്ത് ഇന്ന് പ്രതിഷ്ടിച്ചിരിക്കുന്നവർ പുരോഹിതരും ബിഷപ്പുമാരുമല്ലേ? കന്യാസ്ത്രീ സഹോദരിമാരെയും ഇവർ വിളിക്കുന്നതു ക്രിസ്തുവിന്റെ മണവാട്ടിമാരെന്നാണ് . ഏക ഭാര്യവൃതം അവകാശപ്പെടുന്ന സഭ നമ്മുടെ കണ്ണനെ പോലെ ക്രിസ്തുവിനും നൂറായിരം മണവാട്ടികളെ നൽകണോ? സഭ തന്നെ മണവാട്ടിയായും സങ്കൽപ്പിച്ചിരിക്കുന്നു.
യൂറോപ്പു മുഴുവൻ പുരോഹിതരുടെ ലൈംഗിക പീഡനം കൊണ്ട് സഭയിന്ന് ശോഷിച്ചുകൊണ്ടിരിക്കുകയാണ്. കോടതി വിധി പ്രകാരം ബില്ല്യൻ കണക്കിന് ഡോളർ പീഡനത്തിനു വിധേരായവർക്ക് നല്കുന്നതുമൂലം ക്രിസ്തുവിന്റെ മണവാട്ടി പാപ്പരായിക്കൊണ്ടിരിക്കുന്നു. 'കൊക്കനച്ചൻ' എവിടെയെന്ന് തൃശൂർ ബിഷപ്പിനും അദ്ദേഹത്തിൻറെ ചുറ്റിപറ്റി നടക്കുന്ന പുരോഹിതർക്കുമറിയാം. ഇവിടെ സഭയെ വ്യപിചരിച്ചവരെ പൂമാലയിട്ടു സ്വീകരിക്കണമോ?
മണവാളന്മാരുടെ ഷോപ്പിംഗ് കൊമ്പ്ലെക്സും പ്രവാസ്സികൾക്കായി ഉണ്ടാക്കുന്ന ഹോസ്പ്പിറ്റലുകളും കോഴകോളെജുകളും നേർച്ചപ്പെ ട്ടിയിലെ കക്കലും മടുത്ത് പാവം സഭാ മണവാട്ടി ഇന്നൊരു തെരുവുവേശ്യയെപ്പോലെ അനാഥയായിരിക്കുകയാണ്. ഇവരു തന്നെ പിഴപ്പിച്ച പാപിനിയായ സഭാമണവാട്ടിയെ ഇന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നു. പുരോഹിതരോടും ബിഷപ്പുമാരോടും വ്യപിചരിക്കപ്പെട്ട സഭാ മാതാവിനെ ഇനി കല്ലെറിയരുതെന്നു പറയുന്നത് പാപമോ? ക്രിസ്തു പാപിനിയായ സ്ത്രീയോടൊപ്പമായിരുന്നു. അവളായിരുന്നു അന്ന് സഭ. അവളുടെ മാംസവും രക്തവും ഊറ്റി കുടിക്കുന്നതും അവളെ പരസ്യമായി കല്ലെറിയുന്നതും ഇന്നും ഫരീസിയരും പുരോഹിതരും തന്നെയാണ്. പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞപ്പോൾ അന്ന് കൃസ്തു ഒറ്റയ്ക്കായിരുന്നു. ഇന്ന് വലിയൊരു സൈബർ പട തന്നെ സഭാമാതാവിനെ ദ്രോഹിക്കുന്ന പുരോഹിത പടയ്ക്കെതിരെ അണിനിരന്നിട്ടുണ്ട്.
അടുത്ത കാലത്ത് സഭയെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് ഫ്രാൻസീസ് മാർപ്പായാണ്. അവിവേകത്തരം കാണിക്കുന്ന കർദ്ദിനാളിനെവരെ പുറത്താക്കുന്നു. കേരളത്തിലെ ചില അഭിഷിക്തർ നോട്ടപുള്ളികളായി നിരീക്ഷണത്തിലുമുണ്ട് . അക്കൂടെ വത്തിക്കാനിലെ തട്ടിപ്പുകാരും ബാല പീഡകരുമുണ്ട്. " മാർപ്പാപ്പ അടുത്തയിടെ വത്തിക്കാനിലെത്തിയ ബിഷപ്പുമാരെ വിമർശിച്ചുകൊണ്ട് പറഞ്ഞത് ശ്രദ്ധിക്കൂ. “Pope Francis has criticised bishops who strut around “like a peacock” and live only for their “conceit” and narcissism” ' അതായത് ഇന്നുള്ള അഭിഷിക്ത ലോകം പീലി വിടർത്തി നില്ക്കുന്ന മയിലുകളെപ്പോലെ പൊങ്ങച്ചം കാണിച്ചു നടക്കുന്ന ഒരു വർഗമായി മാറിയെന്നു ചുരുക്കം. അവർ ജീവിക്കുന്നത് ഞെളിഞ്ഞു നടന്നുകൊണ്ട് അഹംഭാവത്തോടെയും മിഥ്യാഗർവ്വോടെയുമെന്നു പറഞ്ഞത് ഫ്രാൻസീസ് മാർപ്പായാണ്. നല്ല കാര്യം ഒരു മാർപ്പാപ്പ പറയുന്നത് സമ്മതിച്ചു കൊടുക്കുന്നത് തെറ്റോ? മാർപ്പാപ്പ പറഞ്ഞതുപോലെ ഒരു ബിഷപ്പെന്നു പറയുന്നത് സമുന്നത പദവി അലങ്കരിച്ചുകൊണ്ട് പൂജിക്കേണ്ടവനല്ല. ജനങ്ങളെ സേവിക്കേണ്ടവരാണ്.
തെറ്റു കാണിക്കുന്നവരെ അവരുടെ തെറ്റുകൾ ചൂണ്ടി കാണിക്കുകയെന്നത് മനുഷ്യ ധർമ്മമാണ്. ഇന്ന് സമൂഹത്തിനു തന്നെ ഇത്തി കണ്ണികളായ മെത്രാൻമാർ ആദ്യം അവർ റുഹാകുദിശായോ മിശിഹായോ അല്ല സ്വയം മനുഷ്യരാണെന്ന് മനസിലാക്കണം. മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വമില്ലാത്ത അഭിഷിക്തരെ അല്മെനിയെന്തിനു തീറ്റണം?
തെറ്റു കണ്ടാൽ ചൂണ്ടി കാണിക്കാൻ തന്റെടമുള്ളവനാണ് ഒരു നല്ല കൂട്ടുകാരൻ. സത്യം ആയിരിക്കണമെന്നു മാത്രം. അതുതന്നെയാണ് അല്മായ ശബ്ദത്തിന്റെ മുഖമുദ്രയിൽ ലിഖിതം ചെയ്തിരിക്കുന്നതും. സത്യം ചിലരെ ചൊടിപ്പിക്കും. അവർക്ക് അതൃപ്തിയുണ്ടാകും. പക്ഷെ അത് സമൂഹത്തിന്റെ വിജയമാണ്. സത്യം വിശ്വസിക്കുന്നവൻ മറ്റുള്ളവന്റെ കാതുകളെ വെറി പിടിപ്പിക്കുമെങ്കിലും " സത്യമേവ ജയതേ" യെന്ന പൌരാണിക വാക്യത്തിൽ അടിയുറച്ചു വിശ്വസിക്കും.
വെളിപാടിൽ മൂന്നാം അദ്ധ്യായം 15-16 പറയുന്നത് അഭിഷിക്തരെ ഉദേശിച്ചാകാം.
"15. നിന്റെ പ്രവൃത്തികൾ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു.
16 : ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ നിന്നെ ഞാൻ എന്റെ വായിൽനിന്നു തുപ്പിക്കളയും "
അല്പം ചില കാര്യങ്ങൾ വ്യക്തമാക്കി കൊള്ളട്ടെ. ഞാൻ (കപട) പണ്ഡിത വേഷധാരി അല്ല, പിന്നെ പല ജിമെയിൽ അക്കൗണ്ട് ഉള്ളത് സ്വകാര്യതകളെ സംരക്ഷിക്കുന്നതിനു വേണ്ടി ആണ്. ജോര്ജുകുട്ടി എന്നത് മാമോദീസ പേരാണ്. പക്ഷെ വ്യക്തിപരമായ സംഭാഷണങ്ങൾക്ക് മുൻപ് ഐഡന്റിറ്റി വ്യക്തമാക്കാറുണ്ട്. ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് പരിചയപ്പെടണമെന്ന് തോന്നിയത് കൊണ്ടാണ്. താങ്കൾക്ക് ഇഷ്ടമെങ്കിൽ സ്വീകരിക്കാം, മറിച്ചു താല്പര്യം ഇല്ലെങ്കിൽ സദയം ക്ഷമിക്കുക. ഞാൻ ആരുടേയും ദല്ലാൾ അല്ല, ശരിയെന്നു തോന്നുന്നത് പറയുന്നതിൽ ഒരു തെറ്റും കാണുന്നുമില്ല.
Deleteനല്ല ഉദ്ദേശ്യത്തോടെയാണ് യഥാര്‍ത്ഥ പേര് മറച്ചുവെച്ചതെങ്കില്‍ അതില്‍ അസ്വാഭാവികത ഒന്നുമില്ല. ശ്രി ജൊസഫ് മാത്യു അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ കാര്യങ്ങളെ കാണും എന്ന് കരുതുന്നു. Kindly contact Joseph Mathew at: jmathew@msn.com.
Deleteപതിനേഴു നൂറ്റാണ്ടായി ലോകത്തെ ബാധിച്ച പുരോഹിതക്രിസ്തീയമതം ഇന്ന് ക്രിസ്തുവിന്റെ ഭാവനയില്നിന്നും ഉപദേശങ്ങളിൽനിന്നും അതിവേഗംബഹുദൂരം അകന്നുപോയെങ്കിലും, പുരോഹിതന്റെ /പാസ്സ്ടരുടെ കൈയ്യില്‍ "ബൈബിള്‍" എന്ന മതഗ്രന്ഥം ഉപയോഗമില്ലാതെ ഇരിപ്പുറച്ചതുകൊണ്ടു, അടിമത്തത്തിലകപ്പെട്ടുപോയ ജനകോടികളില്‍ (ചില "അല്മായശബ്ദങ്ങളില്‍" കുറേ അല്‍മായരുടെ മുറവിളികൊണ്ട്) ഒരു ആകമാനമാറ്റം ഉണ്ടാകുമെന്ന് ആരും കരുതേണ്ടാ ...
ReplyDeleteഎന്റെ പ്രിയപ്പെട്ട അല്മായശബ്ദം എഴുത്തുകാരേ ,
ഭാരതീയവേദാന്തമതവും ക്രിസ്തുവിന്റെ വചനങ്ങളും ഒന്നാണെന്ന വലിയ സത്യത്തിന്റെ അവബോധം സാധാരണ ജനമനസുകളില്‍ ഉണ്ടാക്കുവാന്‍ നമ്മുടെ കയ്യും കരുത്തും ചിന്തകളും ഇനിയും വീറോടെ ഉപയോഗിക്കണം എന്നാണെന്റെ പ്രാര്‍ത്ഥന ! അതിനായി ഒന്നാമതായി ഭാരതീയ ആത്മീയദര്‍ശനം നമ്മുടെ മനസിന്‍റെ കെടാവിളക്കായിരിക്കണം..ഭഗവത്ഗീതാരഹസ്യങ്ങളെ നാം മനസില്‍ ഏറ്റുവാങ്ങണം , മഹാഭാഗവതം എന്ന അതിനൂതന ശാസ്ത്രഗ്രന്ഥം നാമിനിയെന്നാളും കരളില്‍ കൊണ്ടുനടക്കണം ! നമ്മുടെ പിതാമഹന്മാര്‍ ഉപേക്ഷിച്ച ഉപനിഷത്തുകളെ ഓരോ മനുഷ്യമനസും തിരികെ ഹൃദയംഗണത്തില്‍ എതിരേൽക്കണമെന്നേ എനിക്കീ കലികാലത്തോട് യാചിക്കാനായുള്ളൂ ...
"താനും പിതാവും (പ്രകൃതിയും)ഒന്നാകുന്നു" എന്ന ക്രിസ്തുവിന്റെ ആത്മീകജ്ഞാനം ഓരോ മാനസവും സ്വയം അറിഞ്ഞു സദാ കുളിരണിയണം ! വട്ടുപിടിച്ച വട്ടയിമാരുടെ ഉദരത്തിനായുള്ള അധരവ്യായാമത്തില്‍ നാം ഭ്രാമിച്ചുപോകാതെ സ്വയമറിഞ്ഞവരാകണം ! പാപപുണ്യങ്ങള്‍ എന്തെന്നറിയാത്ത പാതിരിപാസ്ടരെ മനസിന്‍റെ പുറമ്കാലുകൊണ്ട് എറ്റിയകറ്റണം ...അങ്ങിനെ നാം ക്രിസ്തുവിനെ അറിഞ്ഞവരും കത്തനാരുടെ ചതിക്കുഴിപ്പള്ളിയില്‍ പോകാത്തവരും ആകുവാന്‍ കാലം കൊതിക്കുന്നു പ്രിയരേ....
ശ്രീ കൂടൽ സാർ ദയവായി ഗീതയുടെയും മഹാഭാരതത്തിന്റെയും ഉപനിഷത്തിന്റെയും ചില ദർശനങ്ങളെങ്കിലും എടുത്ത് സാധാരണ വായനക്കാർക്ക് ഉപകരിക്കുന്ന വിധത്തിൽ ലളിത വിശകലനം നടത്തി എന്തെങ്കിലും കുറിച്ച് തുടങ്ങണം. ഗീതാചിന്ത മനസ്സിൽ ഏറ്റു വാങ്ങണം, മഹാഭാരതത്തെ കരളിൽ വഹിക്കണം ഉപനിഷത്തുകളെ ഓരോ മനുഷ്യമനസും ഹൃദയത്തില് എതിരേൽക്കണം എന്ന് നൂറു പ്രാവശ്യം എഴുതിയതുകൊണ്ട് ആര്ക്കും ഒരു ചുക്കും തിരിയുകയില്ല. "താനും പിതാവും (പ്രകൃതിയും) ഒന്നാകുന്നു" എന്ന ക്രിസ്തുവിന്റെ ആത്മീകജ്ഞാനം ഓരോ മാനസവും സ്വയം അറിഞ്ഞു സദാ കുളിരണിയണം!" എന്ന് കേട്ടിട്ട് ആര്ക്കും കുളിരുണ്ടാകാൻ പോകുന്നില്ല. എങ്ങനെ എന്ന് ദയവായി പറഞ്ഞു തരൂ!
Delete"ഗീതാചിന്ത മനസ്സിൽ ഏറ്റു വാങ്ങണം, മഹാഭാരതത്തെ കരളിൽ വഹിക്കണം ഉപനിഷത്തുകളെ ഓരോ മനുഷ്യമനസും ഹൃദയത്തില് എതിരേൽക്കണം എന്ന് നൂറു പ്രാവശ്യം എഴുതിയതുകൊണ്ട് ആര്ക്കും ഒരു ചുക്കും തിരിയുകയില്ല. "താനും പിതാവും (പ്രകൃതിയും) ഒന്നാകുന്നു" :(തെരസാ )
Deleteകൂടൽ പറഞ്ഞതു തന്നെയാണ് ശ്രീ വിവേകാനന്ദനും പറഞ്ഞത്. ഗീതാ ഗീതാ ഗീതാ ഗീതാ എന്നിങ്ങനെ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞാൽ ബംഗാൾ ഭാഷയിൽ ത്യാഗിയെന്ന അർത്ഥമാകുമെന്ന് ശ്രീ വിവേകാനന്ദ സ്വാമി പറയുമായിരുന്നു. യേശു പറഞ്ഞതും അതു തന്നെയാണ്. യേശു ധനവാനോട് പറഞ്ഞത് സർവ്വതും ത്യജിച്ച് എന്റെ പിന്നാലെ വരുകയെന്നാണ്. അതിന്റെയർത്ഥം ദരിദ്രനും അന്നന്നപ്പം കഴിക്കുന്നവരും ത്യജിക്കണമെന്നല്ല. അമിത പലിശക്കാരും കൊള്ള ലാഭം എടുക്കുന്നവരും അന്യന്റെ സ്വത്ത് അപഹരിക്കുന്നവരും സഭാ സ്വത്തുക്കൾ മുഴുവൻ കയ്യടക്കി വെച്ചു കൊണ്ട് ചർച്ച് ആക്റ്റിനെ പുല്ലുവില കല്പ്പിച്ചു നടക്കുന്ന പുരോഹിത അഭിഷിക്തരും സദാ ഉരുവിടേണ്ട വാക്കാണ് ഗീതാ ഗീതാ യെന്നും മനസിലാക്കണം. ബുദ്ധ ഭഗവാൻ സർവ്വതും ത്യജിച്ച് സ്വയം ത്യാഗിയാവുകയായിരുന്നു.
മഹാഭാരതത്തെ കരളിൽ വഹിക്കണമെന്ന് ദുഷിച്ച പൌരാഹിത്യത്തിനെതിരെയുള്ള ഉപദേശമാണ്. കാരണം, നമ്മുടെ എതിരാളി അധികാരവും പണവും സ്വരൂപിച്ചു വെച്ചിരിക്കുന്ന കൗരവ പടയെക്കാളും ശക്തമാണ്. നമ്മുടെതും അധർമ്മത്തീനെതിരെയുള്ള പോരാട്ടം തന്നെയാണ്. സ്വർഗരാജ്യം വിറ്റു മനുഷ്യരെ പറ്റിച്ചു നടക്കുന്നവരെ മഹാഭാരതത്തിലെ കൃഷ്ണന്റെ ധർമ്മവും സത്യവും കൊണ്ട് നേരിടണം. .
ഭഗവാൻ കൃഷ്ണൻ അർജുനനെ ഒരവസരത്തിൽ ഭീരുവെന്നും വിളിക്കുന്നുണ്ട്. അയാൾക്ക് സ്വന്തം സഹോദരരായ കൌരവന്മാരോട് സ്നേഹവും സഹതാപവും വന്ന് ഭീരുവിനെപ്പോലെയായി. അതു പാടില്ല, ഭീരുവാകരുതെന്നാണ് കൂടൽ പറഞ്ഞത്. ആരോ ഒരിക്കൽ അല്മായ ശബ്ദത്തിലെഴുതിയത് വായിച്ചതും ഓർക്കുന്നു. "പുരോഹിതരും ബിഷപ്പുമാരും നമ്മുടെ തന്നെ കുടുംബത്തിൽ നിന്നു വന്നവരെന്നായിരുന്നു' വാദം. അവിടെയാണ് ഗീത നമുക്ക് ഉത്തരം തരുന്നത്. സ്വന്തം സഹോദരരായ കൌരവപ്പടയ്ക്ക് അടിയറ പറഞ്ഞ് ഒരു ഭീരുവിനെപ്പോലെ പിൻ വാങ്ങുകയെന്നത് ക്ഷത്രീയ ധർമ്മമല്ല .കൂടൽ പറഞ്ഞതുപോലെ ഗീതയും മഹാഭാരതവും ക്രിസ്തുവും എല്ലാം നമുക്കാവശ്യമാണ്. ഗീതയിൽ പറയുന്നതുപോലെ നാം ശബ്ദമുയർത്തുന്നത് ഒരു തരം വേഷം ധരിച്ചു നടക്കുന്ന കൗരവ രാജകുമാരന്മാരോട് തന്നെയാണ്.
ReplyDeleteആരും ഋഗ്വേദവും ബ്രഹ്മസൂത്രവും ഗീതയും ഒന്നും വായിക്കാത്തത് കൊണ്ട് ആ പുസ്തകങ്ങളിപ്പോഴും വിറ്റു പോകുന്നുണ്ട്. ഞാനിതിലോന്നും ഇപ്പറഞ്ഞതൊന്നും കണ്ടിട്ടില്ല. ഒരു മനുഷ്യന് നന്നായി ജീവിക്കാൻ പണ്ടാരോ എഴുതിയ പുസ്തകം വായിക്കണമെന്ന് ഞാൻ കരുതുന്നില്ല. അതിനു അല്പം ചരിത്രബോധവും വിവേചനബുദ്ധിയും സ്വതന്ത്രചിന്തയും മാത്രം മതി. അതിപ്പോ പണ്ടാരോണ്ടോ എഴുതി വച്ച ഏതെങ്കിലും കിതാബ് വായിച്ചാൽ കിട്ടുമെന്ന് തോന്നുന്നില്ല. പിന്നെ കുറെ ഇത് പോലത്തെ വായിച്ചു കഴിയുമ്പോൾ മനസ്സിലാകും, ഇതൊക്കെ ഇത്രയേ ഒള്ളു എന്ന്.
ഇനി ഗീത എന്നാ ഗ്രന്ഥം ഉത്തരേന്ത്യൻ brahmanical revivalism-ത്തിന്റെ ഭാഗമായി മഹാഭാരതത്തിൽ തിരുകികേറ്റിയ ഒരു സംഗതി ആണ്. അതിൽ പിന്നീട് വന്ന അദ്വൈത വേദാന്തം ഒട്ടിച്ചു വെച്ചത് നമ്മുടെ സ്വന്തം ആദി ശങ്കരനാണ്. ഗീത മുഴുവൻ പറയുന്നത്, കൃഷ്ണൻ ദൈവമാണ്, നീ ഇഷ്ടം പോലെ കൊന്നോ, ഒരു പ്രശ്നവുമില്ല, ഇതിലെവിടെയാ ഇപ്പറഞ്ഞ മഹാ സാത്വികത !?
https://www.youtube.com/watch?v=nO_utf72lNM
Deletewatch the above link also to know about vedas and bahgavathgeetha
Understanding Vedas (Malayalam) By Dr Viswanathan C
യൂ ട്യൂബിൽ രവീന്ദ്രൻ മാഷിന്റെ പ്രസംഗം ജോർജുകുട്ടി കേൾക്കുന്നുണ്ടെന്ന് തോന്നുന്നു. അതേ അർത്ഥത്തിൽ ഭഗവദ് ഗീതയെ കാണുന്നുവെങ്കിൽ പഴയ നിയമം മുഴുവൻ കൊലയാണ്, കൊല മാത്രം. അൾത്താരയിൽ പ്രാചീന യഹൂദരുടെ ആ പുസ്തകം പ്രതിഷ്ടിക്കാൻ കൊള്ളില്ല. അനേക പ്രവാചകരും മോസസും കൊലയാളികളായിരുന്നു.
ReplyDeleteവൃത്തികേടെന്നു മനുഷ്യന്റെ സാമൂഹിക ചിന്തയിൽ ഉറഞ്ഞിരിക്കുന്നതെല്ലാം മഹാഭാരതത്തിൽ ഉള്ളതുപോലെ പഴയ നിയമത്തിലുമുണ്ട്.
ഞാൻ ഗീതയെ ഇഷ്ടപ്പെടുന്നു. ഹൈസ്കൂൾ ക്ലാസ്സുകളിൽ നായന്മാരുടെ സ്കൂളിൽ പഠിച്ചതുകൊണ്ടും ഹൈന്ദവ തത്ത്വങ്ങളെ ജീവിതം മുഴുവൻ വായിച്ചിരുന്നതുകൊണ്ടും ആർഷ ഭാരത സംസ്ക്കാരത്തിൽ അഭിമാനിച്ചിരുന്നു. എന്റെ ഗുരുവായ സുകുമാർ അഴിക്കോടിന്റെ ക്ലാസുകളും രസിച്ചിരുന്നു. മഹാ ഭാരതവും ഗീതയും ഒരു ചരിത്ര കഥ യല്ലെന്നും മനസിലാക്കണം. നമ്മുടെ സംസ്ക്കാരത്തെ ത്യജിച്ച് എന്തിന് മിഡിൽ ഈസ്റ്റ് സംസ്ക്കാരം ഉൾക്കൊള്ളണം. ജോർജുകുട്ടിയുടെ അഭിപ്രായം വിലയിരുത്തുന്നതിനൊപ്പം ഗാന്ധി-ഐൻസ്റ്റീൻ മുതൽ മഹാന്മാർ ഗീതയെപ്പറ്റി പറയുന്നതും ശ്രദ്ധിക്കുക.
Albert Einstein: When I read the Bhagavad-Gita and reflect about how God created this universe everything else seems so superfluous.
Mahatma Gandhi: When doubts haunt me, when disappointments stare me in the face, and I see not one ray of hope on the horizon, I turn to Bhagavad-gita and find a verse to comfort me; and I immediately begin to smile in the midst of overwhelming sorrow. Those who meditate on the Gita will derive fresh joy and new meanings from it every day.
Henry David Thoreau: In the morning I bathe my intellect in the stupendous and cosmogonal philosophy of the Bhagavad-gita, in comparison with which our modern world and its literature seem puny and trivial.
Dr. Albert Schweitzer: The Bhagavad-Gita has a profound influence on the spirit of mankind by its devotion to God which is manifested by actions.
Sri Aurobindo: The Bhagavad-Gita is a true scripture of the human race a living creation rather than a book, with a new message for every age and a new meaning for every civilization.
Aldous Huxley: The Bhagavad-Gita is the most systematic statement of spiritual evolution of endowing value to mankind. It is one of the most clear and comprehensive summaries of perennial philosophy ever revealed; hence its enduring value is subject not only to India but to all of humanity.
Delete"പഴയ നിയമം മുഴുവൻ കൊലയാണ്", അതെ, അപ്പൊ പിന്നെ ഇന്നിന്റെ ശരികളെ ഇന്നലെയുടെ പുസ്തകങ്ങളിൽ എന്തിനു തിരയണം ?
രവിചന്ദ്രൻ മാഷിന്റെ പ്രസംഗങ്ങൾ ചിലത് ഞാൻ കേട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി അബ്രഹാം കൊവൂരാണ്, ഒരു പതിനഞ്ചു വർഷങ്ങൾക്കു മുൻപ് കോവൂരിന്റെ സംപൂർണ്ണ കൃതികൾ വായിക്കാൻ ഇടയായി, അന്ന് രൂപപ്പെട്ട ആശയങ്ങൾ ഇത് വരെ തെറ്റാണെന്ന് തോന്നിയിട്ടില്ല.
Deleteപഴയനിയം ഹിന്ദു സംഹിതകളെ അപേക്ഷിച്ച് പ്രാകൃതമാണെന്നു തന്നെയാണു എന്റെ വിശ്വാസവും, അത് പറയുമ്പോൾ ഖുറാനും അത് പോലെ തന്നെ. രണ്ടും ഗോത്രഗ്രന്ഥങ്ങളാണ്, ഗ്രീക്കുകാരുടെ സ്വാധീനം ഉണ്ടായിരുന്നത് കൊണ്ട് ക്രിസ്തുമതത്തിൽ അല്പം ഭേദപ്പെട്ട ചില ആശയങ്ങളുണ്ട്, പക്ഷെ ജാത്യഗുണം തൂത്താൽ പോവില്ലല്ലോ
ശരിയോ തെറ്റോ ഏതെന്നുള്ള മാനദണ്ഡം മനുഷ്യന്റെ ചിന്താഗതിക്കനുസരിച്ച് മാറും. വിമാനം ഹൈജാക്കു ചെയ്യുന്ന ഭീകരവാദിയും മൗലിക വാദികളും അവർ ചെയ്യുന്നത് ശരിയെന്നേ ചിന്തിക്കൂ. കാഷ്മീർ പാക്കിസ്താന്റെതെന്നു പാക്കിസ്ഥാനും ഇന്ത്യായുടെ തെന്നു ഇന്ത്യയും പറയും. ശരിയും തെറ്റും എവിടെ? കാലം കഴിഞ്ഞാലും യേശുവിന്റെ അയല്ക്കാരനെ സ്നേഹിക്കുന്ന തത്ത്വവും ബുദ്ധന്റെ സഹജീവി സ്നേഹവും കൃഷണൻറെ കർമ്മമെന്ന ജീവിത വിജയത്തിന്റെ തത്ത്വവും ഒരിക്കലും മരിക്കാത്തതാണ്. യുക്തി വാദി അയാളുടെ വഴിയേയും ചിന്തിക്കും.
ReplyDelete