Translate

Monday, March 19, 2012

രണ്ടു കവിതകള്‍: സാമുവേല്‍ കൂടല്‍


ഹാശാഗീതം

1.         വിധവയാമമ്മയെ വൃദ്ധസദനത്തില്‍
            “ശോകാന്ത്യംനേര്‍ന്നുകൊണ്ടേകുവോന്‍, തന്‍
            പിറന്നാളാഘോഷിക്കും ലഹരിയില്‍ മാതാവിന്‍
            പേറ്റുനോവോര്‍ത്ത്  കരയും പോലെ!

2.                     പാഷന്‍ ഫ്രൈഡേകളില്‍ കാലാകാലങ്ങളായ്
                        മുതലക്കണ്ണീരു പൊഴിക്കുവാനായ്,
                        “ദു:ഖവെള്ളിയെന്നൊരോമന പേരിട്ടാ-
                        വാസരം പള്ളിയില്‍ പോകുവോരേ.

3.         സ്‌നേഹമാം പ്രത്യയശാസ്ത്രം ഉരച്ചോനെ
            ക്രൂശിച്ച യൂദരും നാണിച്ചുപോം,
            പള്ളിക്കലഹവും തമ്മിലടീം-നാറും
            ളോഹ വിതയ്ക്കും വിപത്തുമോര്‍ത്താല്‍.

4.                     “പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്നേശു,
                        നിങ്ങളോ പള്ളിയില്‍ പള്ളിതീര്‍ത്തു!
                        പള്ളിമുറ്റത്തൊരുപള്ളി എന്നായ് പിന്നെ,
                        “പള്ളി കലഹിക്കാന്‍ ളോഹയോതി!

5.         കൊടിവച്ച കാറിനും പണി ചെയ്യാതുണ്ണാനും
            സുഖിമാനായ് ചെത്തി ജീവിക്കുവാനും
            പല കളര്‍ളോഹകള്‍ മറയാക്കി മാറ്റുന്ന
            കപടരേ, നിങ്ങള്‍ പരീശപുത്രര്‍.

6.                     മത്തായി ഇരുപത്തിമൂന്നിലുടനീളം
                        കര്‍ത്താവ് പരിഹസിച്ചെന്നാകിലും,
                        കൂസലും നാണവും ഏശാത്ത നിങ്ങളെ
                        ഏതിനോടേശു ഉപമിച്ചിടും?

7.         യേശുവിന്‍ പുതുവേദസ്‌നേഹം മരിച്ചുപോയ്
            “ഏലീ ഏലീയെന്നു കേണാര്‍ദ്രമായ്;
            ബറബാസിന്‍ കലഹത്തിന്‍ പോര്‍വിളി പള്ളിയില്‍!
            ഇതു ഹാശാഗീതകം കലികാലമേ.

8.                     പള്ളി കലഹത്തിന്‍ കൂദാശ ചൊല്ലുവാന്‍,
                        കലഹത്തെ മൂറോന്‍ പുരട്ടുവാനായ്;
                        കലഹത്തിന്‍ സന്തതി ധരയാകെ നിറയുവാന്‍
                        കലഹത്തിന്‍ കല്യാണം ഒത്തുചൊല്ലാന്‍!

9.         കലഹത്തിന്‍ ശവമഞ്ചം പേറി പിശാചുക്കള്‍
            കല്ലറക്കുന്നില്‍ കലഹമായി;
            “അവകാശിയാരീ ശവത്തിന് കൂദാശ-
            പ്പുക വീശാന്‍”, ളോഹകള്‍ പോര്‍വിളിച്ചു.

10.                   സെമിത്തേരീലടിനാശം, മീഡിയാ ചേലിലാ
                        സീനുകള്‍ ടിവീല്‍ നിറച്ചനേരം,
                        നരകത്തില്‍ കരഘോഷം, കലഹിക്കാന്‍ പുതുപ്രേതം
                        വരുമെന്നാവാര്‍ത്ത അറിഞ്ഞതിനാല്‍.


സ്വപ്നാടനം

1.         കാലമുണര്‍ന്നൊരാക്കാലത്തിനും മുന്നെ
            കേവലനീശാ, നീ കാരണമാ-
            മാനസസ്പന്ദനം കാര്യങ്ങളായ്; ഞാനും
            സ്വപ്നാടനം പോലെ നിന്‍ ചേതസ്സില്‍!

2.                     മാനസം ഞാന്‍! മന:സ്പന്ദനം കര്‍മ്മമായ്,
                        കാലപ്രവാഹെ മനമൊഴുകി;
                        കാലവുമാശയും രൂപവേഷങ്ങളായ്,
                        കോടിജന്മങ്ങളെ ഞാന്‍ നുകര്‍ന്നു.

3.         ജന്മങ്ങളോരോന്നും സ്വപ്നങ്ങ,ളെന്മനം
            സ്വപ്നങ്ങളെല്ലാം മറന്നുണര്‍ന്നു!
            പാഴ്‌വേല ചെയ്യുവാന്‍ പിന്നെയും മാനസം
            സ്വപ്നങ്ങള്‍ തേടി തുടര്‍ന്നു യാനം.

4.                     എന്നെയറിയുവാന്‍ മോഹമായ്, ജന്മങ്ങള്‍
                        പഞ്ചഭൂതങ്ങളാല്‍ ഞാന്‍ മെനഞ്ഞു;
                        കണ്ടില്ലൊരിക്കലും എന്നിലെയെന്നെ ഞാന്‍,
                        കണ്ണകക്കണ്ണെനിക്കില്ലാതെ പോയ്!

5.         കര്‍മ്മപുണ്യങ്ങളാല്‍ നേടി ഞാനിന്നിതാ,
            മണ്ണില്‍ മനോഹര ജീവനം; ഹാ!
            ഉള്ളറ തേടി ഞാന്‍ ഉള്ളിലെന്നുണ്മയെ
            മത്തായിയാറില്‍ നീ ചൊന്നപോലെ.

6.                     ആനന്ദമാണു ഞാന്‍, നീയെന്നിലുണ്മയായ്,
                        ആനന്ദസീയോന്‍ ഇടനെഞ്ചിലായ്!
                        ആശനിരാശയും മോഹവും ശോകവും
                        ലേശം ജനിക്കാതായ്, ഞാനമൃതന്‍!

7.         നീ സ്‌നേഹസിന്ധു, ഞാനുപ്പുപാവയതില്‍
            ഞാനലിഞ്ഞെപ്പൊഴേ ആഴങ്ങളില്‍;
            ആലിംഗനം ചെയ്തു കാലതരംഗിണി,
            ഞാനെന്നതില്ല - നീ മാത്രമീ ഞാന്‍

Please visit my website www.samuelkoodal.com, which is getting ready for you with 140 visual albums and samasangeetham book with 300 songs.  Also visit my Facebook  samuelkoodal@gmail.com, Samasangeetham part II Jesus and present churchs (New Gospal poems)  Thanks in Jesus.

No comments:

Post a Comment