Translate

Friday, March 23, 2012

പരിപാവനമായ ഈസ്റ്റര്‍ കര്‍മ്മങ്ങള്‍ ടിവി ചാനലിനായി നാടകമാക്കിയതില്‍ പ്രതിഷേധം.



ക്രൈസ്തവമതവിശ്വാസത്തിന്റെ അടിസ്ഥാനശിലയായി കരുതപ്പെടുന്ന യേശുവിന്റെ ഉത്ഥാനത്തിന്റെ സ്മരണയായ ഈസ്റ്റര്‍ചടങ്ങുകള്‍ ഒരു മലയാളം ടിവി ചാനലിനുവേണ്ടി നാടകമാക്കിമാറ്റിയ കണ്ണൂര്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ നടപടിയെ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ യോഗം അപലപിച്ചു. യേശു മരിച്ചവരില്‍നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നത് ക്രൈസ്തവരുടെ ഏറ്റവും പാവനമായ വിശ്വാസമാണ്. ഈസ്റ്റര്‍ ദിനത്തില്‍ ഏറ്റവും ഭക്തിസാന്ദ്രവും പരിപാവനവുമായി നിര്‍വഹിക്കേണ്ട ആദ്ധ്യാത്മികചടങ്ങുകള്‍ ടിവി ചാനലുകാര്‍ക്ക് പകര്‍ത്താന്‍വേണ്ടി ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ പരിഹാസ്യനാടകമാക്കിയ ബിഷപ്പിന്റെ നടപടി യാതൊരു കാരണവശാലും ന്യായീകരിക്കത്തക്കതല്ല. ആദ്ധ്യാത്മികതയെ കച്ചവടവല്‍ക്കിരിക്കാനുള്ള ഇത്തരം കുത്സിതയത്‌നങ്ങളെ മുളയില്‍ത്തന്നെ നുള്ളണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ലാലന്‍ തരകന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡണ്ട് ജോസഫ് വെളിവില്‍, മുന്‍ ജനറല്‍ സെക്രട്ടറി ഫെലിക്‌സ്. ജെ. പുല്ലൂടന്‍, വൈസ് പ്രസിഡണ്ടുമാരായ ആന്റോ കോക്കാട്ട്, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ്ജ് ജോസഫ്, ജോര്‍ജ് മൂലേച്ചാലില്‍, വി.കെ.ജോയ്, ജോഷി ആന്റണി, റെന്‍സന്‍ മാര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.



കൊച്ചി ജോയ് പോള്‍ പുതുശ്ശേരി
22-3-2012 ജനറല്‍ സെക്രട്ടറി,
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.

No comments:

Post a Comment