Translate

Wednesday, March 14, 2012

അപ്രിയയാഗങ്ങള്‍ - കവിത: സാമുവല്‍ കൂടല്‍)


1.         ‘മലങ്കരസഭാദീപംമനസ്സിനു തേജോപൂരം!
            പരമമാം സത്യം തേടി അലയുവോരേ. . .
            തമസ്സാമജ്ഞാനം നീക്കി നിജസത്യബോധമാകും
            എഡിറ്ററെ കരം കൂപ്പി വണങ്ങിടുന്നേന്‍.

2.                     കഴിഞ്ഞലക്കമാണേഴില്‍ കുരിശുകള്‍ കണ്ണീര്‍ വാര്‍ക്കും
                        കുരിശുദ്ധത്തില്‍ കാഴ്ച പകര്‍ത്തീടുമ്പോള്‍,
                        വിറച്ചുപോയക്ഷരങ്ങള്‍ വിലപിച്ചു തൂലികയും
                        പഠിച്ചവര്‍ക്കുള്ളില്‍ സത്യം കരച്ചിലായി!

3.         വിശുദ്ധ കുര്‍ബാന ചൊല്ലാന്‍ കലഹവും നെഞ്ചിലേറ്റി
            ആലുവായില്‍ ളോഹ കാലേ അണഞ്ഞു കാറില്‍;
            അവര്‍ക്കു പ്രൊട്ടക്ഷനേകാന്‍ ഒരു പറ്റം പോലീസുകാര്‍
            നിറതോക്കുമേന്തിയെത്തി സെമിത്തേരിയില്‍!

4.                     പുക വീശാന്‍ കുപ്പായങ്ങള്‍ നിറം മാറ്റി നിരയായി
                        തൃക്കുന്നത്തു കോലാഹലം കൂദാശ പാടി;
                        സുരവൃന്ദറാണി മേരി അണഞ്ഞു വാനിലാനേരം
                        ഉയരത്തില്‍ മാലാഖമാര്‍ വിറയലാര്‍ന്നു!

5.         “അരുതെന്റെ ജേഷ്വാ* വേഗം വെടിയു മലങ്കരയെ
            അവര്‍ വീണ്ടും ക്രൂശിലേറ്റുംഅമലയോതി;
            “ഇനിയൊരുമരണമെന്‍ മകനേ, ഈ കേരളമാം
            ബെറബാസിന്‍ നാട്ടില്‍ വേണ്ട! മടങ്ങൂ വേഗം

6.                     ഒരു തക്‌സാ മലര്‍ത്തിവെച്ചതുനീട്ടി ചൊല്ലുവാനോ
                        കുരിശില്‍ നീ ജീവന്‍ ത്യാഗകുര്‍ബാനയാക്കി?
                        എട്ടുലക്ഷം ചെലവാക്കി പട്ടാളത്തെ കാവലാക്കി
                        ഇവര്‍ ചൊല്ലും കൂദാശയില്‍ കനിയേണ്ട നീ.

7.         ജല്പനമാണിവര്‍ക്കെന്നു നിന്‍ വചനമറിയീല,
            നല്ലശമരായനൊരു തക്‌സയും വേണ്ട!
            തനിക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു പകുത്തിട്ടു
            പുറകെ വരുവാനല്ലോ പറഞ്ഞു നീയും?

8.                     കലഹത്തിന്നാത്മാവിനെ കരളില്‍ നിറച്ച ളോഹേ,
                        കായേലുതന്‍ യാഗം പോലെ പാഴ്ക്കനി നിങ്ങള്‍
                        ദുര്‍ഗുണത്തിന്‍ മക്കളേയാ അപ്രിയമാം യാഗം പോലെ
                        സഭാവേലയ്ക്കയക്കുന്ന കായീനുകളേ.

9.         ഹാബേലുതന്‍ യാഗം പോലെ ആത്മദാനം ചെയ്യു നിങ്ങള്‍
            കാലത്തിന്റെ കലി മാറാന്‍, ശാപമേറ്റാരേ. . .
            കാല്‍വരിതന്‍ ത്യാഗം കാണാക്കുരുടന്മാരായ നിങ്ങള്‍
            കലികാല സന്തതിയെ കത്തനാരാക്കി!

10.                   ഇടയന്റെ കുപ്പായത്തിന്‍ നിറം മാറി, അകമെയോ
                        പഴയവാസന ചീയുന്നഴുക്കു ചാലും;
                        “കാശീല്‍ പോയ ചുരയ്ക്കാപോല്‍ കൈപ്പുനീര്‍ മാറുകില്ലാ
                        കത്തനാരു ളോഹമാറ്റി മെത്രാച്ചനായാല്‍”.

11.       “അയ്‌മേനമാര്‍ രണ്ടാളുണ്ടേല്‍ ഒരു കത്തനാരുമതി
            കേസുകൊടുത്തേതുപള്ളീം പൂട്ടിച്ചിടുവാന്‍;
            കലഹമില്ലാത്തപള്ളി പടക്കളമായിമാറ്റാന്‍
            കയറുക കോടതികള്‍ അരുളി കോറാന്‍*

12.                   കലഹിക്കും ദേവാലയം ഇനി സര്‍ക്കാരേറ്റെടുക്കും
                        പൊതുസമൂഹത്തിന്‍ നന്മക്കിടങ്ങളാക്കാന്‍;
                        കുരിശിന്‍ മറവില്‍ കൊയ്യും കോടികളെ അവര്‍ പിന്നെ
                        ജനക്ഷേമത്തിനായ് വാരി ചെലവഴിക്കും!

 (* യേശുവിന്‍ വിളിപേര്, കോര്‍ എപ്പിസ്‌കോപ്പാ)

No comments:

Post a Comment