Translate

Saturday, August 31, 2013

സച്ചിദാനന്ദം

അസ്തിത്വം എന്നാൽ, അസ്തി (അതുണ്ട്, അതുണ്മയാണ്) എന്നതിന്റെ പരമമായ അവസ്ഥയാണ്. ഉണ്മ അതിന്റെ സൂക്ഷ്മതയിൽ അതീന്ദ്രിയമാണ്. 'സ്നേഹം/സൗന്ദര്യം അതീന്ദ്രിയമാണ്' എന്നൊരു ലേഖനം ഞാനെഴുതിയിരുന്നു. അതിലർത്ഥമാക്കിയിരുന്നത്, വിഷയാസ്പദമായതൊന്നും സ്നേഹത്തിൽ അല്ലെങ്കിൽ സൗന്ദര്യത്തിൽ ഇല്ല; വെറുതേ, ആയിരിക്കുക എന്ന മഹാദ്ഭുതമാണത് എന്നാണ്. സ്നേഹിക്കാൻ വെളിയിൽ മറ്റൊന്നുമില്ലാത്ത സ്നേഹം എന്താണെന്ന് മനസ്സിലാക്കുക ഈ ജീവിതത്തിന്റെ ഊടുപാവുകളിൽ കുടുങ്ങിപ്പോയ നമുക്ക് അസ്സാദ്ധ്യമായ കാര്യമാണ്. ഇന്ദ്രിയങ്ങളിലൂടെ നാം സൃഷ്ടിക്കുന്ന ലോകത്തിൽ എല്ലാ വിശ്വാസവും അർപ്പിച്ചു ശീലിച്ചവർക്ക് അതിനപ്പുറത്തേയ്ക്ക് കടന്നു ചെല്ലുക തുലോം ശ്രമകരമായിരിക്കും. അതുപോലെതന്നെയാണ് സംശുദ്ധമായ അസ്തിത്വം ഐന്ദ്രികമായതിനെല്ലാം അപ്പുറത്തുള്ള സത് മാത്രമായിരിക്കുന്ന അവസ്ഥയാണ് എന്ന് പറയുന്നതും.

ഒരുപമയിലൂടെ ഇക്കാര്യം വ്യക്തമാക്കാൻ ശ്രമിക്കാം. സൂര്യൻ പ്രകാശത്തിന്റെ ഉറവിടമാണ് എന്ന് നമുക്കറിയാം. പ്രകാശമുണ്ടാകുന്നത് സൂര്യൻ ജ്വലിക്കുന്നതുകൊണ്ടാണ്. ഇനി, സൂര്യന്റെ ജ്വലനം പ്രകാശത്തെ സൃഷ്ടിക്കുകയല്ല, ജ്വലനം തന്നെയാണ് പ്രകാശം എന്ന് സങ്കല്പ്പിക്കുക. ഒരു പടികൂടെ കടന്ന്, ജ്വലിക്കുന്ന സൂര്യനെയും വിട്ടുകളഞ്ഞിട്ട്, പ്രകാശിതമായ ജ്വലനം മാത്രമേ അവിടെയുള്ളൂ എന്ന് സങ്കൽപ്പിക്കാമോ എന്ന് നോക്കുക. അതായത്, ഉള്ളത് പ്രകാശം മാത്രം; അതിന് പ്രകാശിപ്പിക്കേണ്ടതായി വേറൊന്നും ഒരിടത്തുമില്ല. അത് മറ്റൊന്നിനെയും പ്രകാശിപ്പിക്കുകയല്ല, മറിച്ച്, പ്രകാശമായി നിലനില്ക്കുക മാത്രമാണ് ചെയ്യുന്നത്. അത് പ്രകാശിച്ചുകൊണ്ടിരിക്കുകപോലുമല്ല, പ്രകാശമായിരിക്കുക മാത്രമാണ് ചെയ്യുന്നത്.
അസ്തിത്വം സ്വയം പ്രകാശിതമാണ്, പ്രകാശം മാത്രമാണ് എന്ന് സാരം.

ഇനി, അസ്തിത്വം പ്രകാശമാണ് എന്ന് പറയുന്നതുപോലെ തന്നെ, ലേശം പോലും അർത്ഥവ്യത്യാസമില്ലാതെ, അസ്തിത്വം അറിവാണ് എന്നും പറയാം.
അസ്തിത്വം, അറിവ്, പ്രകാശം - എല്ലാം ഒന്നുതന്നെ. എന്ന് മാത്രമല്ല, അതല്ലാതെ വേറൊന്നുമില്ല എന്ന സ്ഥിരീകരണവും അതിൽ ഉൾപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം സാരാംശം വളരെ ചുരുക്കി ഇങ്ങനെ പറയാം: അസ്തിത്വം ഒന്നേയുള്ളൂ, അത് അതിൽത്തന്നെ സമ്പൂർണ്ണമാണ്. എല്ലാം ഉൾക്കൊള്ളുന്ന സ്വയം പര്യാപ്തതയാണത്. അതിനുള്ള ചുരുക്കപ്പേരാണ് സച്ചിദാനന്ദം - സത്, ചിത്ത്, ആനന്ദം. ഒന്ന് (ആയിരിക്കുന്നതെന്തോ അത്) അതിൽത്തന്നെ സംപൂർണ്ണവും സ്വയം അറിയുന്ന പ്രകാശവും ആകുമ്പോൾ, സംശുദ്ധമായ ആനന്ദമല്ലാതെ മറ്റെന്തായിരിക്കാനാണ് അതിനു കഴിയുക?

അങ്ങനെയെങ്കിൽ, അസ്തിത്വം സ്നേഹമാണെന്നും അർത്ഥശങ്കയില്ലാതെ പറയാം. കാരണം, ആനന്ദത്തിന്റെ പര്യായശബ്ദമാണ് സ്നേഹം. അറിവും ആനന്ദവും സത്തിൽ നിറഞ്ഞിരിക്കുമ്പോൾ, അതിനു വെളിയിൽ അന്വേഷിക്കാൻ മറ്റൊന്നുമുണ്ടാവാനാവില്ല. അതാണ്‌ ആത്യന്തികമായി അസ്തിത്വമെന്ന സത്യം. ആ സത്യം ഗ്രഹിക്കുന്നതോടെ, നാമും നമ്മെ ഉൾക്കൊള്ളുന്ന ഈ പ്രപഞ്ചവും, അതിന്റെ സൃഷ്ടിക്കും വിശകലനത്തിനുമായി നാമുപയോഗിക്കുന്ന ആശയാവിഷ്കാരങ്ങളും സങ്കല്പങ്ങളുമുൾപ്പെടെ, എല്ലാം പാടേ അപ്രത്യക്ഷമാവുകയും അതിന്റെ സ്ഥാനത്ത് അവബോധമെന്ന പ്രകാശം പരക്കുകയും ചെയ്യും.

പരമമായ അസ്തിത്വത്തെപ്പറ്റി ശബ്ദങ്ങൾ കൊണ്ടും ആശയങ്ങൾ കൊണ്ടും ഇത്രയൊക്കെയേ നമുക്ക് എത്തിപ്പിടിക്കാനാവൂ. സത്യം ഇവയ്ക്കെല്ലാം അപ്പുറത്താണ് ഒളിഞ്ഞിരിക്കുന്നത്. സത്യം തെളിഞ്ഞുനിൽക്കുന്നിടത്ത് അത് മറ്റൊന്നിനേയും ആവശ്യപ്പെടുന്നില്ല. വാക്കുകളുടെയും ആശയങ്ങളുടെയും ആവശ്യം നമുക്കുണ്ടെങ്കിൽ, അത് സത്യം അവിടെയുണ്ട് എന്ന് മനസ്സിലാകുന്നതുവരെയേ ഉള്ളൂ. അത് കഴിഞ്ഞാൽ നാം തന്നെ സത്യമായിത്തീരുന്നു. ബാക്കിയെല്ലാം അപ്പോൾ ഇല്ലായ്മയും ശൂന്യതയുമായിത്തീരുന്നു. ആ അവസ്ഥയാണ് ഏകം സത് (ഏക സത്യം). സ്വഃ + സത് = സത്യം എന്ന വിഷയാതീതവും അതീന്ദ്രിയവുമായ ആ അവസ്ഥയിലെത്തുംവരെ മാത്രമേ ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും നമുക്ക് ആകർഷണീയമായി തോന്നുകയുള്ളൂ. സത്യം അളവറ്റ് പ്രകാശിക്കുന്നിടത്ത് മായ അവസാനിക്കുന്നു.

"ഞാനാണ് വഴിയും സത്യവും ജീവനും" എന്ന് യേശു പറഞ്ഞതായി നാം വായിക്കുന്നു. യേശുവിന്റെ സുവിശേഷസന്ദേശമാണ് സ്വർഗപ്രാപ്തിക്കുള്ള വഴി എന്നാണ് സാധാരണ വിശ്വാസികൾ അതിൽനിന്ന് ഗ്രഹിക്കുക. ആ ഗ്രാഹ്യം ജീവിതവാഹിയാവുമ്പോൾ, അത് നേർവഴി തന്നെയാണ്. എന്നാൽ, മാനുഷിക നിലയിൽ നിന്നുകൊണ്ട് ഒരു പ്രവാചകനും വാച്യാർത്ഥത്തിൽ പ്രഖ്യാപിക്കാൻ സാദ്ധ്യതയില്ലാത്ത ഒരു വാക്യമാണിത്. യേശുവിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ വിശ്വാസികളുടെ രേഖപ്പെടുത്തലായി അതിനെ കാണുകയേ നിവൃത്തിയുള്ളൂ. എന്നിരുന്നാലും, മുകളിൽ കുറിച്ച താത്ത്വിക ചിന്തകൾക്ക് ഒരു താങ്ങായി, വേറൊരു തരത്തിലും ഈ വാക്യത്തിന് ഒരു വിശദീകരണമാവാം. അതിവിടെ കുറിക്കുമ്പോൾ, സാധാരണക്കാരായ മുക്കുവരോടും അഗതികളോടും ആ അർത്ഥത്തിൽ യേശു സംസാരിച്ചു എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. എന്നിരുന്നാലും, ഇങ്ങനെയൊരു ബൗദ്ധികവ്യായാമം അസ്ഥാനത്തല്ല എന്നേ ഞാൻ നിർദ്ദേശിക്കുന്നുള്ളൂ.

I am - ഞാനുണ്ട്, ഞാൻ ഉണ്മയാകുന്നു - എന്നതാണ് ഒരു സംശയവുമില്ലാതെ നമുക്കറിയാവുന്ന ഒരേയൊരു സത്യം. അതിലൂടെയും അതിലൂന്നിയുമാണ് ബാക്കി ലോകത്തെ നാം അറിയുന്നത്. ഞാനുണ്ട് എന്ന ബോധം തന്നെയാണ് ഞാൻ എന്നെത്തന്നെ അറിയുന്നു എന്നതും. ആ അറിവിന്റെ പ്രകാശമില്ലാതെ മറ്റൊന്നും എനിക്കറിയാനാവില്ല. ആ അറിവിലൂടെ തന്നെ ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന സത്യം ഉൾക്കൊള്ളാതെ മറ്റൊന്നിനെയും സ്നേഹിക്കാനും എനിക്കാവില്ല. അങ്ങനെയെങ്കിൽ, യേശു പറഞ്ഞത്, ഞാൻ ഉണ്മയാകുന്നു എന്ന ആ അറിവാണ്
(ഞാൻ ആകുന്നു എന്നത് എന്നെ പ്രകാശിപ്പിക്കുന്ന എന്റെ അറിവാകുന്നു; അത് ഞാൻ എന്നെത്തന്നെ സ്നേഹിക്കലാവുന്നു.) സത്യത്തിലേയ്ക്കും ജീവനിലേയ്ക്കുമുള്ള വഴി എന്നാണ്. "I am" എന്ന എന്റെ ഉൾബോധമാകുന്നു എനിക്ക് മറ്റെല്ലാറ്റിലേയ്ക്കുമുള്ള വഴി. "I am" is the Way. "I am" is the Truth. "I am" is the Life. താത്ത്വികമായി പറഞ്ഞാൽ, ഞാൻ അസ്തിത്വമാകുന്നു എന്ന ബോധം ഉണ്ടാകുക എന്നതാണ് എനിക്ക് ജീവനിലേയ്ക്ക് നടന്നിറങ്ങാനുള്ള വഴി. ആ വഴിയേ പോയിപ്പോയി, ഒടുക്കംവരെ അത് മാത്രമേ ഉള്ളൂ എന്ന അറിവിലെത്തുന്നതാണ് മോക്ഷം. കാരണം, ഞാൻ ഉണ്മയാകുന്നു എന്നത് അടിസ്ഥാനപരവും അനന്തവുമായ ഒരനുഭവമാണ്. മറ്റെല്ലാ അനുഭവങ്ങളുടെയും ഉള്ളിന്റെയുള്ളിൽ അതാണുള്ളതെതെങ്കിൽ, അതു മാത്രമാണുള്ളതെങ്കിൽ, ആദിയും അന്തവുമില്ലാത്ത 'ഞാൻ' സ്വയം സച്ചിദാനന്ദമായി (being, knowing, loving) തിരിച്ചറിയുന്നതുതന്നെയാണ് പരമമായ മുക്തി. സച്ചിദാനന്ദം ഭാഷയുടെയും ചിന്തയുടെയും അവസാനത്തെ സംസ്കൃതിയാണ്; ഏറ്റവും ലളിതവും അതേ സമയം സാന്ദ്രവുമായ ഭാഷാപ്രയോഗമാണത്.

3 comments:

 1. ഗഹനമായ കാര്യങ്ങളില്‍ സാക്ക്‌ തൊട്ടാല്‍ സര്‍വ്വത്ര പ്രശ്നമാണ്. പലതും ആര്‍ക്കും ഒന്നും മനസ്സിലാകണമെന്നുതന്നെയില്ല. എങ്കിലും, ലോകോത്തര ദൈവശാസ്ത്രസത്യങ്ങള്‍ ആറ്റിക്കുറുക്കിയ അമൃതാണ് ഒഴുകുന്നതെന്ന് മനസിലാക്കുന്നവര്‍ ചുരുക്കമായെങ്കിലും കാണും. വളരെ വൈഭവത്തോടെയാണ് ഇവിടെ ഭാരതീയ ചിന്തകളെ ക്രൈസ്തവ വചന വ്യാഖ്യാനങ്ങളുമായി സാക്ക്‌ ചേര്‍ത്തു വെച്ചിരിക്കുന്നത്. ശാസ്ത്രത്തിന്‍റെ യുക്തിയും ഇതില്‍ കാണാവുന്നതേയുള്ളൂ. ഇതെല്ലാം ഉള്‍ക്കൊണ്ട ഒരുവനെ ഇത്തരം ഒരു ലേഖനവും തയ്യാറാക്കാനോക്കൂ. സത്യം സ്വതന്ത്ര മനസ്സോടെ യുക്തമായി മനസ്സിലാക്കിയ എത്രയോ സന്യസ്തര്‍ സഭയുടെ മുഖ്യധാരയില്‍ നിന്ന് ഉള്‍വലിഞ്ഞിരിക്കുന്നു.

  'ഞാനാകുന്നു വഴിയും ....' അതിനെപ്പറ്റി ഒരു വാക്ക്. വളര്‍ച്ചയുടെ പാതയില്‍ ഓരോ വിശുദ്ധരും പലയിടങ്ങളിലായി ഓരോ ജംക്ഷനുകളായി നില്‍ക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. യാത്ര തുടങ്ങുന്ന ഒരാള്‍ക്ക്‌ ഒന്നൊന്നായി പല ഘട്ടങ്ങളിലായി വളര്ന്നവരുടെ ഈ ജംക്ഷനുകളിലൂടെ കടന്നു പോവാതിരിക്കാന്‍ ആവില്ല. അവസാനത്തെ ജംക്ഷനില്‍ യേശു നിലയുറപ്പിച്ചിരിക്കുന്നുവെന്നു വാദിച്ചാലും മറ്റു ജംക്ഷനുകളും എന്നിലൂടെയല്ലാതെ രക്ഷയില്ലായെന്നു പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. ശ്രി. രാമകൃഷ്ണ പരമഹന്സനും അത് പറയാം എന്നര്‍ത്ഥം. ഇത് സൂഷ്മ ശരീരത്തിന്‍റെ ശുദ്ധതാശാസ്ത്രമാനം വെച്ച് നോക്കിയാല്‍ ശരിയുമാണ്.

  ഇതിനെപ്പറ്റി ഒരു വാഗ്വാദം ആരെയും ഒരിടത്തും കൊണ്ടെത്തിക്കുകയില്ല. ഓരോരുത്തരുടെയും മനസ്സിലാക്കലുകള്‍ പരമാവധി പങ്കു വെയ്ക്കുക എന്നത് മാത്രമേ ഉചിതമായുള്ളൂ. ചിത്രത്തിലെ മദ്ധ്യാഹ്നസൂര്യനും യഥാര്‍ത്ഥ സൂര്യനും തമ്മില്‍ നൂല്‍ ബന്ധമേ കാണൂ. ഇവിടെയൊരു സര്വ്വാംഗികാരമുള്ള തിരുമാനവും അപ്രസക്തം. ഡല്‍ഹിയെപ്പറ്റി ഒരു ഏകാഭിപ്രായത്തിലെത്തിയതിനു ശേഷമേ അങ്ങോട്ടു പോവൂ എന്ന് ശഠിക്കുന്നതുപോലെയാവും ഇതും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഹിമാലയത്തിന്‍റെ വിവിധ വശങ്ങളിലൂടെ മുകളിലേക്ക് പര്‍വ്വതാരോഹണം നടത്തുന്നവര്‍ ഹിമാലയത്തെപ്പറ്റി വര്‍ണ്ണിക്കുന്നത് പോലെ വ്യത്യസ്തമായ വിലയിരുത്തലുകളാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ ഉയരത്തിലേക്ക് പോകുമ്പോള്‍ അഭിപ്രായങ്ങളില്‍ സമാനത വരും. പര്‍വ്വതത്തിന്‍റെ ഏറ്റവും മുകളില്‍ ചെന്നവര്‍ കാണുന്നതും പറയുന്നതും ഒന്നായിരിക്കുകയും ചെയ്യും. ശുദ്ധീകരണത്തിലേക്കുള്ള മാര്‍ഗ്ഗം അന്വേഷിക്കുന്നവന്‍ യാത്ര പുറപ്പെടുകയെന്നതാണ് ചെയ്യേണ്ടത്. അതേയുള്ളൂ ഏക സാദ്ധ്യതയും.

  ReplyDelete
 2. സർവത്ര പ്രശനമാണ്. പ്രശ്നം എന്നാൽ ചോദ്യമാണ്. (പ്രശ്നത്തിന് മലയാളികൾ problem എന്നർത്ഥം കൊടുക്കുന്നത് ശരിയല്ല. ശരിയാണ് ജോസെഫ്ജി പറഞ്ഞത്. ഇത്തരം വിഷയങ്ങളിൽ ചെന്ന് കൂടിയാൽ, പിന്നെ സർവത്ര ചോദ്യങ്ങൾ ഉയർന്നുവരും. അങ്ങനെയല്ലേ കൂടുതൽ ചിന്തയിലേയ്ക്കും ഗ്രാഹ്യത്തിലേയ്ക്കും കടക്കാനാവൂ. ചോദ്യമില്ലാത്തിടത്ത് ചിന്തയില്ല. അതുകൊണ്ട്, പ്രശ്നങ്ങൾ വർദ്ധിക്കട്ടെ. ഉത്തരങ്ങളും.

  ReplyDelete
 3. സാക്കിന്റെ ഗഹനമായ വിഷയങ്ങളിലേക്ക് മറുപടിയെഴുതുക പ്രയാസമുള്ള കാര്യമാണ്. ഈ അഭിപ്രായത്തിൽ ശ്രീ മറ്റപ്പള്ളിയോട് പൂർണ്ണമായും യോജിക്കുന്നു. അല്മായശബ്ദത്തിൽ എഴുതുവാൻ തുടങ്ങിയകാലം മുതൽ സാക്കിനെ പിന്തുടർന്ന് അദ്വൈതത്തിലെ 'സത് ചിത് ആനന്ദ' കണ്ടെത്തുവാൻ നോക്കി. "ഞാൻ ദൈവം എന്ന്" ഇത്രയും കാലം പറഞ്ഞിട്ടും മൂപ്പിലാൻ എന്നെ അംഗികരിക്കുന്നില്ല.

  വേദങ്ങളനുസരിച്ച് 'സത് ചിത് ആനന്ദ' ബ്രഹ്മനാണ്. അതായത് മായയായ പരമാത്മാവ്‌. അതുതന്നെ സൃഷ്ടിയും പരിപാലനവും നാശവും നടത്തുന്നു. യാതൊരു സൃഷ്ടികളും വാസ്തവികങ്ങളോ സ്ഥായിയോ അല്ല. എന്നാൽ ഉപബോധമനസ്സിൽനിന്ന് നിർഗളിക്കുന്ന അറിവ് സ്ഥായിയാണ്. 'തന്ത്രാ'യിൽ ശിവശക്തിയെ 'സത് ചിത് ആനന്ദ' ആയി കരുതുന്നു. അവിടെ 'ശിവൻ' പരമാത്മാവാണ്. സൃഷ്ടിയുടെ ശക്തി, അതെ നിത്യത. പരിശുദ്ധമായ ഉപബോധമനസ് തന്ത്രായിൽ പകുതി സത്യമേയാകുന്നുള്ളൂ. ഉപബോധമനസിലെ 'സത് ചിത് ആനന്ദ' മായാജാലമെന്ന് ശൈവവാദികൾ വാദിക്കുന്നു. അദ്വൈതത്തിൽ ഉപബോധമനസിനെ നാം തന്നെ ശക്തിയാക്കണം. അതിനായി യോഗായെങ്കിൽ യോഗാ, ഹിമാനുസാനുക്കളിൽ യാത്ര, ഏകാന്തമായ ധ്യാനം, ധ്യാനത്തിലെ ഗാനലഹരി അങ്ങനെയങ്ങനെ എന്തുമാവാം

  ഉപബോധമനസിനെ മാജിക്കും മന്ത്രങ്ങൾകൊണ്ടും ശക്തിയുള്ളതാക്കാനല്ല. അദ്വൈതത്തിൽ 'സത് ചിത് ആനന്ദയെ' നമ്മിൽ തന്നെ ശക്തിയാക്കണം.'ഞാൻ വഴിയും സത്യവും ജീവനുമാക്കണം.' എന്നില്ക്കൂടി ഞാൻ എന്റെ പരമാനന്ദം കണ്ടെത്തണം. നിർവൃതിയുടെ താഴികകുടത്തിൽ ഞാനും അലിഞ്ഞുചേരണം. 'ഞാനെന്നുള്ള സത്യം','ഞാനെന്നുള്ള അറിവ്' അത് ബ്രഹ്മാനന്ദത്തിലേക്കുള്ള തീർഥയാത്രയാണ്. യേശുവിൽ സ്വാർഥതയില്ലായിരുന്നു. എന്നിലെ അറിവ് പൂർണ്ണമാക്കി അവിടുത്തെപോലെ പിന്നാലെ ഞാനും വരാനാണ് അവിടുന്ന് പറഞ്ഞത്. അവിടുന്ന് ഗുരുക്കന്മാരിൽ ഗുരുവായിരുന്നു. മഹാഗുരുവായിരുന്നു. അദ്വൈതത്തിൽ 'സത് ചിത് ആനന്ദ' ബ്രഹ്മത്തെപ്പറ്റി വിവരണം നല്കുന്നു. യേശുവും പരബ്രഹ്മമായ പിതാവിനെ ചൂണ്ടികാണിച്ചു. എന്നാൽ ശൈവസിദ്ധാന്തത്തിൽ 'സത് ചിത് ആനന്ദ' അദൃശ്യമാണ്. ദിവ്യമായ, മായയായ, ശക്തിയായ, ബ്രഹ്മൻ തന്നെയാണ്. 'സത് ചിത് ആനന്ദ' എന്ന ദൈവത്തെപ്പറ്റിയുളള മനോഹരമായ മറ്റൊരു വാക്ക് ലോകത്തിൽ ഒരു മതഗ്രന്ഥത്തിലുമില്ല. ദൈവം സത്യമല്ലെങ്കിൽ പിന്നെ ആരാണ്. ദൈവം ഉണർവോടെ, അറിവോടെ, കാണേണ്ട പരമാനന്ദം. 'സത് ചിത് ആനന്ദ' സംസ്കൃതത്തിലെ ഒന്നായ ഈ മൂന്നുവാക്കിൽ പ്രപഞ്ചം ഒന്നായി ഉൾക്കൊള്ളുന്നു. അതായത് ഒന്നായ ത്രിത്വത്തിലെ സൃഷ്ടിയും കർമ്മവും ഒത്തിണങ്ങിയ ആനന്ദസാഗരത്തിലെ നിർവൃതിയാണവിടം.

  പല അവാസ്തവങ്ങളും ഒരിക്കൽ വാസ്തവങ്ങളായി നാം ഗ്രഹിച്ചു. ഭൂമി പരന്നതെന്നും സൂര്യൻ ഭൂമിയെ ചുറ്റുന്നുവെന്നും ഒരിക്കൽ കരുതി. എന്നാൽ കാലംമാറിയപ്പോൾ നാം സത്യങ്ങളെന്നു വിചാരിച്ച വിശ്വാസങ്ങൾക്ക് മാറ്റംവന്നു. ഒരിക്കലും മാറ്റംവരാത്ത സത്യമാണ് 'സത് ചിത് ആനന്ദ'. അത് സമ്പൂർണ്ണമാണ്. 'ആനന്ദ' കാലത്തിനനുസരിച്ച് മാറ്റംവരും. സുന്ദരിയായ ഒരു പെണ്‍കുട്ടി വൃദ്ധയാവുമ്പോൾ അവളിലെ സൌന്ദര്യവും അസ്തമിക്കും. സുന്ദരമായ കലാമൂല്യങ്ങൾക്കും കാലത്തിന്റെ ഒഴുക്കിൽ തേയ്മാനങ്ങൾ ഉണ്ടാകും. എന്നാൽ 'ബ്രഹ്മൻ' അത് നിത്യതയുടെ ആനന്ദമാണ്. എന്നും സ്വർഗീയതയുടെ പൂർണ്ണത. സത്തയും നിർവൃതിയും ഉപബോധവും പരമസത്യത്തിലേക്കുള്ള 'സത് ചിത് ആനന്ദ'. അതു താന്നെയാണ് 'ഞാൻ മുന്തിരിവള്ളിയും'.

  ReplyDelete