Translate

Saturday, August 24, 2013

ജയ് ജയ് യേശു ക്രിസ്തു !
സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കാക്കനാട് വെച്ച് നടത്തപ്പെട്ട ലോക അല്മായാ സമ്മേളനത്തെപ്പറ്റി വിശ്വാസി സമൂഹം അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. വലിയ കൊട്ടും കുരവയുമായി ക്ഷണിക്കപ്പെട്ട കുറെ അല്മായരെ നിരത്തിയാണ് എല്ലാ മെത്രാന്മാരും തന്നെ പങ്കെടുത്ത ഈ സമ്മേളനം നടന്നത്. ഇതിനു മുന്നോടിയായി, മെത്രാന്മാരുടെ രഹസ്യ ചര്‍ച്ചകളും അജണ്ടാ തയ്യാറാക്കലുമൊക്കെ ഏതാനും സ്ഥിരം മനസാക്ഷി സൂക്ഷിപ്പുകാരുടെ  സാന്നിദ്ധ്യത്തില്‍ നടന്നു കഴിഞ്ഞിരുന്നു.

യൂസഫ്‌ അലിയുടെ സാന്നിദ്ധ്യം
പൊതു സമ്മേളനം തുടങ്ങിയത് തന്നെ അവിടെയെത്തിയ അല്‍മായരുടെ വ്യാപകമായ പ്രതിക്ഷേധത്തോടെയായിരുന്നു എന്ന് പറയാതെ വയ്യ. സമ്മേളനത്തിലെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നത് ലുലു സാമ്രാജ്യത്തിന്‍റെ അധിപനായ ശ്രി. യൂസഫ്‌ അലിയെയായിരുന്നുവെന്നതാണ്  അല്മായരെ ചൊടിപ്പിച്ചത്. ഇതിനു മുമ്പ് ഫാരിസ് എന്നൊരു മുസ്ലിമിനെ കൂട്ടുപിടിച്ച് അറക്കല്‍ മെത്രാന്‍ നടത്തിയ തേരോട്ടം കൊണ്ട് സഭയുടെ മുഖപത്രമായ ദീപികയ്ക്കും സഭക്കും ഉണ്ടായ തീരാത്ത നഷ്ടമായിരിക്കണം അല്മായരെ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിച്ചത്. മെത്രാന്മാര്‍ ഇടപെട്ടു നിരവധി സ്വകാര്യ ചര്‍ച്ചകള്‍ നടന്നെങ്കിലും യൂസഫ്‌ അലിയെ പങ്കെടുപ്പിക്കരുതെന്ന നിലപാടില്‍ നിന്ന് അല്‍മായര്‍ പിന്നോട്ട് പോയില്ല. ഒടുവില്‍ സാക്ഷാല്‍ ആലഞ്ചെരിയുടെ ദയനീയ അഭ്യര്‍ത്ഥന അവര്‍ മാനിച്ചു എന്നെ കരുതേണ്ടതുള്ളൂ - യൂസഫ്‌ അലിക്ക് ഏതായാലും അമിത പ്രാധാന്യം ലഭിച്ചില്ല. കാക്കനാട്ട് വെച്ച്, സഭയുടെ വളര്‍ച്ചക്ക് വേണ്ടി അസൂത്രണം ചെയ്യപ്പെട്ട ഒരു വിശേഷ സമ്മേളനത്തില്‍ യൂസഫ്‌ അലിയെ മുഖ്യ സ്ഥാനത്തിരുത്തിയത് സഭാ ചരിത്രത്തില്‍ ഒരു കളങ്കമായി തന്നെ അവശേഷിക്കും.

ചര്‍ച്ചകള്‍
പൊതു സമ്മേളനത്തില്‍ എത്തിയിരുന്ന ഓരോരുത്തരും സഭയുടെ വളര്‍ച്ചക്ക് ഉതകുന്ന നിരവധി നിര്‍ദ്ദേശങ്ങളുമായും ചില ചോദ്യങ്ങള്‍ക്ക് മറുപടി തേടിയുമാണ് യോഗത്തിന് എത്തിയതെന്നും പറയാം. ദൌര്‍ഭാഗ്യവശാല്‍ ഇതൊന്നും ഒരു ഘട്ടത്തിലും യോഗത്തിന്‍റെ പരിഗണനക്ക് വന്നില്ല. സഭാ വിശ്വാസികള്‍ക്ക് അന്യനാടുകളില്‍ അപമാനം നല്‍കിയ മോനിക്കാ തട്ടിപ്പ്, മെത്രാന്‍റെ ഓഡി കാര്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിനിധികളുടെ സ്വകാര്യ ചര്‍ച്ചകളില്‍ മുന്തി നിന്നു. പലരും അവിടെയുണ്ടായിരുന്ന അധികാരികളുടെ ശ്രദ്ധയില്‍ ഇത് കൊണ്ടുവന്നെങ്കിലും മോനിക്കാ പ്രശ്നത്തില്‍ പ്രകടനം നടത്തിയതും, പരാതിയുള്ളതും അന്യനാട്ടുകാര്‍ക്കാണെന്നും, ആ പ്രശ്നം ഒതുങ്ങിപ്പോയെന്നുമുള്ള പല്ലവിയാണ് അവര്‍ക്ക് കേള്‍ക്കാന്‍ സാധിച്ചത്. കാഞ്ഞിരപ്പള്ളിയിലെ വിശ്വാസികള്‍ അരമനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒരു കാര്യത്തെപ്പറ്റി പോലും ഇപ്പോള്‍ പ്രതികരിക്കാറില്ലെന്ന് സൂചിപ്പിച്ചുകൊണ്ട്  അതിനുദാഹരണമായി പെനുവേല്‍ ആശ്രമത്തില്‍ നടന്ന ഏഴര കോടിയോളം രൂപയുടെ തിരിമറിയെപ്പറ്റി സോള്‍ ആന്‍ഡ്‌ വിഷന്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന റിപ്പോര്‍ട്ട് ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്‌. ഏതായാലും, അല്മായാ കമ്മിഷന്‍ ചെയര്‍മാനായ അറക്കല്‍ മെത്രാന്‍ ഈ സമ്മേളനത്തിന് എത്തിയിരുന്നില്ലായെന്നത് പ്രത്യേകം പറയാതെ വയ്യ. എങ്കിലും, കമ്മിഷനിലെ ഏക അല്മായനായ സെക്രട്ടറിയുടെ പുകഴ്ത്തലിനു ഒരു കുറവും വന്നില്ല. പരസ്പരം പ്രകീര്‍ത്തിച്ചും പുകഴ്ത്തിയും മെത്രാന്മാരും മുന്നേറിക്കൊണ്ടിരുന്നു, ഈ സമ്മേളനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും. എല്ലാത്തിനും പരിഹാരം കാണാന്‍ തട്ടിപ്പാകുന്നിടം വരെ മുട്ടിപ്പായി പ്രാര്‍ഥിക്കാനുള്ള ഉപദേശങ്ങളും ഇടയ്ക്കിടെ ലഭിച്ചുകൊണ്ടിരുന്നു.

ജീസസ് യൂത്ത് എന്ന പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി മേത്രാന്മാരില്‍ നിന്ന് വന്ന പരാതികള്‍ക്ക്മേല്‍ നടന്ന ചര്‍ച്ചകള്‍ സംഗ്രഹിച്ചുകൊണ്ട് ജീസസ് യൂത്ത് സഭയുടെ അംഗീകാരമുള്ള സംഘടനയല്ലായെന്നു മാര്‍ ആലെഞ്ചേരി പറഞ്ഞു. സഭയിലെ അജപാലനരംഗത്തുള്ള പോരായ്മകളിലേക്ക് ഒരു ചര്‍ച്ചയും നടത്താന്‍ സമ്മതിക്കാതെ സഭക്ക് എങ്ങിനെ വിദേശ രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാം എന്ന വിഷയത്തെപ്പറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന നിലപാടിലായിരുന്നു സംഘാടകര്‍. തുടര്‍ന്ന് സംസാരിച്ച മെത്രാന്മാര്‍ ലത്തിന്‍ റീത്തുകാര്‍ എങ്ങിനെയൊക്കെയാണ് നമ്മളെ പീഢിപ്പിക്കുന്നതെന്ന് വേദനയോടെ വിവരിച്ചുകൊണ്ടിരുന്നു. ഔദ്യോഗിക വസ്ത്രം ധരിക്കാതെ സഞ്ചരിക്കുക, അല്മായരുമായി ഇടപഴകുക, ക്രമങ്ങള്‍ നോക്കാതെ ബലിയര്‍പ്പിക്കുക, പൊതുവായ സാമൂഹ്യ കാര്യങ്ങളില്‍ അനാവശ്യമായി ഇടപഴകുക, ബൈബിള്‍ വചനങ്ങളെ ഉചിതം പോലെ വ്യാഖ്യാനിക്കാന്‍ അനുവദിക്കുക, കരിസ്മാറ്റിക് ധ്യാനങ്ങളെ നിരുല്സാഹപ്പെടുത്തുക, അല്മായാണ് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ എല്ലാ മേഖലകളിലും അവര്‍ ദുര്മാത്രുക കാട്ടുന്നുവെന്ന് തന്നെയാണ് അല്മായര്‍ക്കു മനസ്സിലായത്‌. അവരുമായി ഒരു യുദ്ധം തന്നെ നടത്തുവാന്‍ മെത്രാന്മാര്‍ ഒരുങ്ങുന്നുവെന്ന സൂചനയും യോഗത്തിനു ലഭിച്ചു.

സീറോ മലബാര്‍ സഭയുടെ സാന്നിദ്ധ്യം ഒരൊറ്റ മലയാളിയെങ്കിലും ഉള്ള സര്‍വ്വ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ എന്ത് തന്ത്രമാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യത്തിനാണ് മെത്രാന്മാര്‍ ഉത്തരം തേടിയത്. ആ യോഗത്തിന്‍റെ പരമമായ ലക്‌ഷ്യം ഒരു തരത്തിലുള്ള നവീകരണവുമല്ല സ്വന്തം സാമ്രാജ്യം വികസിപ്പിക്കുക മാത്രമാണെന്ന് തുറന്നു പറയുന്നതായിരുന്നു പ്രസംഗങ്ങല്‍. ഗള്‍ഫില്‍ ഒരു പള്ളി അനുവദിച്ചു കിട്ടാന്‍ യൂസഫ്‌ അലിയുടെ സഹായം ലഭ്യമാക്കുകയെന്ന തന്ത്രമാണ് കാക്കനാട്ട് പൊലിഞ്ഞത്. സഹ വിഭാഗത്തെ തകര്‍ക്കുകയാണ് മാര്‍ത്തോമ്മായുടെ പാരമ്പര്യം എന്ന് തോന്നിപ്പിക്കുമായിരുന്നു മെത്രാന്മാരുടെ ആവേശം കണ്ടാല്‍.

ഫോറങ്ങള്‍ 
സഭയിലെ എല്ലാ പ്രവര്‍ത്തന മേഖലയിലുമുള്ളവരുടെ ഫോറങ്ങള്‍ രൂപീകരിച്ചു എല്ലാ മേഖലകളിലും പിടിമുറുക്കുകയെന്ന മെത്രാന്‍ തന്ത്രം വിജയകരമായി അവതരിപ്പിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, വക്കീലന്മാര്‍ തുടങ്ങി എല്ലാ മേഖലകളിലും ഫോറങ്ങള്‍ താമസിയാതെ ഉണ്ടാവും. ഏറ്റവും പ്രാമുഖ്യം കൊടുത്തത് പത്ര പ്രവര്‍ത്തന രംഗത്ത്  പ്രവര്‍ത്തിക്കുന്നവരുടെ കത്തോലിക്കാ കൂട്ടായ്മക്കാണ്. അറിയാവുന്ന 82 ഓളം പേരെ വിളിച്ചു ചേര്‍ത്തു ഉടന്‍ തന്നെ യോഗം നടത്താനും തിരുമാനമായി. സഭ വിശ്വാസവല്ക്കരിക്കപ്പെടണമോ, വ്യവസായവല്‍ക്കരിക്കപ്പെടണമോ, എന്നുള്ളതിനെപ്പറ്റിയും അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും ഒരു പ്രത്യേക തീരുമാനം ഉണ്ടായില്ല.  സഭ വാത്സ്യായവല്‍ക്കരിക്കപ്പെടണമെന്നാണോ അധികാരികള്‍ ആഗ്രഹിക്കുന്നതെന്ന് ആരെങ്കിലും  സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാവില്ല.

ഇത്തരം പ്രഹസനങ്ങള്‍ നടത്തി സഭയുടെ ബഹുഭൂരിപക്ഷം വരുന്ന അല്മായരെ അപമാനിക്കുന്ന സഭാനേതൃത്വത്തിനെതിരായി നിയമപരമായും സാങ്കേതികമായും അല്മായര്‍ പ്രതികരിച്ചാലെ ഇത്തരം ലോക മഹാ സമ്മേളനങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കുകയുള്ളൂ. സ്വന്തം ചിഹ്നം മാറ്റിയ ഏക മതവിഭാഗമെന്ന പേര് സ്വന്തമായുള്ള സീറോ മലബാര്‍ സഭയുടെ മെത്രാന്മാര്‍ക്ക് ലോകം കീഴടക്കാതെ ഉറക്കം വരുന്നില്ലത്രേ. സഭയുടെ പ്രവര്‍ത്തനം മാതൃകാപരമായിരിക്കാന്‍ ഒരു ചെറിയ കാര്യം പോലും അവരുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പറയാന്‍ മെത്രാന്മാര്‍ക്ക് ഈ സമ്മേളനത്തില്‍ സാധിച്ചിട്ടില്ലായെന്നു എടുത്തു പറഞ്ഞെ ഒക്കൂ.  

1 comment:

  1. ഇങ്ങിനെ എത്രയോ പണം ഇവര്‍ ധൂര്ത്തടിച്ച് കളയുന്നു. റിപ്പോര്ട്ട് പറയുന്നത് ശരിയാണെങ്കില്‍ വളരെ കഷ്ടമാണ് കാക്കനാട്ട് നടക്കുന്ന കാര്യങ്ങള്‍. തൊഴില്‍ മേഖലകളിലുള്ളയെല്ലാവരെയും ഓരോ മെത്രാന്‍റെ കീഴിലാക്കുക. ശിശുക്കള്ക്കും , ഗര്ഭിണികള്ക്കും കൂടി ഫോറങ്ങള്‍ ഉണ്ടാവണം. കട്ട് പരിശീലിച്ചവര്ക്കു ഇപ്പോള്‍ തന്നെ ഫോറങ്ങള്‍ ഉണ്ടല്ലോ.

    ReplyDelete