Translate

Monday, August 19, 2013

ഒപ്പീസും ഒപ്പീരും..


2013 ജൂണ്‍ ലക്കം അസ്സീസിയില്‍ 

ഇടിയും മിന്നലും എന്ന പംക്തിയില്‍ 
ഫാ. ജോസ് വെട്ടിക്കാട്ട് കപ്പൂച്ചിന്‍ 
എഴുതിയ ലേഖനം 

സങ്കീര്‍ത്തിയില്‍ വച്ചായിരുന്നു വികാരിയച്ചനുമായി അങ്ങനെയൊരു ധാരണയിലെത്തിയത്; കുര്‍ബാന കഴിഞ്ഞ് സിമിത്തേരിയില്‍ വേറെയും ഒപ്പീസുണ്ട്. അതുംകൂടെ ഞാന്‍ നടത്തിക്കൊടുക്കണം. എന്റെ ഒരുപകാരിയുടെ അമ്മ മരിച്ചതിന്റെ ഓര്‍മ്മയാചരണത്തിന് കുര്‍ബാനയ്ക്കു ചെന്നപ്പോളായിരുന്നു അവിടുത്തെ വികാരിയച്ചന്റെ ഈ നിര്‍ദേശം. അന്നദ്ദേഹത്തിനെവിടെയോ അത്യാവശ്യയാത്ര ഉണ്ടായിരുന്നതുകൊണ്ട് കുര്‍ബാന കഴിയുന്നുടനെ പോകാന്‍വേണ്ടിയാണ് ഇങ്ങനെയൊരു സഹായമെന്നോടു ചോദിച്ചത്.
കുര്‍ബാന കഴിഞ്ഞ് കപ്യാരുടെകൂടെ സിമിത്തേരിയിലേയ്ക്കു പോകുന്നവഴി കപ്യാരു പറഞ്ഞു:
''അച്ചാ, നമ്മേടതുകൂടാതെ വേറെ ആറ് ഒപ്പീസുകൂടെയുണ്ട്. അതുംകൂടെ അച്ചന്‍ ചൊല്ലിക്കൊള്ളുമെന്നു പറഞ്ഞിട്ടാ വികാരിയച്ചന്‍ പോയത്.''
ഷോക്കടിച്ചതുപോലെയായിപ്പോയി. ഉടനെതന്നെ മരിച്ചയാളിന്റെ വീ ട്ടില്‍ 'മന്ത്രാ' പ്രാര്‍ഥനയുള്ളതാണ്. ഒരൊപ്പീസുചൊല്ലാന്‍തന്നെ സാധാരണ പത്തു മിനിറ്റെടുക്കും. എത്രയങ്ങോട്ടു സ്പീഡില്‍ ചൊല്ലിയാലും ആറേഴുമിനിറ്റുവേണ്ടിവരും. ഏഴെണ്ണം തീരുമ്പോള്‍ മുക്കാല്‍ മണിക്കൂര്‍!!
''അതൊരുമാതിരി ഒപ്പീരായിപ്പോയല്ലോ കപ്യാരച്ചാ''. മനസ്സിലാണതു പറഞ്ഞതെങ്കിലും അതിന്റെ ഏതാണ്ടല്‍പം പുറത്തുവന്നെന്നു തോന്നുന്നു. കപ്യാര് അതികേട്ടിട്ടോ അതോ എന്റെ നടപ്പിന്റെ സ്പീഡു പെട്ടെന്നു കൂട്ടിയതുകൊണ്ടോ, എന്റെയൊപ്പം നടന്നെത്തി എന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു:
''സാരമില്ലച്ചാ നമുക്കു പെട്ടെന്നു തീര്‍ക്കാം.''
കപ്യാരുടെ പറച്ചിലുകേട്ടപ്പോള്‍ തോന്നി ഒരെണ്ണം ഞാന്‍ ചൊല്ലിയാല്‍ മതി, ബാക്കി അങ്ങേരു ചൊല്ലിക്കോളുമെന്ന്. സിമിത്തേരിലെത്തിയപ്പോള്‍ പല കല്ലറകളിലും തിരീം കത്തിച്ച് ആള്‍ക്കാരു നില്പുണ്ട്. ആള്‍ക്കാരെല്ലാം എത്താന്‍ കാത്തുനില്‍ക്കാതെ കപ്യാരു പ്രാര്‍ഥനയ്ക്കു തുടക്കമിട്ടു. ന്യായമായ സ്പീഡില്‍ ആ ഒപ്പീസു ചൊല്ലിത്തീര്‍ത്ത് ആമ്മേന്‍ പറയുന്നതിനുമുമ്പുതന്നെ കപ്യാരു തിരിക്കാലും കുരിശുമെടുത്തോണ്ടോടി, ആള്‍ക്കാാരുകാത്തുനിന്ന അടുത്തകുഴിമാടത്തിലെത്തി. പുറകെ ഓടിയെത്തി, അല്‍പം സ്പീഡുകൂട്ടി ആ ഒപ്പീസും തീര്‍ത്ത് അടുത്തിടത്തേയ്ക്കു പോകുന്ന വഴി കപ്യാരു പറഞ്ഞു:
''അച്ചാ മുഴുവന്‍ പ്രാര്‍ഥനേം എല്ലാടത്തും ചൊല്ലണമെന്നില്ല. അവസാനത്തെ പ്രാര്‍ഥനമാത്രം ചൊല്ലി വെള്ളംതളിച്ചാലും മതി, ഇവിടങ്ങിനാ.''
''ഇതൊപ്പീസല്ലേ കപ്യാരച്ചാ, ഒപ്പീരല്ലല്ലോ..''
''എന്നാപ്പിന്നെ അച്ചന്റിഷ്ടം.''
അടുത്തകല്ലറയില്‍ പ്രാര്‍ഥന തുടങ്ങിയപ്പോള്‍തന്നെ അവിടെനിന്നിരുന്നവരു പലരും സ്ഥലം വിടുന്നതു കണ്ടപ്പോള്‍ പന്തികേടുതോന്നി.
അതുംതീര്‍ത്ത് അടുത്തിടത്തു ചെല്ലുമ്പോള്‍ കത്തുന്ന തിരി മാത്രം. ആള്‍ക്കാരെല്ലാം പോയിക്കഴിഞ്ഞിരുന്നു. തിരിക്കാലും, മരക്കുരിശും, കപ്യാരും പിന്നെ ഞാനും മാത്രം!! ഇതുംകൂട്ടി ഇനീം ബാക്കിയുള്ള നാലെണ്ണം ഞാനും കപ്യാരും തന്നെ ചൊല്ലണം!! കപ്യാരു പ്രാര്‍ഥനതുടങ്ങീട്ടും ഞാന്‍ വാതുറക്കാതെ നിന്നതുകൊണ്ട് കപ്യാരു ചുമച്ചു ശബ്ദമുണ്ടാക്കി എന്നിട്ടും ശ്രദ്ധിക്കാതെ ഞാനുറക്കെച്ചിരിക്കുന്നതുകൂടെ കേട്ടപ്പോള്‍ കപ്യാരു വിളിച്ചു.
''അച്ചാ....''
''ആ ഹന്നാന്‍വെള്ളക്കുപ്പിയിങ്ങുതാ കപ്യാരച്ചാ...''
കപ്യാരു നേരത്തെ പറഞ്ഞുതന്നതുപോലെ അവസാനത്തെ പ്രാര്‍ഥനപോലും ചൊല്ലാന്‍ പോയില്ല, അവിടംമുതലു താഴേയ്ക്കുണ്ടായിരുന്ന എല്ലാ കല്ലറേലും അങ്ങു തളിച്ചു. വെള്ളം തീര്‍ന്നപ്പോള്‍ ഊറാലേം ഊരിപ്പിടിച്ചു സിമിത്തേരിക്കു പുറത്തേക്കു നടന്ന എന്റെ പുറകെയെത്താന്‍ എന്നെക്കാളും പ്രായമുണ്ടായിരുന്ന കപ്യാര്‍ ഓടേണ്ടിവന്നുകാണും.


''ഇങ്ങനൊരു പരിപാടി ആദ്യമാ.'' കിതയ്ക്കുന്ന കപ്യാര്‍.
''ഞാനും ആദ്യമായിട്ടാ കപ്യാരച്ചാ ഇങ്ങനൊരു പരിപാടി.'' ഞാനും വിട്ടില്ല.
''അച്ചനോടു ഞാനാദ്യമേതന്നെ പറഞ്ഞതായിരുന്നല്ലോ അവസാനത്തെ പ്രാര്‍ഥനേംചൊല്ലി വെള്ളം തളിച്ചാല്‍ മതിയെന്ന്.''
''അതത്ര ശരിയാണെന്നെനിക്കന്നേരം തോന്നിയില്ല കപ്യാരുചേട്ടാ.''
''വികാരിയച്ചനും ആദ്യമൊക്കെ അങ്ങനെ തോന്നിയതാ. പറ്റാഞ്ഞിട്ടാ ഇങ്ങനാക്കിയത്. മിക്ക ദിവസോം സിമിത്തേരീല്‍ ഒന്നുരണ്ട് ഒപ്പീസെങ്കിലും കാണും. ശനിയാഴ്ചയാണേല്‍ ഇന്നത്തെപ്പോലെ അതിലും കൂടുതലും കാണും. നിത്യസഹായ മാതാവിന്റെ നൊവേനേം കഴിഞ്ഞ് അഞ്ചാറ് ഒപ്പീസും കൂടെയാകുമ്പോള്‍ നേരം ഒത്തിരി വൈകുന്നതുകൊണ്ട് ആള്‍ക്കാരുതന്നെ കണ്ടുപിടിച്ച സൂത്രപ്പണിയാണിത്. ഒന്നോരണ്ടോ ഒപ്പീസില്‍ കൂടുതലുള്ളപ്പോള്‍ അച്ചന്‍ സിമിത്തേരീടെ നടുക്കുചെന്നുനിന്ന് ഒപ്പീസിന്റെ പ്രാര്‍ഥന ചൊല്ലും. അവസാനത്തെ പ്രാര്‍ഥനമാത്രം ആള്‍ക്കാരുകാത്തുനില്‍ക്കുന്ന ഓരോ കുഴിമാടത്തിലും ചെന്നു ചൊല്ലി ഹന്നാന്‍വെള്ളോംതളിച്ച് അവസാനിപ്പിക്കും. എല്ലാവര്‍ക്കും നേരത്തും കാലത്തും വീട്ടിലും പോകാന്‍പറ്റും.''
ഞാന്‍ പിന്നേം ഉറക്കെച്ചിരിച്ചപ്പോള്‍ കപ്യാരുടെ ചോദ്യം.
''അച്ചന്‍ മുമ്പേ സിമിത്തേരീന്ന് വെള്ളോം തളിച്ചോണ്ടോടുന്നതിനുമുമ്പും ഇതുപോലൊന്നു ചിരിച്ചാരുന്നു. അന്നേരം ഞാനോര്‍ത്തു, സിമിത്തേരിയല്ലേ വല്ല പ്രേതോം പെട്ടന്നു കൂടിയതായിരിക്കുമെന്ന്.'' കപ്യാരച്ചന്റെ തമാശകേട്ട് അതിലും ഉറക്കെ ചിരിച്ചുപോയി.
''എന്റെ കപ്യാരച്ചാ സത്യത്തില്‍ പ്രേതം ചിരിക്കുന്നതു കണ്ടിട്ടു തന്നെയാ ഞാന്‍ സിമിത്തേരീന്നു ചിരിച്ചത്. ഒപ്പീസു താമസിച്ചതുകൊണ്ട് കാത്തുനിന്നവരൊക്കെപ്പോയിക്കഴിഞ്ഞ് നമ്മളുരണ്ടുംതന്നെ അവിടെ ആ കല്ലറേടെയടുത്തുനിന്നപ്പോള്‍ ഞാനോര്‍ത്തതെന്താണെന്നോ? അവിടെ ആ കുഴിയില്‍ അടക്കിയിരിക്കുന്നയാള്‍ ഇപ്പോള്‍ സ്വര്‍ഗത്തിലാണെങ്കിലത്തെക്കാര്യമാ. സ്വന്തക്കാരെല്ലാം വിട്ടുപോയിക്കഴിഞ്ഞിട്ടും നമ്മളു രണ്ടുപേരുംകൂടെ അങ്ങേരുടെ കുഴിമാടത്തില്‍നടത്തുന്ന കലാപരിപാടി കണ്ടിട്ട്, അങ്ങേരവിടെ സ്വര്‍ഗത്തിലുള്ള മാതാവിനേം വിശുദ്ധന്മാരേം എല്ലാം വിളിച്ചുകൂട്ടി അക്കാഴ്ചകാണിച്ച് കൈകൊട്ടിച്ചിരിക്കുന്നഭാഗം ഭാവനേല്‍ കണ്ടപ്പോള്‍ എനിക്കും ചിരിയടക്കാന്‍ പറ്റിയില്ല.''
''എന്നാലെനിക്കന്നേരം ചിരിവരാഞ്ഞതിന്റെ കാരണം അച്ചനും കേട്ടോ. ആ പുള്ളിക്കാരന്‍ സ്വര്‍ഗത്തിലല്ലെങ്കിലത്തെകാര്യമാ ഞാനന്നേരം ചിന്തിച്ചത്. അങ്ങേരാക്കുഴീല്‍ ഇപ്പോഴും കിടപ്പുണ്ടെങ്കിലത്തെകാര്യം അച്ചനൊന്നോര്‍ത്തു നോക്കിക്കേ. അച്ചനാണേല്‍ പ്രാര്‍ഥനപോലും ചൊല്ലാതെയാ പാഞ്ഞുനടന്നു വാശിക്കു വെള്ളംതളിച്ചത്. കഷ്ടം, ഇനിയിപ്പം അടുത്തകൊല്ലമെങ്ങാനും ആരെങ്കിലും ഒരൊപ്പീസു ചൊല്ലിച്ചെങ്കിലായി.'' എനിക്കാ കപ്യാരെ പെരുത്തിഷ്ടമായി.
''ആ പോട്ടെ കപ്യാരച്ചാ, നമ്മള്‍ക്കുരണ്ടുപേര്‍ക്കും അറിയാന്‍ മേലാത്ത കാര്യത്തിനാ ഞാന്‍ ചിരിച്ചതും കപ്യാരച്ചന്‍ കരഞ്ഞതും. വീട്ടിലെ 'മന്ത്രാ'യ്ക്കുള്ള സാധനമൊക്കെയെടുത്തോ, പോകാം. വീട്ടുകാരു കാത്തിരുന്നു മടുത്തുകാണും.''
രണ്ടു കിലോമീറ്ററകലെയുള്ള വീട്ടില്‍ പാഞ്ഞെത്തി. വണ്ടിയേന്നിറങ്ങുമ്പോഴേ കണ്ട കാഴ്ച ശരിക്കും വാശി പിടിപ്പിച്ചു. മുറ്റത്തുണ്ടാക്കിയിരുന്ന പന്തലിലും പെരയ്ക്കകത്തുമെല്ലാം സദ്യകോലാഹലം.കാര്‍ന്നോന്മാരൊക്കെ കോഴിക്കാലു കടിച്ചു വലിക്കുന്നതുകൂടെക്കണ്ടപ്പോള്‍ ഞരമ്പുമുറുകി. വീട്ടുകാരന്‍ ഓടിവന്നു, വിശദീകരണവുമായി:
''...അച്ചന്‍ വരാന്‍ താമസിച്ചപ്പോള്‍ എല്ലാവരുംകൂടെപ്പറഞ്ഞു, എന്നാപ്പിന്നെ ഭക്ഷണമങ്ങു കഴിച്ചേച്ചിരുന്നാല്‍ അച്ചന്‍ വന്നാലുടനെ 'കര്‍മോം' നടത്തിപ്പിരിയാമല്ലോന്ന്.''
''എന്നാപ്പിന്നെ അങ്ങനെതന്നെയാകട്ടെ, സമയമൊട്ടും കളയണ്ടാ കപ്യാരച്ചാ തിരികത്തിച്ചോളൂ, 'കര്‍മ്മ'മങ്ങു നടത്തിയേക്കാം.''
''അച്ചാ, ഒരല്പം വെയിറ്റു ചെയ്യണെ, ഒരഞ്ചുമിനിറ്റ്, കഴിച്ചോണ്ടിരിക്കുന്നവരൊന്നു തീര്‍ന്നിട്ട്...'' വീട്ടുകാരന് ടെന്‍ഷനായി.
''അതുകൊള്ളാം. നിങ്ങടെ 'കര്‍മം' തീരുന്നതുവരെ അമ്മേടെ 'കര്‍മം' കാത്തിരിക്കണമെന്ന്. അതുവേണ്ട, എനിക്കും അല്പം തിരക്കുണ്ട്. കപ്യാരച്ചാ, മടിക്കണ്ടാ, തിരികത്തിച്ചോളൂ'' ഞാന്‍ നേരെ വരാന്തയില്‍ അലങ്കരിച്ചുവച്ചിരുന്ന അമ്മച്ചിയുടെ പടത്തിനുമുന്നിലെത്തി.
കപ്യാരു തിരികത്തിച്ചു. ആരാണ്ടൊക്കെ ഓടിവന്നു. ഞാന്‍ പ്രാര്‍ഥനയും തുടങ്ങി. അപ്പോഴത്തെ പന്തലിലെ അവസ്ഥ തിരിഞ്ഞുനോക്കി ഒന്നുകാണാനുള്ള പ്രലോഭനം വല്ലാതായപ്പോഴേയ്ക്കും അത്രയുംകൂടെ ഉച്ചത്തില്‍ ഞാന്‍ പ്രാര്‍ഥനയങ്ങുചൊല്ലി. അവസാനുമുള്ള വെഞ്ചരിപ്പിന്റെ ഭാഗമായി, ഹന്നാന്‍വെള്ളം തളിച്ചുതളിച്ചു വന്നപ്പോള്‍, അപ്പം വായിലും കോഴിക്കാലുകയ്യിലുമായി, നിന്നും ഇരുന്നുമൊക്കെ 'മരിച്ചയാത്മാവിനു'വേണ്ടി നടത്തുന്ന 'കര്‍മ'ത്തില്‍ പങ്കെടുക്കുന്നവരുടെ കഷ്ടപ്പാടുകണ്ട് ചിരിയടക്കാന്‍ പാടുപെടുന്നതിനിടയില്‍ ഞാന്‍ പാടിക്കൊണ്ടിരുന്ന പാട്ടിന്റെ വരിതെറ്റിയത് കപ്യാരച്ചന്‍ വരാന്തേല്‍ നിന്നോണ്ടു തിരുത്തിപ്പാടി. 'കര്‍മം' കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും, കൂടുതലവിടെ നില്‍ക്കുന്നത് ആത്മാവിനും ശരീരത്തിനും പന്തിയല്ലെന്നു തോന്നിയതിനാല്‍, എനിക്കിതുവരെയില്ലാത്ത ഒരസുഖത്തിന്റെ പേരും പറഞ്ഞ് ഒരു വെറും കാപ്പിയിലും ഏത്തപ്പഴത്തിലും കഴിപ്പവസാനിപ്പിച്ചു വേഗം വണ്ടിയില്‍ക്കയറി. കൂട്ടത്തില്‍ കയറിയ കപ്യാരച്ചനു പരിഭവം.
''അടിയന്തിരത്തിനുപോയാല്‍ സാധാരണ നല്ലയൊരു ശാപ്പാടുറപ്പാ, ഇന്നിപ്പം അതുംപോയി.''
''വെരി വെരി സോറി കപ്യാരുചേട്ടാ, എനിക്കറിയാം ഞാന്‍ ചെയ്തതു ശരിയല്ലെന്ന്. പക്ഷെ ചിലകാര്യങ്ങള്‍ ഇങ്ങിനെയൊക്കെയേ പഠിപ്പിക്കാന്‍ പറ്റൂ. അറിയാത്തപിള്ളയ്ക്കു ചൊറിയുമ്പോളറിയാം എന്നല്ലേ കാര്‍ന്നോന്മാരു പഠിപ്പിച്ചിരിക്കുന്നത്. അവര്‍ക്കൊത്തിരിപ്പേര്‍ക്കിപ്പോള്‍ വല്ലാതെ ചൊറിഞ്ഞു തുടങ്ങിയിട്ടുണ്ടാകണം. അച്ചന്‍ ചെയ്തതു ശരിയായില്ലെന്നു കുറെപ്പേരും., അതല്ല, അവരു ചെയ്തതു തെറ്റിപ്പോയെന്നു വേറെ ചിലരുമൊക്കെ അവിടെ ഇപ്പോള്‍ തര്‍ക്കം തുടങ്ങിയിട്ടുണ്ടാകും. നമ്മളവിടെ നിന്നാല്‍ അവരുടെ ആ ചൊറിച്ചിലു കുറയും. അതാ ഞാന്‍ പെട്ടെന്നു വിട്ടു പോന്നത്. അവരങ്ങോട്ടു ചൊറിയട്ടെ. പറഞ്ഞും ചൊറിഞ്ഞും അവരുതന്നെ ഒരുതീരുമാനത്തിലെത്തിക്കൊള്ളും.''
''അതും ഒരു കണക്കിന് ഒരൊപ്പിരായിപ്പോയില്ലേയച്ചാ. അച്ചന്റെ ഒപ്പീസും കൊള്ളാം ഒപ്പീരും കൊള്ളാം.'' കപ്യാരച്ചന്‍ സര്‍ട്ടിഫിക്കറ്റും തന്നു.

3 comments:

 1. ഫാ. ജോസ് വെട്ടിക്കാട്ടിന്റെ കുറിപ്പുകൾ ഇടിയും മിന്നലുംപോലെ
  വന്നുപോകുന്നത് ഒരേ തരത്തിലാണ്. അവസാനം തന്റെ മിടുക്ക് വെളിപ്പെടുത്താൻ പറ്റിയ ഒരു സംഭവം കൂടെ വായനക്കാരെ പറഞ്ഞു കേള്പ്പിച്ചു എന്ന ഗമയോടെ, ഒരേ അച്ചിൽ വാർത്തെടുത്ത കുറിപ്പുകൾ എന്നേ ഞാൻ പറയൂ. വായിക്കുമ്പോൾ കിട്ടുന്ന തോന്നൽ, ഈ അച്ചന് മനുഷ്യരോട് പൊതുവേ പുച്ഛമാണ്, ഭക്തി ശുശ്രൂഷാദികളോട് അതിലും, എന്നാണ്. അത്തരം മനസ്ഥിതിയോടെ എന്തിനാണ് ഇത്തരം "ഒപ്പീരുകൾക്ക്" വേണ്ടി ഈ വൈദികൻ ഇറങ്ങിത്തിരിക്കുന്നത്‌ എന്ന് ചോദിച്ചു പോകുന്നു.

  സഭയിലെ മിക്ക അനുഷ്ഠാനങ്ങൾക്കും ശീലത്തിന്റെ സുഖത്തിനപ്പുറം ഒരു പ്രാധാന്യവും വിശ്വാസികൾ പോലും നല്കുന്നില്ല എന്നത് വാസ്തവമാണെങ്കിൽ, എന്തുകൊണ്ട് അവ കഴിവതും ചുരുക്കുകയോ തീര്ത്തും വേണ്ടെന്നു വയ്കുക്കുകയോ ചെയ്യുന്നില്ല? ആത്മാവിനുതകാത്തവ എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തുകൂട്ടുന്നത് എന്ന് ധൈര്യമായി ചിന്തിക്കാൻ കഴിവുള്ളവർ അത് തുറന്നു പറയാനും അതനുസരിച്ച് ജീവിക്കാനും മുന്നോട്ടു വരണം.

  ReplyDelete
 2. അച്ചന്റെ പ്രവര്തിയിലെ ശരിയും ശരികേടും ആത്മാർത്ഥതയും നോക്കണ്ട, അതിലെ നര്മ്മം മാത്രം കാണുക. കാരണം മരിച്ചവര്ക്ക് വേണ്ടിയുള്ള വഴിപാടുകൾ എല്ലാം വെറും ഭാവനയിലെ കർമ്മങ്ങൾ ,ഹിന്ദുക്കളും ചെയ്യുന്നത് അത് തന്നെ. അച്ഛന്റെ സര്ഗാത്മകത, അതിലെ നർമ്മം, അതിലുപരി,വിശ്വാസികളുടെ മൂഡത്തരങ്ങൾ, ,അതെനിക്ക് വളരെ രസിച്ചു. തുടർന്നെഴുതാൻ അഭ്യർഥന. നന്ദി !!

  ReplyDelete
 3. വെട്ടിക്കാട്ട് അച്ചന്‍റെ ഇടിയും മിന്നലും ധാരാളം വായിച്ചിട്ടുണ്ട്; നേരില്‍ സംസാരിച്ചിട്ടുമുണ്ട്.അച്ചന്‍റെ അല്മാര്‍ത്തതയില്‍ സംശയിക്കെണ്ടാതായി ഒന്നും തോന്നിയിട്ടില്ല.ഇവിടെയും അപ്രകാരം തന്നെ. അദ്ദേഹം ഒപ്പീസ്സു ചൊല്ലിക്കുന്നതിനെയാണ് നര്‍മ്മത്തോടുകൂടി സമീപിച്ചിരിക്കുന്നത്. അച്ചന്‍ സ്വര്‍ഗത്തിലിരിക്കുന്ന പരേതനെയാണ് കാണുന്നത്. അല്‍മായ പ്രതിനിധിയായ കപ്പ്യാര് സ്വര്‍ഗതിലെത്താത്ത പരേതനെയാണ് മനസ്സില്‍ കാണുന്നത്. പുരോഹിതന്മാര്‍ അനേകകാലമായി നമ്മുടെ മനസ്സില്‍ കയറ്റി ഉറപ്പിച്ചതാണ് ശുദ്ധീകരണസ്ഥലത്തു കൂടിയല്ലാതെ മരിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ കടക്കാന്‍ പറ്റില്ല എന്ന വിശ്വാസം. അനാവശ്യമായി എന്നും ഒപ്പീസ്സുമായി നടക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്തിനുള്ള ഒരു ശ്രമം എന്ന നിലയില്‍ ഈ ലേഖനത്തെ കാണണം.അല്‍മായരുടെ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള അധമചിന്ത മാറ്റണം എന്ന ഒരാഹ്വാനവും ഇവിടെ കാണാം.
  സണ്ണി മാത്യു കുന്നേല്‍പുരയിടം.പ്ലാശനാല്‍.

  ReplyDelete