Translate

Thursday, August 15, 2013

പെണ്ണെഴുത്തും പുരോഹിത വിമര്‍ശനങ്ങളും | Malayalam Daily News

പെണ്ണെഴുത്തും പുരോഹിത വിമര്‍ശനങ്ങളും

Pennezhuthum final സാറാ ജോസഫിന്റെ പ്രബന്ധത്തെ ‘പെണ്ണെഴുത്തെന്ന്’ നിന്ദിച്ചുതള്ളിയ സഭാനേതൃത്വത്തിന്റെ പ്രസ്താവന കണ്ടപ്പോള്‍ കാര്യമായി എന്തെങ്കിലും പുതിയതായി ലഭിക്കുന്ന വിവരങ്ങള്‍ കാണുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഈ ലേഖനത്തിന്റെ പ്രത്യേകത ഒരു സ്ത്രീ എഴുതിയ മതസാമൂഹിക വിമര്‍നമെന്നേയുള്ളു. സഭയിലെ കാലഹരണപ്പെട്ട സാമൂഹികാചാരങ്ങളെ വിമര്‍ശിച്ചെന്നല്ലാതെ കാതലായ മൗലിക തത്ത്വങ്ങളെപ്പറ്റിയൊന്നും പരാമര്‍ശിച്ചിട്ടില്ല. അവര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്ന് സഭാ നേതൃത്വത്തില്‍ യാഥാസ്ഥിതികരും മിതവാദികളും വിശാല മനസ്കരും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ ഉണ്ട്. കുടുംബാസൂത്രണ പദ്ധതികളും സ്ത്രീകള്‍ക്ക് പൌരാഹിത്യം നിഷേധിക്കലും സ്ത്രീയെ പെറ്റുപെരുകാന്‍ കാണുന്ന യന്ത്രമായി സഭ കാണുന്നതും സഭയുടെ ഉന്നതശ്രേണിയിലുള്ളവരുടെ ചര്‍ച്ചാവിഷയങ്ങളാണ്. ഈ വിഷയങ്ങളെപ്പറ്റി സ്ത്രീ എന്തെങ്കിലും പറഞ്ഞാല്‍ സഭയെ വിമ്മിഷ്ടപ്പെടത്തും. അവിടെ സ്ത്രീയെ തളയ്‌ക്കാന്‍ സെന്റ് പോളിന്റെ വചനങ്ങള്‍ സഭയ്ക്ക് വജ്രായുധമായി ഉണ്ട്. പുരുഷന്റെ ഏകാധിപത്യവും സന്മാര്‍ഗശാസ്ത്രവും വചനത്തില്‍ക്കൂടി സ്ഥാപിക്കാന്‍ സാധിക്കും. ഇവിടെയാണ്‌ മതത്തിന്റെ ചട്ടക്കൂട്ടില്‍ക്കൂടി സ്ത്രീക്ക് വിമോചനം ലഭിക്കില്ലെന്ന് സാറാ ജോസഫ് തന്റെ പ്രബന്ധത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. കേരള പൌരാഹിത്യം അവരുടെ രചനയെ ‘പെണ്ണെഴുത്ത്’ എന്ന് പരിഹസിച്ചതില്‍ക്കൂടി പുരോഹിത വര്‍ഗം ആണും പെണ്ണും കെട്ടവരായി അധപതിച്ചുവെന്നും കണക്കാക്കണം.

ശൈശവത്തെ പൌരാഹിത്യം എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന് സാറാ ജോസഫ് തന്റെ സ്വന്തം അനുഭവകഥകളിലൂടെ വിവരിച്ചിട്ടുണ്ട്. പള്ളിവക സ്കൂളില്‍ പഠിച്ചിരുന്ന കൊച്ചുകുട്ടിയായിരുന്ന അവര്‍ അന്ന് വിമോചനസമര പോരാട്ടത്തില്‍ മഞ്ഞയും വെള്ളയുമുള്ള വെള്ളക്കൊടി പിടിച്ചുകൊണ്ട് “തണ്ടാ മുണ്ടാ മുണ്ടശ്ശേരി” യെന്ന് മുദ്രാവാക്യം വിളിച്ചു. അത് പൌരാഹിത്യ ശ്രുംഗലയുടെ കുഞ്ഞുകുട്ടികളുടെമേലുള്ള ഒരു തരം മസ്തിഷ്ക്ക പ്രഷാളനമായിരുന്നു. അന്ന് മുതിര്‍ന്ന ക്ലാസ്സില്‍ പഠിച്ചിരുന്ന എന്റെ മുദ്രാവാക്യം ‘മണ്ടന്മാരെ പാതിരിമാരെ മുണ്ടശേരി തനിച്ചല്ലെ’ന്നായിരുന്നു. നിസാരമായ ഒരു കുറ്റത്തിന് കത്തോലിക്കാസ്കൂളില്‍നിന്നും എന്നെ പുറത്താക്കിയതുമൂലം അന്ന് ഞാന്‍ അകത്തോലിക്കാ സ്കൂളില്‍ പഠിച്ചിരുന്ന കാലവുമായിരുന്നു.

സാറായെ സംബന്ധിച്ച് അവര്‍ക്കന്ന് ഉള്‍ബോധം ഉണ്ടായിരുന്നു. ശബ്ദമാധുരിയില്‍ ലയിച്ച അവരിലന്ന് ഒരു സാഹിത്യകാരി വളരുകയായിരുന്നു. ഇന്നവര്‍ പൌരാഹിത്യത്തെ ഞെട്ടിപ്പിക്കുന്ന സ്ത്രീസിംഹവുമായി മാറി. നവോത്വാന ചിന്തകള്‍ക്കെതിരായ പ്രശ്നങ്ങള്‍ക്കെല്ലാം പാതിരിയുണ്ടെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന ഒരു സ്ത്രീയുമായി പുരുഷപാതിരി എങ്ങനെ യോജിക്കും? എത്ര കുഞ്ഞുങ്ങള്‍ വേണമെന്ന സ്ത്രീയുടെ അവകാശത്തെ തീരുമാനിക്കുന്നത് പുരോഹിതരും മതവുമാണ്. സ്ത്രീ അത് ചോദ്യം ചെയ്‌താല്‍ മതത്തിന് പിടിക്കില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ മതം അവിടെ തളച്ചിടുകയാണ്. ‘മതം സ്നേഹിക്കാനല്ല പഠിപ്പിക്കുന്നത്‌ മറ്റൊരു മതത്തെ വെറുക്കാനാണ് ഓരോ മതവും ശ്രമിക്കുന്നതെന്നും’ സാറാ ഈ പ്രബന്ധത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. മതത്തില്‍നിന്നും സ്ത്രീ വിമോചനമല്ല മാനവവിമോചനമാണ് അവര്‍ ചിന്തിക്കുന്നത്. അത്തരം വിമോചന കൊടിക്കീഴില്‍ അവഗണിക്കപ്പെട്ട ദളിതരുമുണ്ട്.

സഭയുടെ ആത്മാക്കളെ രക്ഷിക്കാനുള്ള വ്യവസായം മദ്ധ്യകാലങ്ങള്‍ക്ക് മുമ്പുമുതല്‍ തുടങ്ങിയതാണ്‌. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ബുദ്ധിജീവികളായ എഴുത്തുകാര്‍ക്ക് മഹറോനെ ഭയമായിരുന്നു. സ്വര്‍ഗം കിട്ടുകയില്ല, നരകവും പിശാചും മനസങ്ങനെ നിറഞ്ഞിരിക്കും. മനസിന്റെ ഈ വേലിയേറ്റത്തില്‍ നിന്ന്‌ ഒരു സ്ത്രീക്ക് എന്നും പുറത്തുചാടുവാനും ബുദ്ധിമുട്ടായിരുന്നു. സമൂഹത്തില്‍ നിന്ന് തന്നെ മതഭ്രഷ്ടാക്കും. ആ ഭ്രാന്തന്‍ കാലങ്ങളില്‍ ക്രിസ്ത്യനികളായി പിറന്നവര്‍ നിര്‍ഭാഗ്യരെന്നും തോന്നിപ്പോവുന്നു. പ്രസിദ്ധ സാഹിത്യകാരന്‍ എം.പി. പോള്‍ വരെ അന്നത്തെ സഭാകോമാളികളുടെ ബലിയാടായി തീര്‍ന്നു. മനസിലുണ്ടാക്കിയ പേടിയില്‍ നിന്നും പാപത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചു. ആ പണംകൊണ്ട് മദ്ധ്യകാലയുഗത്തിലെ മാര്‍പ്പാപ്പമാര്‍ ശയിച്ചിരുന്നതും വേശ്യാസദനങ്ങളില്‍ ആയിരുന്നു. ഇന്ന് ബുദ്ധിജീവികളായ സ്ത്രീകളെ പരിഹസിക്കുന്ന പുരോഹിതര്‍ മധ്യകാലങ്ങളിലെ പുരോഹിതചരിത്രത്തില്‍ വെറും പിമ്പുകളായിരുന്നുവെന്നും ചിന്തിക്കണം.

‘മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങി കഴിയുന്നവര്‍ക്ക് സാഹിത്യകാരിയാകുവാന്‍ സാധിക്കുകയില്ലെന്ന്’ സാറായെ ഉപദേശിച്ച ആ നല്ല ഗുരുവിനെ അഭിനന്ദിക്കുന്നു. സാറാ മതനിയമങ്ങളെക്കാള്‍ സാഹിത്യത്തിന്റെ വഴി തെരഞ്ഞെടുത്തു. അത് മലയാള സാഹിത്യത്തിനുതന്നെ ഒരു സമ്പത്തായി മാറി. രാഷ്ട്രം ഭരിക്കാന്‍ കഴിവുള്ള സ്ത്രീവാളുകള്‍ ഒരിക്കല്‍ സമാധാനത്തിന്റെ ചെങ്കോലുമേന്തി പത്രോസ് മുക്കവന്റെ സിംഹാസനത്തില്‍ മാര്‍പാപ്പയുടെ പദവിയും അലങ്കരിക്കില്ലെന്ന് ആരറിയുന്നു? ഇന്ന് പരിഹസിക്കുന്ന പുരോഹിതര്‍ ഈ വസ്തുതയും ആദ്യം മനസിലാക്കട്ടെ.

സ്ത്രീയെ അപമാനിക്കുക നൂറ്റാണ്ടുകളായുള്ള സഭാപിതാക്കന്മാരുടെ പാരമ്പര്യമാണ്. അങ്ങനെയുള്ള പാരമ്പര്യം പിന്തുടര്‍ന്നിരുന്ന സഭാപിതാക്കന്മാര്‍ കത്തോലിക്കാ സഭയിലും നവീകരണ സഭകളിലും ഒരുപോലെ കാണാം. വെറുപ്പിന്റെ ഭാഷ സ്ത്രീയുടെമേല്‍ പ്രയോഗിക്കുകയെന്നതും ക്രിസ്ത്യന്‍ മൌലികതയുടെ ഒരു ഭാഗമാണ്. യാഥാസ്തിതിക ചിന്തകളിലൊന്നായി തലമുറകളായി ഇന്നും ആ ചരിത്രം തുടരുന്നു. സെന്റ്‌ ആഗസ്റ്റിന്‍ മുതല്‍ പാറ്റ് റോബെര്‍ട്ട്സന്‍ വരെയുള്ളവര്‍ സ്ത്രീയെ താഴ്ത്തി കെട്ടിയവരാണ്. കത്തോലിക്കാ സഭയിലും നവീകരണസഭകളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ അനേക പ്രശസ്തരായ വിശുദ്ധരും പാത്രീയാക്കീസുമാരും സഭാപിതാക്കന്മാരും സ്ത്രീയെ വിലയിടിച്ച് തത്ത്വചിന്തകളും എഴുതികൊണ്ടിരുന്നു. സ്ത്രീ വിരോധികളായിരുന്ന സഭാപിതാക്കന്മാരെ പ്രശംസിച്ചുകൊണ്ടുള്ള ചരിത്രങ്ങളും നാം വായിക്കുന്നുണ്ട്.

‘മതത്തിന്റെ വേലിക്കുള്ളില്‍ നിന്ന് ഒരാള്‍ക്ക്‌ സ്വതന്ത്രമായി ചിന്തിക്കാന്‍ സാധിക്കില്ലന്ന്’ സാറായുടെ അഭിപ്രായം തികച്ചും ശരിയാണ്. മതം കല്പ്പിച്ച ചുരുളുകളില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അവര്‍ സമൂഹത്തിനാവശ്യമായ ഒരു എഴുത്തുകാരിയായി വളര്‍ന്നു. സ്ത്രീയുടെ പേനായ്‌ക്കും ഝാന്‍സി റാണിയുടെ വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നും അഭിഷിക്തര്‍ മനസിലാക്കണം. ഹവ്വായുടെ കന്യകത്വവും ശാലീനതയും കവര്‍ന്നെടുത്ത മഞ്ചെട്ടിസര്‍പ്പങ്ങളാണ് പുരോഹിതവര്‍ഗം. എന്നിട്ട് ആദമിനെ ഹവ്വാ ചതിച്ചെന്ന കെട്ടുകഥയുമായി പോള്‍ മുതല്‍ മാര്‍ട്ടിന്‍ ലൂഥര്‍ വരെ ചരിത്രത്തിലെ വിഷദീപങ്ങളായി പൊള്ളുന്ന ലോകത്ത് ജീവിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുവരെ വിശുദ്ധരും പാത്രിയാക്കീസുമെല്ലാം പുരുഷന്‍മാര്‍ മാത്രം. സ്ത്രീ നികൃഷ്ടജീവിയെന്നും ജുഗുപ്സാവഹവുമെന്നും ഇവര്‍ വിധിയെഴുതി. അതേ വിശുദ്ധരെ വണങ്ങാനും നേര്‍ച്ചയിടാനും ഇടിച്ചുതള്ളുന്നതു സ്ത്രീകള്‍ തന്നെ. സ്ത്രീയപ്പറ്റി ആധുനിക കാഴ്ച്ചപ്പാടുകളിലും ഒന്നിനൊന്നു മോശമായതുമൂലം ചിന്താഗതികളില്‍ പഴയതുപോലെ മാറ്റമില്ലാതെ തുടരുന്നു.

സഭയുടെ അവിശ്വാസികളെ ഭയപ്പെടേണ്ടതുണ്ടോ? പള്ളിയില്‍ പോകാത്തവരെ അവിശ്വാസികളായി സഭയെന്നും കറുത്തപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വവര്‍ഗാനുരാഗിയായ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പള്ളിയില്‍ പോവാറില്ല. ലഹരിയില്‍ അടിമയായവരും ലൈംഗികാസക്തിയില്‍ ഡാന്‍സില്‍ പങ്കുചേരുന്നവരും ചീട്ടുകളിയില്‍ അടിമകളായവരും പള്ളികളില്‍ വിരളമായേ പോവുകയുള്ളൂ. അവരും അവിശ്വാസികളുടെ ഗണങ്ങളില്‍പ്പെടും. ഇവരൊന്നും നിത്യം പള്ളിയില്‍ പോവുന്നവരെപ്പോലെ അപകടകാരികളല്ല. വൈകാരികമായും വ്യക്തിപരമായും ഇവരാരും സമൂഹത്തെ ദ്രോഹിക്കുന്നുമില്ല. ഇത്തരക്കാരുടെ അപകടങ്ങള്‍ ജനത്തിന് നിയന്ത്രിക്കാന്‍ സാധിക്കും.

ഒരു കാലത്ത് അവിശ്വാസികളായ ഹിന്ദുക്കളും മുസ്ലിമുകളും സ്വര്‍ഗത്തില്‍ പോവുകയില്ലെന്നും സഭ വിശ്വസിച്ചിരുന്നു. സഭ വേദപാഠ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നതും അങ്ങനെതന്നെ. സ്വവര്‍ഗാനുരാഗികള്‍ക്കും മദ്യം കഴിക്കുന്നവര്‍ക്കും ചീട്ടു കളിക്കുന്നവര്‍ക്കും സ്വര്‍ഗം നിഷേധിച്ചിരുന്നു. ഡാന്‍സ് ചെയ്യുന്നതും അശ്ലീല സിനിമാകള്‍ കാണുന്നതും പാപങ്ങളുടെ പട്ടികയിലുണ്ട്. ഇവരെയെല്ലാം സഭയുടെ ദൃഷ്ടിയില്‍ അപകടകാരികളായി കണക്കാക്കുന്നു. എന്നാല്‍ സത്യത്തില്‍ മേല്‍പ്പറഞ്ഞവരെല്ലാം അപകടം പിടിച്ചവരല്ല. സ്വവര്‍ഗ അനുരാഗികള്‍ യൂറോപ്പിലും അമേരിക്കയിലും തുറന്ന സമൂഹമായി ജീവിക്കുന്നു. ഇവിടെയുള്ള മിക്ക സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരും ഇത്തരക്കാരായ വ്യത്യസ്ത ലൈംഗിക സമൂഹങ്ങളാണ്. കള്ളു കുടിക്കുന്നവര്‍ നിശബ്ദമായി കിടന്നുറങ്ങികൊള്ളും. ഉണര്‍ന്നിരിക്കുന്ന സമയം പ്രശ്നക്കാരനെങ്കില്‍ അയാളെ കൈകാര്യം ചെയ്യുവാനും ബുദ്ധിമുട്ടില്ല. എന്നാല്‍ മേല്‍പ്പറഞ്ഞവരെക്കാളും അപകടം പിടിച്ചവരാണ് സ്വര്‍ഗവും നരകവും ശുദ്ധീകരണസ്ഥലവും വില്‍ക്കുന്നന്നവരായ മതവും, അവരുടെ കൂട്ടാളികളും പള്ളിയോട് അടുത്തു നില്‍ക്കുന്നവരും. സമൂഹത്തില്‍ അവരെന്നും വിഷം വിതയ്ക്കുന്നു.

എന്റെ അനുഭവം വെച്ച് പള്ളിയില്‍ നിത്യം പോകുന്നവര്‍ കൂടുതല്‍ അപകടകാരികളായി മാറുന്നത് കാണുന്നു. വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കുചേരുന്ന ജനതയില്‍ പ്രധാനമായും രണ്ട് കൂട്ടരെ വിഷപാമ്പുകളെക്കാളും ഭയാനകങ്ങളായി കണക്കാക്കാം. ആദ്യത്തെ അപകടക്കാര്‍ പുരോഹിതരുടെ ശിങ്കിടികളായി നടക്കുന്ന പള്ളിയില്‍ കണ്ടുമുട്ടുന്ന മതനേതാക്കന്മാരാണ്. സഭാകാര്യങ്ങളും പള്ളിയുടെ പ്രവര്‍ത്തനങ്ങളുമായി വലിയ ചിന്തകരായി അഭിനയിക്കും. എനിയ്ക്കുശേഷം പ്രളയമെന്ന രീതിയില്‍ താനില്ലാതെ പള്ളി പ്രവര്‍ത്തിക്കില്ലെന്ന വിധത്തില്‍ ഓടി നടക്കും. കൂട്ടമായി നില്‍ക്കുന്ന സ്ത്രീകളുടെ ഇടയില്‍ക്കൂടി ഈ നേതാക്കന്മാര്‍ക്ക് തിങ്ങിനടക്കാനും ഇഷ്ടമാണ്. ജനശ്രദ്ധ ലഭിക്കാന്‍ പള്ളിയുടെ മുന്‍സീറ്റുകളില്‍ മാത്രമേ ഇരിക്കുകയുള്ളൂ. വിശുദ്ധ കര്‍മ്മങ്ങളുടെ മദ്ധ്യേ ആരെങ്കിലും സംസാരിക്കുന്നുവോയെന്ന് കാകന്റെ ദൃഷ്ടിയോടെ കണ്ണുകള്‍ നീട്ടികൊണ്ടിരിക്കും. അച്ചന്റെ പ്രസംഗം മോശമാണെന്ന് അഭിപ്രായപ്പെട്ടാല്‍ മതി ഈ നേതാവിന്റെ വിധം മാറുവാനും. രണ്ടോ മൂന്നോ പേര്‍ കൂട്ടമായി സംസാരിക്കാന്‍ നിന്നാലും ശ്രദ്ധിക്കാന്‍ ഇയാള്‍ ഓടിവരും. ഓരോ കുടുംബങ്ങളിലും എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നുവെന്ന് അയാള്‍ക്കറിയണം. താറുമാറായ അയാളുടെ വീട്ടുപ്രശ്നങ്ങളില്‍ നിന്നും ഒരു മുക്തിയുമാകും. മറ്റുള്ള കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ അല്പ്പമെങ്കിലും കിട്ടിയാല്‍ ഈ നേതാക്കന്മാര്‍ക്ക് കൊട്ടിഘോഷിക്കാന്‍ അവസരങ്ങളുമായി. നാട്ടിലുള്ള ഗര്‍ഭിണികളുടെ സ്ഥിതിവിവരകണക്കുകള്‍ ഇയാള്‍ സ്ത്രീ ജനങ്ങളെക്കാള്‍ കൃത്യമായും പറയും. ആണും പെണ്ണും നിറഞ്ഞ ഒരു നേതാവില്‍ സ്വയം അഭിമാനം കൊള്ളുന്നു.

അടുത്ത അപകടകാരികള്‍ പതിവായി പള്ളിയില്‍ വരുന്ന പ്രസിദ്ധരായവരും ധനികരുമായിരിക്കും. മന്ത്രിയോ മന്ത്രിമക്കളോ വന്നാല്‍ ദൈവത്തെപ്പോലെ അയാള്‍ക്ക്‌ ചുറ്റും ആരാധന തുടങ്ങും. സാധാരണ ഒരു പള്ളി പുരോഹിതന് അയാളുമായി കൂടുതല്‍ അടുപ്പം കാണും. ആവശ്യത്തിലും അനവസരത്തിലും അയാളെ കുര്‍ബാന സമയങ്ങളിലും പുകഴ്ത്തലുകള്‍ തുടങ്ങും. അങ്ങനെ പ്രശംസകള്‍ക്ക്‌ അടിമയാകുന്ന ഈ കീര്‍ത്തിമാന്മാര്‍ സമൂഹത്തിന് ദോഷംചെയ്യും. അയാളും കരയിലെ മറ്റൊരു ദൈവമായി പിന്നീട് പ്രതിഷ്ഠിക്കപ്പെടുന്നതും കാണാം.

എല്ലാ പുരോഹിതരും കൈക്കാരും കപ്യാരും പള്ളിയില്‍ വരുന്ന പ്രസിദ്ധരായവരും അപകടകാരികളെന്ന് ഇതില്‍ നിന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഈ അഭിപ്രായത്തില്‍ ആരും കുപിതരാകേണ്ടതില്ല. സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നാണല്ലൊ വചനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ സത്യത്തെ അംഗീകരിക്കാത്തവര്‍ക്ക് എന്റെ ഈ അഭിപ്രായത്തില്‍ അരുചിയുണ്ടാകാം. അങ്ങനെയെങ്കില്‍ പള്ളിയുടെ മുന്‍നിരയില്‍ ഇരിക്കുന്ന നിങ്ങളും അപകടകാരികളെന്ന് മനസിലാക്കിക്കൊള്ളൂ.

ലത്തീനിലുള്ള പൗരാണിക ഗ്രന്ഥങ്ങളുടെ പിതാവായ ടെര്‍റ്റുല്ലിയന്‍ (Tertullian) തന്റെ ക്രിസ്തീയതയും ‘വിശ്വാസ സത്യങ്ങളും’ എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്, “സ്ത്രീയെന്നാല്‍ ദുര്‍ഗന്ധം വമിക്കുന്ന ഓടയിലെ വാതകവും അഴുക്കു നിറഞ്ഞ ചെളികൊണ്ടും നിര്‍മ്മിച്ച ശരീരമെന്നാണ്”(Tertullian, “the faith of Latin Christinity) ഈ പുണ്യാളന്‍മാരൊക്കെയാണ് അള്‍ത്താര സൂക്ഷിപ്പുകാരെന്നും സ്ത്രീകള്‍ മനസിലാക്കണം. മൂന്നാം നൂറ്റാണ്ടിലെ മറ്റൊരു വിശുദ്ധന്റെ അഭിപ്രായം ഇങ്ങനെ, “ഒരു സ്ത്രീ പൊതുയോഗങ്ങളില്‍ സംസാരിക്കുന്നത് നീതികരിക്കുവാന്‍ സാധിക്കുകയില്ല. അവര്‍ എന്തു പറഞ്ഞാലും ആശയഗംഭീരങ്ങളായ അഭിപ്രായങ്ങളെങ്കിലും വിശുദ്ധിയുടെ നന്മ നിറഞ്ഞവളെങ്കിലും അവര്‍ക്ക് പ്രാധാന്യം കൊടുക്കരുത്. കാരണം സ്ത്രീയല്ലയോ, സ്ത്രീയുടെ അധരങ്ങളില്‍ നിന്നല്ലയോ ആശയങ്ങള്‍ മുളപൊട്ടിയത്.”‌ (Origen d. 258 (3 rd cent.)

നാലാം നൂറ്റാണ്ടില്‍ ജീവിച്ച സെന്‍റ് അഗസ്റ്റിനോസ് പറഞ്ഞത് “അവള്‍ ഭാര്യയാണെങ്കിലും അമ്മയാണെങ്കിലും പ്രലോഭിനിയായ ഹാവായുടെ സന്തതിയല്ലയോ. പെറ്റുപെരുകാന്‍ സ്ത്രീക്ക് കഴിവില്ലായിരുന്നെങ്കില്‍ പുരുഷന് സ്ത്രീയെന്തിന്? മഹാനായ മാര്‍ട്ടിന്‍ ലൂതറും സ്ത്രീയെ വിട്ടില്ല. അദ്ദേഹം പറഞ്ഞത് “സ്ത്രീയെ ഭാര്യയായിട്ടോ വ്യഭിചാരിണിയായിട്ടോ മാത്രം ദൈവം സൃഷ്ടിച്ചു.”

സ്ത്രീകളെ തരംതാഴ്ത്തി വത്തിക്കാന്‍ നിയമങ്ങളുണ്ടാക്കിയത് റോമന്‍ നിയമങ്ങള്‍ അനുസരിച്ചാണ്. പുരാതനകാലംമുതല്‍ സ്ത്രീ ഒരു നികൃഷ്ടജന്മമായി സഭ കരുതുന്നു. റോമന്‍ ‍ഗ്രീക്ക് നിയമങ്ങളായിരുന്നു സഭയുടെ ആധാരം. വേദങ്ങള്‍ രചിച്ച പുരുഷ വേദാന്തികള്‍ അതിപുരാതന കാലംമുതല്‍ സ്ത്രീത്വത്തെ തരംതാഴ്ത്തി നിയമങ്ങളും രചിച്ചു.

റോമന്‍നിയമം അനുശാസിച്ചത് സ്ത്രീക്ക് സ്വന്തം ഭവനത്തിലും പൊതുവേദിയിലും തുല്ല്യസ്ഥാനങ്ങള്‍ കൊടുക്കരുതെന്നായിരുന്നു. ‍ സ്ത്രീ പുരുഷനേക്കാള്‍ തുല്യത കുറഞ്ഞവളെന്ന് സഭയിലെ ആദ്യപിതാക്കന്മാര്‍ വേദഗ്രന്ഥങ്ങളില്‍ എഴുതി ചേര്‍ത്തു. “മാറ്റുവിന്‍ ചട്ടങ്ങളേ” യെന്നു കുമാരനാശാന്‍ പാടിയിട്ട് ഏട്ടു പതിറ്റാണ്ടുകള്‍ ‍ കഴിഞ്ഞു. ചട്ടങ്ങള്‍ എല്ലാ മേഖലകളിലും ഏറെ മാറ്റപ്പെട്ടു. എന്നാല്‍ പുരോഹിതലോകം ഇന്നും നൂറ്റാണ്ടുകള്‍ പിറകില്‍ തന്നെ. പഴയ കാളപൂട്ടു ചക്രങ്ങള്‍തന്നെ ഇന്നും ഉരുട്ടികൊണ്ടിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യം സമസ്തമേഖലകളിലും വ്യാപിച്ചിട്ടും സ്ത്രീ ഇന്നും സഭയില്‍ ‍അടിമ തന്നെ. സ്ത്രീകള്‍ പൊതുവേ ഭക്തിയും പള്ളിയും അച്ചനുമായി സമൂഹത്തില്‍ കഴിയുവാനായി താത്പര്യപ്പെടുന്നു. സഭാകാര്യങ്ങള്‍ ‍ സ്ത്രീകള്‍ നിശബ്ദരായി ശ്രവിക്കണമെന്ന അച്ചന്‍റെ സാരോപദേശങ്ങള്‍ ആപ്പാടെ അനുസരിക്കും. സ്ത്രീകള്‍ പുരുഷന്മാരേക്കാളും ‍അന്ധമായ ഭക്തിമാര്‍ഗങ്ങളി ല്‍ കൂടി ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത്.

ഇവര്‍ പള്ളിപ്രവര്‍ത്തനങ്ങളില്‍ക്കൂടി പുരോഹിതരുമായി ചങ്ങാത്തം കൂടുവാനും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും പുരുഷന്മാരെക്കാളും ഇഷ്ടപ്പെടുന്നു. എഴുത്തും വായനയുംകൊണ്ട് സ്വയം അറിവുകള്‍ പോഷിപ്പിക്കുവാനും താത്പര്യപ്പെടുകയില്ല. പുരോഹിതമന്ത്രങ്ങള്‍ ദൈവവാക്യങ്ങള്‍ എന്നു വിചാരിച്ചു പിള്ളേരെ പരിപാലിക്കുവാനും അവരുമായി സമയം ചെലവഴിക്കുവാനുമാണ് സ്ത്രീജനങ്ങള്‍ കൂടുതലും ഇഷ്ടപ്പെടുക. സ്ത്രീകള്‍ പുരു‍ഷന്മാരെക്കാളും വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കു പ്രാധാന്യം കൊടുക്കും. മതപരമായ പൊതുചര്‍ച്ചകള്‍ക്ക് ഇവര്‍ ‍താത്പര്യം കാണിക്കണമെന്നില്ല. പുരുഷമേധാവിത്വത്തിലുള്ള ഒരു സംസ്കാരമാണു നമുക്കുള്ളത്. വിശ്വാസത്തെ യുക്തിബോധത്തോടെ കാണുന്ന സ്ത്രീകളും ചുരുക്കമാണ്. അതിനൊരു അപവാദമാണ് ശ്രീമതി സാറാ ജോസഫ് എന്ന പെണ്ണെഴുത്തുകാരിയെന്നും പുരോഹിതലോകം മനസിലാക്കണം.
പെണ്ണെഴുത്തും പുരോഹിത വിമര്‍ശനങ്ങളും | Malayalam Daily News:

'via Blog this'

6 comments:

 1. തൃശ്ശൂര്‍ കത്തോലിക്കാ സഭയുടെ പെണ്ണെഴുത്തിനെ പ്പറ്റിയുള്ള അഭിപ്രായം നിരവധി ചാനലുകളും പ്രസിദ്ധീകരണങ്ങളും വിലയിരുത്തുകയുണ്ടായി. ഒരു കത്തോലിക്കന്‍ എന്ത് ചെയ്താലും അത് പള്ളിയുടെ ഇഷ്ടപ്രകാരം ആയിരിക്കണം എന്ന ലളിതമായ ആഗ്രഹമേ രൂപത പറയുന്നുള്ളൂ. അതുകൊണ്ടെന്താ? പേരെടുത്ത സാഹിത്യകാരന്മാര്‍ മുഴുവന്‍, CJ മുതല്‍, പൊന്‍കുന്നം വര്‍ക്കി, സക്കറിയാ വരേയുള്ള നിരവധി പ്രഗല്‍ഭര്‍ സഭയില്‍ നിന്ന് അടര്‍ന്നു മാറി. അവരുടെ കൂട്ടത്തിലേക്ക് സ്ത്രീകളുടെ ഒരു നിര കൂടി വരുന്നത് സഭയെ അലോസരപ്പെടുത്താതിരിക്കുമോ?

  സഭ സ്തീകളെ ഒരു പടി താഴെ കാണാന്‍ കാരണം പൌലോസ് മാത്രമാണെന്ന അഭിപ്രായം എനിക്കില്ല. സുവിശേഷ വേലയ്ക്കു അപ്പസ്തോലന്മാരുടെ കൂടെ അവരുടെ ഭാര്യമാരും കുട്ടികളും അനുധാവനം ചെയ്തു എന്ന് കണ്ടിടത്തൊക്കെ അത് വെട്ടി മാറ്റിയ സഭ, അവരെ മനുഷ്യരില്‍ തന്നെ രണ്ടു പടി താഴെയാക്കിയെ എന്നും കണ്ടിട്ടുള്ളൂ.സഭയുടെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന കന്യാസ്ത്രികള്‍ക്കു സഭയില്‍ നിര്‍ണ്ണായകമായ എന്ത് അധികാരമാണുള്ളത്?

  നാം ശരീരമല്ല ആത്മാവാണ് എന്ന് പഠിപ്പിക്കുമ്പോള്‍ ആത്മാവുകള്‍ക്ക് ലിംഗ ഭേദം ഇല്ലെന്നെങ്കിലും മനസ്സിലാക്കേണ്ടതായിരുന്നു. സ്ത്രിക്കും പുരുഷനും അവരുടെതായ ധര്മ്മമുണ്ട്. സ്ത്രീയുടേത് പ്രസവിക്കുക മാത്രമാണെന്ന് നിര്‍വ്വചിക്കുമ്പോള്‍ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല. സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം അവിടം കൊണ്ടൊന്നും ഒതുങ്ങുന്നതല്ലെങ്കിലും, നല്ല ഒരു വിലയിരുത്തല്‍ ഈ വിഷയത്തില്‍ ശ്രി ജൊസഫ് മാത്യു നടത്തിയിരിക്കുന്നു.

  ReplyDelete
 2. സ്ത്രീപുരുഷ സമത്വമാണെങ്കിലും പെണ്ണെഴുത്ത് വിലമതിക്കപ്പെടുന്നതിനെപ്പറ്റിയാണെങ്കിലും, അന്തർലീനമായി കിടക്കുന്ന പ്രശ്നം ജീവനോടുള്ള ബഹുമാനമാണ്. അതില്ലാത്തിടത്ത് ഒന്നും ശരിയാവില്ല. ഒരു ചെറുജീവിയിലും അതിന് ഏറ്റവും വിലയുള്ളത് അതിന്റെ സുഖവും ജീവിക്കാനുള്ള സൌകര്യവും ആണെന്ന് മനുഷ്യൻ മനസ്സിലാക്കാത്തിടത്തോളം അന്യോന്യമുള്ള ബന്ധങ്ങളിലും വിലയിരുത്തലുകളിലും നീതിപൂർവമായ പാരസ്പര്യം വളരുകയില്ല. എനിക്കിഷ്ടമില്ലാത്തതിനെ അവഗണിക്കുക മാത്രമല്ല, മാറ്റി നിറുത്താനും നിർമാർജ്ജനം ചെയ്യാനും എനിക്കവകാശമുണ്ട് എന്ന ഉള്ളിലിരുപ്പാണ് സാധാരണ എവിടെയും നാം കാണുന്നത്. അത് മാറണം. ചെറുപ്രായത്തിൽ തന്നെ അന്യ മനുഷ്യനുമാത്രമല്ല, ജീവികൾക്കും, അവ എത്ര നിസ്സാരമെന്നു തോന്നുന്നവയായാലും, കൊടുക്കേണ്ട ബഹുമാനം കൊടുക്കാൻ ശീലിക്കുക എന്നത് വീട്ടിലും സ്കൂളിലും സ്വഭാവരൂപീകരണത്തിന്റെ ഭാഗമായിത്തീരണം. ബൈബിൾ വായിക്കുമ്പോൾ കിട്ടുന്ന മേലാളചിന്ത ഉപേക്ഷിച്ച് , മനുഷ്യൻ ഈ പ്രപഞ്ചത്തിലുള്ള കോടിക്കണക്കിനു ജീവികളിൽ ഒന്നുമാത്രമാണെന്നും, അതുകൊണ്ട് അവന്റെ അവകാശങ്ങൾ പരിമിതവും പങ്കുവയ്ക്കേണ്ടവയും ആണെന്ന ബോദ്ധ്യം കുഞ്ഞുങ്ങളായിരിക്കുമ്പോൾ മുതൽ മനുഷ്യന്റെ തഴക്കമാകണം. അപ്പോൾ മാത്രമേ ജീവിതചര്യയിലേയ്ക്കും വ്യാപിക്കുന്ന ഒരു സമഭാവന രൂപപ്പെട്ടുവരികയുള്ളൂ.

  ReplyDelete
 3. ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ തന്നെ ഉൽക്കണ്‍ഡയും കൈവശമിരിക്കുമ്പോൾ ഭയവും കൈമാറ്റം നടത്തുമ്പോൾ നഷ്ടവും വരുത്തിക്കൂട്ടുന്ന ഉപഭോഗവസ്തു ഏത്? സ്ത്രീ എന്നുത്തരം പറയാൻ ആരും വൈകില്ല. ചരക്ക്, സാധനം എന്നൊക്കെ നിർദ്ദയം വിളിക്കപ്പെടുന്നതും അവൾതന്നെ.

  മാനവരാശിയിൽ പകുതിയിലധികം സംഖ്യാബലമുള്ള സ്ത്രീ എന്തുകൊണ്ട് ഇന്നും വിവേചനവും പീഡനവും അനുഭവിക്കുന്നു എന്ന ചോദ്യം നിലനില്ക്കുന്നു. സുന്ദരമായ വാക്കുകളിൽ സ്ത്രീത്വത്തിന് മുഖസ്തുതി മുഴക്കുന്ന അതേ ഉച്ചഭാഷിണി തന്നെയാണ് സ്ത്രീത്വത്തിനെതിരെയുള്ള ചൂഷണങ്ങളുടെയും അപമാനങ്ങളുടെയും തീരാത്ത കഥകൾ വിളിച്ചറിയിക്കുന്നതും.

  മതപാരമ്പര്യങ്ങളിലും അവയ്ക്ക് ഉപോൽബലകമായി കരുതപ്പെടുന്ന ഗ്രന്ഥങ്ങളിലും ഒളിഞ്ഞിരിക്കുന്ന വിഷബാധകളെക്കുറിച്ച് ഒരു വിശകലനം ഒരിക്കൽ കലാകൌമുദിയിൽ ഹരിദാസ് വളമംഗലം എഴുതിയിരുന്നു. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ - എന്തിന്, ഭഗവത് ഗീതപോലും - പുനർവായനക്കു വിധേയമാക്കേണ്ടതിന്റെയും, ഇന്നത്തെ മാനവവീക്ഷണങ്ങൾക്കു നിരക്കാത്തവ (ഉദാ. ചതുർവർണ്ണം മായാസൃഷ്ടം) അവയിൽനിന്ന് അറുത്തുമാറ്റേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ഈ ധാര്മ്മിക കടമ മനസ്സിലാക്കിക്കൊണ്ടാണ്‌ ബ്രഹദാരണ്യകോപനിഷത്തിന്റെ വ്യാഖ്യാനത്തിൽ നിത്യചൈതന്യയതി ഇത്തരമൊരു ശ്രമം നടത്തിയത്. ശൂദ്രനെയും സ്ത്രീയെയും മ്ളെശ്ചമായി വിവക്ഷിക്കുന്ന ഭാഗം അദ്ദേഹം പാടേ വെട്ടി മാറ്റി.

  ഈ മാതൃക ക്രിസ്തീയ ഗ്രന്ഥങ്ങളുടെ കാര്യത്തിലും നടപ്പിലാക്കേണ്ടതുണ്ട്. വ്യക്തിസമത്വവീക്ഷണത്തിനും സ്വാതന്ത്ര്യത്തിനും ഒട്ടും നിരക്കാത്ത തഴക്കങ്ങൾക്ക് കാരണമായിത്തീർന്നിട്ടുള്ള ഭാഗങ്ങൾ പഴയ, പുതിയ നിയമപുസ്തകങ്ങളിൽ ഉണ്ട്. ദുഷ്ടതയെ ഭോഷത്തമെന്നും ഭോഷത്തത്തെ ഭ്രാന്തെന്നും മനസ്സിലാക്കിയ സഭാപ്രഭാഷകന്റെ പുസ്തകത്തിൽ 7, 26-27 ഇത്തരത്തിലൊന്നാണ്. ഇവിടെ അതെടുത്തെഴുതുന്നില്ല, ആവശ്യമുള്ളവർ തേടിപ്പിടിച്ചു വായിക്കുക. അതുപോലെ, ക്രിസ്തീയ കുടുംബത്തിന്റെ അടിത്തറയായി സഭാപാരമ്പര്യം കരുതുന്ന എഫെസ്യര്ക്കുള്ള കത്തിലെ 5,22 മുതലും 6,9 ഉം കൊളോസ്യർ 3,18 മുതൽ 4,1 വരെയും വായിക്കുക. വാസ്തവത്തിൽ ചതുർവർണ്യം ഭാരതസമൂഹത്തിൽ വരുത്തിവച്ച തീരാത്ത കെടുതികൾപോലെ തന്നെ സ്ത്രീപുരുഷ വിവേചനം ക്രിസ്തുമതത്തിൽ നശീകരണമൂര്ത്തമായിത്തീരാൻ ഇടയാക്കിയ 'വേദ'വാക്യങ്ങളാണിവ. പുരുഷനും സ്ത്രീയും, യജമാനനും അടിമയും, അപ്പനും മക്കളും തമ്മിലുള്ള ബന്ധം ഒരു പുരുഷമേധാവിത്വ വ്യവസ്ഥിതിയിൽ കാണപ്പെട്ടിരുന്നതിന്റെ തിരുശേഷിപ്പുകൾ ആണിവ. ഈ ചിന്തയുടെ അടിവേരുകൾ അരിസ്റ്റോട്ടലിന്റെ തത്ത്വചിന്തയിൽ കണ്ടെത്താം. ആദിമസഭ അതൊക്കെ കടം വാങ്ങിക്കൊണ്ട് യേശുവിന്റെ സമത്വവീക്ഷണത്തെ കുഴിച്ചു മൂടി.

  ആദിസഭയിൽ സ്ത്രീപുരുഷവ്യത്യാസം ഉണ്ടായിരുന്നില്ല. യേശുവിന്റെ സമ്പർക്കത്തിൽ കൈവന്ന സ്വരുമയുടെ സന്ദേശം സ്ത്രീകൾ സ്വായത്തമാക്കിയതുകൊണ്ടാണ് "വിശ്വാസികളുടെ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിച്ചു" എന്ന് അപ്പൊ.പ്രവ. 4,32 ൽ കുറിക്കേണ്ടി വന്നത്. എന്നാൽ ഈ ശുഭാവസ്ഥ നീണ്ടുനിന്നില്ല. പുരുഷന്മാർ അസഹിഷ്ണുത പ്രകടിപ്പിച്ചുതുടങ്ങി. അപ്പോൾ ഓരോത്തുതീർപ്പ് എന്നോണം എഴുതിവച്ചതാണ് മേല്പ്പറഞ്ഞ പെരുമാറ്റച്ചട്ടങ്ങൾ. അതിസുന്ദരമായ ഒരു ജീവിതസങ്കല്പം അങ്ങനെ മനുഷ്യരാശിക്ക് കൈവിട്ടുപോയി. അന്ന് മുതൽ പുരുഷമസിലിന്റെ ക്രൂരതകൾക്ക് സ്ത്രീ ഇരയായിത്തീർന്നു. എണ്ണമറ്റ സൂനഹദോസുകളും നവീകരണപ്രസ്ഥാനങ്ങളും പുണ്യാത്മാക്കളും ഉണ്ടായിട്ടും വിവേചനവിഷം കലർന്ന ക്രിസ്തുസന്ദേശത്തെ ശുദ്ധീകരിക്കാൻ ഇന്നേവരെ സഭക്ക് കഴിഞ്ഞിട്ടില്ല!

  അതുകൊണ്ട്, ബൈബിൾ വായനയിലും പഠനത്തിലും ആവശ്യമായ വെട്ടിനും തിരുത്തിനും വിശ്വാസികൾ സ്വയം മുന്കൈ എടുക്കണം.

  ReplyDelete
 4. Excellent article on Sara joseph. I read it and posted the following comment even on my face book to make it immortal. Fantastic indeed your erudition and I even feel like enviying you. I thank the Lord for giving you such talents and insights. Kudos to my friend Jose. What a flow of language and ideas in defense of Sara Joseph and women's rights. Each of your sentences provokes me to write a book in reply which I can do here. Briefly, I must say most of what you say is perfectly true and helps our presebt geberation of women to dare to think and act boldly. Even the church is fast changing on its thinking. Alreaddy Pope Paul VI, comparatively conservative for bringing out Humanae Vitae(on birth control) had asked: "Where are the 50% of faithful (women) in the council? It means Church leadership is waking up to increase their participatrion by 50%. Listen what Prefect of Vatican congregation Cardinal João Braz de Aviz told 2000 sisters in Rome last May: ""Man without woman is not fully human and woman without man is not fully human either. Each without the other is a piece of humanity, incomplete." A whole lot of rethinking to establish equality of sexes is underway. So there is hope, let us not dispair. Dum spirto spero = Till last breath we should go on hoping.

  ReplyDelete
  Replies
  1. എന്തിനാ പോന്നു ജയിംസേ ഇങ്ങനെ വാക്കുകൾ വ്യയം ചെയ്യുന്നത്? പോപ്‌ പോൾ ആറാമൻ അത് പറഞ്ഞിട്ട് ദശാബ്ദങ്ങൾ എത്രയോ കഴിഞ്ഞു! Cardinal João Braz de Aviz പറഞ്ഞ വാക്കുകൾ ഏതു പ്രഭാഷണത്തിലും ആരും പറയുന്ന സ്ഥിരം പല്ലവികളാണ്. അതൊക്കെ കേട്ട് തരിച്ചിരിക്കുന്നവർ അങ്ങനെ ആയിരം കൊല്ലം ഇരുന്ന് ചിതൽപ്പുറ്റായാലും സഭയിൽ പെണ്ണുങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവും വരില്ല. "A whole lot of rethinking to establish equality of sexes is underway." ഇത് ഇന്ത്യയെപ്പറ്റിയും ശരിയല്ലേ? എന്നിട്ടുണ്ടോ വല്ലതും സംഭവിക്കുന്നു? പിന്നെയല്ലേ വിവരംകെട്ട കുടവയറന്മാർ നയിക്കുന്ന സഭയിൽ മാറ്റം സംഭവിക്കുക!

   Delete
 5. Very daring article, the right answer for the clerical nonsense! Kudos.....

  ReplyDelete