Translate

Sunday, August 4, 2013

റോമിന്റെ മെത്രാനും കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പായുമായ മാര്‍ ഫ്രാന്‍സീസിന് ഒരു കത്ത്

(2013 ജൂലൈ ലക്കം 'സത്യജ്വാല' മാസികയില്‍ നിന്ന്)
ശ്രീ. ജോസഫ് പുലിക്കുന്നേല്‍ 
മാര്‍പ്പാപ്പായ്ക്കയച്ച കത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷ.
ഇംഗ്ലീഷിലുള്ള കത്തു കാണുവാന്‍ 2013 ജൂണ്‍ ലക്കം 'ഓശാന' മാസിക,
അല്ലെങ്കില്‍ ജൂണ്‍ 11- ലെ 'അല്‍മായശബ്ദം' ബ്ലോഗ് കാണുക.
(തര്‍ജ്ജമ : ജോര്‍ജ് മൂലേച്ചാലില്‍)

യേശുവില്‍ പ്രിയപ്പെട്ട ആദരണീയനായ സഹോദരാ,
         
ഈ കത്ത് അങ്ങയുടെ പക്കല്‍ എത്തുമോയെന്ന് എനിക്കറിഞ്ഞുകൂടാ, സെക്രട്ടറിയേറ്റ് തലത്തില്‍ത്തന്നെ ഈ കത്ത് സെന്‍ സര്‍ ചെയ്യപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്.  
   
     എങ്കില്‍ത്തന്നെയും, ഇന്ത്യയില്‍ കേരളത്തിലുള്ള സീറോ-മലബാര്‍ സഭയിലെ ദൗര്‍ഭാഗ്യകരമായ സാഹചര്യത്തെക്കുറിച്ച് അങ്ങയെ അറിയിക്കുകയെന്നത് എന്റെ കടമയാണെന്നു ഞാന്‍ കരുതുന്നു.

   ചരിത്രപരമായ രേഖകള്‍ തെളിവായി കാണാനില്ലെങ്കിലും, പാരമ്പര്യമനുസരിച്ച്, സീറോ-മലബാര്‍ സഭ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമാണ്. എന്തായാലും, കഴിഞ്ഞ ഏതാണ്ട് 2000 കൊല്ലക്കാലമായി ഈ സഭ ഇവിടെ തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്പില്‍ സഭ മതഭിന്നതകളാല്‍ പീഡിതമായിരുന്നെങ്കില്‍, 16-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ് മിഷനറിമാര്‍ ഇന്ത്യയിലെത്തുന്നതുവരെ, ഞങ്ങളുടെ ഈ സഭയെ യാതൊരു പിളര്‍പ്പുമില്ലാതെ പരിശുദ്ധാത്മാവ് സംരക്ഷിച്ചുപോന്നു.

    1996 ജനുവരി 8 മുതല്‍ 16വരെ വത്തിക്കാനില്‍ നടന്ന സീറോ-മലബാര്‍ മെത്രാന്‍ സിനഡില്‍ റവ. ഡോ. റോബര്‍ട്ട് റ്റാഫ്റ്റ് ഈ സഭയെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി:
          
    ''നിങ്ങളുടെ സഭ കത്തോലിക്കാസഭയുടെ ഒരു വിജയഗാഥയാണ്! വിശ്വാസത്തിന്റെയും ഭക്തിയുടെയും ദീപസ്തംഭമായി ഇത്രയും പ്രകാശിച്ചുനില്‍ക്കുന്ന മറ്റൊരു സഭ ഈ ഭൂമുഖത്ത്, പൗരസ്ത്യദേശത്തോ പാശ്ചാത്യദേശത്തോ, ദക്ഷിണദേശത്തോ ഉത്തരദേശത്തോ, കത്തോലിക്കാസഭയിലോ ഓര്‍ത്തഡോക്‌സ് സഭയിലോ ഇല്ല. സീറോ-മലബാര്‍ സഭ മതജീവിതത്തിന്റെ ഒരു മാതൃകയായി വിരാജിക്കുന്നു; അപ്പോസ്തലികശുഷ്‌കാന്തിയുടെ ഒരു ശക്തിസ്രോതസായി അതു നിലകൊള്ളുന്നു. ഇത്രയേറെ വൈദികരെവച്ച് എന്താണു ചെയ്യേണ്ടതെന്നറിയാന്‍പോലും വയ്യാത്തവിധം, വൈദിക ദൈവവിളിയുടെ അതിസമൃദ്ധമായ പിള്ളത്തൊട്ടിലായി അതു വര്‍ത്തിക്കുന്നു! കേരളത്തിലെ ജനനിബിഡമായ പള്ളികളിലും കന്യാസ്ത്രീമഠങ്ങളിലും സെമിനാരി ചാപ്പലുകളിലും, പ്രത്യേകിച്ച് വൈദികാര്‍ത്ഥികള്‍ നൂറുകണക്കായി നിറഞ്ഞുനില്‍ക്കുന്ന സെമിനാരികളില്‍, വ്യക്തിപരമായി ഞാന്‍ കണ്ടനുഭവിച്ചിട്ടുള്ള വിസ്മയകരമായ വിശ്വാസദാര്‍ഢ്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍, എന്റെ കണ്ണുകളില്‍ കണ്ണുനീര്‍ കിനിയുന്നു'' (Acts of the Synod of Bishops of Syro-Malabar Church - pages, 136-137).
          
 എന്നാലിപ്പോള്‍, ഭിന്നിപ്പും കലഹവുംമൂലം ഈ സഭ രോഗബാധിതമായിരിക്കുന്നു. റവ.ഡോ. റ്റാഫ്റ്റ് തന്റെ പ്രസംഗത്തിന്റെ അവസാനം ഇങ്ങനെ പറഞ്ഞു.
          
   ''അതുകൊണ്ട്, നമുക്കു ദൈവത്തിനു നന്ദി പറയാം; ഭിന്നതകള്‍ മാറ്റിവച്ച്, ദൈവരാജ്യസൃഷ്ടിക്കായി, ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ലാത്ത, ക്രിസ്തുവില്‍ സഹോദരീസഹോദരന്മാരായവര്‍ മാത്രമുള്ള ഒരു രാജ്യത്തിനായി, വീണ്ടും ഒന്നുചേര്‍ന്നു പ്രവര്‍ത്തിക്കാം'' (മുന്‍ഗ്രന്ഥം, പേജ്, 137).
          
    സീറോ-മലബാര്‍ സഭയുടെ പൈതൃകം സംബന്ധിച്ചുള്ള തര്‍ക്കത്തിന്റെ ഫലമായിട്ടായിരുന്നു, ഭിന്നതകള്‍ രൂപംകൊണ്ടത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, പൗരസ്ത്യസഭകളെക്കുറിച്ചുള്ള ഡിക്രിയില്‍ ഇങ്ങനെ പറയുന്നു:
    
    ''പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യദേശത്തുളള സഭകളെപ്പോലെതന്നെ, അവരവരുടെ പ്രത്യേകശിക്ഷണക്രമത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഇവയെല്ലാം സംപൂജ്യമായ പൗരാണികത്വത്താല്‍ ഉറപ്പുനേടിയിട്ടുള്ളതും, ആ സഭകളിലെ വിശ്വാസികളുടെ ആചാരങ്ങളോട് ഏറ്റം ഒത്തുപോകുന്നതും, ആ ത്മാക്കളുടെ നന്മയ്ക്ക് കൂടുതല്‍ ഉപകരിക്കുന്നതുമാണ്. തങ്ങളുടെ തനത് ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും കാത്തുസൂക്ഷിക്കാമെന്നും അങ്ങനെ ചെയ്യേണ്ടതുണ്ടെന്നും പൗരസ്ത്യസഭകളിലെ എല്ലാ അംഗങ്ങളും സുനിശ്ചിതമായി അറിഞ്ഞിരിക്കണം. തങ്ങളുടെതന്നെ ജൈവപരമായ വികാസത്തിനാവശ്യമായ മാറ്റങ്ങള്‍മാത്രമേ അവയില്‍ വരുത്താന്‍ പാടുള്ളൂ. ഈ നിര്‍ദ്ദേശങ്ങളെല്ലാം അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെ അവരവര്‍തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ ആരാധനാരീതികളെപ്പറ്റിയുള്ള അറിവിലും അവയുടെ ആചരണത്തിലുമുള്ള സമ്പൂര്‍ണ്ണതയായിരിക്കണം അവരുടെ എപ്പോഴത്തെയും ലക്ഷ്യം. അവയില്‍നിന്നും കാലത്തിന്റെയോ വ്യക്തികളുടെയോ ആയ സാഹചര്യങ്ങള്‍ക്കടിമപ്പെട്ട് തങ്ങള്‍ക്കു ചേരാത്ത വിധത്തില്‍ വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ തങ്ങളുടെ പൗരാണികപാരമ്പര്യത്തിലേക്കു തിരിച്ചുപോകാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്'' (പൗരസ്ത്യസഭകളെക്കുറിച്ചുള്ള 5-ാം ഡിക്രി)
          
       രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം, പുരാതനമായ ഈ സഭ അതിന്റെ തനതു പാരമ്പര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാരംഭിച്ചു. പേര്‍ഷ്യന്‍ നെസ്‌തോറിയന്‍ സഭയും പോര്‍ട്ടുഗീസ് മിഷണറിമാരും കര്‍മ്മലീത്താക്കാരും ഈ സഭയുടെ മിക്ക പുരാതന ആചാരരീതികളും പാരമ്പര്യങ്ങളും തകര്‍ത്തുകളഞ്ഞിരുന്നു.
          
      ദൗര്‍ഭാഗ്യവശാല്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ 90-കളില്‍, ഈ സഭയിലെ ഒരു ചെറിയ വിഭാഗം മെത്രാന്മാര്‍, ഈ സഭ ഒരു പൗരസ്ത്യസഭയാണെന്നും അതിന്റെ പാരമ്പര്യം പേര്‍ഷ്യനാണെന്നും പ്രഖ്യാപിച്ചു. ഈ സഭയുടെ കുര്‍ബാനക്രമം ഞങ്ങളുടെ മാതൃഭാഷയായ മലയാളത്തില്‍ തയ്യാറാക്കുന്ന അവസരത്തില്‍ ഇത് ഒരു അതിപ്രധാനവിഷയമായിത്തീര്‍ന്നു.
          
     ഞങ്ങളുടെ പരമ്പരാഗതവിശ്വാസപ്രകാരം ഈ സഭ 1-ാം നൂറ്റാണ്ടില്‍ത്തന്നെ ഇവിടെ സ്ഥാപിതമായതാണ്. എന്നാല്‍ പേര്‍ഷ്യന്‍ സഭയാകട്ടെ, 2-ാം നൂറ്റാണ്ടില്‍ രൂപപ്പെടുകയും 4-ാം നൂറ്റാണ്ടില്‍മാത്രം ഒരു വ്യക്തിസഭയാകുകയും ചെയ്ത സഭയാണ്. അതുകൊണ്ട്, ഞങ്ങളുടെ സഭ തീര്‍ച്ചയായും ഈ നെസ്‌തോറിയന്‍ പേര്‍ഷ്യന്‍ സഭയുടെ പുത്രീസഭയല്ല; അതായത്, ഞങ്ങളുടെ സഭ ഒരു പൗരസ്ത്യസഭയല്ല.
          
   1993-ല്‍ പ്രസിദ്ധീകരിച്ച The Dictionary of Theology എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണുന്നു: ''പൗരസ്ത്യസഭകള്‍ എന്നത്, പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ ഇറ്റലി, സ്‌പെയിന്‍, ഗൗള്‍, ആഫ്രിക്കാ എന്നീ പ്രദേശങ്ങളുള്‍പ്പെട്ട പടിഞ്ഞാറന്‍ മേഖലയിലെ അഥവാ ലാറ്റിന്‍ മേഖലയിലെ സഭയ്ക്കു ബദലായി രൂപംകൊണ്ട, റോമന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഉത്ഭവകേന്ദ്രങ്ങളായുള്ള, ക്രൈസ്തവസഭകളുടെ വ്യതിരിക്തതയെക്കുറിക്കുന്ന ഒരു സംജ്ഞയായിത്തീര്‍ന്നിരിക്കുന്നു. ആധുനികകാലത്ത്, ഈ സഭകളിലെ ഒട്ടേറെപേര്‍ ലോകമെമ്പാടുമായി ചിതറിയാണു ജീവിക്കുന്നതെങ്കിലും, അന്ത്യോക്യാ, അലക്‌സാന്‍ഡ്രിയ, ജെറുസലേമും പുതിയ റോമും, ബൈസാന്റൈന്‍ അഥവാ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭാ ആസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള സഭകളെ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന പരമ്പരാഗത രീതിയാണത്'' (പേജ് 301).
          
    1981-ല്‍ പ്രസിദ്ധീകൃതമായ New Catholic Encyclopediaയുടെ 10-ാം വാല്യം 736-ാം പേജില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''പൗരസ്ത്യസംഘത്തിന് പൂര്‍ണ്ണവും അനന്യവുമായ നിയമാധികാരമുള്ള പ്രദേശങ്ങള്‍ ഇവയാണ്: ഈജിപ്ത്, സീനായ് ഉപദ്വീപ്, എറിത്രിയയും വടക്കേ എത്യോപ്യായും, തെക്കേ അല്‍ബേനിയ, ബള്‍ഗേറിയ, സൈപ്രസ്, ഗ്രീസ്, ഡൊഡെക്കാനിസ്, ഇറാന്‍, ഇറാക്ക്, ലെബനോന്‍, പാലസ്റ്റൈന്‍, സിറിയ, ജോര്‍ദ്ദാന്‍, തുര്‍ക്കി, പിന്നെ തുര്‍ക്കിയും അഫ്ഗാനിസ്ഥാനും ചേര്‍ന്നംഗീകരിക്കുന്ന  ത്രേയ്സിന്റെ ഭാഗവും. കൂടാതെ, ഈ പ്രദേശങ്ങള്‍ക്കു പുറത്തു ജീവിക്കുന്ന പൗരസ്ത്യറീത്തുകളില്‍പ്പെട്ട സഭാംഗങ്ങളുടെമേല്‍ അവര്‍ ലോകത്ത് എവിടെയായിരുന്നാലും, പൗരസ്ത്യസംഘത്തിന് അധികാരമുണ്ട്. ഇന്ത്യയില്‍ പൗരസ്ത്യസംഘത്തിന് നൈയാമികാധികാരമില്ല''.
  
        സീറോ-മലബാര്‍ സഭാംഗങ്ങള്‍ വിദ്യാസമ്പന്നരാണ്; അവര്‍ക്ക് ചരിത്രവസ്തുതകള്‍ അറിയാം. അവരുടെമേലാണ് പേര്‍ഷ്യന്‍ പാരമ്പര്യം അടിച്ചേല്‍ പ്പിക്കപ്പെട്ടിരിക്കുന്നത്. അത് ഈ സഭയില്‍ ഭിന്നത സൃഷ്ടിച്ചിരിക്കുന്നു. അത് ഇന്നും തുടരുകയാണ്.
  
        ഈ വിഷയം പഠിച്ചു പരിഹരിക്കാന്‍ രണ്ടു കമ്മീഷനുകള്‍ നിയോഗിക്കപ്പെട്ടു. വൈറ്റ് കമ്മീഷനായിരുന്നു, ഒന്ന്. അതില്‍ ഫാ. റ്റാഫ്റ്റ് എസ്.ജെ.യും അംഗമായിരുന്നു. ആര്‍ച്ചുബിഷപ്പ് മാര്‍ എബ്ര ഹാം കാട്ടുമന കമ്മീഷനായിരുന്നു രണ്ടാമത്തേത്. ഈ രണ്ടു കമ്മീഷനുകളും അവരുടെ റിപ്പോര്‍ട്ടുകള്‍ പരിശുദ്ധസിംഹാസനത്തിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, അവ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അവ പ്രസിദ്ധീകരിച്ചുകാണാന്‍ സീറോ-മലബാര്‍ സഭാംഗങ്ങള്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ അങ്ങു കൈക്കൊള്ളണമെന്ന് വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് അതു ഞങ്ങളുടെ അവകാശമാണെന്നു ഞങ്ങള്‍ കരുതുന്നു.

 ഭാരതീയ ക്രൈസ്തവരായ ഞങ്ങള്‍ ബ്രിട്ടന്റെ രാഷ്ട്രീയാധീശത്വത്തിനെതിരെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി, സമരം ചെയ്തവരാണ്. പേര്‍ഷ്യന്‍ പാരമ്പര്യം ഞങ്ങള്‍ക്കന്യമാണ്. ഞങ്ങളുടെ സഭയുടെ പൈതൃകവും പാരമ്പര്യവും പുനഃസ്ഥാപിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ഞങ്ങള്‍ സമരംചെയ്യുന്നത്.
                                              യേശുവില്‍ വിധേയന്‍
 ജോസഫ് പുലിക്കുന്നേല്‍
25-05-2013

4 comments:

 1. ശ്രീ പുലിക്കുന്നേൽ സാറിന് മാർപാപ്പായിൽ നിന്ന് ലഭിച്ച മറുപടി വായിക്കുവാൻ താഴത്തെ ലിങ്കിൽ നിങ്ങളുടെ ബ്രൌസറിൽ cut and paste ചെയ്യുക.


  http://almayasabdam.blogspot.com/2013/08/blog-post_6.html

  ReplyDelete
 2. മാർപാപ്പായുടെ ഒരു സാങ്കല്പ്പിക കത്ത് പ്രസിദ്ധീകരിച്ചതുവഴി വായനക്കാരിൽ പലരും അത് സത്യങ്ങളായി കരുതിയെന്നറിഞ്ഞു. സഭ പഠിപ്പിക്കുന്ന പല അബദ്ധങ്ങളും അന്ധമായി ചിലർ വിശ്വസിക്കുന്നതും ഇങ്ങനെതന്നെ. തന്മൂലം പ്രൊഫ. പുലിക്കുന്നേൽസാറിനും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്തിൽ ഖേദമുണ്ട്. തെറ്റ് ചെയ്യാത്തടത്തോളം കാലം ക്ഷമാപണം ആവശ്യമില്ല. കാരണം അത് എന്റെ ആത്മാർഥതയിൽ നിന്നെഴുതിയ അനേകർ ഇഷ്ടപ്പെട്ട ഒരു ഹിറ്റ് ലേഖനമായിരുന്നു. ആരംഭംമുതൽ ഈ ബ്ലോഗിന്റെ വളർച്ചയോടൊപ്പം ഞാനും ഉണ്ടായിരുന്നു. ‌


  വത്തിക്കാന് ഒരു കത്ത് ഇടുമ്പോൾ ഔദ്യോഗിക ലവലിൽ മാത്രമേ പോവുകയുള്ളൂ. മാർപാപ്പാ ഒരു രാജ്യത്തിന്റെ ഭരണാധികാരികൂടിയാണെന്ന് ഓർക്കണം. നയതന്ത്രലവലിൽ പോവുന്ന കത്തുകൾ രഹസ്യമായി വെക്കും. അൽമായശബ്ദത്തിൽ ശ്രീ പുലിക്കുന്നേൽസാറിന്റെ മാർപാപ്പായ്ക്കയച്ച കത്ത് പ്രസിദ്ധീകരിച്ചപ്പോൾ വിവാദത്തിനായി ചർച്ചാവിഷയമാകേണ്ട കത്തായി മാത്രമേ എനിക്ക് തോന്നിയുള്ളൂ. അതേ നാണയത്തിൽ തിരിച്ച് ഞാനും എഴുതി. ഒറ്റനോട്ടത്തിൽത്തന്നെ അതിലെ സാരാംശം സാങ്കൽപ്പികമെന്ന് ആർക്കും മനസിലാകുമായിരുന്നു. ഒന്നേകാൽ ബില്ല്യൻ ജനങ്ങളുടെ ആത്മീയനേതാവായ മാർപാപ്പക്ക് പാലായിലെ ബുദ്ധിജീവികൾ തപാലിൽ കത്തുകൾ ഇടുമെന്നും ചിന്തിച്ചില്ല. അതുകൊണ്ട് മറുപടിയും മാർപാപ്പായുടെതായി എഴുതി.


  ഫ്രാൻസീസ് മാർപാപ്പായുടെയും പുലിക്കുന്നേൽസാറിന്റെയും ആശയങ്ങളിൽ പലപ്പോഴും സാമ്യത തോന്നാറുണ്ട്. ഒരു കാലത്ത് അദ്ദേഹം പറഞ്ഞത് തന്നെയാണ് ഇന്ന് മിക്ക ദിവസവും മാർപാപ്പായിൽ നിന്ന് കേൾക്കുന്നത്. ഈ സത്യം പലർക്കും അംഗികരിക്കാൻ പ്രയാസം വരും. നല്ല ഉദ്ദേശത്തോടെ അവാസ്തവമായ ഒരു സാങ്കല്പ്പിക കത്ത് പ്രസിദ്ധീകരിച്ചു. അത് വിപരീതഫലം ചെയ്യുമെന്നും വിചാരിച്ചില്ല. ഇങ്ങനെ ഒരു കത്ത് ശ്രീ പുലിക്കുന്നേൽ സാറിന് ബുദ്ധിമുട്ടുകളും പ്രയാസവും ഉണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് ഒന്നുകൂടി ആവർത്തിക്കട്ടെ. വായനക്കാരും കത്ത് കാല്പനിക സ്രുഷ്ടിയെന്ന് കരുതണമെന്നും ആഗ്രഹിക്കുന്നു. മാർപാപ്പയുടെ കൈകൾകൊണ്ട് ചരിത്രവസ്തുതകൾ എഴുതിയ ഒരു കത്ത് ലഭിക്കുക അസാധ്യമെന്നും വായനക്കാർ മനസിലാക്കണം.

  അതിന്റെപേരില് അറിവുണ്ടെന്ന് ഭാവിച്ച് അറിവ് പറഞ്ഞുകൊടുത്തിരുന്ന ഒരു ബ്ലോഗറിന്റെ സന്ദേശം വ്യക്തിപരമായിരുന്നു. അയാളും സഹതാപം അർഹിക്കുന്നു.

  ReplyDelete
 3. The reply to Pulikunnel in Almaya... Only Joseph Matthew can do such a fantastic feat, very thought provoking. I read it in spite of my preoccupations and lack of availability of the computer.
  I too thought that Pope's letter to Pulikunnel was one of the best satire pieces Joseph Mathew ever wrote. They say in Latin: Ridendo corrigere (to correct someone by making funny comments or laughing at) that is what Joseph did and I enjoyed it. He wrote half in joke and half seriously, so that no one could find fault with him. He was just telling our Pulikunnel that he is expecting too much publicity and respect from his readers
  Yes yesterday I read also his reply and apology. He apologized more than once in that letter. Just one apology was enough to the too simple people who misunderstood and took everything to be true. But I suggest that He don't cut off connections completely. Instead tell him point black that what the administrator did, deleting his reply without consulting him was totally wrong. Only after that he should think of cutting himself off. That is my view. As far as I can judge, he was one of the best and original contributors in Almaya and readers will miss him very much. Otherwise let the administrator tell him to stop. Till that he should continue to have his say.
  So let me hear from him it will be delicate for him to do that because it will appear that he is fighting with the administrator openly. This is just a suggestion. Keep happy and continue to do the good work he is doing. With kindest regards.

  ReplyDelete
 4. സാഹിത്യ ഭാഷ (literary language) ബഹുമുഖമാണ്. അതിലൊന്നാണ് നർമ്മഭാവന. സന്ജയനെപ്പോലെ അത്തരം ഭാഷയുപയോഗിച്ച് വായനക്കാരെ മത്തു പിടിപ്പിച്ചിരുന്നവർ എന്നുമുണ്ടായിരുന്നു. ശ്രീ പുലിക്കുന്നേൽ തന്നെ ഒശാനയിൽ സ്വന്തം കഥകൾ മെനഞ്ഞുണ്ടാക്കി, ആള്ക്കാരെ ചിരിപ്പിക്കുകയും അതേ സമയം തന്റെ ആശയങ്ങൾ ശക്തമായി പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഒരു തഴക്കമാക്കിയിരുന്നു. കുത്ത് മർമ്മത്തിൽ കൊണ്ടവരും അത്തരം എഴുത്തുകളിലെ നര്മ്മധ്വനി ആസ്വദിച്ചിരുന്നിരിക്കണം.

  നിർഭാഗ്യവശാൽ ഇപ്പോൾ വിവാദവിഷയമായിത്തീർന്നിരിക്കുന്ന ശ്രീ ജോസഫ് മാത്യു എഴുതിയ "പോപ്പിന്റെ മറുപടി" വത്തിക്കാനിൽ നിന്ന് വന്നതല്ലെന്നും അതോടൊപ്പം ചേർത്തിരുന്ന പടം റോയ്ട്ടേർസ്‌ (Reuters) പോലൊരു വാർത്താ എയ്ജെന്സി പുറത്തുവിട്ടതല്ലെന്നും തിരിച്ചറിയാൻ മാത്രം നർമബോധമില്ലാത്തവർ അല്മായശബ്ദം വായിക്കുന്നുണ്ടെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. ഇപ്പോഴതും മനസ്സിലായി. അത്തരക്കാർക്കുവേണ്ടി "കാല്പനികം" എന്നൊരു വാക്ക് അട്മിനിസ്ട്രെയ്റ്ററോ ലേഖകൻ തന്നെയോ ചേർത്താൽ മാത്രം മതിയായിരുന്നു. മറ്റു കോലാഹലങ്ങളുടെ ആവശ്യം വരില്ലായിരുന്നു.

  ReplyDelete