Translate

Thursday, December 24, 2015

കരുണയും കത്തനാരന്മാരും...

മോഡി വന്നുപോയതേ കുമ്മനം രാജശേഖരനെ ഡൽഹിക്ക് വിളിപ്പിച്ചു. മോഡിയെ കാണാൻ വന്ന മേജർ ആർച്ച് ബിഷപ്പിനേയും കൂടി ആരെങ്കിലും ഡൽഹിക്ക് വിളിപ്പിക്കുമെന്നോ ഏതെങ്കിലും ഭാരവാഹിത്വം അങ്ങേർക്കു കൊടുത്തേക്കുമെന്നോ ഞാൻ പേടിച്ചു പോയി. ഭാഗ്യത്തിന് അങ്ങിനെയൊന്നും സംഭവിച്ചില്ല. കുറെക്കാലമായി മോഡിയെ പ്രകീർത്തിച്ചുകുഴഞ്ഞ നാവുകൾ ഇവിടെ ധാരാളം. എല്ലാത്തിനും പ്രതിഫലമായി കോട്ടയത്ത് നിന്നുള്ള ഒരിഷ്ടതാരത്തെ കേന്ദ്രത്തിൽ മന്ത്രിയാക്കാമെന്നു ധാരണയായിട്ടുണ്ടെന്നു കേൾക്കുന്നു. ബി ജെ പി ക്ക് കേരളത്തിൽ കത്തോലിക്കരെ ഒതുക്കണം ഒതുക്കണം എന്നാഗ്രഹമില്ലാഞ്ഞിട്ടല്ല. ഓരോന്ന് പ്ലാനിട്ടു വരുമ്പോൾ എത്ര പേരാ കാൽക്കൽ. ശശികല ടീച്ചർ ഓർത്തിരിക്കുന്നത് ന്യൂനപക്ഷാവകാശത്തിന്റെ പേരിൽ കത്തോലിക്കനു കിട്ടുന്ന ആനുകൂല്യങ്ങൾ മുഴുവൻ വിശ്വാസികളാ ആസ്വദിക്കുന്നതെന്നാ. മൊത്തം മെത്രാന്മാർക്കും അച്ഛന്മാർക്കും ഒള്ളതല്ല്യോ! ഒന്നിനും ആരും കണക്കു കൊടുക്കേണ്ട (ഇന്ത്യയിൽ ആരെയും കണക്ക് ബോധിപ്പിക്കാതെ പണം കൈകാര്യം ചെയ്യാൻ അവകാശമുള്ള മതവിഭാഗമാണ്‌ ക്രിസ്ത്യാനികൾ!), മെത്രാന്മാരുടെ നേതൃത്വത്തിൽ ജാലിയൻവാലാ കാട്ടിയാലും, പശ്ചിമഘട്ടക്കാർ സർക്കാർ ഓഫീസ് കത്തിച്ചാലും അത് തീവ്രവാദമല്ല, അദ്ധ്യാപകരെ നിയമിച്ച് എത്ര കാശു വാങ്ങിയാലും ആർക്കും ചോദിക്കാൻ അവകാശമില്ല, ഒരരമനയും പരിശോധിക്കാൻ ആർക്കും ധൈര്യമില്ല, വിശ്വാസികളുടെ നേരെ എങ്ങിനെ മെക്കിട്ടു കേറാനും മെത്രാന്മാർക്ക് സ്വാതന്ത്ര്യം ....... അങ്ങിനങ്ങിനെ. പണവും ആൾ ബലവും സ്വാധീനവുമുണ്ടെങ്കിൽ ആർക്കും എന്തുമാവാം. ഇവർക്കൊരു മൂക്ക് കയറിട്ട്‌ നേരെ നടത്താൻ ചിലപ്പോൾ കുമ്മനത്തിനു കഴിഞ്ഞേക്കാം. രാജ്യം മുഴുവൻ ആഞ്ഞു പിടിച്ചിട്ടും അഭയയുടെ ഘാതകരെ ശിക്ഷിക്കാൻ കഴിഞ്ഞോ? പാലായിൽ കൊലപാതകം ഒതുക്കാൻ കൂട്ടുനിന്ന കന്യാസ്ത്രികളുടെ ഒരു സെയിഫ്ടിപിൻ പോലും ഊരാൻ ആർക്കെങ്കിലും കഴിഞ്ഞോ? 

എല്ലാരും ഓർക്കുമായിരിക്കും ആലഞ്ചേരിപിതാവിന്  ഈ സഭയിലെ ഉടായിപ്പുകൾ പരിഹരിക്കാൻ കഴിവില്ല, അദ്ദേഹം ഒരു മന്ദബുദ്ധിയാണെന്നൊക്കെ. ഇതിനൊക്കെ മറുപടി പറഞ്ഞത് ഇന്ത്യ റ്റുഡേക്കാരാ. അവർ കത്തോലിക്കാ സഭയേപ്പറ്റി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് 'അനുസരണയില്ലാത്ത ഇടയന്മാർ' എന്നായിരുന്നു. ആലഞ്ചേരി പറഞ്ഞാൽ ആരു കേൾക്കാൻ? ഏറ്റവും വലിയ ജ്ഞാനികളും വിശൂദ്ധരുമായവർ ഇവിടെയാണെന്നു ഭാവിക്കുന്ന ചങ്ങനാശ്ശേരിക്കാർ, തൊഴിലാളി പാർട്ടി ഉണ്ടാക്കി ഇലക്ഷനിൽ മത്സരിച്ചു 18 പേരെ വിജയിപ്പിച്ചു. ആലഞ്ചേരിയുടെ പോളിസി കാക്കാനാട്ടു മതിയെന്നായിരിക്കണം അവരുദ്ദേശിച്ചത്. അവിടങ്ങിനെയെങ്കിൽ ബാക്കി രൂപതക്കാരുടെ കാര്യം എന്ത് പറയാൻ? ഒരു വൈദികന്റെ മറവിൽ തട്ടിപ്പറിച്ചെടൂത്തു എന്ന് പറയുന്ന പണം തിരികെ കൊടുക്കാൻ പാലായിലുള്ള ഒരു അച്ചനോട് ആലഞ്ചേരി പറഞ്ഞിട്ട്‌ എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. അതായത്, അച്ചന്മാരുപോലും വകവെക്കാത്ത ഒരു വല്യ പിതാവ്. അദ്ദേഹം ഒല്ലൂരും തലോറുമൊക്കെ എന്ത് സംഭവിക്കുന്നുവെന്നറിയാൻ പത്രം നോക്കി ഇരിക്കട്ടെ. ഇങ്ങിനെയൊരു നേതാവു സഭക്കൊരു ബാദ്ധ്യതയാണെന്നു പറയാതെ വയ്യ. ഏതായാലും ലോകമാസകലം സീറോ മലബാർ ഇപ്പോൾ അവഹേളനാ പാത്രമായിട്ടുണ്ട്. ബ്രിസ്ബണിലും കോളയാടും മാത്രമല്ല, വിശ്വാസികൾ പള്ളിക്ക് പാര പണിതത്; കാനഡാ അര രൂപതയിലും അത്മായർ പണി തുടങ്ങി. അവിടുത്തെ കള്ളുവേലി മെത്രാന് അതുമിതുമൊക്കെ പണിതാൽ കൊള്ളാമെന്നുണ്ട്, കേരളത്തിൽ ജനിച്ച കത്തോലിക്കരെല്ലാം കാൽക്കീഴിൽ വന്നാൽ കൊള്ളാമെന്നുണ്ട്. പക്ഷെ, സംഗതി പഴയതുപോലെ അങ്ങ് എറിക്കുന്നില്ല. നിലവിൽ അവിടുത്തെ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തിനു കുഴപ്പമൊന്നുമില്ലെന്നാണ് അവിടുള്ളവർ പറയുന്നത്. മുൻ അനുഭവങ്ങളാണ് അവരെക്കൊണ്ടിതു പറയിപ്പിക്കുന്നത്. തുള ചെറുതാണെങ്കിലും കപ്പൽ മുങ്ങാൻ അത് മതി കാരണം തമ്പ്രാക്കന്മാരെ.

കരുണയുടെ വർഷം വരുന്നുവെന്നു കേട്ടപ്പോഴെ ഞാൻ നിശ്ചയിച്ചതാ ആർക്കിട്ടോ വെച്ചിട്ടുണ്ടെന്ന്. ബംബർ ഭാഗ്യവാൻ ഒല്ലൂർ തെക്കിനിയത്ത് റാഫേൽ ആയിപ്പോയി എന്നേയുള്ളൂ. മെത്രാന്മാരുടെ പ്രസംഗം കേട്ടാൽ ആരും കോരിത്തരിക്കും. കരുണ കാണിക്കാൻ കിട്ടുന്ന അവസരങ്ങൾ കളയരുതെന്നാണ് റമീജിയൂസ് പറയുന്നത്. എന്നിട്ടദ്ദേഹം കാട്ടിയതോ, കുടുംബ കല്ലറകളൂടെ ആയുസ്സ് 50 വര്ഷമായി നിശ്ചയിച്ചു. ഇക്കാലമത്രയും ആയുസ്സ് നിശ്ചയിക്കാഞ്ഞതിന്റെ പേരിൽ ഒരു കുഴപ്പവും ഒരിടത്തും ഉണ്ടായിരുന്നില്ലെന്നോർക്കണം. റബ്ബറിനും ഏലത്തിനുമൊന്നും വിലയില്ലാതെ വിഷമിക്കുന്ന കർഷകരെ രക്ഷിക്കാൻ അദ്ദേഹം വേറൊരു വഴിയും കണ്ടില്ല. പള്ളി സ്വത്തുക്കൾ അത്മായർ ഭരിച്ചുകൊണ്ടിരുന്ന കാലത്താണ് സഭ വളർന്നതെന്നു മനസ്സിലാക്കിയാൽ നല്ലത്. ശരിക്കും കരുണയുടെ സന്ദേശം എങ്ങിനെയിരിക്കുമെന്ന് ലോകത്തെ അറിയിച്ചത്  ഒല്ലൂർ കത്തോലിക്കരാണെന്നു പറയാതെ വയ്യ. വഴിയേ വന്ന പത്രക്കാരോട് പോലും അവർ കരുണ കാണിച്ചു. സർവ്വർക്കും  കരുണ കൊടുത്തേ അടങ്ങൂവെന്ന് നിർബന്ധമുള്ള തൃശ്ശൂർ അതിരൂപത, വെടിക്കെട്ട്‌ കേസ് റാഫേൽ തന്നെ പിൻവലിക്കണം, അതാണ്‌ കരുണ എന്ന നിഗമനത്തിലെത്തിയിരുന്നു. ഇപ്പോൾ ഈ കരുണക്കൊന്ത ചോല്ലാതിരിക്കാൻ മുഖ്യധാര പത്രങ്ങൾക്കും വയ്യാതായിട്ടുണ്ട്. പണ്ടുകാലം മുതലേ ഉടുത്തുപോന്ന കോണകം ഇപ്പോഴും ഉടുക്കണമെന്നും അന്നത്തെ വെടിക്കൊട്ട് ഇപ്പോഴും നടത്തണമെന്നുമൊക്കെ പറയുന്ന പാരമ്പര്യവാദികളുടെ കാര്യം എന്ത് പറയാൻ! കരുണയുടെ വാതിലുകൾ തുറക്കാൻ നടക്കുന്ന അഭിനവ ശ്രേഷ്ടന്മാർക്ക് പറ്റിയ പേരിടാൻ കുമ്മനത്തിനെ വിളിക്കണോ, പിണറായിയെ വിളിക്കണോ വെള്ളാപ്പള്ളിയെ വിളിക്കണോ?

ബർണ്ണാർഡ് ഷായുടെ അടുത്ത്, ഒരു വൈദികന്റെ ശവസംസ്കാരത്തിനു പിരിവെടുക്കാൻ പോയ ആളുകളുടെ കഥ ആരോ പറഞ്ഞത് ഇയ്യിടെ കേട്ടു. പിശുക്കനായ ഷാ ഒരു പൗണ്ട് ചോദിച്ച അവർക്ക് രണ്ട് പൗണ്ട് കൊടുത്തിട്ട് രണ്ടു പേരുടെ ശവസംസ്കാരം നടത്താൻ ആവശ്യ്യപ്പെട്ടത്രെ. കേരളത്തിലും ആ സ്ഥിതി ആയിട്ടുണ്ട്. ഒല്ലൂരെ അച്ചൻ പറഞ്ഞത് ഒരിടവകക്കാരൻ ദൈവത്തിനും മാലാഖാക്കുമെതിരെ കേസ് കൊടുത്തിരിക്കുന്നു എന്നാണ്. ദൈവത്തിനും കൊക്കനുമെതിരെ ഇപ്പോൾ തന്നെ തൃശ്ശൂരിൽ ഒരു കേസു നിലവിലുണ്ട്. ഏതായാലും തെക്കിനിയത്തു റാഫേലിനും വീട്ടുകാർക്കും ദീർഘായുസ്സും സർവ്വൈശ്വര്യങ്ങളും ഉറപ്പ്. പള്ളിക്ക് ക്വസ്റ്യൻ മാർക്കിട്ട പുലിക്കുന്നൻ സാർ ഇപ്പോൾ 92ൽ; ഓർമ്മക്കൊരു കുറവുമില്ല. ബനഡിക്റ്റച്ചനെ തൂക്കിക്കൊല്ലാൻ വിധിച്ച കുഞ്ഞിരാമൻ വൈദ്യരും 90 കഴിഞ്ഞാ മരിച്ചത്. അദ്ദേഹത്തിന്റെ മകനാണ്‌, കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണ്‍. അച്ചന്മാരുടെ പ്രാക്ക്  കിട്ടുകയെന്നത്‌ ഐശ്വര്യമായാണു ഇപ്പോൾ പൊതുവേ കരുതപ്പെടുന്നത്. 

സത്യത്തിൽ സി. ലിസ്സാ മരിയായുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതു പോലും വേദനയോടെയാണ്. അടിയിൽവരെ കൽപടവുകളുള്ള കിണറ്റിൽ സിസ്റർ രക്ഷപ്പെടാൻ ഒരു ശ്രമവും നടത്തിയില്ലെന്നും, കിണറിന്റെ മൂടിക്കു സ്ഥാനചലനം ഉണ്ടായിരുന്നില്ലെന്നും, ലോകചരിത്രത്തിൽ ആദ്യമായി ഈ മൃതദേഹം മാത്രം കമഴ്ന്നു കിടന്നെന്നും,  കിണറ്റിൽചാടിയ വകയിൽ ഉണ്ടായ മുറിവിലെ ചോര വെള്ളത്തിൽ കിടന്നുണങ്ങിയെന്നും ഒക്കെ ഫെയിസ് ബുക്കിൽ നിന്നും വായിക്കുന്നു. അന്വേഷിക്കാൻ ആരോ വരുന്നെന്നു കേട്ടതേ മഠം പൂട്ടി സ്ഥലംവിട്ട കന്യകമാർ ആരോടെങ്കിലും എന്നെങ്കിലും സമാധാനം പറയേണ്ടി വരുമെന്നോർക്കുക. അച്ചന്മാരുടെയും കാന്യാസ്ത്രിമാരുടേയും ലോകം വേറൊന്നാണ്‌. എത്ര കൊടുങ്കാറ്റുണ്ടായാലും ദൈവത്തെ വിളിച്ചാൽ രക്ഷിക്കപ്പെടും എന്ന് അവർ പ്രസംഗിക്കും. അവർക്ക് പനി വന്നാൽ ഏതെങ്കിലും രോഗശാന്തിക്കാരന്റെ അടുക്കൽ പോയി അടയിരിക്കുമോ? ഇല്ല. അവർ നേരെ ഏതെങ്കിലും സൂപ്പെർ സ്പെഷ്യാലിറ്റിയിലോട്ട് പിടിക്കും. സാധാരണക്കാരോട് ഏതെങ്കിലും രോഗശാന്തിയിലോട്ടു പിടിപ്പിച്ചോളാനും പറയും. കുർബ്ബാന സമയത്തു ഭൂമികുലുക്കം വന്നാൽ എല്ലാവരും പള്ളിക്ക് പുറത്തേക്ക് തന്നെയേ ഓടൂ. അത്ര ദൃഢമാണ് വിശ്വാസികളുടെയും നിലവാരം. 

"പ്രപഞ്ചത്തിന്റെയും  മനുഷ്യസമൂഹത്തിന്റെയും താളലയം സംരക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ക്രിസ്മസ്" മാർ ആലഞ്ചേരി (കടപ്പാട്, ദീപിക - 24-12-2015). കേരളം വിട്ട് പ്രപഞ്ചത്തിന്റെ കാര്യമേ വല്യപിതാവ് ഇനി പറയാൻ ഇടയുള്ളൂ. 

1 comment:

  1. ഇന്നിപ്പോൾ കേട്ടുകൊണ്ടിരിക്കുന്നതു പങ്കു വെച്ചാൽ, കരുണ കൂടുതൽ മുറുകുന്നതായിട്ടാണ് മനസ്സിലാകുന്നത്‌. ഒല്ലൂർ ഇടവക കൂട്ടായ്മകളിലും സമീപ ഇടവകകളിലും ശ്രീ റാഫേലിനെ ഒറ്റപ്പെടുത്താനുള്ള പ്രിന്റ് ചെയ്ത അറിയിപ്പ് ഇറങ്ങിക്കഴിഞ്ഞു.

    വളരെ വിചിത്രമായ മറ്റൊരു വാർത്തയാണ് മാമ്മൂട് (ചങ്ങനാശ്ശേരി) ലൂർദ്ദ് മാതാ പള്ളിയിൽ നിന്നും കേൾക്കുന്നത്. അവർ പണമുണ്ടാക്കാൻ കണ്ടുപിടിച്ച മാര്ഗ്ഗം പള്ളി തന്നെ നോയമ്പ് വീടലിനുള്ള പോത്തിറച്ചി വിതരണം ചെയ്യുക എന്നതാണ്. അതായത് (മനസ്സിലാകുന്നത്‌) പള്ളിയുടെ നേതൃത്വത്തിൽ പോത്തിറച്ചി പള്ളിപരിസരത്തു വെച്ചു തന്നെ വിതരണം ചെയ്യുമെന്നാണ്. അങ്ങിനെയെങ്കിൽ, നാട്ടിലെ കശാപ്പുകാരുടെയ്യും ബേക്കറിക്കാരുടെയും ഈ വര്ഷത്തെ സ്വപ്നങ്ങൾ സ്വാഹ!

    ReplyDelete