Translate

Sunday, December 6, 2015

കിണറ്റിനുള്ളിൽ മരിച്ചുകിടന്ന കന്യാസ്ത്രീയെ ഭയപ്പെട്ടിരുന്നത് ആരെല്ലാം?

 

വാഗമൺ ഉളുപ്പൂണി കോൺവെന്റിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീ ലിസമരിയായുടെ മരണം സമൂഹമനസ്സാക്ഷിക്കുമുന്നിൽ അവശേഷിപ്പിച്ചു പോയ ചില സംശയങ്ങളും ചോദ്യങ്ങളുമുണ്ട് .

 

ല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന സിസ്റ്ററിനെ മരണത്തിനു മുൻപും  പ്രസരിപ്പോടെയാണ്  കണ്ടത്. കോൺവെന്റു വക പത്തുസെന്റ് സ്ഥലം കൈമാറ്റം ചെയ്യുവാൻ സിസ്റ്റർ പോയിരുന്നു. കിണറ്റിനരുകിൽ കണ്ടെത്തിയ ചെരുപ്പുകൾ ഭംഗിയായി ചേർത്തുവച്ചതായി കണ്ടെത്തി. കിണറിന്റെ മേൽ വിരിച്ചിരുന്ന വലക്ക് സ്ഥാനചലനം സംഭവിച്ചിരുന്നില്ല.ഒരാൾ മരിക്കുവാൻ തീരുമാനിച്ചു കിണറ്റിൽ ചാടിയാൽ ഇങ്ങനെ സംഭവിക്കുമോ. മുങ്ങി മരിക്കുന്ന ഒരാളുടെ ശരീരം വെള്ളത്തിനടിയിൽ വടിപോലെ കമിഴ്ന്നു കിടക്കുമൊ, 

 

 ചുണ്ടിൽ രക്തം കട്ടപിടിച്ചത് നാട്ടുകാർ കണ്ടെന്നു പറയുന്നു. വെള്ളത്തിൽ വീണതിനു ശേഷം ഉണ്ടാവുന്ന രക്തം എങ്ങനെയാണ് കട്ടപിടിക്കുന്നത്. തെട്ടടുത്തുള്ള പീരുമേട് സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു പോകാതെ വാശിപിടിച്ച് സഭയുടെ സ്വാധിന കേന്ദ്രമായ കോട്ടയത്ത് തന്നെ പോയത് എന്തിനാണ് .  സാധാരണ മുങ്ങിമരിക്കുന്ന  ഒരാളുടെ വയറിനുള്ളിൽ കാണേണ്ടത്ര അളവിൽ വെള്ളമുണ്ടായിരുന്നോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കാത്തത് എന്തുകൊണ്ടാണ്.

 ഈ കന്യാസ്ത്രീ  പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കുട്ടികൾക്ക് അവർ  നൻമയും സ്‌നേഹവുമുള്ള അദ്ധ്യാപികയായിരുന്നു.  യാതൊരുവിധ മാനസീക പ്രശ്‌നങ്ങളും  ഉള്ളതായിട്ട് കുട്ടികൾക്ക് തോന്നിയിട്ടില്ല. സിസ്റ്റർക്ക് മനോനില തെറ്റിയിരുന്നതിനാൽ കൗൺസിലിങ്ങിനു കൊണ്ടുപോയിരുന്നു എന്ന മഠാധികൃതരുടെ വാദം തെറ്റാണെന്ന് സഹോദരങ്ങൾ പറഞ്ഞിരുന്നു. സിസ്റ്റർ മരിച്ച ദിവസം ഇതിൽ ഉറച്ചുനിന്നിരുന്ന സഹോദരങ്ങൾ രണ്ടാം ദിവസം പെട്ടെന്ന് നിലപാടുമാറ്റിയത് എങ്ങനെയാണ്. മാനസ്സീകമായും ശാരിരികമായും തികഞ്ഞ ആരോഗ്യവതിയായിരുന്നു ഈ കന്യാസ്ത്രീ എന്നല്ലെയിതു സൂചിപ്പിക്കുന്നത്.


  ഈ കന്യാസ്ത്രീയുടെ ജീവിതത്തിൽ അരുതാത്തത് എന്തോ സംഭവിച്ചതുവഴി  വലിയ മാനസ്സിക പ്രയാസം  ഉണ്ടായിരുന്നിരിക്കാം അതുകൊണ്ടാവാം ആ പാവം ഇനി മേൽ കന്യാസ്ത്രീ കുപ്പായം വേണ്ടന്നു വച്ച് സ്വന്തം വീട്ടിൽ തിരിച്ചു പോരുവാൻ ആഗ്രഹിച്ചിരുന്നത്. സാമൂഹിക സാഹചര്യം ഇതിനനുവദിച്ചില്ലന്നു വേണം കരുതാൻ. സിസ്റ്റർ മരിച്ചതിന്റെ പിറ്റേന്ന് സിസ്റ്ററുടെ വളരെ വിശ്വസ്ഥനായ ഒരു പുരോഹിതന്റെ അടുക്കൽ പോയി മനസ്സു തുറന്ന് കൗൺസിലിങ്ങിന് വിധേയയാകുവാൻ തീരുമാനിച്ചിരുന്നതായി  അറിയുന്നു.

ബാക്കിവച്ച അന്നത്തേയ്ക്കുള്ള തുറന്നു പറച്ചിൽ  ആരെയെങ്കിലും ഭയപ്പെടുത്തിയുട്ടുണ്ടോയെന്ന് പരിശോധിക്കണം .ഇതുമായി ബന്ധപ്പെട്ട് മഠത്തിനുള്ളിലും ജോലിസ്ഥലത്തും അമിതജോലി ഭാരം നൽകി ഈ കന്യസ്ത്രീയെ പീഠപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നുവോയെന്നും അന്വേഷിക്കണം.  മാനസികനില തകരാറിലായ ഈ സിസ്റ്ററെ ചികിൽസിച്ചതും മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റർ ജോവിൻ ചുങ്കപ്പുരയാണെന്നും ഹോമിയോ മരുന്നാണ് കഴിച്ചിരുന്നത് എന്നും പറയുന്നു. ഇതു രണ്ടും വിശ്വാസ യോഗ്യമാണോ, ഇവിടെ കൃത്രിമമായി ഏതു രേഖയും ഉണ്ടാക്കുവാൻ എന്താണ് പ്രയാസം.


 വനിതാ കമ്മീഷൻ അംഗം പ്രമീള ദേവി അറിയിച്ചതിനു ശേഷം തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിയപ്പോൾ  ടി കോൺവെന്റു പൂട്ടി കന്യാസ്ത്രീകൾ കടന്നു കളഞ്ഞതും പിന്നിട് അടുത്തുള്ള സെന്റ് അൽഫോൻസാമമ ഫൊറോന പള്ളിയിൽ പൊങ്ങി തെളിവെടുപ്പിനു ഹാജരായത് തെളിയിക്കുന്നത് ഒരു അട്ടിമറി സാധ്യതയല്ലേ.  പ്രമീള ദേവി തെളിവെടുപ്പിനു ശേഷം നടത്തിയ അഭിപ്രായം മംഗളം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

കോൺവെന്റിലെ മുഴുവൻ സിസ്റ്റർമാരെയും കൗൺസിലിങ്ങിനു വിധേയമാക്കുകയും കോൺവെന്റിൽ സുരക്ഷാഗാർഡുമാരെ നിയമിക്കണമെന്നും നായ്ക്കളെ വളർത്തണമെന്നും പ്രമീളാദേവി ആവശ്യപ്പെട്ടു. ഇങ്ങനെ പറയുവാൻ പ്രമീളാ ദേവിയെ പ്രേരിപ്പിച്ച ഘടകം എന്താണെന്നത് വ്യക്തമാണ്.  

 യഥേഷ്ടം ,അപരിചിതർ രാത്രികാലങ്ങളിൽ മഠങ്ങളിൽ വന്നുപോകുന്നു എന്നതല്ലേ. അടുത്ത കാലത്തായി പതിനെട്ടോളം കന്യാസ്ത്രീകൾ ദൂരൂഹസാഹചര്യത്തിൽ മരണപ്പെട്ടു അവയെല്ലാം സ്വാഭാവിക മരണമോ ആത്മഹത്യയോ ആയി മാറി. അതിൽ രണ്ടുമൂന്നെണ്ണം കൊലപാതകവും. ഇങ്ങനെയെല്ലാം സംഭവിച്ചിട്ടും സഭാനേതൃത്വം എല്ലാം മറച്ചുവയ്ക്കുവാൻ ശ്രമിക്കുന്നത് സംശയകരമല്ലേ. പാലായിലെ സിസ്റ്റർ അമലയുടെ മരണസമയത്ത് ബഡ്‌റൂമിലെ തെളിവുകൾ മുഴുവൻ നശിപ്പിച്ചത് സഹ കന്യാസ്ത്രീകളാണെന്നത് ഓർക്കണം.  

 ഇത്തരം സംഭവങ്ങൾ നിലവാരം കുറഞ്ഞതും നീതിക്കു നിരക്കാത്തതുമാണ്. കന്യാസ്ത്രീ മഠങ്ങൾ സാമൂഹിക വിരുദ്ധരുടെ ആവാസ കേന്ദ്രങ്ങൾ ആകുവാൻ പാടില്ല. കന്യാസ്ത്രീ മഠങ്ങളുടെ സംരക്ഷണം നാട്ടുകാരുടെയും വിശ്വാസികളുടെയും സംരക്ഷണത്തിൽ വരേണ്ടത് അനിവാര്യമാണ്. 

No comments:

Post a Comment