Translate

Tuesday, December 29, 2015

വിശുദ്ധ ചന്തകൾ

റാഫേലച്ചൻ സഹായമെത്രാനായി സ്ഥാനമേൽക്കുന്നുവെന്നു കേട്ടതേ, തൃശ്ശൂർകാരൻ ജോൺസൺ വൈദ്യരു പറഞ്ഞതാ സംഗതി കുഴപ്പമാകുമെന്ന്. അദ്ദേഹത്തിന്റെ ആരെയും മയക്കുന്ന പഞ്ചാരവർത്തമാനം വിശ്വസിക്കരുതെന്നു പറഞ്ഞപ്പോൾ ഞാനിത്രയും ഓർത്തില്ല. ഒരത്മായനെ ഒറ്റപ്പെടുത്തി ചിട്ട പഠിപ്പിക്കാനുള്ള ഒരു വികാരിയച്ചന്റെ ഇംഗിതത്തിന് ആ കുടുംബത്തെ വിട്ടുകൊടുത്ത മെത്രാനെ വിശ്വസിച്ചേൽപ്പിക്കാൻ കൊള്ളാം, വിദേശ മലയാളികളെ. രണ്ടര വർഷം ഈ കേസ് മുമ്പിൽ കിടന്നിട്ടും ആർക്കും അതു പരിഹരിക്കാൻ ആഗ്രഹമില്ലായിരുന്നു; ജില്ലാ കളക്റ്റർക്കാവട്ടെ പത്തു മിനിറ്റു പോലും വേണ്ടിയിരുന്നില്ലെന്നും കേൾക്കുന്നു. ഇത്തരക്കാരണല്ലോ സഭ ഭരിക്കുന്നതെന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. വിശ്വാസികൾ എക്കാലവും മെത്രാന്മാരുടെ താളത്തിനു തുള്ളുമെന്നായിരിക്കും ഇവരൊക്കെ ധരിച്ചിരിക്കുന്നത്. ഗതികെട്ടാൽ വിശ്വാസികൾ എന്തു ചെയ്യുമെന്ന് വിശദമായി അറിയണമായിരുന്നെങ്കിൽ കുരീപ്പുഴ പോയി അന്വേഷിച്ചാൽ മതിയായിരുന്നു. ഒരു കുര്യൻസാറിനെ പള്ളിക്കു പുറത്തടക്കിയപ്പോൾ എന്തു സംഭവിച്ചെന്നു പാലായിലെ ദൈവശാസ്ത്രജ്ഞനോടു ചോദിച്ചാലും മതിയായിരുന്നു. കോതമംഗലം മെത്രാനോടു ചോദിച്ചാലും കാര്യമറിയാമായിരുന്നു. ഇതൊന്നുമല്ലെങ്കിൽ പുറത്തായ കന്യാസ്ത്രിക്കു പന്ത്രണ്ടര ലക്ഷം നഷ്ടപരിഹാരം കൊടുത്ത എറണാകുളംകാരോടൂ ചോദിച്ചാലും മതിയായിരുന്നു. ഏതായാലും ഈ സംഭവം ലോകം മുഴുവൻ ഞങ്ങൾ എത്തിച്ചിട്ടുണ്ട്, തട്ടിൽ മെത്രാൻ പോവുന്നിടത്തൊക്കെ ഇതറിയാവുന്നവരും ഉണ്ടായിരിക്കട്ടെ. ആ വലിയ വിസിറ്റേറ്ററുടെ കീഴിൽ അത്മായർ എത്ര സുരക്ഷിതരായിരിക്കുമെന്ന് എല്ലാവരും അറിയട്ടെ. 

നോയമ്പ് വീടൽ പ്രമാണിച്ചു വിസ്തരിച്ചൊന്നു കുമ്പസ്സാരിച്ചേക്കാമെന്നു കരുതി വെള്ളിയാഴ്ച പള്ളിയിൽ പോയ ഒരു വിശ്വാസിക്ക്, അച്ചൻ പോത്തിന്റെ തൊലി പൊളിക്കുന്നതാണു കാണാൻ സാധിച്ചതെങ്കിൽ ഒരതിശയവുമില്ല. ഒരഞ്ചു കൊല്ലംകൂടി കഴിയുമ്പോൾ സർവ്വത്രാധി ഇറച്ചികളും അച്ചൻ വെഞ്ചരിക്കണമെന്നു വന്നാലും ഒരതിശയവും വേണ്ട (നോയമ്പിന് ഇറച്ചി വിതരണം നടന്നതു ചങ്ങനാശ്ശേരി രൂപതയിലെ ഒരു പള്ളിയിൽ). എല്ലാ പള്ളികളും ജെരൂസലേം പള്ളിയുടെ ഒരു പരുവത്തിൽ ആക്കുകയെന്നതാണ് അച്ചന്മാരുടെ ലക്‌ഷ്യം. അവിടെ പള്ളി മതിൽക്കകത്തു കടന്നാൽ ബലിമൃഗങ്ങളെ വിൽക്കുന്നവരും നാണയകൈമാറ്റക്കാരും എല്ലാമുണ്ടായിരുന്നു. ഇപ്പോൾ തന്നെ നമ്മുടെ പള്ളികളിലും കേക്ക് ഇറച്ചി കൊന്ത കുരിശ് പുസ്തക വില്പ്പനശാലകൾ, മൂരി മുരിങ്ങക്കാ എത്തക്കാ കോഴി കപ്പ ചേന കാച്ചിൽ എല്ലാം ലേലം വിളിക്കുന്ന കൗണ്ടറുകളും ഉണ്ട്. ചുരുക്കത്തിൽ, എല്ലാ പള്ളിയങ്കണങ്ങളും വിശുദ്ധ ചന്തയാക്കുകയാണ് മെത്രാന്മാരുടെ ലക്ഷ്യം. അവസാനം കുർബാന ചൊല്ലാൻ വേറേ കെട്ടിടം പണിയേണ്ടിയും വന്നേക്കാം; യേശുവിനെ കേൾക്കാൻ പെന്തിക്കോസുകാരുടെ പിന്നാലെ പോകേണ്ടിയും വന്നേക്കാം.

വന്നു വന്ന്, ഈ കാനോൺ നിയമങ്ങളൊക്കെ ആർക്കു വേണ്ടിയാണെന്നാണ് സംശയം. കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ രണ്ട് ആണ്മക്കളുടേയും കല്യാണം മെത്രാൻ ആശീർവ്വദിച്ചു. രണ്ടു പേരും സീറോ കത്തോലിക്കാ പെൺകുട്ടികളെയല്ല കെട്ടിയത്. ഈ കഴിഞ്ഞ നോയമ്പിൽ ഒരു വിളിച്ചു ചൊല്ലലും ഇല്ലാതെയും കേരളത്തിൽ രണ്ടു കത്തോലിക്കാ വിവാഹങ്ങൾ നടന്നു. കേട്ടത് ശരിയെങ്കിൽ ഇതിലാരും വിവാഹ ഒരുക്ക ധ്യാനങ്ങളിൽ പങ്കെടുത്തിട്ടില്ല. പണവും സ്വാധീനവുമുണ്ടോ എന്തും നടക്കും എന്ന സ്ഥിതിയിലേക്കു നാം വന്നു കഴിഞ്ഞോ? ഞാനിപ്പറഞ്ഞതൊന്നും കാനോണിനു വിരുദ്ധമായിരിക്കണമെന്നില്ല, പക്ഷെ, ഈ അവകാശങ്ങളൊക്കെ ഇപ്പോഴും പാവങ്ങൾക്ക് അപ്രാപ്യമായ കാര്യങ്ങളാണെന്നേ പറഞ്ഞുള്ളൂ. ധ്യാനങ്ങളിൽ അത്തരക്കാരെ പങ്കെടുപ്പിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ലെന്നും ബന്ധപ്പെട്ടവർക്കറിയാം. 

ധ്യാനം എന്നു പറഞ്ഞാൽ, അത് കരിസ്മാറ്റിക് ആണെങ്കിലും പ്രിസ്മാറ്റിക് ആണെങ്കിലും മൂന്നു കാര്യങ്ങൾ അടിച്ചേൽപ്പിച്ചിരിക്കും. ഒന്നാമത്തേത് - നിങ്ങൾ സീറോമലബാർ റീത്താണെങ്കിൽ രക്ഷ ഉറപ്പ്, മറ്റുള്ളവർക്കു മിക്കവാറും നിത്യനരകം തന്നെ (ലത്തീൻ റീത്തിൽപെട്ട മാർപ്പാപ്പാക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക!); രണ്ടാമത്തേത് - അച്ചന്മാരുടെ കുറ്റം പറഞ്ഞാൽ ദൈവശിക്ഷ (അത്, എഡ്വിനച്ചനായാലും കൊക്കനച്ചനായാലും); മൂന്നാമത്, അവർ പറയുന്നതാണ് ശരിയായ വചനം (അത്, ദൈവത്തിനും മാലാഖാക്കും വേണ്ടി പള്ളിയിൽവെച്ചു പരസ്യമായി ക്ഷമപറയുകയും പരാതിക്കാരന് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്ത ഫാ. നോബി അംബൂക്കൻ ആണെങ്കിലും)"തട്ടിപ്പ് ആത്മീയതാ കേന്ദ്രങ്ങൾ ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. ചെല്ലുന്നവന്റെ ഉള്ളിൽ ഭയവും കുറ്റബോധവും വളർത്തിവിടുക. ജീവിക്കാനാവശ്യമുള്ള ഒരുവന്റെ സകല ആത്മവിശ്വാസവും കെടുത്തുക. പിന്നെ ശിഷ്ടകാലം അവൻ അവർക്കു പിന്നാലെ നടന്നുകൊള്ളും." ഇതു ഫാ. ജോസഫ് പുത്തൻപുരയച്ചൻ എന്ന ധ്യാന പ്രസംഗകൻ പറഞ്ഞത്. കരിസ്മാറ്റിക്കുകളുടെ വഴിയേ പോകുന്ന വിശ്വാസികളെയാണ് പൊതുവേ മന്ദബുദ്ധികൾ എന്നു വിളിക്കുന്നത്. വല്യ ഒരുദാഹരണമാണ് ഒല്ലൂരിൽ കണ്ടത്. പള്ളിക്കാർ വെടിക്കൊട്ട് നടത്തി, ഒരു വീടിനു നാശനഷ്ടമുണ്ടാക്കുന്നു; അതിനു പരാതി പറഞ്ഞ ഇടവകക്കാരന്റെ നേരെ പള്ളിയിലെ മുഴുവൻ ആളുകളേയും നിരത്തി പ്രകടനം നടത്തിക്കുന്നു, പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരവും നല്കി മാപ്പും പറഞ്ഞു പള്ളി തലയൂരുകയും ചെയ്യുന്നു. പ്രകടനത്തിനു വന്നവരെ ഞാൻ എന്താ വിളിക്കേണ്ടത്? 

കേരള കത്തോലിക്കാ സഭയുടെ ഒരു സവിശേഷത എന്ന് പറഞ്ഞാൽ, അച്ചന്മാരുടെ നടപടിക്രമങ്ങളെ 'അതേ അച്ചോ' പറഞ്ഞുകൊണ്ടു പിന്തുടരാത്തവർ അവരാരായിരുന്നാലും മനുഷ്യരേയല്ലെന്ന രീതിയിലുള്ള പെരുമാറ്റമാണ്. ഇത്തരം ഒരു ചിന്തയോടെപോയി പ്രകടനക്കാരെ നേരിട്ടതുകൊണ്ടാണോ തൊടുപുഴക്കാരൻ വികാരിയെ സമരക്കാർ മർദ്ദിച്ചതെന്നു ഞാൻ സംശയിക്കുന്നു. സർവ്വലോകവും അവരുടെ മുന്നിൽ മുട്ടു മടക്കണം എന്നു ചിന്തിക്കുന്ന കുറെ അച്ചന്മാരെങ്കിലും സഭയിൽ ഉണ്ട്. പരി. ആത്മാവ് സ്വന്തം പോക്കറ്റിൽ എന്ന വിചാരത്തിലാണു ചില ധ്യാനഗ്രൂപ്പുകൾ നടക്കുന്നതു തന്നെ. അവരൊക്കെ പരി. ആത്മാവിന്റെ കൈയ്യിൽ നിന്നും മുറക്കു വാങ്ങിക്കുന്നുമുണ്ട്. അവരെ അനുസരിക്കാത്ത ആരെയും അവർ അംഗീകരിക്കില്ല. ഇതിനൊരപവാദം വേണമെങ്കിൽ, സ്ഥലത്തെ എം എൽ എ യോ, മുഴുത്ത പോലീസുകാരനൊ, മന്ത്രിയോ, കാര്യത്തിനുകൊള്ളുന്ന നേതാവോ ആരെങ്കിലും ആയിരിക്കണം. പള്ളിയിൽ കയറാത്തതുകൊണ്ട് പടിക്കു പുറത്തു നിർത്തിയിരിക്കുകയാണ്, പാലാ പൂവരണിക്കാരത്തി അവിവാഹിതയായ മേഴ്സി മാത്യുവിനെപ്പോലും. ദയാഭായി എന്നു ലോകം മുഴുവൻ വിളിച്ചാദരിക്കുന്ന ഈ സ്ത്രീ ചെയ്ത കുറ്റം സീറോ മലബാറിൽ വിശ്വസിക്കുന്നില്ല, പ്ലാറ്റ്ഫോമുകളിൽ കിടന്നുറങ്ങുന്നു എന്നതൊക്കെ. വെള്ളാപ്പള്ളി നടേശനെ സിനഡിൽ വിളിച്ചാദരിക്കാമെങ്കിൽ, ഈ സ്ത്രീയെ ഇടവകയിൽ വിളിച്ചെങ്കിലും ആദരിച്ചൂടെ ദൈവശാസ്ത്രജ്ഞാ. സ്വന്തം സർഗ്ഗശേഷി ഉപയോഗിച്ചു വളരുന്ന ഒരു മനുഷ്യനേയും അംഗീകരിക്കാത്ത ഭോഷന്മാരെ നാമെന്താണു വിളിക്കേണ്ടത്? എവിടെയാണിവരുടെ മനുഷ്യത്വം? 

കഴിഞ്ഞ വർഷത്തെ (2015) ലെ ഏറ്റവും വലിയ തമാശകൾ കേൾക്കണങ്കിൽ മെത്രാന്മാരുടെ പ്രസംഗങ്ങൾ ഒരിക്കൽ കൂടി കേട്ടാൽ മാത്രം മതി. കാനോണിൽ ഡോക്ട്രറേറ്റ് ഉള്ള ഒരു മെത്രാനു സാമാന്യബോധം പോലും ഇല്ലെന്നു സാക്ക് എഴുതിയതു ഞാനോർക്കുന്നു. മാർക്ക് ആന്റണിയുടെ പ്രസംഗത്തോട് കിടപിടിക്കുന്ന ഒന്നാണ് കാഞ്ഞിരപ്പള്ളി അറക്കൽ തോമസ് ചേട്ടന്റെ ശവസസ്കാരചടങ്ങിൽ പൊടുന്നനെ പള്ളിയിൽ പ്രത്യക്ഷപ്പെട്ട അറക്കൽ മെത്രാൻ നടത്തിയത്. ഈ തോമസ് ചേട്ടന്റെയും ഭാര്യ മോനിക്കായുടെയും ഭൂമി രൂപത ചതിച്ചു തട്ടിപ്പറിച്ചെടുത്തെന്ന് ആരോപിച്ച് ഈ മെത്രാന്റെ പേരിൽ ഒരു കേസുണ്ട്. തോമസ് ചേട്ടനു മിണ്ടാൻ വയ്യാതെ വന്നെങ്കിലും ബോധത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ഈ തോമസ് ചേട്ടനും കൂടി ഒപ്പിട്ടാണ് മോനിക്കാ കോടതിയിൽ മെത്രാനെതിരെ കേസ് ഫയൽ ചെയ്തത്. കേസ് ഒത്തുതീർക്കാൻ പല ചർച്ചകൾ നടന്നെങ്കിലും, ഈ ദമ്പതികൾ സ്ഥലം പൂർണ്ണമനസ്സോടെ എഴുതിക്കൊടുത്തതാണെന്നായിരുന്നു പ്രതികളൂടെ വാദം. എന്നാൽ മെത്രാൻ പള്ളിയിൽ പറഞ്ഞത്, ഈ തോമസ്ചേട്ടൻ ആകാവുന്ന കാലത്തു മൂന്നു പ്രാവശ്യമെങ്കിലും തന്നെ കണ്ട് തങ്ങളുടെ സർവ സ്വത്തുക്കളും ഏറ്റെടുക്കണമെന്ന് ആവശ്യ്യപ്പെട്ടിരുന്നു എന്നാണ്. തോമസ്ചേട്ടൻ ജീവിച്ചിരുന്നപ്പോൾ അതു പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിനു സംസാരശേഷി തിരിച്ചു കിട്ടിയേനെയെന്നെ എനിക്കു പറയാനുള്ളൂ. 

ഏതെങ്കിലും ഒരു മെത്രാന്റെ പ്രസംഗവും ഒരാവശ്യത്തിന് ഒരൽപ്പം കരുണതേടി അവരെ സമീപിക്കുമ്പോൾ കിട്ടുന്ന അനുഭവവുംകൂടി തട്ടിച്ചുനോക്കുക. രണ്ടും ചേർന്നു വരുന്നെങ്കിൽ ഉടൻ മേലോട്ടു നോക്കുക: കാക്ക മലർന്നു പറക്കുന്നതു കാണാം. ഏതു നിയമത്തിനും അപവാദങ്ങളുള്ളതുപോലെ ഇതിനും ധാരാളം അപവാദങ്ങൾ കാണും. അതൊന്നും എന്റെ കുറ്റമായി കരുതരുത്. ഒല്ലൂർ തെക്കിനിയത്തു റാഫേലിന്റെ അനുഭവം കേട്ടപ്പോൾ ഞാൻ പറഞ്ഞതാണു ശരിയെന്നു തോന്നുന്നു. 2016 ൽ നടക്കാൻ പോകുന്ന തമാശ, സ്വന്തം ചിന്താശക്തി ഉപയോഗിക്കാൻ തീരുമാനിക്കുന്ന കൂടുതൽ കത്തോലിക്കാ യുവാക്കൾ മുന്നോട്ടു വരികയായിരിക്കും. ലോകത്ത് ഇത്രയും വലിയ എതിർപ്പ് ഉള്ളിൽ നിന്നു നേരിടുന്ന മറ്റൊരു മതം ആർക്കെങ്കിലും കാണിച്ചുതരാൻ പറ്റണമെന്നില്ല. ക്രൈസ്തവ ലോകത്ത് യേശുവിൽ നിന്നും ഇത്രമേൽ അകന്ന ഒരുമതവും ആർക്കും കാണിച്ചു തരാൻ പറ്റണമെന്നില്ല. 

2015, അത്മായാ പോരാളികൾക്ക് സന്തോഷം നല്കിയത് തന്നെയായിരിക്കണം. തുടക്കത്തിലെ എറണാകുളം സമ്മേളനം നല്കിയ നേട്ടങ്ങളും ഒടുക്കത്തിൽ ഒല്ലൂർ നല്കിയ ആവേശവും അത്ര ചെറുതല്ലല്ലോ. 2015 വർഷത്തെ നികൃഷ്ടജീവി അവാർഡ് തൃശ്ശൂരു തന്നെ ഇട്ടിട്ട് (ഇണങ്ങുന്നവർ എടുക്കട്ടെ) നമുക്കു രണ്ടായിരത്തി പതിനഞ്ചിനോട് വിട പറയാം! 

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. KCRM should consider seriously to promote Social and Family Marriage Ceremony's like in the Hindu and Muslim Communities. Those marriages are as valid as our Church weddings. The Christian community may not be enthusiastic to embrace such a change. But in few years time they certainly will realize the advantages. We may begin such a change by requesting respected person's in the community and society to preside over such Marriage Ceremony's.

    ReplyDelete
  3. KCRM should consider seriously to promote Social and Family Marriage Ceremony's like in the Hindu and Muslim Communities. Those marriages are as valid as our Church weddings. The Christian community may not be enthusiastic to embrace such a change. But in few years time they certainly will realize the advantages. We may begin such a change by requesting respected person's in the community and society to preside over such Marriage Ceremony's.

    ReplyDelete