Translate

Thursday, December 24, 2015

കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചു.

കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചു കൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ കൽപ്പനയിൽ വ്യാപക പ്രതിഷേധം; കുടുംബക്കല്ലറയിൽ സംസ്‌കരിക്കണമെങ്കിൽ പള്ളി പറയുന്ന തുക കൊടുക്കണമെന്ന് ബിഷപ്പ്: ആറടി മണ്ണിനു തുക നിശ്ചയിച്ച മെത്രാനു വിശ്വാസി അയച്ച കത്ത് മറുനാടന്

December 23, 2015 | 01:00 PM | Permalinkആർ കെ നീലകണ്ഠൻ

കോഴിക്കോട്: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചുകൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ പുതിയ സഭാകൽപ്പനയ്‌ക്കെതിരെ സഭാ വിശ്വാസികളുടെ പ്രതിഷേധം. ഇത് പുനർവിചിന്തനം നടത്തി പിൻവലിക്കണമെന്നാവശ്യപ്പെട്ടു താമരശേരി ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിലിന് സഭാവിശ്വാസിയായ സി.കെ ജോസഫ് അയച്ച കത്ത് മറുനാടൻ മലയാളിക്ക് ലഭിച്ചു. കുടുംബക്കല്ലറ എന്നാൽ കുടുംബത്തിന്റെ ആയുഷ്‌ക്കാലമത്രയും കുടുംബത്തിൽപ്പെട്ട അംഗങ്ങളുടെ സംസ്‌കാരത്തിനായി എടുത്തിട്ടുള്ളതാണ്. എന്നാൽ നിലവിൽ എടുത്ത കുടുംബക്കല്ലറകൾ ഉപയോഗിക്കാൻ ഒരു കുടുംബത്തിനു 50 വർഷമേ അധികാരമുള്ളൂവെന്നാണ് താമരശേരി മെത്രാന്റെ പുതിയ കല്പന. അമ്പതു വർഷത്തിനു ശേഷം അന്നു പള്ളി നിശ്ചയിക്കുന്ന തുക നൽകി മാത്രമേ വീണ്ടും കുടുംബക്കല്ലറകൾ പള്ളികൾ നൽകാവൂ എന്നുള്ളതാണ് സഭയുടെയും മെത്രാന്റെയും പുതിയ നിയമം.

വിശ്വാസികളുടെ ആത്മീയ ശുശ്രുഷകൾക്ക് വില നിശ്ചയിച്ചു ബോർഡുകളിൽ പരസ്യപ്പെടുത്തി കണക്കുപറഞ്ഞു പണം ഇടാക്കുന്ന കച്ചവടസമ്പ്രദായം മഹാപാതകമാണെന്നും അതിനു വിശ്വാസികൾ കൂട്ടുനില്ക്കരുതെന്നും കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുണ്ടെന്നു സി.കെ ജോസഫ് താമരശേരി ബിഷപ്പിനയച്ച കത്തിൽ പറയുന്നു. ആദ്യം ഒരു ഭീമമായ തുക വാങ്ങി വീണ്ടും അതേ കാര്യത്തിനായി തുക വാങ്ങിക്കുന്ന പദ്ധതി സഭയ്ക്കു പണത്തിനോടുള്ള അത്യാർത്തിയാണു പ്രകടമാക്കുന്നതെന്നും കത്തിൽ പറയുന്നു. സഭയും മെത്രാനും പുനർചിന്തനം നടത്തി ഇപ്പോൾ എടുത്ത നടപടി പിൻവലിക്കണമെന്നു കത്തിലൂടെ സി.കെ ജോസഫ് ആവശ്യപ്പെടുന്നു.

സെപ്റ്റംബർ 15 മുതലാണ് സഭയുടെ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇപ്പോൾ ഒന്നര ലക്ഷം കൊടുത്ത കുടുംബക്കാർ അമ്പതു വർഷം കഴിഞ്ഞു വീണ്ടും തുക അടച്ചാൽ മാത്രമാണ് പിന്നെ ഒരു കുടുംബത്തിന് സംസ്‌ക്കരിക്കാനായി കല്ലറ ലഭിക്കുകയെന്നു പറയുന്ന സഭയുടെ പുതിയ നിയമനടപടികൾ ശരിയല്ലെന്നും, ആറടി മണ്ണ് മതി ഒരു മനുഷ്യന് അന്ത്യവിശ്രമം കൊള്ളാനെന്നും രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വിതിയും മാത്രമുള്ള കല്ലറകൾക്കു സഭ കണക്കു പറഞ്ഞു കാശ് മേടിക്കുന്നത് മനുഷ്യത്വരഹിതവും പാപവുമാണെന്നും സി.കെ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പുതിയ നിയമം അനുസരിച്ച് അമ്പതുവർഷം കഴിഞ്ഞു ഒരു കുടുംബം പണം നല്കിയില്ലെങ്കിൽ ആ കല്ലറ പിന്നിട് പണം കൊടുത്ത വേറെ കുടുംബത്തിനു നൽകും. ഒരു കുടുംബത്തിന്റെ കുടുംബക്കല്ലറകളിൽ വേറൊരു കുടുംബത്തിന്റെ സംസ്‌കാരം നടത്തിയാൽ അത് സഭാവിശ്വാസികളുടെ ഇടയിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും പിന്നെ നിയമനടപടികളും കോടതി പ്രശ്‌നങ്ങളും മറ്റുമായി വലിയ വഴക്കിനു വഴിവയ്ക്കുമെന്നും പള്ളികളിൽ വിശ്വാസികൾ തമ്മിലുള്ള അസഹിഷ്ണുതകൾ പ്രത്യക്ഷപ്പെടാൻ ഇതു കാരണമാകുമെന്നും സി.കെ ജോസഫ് പറയുന്നു.

ഇങ്ങനെ ഒരു നിയമം സഭ കൊണ്ടുവന്നത് തികച്ചും ഏകപക്ഷിയമാണെന്ന് സി.കെ ജോസഫ് പറയുന്നു. ഒരു പള്ളി ഇടവകയിലും ഇതിനെക്കുറിച്ച് ചർച്ചകൾ നടത്തിയതായി അറിയില്ല. ഇടവക അംഗങ്ങളോടോ, ഇപ്പോൾ നിലവിൽ കുടുംബകല്ലറകളുള്ള കുടുംബക്കരോടോ ഒരു അഭിപ്രായം പോലും ചോദിക്കാതെ തികച്ചും സഭ ഇതിൽ ജനാധിപത്യമര്യാദ പാലിച്ചിട്ടില്ലെന്നും സി.കെ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതുവരെ കത്തിന് മെത്രാന്റെയോ സഭയുടെ ഭാഗത്തുനിന്നോ തിരിച്ചു യാതൊരു മറുപടിയും കിട്ടിയിട്ടില്ലെന്നും സി.കെ ജോസഫ് പറഞ്ഞു. പേരാമ്പ്രയിൽ കടത്തുകടവ് സ്വദേശിയാണ് സി.കെ ജോസഫ്. റിട്ടയർ ചെയ്ത അദ്ധ്യാപകനായ ഇദ്ദേഹം ഇപ്പോൾ സ്വന്തം കൃഷി നോക്കിനടത്തുകയാണ്.

50- 60 വർഷങ്ങൾക്കു മുൻപ് മലബാറിലേക്ക് കുടിയേറിയ കത്തോലിക്കാവിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടുന്ന രുപതയാണ് താമരശേരി രൂപത. മലബാറിലും, കോഴിക്കോടുമായി താമരശേരി രൂപതയ്ക്ക് ഏതാണ്ട് 200 പള്ളികളാണുള്ളത്. ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണു പല പള്ളിയും കുടുംബകല്ലറക്കായി വാങ്ങിക്കുന്നത്. ഓരോ പള്ളിയിലും ഓരോ തുകയാണ് ഇപ്പോൾ വാങ്ങുന്നത്. പണ്ട് തുകയ്ക്ക് പരിധി നിശ്ചയിച്ചിരുന്നില്ല. ഇപ്പോൾ പരിധി നിശ്ചയിക്കുമ്പോൾ അതിനോടോപ്പം ഇതിനുവേണ്ടിയുള്ള തുകയും നിശ്ചയിക്കപ്പെടും. പെട്ടെന്നുള്ള സഭാ കല്പന വളരെ വിഷമത്തോടെയാണ് പല സഭാ വിശ്വാസികളും കാണുന്നത്.

copy from, Marunaadan Malayalee:

3 comments:

 1. "മാറ്റങ്ങൾക്ക് മാത്രം മാറ്റമില്ല , മറ്റുള്ള എല്ലാറ്റിനും 'മാറ്റം' അനിവാര്യമാണുതാനും" എന്ന മഹാസത്യം ഇവിടെ ചിന്തനീയമാണ് ! "മാറ്റുവീൻ ചട്ടങ്ങളെ "// മാറ്റുവീൻ മതങ്ങളെ // മാറ്റുവീൻ ആചാരങ്ങളെ //മാറ്റുവീൻ വിശ്വാസങ്ങളെ//മാറ്റുവീൻ 'വിലവിവരപ്പട്ടിക' //എന്നാണെങ്കിൽ , ഉടനെ പള്ളിപ്പറമ്പിന്റെ വിലയും മാറ്റുവീൻ// കല്ലറ വാടകയും, പിന്നെ കാലാവധിയും മാറ്റുവീൻ എന്നകുമല്ലോ ! ആദാമിന്റെ കാലത്തു, പിന്നെ കര്ത്താവിന്റെ കാലത്തും പള്ളിക്കല്ലറയും കാലവധിവച്ച 'വാടകയും'. പുതുക്കിയ വാടകയും ഇല്ലായിരുന്നല്ലോ! പക്ഷെ ദേവാലയം കര്ത്താവിന്റെ തിരുനാവിൽ "കള്ളന്മാരുടെ ഗുഹ" ആയതോടെ , ദേവാലയത്തിൽ "പരിശുദ്ധ ചന്ത" തുടങ്ങിയതോടെ, സംഗതിക്കാകെ മാറ്റമായി ! കുർബാനപ്പീീസു കാലാകാലമായി കത്തനാരുകൂട്ടി , ആരും വാദിച്ചില്ല; "മാനിഷാദാ" "അരുത് കാട്ടാളാ " എന്ന് ഒരുവന്പോലും ആക്രോശിച്ചുമില്ല! എന്നാലിപ്പോൾ കല്ലറ വാടകയും, കാലാവധിയും കൂട്ടിയപ്പോൾ എന്നാത്തിന് വെറുതെയീ നാണംകെട്ട പൊല്ലാപ്പിനായി കുറെ അവിശ്വാസികളായ ജനം കലഹിക്കുന്നു ?ഛെ ..ചേ..
  പരിശുദ്ധ പള്ളിച്ഛന്തയിലെ, എന്നും വിലകൂട്ടാവുന്ന ഏക സാധനമാണ് കല്ലറയ്ക്കുള്ള 'ഭൂമി' (ഇടം)! ഇടം കൊടുക്കുന്നവൻ "ഇടയൻ",എന്ന് ചിന്തിക്കുന്നവൻ "ഇടത്തിന് "വിലയും വാടകയും തോന്ന്യവാസിയായി കൂട്ടുന്ന ആർത്തിമൂത്ത കത്തനാരെ 'ഇടയൻ' എന്ന് വിളിക്കാമോ? ഇവന്റെ തോന്യാസ ജല്പനങ്ങളെ 'ഇടയ ലേഖന'മെന്നു കരുതാമോ?
  മനനമുള്ള മനുഷ്യാ ,"ഘര് വാപ്പസി"യാണ് നിനക്കുത്തമം! സനാതന ഭാരതീയ മതത്തിൽ കത്തനാരുടെ കൊള്ളയ്ക്കും കൊള്ളയിടീലിനും ഇടമില്ല ! അഗ്നിയിൽ നിന്നും ഉരുവായതിനെ (ദേഹത്തെ) അഗ്നിയിൽത്തന്നെ അമര്ത്തി,അതിനെ ഇല്ലാതെയാക്കാതെ പലതാക്കുന്നതാണ് ഉത്തമം !!

  ReplyDelete
 2. ഈ സംഭവത്തിൽ വാര്ത്ത പ്രാധാന്യം ഉള്ള ഒന്നുമില്ല.സഭയെ അപമാനിക്കുക എന്നാ ഉദ്ദേശം മാത്രമേ ഉള്ളു. ശവ സംസ്കാരം എല്ലക്രിസ്ത്യാനികൾക്കും അവകാശപെട്ടതാണ്.പ്രശ്നങ്ങള ഒന്നുമില്ലാതെ മിക്കവര്ക്കും അത് ലഭിക്കുന്നുമുണ്ട്. കുടുംബകല്ലറ എന്നത് വലിയ പാരമ്പര്യം അവകാശപെടുന്ന ചില കുടുംബങ്ങളുടെ പൊങ്ങച്ചം മാത്രമല്ലേ.ഒരു പള്ളിയുടെ കീഴിൽ ഉള്ള സെമിത്തേരി മരിച്ചവരെ അടക്കാനുള്ള പൊതു ഇടമാണ് .അങ്ങനൊരു സ്ഥലത്ത് തനിക്കും തന്റെ കുടുംബാങ്ങഗല്കും മാത്രമായി പ്രത്യേക സ്ഥലം വേണമെന്നുള്ളവർ വില കൊടുത്തു വാങ്ങട്ടെ. സ്വന്തം കല്ലറ ഇല്ലാത്തവർക്ക് സംസ്കാരം നിഷേധികുന്നുന്ടെങ്കിൽ മാത്രമല്ലേ ഈ വിഷയത്തിൽ പ്രതിഷേധികേണ്ട കാര്യമുള്ളൂ. പൊങ്ങച്ച സേവനങ്ങളുടെ നിരക്ക് വര്ധിപിച്ചതല്ലേ . സഭയെയും മെത്രാന്മാരെയും തെറിവിളിക്കാൻ മാത്രം ഇതിൽ ഒന്നുമില്ല .

  ReplyDelete
 3. ശ്രീ ബാബു പറഞ്ഞതുപോലെ ഈ സംഭവത്തിനു വലിയ പ്രാധാന്ന്യം കല്പ്പിക്കേണ്ടതില്ല. ഈ ബ്ലോഗിൽ തന്നെയുള്ള 'വിശുദ്ധ മാംസം വിശുദ്ധ പടക്കം പോലെ' ഈ ലേഖനത്തെയും ഒരു തമാശയായി കരുതിയാൽ മതിയാകും. കാരണം പള്ളിയെന്ന് പറഞ്ഞാൽ ഒരു വ്യവസായ സ്ഥാപനം കൂടിയല്ലെയോ? കോഴ കോളേജുകളുടെയും അഭിഷിക്ത ആഡംബര കാറുകളുടെയും ആകാശം മുട്ടിയുള്ള കത്തീഡ്രലുകളുടെയും ശവക്കോട്ട കൊത്തളങ്ങളുടെയും ഷോപ്പിംഗ്‌ കോമ്പ്ലക്സ് കെട്ടിടങ്ങളുടെയും പണക്കാർക്കുള്ള ആശുപത്രികളുദെയും അധിപരായ ഞങ്ങളുടെ അഭിഷിക്തരെ അപമാനിക്കുന്നതും ശരിയല്ല.

  യേശു പാവപ്പെട്ട ഒരു തച്ചന്റെ മകനായിരുന്നു. അവിദുത്തേയ്ക്ക് യഹൂദ ജനം പ്രത്യേകമായ കല്ലറ തയ്യാറാക്കിയുണ്ടായിരുന്നു. പക്ഷെ പള്ളി വില്ക്കുന്ന കല്ലറകൾ പണക്കാർക്ക് മാത്രം. മെത്രാനെങ്കിൽ ഇരുത്തിക്കൊണ്ട് അടക്കും വിശ്വാസികളുദെ വിയർപ്പുകൊണ്ടു പണിതുണ്ടാക്കിയ കത്തീഡ്രലിനുള്ളിൽ അടക്കുകയും ചെയ്യും അവിടെ അമ്പതു വർഷമെന്ന നിബന്ധനകളുമില്ല. താമരശേരിയിലെ ജ്വാലിയൻ വാലാ ബിഷപ്പു മുതൽ സലോമിയുടെ ആത്മഹത്യയ്ക്ക് കാരണമായ ബിഷപ്പ്, ഇടുക്കിയിലെ പുഴുത്ത തെറി പറയുന്ന ബിഷപ്പ്, മോണിക്കയുടെ വസ്തു തട്ടിയെടുത്ത ബിഷപ്പ്, ബിഷപ്പിന്റെ വണ്ടി തടഞ്ഞതിന് പാവപ്പെട്ട പോലീസുകാരനെ നാടു കടത്തിയ ബിഷപ്പ്, പള്ളികൾ പിടിച്ചെടുത്തു ഗുണ്ടകളെ വിട്ടു തല്ലിക്കുന്ന തൃശ്ശൂർ തട്ടിൽ ബിഷപ്പ് മുതൽ പേരുകളും മാന്യന്മാരുടെ പട്ടികയിൽ തന്നെയുണ്ട്‌. അവരെയാരും അപമാനിച്ചേക്കരുതേ!കാരണം, അവർ വ്യവസായ പ്രഭുത്വമണഞ്ഞ അഭിഷിക്തരല്ലയോ? ഏതായാലും ഒരു സ്ത്രീയെ മകളെന്നു പറഞ്ഞ്‌ കൂടെ പാർപ്പിച്ച മാന്യനായ ബിഷപ്പ് ഇന്ന് തിരുമേനിയോ പിതാവോ അല്ലാതായി തീർന്നിരിക്കുന്നു.

  ശ്രീ ബാബു പറഞ്ഞത് പോലെ "ശവ സംസ്കാരം എല്ലക്രിസ്ത്യാനികൾക്കും അവകാശപ്പെട്ടതാണ്. പ്രശ്നങ്ങൾ ഒന്നുമില്ലാതെ മിക്കവർക്കും അത് ലഭിക്കുന്നുമുണ്ട്." മറ്റുള്ള ന്യൂനപക്ഷമായവർക്കു വേണ്ടി ഇതും കൂടി കൂട്ടിയെഴുതണം, 'പണക്കാരനോ സിനിമാതാരമോ മരിച്ചാൽ ഞങ്ങൾ കർദ്ദിനാൾ മുതൽ രൂപാ താ...അതി രൂപാ താ... അഭിഷിക്തലോകം മുഴുവൻ ശവ സംസ്ക്കാരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും. '

  പാവപ്പെട്ടവനോ ദളിതനൊ മരിച്ചാൽ ഒരു സാധാരണ കത്തനാർക്കു പോലും ശവ സംസ്ക്കാര ചടങ്ങുകളിൽ പങ്കുകൊള്ളാൻ സമയം കണ്ടെന്നിരിക്കില്ല. തമിഴ് നാടുകളിൽ ദളിതർക്കായി പ്രത്യേക ശവക്കോട്ടകളുമുണ്ട്. ചിലയിടങ്ങളിൽ പള്ളികളിൽ പണത്തിന്റെ കൊഴുപ്പനുസരിച്ച് 'ഒന്നാം നിര', 'രണ്ടാം നിര' യെന്ന് എഴതി വെച്ചിരിക്കുന്നത് കാണാം. പള്ളിക്കകം ബിഷപ്പുമാർക്കും ചില ഷൈലോക്ക് പുരോഹിതർക്കും റിസർവ് ചെയ്ത ഇടമുണ്ട്. പാവങ്ങളെ അടക്കുന്ന ശവകോട്ടയിലെ ഇടങ്ങളെ പഴയകാലത്ത് പുറംമ്പോക്കെന്നു പറയുമായിരുന്നു. കാരുണ്യ വർഷത്തിൽ സഭയുടെ കാരുണ്യം ഇന്നും അങ്ങനെതന്നെ ഒഴുകുന്നു.

  ReplyDelete