Translate

Saturday, December 5, 2015

അദാനിയും പാറേപ്പള്ളിയും

പണ്ടേ ഞാൻ പറഞ്ഞതാ മെത്രാന്മാരുടെ മടയലേഖനങ്ങൾ വല്ലാത്ത പ്രശ്നമുണ്ടാക്കുമെന്ന്. ഇപ്പോ വെള്ളാപ്പള്ളി സാർ ചോദിക്കുന്നതിനാരാ മറുപടി പറയാൻ പോകുന്നത്? പണ്ട് പഞ്ചാബ് ഇവിടെ ആവർത്തിക്കും എന്ന് പറഞ്ഞ ഒരു മന്ത്രിയുടെ പണിപോയി. ജാലിയൻവാലാബാഗ് ഇവിടെ ആവർത്തിക്കും എന്ന് പറഞ്ഞ താമരശ്ശേരി മെത്രാന്റെ പേരിൽ എന്താ കേസെടുക്കാത്തതെന്നാ വെള്ളാപ്പള്ളി സാർ ചോദിക്കുന്നത്. കത്തോലിക്കരെല്ലാം കത്തോലിക്കാ സ്കൂളുകളിൽ തന്നെ പഠിക്കണമെന്ന് പറയുകയും മാണിയുടെ നേരെ തിരിയുന്ന പത്രപ്രവർത്തകരെ മുഴുവൻ വെടിവെച്ചു കൊല്ലണമെന്നാഗ്രഹിക്കുകയും ചെയ്ത വേറൊരു തീവ്രവാദി ഇവിടുണ്ടല്ലോ, അതിയാനെയും ആരും ഒന്നും ചെയ്തു കണ്ടില്ലല്ലോയെന്നും വെള്ളാപ്പള്ളി സാർ പറഞ്ഞെന്നു തോന്നുന്നു. ഇതാ തൃശ്ശൂർ കാരണവരുടെ പേരിലും കേസ് ഫയലിൽ... ഒരു മെത്രാനായിരിക്കെ, കോൺഗ്രസ്സ് പ്രസിഡന്റിനു കത്തെഴുതിയും എ കെ സി സി രാഷ്ട്രിയം പള്ളികളിൽ തിരുകി കയറ്റുകയും ചെയ്തതിനാണ്  ആ മെത്രാന്റെ പേരിൽ കേസ്. പ്ലീസ് മെത്രാന്മാരെ, നിങ്ങൾ അടിച്ചു കയറ്റുന്ന വർഗ്ഗീയതയുടെ ഫലം കൂടുതലും അനുഭവിക്കുന്നത് കേരളത്തിനു പുറത്തു ജോലിചെയ്യുന്ന മലയാളി കത്തോലിക്കരാ. കത്തോലിക്കാ സ്ഥാപനങ്ങൾക്കു പാട്ടത്തിനു കൊടുത്തും ചുമ്മാ കൊടുത്തും ഓരോ സർക്കാരുകൾ മുടിച്ച സമ്പത്തിന്റെയും കണക്ക് ഇപ്പോൾ ആരൊക്കെയോ ചോദിക്കുന്നു. കേരളത്തിലെ ഒരു വലിയ വ്യവസായി ഒരു മെത്രാന്റെ നേരെ നോക്കി പറഞ്ഞത്, എന്നേക്കാൾ വലിയ ബിസിനസ്സ്കാരൻ എന്നാണ്. ആ മെത്രാൻ അത് കേട്ട് ഞെളിഞ്ഞിരുന്നുവെന്നു കൂടി ഓർക്കുക.
 
ഓരോരോ കാര്യം ഓർക്കുമ്പോൾ അല്പ്പം വയലന്റ് ആയാലോയെന്നു പോലും തോന്നിപ്പോവുന്നു. പ്രകൃതി അതിന്റെ തനിമയിൽ സംരക്ഷിക്കപ്പെടുന്നതു കൊണ്ട് കർഷകർക്ക് ദ്രോഹമേ ഉണ്ടാകൂവെന്നു വാദിക്കുന്ന ഒരു വിഭാഗത്തെ കാണണമെങ്കിൽ പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തു വരണമെന്നു തോന്നുന്നു. അവിടുത്തെ വിപ്ലവകാരികൾക്ക് ഇതിന്റെ പ്രാധാന്യം താമസിയാതെ മനസ്സിലാകാതിരിക്കില്ല. പ്രകൃതിയോടു പരിധിവിട്ടു കളിച്ചാൽ, ഏതു രീതിയിലാ അത് പ്രതികരിക്കുന്നതെന്നു കണ്ടറിയാം. അറിയാത്തവർ ചെന്നെയിലേക്ക് നോക്കുക. ഫലം അനുഭവിക്കുന്നത് ഇടുക്കിക്കാർ മാത്രമായിരിക്കുകയുമില്ല. സഭ നടത്തുന്ന വചനപ്രചാരണ പരിപാടികൾ കാരണം പരി. ആത്മാവിന്റെ കൃപ സമൃദ്ധമായി ഇവിടെ ഉണ്ടാകുന്നുണ്ട്. നിലത്തു നിന്ന് സമ്പാദിക്കുന്ന ധനാഗമ മാർഗ്ഗങ്ങളുടെയെല്ലാം നടുവൊടിഞ്ഞു. ഭൂമിക്കും ആകാശത്തിനും ഇടയിൽ വിളയുന്ന മുളകിന് മാത്രം വിലയുണ്ട് എന്നതാ സ്ഥിതി. റബ്ബർ ചതിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ! കൊടുക്കുന്നവനു സമൃദ്ധിയായി കിട്ടും എന്ന വചനം വിശ്വസിച്ചു കൈയ്യിലുണ്ടായിരുന്നത്‌ മുഴുവൻ പള്ളിപണിക്കു കൊടുത്തവരാണ് ഇപ്പോൾ വെള്ളം കുടിക്കുന്നത്. 

എ കെ സി സി സർവ്വ ജാതികൾക്കുമായി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച സിവിൽ സർവ്വീസ്, പി എസ്  സി ഓറിയന്റേഷൻ പരിപാടിയുടെ കേരളതല ഉദ്ഘാടനം കോതമംഗലം മെത്രാൻ തന്നെ ചെയ്തു. മറ്റു മതസ്ഥരെയും പരിഗണിക്കുന്ന അദ്ദേഹം പറഞ്ഞത് യുവാക്കൾ പുതിയ വാതിലുകൾ പണിയണമെന്നാണ്. 40 കഴിഞ്ഞവർ പഴയവാതിലുകൾ കൊണ്ട് തൃപ്തിപ്പെടണം എന്ന് പറഞ്ഞില്ലയെന്നേയുള്ളൂ. കാക്കനാടിന്റെ കീഴിൽ ഒരുപാട് കമ്മീഷനുകൾ ഉണ്ട്. എത്ര നൗഷാദുമാരെ നാം സ്രുഷ്ടിച്ചിട്ടുണ്ട്? ഇതാ കഴിഞ്ഞദിവസം ഈ നൂറ്റാണ്ടിലെ മനുഷ്യനായി അമേരിക്കാ തിരഞ്ഞെടുത്തത് ഒരു തമിൾ നാട്ടുകാരനേയാ - ഒരു നാരായണ സ്വാമി. കഴിഞ്ഞ മുപ്പതു വര്ഷമായി അദ്ദേഹത്തിനു കിട്ടുന്ന വരുമാനം മുഴുവൻ അദ്ദേഹം പാവങ്ങൾക്ക് വിതരണം ചെയ്തു. എത്ര നാരായണസ്വാമിമാര് നമുക്കുണ്ട്? കിഡ്നി കൊടുത്ത ഒന്ന് രണ്ട് അച്ചന്മാരെയും കാട്ടി എത്രനാൾ നാം പോവും? 

കത്തോലിക്കാ മെത്രാന്മാർ ബന്ധപ്പെടാത്തതായി ഇനി ഇന്ത്യയിൽ ഐ എസ് മാത്രമേയുള്ളൂവെന്ന്  എനിക്ക് തോന്നുന്നു. ബി ജെ പി, കോൺഗ്രസ്സ്, കേ. കോൺഗ്രസ്സ്, മാർക്സിസ്റ്റ്‌, ആം ആദ്മി, മുതലായ എല്ലാ പാര്ട്ടികളൂടേയും അനുഭാവികളായ മെത്രാന്മാർ നമുക്കുണ്ട്. നമ്മുടെ  മെത്രാന്മാർ ബി ജെ പിയുടെ കൂടെ ചേരുന്നുവെന്നു കേട്ടതേ ഞാൻ തീരുമാനിച്ചതാ ഈ ഗതി അവർക്ക് വരുമെന്ന്. ഗുജറാത്തിൽ പട്ടണങ്ങളിൽ മുഴുവൻ ബി ജെ പി നേടിയെന്നു പറയുമ്പോൾ പത്രക്കാർ പറയാത്ത ഒരു കാര്യവും കൂടിയുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിൽ വായിച്ചത് അഹമ്മദാബാദിൽ മാത്രം രണ്ടു ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്നു നീക്കിയിരുന്നുവെന്നാണ്. 

കിഴതടിയൂർ പള്ളിയിൽ പോയിട്ടു വന്ന ഒരു കൊച്ചൻ അപ്പനോട് 'എന്താ യൂദാപുണ്യവാൻ മാത്രം മെലിഞ്ഞിരിക്കുന്നതെന്ന്' ചോദിച്ചുവെന്നു കേട്ടിട്ടുണ്ട്. ഒരു തുള്ളി വെള്ളം പോലും കുടിക്കാനുള്ള സമയം ആ പുണ്യവാന് ആരും കൊടുക്കിന്നില്ല പിന്നെങ്ങിനാ. പാലാ കൊട്ടാരമറ്റം ഭാഗത്ത്  നിന്ന് വല്യ പൊട്ടിച്ചിരി കേൾക്കുന്നുവെന്ന് അവിടെ ജൂബിലി പെരുന്നാളിന് വന്നവർ പറഞ്ഞതായും കേട്ടു. വേറൊരു മന്ത്രിയും വെള്ളം കുടിക്കുന്നുവെന്നു കേട്ടതിലുള്ള സന്തോഷമോ അല്ലെങ്കിൽ കുടുംബപ്രാർത്ഥനക്ക് കെട്ടിയോനെ കിട്ടിയതിലുള്ള ആരുടെയെങ്കിലും സന്തോഷമോ ഒക്കെ ആയിരിക്കാം അതെന്നു ഞാൻ അനുമാനിക്കുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പു കഴിയുമ്പോൾ വലിയ വിലാപവും പാലായിൽ നിന്ന് കേള്ക്കാൻ എല്ലാ സാദ്ധ്യതയും ഉണ്ട്. 

ഒരു കന്യാസ്ത്രി  ഏതു മഠത്തിൽ എപ്പോ മരിച്ചാലും എല്ലാവരും സംശയിക്കുന്ന ഒരവസ്ഥ എല്ലാവരുംകൂടി സൃഷ്ടിച്ചെടുത്തെന്നു പറഞ്ഞാൽ മതിയല്ലോ.  ഇയ്യിടെ കിണറ്റിൽ മരിച്ച കന്യാസ്ത്രിക്ക് അസുഖമായിരുന്നിരിക്കാം, ആ കന്യാസ്ത്രി കിണറ്റിൽ ചാടിയതുമായിരിക്കാം, തലേന്നു മദർ വഴക്ക് വല്ലതും പറഞ്ഞെങ്കിൽ അതിന്റെ പരിഭവവുമായിരിക്കാം ഇങ്ങിനെ ചെയ്തത്. ഒരു ചോദ്യം അവശേഷിക്കുന്നു. ഇടയലേഖനങ്ങളിൽ പറയുന്നതു പോലെ കുംപസ്സാരിക്കുകയും സർവ്വത്രാദി ധ്യാനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന കന്യാസ്ത്രിമാർക്ക് തലക്കടിയേറ്റും, കിണറ്റിൽ ചാടിയുമൊക്കെ മരിക്കാനാണ് വിധിയെങ്കിൽ, ഞങ്ങളെന്താ മനസ്സിലാക്കേണ്ടതു തമ്പ്രാക്കന്മാരെ? കാന്തപുരത്തിന്റെ അഭിപ്രായത്തിൽ പെണ്ണുങ്ങളുടെ പണി ഗർഭം സ്വീകരിക്കുകയും പ്രസവിക്കുകയും മാത്രം. കത്തോലിക്കാ കാഴ്ച്ചപ്പാടിൽ ഏറ്റവും ഉന്നതമായ സ്ത്രീദൗത്യം മത്തിൽ ചേർന്നു കന്യകയായി ജീവിക്കുകയും. ഇവിടെ ഹിന്ദുക്കൾ ഇല്ലായിരുന്നെങ്കിൽ പെണ്ണുങ്ങളുടെ സ്ഥിതി കഷ്ടമായേനെ. 

ഒരു സർക്കാരിനോട് ഏറ്റുമുട്ടാനുള്ള ശക്തി ഇപ്പോൾ പള്ളിക്കാർക്കു മാത്രമേയുള്ളൂ. വിഴിഞ്ഞത്ത്‌ സർക്കാർ തുറമുഖം പണി തുടങ്ങി, ചങ്ങനാശ്ശേരിയിൽ പാറേൽ പള്ളി പണിയും തുടങ്ങി. രണ്ടും മൂന്നര വർഷം എടുക്കും എന്നാണു പറയപ്പെടുന്നത്. എന്റെ കർത്താവേ എന്റെ ദൈവമേ! എന്നാലീ  തുറമുഖം പണിയും ചങ്ങനാശ്ശേരിക്കാരെ ഏൽപ്പിച്ചാൽ പോരാരുന്നൊ? സെ. മേരീസ് പോർട്ട്‌ എന്ന് പേരിടുമെന്നല്ലേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അതിനകത്തു കുര്ബ്ബാന ചൊല്ലാൻ സീറോമലബാർകാരെ അനുവദിക്കുന്നതിനോട് ഞാൻ യോജിക്കില്ല. ധാരാളം കപ്പലുകൾ അവിടെ അടുക്കണമെന്നതല്ലേ നമ്മുടെ ആവശ്യം. 
   

3 comments:

 1. zachariyas nedunkanal/thomas john kollappally

  പ്രവാസികളായ കത്തോലിക്കരുടെ ചിന്തക്കായി ചില കാര്യങ്ങൾ.
  1. നല്ല കാലാവസ്ഥയെയും വേണ്ടപ്പെട്ടവരെയുമൊക്കെ വിട്ടു നാട്ടിൽ നിന്നും നിങ്ങൾ പോയത് എത്തിച്ചേർന്ന രാജ്യത്തെ സംസ്കാരവും ആൾക്കാരുമായും ചേർന്ന് ജീവിക്കാൻ തയ്യാറായിത്തന്നെയാണ്. പക്ഷെ ഭൂരിഭാഗം ആൾക്കാരും എത്തിച്ചേർന്ന നാട്ടിൽ മതപരമായും സാംസ്കാരികമായും സ്വന്തം നാടൻ ദ്വീപുകൾ സൃഷ്ടിക്കാൻ വലിയ ശ്രമങ്ങൾ നടത്തുന്നു. എത്രനാൾ, എത്രകണ്ട് ഇത് വിജയിക്കുമെന്ന് കണ്ടറിയണം. നിങ്ങളുടെ അടുത്ത തലമുറയ്ക്ക് അവരുടെ വീടും സംസ്കാരവും അവർ വളർന്നുവരുന്ന സ്ഥലത്തേതു തന്നെയായിരിക്കും. അവർക്ക് യാതൊരു ഗൃഹാതുരത്വവും ഉണ്ടാവില്ല. മറിച്ചുള്ള ശ്രമങ്ങളിലൂടെ അവർക്ക് ഒരു സാംസ്കാരിക-സ്വത്വ ഭ്രംശനം (cultural and identity crisis) ആണുണ്ടാവുക. എത്തിച്ചേർന്ന രാജ്യങ്ങളിലെ ആൾക്കാരും അവരുടെ സംസ്കാരവുമായി ഒത്തുചേരാനുള്ള കഴിവില്ലായ്മയും, മടിയും വിദേശിയുടെ മുന്പിലെ ഏതോ കോംപ്ലെക്സും അല്ലേ നിങ്ങളുടെ ഈ ചെറുത്തുനില്പിന്റെ കാരണം ?

  2. കൊച്ചുകേരളത്തിൽനിന്നും ലോകത്തിൻറെ പല ഭാഗങ്ങളിൽ സ്വപ്രയത്നം കൊണ്ടെത്തിച്ചേർന്ന് ജോലി കണ്ടെത്തിയ നിങ്ങൾ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. വിദ്യാഭ്യാസവും മന്ക്കരുത്തുമാണ് നിങ്ങളുടെ മൂലധനം. അതിനായി സീറോ മലബാർ സഭ ഒന്നും ചെയ്തിട്ടില്ലെങ്കിലും ഇപ്പോൾ, നിങ്ങളുടെ നാട്ടിലെ വീട്ടിലും വിദേശത്തുള്ളവരുടെ തലയെണ്ണി പിരിവാണ്. നിങ്ങൾ ജീവിക്കുന്നിടത്തും സീറോ മലബാറുകാർ ഓടിനടന്നു പിരിക്കുന്നു, പള്ളി വെക്കാൻ നിര്ബന്ധിക്കുന്നു. ആർക്കു വേണ്ടി? ഈ സഭക്കരാണോ നിങ്ങൾക്ക് വിദ്യഭ്യാസം സൌജന്യമായിത്തന്നത്, നിങ്ങളെ ഇന്റർവ്യൂവിന് വിട്ടത്, ജോലി വാങ്ങിത്തന്നത്, വിദേശത്തു വിട്ടതും അവിടുത്തെ ഭാഷ പഠിപ്പിച്ചതും? പിന്നെന്തിനു നിങ്ങൾ ഇവർക്ക് കപ്പം കൊടുക്കുന്നു? അല്ലെങ്കിൽ നിങ്ങളുടെ പേരിൽ നാട്ടിലുള്ളവരെ പിഴിയുന്നു?

  3. ഓർക്കുക, സീറോമലബാർ സഭ നിങ്ങളെ നീണ്ട കാലത്തെ ഒരു ഇൻവെസ്റ്റ്‌മെൻറ് ആയിട്ടാണ് കാണുന്നത്. നിങ്ങളറിയാതെ നിങ്ങളെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യിക്കുന്നു. കുറെനാൾ കഴിയുമ്പോൾ, കുഞ്ഞാടുകളൊക്കെ അങ്ങ് മാറി നില്ക്, ഇനി ഞങ്ങൾ ഉടുപ്പിട്ടവരും അരപ്പട്ടകെട്ടിയവരും കാര്യം നടത്താം എന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ നിങ്ങൾ കേൾക്കും. അതാണ്‌ നാട്ടിലും തലമുറകളായി അവർ ചെയ്തുകൊണ്ടിരിക്കുന്നത്.

  4. വിദ്യാഭ്യാസവും ലോകപരിചയവും ഉണ്ടെങ്കിലും കാര്യകാരണസഹിതം മതപരമാരായ കാര്യങ്ങളെ കാണാൻ നിങ്ങളിൽ ഭൂരിഭാഗം പേരും മടിക്കുന്നു. അല്പം ബുദ്ധിയും ചിന്തയും എന്തുകൊണ്ട് ഇക്കാര്യത്തിലും ഉപയോഗിക്കുന്നില്ല? ചോദിക്കുംപോളെല്ലാം പിരിവുകൊടുക്കാൻ നിങ്ങൾക്ക് ഡോളറും യൂറോയും വെറുതേ കിട്ടുന്നുണ്ടോ ? മൈനസ് 20-ലും 30-ലും ജോലിയെടുത്തിട്ടല്ലേ, ഭാര്യയും ഭർത്താവും പരസ്പരം കാണാൻ പോലും സമയമില്ലാതെ ജോലി ചെയ്തിട്ടല്ലേ നിങ്ങൾ പണമുണ്ടാക്കുന്നത്? ഗൾഫിൽ ഉള്ളവരാകട്ടെ, നാടിനെയും കുടുംബത്തെയും വിട്ട് 40-50 ഡിഗ്രി ചൂടിൽ കഷ്ട്ടപെട്ടല്ലേ കഴിയുന്നത്‌? അപ്പോഴൊക്കെ ഏതെങ്കിലും വിധത്തിൽ സീറോമലബാർ സഭ നിങ്ങളെ താങ്ങുന്നുണ്ടോ? നിങ്ങൾക്ക് എന്താണ് ഇവരോടുള്ള ബാധ്യത ? ഈയിടെ രൂപതയിലെ ഓഡിറ്ററുമായി സംസാരിക്കേണ്ടിവന്നു. അദ്ദേഹം പറഞ്ഞത് ഓരോ വിദേശയാത്രകൾക്കും മെത്രാന്റെ ചെലവ് 30 - 35 ലക്ഷമാണെന്നാണ്. ഈ കാശെല്ലാം എവിടെനിന്ന്? വിശ്വാസിയുടെ നേർച്ചക്കാശല്ലേ? പല മെത്രാന്മാരും വിദേശത്ത്‌ കാട്ടിക്കൂട്ടുന്ന വിക്രിയകൾ, പ്രത്യേകിച്ച് തനിയെ താമസിക്കുന്ന സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ, നാട്ടിലുള്ളവർ കേട്ടാൽ നാണിക്കും.

  Continued below

  ReplyDelete
 2. continued...
  5. സീറോ മലബാറിനോ, ഇവിടെനിന്നു വരുന്ന ധ്യാന നട്ത്തിപ്പുകാർക്കൊ ദൈവത്തിന്റെ അനുഗ്രങ്ങളുടെ മൊത്തക്കച്ചവട ഏജൻസി ദൈവം കൊടുത്തിട്ടുണ്ടോ? അവരുടെ പ്രഘോഷണം കേട്ടാൽ അങ്ങനെയാണ് എനിക്ക് മനസ്സിലാവുന്നത് . നിങ്ങളാരും നേരിട്ട് പ്രാർത്ഥിച്ചാൽ, മന്സ്തപിച്ചാൽ ദൈവം കേൾക്കില്ലേ? എന്നുമുതലാണ്‌ ദൈവം നിങ്ങളിൽ നിന്ന് മുഖം തിരിച്ചു നില്ക്കാൻ തുടങ്ങിയത്? ജീവിക്കാൻ വേണ്ടി
  കഷ്ട പ്പെടുന്ന നിങ്ങൾ ഘോര പാപികളായായതെന്നുമുതലാണ്‌? ചിന്തിക്കൂ. പള്ളി / സഭ ആദ്ധ്യാത്മികത വിട്ട് സ്ഥാപനവല്ക്കരിക്കപ്പെട്ടപ്പോൾ, സാമ്പത്തികനേട്ടങ്ങൾ പ്രധാന ലക്ഷ്യമായി. അതോടെ വിശ്വാസികളുടെ പാപങ്ങൾ വിശ്വാസി അറിയാതെ പതുക്കെ വർധിക്കാൻ തുടങ്ങി. അതിനൊപ്പം അവർ കൊടുക്കേണ്ട തുകയുടെ വലുപ്പവും വർദ്ധിച്ചു. പാപത്തെയും പുണ്ണ്യത്തെയും നിർവചിക്കാൻ ദൈവം സീറോമലബാറിന് എന്നാണ് അധികാരം കൊടുത്തത് ?

  6. എന്റെ ഇടവകയിൽ ഒരു കരിസ്മാറ്റിക് ധ്യാനം വർഷങ്ങൾക്കു മുൻപ് നടന്നു. ഒരു പാവം ചേടത്തി കൗണ്‍സലിങ്ങ് എന്ന ആഭാസത്തിന് വിധേയയായി. നാല് കുട്ടികൾ ഉള്ള അവർക്ക് ഒന്നുകൂടി പ്രസവിക്കാനുള്ള ശാരീരിക ക്ഷമത ഉണ്ടായിരുന്നില്ല. അങ്ങനെ സംഭവിച്ചാൽ മരണം ഉറപ്പ്. പക്ഷെ ചേടത്തി ഗർഭിണിയാവുകയും ഡോക്ടറുടെ നിർബന്ധപ്രകാരം ഗർഭച്ഛിദ്രം നടത്തുകയും ചെയ്ത കഥ അച്ചനോട് പറഞ്ഞു. ഉറഞ്ഞു തുള്ളിയ കത്തനാർ ചേടത്തിക്ക് നിത്യനരകം വിധിച്ചു. അതോടെ ചേടത്തിക്ക് മുഴുഭ്രാന്തായി. ഭ്രാന്തിയായി വർഷങ്ങൾക്കു ശേഷം മരിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ഏറെയാണ്‌. നിങ്ങൾ ആലോചിക്കുക. മനസാക്ഷി എന്നൊന്ന് എല്ലാവർക്കും ഉണ്ട്. ശരി എന്നത് അവിടെ ആദ്യം തന്നെ തെളിഞ്ഞു വരും. അതിനെ വിശ്വസിക്കുക. പിന്നെന്തിനു ഈ കള്ള പ്രവാചകന്മാരുടെ പിറകേ പോകണം ?

  7. സുവിശേഷ ഗ്രന്ഥങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും മനസ്സിലാകുന്ന രീതിയിൽ നമുക്ക് ലഭ്യമാണ്. അവ വീണ്ടും വീണ്ടും വായിക്കുക. അതിന്റെ സന്ദേശം നിങ്ങൾക്ക് വായനയുടെ ഏകാന്തതയിൽ തെളിഞ്ഞുകിട്ടും. ഒരു ലക്ഷം വാട്സിന്റെ സ്പീക്കർ വച്ചുള്ള ധ്യാനത്തിൽ തലവേദനയും, 50 കോടിയുടെ പള്ളിയിൽ സ്ഥല ജല ഭ്രമവും ധനനഷ്ടവും ഭീഷണിയും, ക്രിസ്ത്യൻ താലിബാനിസം അല്ലാതെ എന്ത് ഗുണമാണ് നിങ്ങൾക്ക് സീറോമലബാർ സഭ നല്കുന്നത് ?

  ReplyDelete
 3. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന് നാടാകെ ഇന്നലെവരെ പാടിനടന്ന പാവം ഹിന്ദുക്കളെ, ഇന്ന് ജാതിസ്പര്ദ്ദയിലേക്ക് വഴിതെറ്റിച്ചത് കേരളത്തിലെ ക്രിസ്തവ പുരോഹിതന്മാരാണന്നതിൽ ഒരു സംശയവുമില്ല ! നാലാംക്ലാസിൽ തോറ്റവൻ വരെ സുറിയാനി കൊത്തകൂവി കാതോലിക്കയായി, കോടികളുടെ കാറില്‍ കൊടിവച്ചു പറക്കുമ്പോള്‍, ദൈവത്തെക്കുരിച്ച് ഒരുചുക്കും അറിയാത്ത ഈ നിക്രിഷ്ട ജീവികള്‍ അരമനകളില്‍ രാജാപ്പാര്‍ട്ട് കളിക്കുമ്പോള്‍, ഏതയല്‍ക്കാരനാണ് അസൂയപ്പെടാത്തത്? ന്യൂനപക്ഷം (വോട്ടുബാങ്ക് ) കാണിച്ചു നാട്ഭരിക്കുന്നവരെ കാലാകാലമായി ഭയപ്പെടുത്തി,വിദ്യാഭ്യാസ/ആതുരാലയ 'സ്വകാര്യസ്വത്തു' കൈക്കലാക്കിയ പള്ളിമുതലാളിത്തത്തിനെതിരെ ഉറങ്ങിക്കിടന്ന ഹിന്ദു മൈത്രിയെ ഉണര്‍ത്തി, ശത്രുപക്ഷത്താക്കി ഈ നാട്ടില്‍ കലാപത്തിന്റെ വിഷവിത്തുകള്‍ വിതച്ചതാരാണന്നതില്‍ ആര്‍ക്കാണ് സംശയം ? അയല്‍ക്കാരനെ "ശുദ്ധരക്ത വാദത്തിന്റെ" പേരില്‍ സ്നേഹിക്കരുതെന്നു വിലക്കിയത് ഈ കലാപത്തിന്റെ ളോഹയാണ് ! കള്ളന്മാരുടെ ഗുഹകളാണിവരുടെ ഹൃത്തടമാകെ എന്നതില്‍ ക്രിസ്തുവിനൊരു സംശയവും പണ്ടേ ഇല്ലായിരുന്നു !

  സക്കറിയാസ് നെടുംകനാലിന്റെ വിദേശ മലയാളികളോടുള്ള ഈ ഉപദേശം ഏവര്ക്കും ചിന്തനീയമാണ് :- "വിദ്യാഭ്യാസവും ലോകപരിചയവും ഉണ്ടെങ്കിലും കാര്യകാരണസഹിതം മതപരമാരായ കാര്യങ്ങളെ കാണാൻ നിങ്ങളിൽ ഭൂരിഭാഗം പേരും മടിക്കുന്നു. അല്പം ബുദ്ധിയും ചിന്തയും എന്തുകൊണ്ട് ഇക്കാര്യത്തിലും ഉപയോഗിക്കുന്നില്ല? ചോദിക്കുംപോളെല്ലാം പിരിവുകൊടുക്കാൻ നിങ്ങൾക്ക് ഡോളറും യൂറോയും വെറുതേ കിട്ടുന്നുണ്ടോ ? മൈനസ് 20-ലും 30-ലും ജോലിയെടുത്തിട്ടല്ലേ, ഭാര്യയും ഭർത്താവും പരസ്പരം കാണാൻ പോലും സമയമില്ലാതെ ജോലി ചെയ്തിട്ടല്ലേ നിങ്ങൾ പണമുണ്ടാക്കുന്നത്? ഗൾഫിൽ ഉള്ളവരാകട്ടെ, നാടിനെയും കുടുംബത്തെയും വിട്ട് 40-50 ഡിഗ്രി ചൂടിൽ കഷ്ട്ടപെട്ടല്ലേ കഴിയുന്നത്‌? അപ്പോഴൊക്കെ ഏതെങ്കിലും വിധത്തിൽ സീറോമലബാർ സഭ നിങ്ങളെ താങ്ങുന്നുണ്ടോ? നിങ്ങൾക്ക് എന്താണ് ഇവരോടുള്ള ബാധ്യത ? ഈയിടെ രൂപതയിലെ ഓഡിറ്ററുമായി സംസാരിക്കേണ്ടിവന്നു. അദ്ദേഹം പറഞ്ഞത് ഓരോ വിദേശയാത്രകൾക്കും മെത്രാന്റെ ചെലവ് 30 - 35 ലക്ഷമാണെന്നാണ്. ഈ കാശെല്ലാം എവിടെനിന്ന്? വിശ്വാസിയുടെ നേർച്ചക്കാശല്ലേ? പല മെത്രാന്മാരും വിദേശത്ത്‌ കാട്ടിക്കൂട്ടുന്ന വിക്രിയകൾ, പ്രത്യേകിച്ച് തനിയെ താമസിക്കുന്ന സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ, നാട്ടിലുള്ളവർ കേട്ടാൽ നാണിക്കും."

  ReplyDelete