Translate

Sunday, May 24, 2015

യോഗയും ഹൈന്ദവ ദർശനവും

By ജോസഫ് പടന്നമാക്കൽ
ഹിന്ദുവെന്ന പദം തികച്ചും ആധുനികമാണ്. സിന്ധുനദി തടത്തിലെ സംസ്ക്കാരമെന്ന അർത്ഥത്തിൽ ഭാരതീയ ജനതയെ ഹിന്ദുക്കളെന്ന് വിദേശികളാണ് ആദ്യം വിളിച്ചത്. വൈദിക മതങ്ങളെ പ്രധാനമായും  ആറു ദാർശനീക  സ്കൂളുകളായി അറിയപ്പെടുന്നു.    സംഖ്യാ,യോഗാ, ന്യായാ, വൈശേഷികാ, മീമാംസ, വേദാന്താ എന്നിങ്ങനെ വേദിക്ക് പാരമ്പര്യ സിദ്ധാന്തങ്ങളായി  വൈദിക സ്കൂളുകളെ തരം തിരിച്ചിരിക്കുകയാണ്.  ബഹുമുഖങ്ങളായ  നദികൾ നാനാ ദിക്കുകളിൽനിന്നായി നോക്കെത്താത്ത സമുദ്രത്തിൽ പതിക്കുന്നപോലെ  ഏക ദൈവത്തെ പ്രാപിക്കാനായി പല മാർഗങ്ങളാണ്  ഹൈന്ദവ മതം വിഭാവന ചെയ്തിരിക്കുന്നത്.  അതിൽ 'യോഗാ' ഒരു വഴിയാണ്. ദൈവം നാനാ ജാതി മനുഷ്യരിലും ജീവജാലങ്ങളിലും കുടികൊള്ളുന്നുവെന്ന്  ഹൈന്ദവമതം വിശ്വസിക്കുന്നു. മതമോ ജാതിയോ, സ്ത്രീ പുരുഷ വ്യത്യാസമോയില്ലാതെ  ദൈവത്തിന്റെ ചൈതന്യം   എവിടെയും പ്രസരിക്കുന്നുവെന്നും ഓരോരുത്തരുടെയും കർമ്മഫലമനുസരിച്ച്  മോക്ഷം ലഭിക്കുന്നുവെന്നും പരമ സത്യത്തിൽ അലിഞ്ഞു ചേരുന്നുവെന്നും ഹൈന്ദവ മതം വിശ്വസിക്കുന്നു. നീതിയും സത്യവും  ധർമ്മവും  കൈകൊണ്ടവർ കർമ്മ ഫലങ്ങൾക്കനുസരണമായി പരബ്രഹ്മം പ്രാപിക്കുന്നതായി ഹൈന്ദവ മത സിദ്ധാന്തങ്ങളിൽ പറയുന്നു.  ഹൈന്ദവം  ആരെയും രക്ഷിക്കുന്നും  വിധിക്കുന്നുമില്ല. എന്നാൽ അദ്ധ്യാത്മികതയുടെ അളവു കോലുകൾ ജന്മജന്മാന്തരങ്ങളിൽക്കൂടി ഒരുവനെ മോക്ഷ പ്രാപ്തിയ്ക്ക് പ്രാപ്തനാക്കുന്നു. യോഗായെ വിലയിരുത്തേണ്ടത് വൈദികകാലം മുതൽ പാരമ്പര്യമായി നേടിയ ജ്ഞാന വിജ്ഞാന കോശത്തിലെ ഉള്ളടക്കമനുസരിച്ചായിരിക്കണം.


സംസ്കൃതത്തിലെ 'യുജു്' എന്ന പദത്തിൽനിന്നുമാണ്  'യോഗാ' എന്ന  വാക്കിന്റെ ഉത്ഭവം. ഏകീകരിപ്പിക്കുക, യോജിപ്പിക്കുക എന്നിങ്ങനെ ഈ വാക്കിനർത്ഥം കല്പ്പിക്കാം.  ഇന്ദ്രിയങ്ങളെ  നിയന്ത്രിച്ച്  മനശക്തി  എങ്ങനെ പ്രാപിക്കാമെന്നു  ഹൈന്ദവ പുരാണങ്ങൾ  യോഗായെപ്പറ്റി  വർണ്ണിച്ചിരിക്കുന്നു. ക്രിസ്തുവിന് നൂറ്റാണ്ടുകൾക്കപ്പുറമെഴുതിയ ഭഗവത് ഗീതയിലും ഭഗവാൻ കൃഷ്ണൻ   നാലുതരം യോഗാകളെപ്പറ്റി പറയുന്നുണ്ട്.  ഭക്തി, ജ്ഞാനം, കർമ്മം, ധ്യാനം എന്നീ  യോഗാദികളെയാണ് ഭഗവദ് ഗീതയിൽ വിവരിച്ചിരിക്കുന്നത്.  ഹൈന്ദവ പുരാണങ്ങളിൽ ഈ നാല് സത്ഗുണങ്ങൾ മോക്ഷ പ്രാപ്തിക്ക് അത്യാവിശ്യമെന്നു കരുതുന്നു. യോഗാദികളിലെ നാലെണ്ണത്തിൽ  ഏറ്റവും അറിയപ്പെടുന്നത് 'ധ്യാന യോഗായാണ്.  മനസിനെ പുഷ്ടിപ്പെടുത്തി വിചാര വികാരങ്ങൾക്കതീതമായി മനസിനെ നിയന്ത്രിക്കുമ്പോൾ എകാഗ്ര ചിന്തയിൽ മാത്രം ലയിക്കുമ്പോൾ 'ധ്യാന'യോഗയാകും. ഏകാന്തതയിൽ ഒരു ഇരിപ്പിടത്തിലിരുന്ന് മനസിനെ പരിശുദ്ധമാക്കാനുള്ള പ്രായോഗിക പരിശീലനമാണ്  ധ്യാനയോഗകൊണ്ട് ഉദ്ദേശിക്കുന്നത്.  ശരീരമൊന്നാകെ  നിശ്ചലമാക്കിക്കൊണ്ട്  കഴുത്തും തലയും  നേരെ പിടിച്ച്,  അനങ്ങാതെ,  കണ്ണുകൾ  മാറ്റാതെ   ഒരേ  ദിശയിൽക്കൂടി  മൂക്കിനെ മാത്രം  ദൃഷ്ടി പതിപ്പിച്ചുകൊണ്ട് മനസിനെ  സമചിത്തമാക്കാൻ,ധ്യാനനിരതനാകാൻ    ഭഗവത് ഗീതയിൽ,   ആറാം അധ്യായത്തിൽ 12-13 ശ്ലോകത്തിൽ കൃഷണ ഭഗവാൻ പറയുന്നുണ്ട്‌.


നാല് ദിശകളിലായി യോഗായെ വിവരിക്കുന്നുവെങ്കിലും യോഗാദികൾ തമ്മിൽ പരസ്പ്പരം ബന്ധപ്പെട്ടതാണ്.   ഏതെങ്കിലുമൊന്നിൽ  മുഴുവനായി പഠിക്കുന്നവർ മറ്റു മൂന്നു യോഗ കർമ്മാദികളെയും പ്രായോഗിക തലത്തിൽ കൊണ്ടുവരേണ്ടതായുണ്ട്.   സ്വാമി ചിന്മയാനന്ദൻ പറഞ്ഞിരിക്കുന്നത് 'യോഗായിലെ നാലു സൂത്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ പ്രാവിണ്യം നേടുന്നവൻ അതോടൊപ്പം മറ്റു മൂന്നു യോഗാ മാർഗങ്ങളും അറിഞ്ഞിരിക്കുമെന്നാണ്. ' ബുദ്ധിമാൻ യോഗാദികളിൽ പ്രാവീണ്യം നേടി  സ്വയം ആത്മത്തെ കണ്ടെത്തും.  നാം നമ്മെത്തന്നെ  സ്വയം മനസിലാക്കാനായി  യോഗായുടെ നാലു വഴികളും മനസിലാക്കണം.  ഏതു മാർഗങ്ങളിൽക്കൂടി സഞ്ചരിച്ചാലും യോഗായെന്നത്  ജീവിതകാലം മുഴുവൻ    അർപ്പിതമനോഭാവത്തോടെ  കൈവെടിയാതെ സംരക്ഷിക്കേണ്ട ഒന്നാണ്. യോഗായിൽ വിദ്യ നേടാൻ    ദൈവഭക്തിയും സ്ഥിരമായ സമ ചിത്തതയോടെയുള്ള പരിശീലനവും ആവശ്യമാണ്.


യോഗാ സൂത്രങ്ങളുടെ ആദ്യ രചയിതാവ് ബി.സി.  രണ്ടാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന 'പതാഞ്ചലി മുനി'യാണെന്ന് വിശ്വസിക്കുന്നു. പതാഞ്ചലി യോഗായിൽ 195 സൂത്രങ്ങളുണ്ട്. പതാഞ്ചലിയെന്ന മുനി ആരെന്നോ ഏതു കാലത്ത് ജീവിച്ചിരുന്നുവെന്നോ  കൃത്യമായ ഒരുത്തരം തരുവാൻ കഴിയില്ല. പതാഞ്ചലി മുനിയുടെ പേരിൽ അനേക സംസ്കൃത ഗ്രന്ഥങ്ങളും ആയുർവേദ ഗ്രന്ഥങ്ങളുമുണ്ട്.  കൂടാതെ സംസ്കൃത ഭാഷയെ നവീകരിച്ചുകൊണ്ട്  ഗ്രാമറു പുസ്തകവും എഴുതിയിട്ടുണ്ട്. പൗരാണിക കാലത്തിലെ മറ്റനേക പ്രസിദ്ധരായവരെപ്പോലെ  പതാഞ്ചലിയെ ചുറ്റിയും ഇതിഹാസ കഥകൾ രചിച്ചിരിക്കുന്നതു കാണാം . ആയിരം തലകളുള്ള അനന്ത സർപ്പ സ്വരൂപത്തിന്റെ മുകളിൽ വിഷ്ണു ഭഗവാൻ ഇരുന്നരുളുന്നപൊലെ  ഭൂമിയിലുള്ളവരെ യോഗാ പഠിപ്പിക്കാൻ സ്വർഗത്തിൽ നിന്ന് പതാഞ്ചലിയെന്ന  ദേവൻ ഒരു കുഞ്ഞു സർപ്പത്തിന്റെ രൂപത്തിൽ താഴേയ്ക്കു പതിച്ചുവെന്ന ഒരു കഥയുമുണ്ട്.  പതാഞ്ചലി എഴുതിയ ഗ്രന്ഥങ്ങൾ സ്വന്തമായി എഴുതിയതെന്നു വിശ്വസിക്കാൻ സാധിക്കില്ല.  ഗുരുക്കന്മാർ തങ്ങളുടെ രചനകൾ സ്വന്തം പേരിലെഴുതാൻ ആഗ്രഹിക്കാതെ പ്രസിദ്ധരായ പൂർവിക ഗുരുക്കന്മാരുടെ പേരുകളിൽ  എഴുതുക സാധാരണമായിരുന്നു.   പലരു കൂടി സഹകരണത്തോടെ ഗ്രന്ഥങ്ങൾ രചിക്കുന്ന സമയം പ്രസിദ്ധരായവരുടെ  പേരുകളിൽ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയെന്നതും കീഴ്വഴക്കമായിരിക്കാം.


ബി.സി.  600-ൽ എഴുതിയതെന്നു വിചാരിക്കുന്ന ശ്വേതവതാര ഉപനിഷത്തിൽ തീവ്രമായ യോഗായിൽ മുഴുകിയിരിക്കുന്നവരുടെ  പരാമർശനങ്ങളുണ്ട്.  ഉപനിഷത്ത്  പറയുന്നു,   "വായൂ, ഭൂമി, വെള്ളം, അഗ്നി, എന്നീ പദാർത്ഥങ്ങൾ  കൊണ്ട് ശരീരം സമ്പുഷ്ടമെങ്കിൽ ആ ശരീരം അഗ്നി പോലെ ജ്വലിക്കുന്ന  യോഗാകൊണ്ട് നിറഞ്ഞിരിക്കും. രോഗമോ, വാർദ്ധ്യക്യമോ മരണമോ ആ ശരീരത്തെ കീഴടക്കില്ല. ആരോഗ്യം, ഉണർവ്, പൂർണ്ണമായ ശബ്ദം, ശരീരത്തിൽ ദുർഗന്ധം വമിക്കാതിരിക്കുക, എന്നിവകൾ യോഗാ അനുഷ്ടിക്കുന്നവർക്ക്  ലഭ്യമാണ് . ഒരു കണ്ണാടി വൃത്തിയാക്കുന്നപോലെ  യോഗാസനങ്ങളിൽക്കൂടി മനസിനെ പവിത്രമാക്കി  ആത്മത്തെ കണ്ടെത്തുന്ന  യോഗി സ്വന്തം ശരീരത്തെ   നിയന്ത്രണാധീതമാക്കി ദുഖങ്ങളെയും   ഇല്ലാതാക്കും. "


വിവേകാനന്ദൻ യോഗാസനയെപ്പറ്റി പറഞ്ഞത് " സൌകര്യപ്രദമായ ഒരു ഇരുപ്പിടം ലഭിച്ചാലേ   ശ്വാസോച്ഛാസ വ്യായാമങ്ങൾ   പ്രായോഗിക തലങ്ങളിൽ ഫലപ്രദമാവുകയുള്ളൂ.  ശരീരത്തിന്റെ അസ്ഥിത്വം ഉണ്ടെന്നുള്ള അനുഭൂതികൾ നമ്മിൽ ഉണ്ടാവരുത്.   ആരംഭത്തിൽ യോഗാ  അഭ്യസിക്കുന്നവന്റെ ശരീരത്തിൽ   തടസങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടും. എന്നാൽ അറിയുക, സ്ഥായിയായ ശരീര ദർശനത്തെക്കാളുപരിയായി നമ്മുടെ മനസിനെ പരിവർത്തന വിധേയമാക്കുന്നുവെങ്കിൽ ശരീരത്തിൽ  ഇന്ദ്രീയാനുഭൂതികൾ ഇല്ലാത്തതായ  ഒരു സ്ഥിതിവിശേഷം വരും.  സ്വന്തം ശരീരത്തെ   നമ്മുടെ നിയന്ത്രണത്തിലാക്കി  കീഴ്പ്പെടുത്താൻ കഴിഞ്ഞാൽ, ഉറച്ച നിശ്ചലാവസ്തയിൽ ശരീരത്തെ പ്രതിഷ്ടിച്ചാൽ യോഗാഭ്യാസ വ്യായാമങ്ങൾ അടിയുറച്ചതായിരിക്കും. എന്നാൽ, ശരീരത്തിന് ബാഹ്യമായ തടസങ്ങളുണ്ടായാൽ  നാഡി വ്യൂഹങ്ങൾ തടസപ്പെടും. മനസും അസ്വസ്ഥമായിക്കൊണ്ടിരിക്കും."        


യോഗാ ഒരു വ്യായാമം മാത്രമെന്നും  മനുഷ്യ ശരീരാവയവങ്ങളെ പ്രത്യേക രീതിയിൽ വിന്യസിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നുള്ള  തെറ്റിധാരണ സാധാരണ ജനങ്ങളിലുണ്ട്. ആരോഗ്യപരമായ അനേക ഗുണങ്ങൾ യോഗാസനങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിനു ലഭിക്കാറുണ്ട്. രക്ത സമ്മർദ്ദം കുറയ്ക്കാൻ കഴിയുന്നു. വാത രോഗങ്ങള്ക്കും പുറം വേദനകൾക്കും ഗുണപ്രദമാകും. ശരീരത്തിൽ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ സാധിക്കും. അടുത്ത കാലത്തെ പഠനത്തിൽ യോഗാ കൊണ്ട് കുട്ടികളുടെ ക്ലാസ്സിലെ ഗ്രേഡ് വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.


ക്രമമായ യോഗാസനങ്ങൾ കൊണ്ട് നമ്മുടെ ആരോഗ്യാവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെങ്കിലും യോഗായിലെ പരമമായ ലക്ഷ്യം അതല്ല.  ആധുനിക കാലത്തെ യോഗാ ഗുരുക്കളിൽ സുപ്രധാന രണ്ടു വ്യക്തികളാണ് ശ്രീ ബി .കെ.എസ്  അയ്യങ്കാരും പട്ടാബി ജോയിസും. അവരുടെ അഭിപ്രായത്തിൽ 'യോഗാസനമെന്നാൽ  വെറും വ്യായാമത്തിനായുള്ളതല്ല. എന്നാലത് ഊർജത്തിന്റെ ഘടകങ്ങളെ ആവഹിക്കാനുള്ളതാണ്.' ശരീരത്തിൽ ഊർജത്തെ സമതുലനാവസ്തയിൽ എങ്ങനെ സമാഹരിക്കാം?  ഊർജത്തിന്റെ  ഘടകങ്ങളെ നിയന്ത്രിക്കണം. മനസിന്റെ വ്യതിയാനങ്ങളെയും തടയണം. യോഗാദി ഗുണങ്ങളെ തിരിച്ചറിഞ്ഞ് അനുഭവസ്തമാക്കണം. നമ്മിൽ തന്നെ ഒരു സ്വയം ബോധവല്ക്കരണം ഉണ്ടാവുകയെന്നതാണ് യോഗായുടെ ലക്ഷ്യം .ശാരീരികമായ അഭ്യാസംകൊണ്ടു  മാത്രം യോഗായുടെ സത്ത ലഭിക്കില്ല. യോഗാഭ്യാസം ചെയ്തു കുറച്ചു വിയർത്തതുകൊണ്ടോ നീണ്ട ശ്വാസോച്ഛാസ പ്രക്രിയകൾ നടത്തിയതുകൊണ്ടോ പ്രയോജനം നേടില്ല.  യോഗായിൽ ശാരീരിക വ്യായമത്തെക്കാളും ആദ്ധ്യാത്മികതയാണ് പ്രാധാന്യം. സപ്ത നാഡികളെ നിയന്ത്രിച്ചുകൊണ്ട് മനസിനെ പരിപാവനമാക്കിയാലെ യോഗായുടെ ഗുണമേന്മ കണ്ടെത്താൻ സാധിക്കുള്ളൂ. എങ്കിൽ 'ഞാനെന്ന' സത്യത്തെ അനുഭവ സമ്പത്താക്കാൻ സാധിക്കുമെന്നു  പ്രസിദ്ധ യോഗാ ഗുരു നോയ്സ് പറയുന്നു.


യോഗാ അഭ്യസിക്കുന്ന ഒരുവന്  ശരിയായ  ഉൾകാഴ്ച ആവശ്യമാണ്.  ഗുരുവില്ലാത്ത യോഗാഭ്യാസങ്ങൾ തികച്ചും  നിരർത്ഥകവും യോഗായുടെ പരിപാവനമായ മൂല്യങ്ങളെ മനസിലാക്കാത്തതുമാണ്. അങ്ങനെയുള്ള യോഗാകൾ വെറും വ്യായാമം മാത്രമായിരിക്കും. മില്ല്യൻ കണക്കിന് ജനങ്ങൾ യോഗാസനങ്ങൾ അഭ്യസിക്കുന്നുണ്ടെങ്കിലും വാസ്തവത്തിൽ അത് ഈശ്വര ദർശനമില്ലാത്ത, യോഗായുടെ സത്തയില്ലാത്ത വെറും അഭ്യാസം മാത്രമെന്ന് ആധികാരികമായി യോഗാ കൈകാര്യം ചെയ്യുന്ന ഗുരുക്കൾ അഭിപ്രായപ്പെടുന്നു.


ഹൈന്ദവ തത്ത്വ സംഹിതകളിൽ ഗുരുവിന് വളരെയധികം പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. ഒരു ഗുരു തന്റെ ശിക്ഷ്യന്മാരെ പഠിപ്പിക്കേണ്ടത് പാരമ്പര്യത്തിനു വിധേയമായിട്ടായിരിക്കണം. മറിച്ചുള്ള ചിന്താഗതികളിൽ ഗുരുവിന് യുക്തമെന്നു തോന്നുന്ന പോലെ പഠിപ്പിച്ചാൽ അത്  'ഞാൻ' എന്ന  അഹം ഭാവം കൊണ്ടായിരിക്കാം.  തങ്ങളുടെ ഗുരുവിൽ നിന്ന് നേടിയ പാരമ്പര്യമായ    അറിവുകൾ   ശിക്ഷ്യഗണത്തിനു പകർന്നു കൊടുക്കുമ്പോഴാണ് യോഗായുടെ പരിശുദ്ധി ദൃശ്യമാകുന്നത്. പാശ്ചാത്യർ ഗുരുവെന്ന പദമുപയോഗിക്കുന്നത് ഹൈന്ദവ പാരമ്പര്യത്തിന്റെ പരിശുദ്ധിയില്ലാതെയാണ്. അജ്ഞതയുടെ അന്ധകാരത്തെ തുടച്ചുമാറ്റി ജ്ഞാനം നല്കുന്നയാളാണ്  ഗുരു. ഗുരുവെന്നാൽ വെറുമൊരു അദ്ധ്യാപകൻ മാത്രമായിരിക്കില്ല.  ഗുരുക്കന്മാർ ശിക്ഷ്യഗണങ്ങളെ നയിക്കുന്നതോടൊപ്പം അവരുടെ  അഭിലാഷങ്ങളും ആഗ്രഹങ്ങളും പൂർത്തികരിക്കാനും     തയ്യാറാവണം. ശിക്ഷ്യഗണങ്ങളുടെ ആദ്ധ്യാത്മികതയിലെ ഉൾക്കാഴ്ചകൾ ഉണർത്താൻ കഴിവുമുണ്ടായിരിക്കണം.  ഉപനിഷത്തുകൾ പറയുന്നു, 'ഗുരുവെന്നാൽ ദൈവമാണ്; ഗുരു തന്നെയാണ്,  ബ്രഹ്മാവും, വിഷ്ണുവും, പരമ ശിവനും. ആ ഗുരുവിനെ ഈശ്വരതുല്യമായി നമസ്ക്കരിച്ചു നിത്യവും വന്ദിക്കണം.   അദ്ദേഹം നമ്മുടെ കണ്മുമ്പിലുള്ള  പരബ്രഹ്മമാണ്. (വിഷ് വാസര തരം ) ഗുരു ശിക്ഷ്യ ബന്ധത്തിലും ഹൈന്ദവ പുരാണങ്ങൾ പ്രാധാന്യം കല്പ്പിക്കുന്നുണ്ട്. ഹൈന്ദവ ഇതിഹാസ പുരാണമായ മഹാഭാരതം അതിനു തെളിവാണ്. ഗുരുവിനെ ആദരിക്കാനും സ്നേഹിക്കാനും ഭക്തി പ്രകടിപ്പിക്കാനും അർജുനനെ മാത്രമല്ല ദുര്യോദനനെയും പഠിപ്പിക്കുന്നുണ്ട്.


യോഗായുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ  ഗുരു പാരമ്പര്യത്തിൽ നിന്നും വരുന്ന ഒരു ഗുരുവിന്റെ കീഴിൽ  യോഗാ  അഭ്യസിക്കണമെന്നുമുണ്ട്. ഗുരുകുല വിദ്യാഭ്യാസ കാലയളവിൽ  ഗുരു തന്റെ ശിക്ഷ്യന്മാരുടെ വഴികാട്ടിയായിരുന്നു. യോഗാദികൾ  അഭ്യസിപ്പിക്കാൻ   പരിചയസമ്പന്നനായ ഒരു ഗുരു ആവശ്യമാണെന്നു   പഴം പുരാണങ്ങളും ഹതയോഗാ ടെക്സ്റ്റുകളും  വായനക്കാരെ ഓർമ്മിപ്പിക്കുന്നു.  ആധുനിക കാലത്ത് ഉപനിഷത്തുക്കൾ കല്പ്പിക്കുന്ന പ്രകാരം ഒരു ഗുരുവിനെ കണ്ടെത്തുകയെന്നതും എളുപ്പമല്ല. ഒന്നും രണ്ടും ആഴ്ചകൾ കൊണ്ട് യോഗാ പഠിപ്പിക്കുന്ന സ്കൂളുകളും ചിലർ നടത്തുന്നു. അവിടെ പഠിച്ചവർ യോഗാ അദ്ധ്യാപകരായി  മാറുന്നതും ഹൈന്ദവ ശാസ്ത്രങ്ങൾക്ക് വിരോധാഭാസമാണ്. അനേക വർഷങ്ങൾ അർപ്പിത മനോഭാവത്തോടെ യോഗാ പരിശീലിച്ചവർക്കു മാത്രമേ നല്ല ഗുരുവാകാൻ കഴിയുള്ളൂവെന്നു യോഗാഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.  പതാഞ്ചലി  യോഗാ  സൂത്രായിൽ (1-14) നിരന്തരമായ യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെ വിവരിക്കുന്നുണ്ട്. 'യോഗാ ഒരുവൻ  ഭക്തിയോടെയും വിശ്വാസത്തോടെയും ഇടവിടാതെ നീണ്ടകാലം പരിശീലിച്ചാലെ  സ്ഥായിയായ ആദ്ധ്യാത്മിക പുരോഗതി ലഭ്യമാവുള്ളൂവെന്നു' 'പതാഞ്ചലി' വ്യക്തമാക്കിയിട്ടുണ്ട്. ആറു വർഷം തൊട്ടു പത്തു വർഷം വരെയെങ്കിലും, പരിശീലനക്കളരിയിൽ യോഗാ അഭ്യസിച്ചവർക്കേ  നല്ലൊരു യോഗാ ഗുരുവാകാൻ സാധിക്കൂ.  അഷ്ടാംഗ യോഗായിൽ ഗുരു പാരമ്പര്യം കർശനമായി   അനുശാസിക്കുന്നു.


യോഗായുടെ പ്രസിദ്ധരായ ഗുരുക്കന്മാർ യോഗാസനങ്ങൾ പഠിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിയ്ക്കുന്നുണ്ടെങ്കിലും ഒരു രോഗിയ്ക്കോ  ശരീരത്തിൽ   തീവ്രമായ മുറിവുള്ളവനോ യോഗാ പരിശീലനം കൊണ്ട് നേട്ടങ്ങളുണ്ടാകാൻ പോവുന്നില്ല. യോഗാസനങ്ങൾ നല്ല  പരിജ്ഞാനമുള്ള ഗുരുവിൽ നിന്ന് പരിശീലിക്കണമെന്ന്  യോഗായെ   ആധികാരികമായി കൈകാര്യം ചെയ്യുന്നവർ അഭിപ്രായപ്പെടുന്നു.  പരിജ്ഞാനമുള്ള ഗുരുക്കൾ  യോഗായുടെ പവിത്രീകരണത്തിന്  ആവശ്യവുമാണ്. 'പ്രാണായാമാ' പോലുള്ള ആസനങ്ങൾ പഠിക്കാൻ ശരീരത്തെ മുഴുവനായും സപ്ത നാഡികളെയും   പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതായുമുണ്ട്. എങ്കിലേ  ഉപബോധ മനസിനുള്ളിലെ ആത്മത്തെ ഉണർത്തി അനുഭവ സമ്പത്താക്കാൻ   സാധിക്കുകയുള്ളൂവെന്നു യോഗികൾ വിശ്വസിക്കുന്നു.   ലോകത്തിന്റെ  പ്രകാശമെന്നത്  ആത്മസത്തയെ കണ്ടെത്തുകയാണെന്നും പ്രസിദ്ധരായ യോഗാചാര്യന്മാർ  രേഖപ്പെടുത്തിയിട്ടുണ്ട്.
പാരമ്പര്യ യോഗാചിന്തകൾ പ്രായോഗിക ജീവിതത്തിൽ നടപ്പാക്കുക എളുപ്പമല്ല. കാരണം ഇന്നത്തെ യോഗാസംസ്ക്കാരം  പാശ്ചാത്യമായി കഴിഞ്ഞിരിക്കുന്നു. യോഗായെ തികച്ചും ഉത്ഭാദന മേഖല പോലെ വ്യവസായിവൽക്കരിച്ചിരിക്കുന്നതായും കാണാം.


മനുഷ്യർ പരസ്പരം സ്നേഹത്തോടെയും സഹവർത്തിത്തോടെയും  ജീവിക്കാനുതകുന്ന യോഗായെന്ന ശാസ്ത്രത്തെ  വ്യവസായ സംരംഭമാക്കിയ വഴി  അതിന്റെ  പരിശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.  ആധുനിക കാലത്തെ  വിവിധ സംസ്ക്കാരങ്ങളിൽ  കാണുന്ന യോഗാകൾ യോഗസൂത്രാദി ഗ്രന്ഥങ്ങളിൽ  വിവരിച്ചിട്ടുള്ളതല്ല.  വൈദിക കാലങ്ങളിലെ പൗരാണിക പുസ്തകങ്ങളുടെ അടിസ്ഥാന മൂല്യങ്ങളുള്ളതുമല്ല. ഭക്തിയോ വിശ്വാസമോ അദ്ധ്യാത്മികതയോ വ്യാവസായിക യോഗായിൽ കാണില്ല. മായം ചേർത്ത് ഒപ്പിയെടുത്ത യോഗാക്കളരികളാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. പഠിക്കുന്നവരും പഠിപ്പിക്കുന്നവരും യോഗായുടെ പവിത്രതയെപ്പറ്റി വ്യക്തമായി മനസിലാക്കുന്നില്ല. ഇന്ന് അഭ്യസിപ്പിക്കുന്ന  ഭൂരിഭാഗം കളരികളിലെ യോഗാ  വെറും പാഴായ വ്യായാമം മാത്രമാണ്. യോഗായുടെ പുതിയ ഇനങ്ങൾ ആരംഭിക്കുകയും പ്രയോജന രഹിതങ്ങളായ  അത്തരം യോഗാകൾ താമസിയാതെ ഇല്ലാതാവുകയും ചെയ്യുന്നു. ലാഭേച്ഛയോടെയുള്ള   യോഗാ പാഠങ്ങൾ  ഭഗവത് ഗീതയുമായൊ ഉപനിഷത്തുക്കളുമായൊ   പൌരാണിക യോഗ സൂത്രാദികളുമായൊ യാതൊരു ബന്ധവും കാണില്ല. ആധുനിക കാലത്തെ വ്യാവസായിക യോഗാ പൂർവിക പിതാക്കന്മാരുടെ പാരമ്പര്യ യോഗായെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.  പരിശുദ്ധിയില്ലാത്ത കച്ചവട യോഗാ  ആദ്ധ്യാത്മിക വീഥിയിൽനിന്നും വഴുതി മാറി   പകരം  വ്യവസായിക മുതലാളിമാരുടെ  കുത്തകയായി മാറി.


ക്രിസ്തുവിനു മുമ്പു മുതൽ പരമ്പരാഗതമായി  കാത്തു സൂക്ഷിച്ച  യോഗായുടെ പവിത്രതയെ നശിപ്പിച്ചുകൊണ്ടുള്ള ആധുനിക യോഗാസന മുറകൾ മനുഷ്യ നന്മയ്ക്ക് ഗുണപ്രദമായിരിക്കില്ല. യോഗായുടെ പരിശുദ്ധി നിറഞ്ഞ  ഗുണങ്ങൾ ലഭിക്കണമെങ്കിൽ ദൈവിക വഴിയെ മാത്രം ചിന്തിക്കണമെന്ന് ഉപനിഷത്തുക്കൾ ഉരുവിടുന്നു.  സർവ്വ കർമ്മങ്ങളിലും സത്യം മുഴങ്ങി കേള്ക്കണം. വ്യവസായിക യോഗാകളിൽ പണത്തോടുള്ള ആസക്തി കാരണം സ്വാർത്ഥ താല്പര്യങ്ങൾക്ക് മുൻതൂക്കം നല്കുന്നു. അത്തരം യോഗാകൾ സമൂഹത്തിൽ  പ്രശ്നങ്ങൾ സൃഷ്ടിക്കുകയേയുള്ളൂ. ഹിന്ദുക്കളെ സംബന്ധിച്ച് യോഗാ ഒരു പാരമ്പര്യ സ്വത്താണ്. അതിന്റെയർത്ഥം യോഗായുടെ അവകാശം ഹിന്ദുക്കൾക്ക് മാത്രമെന്നല്ല. യോഗായെന്നുള്ളത് ഒരു മതത്തിന്റെയും രാജ്യത്തിന്റെയും കുത്തകയെന്നു കരുതാനും കഴിയില്ല. ഇത് സനാതന ധർമ്മത്തിൽ നിന്നും പരിവർത്തന വിധേയമായി വന്ന വിദ്യയാണ്. ജാതി മത വിഭാഗിയതകൾക്കതീതമായി  പൂർവിക തലമുറകളിൽ നിന്നും  അണയാതെ കാത്തു സൂക്ഷിച്ച പവിത്രമായ സനാതനത്വത്തിൽ ഓരോ ഭാരതിയനും തുല്ല്യയവകാശമാണുള്ളത്.


പണ്ടു കാലത്ത് രാജ പ്രഭുതികളും പുരോഹിതരും അമ്പല തമ്പുരാക്കന്മാരും യോഗായെ കുത്തകയായി കരുതിയിരുന്നു. പകരം,   യോഗായിന്ന്  വ്യവസായികളുടെയും കോർപ്പറെറ്റുകളുടെയും  നിയന്ത്രണത്തിലേക്ക്  വഴുതി മാറുന്നതും  കാണാം. ചില ക്രിസ്ത്യൻ ഗുരുക്കൾ പാരമ്പര്യ യോഗായെ   ക്രിസ്ത്യൻ യോഗായെന്നു പേരിട്ടു വിളിക്കാറുണ്ട്.  യോഗായെന്നുള്ളത് ജൂഡോ ക്രിസ്ത്യൻ വാക്കല്ല. റോമൻ കത്തോലിക്കാ സഭയുടെയോ  നവീകരണ സഭകളുടെയോ ഗ്രന്ഥങ്ങളിൽ  യോഗായെപ്പറ്റി പറഞ്ഞിട്ടില്ല.   യോഗായെന്ന  വാക്ക് 'കിംഗ് വേർഷൻ' ബൈബിളിലും ഇല്ല. 'യോഗാ'യെന്നുള്ളത് വേദിക്ക് സംസ്ക്കാരത്തിൽ കടന്നു കൂടിയ സംസ്കൃത വാക്കാണ്.


ക്രിസ്ത്യാനികൾ യോഗാ പഠിക്കാൻ ഒരുമ്പെടുന്നുവെങ്കിൽ വേദിക്ക് സംസ്ക്കാരത്തിന്റെ അടിത്തറയിലേക്ക് പോകുന്നുവെന്ന് മനസിലാക്കണം. മറിച്ചുള്ള ചിന്തകളിൽ യോഗാ അഭ്യസിക്കുന്നവർ മാർക്കറ്റിംഗ് ഗുരുക്കളുടെ മായം ചേർത്ത യോഗായാണ് പഠിച്ചതെന്നു   കരുതിയാൽ മതി.  പാശ്ചാത്യ ആദ്ധ്യാത്മികതയിൽ കാണാത്ത പലതും കിഴക്കിന്റെ ആത്മീയ മണ്ഡലങ്ങളിൽ ഒളിഞ്ഞു കിടക്കുന്നതു  കാണാം. ആത്മീയത തേടി കിഴക്കിന്റെ ഉപനിഷത്തുക്കൾ ചികയാൻ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ളവർ ഭാരതത്തിൽ വന്നെത്താറുണ്ട്. കിഴക്കിന്റെ ആദ്ധ്യാത്മികതയിൽ ആരെയും നിത്യ നരകത്തിൽ തള്ളിവിടാറില്ല. പാപിയെന്ന് ആരെയും മുദ്ര കുത്തുകയോ, അവർക്കായി  പ്രാർത്ഥിക്കുകയോ ഇല്ല. എന്നാൽ യോഗായെന്നുള്ളത്  ദൈവവുമായി സല്ലപിക്കാനുള്ള ഒരു പ്രായോഗിക വഴിയാണ്. 'ഞാൻ വഴിയും സത്യവുമെന്ന് ' യേശു പറഞ്ഞതുപോലെ യോഗാദികളും  ഈശ്വരനിൽ ലയിക്കാൻ ഹൈന്ദവ വിശ്വാസത്തിലെ  മറ്റൊരു വഴിയാണ്. യേശു മാത്രമേ ദൈവത്തിങ്കലേയ്ക്കുള്ള വഴിയെന്നു ചിന്തിക്കുന്നവർക്ക്  യോഗായുടെ ആന്തരികാർത്ഥം മനസിലാക്കാൻ സാധിക്കില്ല. മത മൗലിക ക്രിസ്ത്യൻ ചിന്തകളിൽ ആദ്ധ്യാത്മികതയുടെ ഉത്തരം  വചനങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നു. മതപുരോഹിതരുടെ വാക്കുകളിൽ അടിമപ്പെട്ടും കിടക്കുന്നു. സത്യമായ യോഗായിലെ അഭ്യാസങ്ങൾ ക്രിസ്ത്യാനികളുടെ ചിന്തകളെയും സനാതന  തത്ത്വത്തിലേക്ക്  വഴി തിരിച്ചു വിടും. യോഗാ അഭ്യസിക്കുന്നവർ ക്രിസ്ത്യൻ പാരമ്പര്യം പരിത്യജിക്കണമെന്നില്ല.  യോഗായെ സ്വീകരിക്കുന്ന മൂലം ഭാരതീയ സംസ്ക്കാരത്തെ ഉൾക്കൊള്ളാനുള്ള   ആന്തരിക ജ്ഞാനം  ക്രിസ്ത്യാനികളിലും ഉണ്ടാവുകയാണ്. ഭാരതവും, രാജ്യത്തിലെ സ്നേഹമുള്ള  ജനങ്ങളും രാജാക്കന്മാരും എല്ലാക്കാലത്തും  വിദേശ സംസ്ക്കാരത്തെ സ്വീകരിച്ചിട്ടേയുള്ളൂ. പടിഞ്ഞാറേ സഹോദരരെ ആദരപൂർവമേ കണ്ടിട്ടുള്ളൂ. പകരം സംഭവിച്ചത് പടിഞ്ഞാറുള്ളവർ അമ്പലങ്ങളടിച്ചു തകർത്തു.  ഭാരത സംസ്ക്കാരത്തെ നശിപ്പിക്കാനെ പുറത്തുനിന്നുള്ളവർ ശ്രമിച്ചിട്ടുള്ളൂ. മതത്തിന്റെ പേരിൽ  കുടുംബങ്ങളെ തല്ലിപ്പിച്ച് പല വിഭാഗങ്ങളാക്കി. ഒരുവന്റെ യോഗായിലെക്കുള്ള വരവുവഴി വേദിക്ക് തത്ത്വങ്ങളിലേയ്ക്ക് എത്തുകയാണ്. യോഗാ, ഹിന്ദു മതത്തിന്റെ ഭാഗമായി തീർന്നെങ്കിൽ യോഗാ പരിശീലിക്കുന്നവർ ഹിന്ദുവാകണമെന്നില്ല. പക്ഷെ, ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നവർ യോഗായുടെ ആരംഭം സനാതന തത്ത്വങ്ങളിൽനിന്ന് ഉത്ഭവിച്ചതാണെന്നു മനസിലാക്കുകയും ചെയ്യും.

Cover Page: EMalayalee: http://emalayalee.com/varthaFull.php?newsId=101026

Malayalam Daily News: http://www.malayalamdailynews.com/?p=157379


10 comments:

 1. vargeeyan wrote: Emalayalee: ക്രിസ്ത്യാനിക്കിട്ട് ഒന്നു കൊട്ടാന്‍ പടന്നമാക്കല്‍ മറന്നിട്ടില്ല. ക്രിസ്തു ആണു ഏക മാര്‍ഗം എന്നാണു ക്രിസ്തു തന്നെ പഠിപ്പിച്ചത്. അതു മാറ്റാന്‍ ആര്‍ക്കാണു അധികാരം? അതിനെ പല രീതിയില്‍ വ്യാഖ്യാനിക്കാം. മാമ്മൊദീസ മുങ്ങിയാലും ഇല്ലെങ്കിലും നീതിയിലും നന്മയിലും ജീവിക്കുന്നവര്‍ ക്രിസ്തു മാര്‍ഗം തന്നെയാവും പിന്തുടരുന്നത്. പക്ഷെ യോഗ ക്രിസ്തു മതത്തിനു പറ്റിയതല്ല. അതു നല്ല വ്യായാമ മുറ ആയി സ്വീകരിക്കാം. അതില്‍ ആത്മീയത ഉണ്ടെന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. യോഗ ചെയ്തു പ്രാര്‍ഥന നടത്തുന്നത് നല്ലതായിരിക്കാം.ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് മോക്ഷം കിട്ടുന്നത് ദൈവ കൃപ കൊണ്ടാണെന്നാണു. നാമ്മുടെ യോഗ്യതയോ പ്രവര്‍ത്തിയോ കൊണ്ടല്ല. ഒന്നും ചെയ്യാതെ യോഗയും ചെയ്തിരുന്നാല്‍ മോക്ഷം ലഭിക്കുമോ? യോഗ എന്ന വില കൊടുത്ത് വാങ്ങാവുന്നതാണോ മോക്ഷ പ്രാപ്തി?

  ReplyDelete
  Replies
  1. George എഴുതിയത് : (ഈമലയാളിയിലെ കമന്റു കളിലൊന്ന്)

   നല്ല ഒരു ലേഖനം. അതോടൊപ്പം ശ്രീ അന്ദ്രുസിന്റെ പ്രതികരണവും വളരെ വിജ്ഞാനപ്രദം. Thinker എന്ന നാമ ധാരി പറയുന്ന മനോവ ഓണ്‍ലൈൻ എന്ന പ്രസ്ഥാനം ഒരു തീവ്ര ക്രിസ്ത്യൻ പ്രസിദ്ധീകരണം ആണ്;എന്ന് തോന്നുന്നു. അത് പിന്തുടരുന്നവർ ജോസഫ് പടന്നമാക്കലിന്റെ ലേഖനം മനസ്സിലാവാൻ സാധ്യത ഇല്ല.

   Delete
  2. Mr Joseph Mathew, താങ്കളുടെ യോഗയെ കുറിച്ചുള്ള പരിമിതമായ അറിവാണ് ഇവിടെ കാണുന്നത് , നാലു തരം യോഗ ഉണ്ട് അതിൽ രാജയോഗത്തിന്റ്റെ മുന്നം ഭാഗം മാത്രമാണ് ഹടയോഗം ( ), ഞാൻ മാത്രം ആണ് എക മാർഗം എന്നു യേശുദേവൻ പറയുമ്പോൾ അദേഹത്തിന് ഭാരതത്തെ കുറിച്ചും യോഗയെ കുറിച്ചും അറിയില്ലായിരുന്നു. അന്ന് ഇന്റർനെറ്റ് ഇല്ലല്ലോ , പക്ഷെ ഭാരതത്തിൽ ജനിച്ചു വളർന്ന ഇന്റെർനെറ്റിന്റ്റ്റെ മൂകിന്റ്റെ കിഴിൽ ഇരിക്കുന്ന താങ്കൾ യോഗ () മത്രം ആണ് എന്നു പറയുന്നത് ലജ്ജാവഹം തന്നേ. താങ്കള്ക്ക് വിശകുമ്പോൾ താങ്കളുടെ പിതാവോ , പുത്രനോ ഭഷണം കഴിച്ചാൽ താങ്കളുടെ വിശപ്പ് മാറുമോ ? അവനവൻ തന്നേ കഴിക്കണം, അതുപോലെ തന്നെയാണ് മോക്ഷപ്രാപ്തിയും, യോഗ പരിശീലിക്കാൻ മതം മാറണം എന്നില്ല എങ്കിലും, മനസ് മാറ്റിയാൽ മതി , പിന്നെ അടിച്ചു മാറ്റാതെഇരുന്നാൽ നന്ന് ... രണ്ടു വള്ളത്തിലും കാൽ ചവിട്ടിനിന്നാൽ എന്ത് സംഭവിക്കും എന്നു അറിയാമല്ലോ !!!

   Delete
  3. Sorry Joseph Mathew, My reply was to Vargeeyan......

   Delete
  4. വെറുതേ ഓരോന്ന് വിളിച്ചു പറയാതെ. ഞാൻ മാത്രം ഏക മാർഗം എന്ന് യേശു എവിടെയാണ് പറഞ്ഞിട്ടുള്ളത്?

   Delete
 2. ബ്ലോഗിൽ വരുന്ന ഈമാതിരി കമന്‍റുകള്‍, "ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് മോക്ഷം കിട്ടുന്നത് ദൈവ കൃപ കൊണ്ടാണെന്നാണു. നാമ്മുടെ യോഗ്യതയോ പ്രവര്‍ത്തിയോ കൊണ്ടല്ല. ഒന്നും ചെയ്യാതെ യോഗയും ചെയ്തിരുന്നാല്‍ മോക്ഷം ലഭിക്കുമോ? യോഗ എന്ന വില കൊടുത്ത് വാങ്ങാവുന്നതാണോ മോക്ഷ പ്രാപ്തി?" വായിക്കുമ്പോള്‍ അറിയാതെ പ്രതികരിച്ച്ചുപോവുകയാണ് ഞാന്‍ !
  ഒന്നാമതായി "മോക്ഷം" എന്ന പദം ,"മോഹങ്ങള്‍ ക്ഷയിക്കുക" എന്നതാണ് ! മോഹങ്ങള്‍ ഉണ്ടാകുന്നത് മനസിന്റെ ആലോചനകളിലാണല്ലോ! മനസിനെ സ്വയം മെരുക്കിയെടുത്തതില്‍ വന്നുപോകുന്ന ചിന്തകളെ ഇല്ലാതെയാക്കുക എന്നതാണ് യോഗയിലൂടെ, ധ്യാനത്തിലൂടെ ഒരുവന്‍ ആര്ജിക്കെണ്ടതും ! വി.മത്തായി ആറില്‍ ക്രിസ്തു മൊഴിഞ്ഞ "മനസാകുന്ന അറയില്കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടച്ചു രഹസ്യത്തിലുള്ള പിതാവും "....ഇതുതന്നെയാണ് ! വിവരദോഷികള്‍ കത്തനാരായി,നശിപ്പിച്ചു ഉന്മൂലനം ചെയ്ത ഒരു തലമുറയാണ് നാം എന്നതിന് ഇതുപോരേ സാക്ഷ്യം ? "അവനവന്റെ പ്രവർത്തികൾക്ക് അനുസരണമായി അവസാന ന്യായവിധിയുടെ നാളിലാണ് സ്വര്‍ഗനരകങ്ങള്‍ ലഭിക്കുന്നത്" എന്നും കത്തനാര് പള്ളിയില്‍ ചെന്നപ്പോള്‍ ചെവിയിലോതിത്തന്നില്ലയോ?
  അച്ചായന്മാരെ ,ഇതിനൊക്കെ ഒരു പോമ്വഴിയെ ഉള്ളൂ ,'ഭഗവത് ഗീത' മനസിലേറ്റുക ,'ഉദ്ദവഗീത' ഒരുവട്ടമെങ്കിലും വായിക്കുക ! തന്‍റെ നിറയൌവനത്തില്‍ കൃഷ്ണന്‍ അര്‍ജുനനോടും ,വയസാംകാലത്ത് സ്നേഹിതനായ ഉദ്ദവരോടും ഉപദേശിച്ചത്തിന്റെ വെറുമൊരു നുറുങ്ങാണ് ക്രിസ്തു നമ്മോടു(വി, മത്തായി 6) മൊഴിഞ്ഞതും ! ആത്മീകത എന്നാല്‍ ആത്മാവിനെ അറിയുക എന്നതാകയാല്‍ ,ആത്മാവിനെ സ്വയമറിയുവാന്‍ യോഗ/ധ്യാനത്തിലൂടെ മനസിനെ മെരുക്കി മോഹങ്ങളേ ക്ഷയിപ്പിക്കുക ,ഇല്ല്ലാതെയാക്കുക (ആശ/നിരാശ ,ദു:ഖമില്ലാതെയാവുക) എന്നതാണ് കരണീയം ...കിണറ്റിലെ തവളകളാകാതെ ബൈബിളില്‍നിന്നും കരകയറി ഭാരതീയ വേദാന്ത രഹസ്യങ്ങൾ ഇനിയെങ്കിലും മനസിലാക്കൂ..(അപ്പെന്മാര്‍ക്കോ പറ്റിയില്ല )
  പിന്നെ ജോബി ജോര്‍ജ് ന്‍റെ എരിവും അരിശവും മാര്‍ അങ്ങാടിയത്തിനെ തിന്നുകളയുമോ ആവൊ ?! പിണറായിയുടെ "നികൃഷ്ട" പ്രയോഗം മലയാളി മറക്കും മുന്‍പേ ജോബി എത്രനല്ല പദങ്ങളാണ് അന്ഗാടിയത്തിനിട്ടു താങ്ങിയത് ? അയ്യാളുടെ വി.ഗര്‍ഭവും ?! കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേട്ട് അനുകരിക്കട്ടെ ,അലാത്തവൻ സ്വര്‍ഗസ്ഥനായ പിതാവിന് പകരം അങ്ങാടിയത്തിനെ വിളിച്ചാരാധിക്കട്ടെ ...ദൈവത്തെ അറിഞ്ഞവന്‍ സമയംകിട്ടുംപോഴൊക്കെ ധ്യാനിക്കട്ടെ !

  ReplyDelete
  Replies
  1. സി രവിചന്ദ്രന്റെ 'ബുദ്ധനെ എറിഞ്ഞ കല്ല്‌ ' എന്ന കൃതി സമയമുള്ളവരെല്ലാം നിർബന്ധമായും വായിക്കണം. ഡി. സി ബുക്ക്സിൽ ലഭ്യമാണ്. നമ്മുടെ കുറെയധികം പൊള്ള വിശ്വാസങ്ങൾ തകർന്നു മണ്ണടിയും.

   Delete
  2. Vargeeyan അവകാശപെടുന്നത് ഇങ്ങനെ ആണ്, John 14:6 ( Jesus saith unto him, I am the way, the truth, and the life: no man cometh unto the Father, but by me.) പക്ഷേ ക്രൈസ്റ്റ് ഒരു വ്യക്തി അല്ല , ഒരു സ്റ്റേജ് ആകുന്നു എന്ന് മനസിലാക്കിയാൽ പ്രശനം കഴിഞ്ഞു ......

   Delete
 3. Malayalam Daily News Comments;
  (1) അമേരിക്കയിലെ പ്രസിദ്ധ യോഗാ ഗുരുവായ ശ്രീ തോമസ്‌ കൂവള്ളൂർ മലയാളം ഡെയിലി ന്യൂസിൽ എഴുതി, (Thomas Koovalloor: May 24, 2015 at 2:10 pm):" യോഗയെപ്പറ്റി വളരെ നല്ല ഉള്‍കാഴ്ചയോടെ ജോസഫ്‌ മാത്യു പടന്നമാക്കല്‍ എഴുതിയ ലേഖനം ആധുനിക ലോകത്തിനു യോഗയെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ നീങ്ങാന്‍ പര്യാപ്തമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. "


  (2): Baiju Jacob wrote on May 24, 2015 at 10:12 PM
  "ശ്രീ ജോസഫ് പടന്നമാക്കലിന്റെ ഈ ലേഖനം വളരെ നന്നായിരിക്കുന്നു. സാധാരണ ക്രൈസ്തവ ചരിത്രങ്ങളെഴുതാറുള്ള പടന്നമാക്കല്‍ യോഗയെക്കുറിച്ച് വളരെ ആധികാരികതയോടെ എഴുതിയതില്‍ അഭിനന്ദനങ്ങള്‍. ഇത്തരം കാലിക പ്രസക്തിയുള്ള ലേഖനങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി വിവരിക്കുമ്പോള്‍ അത് വായിക്കാനും മനസ്സിലാക്കാനും എളുപ്പമാണ്. ലേഖനത്തിന്റെ ദൈര്‍ഘ്യം അല്പം കൂടിപ്പോയോ എന്നൊരു സംശയം. എങ്കിലും ശ്രീ പടന്നമാക്കല്‍ ഇനിയും ഇതുപോലെയുള്ള വിഷയങ്ങള്‍ വായനക്കാരിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു."

  ReplyDelete
 4. Malayalam Daily News Comments:
  സത്യക്രിസ്ത്യാനി:
  May 25, 2015 at 5:44 pm

  എന്റെ കമന്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാതിരുന്നതെന്ന് പത്രാധിപർക്ക്‌ മറുപടി തരാമോ? എല്ലാവർക്കും കമന്റുകൾ എഴുതാനുള്ള സ്ഥലത്തല്ലേ ഞാനും എഴുതിയത്. പിന്നെ എന്താണ് പ്രശ്നം.
  അതോ കൂലി എഴുത്തുകാരുടെ ലേഖനങ്ങൾക്ക് കമന്റുകൾ എഴുതാൻ പാടില്ലെന്നുണ്ടോ? മറ്റുള്ള പത്രങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ പത്രത്തിനുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം.


  Chief Editor says: താങ്കളുടെ കമന്റ് യഥാവിധി കിട്ടിയിരുന്നു. അതിൽ അടങ്ങിയിരിക്കുന്ന ചില പരാമർശങ്ങൾ മലയാളം ഡെയ്ലി ന്യൂസ് സ്വീകരിച്ചിരിക്കുന്ന മാനദണ്ഢങ്ങളില് നിന്ന് വിഭിന്നമാണെന്ന് തോന്നിയതുകൊണ്ടും, ലേഖനത്തിന്റെ ഉള്ളടക്കത്തില് നിന്ന് വ്യതിചലിച്ച് ലേഖകനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് തോന്നിയതുകൊണ്ടും അത് അഡ്മിന് മോഡറേഷൻ ചെയ്യേണ്ടെന്നു തീരുമാനിച്ചു. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളില് വിയോജിപ്പുണ്ടെങ്കിൽ അവ വ്യക്തമായി എഴുതിയാൽ ലേഖകനും വായനക്കാർക്കും അത് ഗുണം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഏത് മതവിശ്വാസിയായാലും തന്റെ അറിവും പരിജ്ഞാനവും മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോൾ ആ അറിവ് കൂടുതല് ശോഭിക്കും. എഴുത്തിന് മതമില്ല, ജാതിയില്ല, നിറമില്ല. അറിവുള്ളവർ എഴുതുമ്പോൾ ആധികാരികമായി അവർ പല റഫറന്സ് ഗ്രന്ഥങ്ങളും വായിച്ചെന്നിരിക്കും. അതിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ലേഖനം തയ്യാറാക്കുന്നത്. അവ പ്രസിദ്ധീകരിക്കുമ്പോൾ മുഴുവനും വായിച്ച് മനസ്സിലാക്കാതെ തീർത്തും അവഗണനാമനോഭാവത്തോടെ കാണുകയും, മറ്റൊരു പേരിൽ അഭിപ്രായമെഴുതുകയും, ആ അഭിപ്രായങ്ങൾ ഞങ്ങൾ അപ്പാടെ പ്രസിദ്ധീകരിക്കുകയും ചെയ്താൽ അത് പത്രത്തേയും ലേഖകരേയും ഒരുപോലെ ബാധിക്കുമെന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള വായനക്കാർക്ക് പത്രത്തിനോട് വിരക്തി തോന്നാനും സാധ്യതയുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പത്രത്തിന്റെ മാന്യത നിലനിർത്തണമെന്നത് നിര്ബ്ബന്ധമാണ്. അതേ അളവിൽ തന്നെ എഴുത്തുകാരുടെ മാന്യതയേയും കാത്തുസൂക്ഷിക്കാന് ഞങ്ങൾ ബാധ്യസ്ഥരാണ്. ഓരോ പത്രങ്ങളും അതിന്റേതായ മാനദണ്ഡങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. താങ്കൾ മറ്റു പത്രങ്ങളിൽ അഭിപ്രായങ്ങൾ (കമന്റുകൾ ) എഴുതുന്ന വ്യക്തിയായിരിക്കാം, അവര് അതപ്പാടെ പ്രസിദ്ധീകരിച്ചെന്നും വരാം. പക്ഷെ, ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമേ അല്ല. ഞങ്ങൾക്ക് എന്തു കിട്ടുന്നു എന്നുമാത്രമേ ഞങ്ങള് നോക്കാറുള്ളൂ.

  ശ്രീ ജോസഫ് പടന്നമാക്കലും മറ്റു സാഹിത്യകാരന്മാരും കൂലി എഴുത്തുകാരല്ല. ശ്രീ പടന്നമാക്കലിന്റെ നിരവധി ലേഖനങ്ങൾ, അതും വ്യത്യസ്ഥ വിഷയങ്ങളിൽ എഴുതിയവ, ഈ സൈറ്റിൽ ലഭ്യമാണ്. 'ആർട്ടിക്കിൾ' എന്ന കാറ്റഗറിയിൽ അവയെല്ലാം ഉണ്ട്. അത് വായിക്കണമെന്ന് താല്പര്യപ്പെടുന്നു. എന്നിട്ട് അദ്ദേഹത്തെ വിമർശിക്കുക. അദ്ദേഹത്തെപ്പോലെയുള്ള എഴുത്തുകാരെ നിരുത്സാഹപ്പെടുത്താനോ, അവഹേളിക്കാനോ ഈ സൈറ്റ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല എന്നുകൂടെ ഇത്തരുണത്തിൽ ഓർമ്മിപ്പിക്കട്ടെ. താങ്കൾക്കും ലേഖനങ്ങൾ എഴുതാം, ഞങ്ങൾക്ക് അയക്കാം. പ്രസിദ്ധീകരണയോഗ്യമാണെങ്കിൽ തീർച്ചയായും പ്രസിദ്ധീകരിക്കും.

  താങ്കളുടെ ആദ്യത്തെ കമന്റ് പ്രസിദ്ധീകരിക്കാതെ ഇതുമാത്രം പ്രസിദ്ധീകരിച്ചത് താങ്കളുടേയും സമാന ചിന്താഗതിക്കാരായ മറ്റുള്ളവരുടേയും അറിവിലേക്കായി മാത്രമാണ്.

  ചീഫ് എഡിറ്റർ

  ReplyDelete