Translate

Monday, November 23, 2015

സ്വീകാര്യമായ പോംവഴി - സി. രാധാകൃഷ്ണന്‍

ജോര്‍ജ് മൂലേച്ചാലില്‍ എഴുതിയ 'നവകൊളോണിയലിസത്തിന്റെ നാല്ക്കവലയില്‍' എന്ന ഗ്രന്ഥത്തിന് പ്രശസ്ത എഴുത്തുകാരന്‍  സി. രാധാകൃഷ്ണന്‍ എഴുതിയ അവതാരിക

ജീവിച്ചിരിപ്പുള്ള മനുഷ്യര്‍ എല്ലാ കാലത്തും എവിടെയും അറിഞ്ഞും അറിയാതെയും, ഏറ്റക്കുറച്ചിലോടെയെന്നാലും, നിറവേറ്റുന്ന ഒരു ചുമതലയുണ്ട്: ലോകത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിയുക.

ഈ കൃതിയില്‍ ജോര്‍ജ് മൂലേച്ചാലില്‍ ഏറ്റെടുക്കുന്നത് ഈ അന്വേഷണംതന്നെയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ബുദ്ധിജീവിയോ വിദേശീയാംഗീകാരമുള്ള പണ്ഡിതനോ ഒന്നുമല്ല ഇദ്ദേഹം. നേര്‍വഴിക്കു ചിന്തിക്കാന്‍ ധൈര്യവും കഴിവുമുള്ള ഒരു സാധാരണക്കാരന്‍. ഇതിനുമുമ്പും കാര്യപ്പെട്ട ചില തുറന്ന ആലോചനകള്‍ നടത്തിയിട്ടുണ്ട് എന്നേയുള്ളൂ.
 
സരളമെങ്കിലും ശാസ്ത്രീയമാണ് ഇദ്ദേഹത്തിന്റെ സമീപനം. ഏതു സംഗതിയും ആലോചനാവിഷയമാക്കാം, വിലക്കപ്പെട്ടതായി ഒന്നുമില്ല, എന്നതാണല്ലോ സയന്‍സിന്റെ പ്രാഥമികപാഠങ്ങളില്‍ ഒന്ന്. തിരുത്തലുകള്‍ക്ക് ഇടവും പ്രസക്തിയും എപ്പോഴും ഉണ്ട് എന്നത് മറ്റൊരു പാഠവും.
 
ഈ രണ്ടു പാഠങ്ങളും നിരാകരിക്കുന്ന രണ്ടു സ്ഥാപനങ്ങള്‍ നമുക്കുണ്ട്: സംഘടിതമതങ്ങളും വ്യവസ്ഥാപിത കമ്യൂണിസവും. സയന്‍സാണ് ആധുനിക ലോകത്തിന്റെ നട്ടെല്ലും നെടുന്തൂണും എന്നൊക്കെ തോന്നാമെങ്കിലും, വാസ്തവത്തില്‍ അല്ല, ഇപ്പറഞ്ഞ രണ്ടുമാണ്. ലോകത്തിന് ഗുണകരങ്ങളായ മാറ്റങ്ങളെ ഇവ പ്രതിരോധിക്കുന്നു. സയന്‍സിനെ, തിരുത്തലിനുള്ള അതിന്റെ വാസനയുടെ മുനയൊടിച്ചുകളഞ്ഞ്, 'ചന്തസംസ്‌കാര'ത്തിന്റെ അടുക്കളപ്പണിക്ക് വിനിയോഗിക്കയും ചെയ്യുന്നു.
 
ഗലീലിയോവിനേക്കാള്‍ ശരിയാണ് ന്യൂട്ടണ്‍ പറഞ്ഞതെന്ന നേര് സയന്‍സ് നിരുപാധികം അംഗീകരിച്ചു. ആരും ആര്‍ക്കും മുര്‍ദ്ദാബാദോ സിന്ദാബാദോ വിളിച്ചില്ല. അതേപോലെ, ന്യൂട്ടണേക്കാള്‍ ശരിയാണ് ഐന്‍സ്റ്റീന്‍ പറഞ്ഞതെന്ന നേരും ഒരു പ്രതിരോധവും കൂടാതെയെന്നു മാത്രമല്ല, സഹര്‍ഷമാണ് ലോകം സ്വീകരിച്ചത്. സയന്‍സ് ഇനിയും ഇതുപോലെ ചില പടികള്‍ കയറിയാല്‍ ഇപ്പോഴത്തെ 'ചക്രവര്‍ത്തി'മാരുടെ കിരീടം പോകാമെന്നതിനാലാവാം, 'ഉദാരവല്‍കൃത'ലോകം സയന്‍സിന്റെ മൗലികചിന്തയുടെ മുനയൊടിക്കുന്നത്.
 
എന്നിട്ടും, ഇപ്പോഴേ സയന്‍സ് ഒരു കാര്യം തീര്‍ത്തുപറയുന്നുണ്ട്: പ്രകൃതിവിഭവങ്ങള്‍ ഇപ്പോഴത്തെ നിരക്കില്‍ ചൂഷണം ചെയ്യുകയും പരിസ്ഥിതിയുടെയും മനഃസ്ഥിതിയുടെയും മലിനീകരണത്തോത് ഇതേപടി തുടരുകയുമാണെങ്കില്‍, ഏറിയാല്‍ രണ്ടു പതിറ്റാണ്ടിനപ്പുറം ഭൂഗോളം ജീവവാസയോഗ്യമല്ലാതായിപ്പോകും!  വെറുതെയല്ല, കാര്യകാരണസഹിതമാണ് ഈ നിഗമനം.
 
അപ്പോള്‍, പണ്ഡിതനെന്നോ പാമരനെന്നോ യുജിസി എന്നോ ഒബിസി എന്നോ ഭേദമില്ലാതെ എല്ലാവരും ഒരുപോലെ ഇതിനെന്തു പോംവഴി എന്നു ചിന്തിക്കണ്ടേ?
 
അങ്ങനെ ചിന്തിക്കുമ്പോള്‍, ഇതിങ്ങനെയായത് എങ്ങനെ എന്നല്ലേ ആദ്യം അന്വേഷിക്കേണ്ടത്? അപ്പോഴോ? 'ശീലംപോലെ കോലം' എന്നാണല്ലോ. എന്തു വിശ്വസിച്ചും പ്രവര്‍ത്തിച്ചുമാണു ലോകം ഈ കോലത്തിലായത്?
 
വിശ്വസിക്കാന്‍ മതങ്ങളേ ഉണ്ടായിരുന്നുള്ളൂ; അഥവാ, മതങ്ങളെന്ന പേരില്‍ നിലനിന്ന സംവിധാനങ്ങള്‍. പ്രവര്‍ത്തനശൈലി കമ്പോള സംസ്‌കാരത്തിന്റെ വ്യാപനമായിരുന്നു. ചന്തമിടുക്കാണ് വിജയം നിശ്ചയിച്ചത്. ആയുധങ്ങളാണ് തീര്‍പ്പുകള്‍ ഉണ്ടാക്കിയത്. ധനബലവും പേശീബലവുമാണ് നീതി നിശ്ചയിച്ചത്. ഉപഭോഗസുഖമെന്ന മായാമരീചികയാണ് ലക്ഷ്യമായിരിക്കുന്നത്. ഇതിനായി സ്വാര്‍ത്ഥതാല്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള മത്സരം മനുഷ്യന്റെ സര്‍ഗ്ഗശേഷിയെ വന്ധ്യംകരിച്ചുകൊണ്ടിരിക്കുന്നു.
 
അതായത്, കാര്യങ്ങള്‍ നേരെയാകണമെങ്കില്‍ ഇതൊക്കെ മാറണം. മാറ്റാന്‍ എന്ന പേരില്‍ ലോകമെമ്പാടും അരങ്ങേറിയെങ്കിലും കമ്യൂണിസം പരാജയപ്പെട്ടു. കാരണം, ഉപഭോഗസുഖം ഏറ്റവും കൂടുതലായി ഇന്നലെവരെ കൈയാളിയവരെ ഉന്മൂലനം ചെയ്ത് പുതുതായി ചിലര്‍ക്ക് അവസരം നല്‍കാനല്ലാതെ ലക്ഷ്യത്തിന്റെ കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. അതേതരം പ്രകൃതിചൂഷണവും വ്യാവസായിക വളര്‍ച്ചയും തന്നെയാണ് മുന്നില്‍ കണ്ടത്.
 
സയന്‍സിനെയും മതങ്ങളെയും ചന്തമൂപ്പന്‍മാരുടെയും ചക്രവര്‍ത്തിമാരുടെയും കൈയില്‍നിന്ന് മോചിപ്പിച്ചേ തീരൂ. ഇതിനൊരു ബലപ്രയോഗവും ആവശ്യമില്ല. മനുഷ്യര്‍ തങ്ങളുടെ വിശേഷബുദ്ധി പ്രകോപനങ്ങള്‍ക്കും പ്രീണനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അതീതമായി, സ്വതന്ത്രമായും, ഉപയോഗിക്കുക മാത്രമേ വേണ്ടൂ. ഒരു തിരി തെളിയുമ്പോള്‍ ഇരുട്ടില്‍ കണ്ട ഭൂതം വെറും മരക്കുറ്റിയും, സുന്ദരിയായ യക്ഷി കമുങ്ങിന്‍പാളയുമാകുമ്പോലെ എല്ലാ മായക്കാഴ്ചകളും ഒറ്റയടിക്കു നീങ്ങും.
 
വ്യക്തിപരമായി ധീരമായെടുക്കുന്ന വൈകാരികമായ ഒരു നിലപാട് - അത്രയേ വേണ്ടൂ. അതിനുള്ള കോപ്പ് എവിടന്നു കിട്ടുമെന്നാണെങ്കില്‍, ഇന്നേവരെ മിക്കവാറും തെറ്റായും തന്ത്രപരമായുംമാത്രം വ്യാഖ്യാനിക്കപ്പെട്ടുപോരുന്ന വേദപുസ്തകങ്ങള്‍ ശരിയായി നോക്കിയാല്‍മതി. ഏതു മതങ്ങളെ പാഠമാക്കിയാലും കുഴപ്പമില്ല. രക്ഷപ്പെടാം.
 
മനുഷ്യനു വായിച്ചാല്‍ മനസ്സിലാകുന്ന നല്ല മലയാള ഭാഷയില്‍, കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെയും അര്‍ത്ഥശങ്കയ്ക്കിടമില്ലാതെയും ഗ്രന്ഥകാരന്‍ പറഞ്ഞിരിക്കുന്നു. ദൈവാനുഗ്രഹമെന്നൊന്ന് ഉണ്ടെങ്കില്‍, അത് ഈ സല്‍പ്രവൃത്തിക്കു പ്രതിഫലമായി ഉളവാകുമെന്ന് എനിക്കു തോന്നുന്നു.

ഇദ്ദേഹം സ്വപ്നംകാണുന്ന ഈ സ്വര്‍ഗ്ഗരാജ്യത്തിനായിത്തന്നെയാണല്ലോ, ഈ പാവം ഞാനുള്‍പ്പെടെ, ഭൂമിയിലെ എല്ലാ കലാകാരന്മാരും വേഴാമ്പലുകള്‍ വര്‍ഷത്തിനെന്നപോലെ കാത്തുകിടക്കുന്നത്.

100 രൂപാ വിലയുള്ള ഈ പുസ്തകം ഈ മാസം 31-നുമുമ്പ് ഗ്രന്ഥകാരന്റെ വിലാസത്തില്‍ (മൂലേച്ചാലില്‍, വള്ളിച്ചിറ 686574) 60 രൂപാ അയയ്ക്കുന്നവര്‍ക്ക് ബുക്ക്‌പോസ്റ്റായി അയയ്ക്കുന്നതായിരിക്കും.

2 comments:

  1. VPP ആയി ഒരു കോപ്പി samuelkoodal/samdale/ kalanjoor.po/pin 989694
    എന്ന വിലാസത്തില്‍ അയച്ചുതരിക...

    ReplyDelete
  2. It is unbelievable that there are scholars and learned men in the church who learn philosophy and logic for years and spend hours in the library, but are totally disabled to use even a tiny candle-light of reason to their beliefs. As they grow in "wisdom", the realm of faith gets separated with light-tight walls and their reason becomes fettered, and it becomes a herculean task to break these fetters and fly up to the horizon freedom of thought and existence,without getting mortally injured.

    ReplyDelete