കൊച്ചി: വിവാഹം വിദ്യാഭ്യാസത്തേക്കാൾ പ്രധാനമെന്ന് ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ‘വിവാഹദൈവവിളി വിലമതിക്കപ്പെടട്ടെ’ എന്ന പേരിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിലാണിത് പറയുന്നത്. വിവിധ കാരണങ്ങളാൽ വിവാഹം വേണ്ടെന്നു വെച്ച് ജീവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇടയലേഖനം. പഠിച്ച് ജോലി വാങ്ങി പണവും പദവിയും സ്വരൂപിച്ച ശേഷം വിവാഹം കഴിച്ചാൽ മതിയെന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് ശരിയല്ല. സ്വത്തും ജോലിയും വിവാഹത്തോടെ ഇല്ലാതാകുന്നില്ല.
വിവാഹം തുടർപഠനത്തിന് തടസ്സമാകില്ല. വിവാഹത്തെ ദൈവിക പദ്ധതിയുടെ ഭാഗമായി കാണണം. പുതിയ മാധ്യമ സംസ്കാരം വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകളാണ് ചെറുപ്പക്കാരിൽ പകരുന്നത്. കഴിയുന്നത്ര കാലം ജീവിതം ആസ്വദിച്ച ശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാർമിക പ്രവർത്തികൾ വർദ്ധിക്കാൻ കാരണമാകുന്നു. അവിവാഹിതരായവരെ വിവാഹം കഴിക്കാൻ ദമ്പതിമാർ പ്രേരിപ്പിക്കണം. ഇതിന് മാതൃകയാകാൻ വിവാഹിതർക്ക് ബാദ്ധ്യതയുണ്ട്.
ഉത്തമരായ 10 ദമ്പതിമാരെങ്കിലും ഒരിടവകയിൽ ഉണ്ടാകണമെന്നും മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നിർദ്ദേശിക്കുന്നു.  ഈ മാസം ഏതെങ്കിലും ഞായറാഴ്ച രൂപതയിലെ പള്ളികളിൽ വായിക്കണമെന്ന നിർദ്ദേശത്തോടെയാണിത് പുറപ്പെടുവിച്ചിരിക്കുന്നത്.