Translate

Wednesday, May 18, 2016

എനിക്കു നിന്നെ അറിയില്ല







(വളരെ ശ്രദ്ധാപൂർവം നീ നെയ്തെടുത്ത സ്വന്തമെന്നു പറയാവുന്ന സുന്ദരമായയീ സ്വപ്നത്തിനിതാ അന്ത്യമായിരിക്കുന്നുവെന്നു സ്വഭൂതങ്ങൾ ഉരുവിടുന്നതു കേൾക്കാനിടവന്നാൽ ആരും ഞെട്ടും. സുബോധമുള്ളവരെന്നു വിശേഷിപ്പിക്കപ്പെടുന്നവരുൾപ്പെടെ എങ്ങനെ വഴിമാറാമെന്നു ചിന്തിക്കും. വിധിയറിഞ്ഞിട്ടും നിർഭയം, നിസ്സങ്കോചം ആരെയും കൂസാതെ, ആരെങ്കിലും കർമ്മബദ്ധരായി വീണ്ടും അതേ പാത തുടരുന്നുവെങ്കിൽ അവൻ നെയ്തുകൊണ്ടിരുന്നത് സ്വപ്നങ്ങളായിരിക്കില്ല, സത്യത്തിന്റെ അലുക്കുകളായിരുന്നിരിക്കും.

അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ശ്രീ സക്കറിയാസ് നെടുങ്കനാലെന്ന 'താന്തോന്നി'യുടെ ജീവിതം എനിക്കെന്നും ഒരു സമസ്യയായിരുന്നു. മിക്ക ലോക താത്വിക-ശാസ്ത്രാചാര്യന്മാരുടെ മഹത്ഗ്രന്ഥങ്ങളും തന്നെ അദ്ദേഹം വായിച്ചിട്ടുണ്ട്; വളരെ ആഴമേറിയ പല പ്രപഞ്ചസത്യങ്ങളും വളരെ സരളമായി വിശദീകരിക്കുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുമുണ്ട്. അവിടെയൊന്നുമല്ല എന്റെ മനസ്സുടക്കിയത് - അദ്ദേഹം ചിന്തിച്ചതും, പറഞ്ഞതും, ചെയ്തതുമെല്ലാം ഒന്നു തന്നെയായിരുന്നുവെന്നത് എന്നെ വല്ലാതെ അമ്പരപ്പിച്ചുകളഞ്ഞു! മനുഷ്യരുടെ അളവിൽ, അതൊരു താന്തോന്നിക്കേ സാധിക്കൂ; ആതുകൊണ്ടാണു ഞാനദ്ദേഹത്തെ താന്തോന്നിയെന്നു തന്നെ വിളിക്കുന്നത്. അദ്ദേഹത്തിൻറെ രീതിയിൽ <യേശുവും ഒരൊന്നാന്തരം താന്തോന്നിയായിരുന്നു എന്ന് നമുക്കറിയാം. സക്കറിയാസ് അറിയാത്ത ഒരു സ്പന്ദനവും പശ്ചിമഘട്ടത്തിന്റെ തുടർച്ചയായ അദ്ദേഹത്തിന്റെ സ്വന്തം മലഞ്ചെരിവുകളിൽ ഉണ്ടായിരുന്നോയെന്നു ഞാൻ സംശയിക്കുന്നു. പ്രപഞ്ചവുമായി അദ്ദേഹം സ്ഥാപിച്ച പ്രണയബന്ധം ഈ ഭൂമിയുടെ അക്ഷാംശങ്ങൾ വരെ നീളുന്നതായിരുന്നുവെന്നു പറയുന്നതായിരിക്കും ശരി. എങ്കിലും ആ ജലാശയം എന്നും ശാന്തമായിരുന്നു!




ഏഴു പതിറ്റാണ്ടുകളിലെ നിലാവുകൾ മുഴുവൻ അദ്ദേഹം രുചിച്ചവയാണെന്നു ചിന്തിക്കാൻ പോലും എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല; അത്രയ്കു യൗവ്വനമാണദ്ദേഹത്തിന്റെ ​കണ്ണുകളിൽ. ഒരു രക്ഷകനായല്ലാതെ ഒരിക്കലും ആസ്പത്രിയുടെ വാതിലുകളിൽ മുട്ടിയിട്ടില്ലാത്ത അദ്ദേഹത്തിനു തളർന്നു വീഴാൻ ഇടമൊരുക്കിക്കളയാമെന്ന് ഒരാസ്പത്രി തന്നെ നിശ്ചയിച്ചില്ലായിരുന്നെങ്കിൽ....! ഗുരുതരമായ ഒരു ഹൃദയാഘാതത്തിൽ കുടുങ്ങിപ്പോയി, അദ്ദേഹത്തിന്റെ ഭൌതിക ശരീരം. അതിവിദഗ്ദ ചികിത്സകൾക്കു വേണ്ടി മൂന്നോളം ആസ്പത്രികളുടെ ICU കളിലും വെന്റിലേറ്ററുകളിലുമായി രണ്ടുമൂന്നാഴ്ചകൾ അദ്ദേഹം ചിലവിട്ടു!


കൈകൾ ചലിക്കുന്നുവെന്നുറപ്പു വന്നപ്പോൾ ഒരു കടലാസ്സിലദ്ദേഹം പ്രപഞ്ചത്തിന്റെ രഹസ്യം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങിനെ കുറിച്ചത് ഒരു കസിൻ വഴി എനിക്കയച്ചുതന്നു, - 'എനിക്കു നിന്നെ അറിയില്ലാ'യെന്ന ശീർഷകത്തിൽ. ആ കുറിപ്പ് ഞാനിവിടെ പ്രസിദ്ധീകരിക്കുന്നു. അതൊരു കുറിപ്പായി കാണാൻ എനിക്ക് കഴിയുന്നില്ല - മൗലിക മഹദ്ഗ്രന്ഥങ്ങളുടെ സത്ത പിഴിഞ്ഞെടുത്താലും ഇങ്ങിനെയേ ഇരിക്കൂ - ജോസഫ് മറ്റപ്പള്ളി)


"ഇന്നെനിക്കു ലേശം പോലും ഭയം തോന്നാത്തത്, സത്യമായി അടുത്തടുത്തു വരുന്ന മരണമെന്ന അന്ത്യത്തിന് മുമ്പിലാണ്. ഏറ്റവും വലിയ ഈ കണ്ടെത്തലിൽ

എന്നെ കൊണ്ടെത്തിച്ചത് വളരെ ചെറിയ കാര്യങ്ങളാണ്. ഞാൻ എന്ന അതിനിസ്സാരനു ചുറ്റും ഉരുണ്ടു കളിക്കുന്ന അതിസൂഷ്മങ്ങളായ തമോഗർത്തങ്ങളേപ്പറ്റിയുള്ള എന്റെ ബോധം തെളിഞ്ഞു വരികയാണ്. "നിന്റെ സ്വരൂപം" എന്ന ശീർഷകത്തിൽ അടുത്ത നാളുകളിൽ ഞാനെഴുതിക്കൊണ്ടിരുന്ന വിഷയങ്ങളുടെ പരിസമാപ്തിയാണിത് എന്നും പറയാം. മരിയൻ സെന്റർ (പാലാ), കാരിത്താസ്‌ (കോട്ടയം), ലിസി (എറണാകുളം) എന്നീ ആശുപത്രികളിലെ ICU കളിലൂടെയുള്ള ഒരാഴ്ചത്തെ ഓട്ടവും അതിനാക്കം കൂട്ടി.


"നീ ലോകത്തിന്റെ പ്രകാശമാണ്" എന്നു വിളിച്ചുപറഞ്ഞ് കടന്നുപോയ ഗുരു മനുഷ്യനെ കണ്ടത് സ്വയമേയും ചുറ്റുവട്ടത്തേയും പ്രകാശിപ്പിച്ചുകൊണ്ടിരിക്കേണ്ട ഒരു കിരണമായിട്ടായിരുന്നിരിക്കണം. സത്യത്തിന്റെ കിരണത്തെ മൂടിക്കളയാൻ അസത്യത്തിന്റെ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം വ്യക്തമായ താക്കീതു നല്കിയിരുന്നു. തങ്ങളുടെ മണവാളന്മാരെ കാത്തിരുന്ന പത്തു കന്യകകളിൽ അഞ്ചുപേർക്ക് സംഭവിച്ചത് ഓർമ്മിക്കുമല്ലോ! ആർത്തു കരഞ്ഞിട്ടും എണ്ണ തീർന്നു വിളക്കണഞ്ഞു പോയ അവർക്ക് കിട്ടിയ പ്രതികരണം കരുണയുടേതായിരുന്നില്ല - "എനിക്ക് നിന്നെ അറിയില്ല" എന്ന തിരസ്കരണത്തിന്റെ വിധിവാക്യമായിരുന്നു


അസത്യത്തിൽ കുടുങ്ങിപ്പോകുന്ന ഓരോ വ്യക്തിയും തെളിച്ചമില്ലാത്ത വിളക്കുമായി നടക്കുന്ന വിഡ്ഢിയാണ്. 'ഞാൻ' എന്ന സൂഷ്മാസ്തിത്വത്തിനു മീതെ അസത്യത്തിന്റെ പൂഴി വന്നുമൂടുന്നത് അതിശീഘ്രമാണ്. എന്റെയും കുടുംബത്തിന്റെയും പേര്, ശാശ്വതമെന്നു വിശ്വസിക്കപ്പെടുന്ന ബന്ധങ്ങൾ, സമ്പാദ്യങ്ങൾ, സ്ഥാനമാനാദികൾ, നേടിയതും നേടാനിരിക്കുന്നതുമായ വലിയ കാര്യങ്ങൾ എന്നതെല്ലാം 'ഞാൻ' എന്ന അദമ്യമായ സത്യാങ്കുരത്തെ അതിന്റെ നേർക്കാഴ്ച്ചകളിൽ നിന്ന് വ്യതിചലിപ്പിക്കാൻ മാത്രമേ ഉപകരിക്കുന്നുള്ളൂവെന്നത് ഏവരും മറന്നു പോകുന്നു. വളരെപ്പെട്ടെന്നാണ് അർത്ഥശൂന്യമായ ഒരു മിഥ്യയായി, നാം മാറിപ്പോകുന്നത്. അങ്ങേയറ്റം സരളവും വ്യക്തവുമായിരിക്കേണ്ട മനുഷ്യവ്യക്തി മണവാളനാൽപ്പോലും തിരിച്ചറിയപ്പെടാത്ത ഒരു ബീഭൽസരൂപമെടുക്കുന്നു. അതിനോടിടക്കു ദൈവാന്വേഷണം മോക്ഷസങ്കല്പങ്ങൾ, അവയെ സാക്ഷാത്ക്കരിക്കാനുള്ള ഭക്തി- പൂജാദികൾ എന്നിവയുടെ ഭാരവും അവനു മേൽ വന്നുവീഴുന്നു. സുന്ദരമായ ഒരു ദൈവാങ്കുരം ചുറ്റുപാടുമുള്ളതിനെയെല്ലാം വിഴുങ്ങാൻ തക്കം നോക്കിയിരിക്കുന്ന ബീഭബൽസമായ ഒരു തമോഗർത്തമായി രൂപമെടുത്തു കഴിഞ്ഞു. ഇന്നത്തെ ശരാശരി മനുഷ്യന്റെ ജീവിതാനുഭവമല്ലേയിത്?

ആർക്ക് എവിടെയാണു തിരുത്താനാവുന്നത്? ഞാൻ 'ആരോ' 'എന്തോ' ആണെന്ന നുണയെ മുളയിലെ നുള്ളുക. ഈ നുണ ശാശ്വതമോ ഏതെങ്കിലും വിധത്തിൽ അർഹതപ്പെട്ടതോ അല്ല എന്ന തിരിച്ചറിവിലെത്തുക. ജനിച്ച സമയമോ ചുറ്റുപാടുകളോ യാതൊരു പ്രാധാന്യവുമില്ലാത്ത യാദൃശ്ച്യതകളാണ്. ജീവിതമെന്ന സത്യം ഒരു വലിയ രഹസ്യമാണ്. അതിനെ കളങ്കപ്പെടുത്താതെ അതി വിശുദ്ധമായി കാത്തു സൂക്ഷിക്കുക.

എല്ലാം വേണ്ടപ്പോൾ വേണ്ടപോലെ സംഭവിക്കുന്നു എന്ന വിശ്വാസമുള്ളവർക്ക് ഇന്നലെയും ഇന്നും നാളെയും ഒരുപോലെയാണ്. അപ്പോൾ ദുഖത്തിനോ സന്തോഷത്തിനോ അമിതാഹ്ലാദത്തിനോ നിരാശതക്കോ ജീവിതത്തിൽ സ്ഥാനമില്ല. അദ്ധ്വാനിച്ചു ധർമ്മം ചെയ്യുക. എന്തെങ്കിലുമൊക്കെ ആയിത്തീർന്ന് മോക്ഷത്തിനർഹനാകുക എന്ന് പുറകിൽ നിന്ന് നിരന്തരം ഉന്തിക്കൊണ്ടിരിക്കുന്നവരെ വിട്ടൊഴിയുക.

ജനിച്ച നിമിഷം മുതൽ നീയാണു നിന്റെ മോക്ഷം. അതിന്, നീ വെറുതേ നീ മാത്രം ആയിരുന്നാൽ ധാരാളം മതി!"

8 comments:

  1. Jose, is he ok to contact? If not please convey my regards. Thank you.

    ReplyDelete
  2. ആരോഗ്യവാനായി ഇരിയ്ക്കൂ സാക്ക്. സാക്കിന്റെ തത്ത്വ ചിന്തകൾ നിറഞ്ഞ ലേഖനങ്ങൾ വായിക്കുന്ന വേളകളിലെല്ലാം എന്തോ അമാനുഷികമായ കഴിവ് അദ്ദേഹത്തിലുണ്ടോയെന്നും തോന്നിയിട്ടുണ്ട്. സ്വയം അറിഞ്ഞു കൊണ്ട് ദൈവത്തെ കാണുന്ന വ്യക്തിയാണ് സാക്ക്. എങ്കിലും അദ്ദേഹത്തിനുപരിയായി പരമാത്മാവെന്ന വലിയ സത്യവുമുണ്ട്. മരണത്തെ ഭയമില്ലെന്നുള്ള അങ്ങയുടെ കുറിപ്പ് ശത വത്സരം ആഘോഷിച്ചിട്ട് ചിന്തിച്ചാൽ മതി. അതുവരെ ഞാനും താങ്കളുമുൾപ്പെട്ട ഈ ഭൂമിയിലും ഞാനില്ലാത്ത ഭൂമിയിലും അങ്ങ് വാഗമണ്ണിന്റെ രാജാവായി തന്നെ കഴിയണം. അവിടുത്തെ മണ്ണും മലകളും കാടുകളും മീനച്ചിലാറും സന്തോഷിച്ചിരിക്കണ്ടേ? രാത്രിയിൽ വീടിനു ചുറ്റുവട്ടത്തിരുന്നു കവിതകളെഴുതുമ്പോൾ മിന്നാമിന്നും മിന്നണ്ടേ. താങ്കളെപ്പോലുള്ള ചിന്തകരെ അംഗീകരിക്കുന്ന ബൌദ്ധികലോകം വിശാലമായിക്കൊണ്ടിരിക്കുന്നതും കാണുന്നു. ദീർഘായുഷ്മാനായി പൂർണ്ണാരോഗ്യത്തോടെ സന്തോഷവനായി ഇരുന്നാലും.......ജോസഫ് പടന്നമാക്കൽ.

    ReplyDelete
  3. വര്‍ത്തമാനകാലമേ യാഥാര്‍ഥ്യമായുള്ളൂ എന്നറിഞ്ഞ് നിത്യവര്‍ത്തമാനത്തില്‍ ജീവിക്കാന്‍കഴിയുന്നവര്‍ മരണത്തെ ഭയപ്പെടുകയില്ല. മരണഭയമില്ലാത്തവന്‍ മരണം വെറും ഉറക്കം മാത്രമെന്നറിയുന്നവനാവും. ഉണര്‍വ് എന്തെന്ന് അറിഞ്ഞിട്ടുള്ളവരും ഉണ്മയെന്തെന്ന് അറിഞ്ഞിട്ടുള്ളവരും മരണത്തോടു രണം (യുദ്ധം) ആവില്ലെന്ന ബോധ്യത്തോടെ ഉണര്‍ന്ന് ജീവിക്കുന്നവരും ഭാഗ്യവാന്മാര്‍!

    ReplyDelete
  4. Wish his speedy recovery and continued able and selfless association with KCRM and it's publications.

    ReplyDelete
  5. Zac is on compulsory bedrest for one month. He needs helper support to sit. That is the present situation. Medically, he is recovering fast and responding to treatment.

    ReplyDelete
  6. Great news for us his well wishers.

    ReplyDelete