Translate

Sunday, February 16, 2014

യേശു സ്വർഗ്ഗത്തിൽനിന്ന് രണ്ടാമത് വന്നാൽ!ശ്രീ മറ്റപ്പള്ളിയുടെ ലേഖനത്തിനെഴുതിയ മറുപടി നീണ്ടുപോയതുകൊണ്ട് പ്രധാന പേജിൽ പ്രസിദ്ധീകരിക്കന്നു. ക്രിസ്തുവിനെ തെറ്റായി പഠിപ്പിക്കുന്നവർ കാനോൻനിയമം പഠിച്ച പുരോഹിതരാണെന്നതിൽ സംശയമില്ല. അയാൾ ക്രിസ്തുവിനെതിരായി പ്രവർത്തിക്കുന്ന പ്രധാന ശത്രുവാണ്. സ്വർഗരാജ്യം കടുകുമണിയ്ക്കു തുല്യമാണ്, നിർമ്മലമായ ഹൃദയമാണ് എന്നെല്ലാം കാനോൻ നിയമത്തിലില്ല. ശ്രീ മറ്റപ്പള്ളിയുടെ ക്രിസ്തുപറഞ്ഞ കടുകുമണിയുടെ ഉപമ വായിച്ചപ്പോൾ മറുപടി പണ്ടെവിടെയോ വായിച്ച കഥയുടെ ഒരു രൂപത്തിൽ എഴുതണമെന്ന് തോന്നി. ഞാൻ അമേരിക്കയിൽ വന്നകാലത്ത് രജനീഷിന്റെ ടെലിവിഷൻപരിപാടി ശ്രദ്ധിക്കുമായിരുന്നു. മില്ല്യൻ കണക്കിന് ഭൂസ്വത്തുക്കളും ഒരു ഗ്രാമംതന്നെയും വിലയ്ക്ക് മേടിച്ച അദ്ദേഹത്തെ ആരോപണങ്ങളുടെപേരിൽ അമേരിക്കൻസർക്കാർ നാടുകടത്തുകയായിരുന്നു. എങ്കിലും നൂറുകണക്കിന് തത്ത്വചിന്തകളടങ്ങിയ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ  അമേരിക്കൻ ലൈബ്രറികളിൽ സൂക്ഷിച്ചിട്ടുണ്ട്.

 യേശു ജീവിച്ചിരുന്ന കാലത്ത് ഭൂമുഖത്ത് ഒരു ക്രിസ്ത്യാനിപോലുമില്ലായിരുന്നു. ഇന്ന് ഭൂമിയിലെത്തിയാൽ ജനം തന്നെ സ്വീകരിക്കുമെന്നും യേശു വിചാരിച്ചു. ഭൂമിയുടെ പകുതിയോളം യേശുവിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികളാണ്. ലക്ഷക്കണക്കിന്‌ പള്ളികളുമുണ്ട്‌. എല്ലാ പള്ളികളിലും പുരോഹിതർ സംസാരിക്കുന്നത് യേശുവിൻറെ വചനങ്ങളാണ്. അവിടുന്ന് വിചാരിച്ചുകാണും,   തന്റെ ശത്രുക്കളായ യഹൂദർ കുരിശിൽ തറച്ചപ്പോൾ തന്നെ രക്ഷിക്കാൻ അന്ന് ഒറ്റ ക്രിസ്ത്യാനിയും ഭൂമുഖത്തുണ്ടായിരുന്നില്ല. യേശുവന്ന് ലോകത്തിന് തികച്ചും അപരിചിതനായിരുന്നു. ഇന്ന് ഭൂമിമുഴവൻ യേശുവിന്റെ ജനം നിറഞ്ഞിരിക്കുന്നു. അങ്ങനെ ഒരു ഞായറാഴ്ച അവിടുന്ന് പാലായിലെ പള്ളിയിൽ വന്നു.
 
ഞായറാഴ്ച പള്ളിയിൽ വരുന്നവർ ഭൂരിഭാഗം ജനവും മനുഷ്യത്വമില്ലാത്തവരും പുരോഹിതരെ വന്ദിക്കുന്നവരെന്നും  യേശുവിനറിയാമായിരിക്കും. പള്ളിയുടെ മുറ്റത്ത് യേശു നിന്നിട്ടും ആരും അദ്ദേഹത്തെ മനസിലാക്കിയില്ല. ഏതാനും മനുഷ്യർ "താൻ ക്രിസ്തുവിനെപ്പോലെ മുഖമുള്ളവനെന്ന് പറഞ്ഞ് യേശുവിന് ചുറ്റും കൂടി." താൻ ക്രിസ്തുവിന്റെ വേഷം കെട്ടി അഭിനയിക്കുകയാണോ"യെന്നും ചോദിച്ചു. "ഞാൻ അഭിനയിക്കുകയല്ല,  സത്യമായ ക്രിസ്തുവാണ് ഞാനെന്ന്" യേശു പറഞ്ഞു. ഇത് കേട്ട് ചുറ്റും കൂടിയവർ പൊട്ടിച്ചിരിച്ചു. "നീ സത്യമായ യേശുവെങ്കിൽ പുരോഹിതൻ വരുന്നതിനുമുമ്പ് രക്ഷപ്പെട്ടുകൊള്ളൂ. അല്ലാത്തപക്ഷം നീ പ്രശ്നത്തിലാകുമെന്ന്" ചുറ്റുംകൂടിയവർ യേശുവിനോട് പറഞ്ഞു. ചിലർ യേശുവിന്റെ നേരെ കല്ലെറിഞ്ഞു. ജനം ആർത്തുവിളിച്ച് കൂവാനും തുടങ്ങി. അവർ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു,  നോക്കൂ,  യഹൂദരുടെ രാജാവ് വന്നെത്തിയിരിക്കുന്നു. ഈ മനുഷ്യനെയാണ്‌ അവർ കുരിശിൽ തറച്ചത്. അവൻ വീണ്ടും ഉയർത്തിരിക്കുന്നുവെന്ന് പറഞ്ഞ് ജനം പരിഹസിച്ചു.  യേശുവിന് സങ്കടം വന്നു. അവരെല്ലാം തന്റെ ക്രിസ്ത്യാനികളാണ്, യഹൂദരല്ലെന്നും അറിയാമായിരുന്നു. ജനം പരിഹസിക്കുന്നതിനിടയിലും യേശുവിന് പ്രതീക്ഷയുണ്ടായിരുന്നു. ഇവരെന്താണ് ചെയ്യുന്നതെന്ന് ഇവർക്കറിയത്തില്ല, പിതാവേ ഇവരോട് ക്ഷമിക്കണമേയെന്ന് യേശു സ്വയം ചിന്തിച്ചുകാണും.-
 
പുരോഹിതൻ തന്നെ മനസിലാക്കുമെന്ന പ്രതീക്ഷകൾ യേശുവിനുണ്ടായിരുന്നു. അവർ തന്നെകാണുന്നത് പുരോഹിതനിൽക്കൂടിയെന്നും അവിടുന്ന്  മനസിലാക്കി. കണ്ണുണ്ടെങ്കിലും ചുറ്റും കൂടിയിരിക്കുന്നവർ അന്ധരാണ്, വിഡ്ഢികളായ ജനം തിരിച്ചറിയില്ലെങ്കിലും അല്ത്താരയിൽ തന്നെ വന്ദിക്കുന്ന പുരോഹിതൻ തിരിച്ചറിയുമെന്നും യേശു വിചാരിച്ചു. അവസാനം പുരോഹിതൻ അവിടെ വന്നു. പുരോഹിതനെ കണ്ടയുടൻ ജനം ചിരിനിറുത്തിക്കൊണ്ട് ബഹുമാനത്തോടെ വഴിമാറി കൊടുത്തു. പുരോഹിതനുമുമ്പിൽ അവരെല്ലാം തല കുമ്പിട്ട് നമസ്ക്കരിച്ചു. "എന്തേ ഇവാരാരും എന്നെ വന്ദിക്കാതെ പുരോഹിതനുമുമ്പിൽ തലകുനിക്കുന്നുവെന്ന്" യേശു മനസ്നിറയെ ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു. "അദ്ദേഹം എന്നുമെന്നെ വന്ദിക്കുന്ന പുരോഹിതനായതുകൊണ്ട് ജനം ചെയ്യുന്നതും നല്ലതുതന്നെയെന്ന്" അവിടുന്ന്  മനസ്സിൽ ചിന്തിച്ചു. പുരോഹിതനിൽക്കൂടി ജനം അവിടുത്തെ  മനസിലാക്കിക്കൊള്ളുമെന്ന് യേശു വിചാരിച്ചു.

വികാരിയച്ചനായ പുരോഹിതൻ യേശുവിനെ അടിമുടിയൊന്നു നോക്കി. എന്നിട്ടുപറഞ്ഞു,  " തന്നെ കണ്ടിട്ടൊരു കൊടുംകള്ളനെപ്പോലിരിക്കുന്നു. നീ ഇവിടെയെത്തിയത് ദൈവത്തെ പരിഹസിക്കാനോ?"  യേശു അച്ചനോട്‌ ചോദിച്ചു, "നിങ്ങൾക്കെന്നെ മനസിലായില്ലേ". വികാരിയച്ചൻ യേശുവിന്റെ കഴുത്തിനു പിടിച്ച് "തന്നെ എനിക്ക് നല്ലവണ്ണം മനസിലായി, എന്റെ പിന്നാലെ വരൂ"യെന്നും പറഞ്ഞു. വികാരിയച്ചൻ യേശുവിനെ പള്ളിമുറിയിൽ കൊണ്ടുപോയി ഒരു മുറിയിൽ അടച്ചിട്ടു. അവിടുന്നാകെ പരിഭ്രാന്തനായി, എന്തേ,  എന്റെ തന്നെ ജനം എന്നെ രണ്ടാമതും കുരിശിൽ തറയ്ക്കാൻ പോകുന്നുവോ"?
 
പുരോഹിതൻ വീണ്ടും വാതിലുതുറന്ന് കത്തിച്ച ഒരു മെഴുകുതിരിയുമായി യേശുവിനെ നമസ്ക്കരിച്ചു. എന്നിട്ട് പറഞ്ഞു,” എനിക്ക് നിങ്ങളെ അറിയാം, എന്നാൽ  പള്ളിയിൽ കുർബാനയ്ക്ക് വരുന്ന കുഞ്ഞാടുകളുടെ  മുമ്പിൽ ഞാൻ നിങ്ങളെ അറിയില്ല. രണ്ടായിരം കൊല്ലംമുമ്പ് ജീവിച്ച കുഴപ്പക്കാരനാണ് നീ. ഇന്നും ഞങ്ങളെ ശല്യം ചെയ്യാൻ വന്നെത്തിയതൊ?  സാമാന്യം നല്ലനിലയിൽ കമ്പോളങ്ങളും മണിമാളികകളും ഡോളർനേടാൻ വിദേശങ്ങളിലും രൂപതകൾ സ്ഥാപിച്ചുവരുന്നു. പാലായിൽ എന്റെ അഭിഷിക്തരായ ബോസുമാർ കോടിക്കണക്കിന് രൂപാപൊട്ടിച്ച് കൊച്ചുപെണ്ണുങ്ങളുമായി ആനന്ദിച്ച ഫോട്ടോകൾ അങ്ങ് കണ്ടില്ലേ. ഭൂമിയിലെ പകുതിയോളം ജനങ്ങളെ ഞങ്ങൾ ക്രിസ്ത്യാനികളാക്കി. നീ ഭൂമിയിൽ ജീവിച്ചിരുന്ന സമയം ഒരുവനെയെങ്കിലും നിനക്ക് ക്രിസ്ത്യാനിയാക്കാൻ സാധിച്ചില്ല. മറ്റുള്ളവരുടെ മുമ്പിൽ നിന്നെ ഞങ്ങൾ തിരിച്ചറിയില്ല. കാരണം നീ ആകാശത്തോളം മുട്ടിനില്ക്കുന്ന കത്തീഡ്രലുകൾക്കും,  പള്ളിവക കോർപ്പറെറ്റ് സ്ഥാപനങ്ങള്ക്കും, കമ്പോളങ്ങൾക്കും കോഴകോളെജുകൾക്കും, ദരിദ്രരോട് അമിതപണം ഈടാക്കുന്ന ഹോസ്പിറ്റലുകൾക്കും എതിരാണ്. കൂടാതെ നീ പുരോഹിത വിരോധികൂടിയാണ്‌. നീ ഇവിടെനിന്നാൽ നിന്നെ ഞങ്ങൾ ഇനിയും കുരിശിൽ തറയ്ക്കും. നിന്റെ അഭാവത്തിലേ ഞങ്ങൾക്ക് നിന്നെയാരാധിക്കാൻ സാധിക്കുള്ളൂ."   

പുരോഹിതൻ വീണ്ടും തുടർന്നു പറഞ്ഞു, "ലോകം മുഴുവനും ഞങ്ങളുടെ പുരോഹിതർ നിന്റെ നാമം സംസാരിക്കുന്നുണ്ട്. നിന്റെ അഭാവത്തിൽ കാര്യങ്ങൾ ഭംഗിയായി പോവുന്നു. നീ അതുകൊണ്ട് തൃപ്തിപ്പെടുക. ഇവിടെനിന്നും രക്ഷപ്പെട്ടുകൊള്ളൂ. ഒരിയ്ക്കലും ഇനി ഞങ്ങളുടെ ദേവാലയത്തിൽ നീ വരരുത്. ഞങ്ങൾ നിന്റെ ഭൂമിയിലെ എജന്റ്മാരാണ്. നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ  ഞങ്ങളോട് പറഞ്ഞാൽ മതി. അലമേനികളെന്ന് ഞങ്ങൾ വിളിക്കുന്ന സഭാ പൌരന്മാരുടെയിടയിൽ നിന്നെ കണ്ടുപോകരുത്. കാരണം നീ അപകടകാരിയാണ്."
 
ദൈവത്തെ പൂർണ്ണമായും അറിയാവുന്നത് പിശാചാണ്. അയാളുടെ വിധി നടപ്പിലാക്കി കഴിഞ്ഞു. ഇനി നിത്യരക്ഷയില്ല.   അവിടെ കൂടിയ ജനത്തിന് കടുകുമണിയോളമെങ്കിലും വിശ്വാസമുണ്ടായിരുന്നെങ്കിൽ കടുകുമണി വൻവൃഷമായി വളർന്ന് സ്വർഗരാജ്യം കണ്ടെത്തുമായിരുന്നു. യേശു പറഞ്ഞു  "ഹേ പുരോഹിതാ,  ഞാൻ ചാട്ടവാറിന് അടികൊടുത്തത് യഹൂദപുരോഹിതർക്കിട്ടായിരുന്നു. നീ ആരെന്നെനിക്കറിയാം. ഇന്ന് ക്രിസ്ത്യാനിയായി കപടപുരോഹിതന്റെ വേഷമിട്ടു ദൈവത്തെ പരീക്ഷിക്കുന്നു. അന്ന് നീ എന്നെ മണിഗോപുരത്തിൽ വിളിച്ചുകൊണ്ടുപോയി വാഗ്ദാനങ്ങൾ തന്ന് പരീക്ഷിച്ചു. പക്ഷെ,  നീ വിജയിച്ചില്ല."
 
യേശുവിന്റെ കാലത്ത് മതങ്ങൾക്ക് സ്വർഗത്തെപ്പറ്റി വ്യത്യസ്തമായ ഒരു കാഴ്ചപ്പാടായിരുന്നുണ്ടായിരുന്നത്. ഇന്ത്യാതന്നെ ഉദാഹരണമായി എടുക്കാം. വേദങ്ങളും സ്മൃതികളും മറ്റുള്ളവരിൽനിന്നും ബ്രാഹ്മണപുരോഹിതർ രഹസ്യമായി വെച്ചിരുന്നു. പുരോഹിതവർഗം സമൂഹത്തിൽ ഉന്നതശ്രേണിയിൽ ജീവിച്ചു. സംസ്കൃതഭാഷ മറ്റുള്ളവരെ പഠിക്കാൻ അനുവദിക്കില്ലായിരുന്നു. സത്യം മറച്ചുവെച്ച് അവരുടെ 'ഇല്ലം'  സമ്പന്നമാക്കിയിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾ ബ്രാഹ്മണർ ഭാരതം ഭരിച്ചിരുന്നു. ആദ്യം അവർ ദൈവം ഹിമാലയത്തിലെന്ന് പറഞ്ഞു. കാരണം അന്ന് ഹിമാലയം ആർക്കും കീഴടക്കാൻ സാധിക്കില്ലായിരുന്നു. ഹിമാലയം കീഴടക്കി കഴിഞ്ഞപ്പോൾ പുരോഹിതഭാഷ മറ്റൊരു വിധത്തിലാക്കി. ദൈവം വസിക്കുന്ന കൈലാസമെന്നത് ചന്ദ്രനും സൂര്യനും ഗ്രഹാഗ്രഹങ്ങളുമായി പുരോഹിതൻ മാറ്റിയെടുത്തു. മനുഷ്യൻ ചന്ദ്രനെ കീഴടക്കിയപ്പോഴും പുരോഹിതർക്ക് വേവലാതിയായി. ചന്ദ്രനിലേക്കുള്ള പോക്ക് ഇന്ത്യയിലെ പുരോഹിതരെ ഇത്രമാത്രം വേവലാതിപ്പെടുത്തുമെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾക്കറിയത്തില്ലായിരുന്നു. ക്രിസ്ത്യൻ പുരോഹിതരും സഭാപൌരന്മാരുടെ അജ്ഞതയെ ചൂഷണം ചെയ്യുന്നതു ഏതാണ്ട് ബ്രാഹ്മണ പുരോഹിതരെപ്പോലെയായിരുന്നു. സ്വർഗത്തിൽ മണിമാളികകളും റീയൽഎസ്റ്റെറ്റും മോഹനവാഗ്ദാനങ്ങളും നവരത്നങ്ങളും തേനും പാലും വാഗ്ദാനം ചെയ്യും. ഭക്തനെ ചൂഷണംചെയ്ത പണംകൊണ്ട് ഭൂമിയിൽ കണക്കില്ലാത്ത ഭൂസ്വത്തുക്കളും നിഷേപങ്ങളും പുരോഹിതൻ സമ്പാദിച്ചുകഴിഞ്ഞു. ദൈവവും ഭക്തനുമിടയിലുള്ള അയാളുടെ ഈ ബ്രോക്കർ ബിസിനസ് എന്നും വിജയകരമായിരുന്നു.
 
പുരോഹിതൻ ദൈവവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുവെന്നാണ് ഭക്തരായവർ ചിന്തിക്കുന്നത്. കാണപ്പെടാത്ത സ്ഥലത്ത് ദൈവത്തിന്റെ അസ്ഥിത്വം സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് ദൈവം പുരോഹിതനിൽക്കൂടി സംസാരിക്കുന്നുവെന്നും നിഷ്കളങ്കരായ ജനം ചിന്തിക്കും. അറിവിൽ അന്ധനായവന്റെ വഴികാട്ടിയുമാകും. അയാൾ ഗുരുവും യജമാനനുമായി വിശ്വസിച്ചുകൊണ്ട് ഭക്തർ പിന്നാലെ നടക്കാനും തുടങ്ങും. 
 
ലോകത്തിൽ ചതിയും കൌശല്യവും ഒത്തുനിറഞ്ഞ തൊഴിൽ പുരോഹിതരുടെതാണ്.   കാരണം അവർ നിഷ്കളങ്കരായ ജനത്തെ ചൂഷണം ചെയ്യുന്നു. ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യനെ,  പരിശുദ്ധിയെ തേടുന്നവനെ, സത്യത്തെ തേടുന്നവനെ ചതിയിൽ കുടുക്കുന്നതും പുരോഹിതരാണ്. പണമുണ്ടാക്കാൻ നടക്കുന്നവനെ ചൂഷണം ചെയ്‌താൽ അത് ചൂഷണമല്ല. കാരണം രണ്ടുപേരുടെയും ഉദ്ദേശം പണമുണ്ടാക്കുകയെന്നാണ്. എന്നാൽ സത്യം അന്വേഷിച്ചു നടക്കുന്ന ഒരുവനെ ചൂഷണം ചെയ്യുന്നത് സൂത്രശാലിയായ പുരോഹിതരാണ്. ഇതുതന്നെയാണ് ഇന്നറിയപ്പെടുന്നതിൽ ഏറ്റവും വലിയ തിന്മയും. ഇവർ ദൈവത്തിന്റെ പ്രതിപുരുഷരെന്ന് പറയും. എന്നാൽ സത്യത്തിൽ പുരോഹിതരായ ഇവർ  പ്രാതിനിധ്യം വഹിക്കുന്നത് പിശാചുക്കളെയാണ്.   

 

  

 

10 comments:

 1. ഓഷോ എങ്ങിനെ ജീവിച്ചു എന്നതിനെപ്പറ്റി ഞാന്‍ ഒരിക്കലും ചിന്തിച്ചു സമയം കളഞ്ഞിട്ടില്ല. ഓഷോ പറഞ്ഞതിനെപ്പറ്റിയെ ഞാന്‍ ചിന്തിച്ചിട്ടുള്ളൂ. മരുന്നും കുപ്പിയും കൂടി വിഴുങ്ങുന്നത് ആത്മഹത്യാപരം; പുറത്തു മുള്ളുള്ളതുകൊണ്ട് ചക്ക ആരും കളയാറില്ലല്ലോ. യേശുവിന്‍റെ രണ്ടാം വരവിനെ പ്പറ്റി ഗൌരവമായി അധികമാരും പറഞ്ഞു കേട്ടിട്ടില്ല, അല്ലെങ്കില്‍ കൂടുതല്‍ ചിന്തകളും ഫലിതാത്മകമായി അവതരിപ്പിക്കപ്പെട്ടിട്ടെയുള്ളൂ . ലോകം മുഴുവനും അറിയാവുന്ന ഒരു കാര്യമാണ് യേശു രണ്ടാമത് ഇവിടെ വന്നാല്‍ അന്തിയുറങ്ങാന്‍ കത്തോലിക്കാ സഭക്ക് സ്വന്തമായി ഒരിടം കാണിച്ചുകൊടുക്കാന്‍ ഉണ്ടാവില്ലായെന്ന്. അപ്പോഴും കേരളത്തിനു അഭിമാനിക്കാം; ഈ ബഹളത്തില്‍ നിന്ന് മാറി നിതാന്തമായ നിശബ്ദതയെ പുല്‍കി ധ്യാനത്തിലും സേവനത്തിലും ജീവിക്കുന്നവര്‍ ഇവിടെ അനേകര്‍ ഉണ്ട്. അത് എന്നെ അതിശയിപ്പിചിട്ടുമുണ്ട്.
  പള്ളിക്കാര്‍ നേര്‍ച്ച നേര്ന്നതുകൊണ്ടാണ്‌ പള്ളിക്ക് അഭിമുഖമായി പണിത ബാര്‍ ഇടിവെട്ടേറ്റ് നശിച്ചുപോയത്, അതിനു നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞു കോടതിയില്‍ പോയ ഒരു ബാറുടമയുടെ അമേരിക്കന്‍ കഥ എന്നെ ഒത്തിരി ചിരിപ്പിച്ചിട്ടുണ്ട്‌. വാദം എല്ലാം കേട്ടു ജഡ്ജി പറഞ്ഞത് ഇത്രയേറെ വിഷമം പിടിച്ച ഒരു കേസ് അദ്ദേഹം കേട്ടിട്ടില്ലെന്നാണ്, കാരണം ഒരു വശത്ത്‌ നേര്‍ച്ച കാഴ്ചകള്‍ ഫലിക്കും എന്ന് പറയുന്ന ബാറുടമയും, മറുവശത്ത്‌ അത് വെറുതെയാണെന്ന് പറയുന്ന പള്ളിക്കാരുമാണത്രേ. ഇത് തന്നെയാണ് ലോകമെങ്ങും സ്ഥിതി.
  വടക്കേ ഇന്ത്യയിലെ ഒരു നഗരത്തില്‍ ഉള്ള ഒരു പബ്ലിക് സ്കൂളില്‍ ഡ്രൈവര്‍ ജോലി മുതല്‍ അറ്റന്‍ഡാര്‍ ജോലി വരെ ചെയ്യുന്ന ഒരു മദ്ധ്യവയസ്കനായ സത്യ ക്രിസ്ത്യാനിക്ക് മദര്‍ സുപ്പീരിയര്‍കൊടുക്കുന്നത് മാസം മൂവായിരം രൂപാ. പ്രാര്‍ഥനയിലും ആരാധനയിലും ദിവസം മുഴുവന്‍ ചിലവിടുന്നവരും കൊടുക്കാനുള്ളവര്‍ക്ക് കൊടുക്കുന്ന കാര്യം വരുമ്പോള്‍ ഒറ്റക്കെട്ടാണ്. കേരളത്തിലെ നേഴ്സുമാര്‍ അതല്ലേ പറഞ്ഞത്? യേശു ഏതെങ്കിലും വീട്ടില്‍ വരുമെങ്കില്‍ അത് ഒരു രജിസ്റ്റേര്‍ഡ കത്തോലിക്കന്‍ന്‍റെ വീട്ടില്‍ ആവാന്‍ ഇടയില്ല. പക്ഷെ യേശു ഇപ്പോഴും നമ്മോടൊപ്പം ദരിദ്രനായി, രോഗിയായി, കുറ്റവാളിയായി ... കഴിയുന്നു. തിരിച്ചറിയുന്നവര്‍ ഭാഗ്യവാന്മാര്‍. മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നവരോട് കാനോനിലെ ക്ലോസ്സുകള്‍ ആരെങ്കിലും മാലാഖാമാര്‍ ചോദിക്കുമെന്ന് ഈ ബിഷപ്പുമാരും ഭയപ്പെടുന്നില്ല.

  ReplyDelete
  Replies
  1. "ഞാൻ ക്രിസ്തുവിനനുകൂലമാണ്. എന്നാൽ എന്റെ ഒരംശംകൊണ്ടുപോലും എനിക്ക് ക്രിസ്തുമതത്തെ അനുകൂലിക്കാനാവില്ല. നിങ്ങള്ക്ക് ക്രിസ്തുവിനെ ആവശ്യമുണ്ടെങ്കിൽ ക്രിസ്തുമതത്തിനപ്പുറം പോകേണ്ടതുണ്ട്. ക്രിസ്തു എല്ലാ പള്ളികൾക്കും സഭകൾക്കും അതീതനാണ്." ഓഷോ.
   തന്റെ വ്യാഖ്യാനങ്ങൾ പങ്കുവയ്ക്കാനായി യേശുവിന്റെ വചനങ്ങൾ ഉരുവിടുമ്പോൾ ഓഷോ പറയുന്നു: ഉപനിഷത്തുകൾക്കു തലകുനിക്കാം. വേദങ്ങൾക്ക് അസൂയപ്പെടാം, ഞാൻ ഈ മനുഷ്യനെ പ്രേമിക്കുന്നു.

   Tel. 9961544169 / 04822271922

   Delete
 2. 'നിന്റെ വഴി എന്റെയും' (കല്ലാറങ്ങാട്ടിന്റെ പുതിയ പുസ്തകം) എന്നാണ് ഓരോ മെത്രാനും യേശുവിനെയും തന്നെത്തന്നെയും താരതമ്യപ്പെടുത്തി പുറമേ പറയുന്നത്. എന്നാൽ അവർ ചിന്തിക്കുന്നതും ചെയ്യുന്നതും ചരിക്കുന്നതും മാമോന്റെ വഴിയിലൂടെയാണെന്ന് അല്പം കണ്ണ് തുറന്നന്നിരിക്കുന്നവർക്ക് നന്നായി അറിയാം. CBCI സിനഡ് തന്നെ ഉദാഹരണമായി എടുക്കുക. കുറെ ദുർമ്മോഹികളുടെ അഹന്തയെ പെരുപ്പിക്കാനല്ലാതെ ഒന്നിനും ഉപകരിക്കാത്ത അത്തരമൊരു സമ്മേളനം യേശുവിന്റെ മനസ്സിൽ സ്വപ്നത്തിൽപോലും സങ്കല്പ്പിക്കപ്പെടുമോ? ഇല്ലെന്ന് മെത്രാന്മാർക്കും നന്നായി അറിയാം. എന്നിട്ടും നാണമോ ദൈവഭയമൊ ഇല്ലാതെ അവർ വിളിച്ചു കൂവുന്നു, "നിറെ വഴി എന്റെയും" എന്ന്. ഇതിലും വലിയ ആത്മവഞ്ചന ഈ നാട്ടിലെ പുഴുത്ത അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരൻ പോലും നടത്തുന്നില്ല.

  CBCI മെത്രാന്മാർക്ക് ഓരോരുത്തർക്കും വ്യക്തിപരമായിത്തന്നെ ഒരു കത്തയച്ചിട്ട്‌, അവരിൽ ഒരു 'മുരിക്കൻ' പോലും ഇല്ലാതെപോയി, അതിനൊരു മറുപടിയോ, ചുരുങ്ങിയത്
  കൈപ്പറ്റി എന്നൊരു സന്ദേശമോ അയക്കാൻ. കല്ലറങ്ങാട്ടിന്റെ ഡോക്റ്റർ തീസിസ് പരിശുദ്ധാരൂപിയെപ്പറ്റിയായിരുന്നു. എന്നാൽ അങ്ങേരുള്പ്പെടെ പ്രതിഫലിപ്പിക്കുന്നത് അശുദ്ധാരൂപിയുടെ ഫലങ്ങളാണ് എന്നത് സഭയുടെ ശാപമാണ്. ഈ ബാധയൊഴിപ്പിക്കാൻ പോപ്പിന് പോലും സാദ്ധ്യമാകുമെന്നു തോന്നുന്നില്ല.

  ReplyDelete
 3. ശ്രീ മറ്റപ്പള്ളി പറഞ്ഞതിൻപ്രകാരം ഒരു ഗുരുവിന്റെ ജീവിതരീതികളെ ചിന്തിക്കേണ്ട ആവശ്യമില്ല. അയാൾ എന്ത് പഠിപ്പിക്കുന്നുവെന്നാണ് പ്രധാനം. ഇക്കാണുന്ന പുരോഹിതരുടെ അസന്മാർഗിക ജീവിതരീതികളെ നാം വിമർശിക്കുന്നുണ്ടെങ്കിലും കലാസാംസ്ക്കാരിക താത്ത്വിക മേഖലകളിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നവരും അത്തരക്കാരെന്ന് കാണാം. രജനീഷ് ഒരു താത്ത്വികനെന്നതിൽ സംശയമില്ല. വസ്തുതകളെ വളച്ചൊടിക്കാതെ ലളിതമായി എഴുതാൻ കഴിവുള്ള എഴുത്തുകാരനായിരുന്നു. എങ്കിലും താത്ത്വിക ലോകം അദ്ദേഹത്തിൻറെ കഴിവിനെ അംഗീകരിച്ചിട്ടില്ല. അല്പജ്ഞാനികളുടെ എഴുത്തുകാരനെന്നും ചിലർ അദ്ദേഹത്തെ അപമാനിച്ചെഴുതിയിട്ടുണ്ട്.

  സ്വാമി വിവേകാനന്ദനെയും രമണി മഹർഷിയെയും ശ്രീ നാരായണ ഗുരുവിനെയും ലോകം ബഹുമാനിക്കുന്നത്‌ അവർ സാന്മാർഗികമായി ഉയർന്ന നിലവാരം പുലർത്തിയതും കാരണമായിരുന്നു. രജനീഷിനെപ്പോലെ സ്ത്രീലമ്പടനായ ഒരു ഗുരുവിനെ ആദർശപുരുഷനാക്കുവാനും ബുദ്ധിമുട്ടായിരിക്കും. ജീവിച്ചിരുന്നപ്പോൾ ഗുരു മാത്രം പോരാ ഭഗവാനെന്നുകൂടി വിളിക്കണമെന്നും അദ്ദേഹത്തിൻറെ അനുയായികളെ നിർബന്ധിക്കുമായിരുന്നു. ലൈംഗികതയിൽക്കൂടി പരമാത്മാവിനെ പ്രാപിക്കാമെന്ന അർത്ഥത്തിലുള്ള (From sex to supreme consciousness )അദ്ദേഹത്തന്റെ പുസ്തകം 600 മില്ല്യൻ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഭഗവാൻ ശ്രീ കൃഷ്ണൻ പറയുന്നപോലെ അയാളും ശിക്ഷ്യഗണങ്ങളോട് പരിത്യാഗിയായി സർവ്വതും തനിക്ക് സമർപ്പിക്കാൻ (Surrender) പറയുമായിരുന്നു. "എന്നിൽ നീ സ്വയം അർപ്പിക്കൂ, ഞാൻ നിന്നെ രൂപാന്തരീകരണ മൂർത്തിയാക്കാം" ഇത് ജീവിച്ചിരുന്നപ്പോൾ രജനീഷ് ഭഗവാന്റെ കല്പ്പനയാണ്. ആഴ്ചതോറും മാറിമാറി അനേക സ്ത്രീജനങ്ങളുമായി ലൈംഗികത നടത്തുകയെന്നതും രജനീഷിന്റെ ഹോബിയായിരുന്നു. ശിക്ഷ്യഗണങ്ങളെയും അങ്ങനെ ഉപദേശിച്ചതുകൊണ്ട് രജനീഷിന് ആയിരക്കണക്കിന് അമേരിക്കൻ അനുയായിളെയും ലഭിച്ചു. അതും രജനീഷ് തത്ത്വചിന്തകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴകുള്ള, മധുരമുള്ള ചക്കപ്പഴമാണെങ്കിലും ഈ താത്ത്വികോപദേശം എല്ലാവർക്കും സ്വീകരിക്കാൻ പ്രയാസമായിരിക്കും.


  അദ്ദേഹം 93 റോൾസ് റോയ്സ് കാറുകൾ ഉണ്ടായിരുന്ന ഗുരുവായിരുന്നു. ഈ കാറുകളുടെ ഉടമസ്ഥതയിൽ ലോകറിക്കോർഡ്‌ തന്നെ അദ്ദേഹത്തിനു ലഭിച്ചു. ഓരോ ദിവസവും മാറിമാറി ഡ്രൈവ് ചെയ്യാൻ 365 റോള്സ്‌റോയീസ് കാറുകൾ മേടിക്കണമെന്നായിരുന്നു തീരുമാനം. അതിനുമുമ്പ് കുറ്റവാളിയായി അമേരിക്കയിൽനിന്ന് അദ്ദേഹത്തിന് രക്ഷപ്പെടെണ്ടി വന്നു. കൂടെ നടന്നിരുന്നവർ ഭൂരിഭാഗവും കുറ്റവാളികളായിരുന്നു. 1982-ൽ ഒരു പട്ടണം തന്നെ ഉണ്ടാക്കി അവിടെ 2500 ആൾക്കാരുമായി കഴിഞ്ഞിരുന്നു. ആയിരക്കണക്കിന് അടിമകളെക്കൊണ്ട് പ്രതിഫലം കൊടുക്കാതെ ജോലി ചെയ്യിക്കുമായിരുന്നു. അദ്ദേഹത്തിൻറെ വാസസ്ഥലത്തുനിന്ന് വാലിയമും മയക്കു മരുന്നുകളും അമേരിക്കൻ എഫ്.ബി. എ. കണ്ടെടുത്തു. 400000 ഡോളർ ഫൈൻ ചെയ്ത് അമേരിക്കയിൽ നിന്ന് അയാളെ പുറത്താക്കി. ഇന്ത്യാസർക്കാരും അനേക പീഡനങ്ങൾ അവസാനകാലങ്ങളിൽ രജനീഷിന് നല്കിയിരുന്നു. വിസ്താര ഭയത്താൽ കൂടുതൽ എഴുതുന്നില്ല. 1990ൽ 58 വയസുള്ളപ്പോൾ രജനീഷ് മരിച്ചു. അയാളുടെ തത്ത്വചിന്തകൾ വായിക്കുന്നവർ ജീവചരിത്രം അറിയാതിരിക്കുന്നതും നന്നായിരിക്കും.

  ReplyDelete
 4. ആലുവാ തൃക്കുന്നത്തു സെമിത്തെരിപ്പള്ളിയിൽ police കാവലോടെ കുർബാനയങ്കം രണ്ടു കാതോലിക്കാമാർ നടത്തുന്നത് കാണാൻ കഴിഞ്ഞയിട കുറെ മാലാഖമാരുമായി പാവം മേരിമാതാ ആലുവയിൽ വന്നിരുന്നു ! ചടങ്ങുകൾ മൂത്തപ്പോൾ അമ്മയ്ക്ക് വിറയിലായി! അമ്മ മകനോട്‌ "അരുതെന്റെ ജെഷുവ ,വേഗം വെടിയൂ മലങ്കരയെ ; അവർ നിന്നെ ക്രൂശിലേറ്റും " അമലയോതി! "ഇനിയൊരു മരണമെൻ മകനെ ഈ കേരളമാം ബെറബാസിൻ നാട്ടിൽ വേണ്ടാ;മടങ്ങുവേഗം..": "ഒരു തക്സാ മലർത്തിവച്ചതു നീട്ടി ചൊല്ലുവാനോ കുരിശിൽ നീ ജീവൻ ത്യാഗകുർബാനയാക്കി ?' 'ജല്പനമാണിവർക്കെന്നും ;നിൻ വചനം അറിയീല , നല്ല സമരായനൊരു തക്സയും വേണ്ടാ! തനിക്കുള്ളതെല്ലാം വിറ്റു ദരിർദ്രക്കു പകുത്തിട്ട്‌ പുറകേ വരുവാനല്ലൊ പറഞ്ഞു നീയും "? എന്നൊക്കൊ അമ്മ വിലപിക്കുന്നത് കേള്ക്കാൻ എനിക്ക് ഭാഗ്യമുണ്ടായി !അത് ഒരു പാട്ടാക്കി ,'അപ്രിയ യാഗങ്ങൾ";പിന്നതൊരു പാട്ടു പുസ്തകമാക്കി ! എന്തായാലും josephmaathew അച്ചായൻറെ കണ്ണെത്ര ഭാഗ്യമുള്ളവ!

  ReplyDelete
 5. ഗുരുക്കന്മാർ സമൂഹത്തിലെ ആചാര,സദാചാര അളവുകൾക്ക് അതീതരാണ് . നിയമത്തിനു അതീതരായവർ ഉണ്ട് ,എങ്കിലും സ്വന്തം ഇഷ്ടപ്രകാരം നിയമത്തിനു വിധേയരായ ഗുരുക്കളും ഉണ്ട് .ഓഷോ ഒരു പുസ്തകം പോലും എഴുതിയിട്ടില്ല .ആദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ പുസ്തകങ്ങൾ ആണ് ലഭ്യമായിട്ടുള്ളത് . ഓഷോയെ അനുകൂലിയ്ക്കുന്നവരെയും വെറുക്കുന്നവരെയും ധാരാളമായി കാണാം ,പക്ഷെ അദ്ദേഹത്തെ അവഗണിയ്ക്കനാവില്ല. സഭയുടെ ഏറ്റവും പരിഹസിച്ചിട്ടുള്ള ഒരാളാണ് ഓഷോ . പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഓഷോയുടെ തമാശു കേട്ടാൽ കുഞ്ഞാടുകൾ ബോധം കേട്ട് വീഴും .

  ReplyDelete

 6. യേശു പറഞ്ഞ കടുകുമണിയുടെ വചനം ദൈവികമായ ഒരു കാഴ്ചപ്പാടിൽ പറഞ്ഞതായിരിക്കാം. അല്ലാതെ മലയോട് മനുഷ്യൻ മാറാൻ പറഞ്ഞാൽ മാറില്ല. മല ഇല്ലാതാകണമെങ്കിൽ ന്യൂക്ലിയർ ഡൈനാമിറ്റ്‌ പൊട്ടിക്കേണ്ടിവരും. 100 ശ തമാനം ആശാസ്ത്രീയമായ വചനം ദൈവ ശാസ്ത്രം പഠിച്ചവൻ വിവരിച്ചാലും യേശുവിൻറെ മനസിലുണ്ടായിരുന്നത് ഗ്രഹിക്കാൻ സാധിക്കില്ല.

  ഈ വചനം വെറും ആലങ്കാരിക ഭാഷയായിരിക്കാനാണ്‌ സാധ്യത. ഇതിന്റെയർത്ഥമെന്തെന്ന് കൂടെ നടന്ന ശിക്ഷ്യർക്കുപോലും മനസിലായിക്കാണി ല്ല. ഏതോ പുരോഹിതൻ ഏതെങ്കിലും നൂറ്റാണ്ടിൽ അന്ധമായി വിശ്വസിക്കാൻ ഇങ്ങനെയൊരു വചനം ബൈബിളിനുള്ളിൽ തിരുകിയെന്നും സംശയിക്കുന്നു. യേശു പറഞ്ഞ മിക്ക കാര്യങ്ങളും ഉപമകളിൽക്കൂടിയായിരുന്നു. കടുകുമണിയുടെ വചനം തെരുവിലെ ഉപദേശി ഒരു വിധത്തിൽ പറയും, ദൈവ ശാസ്ത്രം പഠിച്ചവൻ മറ്റൊരു വിധത്തിലും. ഗുരുവും സത്ഗുരുവും തമ്മിൽ വചനത്തിന്റെ പേരിൽ വാക്കുകൊണ്ടുള്ള കളരിപ്പയറ്റും തുടങ്ങും. മലയോടു മാറാൻ പറഞ്ഞാൽ മാറുമെന്ന് കടുകുമണിയോളം പോലും ശാസ്ത്ര ത്തിന് തെളിയിക്കാൻ സാധിക്കില്ല. കടുകുമണിയുടെ വ്യാഖ്യാനം ആരു പറഞ്ഞാലും ശരിയാവുകയില്ല. അതിലെ സത്യമെന്തെന്ന് അറിയാവുന്ന ഒരാളെ ഭൂമുഖത്ത് ജനിച്ചിട്ടുള്ളൂ. ഒളിഞ്ഞിരിക്കുന്ന ആ ശാസ്ത്രം അറിയാവുന്നയാൾ യേശു മാത്രമായിരുന്നു. അവിടുന്നുപറഞ്ഞ മലയുടെ രഹസ്യം ശിക്ഷ്യഗണങ്ങളെപ്പോലും പഠിപ്പിച്ചില്ല. അത് മുതലെടുക്കുന്നത് പള്ളി പാസ്റ്ററും പുരോഹിതരുമാണ്. അമാനുഷ്യകങ്ങളായ അത്ഭുതങ്ങൾ നടത്തുന്ന ദൈവങ്ങൾ പേഗൻമതങ്ങളിൽ കാണാം. വ്യാഖ്യാനങ്ങളിൽക്കൂടി ഇത്തരം അസംഭാവ്യങ്ങളെ അവരും സത്യങ്ങളായി ചിത്രീകരിക്കാറുണ്ട്.

  കടുകുമണിയുടെ അടിസ്ഥാനതത്ത്വം താത്ത്വികമായി ചിന്തിക്കാനേ സാധിക്കുകയുള്ളൂ. അങ്ങനെയുള്ള തത്ത്വചിന്തകൾ യേശുവിന്റെ നാമത്തെ ദുരുപയൊഗപ്പെടുത്താനെ ഉപകരിക്കുകയുള്ളൂ. ഭാവനയനുസരിച്ച് നൂറായിരം പ്രഭാഷണങ്ങളും ലേഖനവും കടുകുമണിയെപ്പറ്റിയുണ്ട്.

  കൌമാരനായിരുന്നപ്പോൾ എന്റെ മുമ്പിൽനില്ക്കുന്ന ചെറിയ കുന്നിനോടു മാറാൻ ഞാൻ പറഞ്ഞിട്ടുണ്ട്. പൂർണ്ണവിശ്വാസത്തോടെയും നിഷ്കളങ്ക ഹ്രുദയത്തോടെയും പല തവണ ഈ അത്ഭുതത്തിനായി ശ്രമിച്ചു. കയ്യും കാലുമില്ലാത്ത, നടക്കാൻ സാധിക്കാത്ത യാചകർ കുന്നിൽക്കൂടി ഇഴഞ്ഞു പോവുന്നുമുണ്ടായിരുന്നു. സകല ശക്തിയും സമാഹരിച്ച് മലയോട് മാറാൻ പറഞ്ഞിട്ടും ഒരു ചെറുകല്ലുപൊലും ഇളകിയില്ല.

  യേശുവിനെപ്പോലെ ഒരു ദിവ്യന് തെറ്റുപറ്റാൻ സാധ്യതയില്ല. തെറ്റുപറ്റാത്തവൻ പറഞ്ഞത് അപൂർണ്ണനായ മനുഷ്യൻ അയാൾക്ക്‌ തോന്നുന്ന വിധത്തിൽ കടുകുമണിയോളം വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു. എനിക്കവരേയോ ഒരു സത് ഗുരുവിനെയോ ഒട്ടും വിശ്വാസം പോരാ. ഒരു ഗുരുവും ലോകത്തിൽ യേശുവിനൊപ്പം വളർന്നിട്ടുമില്ല.

  വചനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ കടുകുമണിയെന്നുള്ളത് ഏറ്റവൂം ചെറിയ വിത്തല്ല. ഒർക്കാർഡ്‌ പോലുള്ള ചെടികളിലെ വിത്ത്‌ കടുകുമണിയേക്കാളും ചെറുതാണ്. കടുകു ചെടി മരമല്ല. അതൊരു ചെടിയാണ്. കൂടിയാൽ അഞ്ചടിയിൽ കൂടുതൽ പൊക്കം വരില്ല. യേശു ഈ വചനം പറഞ്ഞില്ലെങ്കിലും ഇവിടെ ബൈബിൾ ഒരു ശാസ്ത്ര ബുക്കല്ലെന്നും തെളിയുകയാണ്. കണ്ണുമടച്ച് അജ്ഞാനിയായി വിശ്വാസം വളർത്തണമെന്നു പറയുന്ന പുരോഹിതന്റെ മുക്തിമാർഗമാണ്‌ ഈ വചനത്തിലുള്ളത്. അങ്ങനെ യേശുവിന്റെ കടുകുമണി വചനം വെറും ആലങ്കാരിക ഭാഷയെന്നതിനെ ഉറപ്പിക്കുന്നു.


  വ്യാഖ്യാനങ്ങൾ ഓരോരുത്തരുടെയും ഭാവനയെന്ന സ്ഥിതിക്ക് ബൈബിൾ ഒരു ശാസ്ത്ര പുസ്തകമല്ലെന്നും തെളിയുകയാണ്. വ്യാഖ്യാനങ്ങൾവഴി കണ്ണുമടച്ച് അജ്ഞാനിയായി വിശ്വാസം വളർത്തുന്നവർക്ക് മല മാറിക്കൊടുക്കുമായിരിക്കും.

  ReplyDelete
  Replies
  1. വിശ്വാസത്തെപ്പറ്റി മറ്റപ്പള്ളി എഴുതിയിരിക്കുത് യേശു പറഞ്ഞത് പ്രതീകാത്മകമായി സ്വാംശീകരിച്ചശേഷമാണ്. ജോസഫ് മാത്യുവിന് അറിവിലുമേറിയറിഞ്ഞവന് തന് ഉരുവിലുമൊത്തു പുറത്തു മുജ്വലിക്കും അറിവിനെപ്പറ്റി വിവരമില്ല. ആ വിവരം, അതായത് യഥാര്ഥ അറിവ്, ലഭിക്കാന് കണ്ണുകളഞ്ചും (അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും) തുറന്നുവച്ചാല് മാത്രം പോരാ. കണ്ണില് വീഴുന്ന പ്രകാശവും കാണുന്ന വസ്തുവും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധമെന്തെന്ന ഉള്ക്കാഴ്ചയും വേണം. വെറും വിവരങ്ങള്ക്കപ്പുറത്തുള്ള അറിവാണ് അത്.
   വിശ്വാസം എന്നു പറയുന്പോള് യേശു അര്ഥമാക്കിയത് സകലതും ഉള്ക്കൊള്ളുന്ന പരമജ്ഞാനംതന്നെയായ പ്രാപഞ്ചികകാരണം ബോധമാണെന്നും അത് തീരെ ലക്ഷ്യബോധമില്ലാതെയല്ല, പ്രപഞ്ചമായി പ്രതീതമാകുന്നതെന്നും ഉള്ള വിശ്വാസമാണ്. ആകാശത്തിലെ പറവകളും വയലിലെ പുല്ക്കൊടികളും പോലും അങ്ങനെയൊരു ശക്തിയില് സ്വാഭാവികമായി ജീവിക്കുന്നവയാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതനുസ്മരിക്കാതിരിക്കുന്നിത്തോളം ആര്ക്കും ക്രിസ്ത്യാനിയാകാനാവില്ലതന്നെ.

   Delete
 7. കടുക് മണിയെപ്പറ്റി ശ്രി. ജൊസഫ് മാത്യു പറഞ്ഞ കാര്യങ്ങളെ നിഷേടിക്കാന്‍ പറ്റുന്നതല്ല. ഈ ഉപമ ആലന്കാരികമായിരുന്നില്ലേ എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിനും പ്രസക്തിയുണ്ട്. പക്ഷെ, വിശ്വാസത്തിന്‍റെ തീവ്രതയില്‍ അത് സംഭവ്യമാണ്, അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത് മാത്രമാണ് ശരിയെന്നു പറയാന്‍ ഞാന്‍ തുനിയുന്നില്ല. ഒരു മലയുടെ കാര്യം മാത്രമല്ലേ നാം പറഞ്ഞുള്ളൂ? ഈ പ്രപഞ്ചം മുഴുവന്‍ ആരോ ഇവിടെ ഇശ്ചിച്ചതാണല്ലോ!
  ഇവിടെ വിശ്വസിച്ച് ഇശ്ചിക്കലും ഒപ്പം അതിന്‍റെ ആവിഷ്കാരവും തമ്മിലുള്ള സമയം കൂടി നാം കണക്കിലെടുക്കണം. ഈ 365 ദിവസത്തിന്റെയും 24 മണിക്കൂറിന്റെയും സമയ താളം ഭൂമിക്കു മാത്രമുള്ളതാണ്. പ്രപഞ്ചത്തിന്റെ ആകമാന രൂപം കണക്കിലെടുത്താല്‍ ഒരു നിമിഷം എന്നത് ദൈവത്തിന്റെ മുമ്പില്‍ യുഗങ്ങള്‍ തന്നെ ആയിരിക്കാം. അതുകൊണ്ടാണ് ദിവസക്കനക്കിനുള്ള സൃഷ്ടി വാസ്തവത്തില്‍ പരിണാമം തന്നെയായിരുന്നു എന്ന് പറയപ്പെടുന്നത്‌. ചുരുക്കത്തില്‍ മല മാറാന്‍ എടുക്കുന്ന സമയം നമ്മുടെ ഒരു നിമിഷം മാത്രമാണോ എന്നും നാം ചിന്തിക്കേണ്ടതില്ലേ?

  ReplyDelete
 8. മറ്റൊരു കമന്റിൽ ഞാൻ കുറിച്ചതുപോലെ, സാരാംശത്തെ മനസ്സിലാക്കാതെ വാക്കുകളിൽ തടഞ്ഞു പോയാൽ നാം ഒരിടത്തും എത്തുകയില്ല. യേശു പറഞ്ഞതിന്റെ ഒരംശം പോലും അവിടുത്തെ കേട്ടുനിന്നവർക്കൊ, പിന്നീട് കേട്ടറിഞ്ഞവർക്കോ മനസ്സിലായിട്ടുണ്ടെന്നു കരുതേണ്ടതില്ല. അതുകൊണ്ടാണല്ലോ അദ്ദേഹത്തിന് അകാലത്തിൽ മരിക്കേണ്ടിവന്നതു തന്നെ. കടുകുമണിയോളം വിശ്വാസം എന്ന് പറയുമ്പോൾ, അത് നമ്മുടെ വിശ്വാസത്തിന്റെ അളവായി എടുക്കേണ്ടതില്ല. ഒരു കടുകുമണിക്കുള്ളിടത്തോളം വിശ്വാസം എന്നും ആകാമല്ലോ? അത് മനസ്സിലാക്കാൻ, നമുക്കല്പം കാവ്യഭാവനയിൽ രമിക്കാം. എന്താണ് കടുകുമണിയുടെ വിശ്വാസം? കടുകുമണി മാത്രമല്ല, ഏതു സസ്യത്തിന്റെ കുരുവും വിശ്വസിക്കുന്നത് മറ്റൊന്നുമല്ല - തന്റെ സ്വന്തം അസ്തിത്വത്തെ ഉപേക്ഷിക്കാൻ താൻ തയ്യാറാകുമെങ്കിൽ, എങ്കിൽ മാത്രം, എന്നിൽ നിക്ഷിപ്തമായിരിക്കുന്ന ജീവന്റെ മുകുളം വളര്ന്നു തുടങ്ങും. ഒരു പുതിയ ചെടിയും അതിൽ എന്നെപ്പോലെ ജീവൻ കൈമാറാൻ കഴിവുള്ള അനേകശതം കായ്കളും ഉണ്ടാകും. ജീവൻ അനന്തമായി കൈമാറപ്പെടും. എന്നാൽ അത് സംഭവിക്കണമെങ്കിൽ ഒരു മണി എന്നുള്ള എന്റെ അസ്തിത്വം ഞാനുപേക്ഷിക്കണം. ഈ വിശ്വാസത്തിന് കടുകുമണി ആമേൻ പറയുമ്പോൾ സംഭവിക്കുന്നത്‌ അതിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതമായിരിക്കും. ഒരു മലയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നതിലും വലിയ അദ്ഭുതമല്ലേ അത്?


  Tel. 9961544169 / 04822271922

  ReplyDelete