Translate

Thursday, November 17, 2016

ഇന്‍ക്വിസിഷനില്‍നിന്നു രക്ഷപെട്ട മാര്‍ട്ടിന്‍ ലൂതര്‍

പോപ്പിന്റെ പരസ്യക്കുമ്പസാരവിഷയങ്ങള്‍  (ഭാഗം-7)

പി.കെ.മാത്യു ഏറ്റുമാനൂര്‍

ആദ്യഭാഗങ്ങള്‍ സത്യജ്വാലയുടെ മുന്‍ലക്കങ്ങളില്‍ 

അവ ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ സന്ദര്‍ശിക്കുക: http://almayasabdam.com/sathyajvala/sathyajvala-2/  

ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങി സൂര്യനെ വലംവയ്ക്കുന്ന ഗോളമാണ് എന്ന കോപ്പര്‍നിക്കസിന്റെ കണ്ടുപിടുത്തംമൂലം, ഇസ്രായേല്‍ ജനത്തിന്റെ ദൈവം (ഈ ദൈവം തന്നെയാണ് ക്രൈസ്തവരുടേയും ദൈവം) വ്യാജന്‍ ആയിരുന്നു എന്ന് ചിന്തിക്കാനുളള ബൗദ്ധികശേഷി സ്വതന്ത്രചിന്തകര്‍ക്കുണ്ടായി. ഭൂമിയെ പരന്നതും നിശ്ചലവും ആയിട്ടാണ് താന്‍ സൃഷ്ടിച്ചതെന്ന് ആ ദൈവം വെളിപ്പെടുത്തിയതായി ഉല്‍പ്പത്തി പുസ്തകത്തില്‍ പറയുന്നതാണ് അതിന്റെ കാരണം. ആ ദൈവം സത്യദൈവം ആയിരുന്നെങ്കില്‍ കോപ്പര്‍ നിക്കസ് പറഞ്ഞമാതിരിയാണ് താന്‍ ലോകസൃഷ്ടി നടത്തിയതെന്നു വെളിപ്പെടുത്തുമായിരുന്നു. ദൈവം മനുഷ്യനായി അവതരിച്ചവനാണ് യേശു എന്ന വസ്തുത ഉള്‍ക്കൊളളാന്‍ ഈ ചിന്തകര്‍ക്ക് ബുദ്ധിമുട്ടായി. അവര്‍ യേശുവിനെ മതത്തില്‍നിന്നു വിടുതല്‍പ്രാപിച്ച മനുഷ്യസ്‌നേഹിയായ ഒരു സ്വതന്ത്രചിന്തകനായി കാണാന്‍ ഇഷ്ടപ്പെട്ടു. മതവാദികള്‍ക്ക് ആവശ്യമായ ക്രിസ്തുവചനങ്ങള്‍ ബൈബിളില്‍ എഴുതിച്ചേര്‍ത്തത് നാലാം നൂറ്റാണ്ടിനുശേഷമാണ്.
പിതാവായ ദൈവത്തിന് മതത്തിന്റെ പിന്തുണ ആവശ്യമില്ലെന്ന് യേശു പറഞ്ഞു. അതിനെ സാധൂകരിക്കുന്നതാണ് പല ക്രിസ്തു വചനങ്ങളും. 'ദൈവം മനുഷ്യനിര്‍മ്മിതമായ ആലയങ്ങളില്‍ വസിക്കുന്നവനോ മനുഷ്യകരങ്ങളില്‍നിന്നു ശുശ്രൂഷ സ്വീകരിക്കുന്നവനോ അല്ല' (അപ്പോ.പ്രവ: 17: 24 - 25). 'വൈദികരുടെ ബലിയല്ല സഹോദരങ്ങളോടുള്ള കരുണയാണ് ദൈവത്തിനിഷ്ടം.' അപ്പത്തിന്റെ (ഭക്ഷ്യവസ്തുക്കളുടെ) വിഭജനവും നീതിപൂര്‍വ്വമായ വിതരണവും ആണ് കരുണയുടെ ബലി എന്നതാണ് അന്ത്യ അത്താഴവേളയില്‍ യേശു നല്‍കിയ സന്ദേശം. ഈ സന്ദേശം വൈദികരുടെ ബലിയും വരുമാനമാര്‍ഗ്ഗവും ആക്കിയത് ക്രിസ്തുവിനോടുളള വെല്ലുവിളിയാണ്.  ഇതിന്റെ അടിസ്ഥാനത്തിലാണ് നിരവധി അനാചാരങ്ങളും ഭക്താഭാസങ്ങളും കത്തോലിക്കാസഭയില്‍ നിലവില്‍ വന്നത്.
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും അധികാരം സിദ്ധിച്ച ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി എന്ന ധാര്‍ഷ്ട്യത്തില്‍ റോമാ മാര്‍പാപ്പ കത്തോലിക്കാസഭയില്‍ അടിച്ചേല്‍പ്പിച്ച അനാചാരങ്ങളെ തുറന്നെതിര്‍ത്ത ക്രിസ്തുവിന്റെ ധീരനായ അനുയായി ആയിരുന്നു ജര്‍മ്മന്‍കാരനായ മാര്‍ട്ടിന്‍ ലൂതര്‍. ജര്‍മ്മനിയില്‍ വിട്ടന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ബൈബിള്‍ പഠനവകുപ്പിന്റെ മേധാവിയായിരുന്ന ലൂതര്‍ (1483-1546) കോപ്പര്‍നിക്കസിന്റെ (1478-1543) സമകാലികനും വിവാഹം നിഷേധിക്കപ്പെട്ട വൈദികനും ആയിരുന്നു.
വൈദികര്‍ക്ക് വിവാഹജീവിതം നിഷേധിച്ചത് 11- ാം നൂറ്റാണ്ടുമുതല്‍ക്കാണ്. പുരുഷന്‍ (പെണ്‍തുണ കൂടാതെ) ഏകനായിരിക്കുന്നത് നന്നല്ല എന്നു ദൈവം പറഞ്ഞതായി ഉല്‍പ്പത്തി പുസ്തകത്തില്‍ കാണുന്നു(2 : 18) . സ്വന്തം കുടുംബം ഭരിച്ച് കഴിവ് തെളിയിച്ചവരെമാത്രമേ സഭാധികാരസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാവൂ എന്ന് പൗലോസ് ശ്ലീഹായും പറഞ്ഞിട്ടുണ്ട് (1 തിമോ 3 : 2-5). മേല്‍ സുവിശേഷവാക്യങ്ങള്‍ ചൂണ്ടിക്കാട്ടി പോപ്പിന്റെ ഉത്തരവ് ദൈവഹിതത്തിനെതിരായ മനുഷ്യാവകാശലംഘനമായി ലൂതര്‍ വിമര്‍ശിച്ചു. ബൈബിളടിസ്ഥാനത്തില്‍ രൂപംകൊണ്ട ക്രൈസ്ത വസഭയില്‍ ബൈബിള്‍വിരുദ്ധങ്ങളായ ആചാരനുഷ്ഠാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുളള അധികാരമോ അവകാശമോ പോപ്പിനില്ല എന്ന് ലൂതര്‍ പ്രഖ്യാപിച്ചു. ആദ്യത്തെ റോമാ മാര്‍പാപ്പാ ക്രിസ്തുസഭയെ (നാലാം നൂറ്റാണ്ടില്‍) റോമന്‍മതത്തില്‍ ലയിപ്പിച്ചു ക്രിസ്തുവിനെ വഞ്ചിച്ചവനായി ലൂതര്‍ വിശേഷിപ്പിച്ചു. ആ മാര്‍പാപ്പ ക്രിസ്തുമതത്തെ റോമന്‍ ചക്രവര്‍ത്തിക്ക് ഒറ്റുകൊടുത്ത യൂദാസാണെന്ന് ലൂതര്‍ ആക്ഷേപിച്ചു.
            മതരഹിത ക്രൈസ്തവസമൂഹത്തെ റോമന്‍ കത്തോലിക്കാമതമാക്കി രൂപാന്തരപ്പെടുത്തിയശേഷം അതിന്റെ തലപ്പത്ത് ബലമായി കയറിപ്പറ്റിയ മാര്‍പാപ്പയുടെ പിന്‍ഗാമികള്‍ ബൈബിള്‍വിരുദ്ധങ്ങളായ ഒട്ടനവധി ആചാരനുഷ്ഠാനങ്ങള്‍ സഭയില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ലക്ഷ്യം പണം സമ്പാദിക്കല്‍ മാത്രമാണ്. ഈ ആശയങ്ങള്‍ ക്രോഡീകരിച്ച് 95 ഖണ്ഡികകള്‍ അടങ്ങുന്ന ഒരു ലിസ്റ്റ് ലൂതര്‍ 1517 - ല്‍ തയ്യാറാക്കി. അതിന്റെ ചുരുക്കം പോസ്റ്ററില്‍ എഴുതി വിട്ടന്‍ബര്‍ഗ് കത്തീഡ്രല്‍ ദേവാലയത്തിന്റെ ഭിത്തിയില്‍ ലൂതര്‍ പതിച്ചു. അതില്‍ ഏതാനും ഖണ്ഡികകളുടെ ചുരുക്കം താഴെ കൊടുക്കുന്നു: ബൈബിള്‍ അനുസരിച്ച് ലോകാവസാനത്തിലെ അന്ത്യവിധിക്കുശേഷമല്ലാതെ മരിച്ചവരെ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ദൈവം പ്രവേശിപ്പിക്കുകയില്ല. സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയ്ക്ക് ഒരു ശുദ്ധീകരണസ്ഥലം ഉളളതിന് യാതൊരു തെളിവും ബൈബിളില്‍ ഇല്ല. എ.ഡി. 995-ലെ പോപ്പിന്റെ ഉത്തരവുമൂലമാണ് ശുദ്ധീകരണസ്ഥലം നിലവില്‍ വന്നത്. കൊച്ചു കൊച്ചു പാപങ്ങള്‍ ചെയ്തവരുടെ പാപക്കറകള്‍ തീര്‍ക്കാന്‍ ഒരു താല്‍ക്കാലിക ശിക്ഷാകേന്ദ്രം എന്ന നിലയ്ക്കാണ് ശുദ്ധീകരണസ്ഥലം പോപ്പ് രൂപകല്പ്പന ചെയ്തത്.  ഭൂമിയിലെ കാണപ്പെട്ട ദൈവമായ പോപ്പ് ആജ്ഞാപിച്ചാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന് നിഷേധിക്കാന്‍ നിവൃത്തിയില്ല എന്നാണല്ലോ വയ്പ്. യേശുവിനെ മുന്‍കാലപ്രാബല്യത്തോടുകൂടി നാലാം നൂറ്റാണ്ടില്‍ ദൈവത്തിന്റെ അവതാരമാക്കിയത് മേല്‍പറഞ്ഞപോലെ അധികാരം സിദ്ധിച്ച റോമാ മാര്‍പാപ്പയാണ്.
കുര്‍ബാനകളും ഒഫീസുകളും വൈദികരെക്കൊണ്ട് ചൊല്ലിച്ചാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ ശിക്ഷാകാലാവധിക്ക് ഇളവുകിട്ടുമെന്നായിരുന്നു ആദ്യകാലത്തെ സഭയുടെ ഉപദേശം. ഇതിനുവേണ്ടി വിശ്വാസികള്‍ നല്‍കുന്ന പണമത്രയും വൈദികര്‍ കൈവശപ്പെടുത്തുന്നതുകൊണ്ട് സഭയ്ക്കു വരുമാനം ലഭിക്കുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിനുവേണ്ടിയാണ് അ.ഉ. 1190 - മുതല്‍ പേപ്പസിയില്‍നിന്നു പല വിലയിലുളള ദണ്ഡവിമോചന കാര്‍ഡുകളുടെ വില്പ്പന ആരംഭിച്ചത്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ശിക്ഷ പൂര്‍ണ്ണമായി ഇളവുചെയ്തുകിട്ടുവാന്‍ വന്‍തുകയ്ക്കുളള ദണ്ഡവിമോചന കാര്‍ഡുകള്‍ വാങ്ങിയാല്‍ മതിയെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചതാണ് ലൂതറിനെ ഏറെ പ്രകോപിപ്പിച്ചതെന്ന് കത്തോലിക്കാ വൈദികര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ലൂതറിന്റെ 95 ആരോപണങ്ങളില്‍ ഒന്നു മാത്രമാണിത്.
ബൈബിള്‍ അനുസരിച്ച്, ലോകാവസാനത്തില്‍ അന്ത്യവിധി സംഭവിക്കുന്നിടംവരെ മരിച്ചവരെല്ലാം നിദ്രാവസ്ഥയിലാണ്. 'നിന്റെ സ്തുത്യര്‍ഹമായ ഉത്ഥാനം വഴി മരിച്ചവരെ മഹത്വത്തോടെ ഉയര്‍പ്പി ക്കും എന്ന പ്രത്യാശയില്‍ മരിച്ചവരെല്ലാം നിദ്ര ചെയ്യുന്നു' എന്ന് അനുദിനമുളള കുര്‍ബാനയില്‍ വൈദികന്‍ ചൊല്ലുന്നത് ഈ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്. ഇപ്രകാരം നിദ്രാവസ്ഥയില്‍ കിടന്നിരുന്ന അര്‍ഹതപ്പെട്ട ചില പരേതര്‍ക്ക് അ.ഉ. 995- മുതല്‍ വിശുദ്ധപദവി നല്‍കി അഡ്വാന്‍ സായി മാര്‍പ്പാപ്പമാര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം അനുവദിക്കാന്‍ തുടങ്ങി. ഈ വിശുദ്ധരെ ദൈവത്തിനുമുമ്പിലെ മധ്യസ്ഥന്‍മാരായി അവരോധിച്ചു. വിശ്വാസികള്‍ക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകൊടുക്കാനുളള അനുമതിയും പോപ്പ് ഈ വിശുദ്ധര്‍ക്ക് നല്‍കി. അതിനുളള ഫീസ് ഭൂമിയിലെ സഭാധികൃതര്‍ക്ക് നല്‍കണമെന്നുമാത്രം!
ഇപ്രകാരമുളള ബൈബിള്‍വിരുദ്ധ ഉത്തരവുകളെ വിശ്വാസികളില്‍ ചിലര്‍ ചോദ്യംചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വിശ്വാസികള്‍ ബൈബിള്‍ വായിക്കുവാന്‍ പാടില്ല എന്ന ഉത്തരവ് മാര്‍പാപ്പ 1529 - ല്‍ പുറപ്പെടുവിച്ചത്. വിശ്വാസികളുടെ മാതൃഭാഷയില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നത് വിലക്കിക്കൊണ്ടുകൂടി പോപ്പ് ഉത്തരവിറക്കി. ഇതിനെ വിമര്‍ശിച്ച ലൂതര്‍ ലത്തീന്‍ ഭാഷയിലുളള ബൈബിള്‍ ജര്‍മ്മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.
കുര്‍ബാനയില്‍ വാഴ്ത്തപ്പെടുന്ന അപ്പവും വീഞ്ഞും യേശുവിന്റെ ശരീര-രക്തങ്ങളായിത്തീരു (Transubstantiation) മെന്ന പോപ്പിന്റെ A.D. 1515-ലെ കല്പ്പനയാണ് ലൂതറെ ഏറെ പ്രകോപിപ്പിച്ചത്. പത്തു വര്‍ഷത്തിനു ശേഷം ക്രിസ്തുവിനെ ആവാഹിച്ചിരുത്തിയ ഓസ്തി അള്‍ത്താരയില്‍വച്ച് ആരാധിക്കാന്‍ പോപ്പ് ഉത്തരവിട്ടു. ഇത് പ്രാകൃതമായ പേഗണ്‍ ചിന്താഗതിയായിപ്പോയി എന്ന് ലൂതര്‍ വിമര്‍ശിച്ചു. ഈശ്വരനെ ആവാഹിച്ചിരുത്തിയ ബിംബങ്ങള്‍ക്ക് സമയാസമയങ്ങളില്‍ പൂജാരികള്‍ ഭക്ഷണം നല്‍കുന്ന പതിവ് ഇന്ത്യയിലുണ്ട്. അതുപോലെ അപ്പത്തില്‍ ആവാഹിച്ചിരുത്തി അള്‍ത്താരയില്‍ അടച്ചുപൂട്ടുന്ന യേശുവിനു സമയാസമയങ്ങളില്‍ ഭക്ഷണം പുരോഹിതര്‍ നല്‍കാത്തത് എന്തുകൊണ്ട് എന്ന് ലൂതര്‍ പരിഹാസരൂപേണ ചോദിച്ചു.
വിമര്‍ശകരെ പാഷണ്ഡരായി മുദ്രകുത്തി ഇന്‍ക്വിസിഷന്‍ കോടതികള്‍വഴി ചുട്ടെരിക്കുന്നത് നികൃഷ്ടവും നിന്ദ്യവും നീചവുമായ മനുഷ്യാവകാശലംഘനമാണെന്ന വിമര്‍ശനവുമായാണ് ലൂതര്‍ രംഗപ്രവേശം ചെയ്തത്. യൂറോപ്പിലെ ഭരണാധികാരികള്‍ക്ക് ഇന്‍ക്വിസിഷന്‍ കോടതികളുടെ അധികാരത്തെ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കത്തോലിക്കാ വൈദികരുടെ നിരന്തരമായ മസ്തിഷ്‌ക്കപ്രക്ഷാളനംവഴി വിശ്വാസമനോരോഗികളായിത്തീര്‍ന്നവരാണ് ബഹുഭൂരിപക്ഷം കത്തോലിക്കരും. ദേശീയത വെടിഞ്ഞ് റോമാ മാര്‍പാപ്പയുടെ പ്രജകളായിത്തീര്‍ന്ന കത്തോലിക്കാ മതവിശ്വാസികളുടെ എതിര്‍പ്പിനെ ഭയന്ന് ഈ ഭരണാധികാരികള്‍ മൗനംപാലിക്കുകയായിരുന്നു.
ജര്‍മ്മനിയിലെ ഏതാനും സ്വതന്ത്രചിന്തകര്‍ ലൂതറിന്റെ പക്ഷംചേര്‍ന്നതായി കാണുകയാല്‍ ജര്‍മ്മന്‍ ഭരണാധികാരി ചാള്‍സ് അഞ്ചാമന്‍ ലൂതറിനു പിന്തുണ പ്രഖ്യാപിച്ചു. അതുകൊണ്ട്, ഇന്‍ക്വിസിഷന്‍ കോടതിയുടെ ഉത്തരവ് അനുസരിച്ച് ലൂതറിനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുവാന്‍ കഴിഞ്ഞില്ല. 1521 - ല്‍ മാര്‍പാപ്പ ലൂതറിനെ മഹറോന്‍ചൊല്ലി സഭയ്ക്കു പുറത്താക്കി. ഇതോടുകൂടി തീവ്രവാദികളായ കത്തോലിക്കരും അരമനഗുണ്ടകളും ലൂതറിനെതിരെ തിരിഞ്ഞു. അതുകൊണ്ട് അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടിവന്നു. പിന്നീട് അദ്ദേഹം ദൂരെയുളള വാട്ട്ബര്‍ഗ്ഗ് എന്ന സ്ഥലത്തു പോയി താമസിച്ചു. അവിടെ ലൂതറിന് കൂടുതല്‍ അനുയായികളെ ലഭിച്ചു. A.D. 1525 - ല്‍ വിട്ടന്‍ബര്‍ഗിലേയ്ക്ക് തിരിച്ചുവന്ന ലൂതര്‍ സ്വന്തം നിലയില്‍ ഒരു സഭ സ്ഥാപിച്ചു. 
അതാണ് ഇപ്പോള്‍ ലൂതറന്‍സഭ എന്നറിയപ്പെടുന്നത്.                   (തുടരും)

ഫോണ്‍: 949521289

No comments:

Post a Comment