Translate

Monday, November 21, 2016

നവീകരണം ആശയത്തിലോ അതോ പ്രവര്‍ത്തനങ്ങളിലോ?

പ്രൊഫ. പി.സി. ദേവസ്യാ

(സത്യജ്വാല 2016 നവംബർ ലക്കത്തിൽനിന്ന്)

നാളുകളായി 'ഓശാന'യുടേയും അതിനു ശേഷം 'സത്യജ്വാല'യുടേയും വായനക്കാരനാണ് ഞാന്‍. ചെറുപ്പം മുതല്‍ സഭാനവീകരണത്തില്‍ താല്‍പര്യ വുമുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയുടെ മുഖക്കുറിപ്പുകള്‍ ചിന്തയ്ക്കും ചര്‍ച്ചയ്ക്കും വിധേയമാ ക്കേണ്ട ധാരാളം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. പക്ഷേ ഒറ്റപ്പെട്ട ചിന്തയിലും ചര്‍ച്ചയിലും അവ അവസാനിച്ചുപോകുന്നു എന്നത് ഖേദകരമാണ്. ഉദാഹരണത്തിന്, 2015 മാര്‍ച്ച് മാസത്തില്‍ അവതരി പ്പിക്കപ്പെട്ട 'ക്രിസ്റ്റോളജി ഒരു തടസ്സക്കല്ല്' എന്ന വിഷയം ധാരാളം ചര്‍ച്ചചെയ്യപ്പെട്ടു. എഡിറ്ററുമായി അടിസ്ഥാനപരമായി വിയോജിപ്പ് പ്രകടിപ്പിച്ച ഇല്ലിക്കമുറി അച്ചന്‍ ആ ക്രിസ്റ്റോളജിയെ വിമര്‍ശിച്ച് ദീര്‍ഘമായി ഉപന്യസിക്കുകയുണ്ടായി. അതുസംബ ന്ധമായി എഡിറ്ററുടെയും വായനക്കാരുടെയുമായ പ്രതികരണങ്ങളും വന്നു (39 മുതല്‍ 43 വരെ ലക്കങ്ങള്‍). സാവധാനം എല്ലാം കെട്ടടങ്ങി. പ്രധാന വിഷയത്തില്‍ നിന്ന് ഉയര്‍ന്നുവന്ന 'വിശുദ്ധ കുര്‍ബ്ബാനയെ'പ്പറ്റിയായി, പിന്നെ പഠനം. കുര്‍ബ്ബാനയിലെ 'സത്താപരമായ മാറ്റത്തേപ്പറ്റി'യും മറ്റും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഠനത്തിലേക്കുതന്നെ കാലിക പ്രാധാന്യമുള്ള പ്രധാന ചര്‍ച്ച കൂപ്പുകുത്തി എന്നു സാരം.
വാസ്തവത്തില്‍ ക്രിസ്റ്റോളജിയെപ്പറ്റിയും ക്രിസ്റ്റോളജി എന്നതുകൊണ്ട് എഡിറ്റര്‍ വിവക്ഷിച്ച ക്രിസ്തീയ സഭാപ്രവര്‍ത്തനങ്ങളെപ്പറ്റിയുമായിരുന്നു പഠനം തുടരേണ്ടിയിരുന്നത്. കാരണം, നമ്മുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ ഉന്നയിച്ച തടസ്സക്കല്ലുകളെ തട്ടിനിരപ്പാക്കുന്നതിനാണല്ലോ ഊന്നല്‍ നല്‍കുന്നത്. എഡിറ്ററും വിഷയത്തെ താത്വികമായി സമീപിച്ച ഇല്ലിക്കമുറി അച്ചനുമൊക്കെ സമ്മതിക്കുന്നതുപോലെ, ഇന്നത്തെ ക്രൈസ്തവസഭ താത്വികമായി എങ്ങനെ ഇരുന്നാലും, പ്രായോഗികമായി ഒരു Folk religion തന്നെയാണ്. ഈ വസ്തുത അംഗീകരിക്കുന്നവര്‍ അവിടെനിന്നും ശരിയിലേക്ക് എങ്ങനെ വഴിതെളിക്കണം എന്നതിനേപ്പറ്റിയാണ് അന്വേഷിക്കേണ്ടത്. എവിടെയാണ് തിരുത്തലുകള്‍ വരുത്തേണ്ടത്? ആരാണ് അതിനു മുന്നില്‍നിന്നു പ്രവര്‍ത്തിക്കേണ്ടത്? എന്തൊക്കെ പഠനങ്ങളാണു നടക്കേണ്ടത്? ഇല്ലിക്കമുറി അച്ചനേപ്പോലെയുള്ള പുരോഹിതന്മാര്‍ക്ക് ഈ പ്രവര്‍ത്തനത്തില്‍ എന്തു റോളാണുള്ളത് (മുന്നില്‍ നിന്നു നയിക്കുന്നവരാണല്ലോ പുരോഹിതര്‍) എന്നും ചിന്തിക്കണം. നവീകരിക്കപ്പെട്ട ഒരു ക്രൈസ്തവ മുന്നേറ്റനിരയെ എങ്ങനെ രൂപപ്പെടുത്താന്‍ കഴിയും എന്നു പരീക്ഷിച്ചു നോക്കുകയും വേണം. വ്യക്തികളുടെയും നവീകരണഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപരേഖ ഉണ്ടാക്കാന്‍ കഴിഞ്ഞാലേ നവീകരണശ്രമങ്ങള്‍ മുമ്പോട്ടു പോകുകയുള്ളു.
പ്രായോഗികപ്രവര്‍ത്തനങ്ങളിലേക്കു കടക്കുമ്പോഴാണ് നവീകരണശ്രമങ്ങള്‍ - അത് അച്ചന്മാര്‍ മുന്‍നിന്നു നടത്തുന്നതായാലും, അത്മായരുടെ നേതൃത്വത്തിലുള്ളതായാലും - ബാബേല്‍ ഗോപുരനിര്‍മ്മാണഘട്ടത്തിലേതുപോലെ കുഴഞ്ഞുമറിയുന്നത്. ഒരു 50 വര്‍ഷം മുമ്പ് എന്നേപ്പോലെയുള്ളവര്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത്, ഐക്കഫ് (aicuf) പോലെ പുരോഗമനസ്വഭാവമുണ്ടെന്ന് കരുതപ്പെട്ടിരുന്ന ചില കത്തോലിക്കാ വിദ്യാര്‍ത്ഥിസംഘടനകള്‍ ഫാ.സെബാസ്റ്റ്യന്‍ കാപ്പന്‍, ഫാ.സാമുവല്‍ രായന്‍ തുടങ്ങിയ ഈശോസഭാവൈദികരുടെ നേതൃത്വത്തില്‍, മെത്രാന്മാരുടെയുംമറ്റും അംഗീകാരത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം NBCLCയുടെ (നാഷണല്‍ ബിബ്ലിക്കല്‍ ആന്റ് കാറ്റക്കെറ്റിക്കല്‍ സെന്റര്‍) ആഭിമുഖ്യത്തില്‍, ഫാ.അമലോര്‍ഭവദാസിന്റെ നേതൃത്വത്തില്‍, ബാംഗ്ലൂരും മറ്റു പല സ്ഥലങ്ങളിലും വച്ചു നടന്ന നാഷണല്‍ സെമിനാറുകളില്‍ വളരെ പുരോഗമനപരമായ ചില ദൈവശാസ്ത്രപഠനങ്ങളും അതിലൂന്നിയ ചില പ്രവര്‍ത്തനപരിപാടികളും ആവിഷ്‌കരിക്കപ്പെട്ടതും ഓര്‍ക്കുന്നു. ഏതാണ്ട് ആ കാലഘട്ടത്തില്‍ത്തന്നെയായിരുന്നു, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനോടനുബന്ധിച്ചുള്ള സെമിനാറുകളുംമറ്റും കേരളസഭ മുന്‍നിന്ന് നടത്തിയതും. അതിലൊക്കെ പങ്കെടുത്തവര്‍ 'തങ്ങള്‍ ഈ സഭയിലെ വിലപ്പെട്ടവരാണ്' എന്ന ഒരു (വൃഥാ)ചിന്ത, ഉള്ളില്‍ സൂക്ഷിക്കുകയുംചെയ്തു. അതിന്റെയൊക്കെ 'ചില പൊട്ടുംപൊടിയും' ഉള്ളിലിട്ടു നടക്കുന്നവരെയാണ് ഇന്ന് പല നവീകരണപ്ലാറ്റ്‌ഫോമുകളിലുംവച്ച് കണ്ടുമുട്ടാറുള്ളതും. എന്നാല്‍ പരമദയനീയമായ ഒരു കാര്യം, ഇന്ന് നവീകരണരംഗത്തുള്ളവര്‍ക്കു തമ്മില്‍ ഏതെങ്കിലും കാര്യത്തില്‍ ആശയപ്പൊരുത്തമോ, പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും ഐകരൂപ്യമോ കാണാനില്ല എന്നതാണ്. വല്ലാത്ത ഒരു അശാന്തിയും, ലക്ഷ്യമറിയാത്ത വിക്ഷോഭവും പൊതു സ്വഭാവമാണുതാനും. ഇത് എഴുതുന്നയാളും അതില്‍നിന്ന് വ്യത്യസ്തനല്ല എന്നു സമ്മതിക്കുന്നു. അശാന്തിയില്‍നിന്നും വിദ്വേഷത്തില്‍നിന്നും നല്ലതൊന്നും ഉണ്ടാകുകയില്ലല്ലോ. എവിടെയെങ്കിലും ബലമുള്ള അടിത്തറയില്‍ ഉറച്ചു നിന്നിട്ടുവേണ്ടേ പ്രവര്‍ത്തിക്കാന്‍? മതത്തിന്റെ ബാനര്‍വേണ്ട, മനുഷ്യന്‍ എന്ന ഭൂമികയില്‍ മാത്രം ഉറച്ചുനിന്നു പ്രവര്‍ത്തിക്കാം എന്നു കരുതുന്നവരുണ്ട്. കോളേജു കാലഘട്ടത്തിനുശേഷം ക്രൈസ്തവസംഘടനകളെ വിട്ട് 'ഗാന്ധിപീസ് ഫൗണ്ടേഷ'നിലും 'ലോഹ്യവിചാരവേദി'യിലും ഒക്കെ സജീവമായ ചിലരുണ്ട്. 'സത്യജ്വാല'യുടെ ചില ലക്കങ്ങളില്‍ എഴുതാറുള്ള ഡോ.(ഫാ) ജെ.വലിയമംഗലത്തെപ്പോലെയുള്ള മുന്‍ വൈദികര്‍തന്നെ സര്‍വ്വമതസാകല്യത്തിന്റെ വക്താക്കളായി രംഗത്തുണ്ട്. പക്ഷേ നവീകരണപ്രവര്‍ത്തനങ്ങള്‍ 'ക്രിസ്ത്യന്‍' എന്ന മുഖപടം ഉപേക്ഷിക്കാത്ത സ്ഥിതിക്ക് ക്രിസ്തുവും സഭയും നവീകരണശ്രമങ്ങളിലെ അവിഭാജ്യഘടകംതന്നെ ആണല്ലോ.
ക്രിസ്തുവിനെ കേന്ദ്രമാക്കുക എന്നു പറയുമ്പോള്‍, തുടക്കത്തില്‍ത്തന്നെ നാം കണ്ട ക്രിസ്റ്റോളജി കടന്നുവരും. അവിടെത്തുടങ്ങുന്നു, കുഴപ്പങ്ങള്‍. കാരണം, 'സത്യജ്വാല' എഡിറ്ററുടെ ക്രിസ്റ്റോളജി അല്ലല്ലോ ഇല്ലിക്കമുറി അച്ചന്റെ ക്രിസ്റ്റോളജി. സഭയുടെ ക്രിസ്റ്റോളജി ഇല്ലിക്കമുറി അച്ചന്‍ പറയുന്നതാണെങ്കില്‍ അത് അംഗീകരിക്കാതെ എങ്ങനെ സഭാംഗം എന്ന നിലയില്‍ സഭയെ നവീകരിക്കാനകും? ''യേശു എന്ന ചരിത്രപുരുഷനായ വ്യക്തി ക്രിസ്തുവാണ്, രക്ഷകനാണ് ദൈവപുത്രനാണ് എന്ന വിശ്വാസം ഏറ്റുപറഞ്ഞ്'' (ലക്കം 39) ക്രിസ്ത്യാനിയായിക്കഴിഞ്ഞാലും 'വലിയ മെത്രാന്‍' മുതല്‍ താഴോട്ടുള്ളവരെയെല്ലാം Folk religion-ന്റെ ഭാഗമായിമാത്രമേ കാണാന്‍ കഴിയൂ എന്ന സത്യം ഇല്ലിക്കമുറി അച്ചന്‍പോലും അംഗീകരിക്കുന്നുണ്ട്. ഇല്ലിക്കമുറി അച്ചനെപ്പോലെയുള്ളവര്‍ ആവൃതിക്കുള്ളിലിരുന്ന് എന്തു പുരോഗമനം എഴുതിയാലും പുറത്തുവന്ന് ഏതെങ്കിലും ഒരു മണ്ഡലത്തില്‍ സമൂഹത്തിനു നേതൃത്വംനല്‍കാത്തിടത്തോളംകാലം, അച്ചനും Folk religion-ന്റെ സുരക്ഷിത കൂടാരത്തില്‍ത്തന്നെ ഒളിച്ചിരിക്കുകയാണെന്നേ പറയാന്‍പറ്റൂ. ഞങ്ങള്‍ അത്മായര്‍, ഒരു നേതൃത്വവും അംഗീകരിക്കാതെ അഭിപ്രായവ്യത്യാസങ്ങളെ ഊതിപ്പെരുപ്പിച്ച് ഒഴുക്കിനൊപ്പം മുങ്ങിപ്പൊങ്ങി മുന്നേറിയതുകൊണ്ട് നവീകരണം വരുമെന്നു കരുതാനാവില്ല. ഇടയ്ക്കിടയ്ക്ക് കൂട്ടത്തില്‍നിന്നുതന്നെ, നമ്മള്‍ നവീകരണത്തിലേക്കാണോ, നശീകരണത്തിലേക്കാണോ പോകുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ എന്താണ് കരണീയമായു ള്ളത്? ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്നാണ് നോക്കേണ്ടത്. നമുക്ക് ഒരു മുഖപത്രം - സത്യജ്വാല-മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ കഴിയുക; മാസാവസാന ശനിയാഴ്ചസമ്മേളനങ്ങള്‍ പാലായില്‍ നടക്കുന്ന സമയത്തുതന്നെ കേരളത്തിലെ രണ്ടോ മൂന്നോ കേന്ദ്രങ്ങളില്‍ക്കൂടി മുടക്കമില്ലാതെ സമ്മേളിക്കുവാന്‍ വേദിയൊരുക്കുക. ഓരോ മാസമീറ്റിംഗും അടുത്ത ഒരു മാസം ചെയ്യേണ്ട ചില കാര്യങ്ങള്‍ നിശ്ചയിച്ച് പ്രവര്‍ത്തനംനടത്തി റിപ്പോര്‍ട്ടു ചെയ്യുന്ന പതിവ് ഉണ്ടാക്കുക. പാലാസമ്മേളനറിപ്പോര്‍ട്ടുപോലെതന്നെ എല്ലാ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനറിപ്പോര്‍ട്ടുകള്‍ 'സത്യജ്വാല'യില്‍ പ്രസിദ്ധപ്പെടുത്തുക. ഇത്രയുമെങ്കിലും കഴിയുകയില്ലേ?
സഭാസമൂഹത്തിലെ കാലികപ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഏറ്റവും ഫലപ്രദമായ കാര്യമാണ്. 'തടികേടാക്കുന്ന' ഒരു പ്രവൃത്തിയാണ് ഇടപെടല്‍ എന്ന് പലരും താക്കീതു ചെയ്യാറുണ്ട്. കഴിയുന്നത്ര തല്ലുകൊള്ളാതെ ഇടപെടലുകള്‍ ക്രമപ്പെടുത്തുന്നതും ബുദ്ധിയാണ്. പക്ഷേ ഒന്നിലും ശാരീരികമായി ഇടപെടാതെ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുകയില്ലല്ലോ. കൃത്യമായ പ്ലാനിംഗും അതിനനുസരിച്ച് വിവേകപൂര്‍വ്വമുള്ള ഇടപെടലുമാണ് നമ്മെ വിജയത്തിലെത്തിക്കുന്നത്.
പലപ്പോഴും നമ്മള്‍ ഉപേക്ഷിച്ചുകളയുന്ന രംഗമാണ് ഓരോ പ്രവര്‍ത്തനത്തോടും ബന്ധപ്പെട്ട ഫോളോ അപ്പ്. കാഞ്ഞിരപ്പള്ളിയിലെ മോണിക്കാപ്രശ്‌നം, പാലായിലെ കല്ലുവെട്ടത്തു കുട്ടപ്പന്റെ പ്രശ്‌നം, തലോര്‍-കുരീപ്പുഴ-ഞാറയ്ക്കല്‍-ഇടവക പ്രശ്‌നങ്ങള്‍ ....... ഇവയോടൊക്കെ ബന്ധപ്പെട്ടുണ്ടാക്കിയ പ്രാദേശിക കൂട്ടായ്മകളുമായി ഇപ്പോള്‍ കാര്യമായ അടുപ്പം ആര്‍ക്കെങ്കിലും ഉണ്ടോ? ഇല്ലെങ്കില്‍ അതുതന്നെ വലിയ പരാജയമാണ്. ഓരോ പ്രദേശത്തുമുള്ള പ്രവര്‍ത്തകരുമായി ബന്ധം നിലനിറുത്താനുള്ള സംവിധാനം അവശ്യം ആവശ്യമാണ്. ആണ്ടില്‍ ഒരിക്കലെങ്കിലും നമ്മുടെ resource ടീമും അതിന്റെ പിന്നിലുള്ള പ്രവര്‍ത്ത കഗ്രൂപ്പും അതിന്റെയും പിറകിലുള്ള സഹായകസമൂഹവും ഒന്നിച്ചുചേരുന്ന ഒരു 'കൂടിവരവ്' തീര്‍ച്ചയായും വേണം. ഇതിനുംപുറമേ, നമ്മുടെ Ex priests-Ex nuns ഗ്രൂപ്പുകളെയും സജീവമാക്കി നിറുത്തേണ്ടതും ആവശ്യമാണ്.
ഇത്തരത്തിലൊക്കെ മുമ്പോട്ടു പോകുന്ന നവീകരണപ്രവര്‍ത്തകസമൂഹത്തെയാണ് വൃദ്ധരായ എന്നെപ്പോലെയുള്ളവര്‍ സ്വപ്നം കാണുന്നത്. പക്ഷേ അപ്പോഴും പ്രധാന പ്രശ്‌നം നിലനില്‍ക്കുന്നു. ഏതെങ്കിലും കാര്യത്തില്‍ ഏകാഭിപ്രായമുള്ള 10 പേരെയെങ്കിലും കണ്ടെത്താന്‍ നമുക്കു കഴിയുമോ? ആദ്യം അതുതന്നെയാണ് അന്വേഷിക്കേണ്ടത്. മനഃപൊരുത്തമുള്ള പത്തുപേര്‍ ഒന്നിച്ചാല്‍ ഏതു പ്രസ്ഥാനവും മുമ്പോട്ടു പൊയ്‌ക്കൊള്ളും. പത്തു നീതിമാന്മാരുണ്ടോ എന്നാണല്ലോ പണ്ട് യഹോവയും ചോദിച്ചത്! പ്രതീക്ഷയോടെ നമുക്കു പ്രവര്‍ത്തനം തുടരാം.

ഫോണ്‍: 9961255175

No comments:

Post a Comment