Translate

Sunday, November 6, 2016

സഭാനേതൃത്വത്തിന്റെ വഞ്ചനയില്‍ തകര്‍ന്ന കേരളത്തിലെ ദലിത് കത്തോലിക്കര്‍

ജോസഫ് പനമൂടന്‍

(ജനറല്‍ സെക്രട്ടറി, 'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ')

സത്യജ്വാല മാസികയുടെ 2016 സെപ്റ്റംബര്‍, ഒക്ടോബര്‍ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത്

[യേശുവിന് എതിര്‍സാക്ഷ്യമായി, പഴുത്തൊലിക്കുന്ന വ്രണംപോലെ സഭാഗാത്രത്തില്‍ നിലനില്‍ക്കുന്ന ദലിത് ക്രൈസ്തവപ്രശ്‌നത്തിന്റെ ആഴങ്ങളിലേക്കു വെളിച്ചം വീശുന്ന ലേഖനം.]

യേശു അന്നത്തെ പുരോഹിതരോടു പറഞ്ഞു: ''ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റിനടക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതികളാക്കിത്തീര്‍ക്കുന്നു'' (മത്താ. 23:15-16). ലോകത്തിന്റെ നെറുകയില്‍ സകല പ്രതാപങ്ങളോടെയും മുടിചൂടി നില്ക്കുന്ന ക്രൈസ്തവസഭയിലേക്കു മതം മാറ്റപ്പെട്ട ഒരു പറ്റം ആളുകള്‍ ഇന്ന് രണ്ടാംതരം ക്രിസ്ത്യാനികളായി മുദ്രകുത്തപ്പെട്ട്, സഭയില്‍ പുറജാതിക്കാരായി കഴിയുന്നു. ഇത് എത്രനാള്‍ തുടരണം? കേരളത്തില്‍ പൂജാരി മുതല്‍ വേടന്‍, ഉളളാടന്‍, പുലയന്‍ തുടങ്ങി ഇവിടത്തെ എല്ലാ ദലിത്-പിന്നോക്കവിഭാഗങ്ങളും ക്രിസ്തുമതത്തില്‍ കടന്നുകൂടിയിട്ടുണ്ട്. അതില്‍ പുലയന്‍, പറയന്‍, കുറവന്‍ എന്നീ മൂന്നു ജാതികളെമാത്രം സഭയ്ക്ക് ഉള്‍ക്കൊളളാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. അവരെ സഭയില്‍ ചേര്‍ത്ത കാലഘട്ടത്തില്‍ പുലപ്പളളിയും പറപ്പളളിയും പണിത് അകറ്റിനിര്‍ത്തിയത് പ്രേഷിതപ്രവര്‍ത്തനത്തിലുളള വിവേചനമായിരുന്നില്ലേ? ബൈബിളിലെ ഏറ്റവും ഉത്കൃഷ്ടമൂല്യമായ തുല്യതയുടെ നിഷേധംകൂടിയായിരുന്നു, അത്.
പൗലോസ് പഠിപ്പിക്കുന്നത്, ''ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്'' (ഗലാ. 3:27-28) എന്നാണല്ലോ. വിശുദ്ധ ബൈബിളില്‍ വിശ്വസിക്കുകയും അതിലെ പ്രബോധനങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഭാനേതൃത്വം സ്വയം അവഹേളിക്കപ്പെടുകയല്ലേ?
ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കുവാനുളള സമരം ആറര പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു!
ഇത്ര ദീര്‍ഘമായ ഒരു സമരം സ്വതന്ത്ര ഇന്ത്യയില്‍ ഇന്നോളം ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. എന്തുകൊണ്ട് സമരത്തോണി ഇന്നും തിരുനക്കരത്തന്നെ കിടക്കുന്നു? ആയതിലേക്കാണു നമ്മുടെ ശ്രദ്ധ തിരിയേണ്ടത്.
1935-ലെ 'ഗവ. ഓഫ് ഇന്ത്യ ആക്റ്റി'ല്‍ അധഃസ്ഥിത ക്രൈസ്തവര്‍ക്ക് 'ഇന്ത്യന്‍ ക്രിസ്ത്യന്‍' എന്ന പദവി നല്കുകയും പട്ടികജാതികള്‍ക്കുളള എല്ലാ അവകാശങ്ങളും ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, 1950-ല്‍ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാനിര്‍മ്മാണസമയത്ത് ഭാരതത്തിലെ മത-ഭാഷാന്യൂനപക്ഷങ്ങള്‍ക്കുളള സംവരണം എങ്ങനെ ഭരണഘടനയില്‍ ചേര്‍ക്കണമെന്നു തീരുമാനിക്കുന്നതിനായി ഈ വിഭാഗങ്ങളെ പ്രത്യേകം ക്ഷണിച്ചുവരുത്തി അഭിപ്രായങ്ങള്‍ ആരായുകയുണ്ടായി. ഇന്ത്യയിലെ ക്രൈസ്തവസഭകളെ പ്രതിനിധീകരിച്ച് ഡല്‍ഹിയിലെത്തിയത് ഫാ. ജറോം ഡിസൂസ, രാജ്കുമാരി അമൃത്കൗര്‍, ഡോ.എച്ച്.സി. മുഖര്‍ജി തുടങ്ങി ഒരു സംഘം ആഢ്യക്രൈസ്തവരായിരുന്നു. അന്നവര്‍ അവിടെ പറഞ്ഞത്, ക്രൈസ്തവസഭയില്‍ ജാതിവ്യത്യാസമില്ലാത്തതിനാല്‍ തങ്ങള്‍ക്ക് ജാതിസംവരണം വേണ്ട; പകരം, മതന്യൂനപക്ഷമെന്ന നിലയിലുളള ആനുകൂല്യങ്ങള്‍ മതി എന്നാണ്. സഭയുടെ പാരമ്പര്യവും വിശ്വാസങ്ങളുംമറ്റും കാത്തുസൂക്ഷിച്ച് തലമുറകളിലേക്കു പകരുന്നതിനായി തങ്ങളുടെ കുട്ടികളെ ക്രൈസ്തവാന്തരീക്ഷത്തില്‍ വളര്‍ത്തുവാന്‍ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുവാനുളള അവകാശം ലഭിക്കണം എന്നുകൂടി അവര്‍ പ്രത്യേകമായി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ സഭ നേടിയപ്പോള്‍, സഭയിലെ 60% വരുന്ന ദലിത്‌ക്രൈസ്തവരുടെ 'ഇന്ത്യന്‍ ക്രിസ്ത്യന്‍' എന്ന പദവിയും അവകാശങ്ങളുമാണു നഷ്ടപ്പെട്ടത്. ക്രിസ്തുമതത്തിനു ലഭിച്ച അവകാശങ്ങളുടെ സത്ഫലങ്ങളാ
കട്ടെ, സിംഹത്തിനും കുഞ്ഞാടിനും ഒരു പാത്രത്തില്‍ ഭക്ഷണം വിളമ്പിയതുപോലെ ആവുകയുംചെയ്തു.
ഇന്ത്യയിലെ രണ്ടു കോടിയിലധികം വരുന്ന ദലിത് ക്രൈസ്തവരുടെ സംവരണം നഷ്ടപ്പെടു ത്തിക്കൊണ്ടുളള ഈ കൊലച്ചതി മറച്ചുവച്ചുകൊണ്ട്, ദലിത് ക്രൈസ്തവരെ പട്ടികജാതിയില്‍പ്പെടുത്തു വാനുളള സമരത്തിനു കപടനേതൃത്വം നല്കുന്ന സഭയുടെ തന്ത്രം നാം തിരിച്ചറിയണം.
ഇന്ത്യന്‍ ക്രിസ്ത്യന്‍സിന് ലഭിച്ചുകൊണ്ടിരുന്ന പ്രത്യേക പദവിയും സംരക്ഷണവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്രൈസ്തവസമൂഹത്തിന് ന്യൂനപക്ഷാവകാശം ലഭിക്കുമായിരുന്നു. ആ പദവി നിലനിര്‍ത്തിയിരുന്നുവെങ്കില്‍ ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം എന്ന ആവശ്യം ഉയര്‍ത്തേണ്ടിവരില്ലായിരുന്നു.
ആകെ ക്രൈസ്തവരില്‍ 12 ശതമാനം റോമന്‍, സിറിയന്‍ മുതലായവരും, 15 ശതമാനം പിന്നോക്ക ക്രിസ്ത്യാനികളും, 13 ശതമാനം ട്രൈബല്‍ ക്രിസ്ത്യാനികളും 60 ശതമാനം ദലിത് ക്രൈസ്തവരുമാണ് ഇന്ത്യയിലുളളത്. ട്രൈബല്‍ ക്രിസ്ത്യാനികള്‍ക്ക് സംവരണത്തിന് മതം ബാധകമാകുന്നില്ല. വാസ്തവത്തില്‍, ഇന്നു സഭ അനുഭവിക്കുന്ന 100 ശതമാനം മതന്യൂനപക്ഷപദവിയില്‍ 73 ശതമാനം ദലിത്-ആദിവാസി ക്രൈസ്തവരുടെ പേരിലുള്ളതാണ്. 60 ശതമാനം ദലിത് ക്രൈസ്തവരുടെ 'ഇന്ത്യന്‍ ക്രിസ്ത്യന്‍സ്' എന്ന പദവി ഭരണഘടനയില്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍, സഭയ്ക്ക് ക്രിസ്ത്യാനികളില്‍ 27 ശതമാനം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വെറും നാമമാത്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങളേ ലഭിക്കുമായിരുന്നുളളൂ. (മതന്യൂനപക്ഷസ്ഥാപനങ്ങളുടെ എണ്ണം അതതു ന്യൂനപക്ഷമതങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ബഹു. സുപ്രീംകോടതിയുടെ ഉത്തരവുണ്ട്). ഈ യാഥാര്‍ത്ഥ്യം ദീര്‍ഘവീക്ഷണത്തോടെ മനസ്സിലാക്കിയാണ് ദലിത് ക്രൈസ്തവര്‍ക്കുണ്ടായിരുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ പദവി നഷ്ടപ്പെടുത്തിയത്. ചുരുക്കത്തില്‍, 60 ശതമാനം ദലിത് ക്രൈസ്തവരെ വളരെ ബുദ്ധിപരമായി വഞ്ചിച്ച് നേടിയെടുത്തതാണ് സഭ ഇന്നനുഭവിക്കുന്ന ന്യൂനപക്ഷാവകാശം.
മതന്യൂനപക്ഷാവകാശം കൈവന്നതോടുകൂടി സഭകളുടെ പ്രേഷിതപ്രവര്‍ത്തനങ്ങളും ജീവകാരു ണ്യപ്രവര്‍ത്തനങ്ങളുമെല്ലാം കേവലം ചടങ്ങുകളാ യിത്തീര്‍ന്നു. സഭ ലാഭക്കൊതിയന്മാരുടെ ലാവണമായി മാറി. പ്രവര്‍ത്തനങ്ങളിലെ ഊന്നല്‍ ന്യൂനപക്ഷാവകാശങ്ങളിലും വിദ്യാഭ്യാസകച്ചവടത്തിലുമായി. എപ്പോ ഴൊക്കെ സഭയുടെ വിദ്യാഭ്യാസ കച്ചവടതാല്പര്യം ഹനിക്കപ്പെടുന്നതായി കാണുന്നുവോ, അപ്പോഴൊക്കെ പ്രചണ്ഢമായ സമരകോലാഹലങ്ങളുമായി ബിഷപ്പു മാരുടെയും പുരോഹിതന്മാരുടെയും നേതൃത്വത്തില്‍ തെരുവിലിറങ്ങുക പതിവായി. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ നടത്തിയ വിമോചനസമരവും ഒ.പി. ത്യാഗി ബില്ലിനെതിരെയും ദേശസാല്‍ക്കരണത്തിനെതിരെയുംമറ്റും സഭ ഉയര്‍ത്തിയ മറ്റു സമര രൂപങ്ങളുമെല്ലാം ഇതിനുദാഹരണങ്ങളാണ്.
മതന്യൂനപക്ഷാവകാശത്തില്‍ ദലിതരുടെ പങ്ക് സഭാമേലദ്ധ്യക്ഷന്മാരുടെ പ്രഖ്യാപനങ്ങളില്‍മാത്രം ഒതുങ്ങി നില്ക്കുന്നു. ചില രൂപതകള്‍ തുഛമായ പണം ബാങ്കില്‍ നിക്ഷേപിച്ചിട്ട് അതിന്റെ പലിശകൊണ്ട് ദലിത് ക്രൈസ്തവരെ മുഖ്യധാരയിലെത്തിക്കാമെന്ന പ്രഹസനം നടത്തുന്നു. എല്ലാ വര്‍ഷവും കത്തോ ലിക്കാസഭ 'നീതിയുടെ ഞായര്‍' ആഘോഷിക്കുമ്പോള്‍, എവിടെനിന്നാണ് നീതി ലഭിക്കേണ്ടതെന്ന വസ്തുതകളിലേക്ക് ഇത്രയുംനാള്‍ ദലിത് ക്രൈസ്തവര്‍ ചിന്തിക്കാതെ പോയത് തെറ്റിപ്പോയി എന്ന തിരിച്ചറിവ് ഇന്നുണ്ടായിരിക്കുന്നു. ഈ ജനവിഭാഗത്തിന്റെ ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്ന പദവി നഷ്ടപ്പെടുത്തി മതന്യൂനപക്ഷാവകാശം തട്ടിയെടുത്ത സഭതന്നെയാണ് ദലിത് ക്രൈസ്തവര്‍ക്ക് നീതി നിഷേധിക്കുന്നത്.  65 വര്‍ഷക്കാലം ഗവണ്‍മെന്റിനോട് സമരം ചെയ്തിട്ടും ഫലം കാണാതിരുന്നത് ആ സമരംതന്നെ കപടമായിരുന്നതിനാലായിരുന്നുവെന്ന് ഇന്നവര്‍ക്കറിയാം. എന്നിട്ടും പൊട്ടന്‍ ആനയെ കണ്ടതുപോലെ, പുരോഹിതചട്ടുകങ്ങളായ ചില നേതാക്കള്‍ അവര്‍ക്കുചുറ്റും വട്ടം കറങ്ങുന്നു. സമരം 100 വര്‍ഷം തികയുമ്പോഴെങ്കിലും മുഴുവന്‍ ജനവും സഭയുടെ വഞ്ചനയും കാപട്യവും മനസ്സിലാക്കും എന്നു വിശ്വസിക്കാം.                              
SC/ST/BC കമ്മീഷന്‍ മുന്‍ചെയര്‍മാന്‍ ബിഷപ്പ് തുരുത്തിക്കോണം പിതാവിന്റെ സര്‍ക്കുലറില്‍ ഇപ്രകാരം പറയുന്നു: ''അവശത അനുഭവിക്കുന്നവന്റെ അവശത ചൂഷണംചെയ്യാതെ അവനു താങ്ങും തണലുമായി നിലകൊളളുവാന്‍ നാം തയ്യാറാകണം. സഭാജീവിതത്തില്‍ പൂര്‍ണ്ണ പങ്കാളിത്തവും സഭയില്‍ തുല്യസ്ഥാനവും, നീതിയും അവസരവും ദലിതര്‍ക്കു ലഭ്യമാകണം.''
സഭതന്നെ നിയമിച്ച SC/ST/BC കമ്മീഷന്‍ ചെയര്‍മാന്റെ നന്മയുടെയും അനുകമ്പയുടെയുമായ ഈ വാക്കുകളെ മുഖവിലയ്‌ക്കെടുക്കാത്ത സഭാ മേലധികാരികളോടു ഇനി യാചിക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല.
സഭയിലെ ദലിത് സംഘടനാഭാരവാഹികളോടു പറയുവാനുളളത്, നമുക്കു സഭാസ്ഥാപനങ്ങളില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ജോലി അര ശതമാനം മാത്രമാണുളളത് എന്നാണ്. അത് വര്‍ദ്ധിപ്പിക്കുവാന്‍ നിങ്ങളുടെ നാവു ചലിക്കട്ടെ. ഓരോ സ്ഥാപനത്തിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന  ദലിത് ക്രൈസ്തവരുടെ ലിസ്റ്റ് പുറത്തുവിടുക. നമുക്കുകൂടി അവകാശപ്പെട്ടതാണു ന്യൂനപക്ഷാവകാശവും അതിന്റെ സത്ഫലങ്ങളും. തൊഴിലിലും വിദ്യാഭ്യാസത്തിലും 30% സീറ്റു സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നതായി 1995-ല്‍ KCBC-യും 1996-ല്‍ CBCI-യും  പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? അതു നമ്മുടെ തലമുറയ്ക്കുവേണ്ടി നടപ്പാക്കണമെന്ന് സഭയോടാവശ്യപ്പെടുവാന്‍ നിങ്ങള്‍ തയ്യാറാകണം. ഇത് നമ്മുടെ അവകാശമാണെന്ന ചിന്ത നിങ്ങളിലുണ്ടാകട്ടെ. ചങ്ങനാശ്ശേരി, പാലാ രൂപതകളിലെ സഭാസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ദലിത് ക്രൈസ്തവരുടെ കണക്കു പരിശോധിച്ചതില്‍, വെറും അരശതമാനം തൊഴിലാളികള്‍ മാത്രമാണുളളതെന്നു കണ്ടെത്തിയിട്ടുണ്ട്. സകല പ്രതാപൈശ്വര്യങ്ങളോടുകൂടി ലോകത്തിന്റെ നെറുകയില്‍ മുടിചൂടി നില്ക്കുന്ന സഭയാണ് ഈ സാധുക്കളോട് ഇത്ര തരംതാഴ്ന്ന നിലപാടു സ്വീകരിച്ചിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഇന്ത്യയില്‍ കത്തോലി
ക്കസഭയ്ക്ക് 25,000-ല്‍ പരം വിദ്യാഭ്യാസ
സ്ഥാപനങ്ങളുണ്ടെന്ന് CBCI തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലെല്ലാമായി എത്രയോ ആയിരം തൊഴിലവസരങ്ങള്‍ നമുക്കു കിട്ടേണ്ടതായിരുന്നു!
2015 ഫെബ്രുവരി 5 മുതല്‍ 12 വരെ പാലായില്‍ നടന്ന C.B.C.I. അഖിലേന്ത്യാ പ്ലീനറി സമ്മേളനം ദലിത് കത്തോലിക്കരുടെ പ്രശ്‌നം ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി, 'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ'യും, 'കേരള കത്തോലിക്കാ ദലിത് അത്മായസംഘ'വും ചേര്‍ന്ന് സമ്മേളന
നഗറിലേക്കു മാര്‍ച്ചു നടത്തുകയുണ്ടായി. എന്നാല്‍, അര കി.മീറ്റര്‍ ഇപ്പുറത്ത്, കൊട്ടാരമറ്റത്തു വച്ചുതന്നെ പോലീസ് സേനയെ വിന്യസിപ്പിച്ചു മാര്‍ച്ചു തടയുകയായിരുന്നു. മുമ്പു നല്കിയിരുന്ന നിവേദനത്തിനു മറുപടി ലഭിക്കാതിരുന്നതിനാല്‍, വീണ്ടും പല പ്രാവശ്യം നിവേദനങ്ങള്‍ സഭാഅദ്ധ്യക്ഷന്മാര്‍ക്കു സമര്‍പ്പിക്കുകയു ണ്ടായി. നാളിതുവരെയും യാതൊരു മറുപടിയും  ലഭിക്കാത്ത സാഹചര്യത്തില്‍ ഒരു പ്രത്യക്ഷ
സമരപരിപാടിയിലേക്കു നീങ്ങുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
അഭിവന്ദ്യ പിതാക്കന്മാരോട് ഏറ്റവും വിനയ
ത്തോടെ ഒരിക്കല്‍ക്കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ദയവായി നിങ്ങള്‍  അനുവദിച്ച 30% സംവരണം ഉടന്‍ നടപ്പാക്കുക. അഭ്യസ്തവിദ്യരായ ഞങ്ങളുടെ മക്കള്‍ ജീവിതത്തിന്റെ നാല്‍ക്കവലയില്‍ ദിശയറിയാതെ പകച്ചുനില്‍ക്കുന്നതു കാണുവാനുളള മനഃസാന്നിദ്ധ്യം ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു.
2006-ല്‍ 'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ' നടത്തിയ പുഷ്പഗിരി മാര്‍ച്ചും പി.ഒ.സി.
യിലേക്കുളള മാര്‍ച്ചും ഫലംകണ്ടത് ഇത്തരുണത്തില്‍ ഐതിഹാസികമാനത്തോടെ വിലയിരുത്തേണ്ടതാണ്. DCFI-യുടെ ധീരഭടന്മാര്‍ അന്നു നടത്തിയ സമരത്തിന്റെ ഫലമായി, ക്രൈസ്തവസഭ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകളില്‍ MBBS-നു 2% വും എഞ്ചിനീയറിംഗിനു 5% വും സീറ്റ് ദലിത് ക്രൈസ്തവര്‍ക്കു ലഭിക്കുക
യുണ്ടായി. 'ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍' ചെയര്‍മാനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന് നമ്മുടെ ഈ ആവശ്യം നടപ്പാക്കാ
തിരിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി എന്നു പറയുന്നതാവും ശരി.
വിദ്യാസമ്പന്നരായ നമ്മുടെ മക്കള്‍ ഓട്ടോറിക്ഷാക്കാരായും പെയിന്റര്‍മാരായും തെങ്ങുകയറ്റക്കാരായും കൂലിപ്പണിക്കാരായുംമാത്രം തുടരുന്നതില്‍ നാം അഭിമാനി ക്കുന്നുവെങ്കില്‍, ഇനി അധികനാള്‍ വേണ്ടിവരില്ല, ഈ ദലിത് ക്രൈസ്തവസമൂഹം വീണ്ടും അടിമത്തത്തിലേക്കു കൂപ്പുകുത്തു ന്നതു കാണാന്‍. ഒരിക്കല്‍ ആക്രോശിച്ചുകൊണ്ടു നമ്മെ  നയിച്ചവര്‍ ഇന്ന് ആശീര്‍വദിച്ചുകൊണ്ട് പരിഷ്‌കരിച്ച അടിമകളാക്കുവാന്‍ നടത്തുന്ന ആ നിഷ്‌കളങ്കഭാവം ദൈവത്തിന്റേതാണെന്നു നാം ധരിച്ചെങ്കില്‍ അവിടെ നമുക്കു തെറ്റി. ഒരു കാലത്ത് നാം ഈ നാടിന്റെ ഭരണസാരഥി കളായിരുന്നതു മറന്നുവോ? ബുദ്ധിയും വിവേകവുമുളള ഒരു ജനതയുടെ പിന്‍മുറക്കാരാണ് നാം എന്നോര്‍ക്കുക. ധീരതയോടെ നമ്മുടെ അവകാശങ്ങള്‍ക്കായി പോരാടാം. വിശ്വസ്തതയോടെ നമുക്കു കൈകോര്‍ക്കാം.
താഴെപ്പറയുന്ന ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കുക:
1.         അധഃസ്ഥിത ക്രൈസ്തവര്‍ക്ക് സഭാസ്ഥാപനങ്ങളിലെ ഉദ്യോഗങ്ങള്‍ക്ക് 30% സംവരണം നല്‍കുമെന്ന സി.ബി.സി. ഐ-യുടെയും, കെ.സി.ബി.സി-യുടെയും മുന്‍തീരുമാനം നടപ്പിലാക്കിക്കൊണ്ട് സഭയുടെ എല്ലാ സ്ഥാപനങ്ങളിലുമുളള ഉദ്യോഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയും, ആയത് കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.
2.         സഭകള്‍ നടത്തുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ - സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിലും, സി.ബി.സി.ഐ-യുടെയും കെ.സി.ബി.സി-യുടെയും മുന്‍ തീരുമാനപ്രകാരമുളള സംവരണം നടപ്പാക്കുകയും അത് അടുത്ത വിദ്യാഭ്യാസ വര്‍ഷത്തേക്കുളള പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുക.
3.         സഭ നടത്തുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധഃസ്ഥിത ക്രിസ്ത്യാനികളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുക.
4.         ക്രൈസ്തവസഭയിലെ അധഃസ്ഥിതര്‍ വംശീയമായി പ്രത്യേക സമൂഹമാണെന്ന് പരസ്യമായി അംഗീകരിക്കുക. അവര്‍ സഭയില്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുക.
5.         കേന്ദ്ര - കേരള സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമഫണ്ട് ഉപയോഗിച്ച് സഭ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ അധഃസ്ഥിത ക്രൈസ്തവര്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുക.
6. പൗരോഹിത്യ- സന്യസ്തജീവിതത്തിലേക്കു കടന്നുവരുന്നതിനാവശ്യമായ പ്രോത്സാഹനങ്ങളും അവസരങ്ങളും സൃഷ്ടിക്കുക.
7.         സഭാഭരണത്തില്‍ തുല്യപങ്കാളിത്തം ലഭിക്കുവാന്‍ സംവരണം ഏര്‍പ്പെടുത്തുക.
            ലത്തീന്‍സഭയിലുളള ദലിതരുടെ പ്രശ്‌നങ്ങള്‍ക്ക് അഭിവന്ദ്യ ആര്‍ച്ചുബിഷപ് സൂസൈപാക്യം പരിഹാരം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. അതുപോലെ മറ്റു റീത്തുകളിലെ കത്തോലിക്കാ സഭാമേലദ്ധ്യക്ഷന്മാരില്‍നിന്നും മനഃസാക്ഷിയുടെ പ്രതികരണം ഈ സാധുക്കള്‍ പ്രതീക്ഷിക്കുന്നു.
ദലിത് ക്രൈസ്തവര്‍ എന്ന അവസ്ഥയില്‍ ആയിരിക്കുന്നവര്‍ ഒരു സാമൂഹികമാറ്റത്തിന് ഒരുങ്ങേണ്ട സമയമായിരിക്കുന്നു. അത്തരമൊരു നീക്കം കേരളത്തിലെ ക്രൈസ്തവസഭയില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കും. ആ യാഥാര്‍ത്ഥ്യം കണ്ണു തുറന്നു കണ്ടുകൊണ്ടുളള നീക്കുപോക്കുകള്‍ക്ക് ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരു സഭാതര്‍ക്കമായി അതു രൂപംപ്രാപിക്കുമെന്നതില്‍ തര്‍ക്കമില്ല.
ഇന്നത്തെ അവസ്ഥയില്‍, ഒരു സമരത്തിലൂടെയല്ലാതെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരംകാണുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ' CBCI ആസ്ഥാനത്തേക്ക് മാര്‍ച്ചുചെയ്യുവാന്‍ തയ്യാറെടുക്കുകയാണ്. കരുണയുടെ നൂറ് നൂറു കവാടങ്ങള്‍ തുറക്കുന്ന കത്തോലിക്കാ സഭ ഈ സാധുക്കളെ കണ്ടില്ലെന്നു നടിക്കരുത്. നിങ്ങളുടെ തീന്‍മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ക്കായി കൈ നീട്ടുന്ന ലാസര്‍മാരായി ഞങ്ങളെ കാണേണ്ട. ഞങ്ങളുടെ അവകാശമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. യേശുവിനെക്കുറിച്ചും, നീതിയെക്കുറിച്ചും സ്വര്‍ഗ്ഗരാജ്യത്തെക്കുറി ച്ചും പ്രസംഗിക്കുന്നവരേ, ഒരല്പം നീതി ഈ സാധുക്കളോട് കാട്ടുക. അല്ലെങ്കില്‍പ്പിന്നെ ഞങ്ങള്‍ക്ക് സമരമുറയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.
കേരളത്തിലെ അധഃസ്ഥിതക്രൈസ്തവര്‍ സഭയിലും രാഷ്ട്രത്തിലും ഇന്ന് അനുഭവിക്കുന്ന വിവേചനം വീണ്ടും ഒരു അടിമത്തത്തിലേക്കാണ് ഈ ജനത്തെ നയിക്കുന്നത്. ആയതിനാല്‍ സമാനപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ എല്ലാ സംഘടനകളുടെയും സംഘടനാനേതാക്കളുടെയും സഹായം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.  ഈ ധര്‍മ്മസമരത്തില്‍ പങ്കാളിയാകൂ.
സര്‍ക്കാരിലും സഭയിലും പങ്കാളിത്ത മില്ലാതെ പുറംജാതിക്കാരായി ദലിത് ക്രൈസ്തവസമൂഹം പരിണമിച്ചു കഴിഞ്ഞു. നമ്മുടെ ചിന്തയും പ്രതികരണശേഷിയും സംഘബലവും അഭിമാനത്തോടെ നമ്മുടെ സമൂഹത്തിന്റെ നിലനില്പിനായി വിനിയോഗിക്കാം. യേശു ഗദ്‌സമനിയിലേക്ക് പോകുന്നതിനുമുമ്പ് ശിഷ്യന്മാരോട് ആഹ്വാനം ചെയ്യുന്നത്, ''എന്നാല്‍ ഇപ്പോള്‍ മടിശീലയുളളവന്‍ അത് എടുക്കട്ടെ. അതുപോലെ തന്നെ ഭാണ്ഡവും. വാള്‍ ഇല്ലാത്തവന്‍ കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ'' (ലൂക്കോ. 22:36) എന്നാണെന്നു നാമോര്‍ക്കുക.
വാളും പണവുമില്ലാത്ത സാധുക്കളായ ദലിത് ക്രൈസ്തവര്‍ക്ക് ശക്തിയാര്‍ജിക്കാന്‍ യേശുവിന്റെ മൂര്‍ച്ചയേറിയ ഈ വാക്കുകള്‍മാത്രം മതി.
ഫോണ്‍: 8606121535

No comments:

Post a Comment