Translate

Tuesday, November 8, 2016

പേപ്പട്ടി വരുന്നേ...!

കത്തോലിക്കാസഭയെ സൂര്യനോടുപമിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. സ്ത്രീയോടുപമിച്ചാലും മതിയായിരുന്നുവെന്നു തോന്നിയിട്ടുമുണ്ട് - രണ്ടും മനുഷ്യരെ ചൂടാക്കുകയും വിയർപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയും ചെയ്യുമല്ലോ! കേൾക്കാനാളുണ്ടെന്നു കണ്ടാൽ വാഴ്തപ്പെട്ട പ്രസംഗത്തൊഴിലാളികൾ എന്തും പറഞ്ഞെന്നിരിക്കും. അടുത്തകാലത്ത് വടക്കേ ഇന്ത്യയിൽ ഒരച്ചൻ പള്ളിയിൽ പ്രസംഗിക്കാൻ വിഷയമായെടുത്തത് സുപ്രീം കോടതി കാട്ടുന്ന അന്യായങ്ങളായിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കേട്ടിരുന്നയൊരു സുപ്രീം കോടതി വക്കീൽ എണിറ്റു നിന്നു പറഞ്ഞു - അച്ചനു പത്തു വർഷത്തെ തടവു കിട്ടാൻ ഇത്രയും പറഞ്ഞതു മതിയാകുമെന്ന്. അച്ചൻ ഉടനെ പ്രസംഗവും നിർത്തി കുർബ്ബാന തുടർന്നു. കാഴ്ച്ചവെപ്പിന്റെ സമയത്തും കാസായും പിലാസായും നല്ലോണം വിറക്കുന്നുണ്ടായിരുന്നെന്നാണു കേട്ടത്. ഞാൻ നേരിൽ കേട്ട ഒരു കൊച്ചച്ചന്റെ കൊച്ചു ഹോമിലിയിൽ പുതിയ തലമുറക്ക് ദൈവത്തോടല്ല സാത്താനിക ശക്തികളോടാണാഭിമുഖ്യം എന്നു സൂചിപ്പിക്കാൻ ഡൽഹി ഡയർ ഡെവിൾസിന് വളരെയേറേ ആരാധകരുണ്ടെന്നതാണ് ഉദാഹരണമായി പറഞ്ഞത്. ഡെയർഡെവിൾ എന്നു പറഞ്ഞാൽ അപകടകരമായ ചെയ്തികളിൽ കൗതുകം കാണുന്നവൻ എന്നു മാത്രമേ അർത്ഥമുള്ളൂവെന്നാണ് സർവ്വമാന ഡിക്ഷണറികളും പറയുന്നത് - അതിൽ ചെകുത്താനില്ല. 

സരസപ്രഭാഷകനായ പുത്തൻപുരയച്ചൻ, പറഞ്ഞു പറഞ്ഞു പെന്തക്കോസുകാരെ 'പേപ്പ്പട്ടിയേപ്പോലെ'യെന്നു വിശേഷിപ്പിച്ചടുത്ത നാൾ. ഇതിനൊരൽപ്പം വ്യാഖ്യാനമാവാം. 'പെന്തക്കോസുകാർ വീടുകളിൽ വന്ന് ദമ്പതികളിലൊരാളെ അവരുടെ കൂട്ടത്തിലേക്കു മതം മാറ്റി കുടുംബങ്ങൾ തകർക്കുന്നു; ഈ കുടുംബം കലക്കികളെ പേപ്പട്ടികളേപ്പോലെ ഓടിക്കണം.' അച്ചൻ ഈ രീതിയിൽ കാര്യം പറഞ്ഞതായാണ് ഞാനറിഞ്ഞത്. 'ലൂക്കായുടെ 14, മത്തായിയുടെ 21, യോഹന്നാന്റെ 18 അവന്റെ അമ്മേടെ 41' ...ഇങ്ങിനേയും അദ്ദേഹം പെന്തക്കോസുകാരെ കളിയാക്കിയിരുന്നു - ഒപ്പം. ഈ വാദഗതികൾ നമുക്കൊന്നു പരിശോധിക്കാം. പെന്തക്കോസുകാർ അവർ വിശ്വസിക്കുന്ന വചനം നാടു നീളെ പ്രസംഗിക്കുന്നു, നാമതു ചെയ്യുന്നില്ല - ആരാണു ശരി? ഭാര്യാഭർത്താക്കന്മാരിൽ ഭാര്യമാരെ പള്ളിക്കുഞ്ഞാടുകളാക്കി എത്ര കുടുംബങ്ങളിലെ പരസ്പരധാരണ കത്തോലിക്കാ പുരോഹിതർ തകർത്തിട്ടുണ്ട്? ഭാര്യയെ തട്ടിക്കൊണ്ടു മുങ്ങിയ കേസും വൈദികന്റെ പേരിൽ ഉണ്ടായിട്ടില്ലേ? കത്തോലിക്കാ വൈദികർ ചെയ്യുന്നതും പറയുന്നതും മാത്രം ശരിയെന്നൊരവസ്ഥയുണ്ടോ? 'വി. മത്തായിയുടെ സുവിശേഷം അദ്ധ്യായം 18, വാക്യങ്ങൾ 14 മുതൽ....' എന്നിങ്ങനെയല്ലാതെ കത്തോലിക്ക അച്ചന്മാർ ബൈബിൾ ക്വോട്ടു ചെയ്യുന്നത് കേട്ടിട്ടില്ലാത്ത കത്തോലിക്കരുണ്ടോ? മാത്രമല്ല, എങ്ങിനെ പറഞ്ഞാലും അതു പറഞ്ഞു കുമ്പസ്സാരിക്കേണ്ട ദോഷമൊന്നുമല്ലല്ലോ? മറിയത്തെ ഗൗനിക്കുന്നില്ലായെന്നത് പെന്തക്കോസ്സുകാരുടെ ഒരു ഗുരുതരമായ പോരായ്മയായി പുത്തൻപുരക്കലച്ചൻ പറയുന്നു. ഒരു കത്തോലികന്റെ ദൗത്യം അടിസ്ഥാനപരമായി മറിയത്തെ സന്തോഷിപ്പിക്കുകയാണോ, അതോ യേശുവിന്റെ വഴി പിന്തുടരുകയാണോ? മറിയത്തെ മറിയത്തിന്റെ വഴിക്കു വിട്ടാലെന്താ കുഴപ്പം? വേണ്ടവർ കൊണ്ടുപോട്ടെ; അതിനു നമുക്കെന്ത്? യേശുവിന് സഹോദരന്മാരുണ്ടൊ ഇല്ലയോയെന്നത് ഇന്നും തർക്കവിഷയമാണെന്നോർക്കണം. പെന്തിക്കോസുകാരെ അത്രക്കങ്ങു കളിയാക്കാൻ മാത്രം കാരണമൊന്നും അച്ചൻ പറഞ്ഞില്ലച്ചോ! ഒരു പെന്തിക്കോസുകാരൻ മറുപടിയായിട്ടു പറഞ്ഞത്, 'ഇനിയും പറഞ്ഞോ ക്ഷമിക്കാൻ ഞങ്ങൾക്കറിയാമെന്നാണ്'. ആരാ മിടുക്കൻ? ദൈവം എല്ലാം കൃത്യമായി ഒരുക്കിയിട്ടുണ്ടിവിടെ; ദൈവം അറിയാത്തതായും ഇവിടൊന്നുമില്ല, അനാവശ്യമായതൊന്നും ദൈവം സൃഷ്ടിച്ചിട്ടുമില്ല. എല്ലാവരുംകൂടെ കൂടി ഭൂമി വെടക്കാക്കാതിരുന്നാൽ മതി.

ശാസ്ത്രീയമായ എല്ലാ കണ്ടുപിടുത്തങ്ങളേയും തന്നെ ചെകുത്താന്റേതെന്ന് കണ്ട്രോളില്ലാത്ത സഭാപിതാക്കന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്. അതിൽ പത്രവും, റേഡിയോയും, കമ്പ്യുട്ടറും, മൊബൈലും, സിനിമായും, ക്രെഡിറ്റ് കാർഡും എല്ലാം വന്നിട്ടുണ്ട്. ഇതെല്ലാം ഇല്ലാത്ത ഏതെങ്കിലും ഒരരമനയോ കാൽമനയോ ആർക്കെങ്കിലുമിപ്പോൾ കാണിച്ചു തരാൻ പറ്റുമോ? ഫെയിസ്ബുക്ക് സമയം കളയുന്നതാണെന്നും അതുപയോഗിക്കരുതെന്നും ഇംഗ്ലണ്ടിൽ ഒരു ധന്യൻ അവിടുത്തെ പാരമ്പര്യ ക്രിസ്ത്യാനികളോട് അച്ചടിച്ചു പറഞ്ഞിരിക്കുന്നു. എത്രയോ പള്ളിസംഘടനകളുടെ കൂട്ടായ്മകൾ ഫെയിസ്ബുക്കിലുണ്ട്! ചുരിദാർ ഇറങ്ങിയയിടക്ക് അതിനെതിരെ ഒരച്ചൻ പ്രസംഗിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട് - അന്നു ഞാൻ കൊച്ചായിരുന്നു. സാരി വന്ന കാലത്തു ചട്ടയും മുണ്ടും മതിയെന്നു പറഞ്ഞവരും കാണണം. പ്രസംഗങ്ങൾ വഴിയും സ്വന്തം മീഡിയാകൾ വഴിയുമൊക്കെ വൈദികവൃന്ദം, സംഘടിതമായി നിന്ന് വിശ്വാസികളെ വട്ടം ചുറ്റിക്കുന്നു - വഴി തെറ്റിക്കുന്നു. പള്ളിയുടെ കൈയ്യിൽ നിന്നൊരു വീഴ്ചയുണ്ടായാൽ അവയീ വെള്ളപത്രങ്ങളിൽ വരില്ല. 

ഒരു ഫെയിസ് ബുക്ക് പോസ്റ്റിന്റെ ചിത്രമിതാ. ജീസസ് യൂത്തിന്റെ ഓഫീസ് കത്തിയ വാർത്ത ഷാലോമിൽ പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കിൽ ഒരാൾക്കതിങ്ങനെ ഫെയിസ്ബുക്കിൽ ഫോർവേർഡ് ചെയ്യുവാനാകുമായിരുന്നില്ല (ചിത്രം മുകളിൽ). നേരം വെളുക്കുന്നതിനു മുമ്പേ വാർത്ത ഷാലോമിൽനിന്നും അപ്രത്യക്ഷമായി (https://sundayshalom.com/?p=9478). ഇംഗ്ലണ്ട് വക്താവ് ഈ വാർത്ത വായിച്ചിരുന്നെങ്കിൽ സാത്താൻ അഗ്നിവാളുമായി കേരളത്തിലിറങ്ങിയെന്നു തന്നെ പറഞ്ഞേനെ. പ്രെസ്റ്റണിൽ പ്രാവു വന്നു, മഴപെയ്തു... എന്തു തള്ളായിരുന്നു! ആർക്കെങ്കിലും അപകടം സംഭവിച്ചാൽ അച്ചനെ നിഷേധിച്ച ആരെങ്കിലും അവന്റെ കൂട്ടത്തിലുണ്ടോന്നു നോക്കി കാരണം ഗണിക്കുന്ന അച്ചന്മാർ കേൾക്കുക. എല്ലാ പ്രാർത്ഥനകളും മുറപോലെ നടത്തി, എല്ലാം ദൈവത്തെ ഏൽപ്പിച്ചിട്ട് നടന്ന ഏലൂരിലെ ഡേ കെയർ സെന്റർ കന്യാസ്ത്രികൾ ഇപ്പോൾ അറസ്റ്റിലാ. ഒരു രണ്ടുവയസ്സുകാരൻ അവിടെനിന്നിറങ്ങിപ്പോയി പുഴയിൽ ചാടിയത്  ആരും കണ്ടില്ല. ചെയ്യേണ്ടതു ചെയ്യുക - ഭൂമിയിൽ നീതി നടപ്പാക്കുക. അല്ലാതെ ജനങ്ങളുടെ പണം കൊണ്ട് മെത്രാഭിഷേകങ്ങൾ നടത്തി അർമാദിക്കുകയല്ല വേണ്ടത്.


കരുണയുടെ വർഷത്തിൽ ആരെന്തു ചെയ്തെന്നു ചോദിക്കുന്നത് ഷാലോമിന്റെ എഡിറ്ററു തന്നെയാ (ചിത്രം കാണുക). ആ ലേഖനം മുഴുവൻ വായിക്കേണ്ടവർ https://sundayshalom.com/?p=9119 ഈ ലിങ്കിൽ പോവുക. മുഴുവൻ വായിച്ചാൽ പള്ളിമുറ്റങ്ങൾ ടൈൽസ് ഇടാതെ പ്രകൃതിയോടു കരുണകാണിക്കാൻ തീരുമാനിച്ചുവെന്നല്ലാതെ യാതൊന്നും ഇവിടെ നടന്നിട്ടില്ല. ഇവർ സ്ഥലം പോലീസ് സ്റ്റേഷൻ വരെ പോയി അന്വേഷിച്ചിരുന്നെങ്കിൽ വലിയ ക്ഷമയുടെ കഥകൾ കേട്ടേനെ. 

ത്യജദേകം കുലസ്യാ/ര്‍ത്ഥേ
ഗ്രാമസ്യാ/ര്‍ത്ഥേ കുലം ത്യജേല്‍
ഗ്രാമം ജനപദസ്യാ/ര്‍ത്ഥേല്‍
ആത്മാ/ര്‍ത്ഥേ പൃഥിവിം ത്യജേത്
ഒരു ഗൃഹം രക്ഷപ്പെടുമെങ്കില്‍ അതില്‍ ഒരംഗത്തെ പുറത്താക്കാം, ഒരു ഗ്രാമത്തിന്റെ രക്ഷക്കായി ഒരു ഗൃഹത്തെ ബഹിഷ്കരിക്കാം, ഒരു നഗരത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്നു കണ്ടാല്‍ ഒരു ഗ്രാമത്തെ പൂര്‍ണ്ണമായും ബഹിഷ്കരിക്കാം, എന്നാല്‍ സ്വന്തം രക്ഷക്കായി ചിലപ്പോള്‍ ഈ ഭൂമിയെത്തന്നെ ഉപേക്ഷിക്കേണ്ടി വന്നേക്കാമെന്നാണ് ചാണക്യൻ അർത്ഥശാസ്ത്രത്തിൽ പറയുന്നത്. അതുകൊണ്ടാ സഭ പോകുന്നെങ്കിൽ പോട്ടെന്നു ഞങ്ങളും കുടുംബസമേതം തീരുമാനിച്ചിരിക്കുന്നതെന്നു പറയാം. ഉതപ്പിനു കാരണമാകുന്നതു കണ്ണാണെങ്കിലും അതു പിഴുതുകളയാൻ വി. ബൈബിളും പറയുന്നുണ്ടല്ലോ! ചില ചില പ്രശ്നങ്ങളേ സഭക്കുള്ളിലുള്ളൂവെന്നാണ് സഭാ പണ്ഡിതന്മാരുടെ അഭിപ്രായമെങ്കിലും ഈ വൃക്ഷത്തിൽ നിന്നും പറിക്കുന്ന പഴങ്ങളിലെല്ലാംതന്നെ 'ഫ്ലക്സ്പുഴു' കാണുന്നു. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് അച്ചന്മാരും, വന്ദിതരായില്ലെങ്കിലും നിന്ദിതരാകരുതെന്ന് അലക്സച്ചായനും പറയുന്നു. 

റെജി ഞള്ളാനി സാറിന്റെ ജീവിത ലക്ഷ്യമിപ്പോൾ കത്തോലിക്കാ സഭയെ രക്ഷിക്കുകയെന്നതാണ്. അദ്ദേഹം മരിച്ചാൽ എന്തു ചെയ്യണമെന്നു കാണിച്ചദ്ദേഹം എഴുതിയിരുന്ന പോസ്റ്റ് വായിച്ച് അദ്ദേഹത്തെ വിളിച്ച് അവിവേകമൊന്നും കാണിക്കരുതേയെന്നു പറയാൻ ശ്രമിച്ച എനിക്കു ലൈൻ കിട്ടിയതു രണ്ടു ദിവസങ്ങൾക്കു ശേഷം. ചോദിച്ചപ്പോൾ റജിസാർ പറഞ്ഞത്, താനെന്തോ അവിവേകം കാണിക്കുമെന്നു ഭയന്ന് അനേകർ ഫോൺ വിളിക്കുന്നുവെന്നാണ് (റജി സാറിനുള്ള ആരാധകരുടെ എണ്ണം ക്രമാതീതമായി കൂടുന്നുവെന്നറിഞ്ഞു ഞാൻ സത്യത്തിൽ ഞെട്ടിപോയി!). സംഗതി രണ്ടിലൊന്നറിഞ്ഞിട്ടേ പോകൂവെന്നാണ് റജിസാർ പറയുന്നത്. അദ്ദേഹത്തിന്റെ മകളെ സണ്ടേസ്കൂൾ കുർബ്ബാനക്കിടക്ക് ഇറക്കിവിട്ടപമാനിച്ച ഒരു കന്യാസ്ത്രി കാരണം അദ്ദേഹം തുടങ്ങിയ സഭാ നവീകരണ പ്രവർത്തനങ്ങളുടെ കഥ കേൾക്കേണ്ടതു തന്നെ. അദ്ദേഹത്തിന്റെ അപ്പന്റെ മരണം സംശയാസ്പദമാണെന്ന് പരാതി കൊടുത്തദ്ദേഹത്തെ ഒതുക്കാൻ ശ്രമിച്ച വന്ദ്യർക്ക് ഉചിതമായ മടുപടി കൊടുത്തു തീർന്നിട്ടില്ലെന്നാണദ്ദേഹം പറഞ്ഞത്. സി. മേരി സെബാസ്റ്റ്യനെ ഭ്രാന്തിനുള്ള മരുന്ന കുടിപ്പിച്ച കേസും തെക്കേമൂരി പീഡനക്കേസും അന്തർദ്ദേശീയ നിലവാരത്തിലെത്തിച്ചതിനു പിന്നിൽ അദ്ദേഹമാണോയെന്നു ഞാൻ സംശയിക്കുന്നു. ഇങ്ങിനെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ ചൊറിഞ്ഞു ചൊറിഞ്ഞു മേടിച്ചു കൂട്ടുന്ന സമ്മാനങ്ങളാണ് സഭയുടെ സ്വത്ത്. അരുവിത്തുറ കോളെജുകാർ ഇപ്പനെ പാഠം പഠിപ്പിച്ചതിന്റേയും പാലാ രൂപത പുലിക്കുന്നനെ ചരിത്രം പഠിപ്പിച്ചതിന്റേയുമൊക്കെ ഫലം ആരെങ്കിലും തിന്നു തീരണമെങ്കിൽ ഇനിയും വർഷങ്ങൾ എടുക്കും. മെത്രാച്ചന്മാർ കാനൂനെടുത്ത് തലങ്ങും  വിലങ്ങും വീശട്ടേയെന്നാണ് റജിസാർ പറയുന്നത്. കർത്താവ് രണ്ടാമതും വരുമെന്നു തന്നെയാ ഞാൻ കരുതുന്നത്. അമേരിക്കയിൽ ഒരു സ്ത്രീ ഉണ്ണീശോയെ ഗർഭം ധരിച്ചിരിക്കുന്നുവെന്നവകാശപ്പെടുന്നുണ്ട്. 

വരുന്നൂ, എല്ലാ ജില്ലകളിലും എക്സ് പ്രീസ്റ്റ്സ് അസ്സോസിയേഷനുകൾ, എവിടേയും വാടകക്കച്ചന്മാർ.......! മാർട്ടിൻ ലൂഥറിന്റെ കാലത്തുപോലും ഉണ്ടായിട്ടില്ലാത്ത പരിപാടികളാണ് കാണാൻ പോകുന്നതെന്നു പറയാം. ഇക്കൂട്ടർക്കു പിന്തുണയുമായി മാർപ്പാപ്പായുടെ ഒറിജിനൽ അഭിഷേകം കിട്ടിയ ഏതാനും മെത്രാന്മാരും ഉണ്ടെന്നു കേൾക്കുന്നു. കാണുന്നതുപോലെ ചെറുതല്ല, ഉള്ളിലെ ചൂട്!

2 comments:

 1. നന്നായി എഴുതിയിരിക്കുന്നു, റോഷൻ.

  സ്വരക്ഷക്കായി 'സഭ പോകുന്നെങ്കിൽ പോട്ടെന്നു ഞങ്ങളും കുടുംബസമേതം പണ്ടേ തീരുമാനിചുവന്നു ധൈര്യമായി പറയാം. ഉതപ്പിനു കാരണമാകുന്നതു കണ്ണാണെങ്കിലും അതു പിഴുതുകളയാൻ വി. ബൈബിളും പറയുന്നുണ്ടല്ലോ! ചില നേരിയ പ്രശ്നങ്ങളേ സഭക്കുള്ളിലുള്ളൂവെന്നാണ് സഭാപണ്ഡിതന്മാരുടെ അഭിപ്രായമെങ്കിലും ഈ വൃക്ഷത്തിൽ നിന്നും പറിക്കുന്ന പഴങ്ങളിലെല്ലാംതന്നെ 'അജ്ഞാനപ്പുഴു' കാണുന്നു.'

  ഇതാണ് ഈ സഭയിൽ നിന്ന് അകലം കാക്കാൻ എന്നെയും കുടുംബത്തെയും പ്രേരിപ്പിച്ചത് എന്ന സത്യം തുറന്നു പറയാൻ ഇനി അമാന്തിക്കേണ്ടതില്ല.

  'കാണുന്നതുപോലെ ചെറുതല്ല, ഉള്ളിലെ ചൂട്!' എന്ന് തത്ക്കാലം ഉള്ളിൽ നിലകൊള്ളുന്നവരും താമസിയാതെ അറിയും; സ്വരക്ഷക്കായി അവരും പുറത്തു ചാടും. രക്ഷ ഞങ്ങളിലൂടെ എന്ന് രാപകൽ പുലമ്പുന്നവർക്ക് ഒരാത്മാവിനെപ്പോലും രക്ഷിക്കാൻ സാധിക്കുന്നില്ല എന്ന സത്യം അധികനാൾ ഇനി മറച്ചുവയ്ക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

  ഫെയ്‌സ് ബുക്കിൽകൂടെ എത്രയോ സ്ത്രീകൾ പോലും ഇക്കാര്യം തുറന്നെഴുതുന്നു. ഈ മാസത്തെ 'പച്ചക്കുതിരയിൽ' ഡോ. റോസി തമ്പി ചോദിക്കുന്നു, ആത്മാവില്ലാത്ത പുരോഹിതർ എങ്ങനെ ആത്മാക്കളെ രക്ഷിക്കുമെന്ന്. എല്ലാവരും അതൊന്നു വായിക്കണേ. ജർമ്മൻ സാഹിത്യരാജാവ് ഗ്വെതെയുടെ ഒരു നാടകത്തിൽ സ്വന്തം ആത്മാവിനെ സാത്താന് പണയം വച്ച ഒരുത്തന്റെ കഷ്ടപ്പാടുകൾ വിവരിക്കുന്നുണ്ട്. അതിനുദാഹരണങ്ങളാണ് ഇന്നത്തെ വൈദികർ എന്നത് എത്ര കഷ്ടമാണ്!

  ReplyDelete
 2. കേരളകത്തോലിക്കാ സഭയുടെ പതനം ഏതാണ്ടാരംഭിച്ചു കഴിഞ്ഞു. 1000 ത്തിന്റേയും 500 ന്റേയും നോട്ടുകൾ മാത്രമല്ല മെത്രാന്മാരുടെ വാക്കുകളുടേയും വില പൂജ്യത്തിലേക്കു വരും, ദിവസങ്ങൾക്കുള്ളിൽ. സഭയുടെ സ്ഥാപനങ്ങളിലൂടെ സ്വരുക്കൂട്ടിയ ബഹുകോടി കറൻസികളാണ് വെളിച്ചം കാണാൻ മാർഗ്ഗമില്ലാതെ വിഷമിക്കുന്നത്. കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ വഴിമാറിക്കൊണ്ടിരിക്കുന്ന നോട്ടു വണ്ടികളും ജാമാകും. ഇത്രനാളും കുതിരപ്പുറത്തു കയറിയിരുന്ന കാട്ടിയ ജാലവിദ്യകളും കരിസ്മാറ്റിക് മാജിക്കുകളൂം ചിന്തിക്കുന്ന സഭാസമൂഹത്തിന്റെ മുന്നിൽ നിഷ്പ്രഭമാകും പിതാക്കന്മാരെ. നിങ്ങളുടെ കൊമ്പും കുഴലും വർണ്ണവേഷഭൂഷാധികളും ജനങ്ങളഴിച്ചെടുത്തു പിച്ചക്കാർക്കും തണുപ്പു മാറ്റാൻ കൊടുക്കും - താമസിയാതെ. ധാരാളിത്വം എന്നു പറഞ്ഞാൽ എന്താണെന്നു മനസ്സിലാക്കാനാവാത്ത വിധം അവർ അജ്ഞതയിൽ മുങ്ങിയിരിക്കുന്നു.
  "പാപ്പാ സ്ഥാപിച്ച ഗ്രേറ്റ് ബ്രിട്ടൻ രൂപത യു.കെയിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയവളർച്ചയെ ലക്ഷ്യമാക്കിയുള്ളതാണെന്നും ഇതിനെതിരെ ദുഷ്പ്രചരണം നടത്തുന്നവർക്കുവേണ്ടി സ്‌നേഹത്തോടെ പ്രാർത്ഥിക്കണമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ. ലീഡ്‌സ് സീറോ മലബാർ ചാപ്ലൈൻസിയിൽ നടത്തിയ അജപാലന സന്ദർശനമധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർ സ്രാമ്പിക്കൽ." ശ്രീ. അലക്സ് കണിയാമ്പറമ്പിൽ ഫെയിസ് ബുക്കിൽ ഇങ്ങിനെ കുറിച്ചതു വായിച്ചപ്പോൾ ഇംഗ്ഗ്ലണ്ടിൽ അദ്ദേഹം നടത്തിയ പോരാട്ടം അരമനയുടെ മൂലക്കല്ല് ചെറുതായി കുലുക്കിയെന്നു സ്പഷ്ടം. മര്യാദയും മാന്യതയും ഉപേക്ഷിച്ചു വിശ്വാസികളെ ഞെക്കിപ്പിഴിയാനും അമർത്തിഭരിക്കാനുമുള്ള മേലദ്ധ്യക്ഷന്മാരുടെ ശ്രമത്തിനു മകുടോദാഹരമാണ്, ഫെയിസ് ബുക്കിന് ഇംഗ്ഗ്ലണ്ടിൽ നൽകിയ അഖ്യാപിത വിലക്ക്. എത്ര ദൂരം വരെ ഇതു പോകും?

  ReplyDelete