Translate

Saturday, November 19, 2016

'മോദിയേ നന്ദി........! മോദിയേ സ്തുതി......!'

എതു പള്ളീച്ചെന്നാലും രണ്ടു ജി ഐ പൈപ്പു വാങ്ങി കൊടിമരം വെക്കുന്ന ഒരച്ചനുണ്ടായിരുന്നു കാഞ്ഞിരപ്പള്ളിയിലെന്നു കേട്ടിട്ടുണ്ട്. ഡോ. റോസി പറയുന്നതു ശരിയാ. വരുന്നവർക്കെല്ലാം ഷൗരം പഠിക്കാൻ നിന്നു കൊടുക്കുന്ന വയസ്സന്റെ റോളാ പള്ളിമുറ്റങ്ങൾക്ക്. കഴിഞ്ഞയാഴ്ച്ചയൊരു പള്ളിക്കുഞ്ഞാടിനെക്കണ്ടു, അവധിയും കഴിഞ്ഞു ഗൾഫിൽ മടങ്ങിയെത്തിയ ഉടനേയായിരുന്നീ അഭിമുഖം. അവരുടെ പള്ളിമുറ്റം മാത്രമല്ല ഗ്രൗണ്ടും ടൈൽസിടുകയാണെന്നദ്ദേഹം കുറേനാൾ മുമ്പ് പറഞ്ഞിരുന്നതു ഞാനോർത്തു. മെത്രാൻ സമിതി പള്ളിമുറ്റത്തു ടൈലുകളിടരുതെന്നു പറഞ്ഞിട്ടുണ്ടല്ലോയെന്നു ഞാൻ സൂചിപ്പ്പിച്ചു. വെള്ളം മുഴുവൻ മണ്ണിലേക്കു താഴ്തുന്നയൊരുതരം ടൈൽ ഇറങ്ങിയിട്ടുണ്ടെന്നു പള്ളിമുറീച്ചെന്നപ്പം വികാരിയച്ചൻ പറഞ്ഞെന്നായി അയാൾ! ബാത്തുറൂമിൽ പോണോന്നു പറഞ്ഞു ഞാനന്നേരെ സ്ഥലം വിട്ടെന്നു പറഞ്ഞാൽ മതിയല്ലോ! 

500 ഉം 1000 വും പിൻവലിച്ചപ്പോൾ എല്ലാവരും ആശിച്ചതാ, ഒത്തിരി നേർച്ചയായി കിട്ടുമെന്നും നേർച്ചവരവുകണക്കിൽപ്പെടുത്തി എല്ലാം ഈസിയായി മാറിയെടുക്കാമെന്നും. ഇഷ്ടം പോലെ നേർച്ചയിട്ടോളാൻ ഒരു വികാരി ആഹ്വാനം ചെയ്യുന്ന വീഡിയോയും ഫെയിസ് ബുക്കിൽ വന്നതാ. പകുതിക്കു പകുതി എഗ്രിമെന്റിലും കുറേ പ്രതീക്ഷിച്ചതാ. അവിടേയും കേറി മോഡി ക്ലിപ്പിട്ടില്ലേ? ഇനിയിപ്പോ പഴയ ദൃഷ്ടാന്തങ്ങൾ വീണ്ടും പുറത്തെടുക്കുക മാത്രം മാർഗ്ഗം. പണ്ടത്തെ വണക്കമാസവും അതിലെ ദൃഷ്ടാന്തങ്ങളും വളരെ കൊച്ചായിരുന്നപ്പോൾ കേട്ടത് ഞാനിപ്പോഴും ഓർക്കുന്നു. വല്യമ്മച്ചി പള്ളീൽ പോയില്ലെങ്കിലും വണക്കമാസമൊന്നും വിടില്ലായിരുന്നു. കൊന്തയുടെ അഗ്രം മണ്ണിൽ സ്പർശിച്ചതേ ആപ്പിൾ തോട്ടം മുഴുവൻ പൂത്തതു മുതൽ തിരുഹൃദയത്തിന്റെ ഫോട്ടോ കണ്ടതേ ബോധം കെട്ടു വീണ ശത്രുസൈന്യത്തിന്റെ വരെ കഥകൾ കുത്തിനിറച്ച 'ദൃഷ്ടാന്തങ്ങൾ' ഇന്നത്തെ ചെറുപ്പക്കാർ വായിച്ചിട്ടില്ലെങ്കിൽ വായിക്കാതിരിക്കരുത്. അടുത്ത കാലത്തു സോഷ്യൽ മീഡിയാകളിൽ വരുന്ന 'ദൃഷ്ടാന്തങ്ങൾ' വണക്കമാസക്കാരെയും അതിശയിപ്പിക്കും. ഒരു സ്ത്രീ കൊന്നു പലകഷണങ്ങളാക്കിയ കുഞ്ഞ്, ഒരുപദേശി പ്രാർത്ഥിച്ചപ്പോൾ എണീറ്റുവന്നു, പത്തു ചാടിയപ്പോൾ മുഴ പോയി...! പരി. ആത്മാവിന് എന്താ ചെയ്യാൻ പറ്റാത്തെ? അതുകൊണ്ട്, ഇത്തരം തള്ളിനു പരിധി നിശ്ചയിക്കാൻ ആർക്കുമൊട്ടു പറ്റുകയുമില്ല. സാക്ഷ്യപ്പെടുത്തുന്നവർക്കു കിട്ടിയെന്നു പറയുന്ന രോഗശാന്തിക്ക് ആറുമാസം കഴിഞ്ഞാൽ എന്തു സംഭവിക്കുന്നുവെന്ന് ഒരു പഠനം ആരെങ്കിലും നടത്തിയിരുന്നെങ്കിൽ! ആരുമതു ചെയ്തില്ലെങ്കിൽ ഇപ്പൻ സാറതു ചെയ്തെന്നിരിക്കും.     

രോഗശാന്തിക്കു ബി ജെ പി യിൽ ചേർന്നാലും മതി. സർവ്വ ധ്യാനപ്രസംഗകരേയും അത്ഭുത പ്രവർത്തകരേയും മോഡി ഒറ്റയടിക്കു മലർത്തിയടിച്ചില്ലേ? ഒരു വീട്ടമ്മയുടെ സാക്ഷ്യം കേൾക്കുക. "എന്റെ ഭർത്താവിന് കഴിഞ്ഞ 20 വർഷമായി തികഞ്ഞ മദ്യപാനമായിരുന്നു. എന്നെയും മക്കളെയും ഉപദ്രവിക്കുമായിരുന്നു. കുടുംബം നോക്കില്ലായിരുന്നു. നിരവധി തീർത്ഥാടനങ്ങൾ നടത്തി, വഴിപാടുകൾ നടത്തി, ഒന്നും പോരാഞ്ഞിട്ടു പോട്ടയിൽ പോയി ധ്യാനവും കൂടി. ഒരു മാറ്റവുമുണ്ടായില്ല. അങ്ങിനെ വിഷമിച്ചിരിക്കുമ്പോഴാണ് നോട്ട് പിൻവലിച്ചുകൊണ്ടുള്ള മോദിയുടെ പ്രഖ്യാപനമുണ്ടായത്. അതോടെ പണമില്ലാതെ വരികയും മദ്യപാനം നിന്നുപോവുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം വൈകുന്നേരം നേരത്തെ വരും, കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുന്നു, മക്കളോടു സംസാരിക്കും.... (നാണത്തോടെ ) എന്നോടും താല്പര്യമായി....." (കടപ്പാട് ഫെയിസ് ബുക്ക്) മോഹനൻ വൈദ്യൻ വർഷങ്ങളായി വായിട്ടലച്ചിട്ടും നടപ്പിലാക്കാതിരുന്ന കാര്യങ്ങളാണ് മോദി തിരികെയെത്തിച്ചത് - 'ശീമ ചേമ്പിന്റെ തണ്ട് മീനിടാതെ വറ്റിച്ചത്, പപ്പായ ചെറുപയറിടാതെ ഉലർത്തിയത്, മുരിങ്ങയില കറി, മത്തനില തോരൻ, വാഴക്കൂമ്പ് ......' (കടപ്പാട് ഫെയിസ് ബുക്ക്) നമ്മുടെ പള്ളി സ്റ്റൈയലിലാണെങ്കിൽ 'മോദിയേ നന്ദി........! മോദിയേ സ്തുതി......!'

കാരുണ്യവർഷം തലക്കൽ വന്നപ്പോൾ കാണിക്കാനൊന്നുമില്ലായെന്നൊരു തോന്നൽ സർവ്വത്രയുണ്ടായതുകൊണ്ടാവണം, എന്തെങ്കിലും കാരുണ്യം എന്നെങ്കിലും കാട്ടിയിട്ടുള്ള സർവ്വ കത്തോലിക്കരെയും വിളിച്ചു വരുത്തി ആദരിക്കാൻ പല കമ്മറ്റികളും തീരുമാനിച്ചത്. അത്രയും വിശാലമായി പോയപ്പോൾ തെരുവുപട്ടികളിൽ നിന്നു ജനത്തെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ചിറ്റിലപ്പള്ളി സാറിനെ ആരും പരിഗണിക്കാതിരുന്നതു മോശമായിപ്പോയി. അത്മായർ ശ്രദ്ധിക്കുക, സഭയുടെ പ്രോൽസാഹനംകൊണ്ടു വളരാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ വെള്ളം വാങ്ങി വെച്ചേക്കുക. ശല്യം സഹിക്കവയ്യാതായപ്പോഴാ ദയാഭായിക്കു പോലും സ്റ്റേജിൽ ഇടംകിട്ടിയത്.  കരുണയുടെ വർഷം തീർന്നപ്പോഴാണ് പലർക്കും വെളിവുണ്ടായതെന്നു പറയാം. ഒരിടത്തു നേർച്ചപ്പെട്ടി തുറന്നു കൊടുക്കുന്നു, ഒരിടത്തു സൗജന്യമായി ഭക്ഷണ സാധനങ്ങൾ കൊടുക്കുന്നു. കോട്ടയം പുന്നത്തുറ വെള്ളാപ്പള്ളി പള്ളിയാണ് പ്രദേശത്തെ ആളുകൾ ദാരിദ്ര്യത്തിലാണെന്നറിഞ്ഞ് സഹായവുമായി മുന്നോട്ടു വന്നത് ('തേവക്കൽ എഫക്റ്റ്').  ഇനിയിതു മാലപ്പടക്കം പോലെ കത്തിപ്പടർന്നോളും. ഇതു തീമായി മാറുന്നുവെങ്കിൽ അനേകർ രക്ഷപെട്ടേക്കാം. ഈ സംരംഭത്തിനു ചുക്കാൻ പിടിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!. പക്ഷേ, മഠങ്ങളിലുള്ളവർ കഴിഞ്ഞ വർഷം അടക്കിപ്പിടിച്ച അരിശമെല്ലാം അടിച്ചും ഇടിച്ചും തീർക്കുന്ന തിരക്കിലാണെന്നു തോന്നുന്നിപ്പോൾ. പാലായിൽ ഒരു യു കെ ജി വിദ്യാർത്ഥിയുടെ പുറം അടിച്ചുപൊട്ടിച്ചൊരു കന്യാസ്ത്രി. കുറ്റം, ആ കുട്ടി അടുത്ത ക്ലാസ്സിലെ മേശപ്പുറത്തു കേറിയെന്നത്. വല്യ വല്യ പള്ളിക്കൂടങ്ങളിൽ ഓരോ മേശയും അൾത്താരക്കു സമമാണെന്ന് ആ കുട്ടിക്കറിയില്ലായിരുന്നു. മാത്രമല്ല, ഇമ്മിണി വലിയ ആളാണെങ്കിലും കൈയ്യിൽ കിട്ടിയാൽ എന്തു ചെയ്യുമെന്നു കാണിക്കുന്ന ഒരു രൂപം ഓഫീസ് മുറിയിൽ തൂക്കിയിട്ടിരുന്നത് ആ കുട്ടി ശ്രദ്ധിക്കേണ്ടതായിരുന്നു.
 
എന്റെ ഡാഡി ഒരിംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഡാഡി പറഞ്ഞാണ് Oxymoron എന്ന വാക്കു ഞാനാദ്യം കേൾക്കുന്നത്. വിരുദ്ധ അർത്ഥങ്ങളുള്ള രണ്ടു വാക്കുകൾ ഒരുമിച്ചു വരുന്നതിനെയാണിതു സൂചിപ്പിക്കുന്നത്. Small crowd, Clearly misunderstood, Found missing, Fully empty, Original copies, Holy (Catholic) Church, Happily married (?) .... ഇങ്ങിനെ ധാരാളം ഉദാഹരണങ്ങൾ ഇതിനു പറയാനുമുണ്ട്. ഇതു ഞാൻ വീണ്ടും ഓർത്തത്, വിവിധ മേഖലകളിലെ പ്രഗൽഭന്മാരെ ഉൾപ്പെടുത്തി, പാലായിലൊരു 'തിങ്ക് ടാങ്ക്' രൂപീകരിക്കുന്നുവെന്നു കേട്ടപ്പോഴാണ്. ഇതിലില്ലാത്ത ബാക്കിയുള്ളവർ മണ്ടന്മാരെന്ന ഒരു ദു:സ്സൂചന ഇതു കൊടുക്കുന്നുണ്ടെന്നുള്ളതു വേറൊരു കാര്യം. സത്യത്തിൽ, വിവിധ മേഖലകളിൽനിന്നുള്ള ചിന്തിക്കുന്ന പ്രഗൽഭരുടെ ഒരു കൂട്ടായ്മ ഏറെക്കാലമായി പാലായിലുണ്ട് - കെ സി ആർ എം എന്ന പേരിൽ. ഏതായാലും ചിന്തിക്കുന്നവരെന്നും മിടുക്കരെന്നും സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടരുടെ സംഘടനയെപ്പറ്റി ആദ്യം കേൾക്കുകയാണ്. പക്ഷേ, വിതക്കുന്നവൻ വിതച്ചതുതന്നെ കൊയ്യുമെന്നും വാളെടുക്കുന്നവൻ വാളാലെതന്നെ മരിക്കുമെന്നും അസന്നിഗ്ദമായി ബൈബിൾ പറയുമ്പോൾ, 'ദാ ഈ വാതിലിലൂടെ കടന്നാൽ പൂർണ്ണദണ്ഡവിമോചനം' കിട്ടുമെന്ന് വിശ്വസിച്ച് കരുണയുടെ വാതിൽ തപ്പി നടക്കുന്നവർ ചിന്തിക്കുന്നവരായിരിക്കാൻ ഇടയില്ല. ചങ്ങനാശ്ശേരിയിലെ മഹാജൂബിലിക്കു പോയി സമ്പൂർണ്ണ ദണ്ഡവിമോചനം പ്രാപിച്ചവർ പിന്നെയുമെന്തിനാ തെക്കു വടക്കു നടക്കുന്നതെന്നു മനസ്സിലാകുന്നില്ല. എല്ലാവർക്കും രക്ഷയുണ്ടെന്നു മാർപ്പാപ്പായും, ഏകപുത്രനായ മിശിഹായിൽ വിശ്വസിക്കുന്നവനേ രക്ഷയുള്ളൂവെന്നു കാക്കനാട്ടുകാരും പറയുന്ന ഒരു ലോകത്താണല്ലോ എല്ലാവരും. ഈ പുതിയ കൂട്ടായ്മയുടെ ആകമാന ആരോഗ്യത്തെപ്പറ്റി സംശയിക്കാൻ നിരവധി കാരണങ്ങൾ വേറെയുമുണ്ട്. 

കേന്ദ്ര ഗവ. നോട്ടു മാറാൻ വരുന്നവരുടെ വിരലിൽ മഷി തേക്കാൻ തീരുമാനിച്ചല്ലോ. പിരിവു ചോദിക്കുന്ന അച്ചന്മാരുടെ ദേഹത്ത് ഈ മഷികൊണ്ട് ഒരു പൊട്ടുകുത്താൻ എല്ലാ അത്മായരെയും അനുവദിക്കണം. ആഴ്ച്ചയവസാനം നോക്കിയാൽ, മഷിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന ഭീകര രൂപങ്ങളെ നാടുനീളെ കാണാൻ കഴിയും.  

No comments:

Post a Comment