Translate

Tuesday, November 22, 2016

സീറോ-മലബാര്‍സഭയുടെ സാംസ്‌കാരികാനുരൂപണവും രൂപതകളുടെ ആഗോളവിന്യാസവും

ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റോറിയല്‍, സത്യജ്വാല 2016 നവംബര്‍)

മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും രൂപതകള്‍ സ്ഥാപിച്ച് സീറോ-മലബാര്‍ സഭയെ ലോകവ്യാപകമാക്കാന്‍ തത്രപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ, ഏതാനും ദശകങ്ങളായി നമ്മുടെ സഭാധികൃതര്‍. ലോകമെമ്പാടും രൂപതകളും മിഷന്‍ കേന്ദ്രങ്ങളും സ്ഥാപിച്ച്, മുമ്പ് ലത്തീന്‍ സഭ ലോകത്തിലെ വ്യത്യസ്ത ജനതകളെയായിരുന്നു തങ്ങളുടെ മതകൊളോണിയലിസത്തിനു വിധേയമാക്കിയതെങ്കില്‍, ഇപ്പോള്‍ സീറോ-മലബാര്‍ സഭാധികാരം കേരളത്തിനും ഇന്ത്യയ്ക്കും വെളിയില്‍ രൂപതകള്‍ സ്ഥാപിച്ച് സ്വന്തം ജനതയെത്തന്നെയാണ് തങ്ങളുടെ മതകൊളോണിയലിസത്തിന് ഇരകളാക്കുന്നത്. അല്പം മികച്ച ജോലിക്കും കൂലിക്കുംവേണ്ടി നാടുവിട്ട കേരളത്തിലെ കത്തോലിക്കരുടെ പിറകെ, അവരുടെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച്, മിഷനറി പ്രവര്‍ത്തനത്തിന്റെയും അജപാലനത്തിന്റെയും സാംസ്‌കാരികാനുരൂപണത്തിന്റെയുമൊക്കെ കാര്യം പറഞ്ഞ്, മുത്തുക്കുടയും മുതലവായനും അരക്കെട്ടും അംശവടിയുമായെത്തി അവരെയെല്ലാം തങ്ങളുടെ പ്രജകളാക്കുകയാണ് സീറോ-മലബാര്‍ സഭാധികാരം. അതിലൂടെ, തങ്ങളുടെയും ഈ സഭയുടെയും പ്രതാപവും ശക്തിയും ആഗോളസഭയില്‍ വിളംബരം ചെയ്യുകയുമാണിവര്‍.
സീറോ-മലബാര്‍ സഭയുടെ തനതു പൈതൃക(patrimony)ത്തിലും സാംസ്‌കാര(culture)ത്തിലും ആദ്ധ്യാത്മികത(spirituality)യിലും ആരാധനക്രമ(liturgy)ത്തിലും ദൈവശാസ്ത്ര(theology)ത്തിലും ശിക്ഷണക്രമ(discipline)ത്തിലും അധിഷ്ഠിതമായ അജപാലനശുശ്രൂഷ (pastoral care) ഈ സഭയിലെ അംഗങ്ങള്‍ക്കു നല്‍കുവാനുള്ള കടമനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് അവര്‍ വസിക്കുന്ന പുറംനാടുകളില്‍ രൂപതകള്‍ സ്ഥാപിക്കുന്നത് എന്നാണ് ഔദ്യോഗികഭാഷ്യം. അല്പം ബിബ്ലിക്കല്‍കൂടി ആയിക്കൊള്ളട്ടെ എന്നു വിചാരിച്ചാവാം, ലോകത്തെവിടെയും മിഷനറി പ്രവര്‍ത്തനം നടത്താനുള്ള അവകാശം ഈ സഭയ്ക്കുണ്ടെന്ന വാദവുംകൂടി അവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.
ഈ പറഞ്ഞവയില്‍, തനതു പൈതൃകവും (patrimony) സ്വന്തം സംസ്‌കാരവും(culture) മാത്രമേ സീറോ-മലബാര്‍ സഭാസമൂഹത്തെ ആകര്‍ഷിക്കുന്നതായുള്ളൂ എന്നതാണു സത്യം. മറ്റൊന്നും വസ്തുതകളല്ല എന്നതും സത്യംതന്നെ. അതായത്, വിദേശത്തുള്ള സീറോ-മലബാര്‍ രൂപതകളൊന്നും അവ ആയിരിക്കുന്ന ഇടങ്ങളിലുള്ള മറ്റു ജനവിഭാഗങ്ങള്‍ക്കിടയില്‍ യാതൊരു മിഷനറി പ്രവര്‍ത്തനവും നടത്തുന്നില്ല. അപ്പോള്‍ ആ അവകാശവാദം തീര്‍ന്നു. ആദ്ധ്യാത്മികതയും ദൈവശാസ്ത്രവും സന്മാര്‍ഗവും ഒക്കെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ ആധികാരികരേഖയായ 'കത്തോലിക്കാസഭയുടെ വേദപാഠഗ്രന്ഥം' (Catechism of the Catholic Church) റീത്തുഭേദമില്ലാതെ എല്ലാ വ്യക്തിസഭകള്‍ക്കും ബാധകമായിരിക്കേ, പിന്നെന്തു വ്യതിരിക്തതയാണ്, അക്കാര്യങ്ങളില്‍ സീറോ-മലബാര്‍ സഭയ്ക്ക് എടുത്തുപറയാനുള്ളത്? ശിക്ഷണക്രമ(റശരെശുഹശില)ത്തിന്റെ കാര്യമെടുത്താല്‍, തമ്മില്‍ അല്പസ്വല്പവ്യത്യാസങ്ങള്‍മാത്രമുള്ള ലത്തീന്‍ കാനോന്‍നിയമവും പൗരസ്ത്യകാനോന്‍നിയമവുമാണ് അവയ്ക്കാധാരമായുള്ളത്. വകുപ്പുകളുടെയും ഉപവകുപ്പുകളുടെയും നമ്പരുകളിലും സ്ഥാനങ്ങളിലും വ്യത്യാസങ്ങളുണ്ടെന്നതൊഴിച്ചാല്‍ അവ രണ്ടും സാരാംശത്തില്‍ ഒന്നുതന്നെയാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അപ്പോള്‍പ്പിന്നെ അവിടെയും, ഇപ്പോള്‍ നിലവിലുള്ള സീറോ-മലബാര്‍ സഭയ്ക്ക് പ്രത്യേകവ്യതിരിക്തതയൊന്നും ചൂണ്ടിക്കാട്ടാനില്ല. പിന്നെയുള്ളത് ആരാധാനക്രമമാണ്. ശരിയാണ്, ഈ സഭയെ ബലാല്‍ക്കാരംചെയ്തു കല്‍ദായസഭയാക്കിയതിനുശേഷം, ഇക്കാര്യത്തില്‍ ഇപ്പോള്‍ ചില വ്യതിരിക്തതകളുണ്ട്. മുന്‍തിരിഞ്ഞും പിന്‍തിരിഞ്ഞും, വിരിയിട്ടും വിരിതുറന്നും, ക്രൂശിതരൂപത്തെ പുറത്താക്കി മനിക്കേയന്‍ ക്ലാവര്‍ കുരിശു പ്രതിഷ്ഠിച്ചുമുള്ള ഈ സഭയുടെ ആരാധനാക്രമം ലോകത്തെങ്ങുമില്ലാത്തവിധം വിചിത്രവ്യതിരിക്തതകളോടുകൂടിയുള്ളതാണ്. എന്നാല്‍, സീറോ-മലബാര്‍ വിശ്വാസിസമൂഹത്തിനു പൊതുവേ, ഈ ആരാധനക്രമത്തോട് വെറുപ്പല്ലാതെ ഒട്ടും കൂറില്ലെന്നതാണു വസ്തുത.
അപ്പോള്‍പ്പിന്നെ അവശേഷിക്കുന്നത്, മുമ്പ് സൂചിപ്പിച്ചതുപോലെ, ഈ സഭയുടെ തനതുപൈതൃക(patrimony) വും സംസ്‌കാര(culture)വും മാത്രമാണ്. അതെ, ലോകത്തേറ്റവും ആദ്ധ്യാത്മികപുഷ്ടി നിറഞ്ഞ ഭാരതസാംസ്‌കാരികഭൂമികയില്‍ വിരിഞ്ഞ നസ്രാണിസഭയുടെ തനതു പൈതൃകമാണ്, സീറോ-മലബാര്‍ സഭാസമൂഹത്തെ സംബന്ധിച്ച് ഏറ്റം അമൂല്യമായിട്ടുള്ളത്. ഈ പൈതൃകബോധം നാം കൃത്രിമമായി ചിന്തിച്ചുണ്ടാക്കുന്നതല്ല എന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, ഈ സഭാഗാത്രത്തിന്റെ ഓരോ കോശത്തിലും ഈ പൈതൃകത്തിന്റെ പാരമ്പര്യഘടകങ്ങള്‍(genes) നിഹിതമായിരിക്കുന്നു എന്നതിനാല്‍ ഈ പൈതൃകബോധം-സ്വത്വബോധം-നമ്മില്‍ സഹജമാണ്. അതുകൊണ്ടാണ് പൗരസ്ത്യസഭയുടെ സ്വാധീനവലയത്തില്‍ വളരെക്കാലം പുലരേണ്ടിവന്നിട്ടും, പാശ്ചാത്യസഭയുടെ അധിനിവേശനീക്കങ്ങള്‍ക്കിരയായി എല്ലാ തനതുപാരമ്പര്യങ്ങളും തകര്‍ക്കപ്പെട്ടിട്ടും, അന്യപൈതൃകങ്ങളും പാരമ്പര്യങ്ങളും അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടേയിരുന്നിട്ടും, ഇന്നും ഒരു നസ്രാണിത്തപൈതൃകബോധം നമ്മില്‍ മിടിച്ചുകൊണ്ടിരിക്കുന്നത്; അതിനെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കേണ്ട ഒരു സ്വപ്നത്തിന്റെ  ദീപശിഖയായി നാം അണയാതെ സൂക്ഷിക്കുന്നത്.
ഈ സഭ കാത്തുസൂക്ഷിച്ചുപോന്ന ഈ നസ്രാണി പൈതൃകബോധത്തിന്റെ കടയ്ക്കല്‍ അവസാനം കത്തിവച്ചത്, ഇപ്പോള്‍ ഈ സഭയുടെ തനതുപൈതൃകത്തിലും സംസ്‌കാരത്തിലും അജപാലനം നടത്താന്‍ അവകാശമുന്നയിച്ച് റീത്തിന്റെ ആഗോളവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന സീറോ-മലബാര്‍ മെത്രാന്‍ സംഘമായിരുന്നു എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. അതിനവര്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രികളെ ആധാരമാക്കി എന്നതാണ് ഏറെ അപലപനീയമായ കാര്യം. മറ്റു ക്രൈസ്തവപാരമ്പര്യങ്ങളെയൊന്നും അംഗീകരിക്കാതിരുന്ന റോമന്‍ കത്തോലിക്കാസഭയുടെ ലത്തീന്‍ അധിനിവേശംമൂലം തകര്‍ന്നടിഞ്ഞ പൗരസ്ത്യസഭാപാരമ്പര്യങ്ങളെ വീണ്ടെടുത്തു പുനഃസ്ഥാപിക്കാനും തനതുശിക്ഷണക്രമങ്ങളനുസ്സരിച്ചു സ്വയം ഭരിക്കാനും ആ സഭകളെ ചുമതലപ്പെടുത്തുകയാണ്, വാസ്തവത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ചെയ്തത്. പ്രസ്തുത ഡിക്രി ഇങ്ങനെ പറയുന്നു: ''പൗരസ്ത്യദേശത്തുള്ള സഭകള്‍ക്കും, പാശ്ചാത്യദേശത്തുള്ള സഭകളെപ്പോലെതന്നെ, അവരവരുടെ പ്രത്യേക ശിക്ഷണക്രമമനുസ്സരിച്ച് സ്വയം ഭരിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട് എന്ന് ഈ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവ പൗരാണികപാരമ്പര്യങ്ങളാല്‍ ഉറപ്പുനേടിയിട്ടുള്ളതും ആ സഭകളിലെ വിശ്വാസികളുടെ ആചാരങ്ങളുമായി കൂടുതല്‍ ചേര്‍ന്നുപോകുന്നതും അവരുടെ ആത്മാക്കള്‍ക്കു ഗുണകരവുമാണ്.
തങ്ങളുടെ ശരിയായ തനത് ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും കാത്തുസൂക്ഷിക്കാമെന്നുംഅങ്ങനെ ചെയ്യേണ്ടതുണ്ടെന്നും പൗരസ്ത്യദേശത്തെ സഭകളുടെ എല്ലാ അംഗങ്ങളും സുനിശ്ചിതമായി അറിഞ്ഞിരിക്കണം; അവയുടെതന്നെ ജൈവപരമായ വികാസത്തിനുവേണ്ടിയുള്ള മാറ്റങ്ങള്‍മാത്രമേ അവയില്‍ വരുത്താന്‍ പാടുള്ളൂ. ഇതെല്ലാം അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെ അവരവര്‍തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ ആരാധനാരീതികളെപ്പറ്റിയുള്ള അറിവിലും അവയുടെ ആചരണത്തിലുമുള്ള സമ്പൂര്‍ണ്ണതയായിരിക്കണം അവരുടെ എപ്പോഴത്തെയും ലക്ഷ്യം. അവയില്‍നിന്നും കാലത്തിന്റെയോ വ്യക്തികളുടെയോ ആയ സാഹചര്യങ്ങളാല്‍ വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ആ പൗരാണികപാരമ്പര്യങ്ങളിലേക്കു തിരിച്ചുപോകാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്'' (Vatican Council II, OE: 5, 6-സ്വന്തം തര്‍ജമ).
സീറോ-മലബാര്‍ സഭയെ സംബന്ധിച്ച് ഇതിനര്‍ത്ഥം, ഈ ഭാരതസഭയുടെ തനതുപൈതൃകവും പാരമ്പര്യവും കണ്ടെത്തി അതു പുനഃസ്ഥാപിക്കുക എന്നതായിരുന്നു. ഈ സഭയ്ക്ക് തനതു ആരാധനാരീതികള്‍ മുമ്പുണ്ടായിരുന്നു എന്നതിന്റെ സൂചനകള്‍ പോര്‍ട്ടുഗീസ് ചരിത്രകാരന്മാര്‍തന്നെ നല്‍കിയിട്ടുണ്ട്. അതു കണ്ടെത്തി ബിബ്ലിക്കലായി വികസിപ്പിച്ചെടുക്കുകയേ വേണ്ടിയിരുന്നുള്ളൂ. നമ്മുടെ സഭാഭരണക്രമം എങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ച് യാതൊരു തര്‍ക്കവും നിലവിലില്ലതാനും. പ്രസിദ്ധ സഭാചരിത്രകാരനായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ അതു സംബന്ധിച്ച് എഴുതിയിരിക്കുന്നതു കാണുക: ''കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവക വൈദികരില്‍ പ്രായം ചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാനുള്ള അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്തവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു'' (ഭാരതസഭാചരിത്രം, രണ്ടാംപതിപ്പ്: പേജ് 198). 'സമുദായത്തിന്റെ ഭൗതികഭരണകാര്യങ്ങളില്‍ മെത്രാന്മാര്‍ ഉള്‍പ്പെട്ടിരുന്നില്ല' എന്നും 'അത്തരം സാമൂഹിക-ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് ജാതിക്കു കര്‍ത്തവ്യനും പള്ളിയോഗവുമായിരുന്നു' എന്നും 'Authority in the Catholic Community in Kerala' എന്ന ചരിത്രഗ്രന്ഥത്തില്‍ (പേജ് 86) റവ.ഡോ. ജോസ് കുറിയേടത്തും എഴുതിയിട്ടുണ്ട്. സഭാചരിത്രകാരന്മാരെല്ലാവരുംതന്നെ ഈ അഭിപ്രായക്കാരാണ്. ഇപ്പോള്‍ തൃശൂര്‍ രൂപതാ ആര്‍ച്ചുബിഷപ്പായിരിക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സുവിശേഷാത്മകമായിരുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' എന്ന ഈ സഭയുടെ പാരമ്പര്യങ്ങളെയും സമ്പ്രദായങ്ങളെയും വിശദീകരിച്ച് 'Law of Thomas' എന്ന പേരില്‍ ഒരു ഗവേഷണഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്!
ബൈബിള്‍പരാമര്‍ശിതമായ ആദിമസഭയോടൊപ്പംതന്നെ രൂപംകൊണ്ടതെന്നു പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന ഭാരതത്തിലെ ഈ അപ്പോസ്തലിക സഭാസമൂഹത്തിന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍പ്രഖ്യാപനം വളരെ വലിയ പ്രതീക്ഷയാണു നല്‍കിയത്. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വം അംഗീകരിക്കപ്പെടുമെന്നും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വസമ്പ്രദായം ഈ സഭയില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നുമുള്ളതായിരുന്നു, ആ പ്രതീക്ഷ.
എന്നാല്‍, ഭാരതനസ്രാണിപാരമ്പര്യം  വീണ്ടെടുത്താല്‍, പാശ്ചാത്യസഭാസമ്പ്രദായപ്രകാരം തങ്ങളനുഭവിച്ചുപോരുന്ന സര്‍വ്വാധികാരവും കണക്കില്ലാത്ത സമ്പത്തും കൈവിട്ടുപോകുമെന്ന തിരിച്ചറിവില്‍ നമ്മുടെ മെത്രാന്മാരിലൊരു വിഭാഗം, റോമിലെ പൗരസ്ത്യസംഘത്തിന്റെ ഒത്താശയോടെ, ഒരു അന്യപൈതൃകവാദത്തിന്, കല്‍ദായവാദത്തിന്, തിരികൊളുത്തി ആളിക്കത്തിക്കുകയാണു ചെയ്തത്. ''നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക 'മാര്‍ത്തോമ്മായുടെ നിയമം' (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും) എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ജീവിക്കുന്ന ഒരു ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം......  മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നുള്ളതാണ്'' (Acts of the Synod of Bishops of the Syro-Malabar Church, Page; 71, 72 തര്‍ജമ സ്വന്തം) എന്നെല്ലാം റോമില്‍ പ്രസംഗിച്ച ആര്‍ച്ചു ബിഷപ്പ് മാര്‍ പൗവ്വത്തില്‍തന്നെ, ആ ജീവിക്കുന്ന ദൈവശാസ്ത്രത്തെ ചലനരഹിതമാക്കാന്‍ കച്ചകെട്ടിയിറങ്ങി. നമ്മുടെ കത്തനാരന്മാര്‍ ഒരിക്കല്‍പ്പോലും ചൊല്ലിയിട്ടില്ലാത്ത കല്‍ദായകുര്‍ബാനക്രമം ഈ സഭയുടെ ആരാധനാപൈതൃകമാണെന്നു പറഞ്ഞ് കല്‍ദായവാദത്തിനു തുടക്കമിട്ടു. അവസാനം ഒന്നാം നൂറ്റാണ്ടില്‍ ജന്മംകൊണ്ട ഈ അപ്പോസ്തലികസഭ, നാലാംനൂറ്റാണ്ടില്‍മാത്രം ജന്മംകൊണ്ടതും പതിനാറാം നൂറ്റാണ്ടില്‍മാത്രം കത്തോലിക്കാസഭയുമായി ഐക്യപ്പെട്ടതുമായ കല്‍ദായസഭയുടെ പുത്രീസഭയാണെന്ന് 'ആധികാരികമായി' പ്രഖ്യാപിച്ചിട്ടേ നമ്മുടെ മെത്രാന്മാര്‍ അടങ്ങിയുള്ളൂ. ഇന്ത്യന്‍ സഭയുടെമേല്‍ അധികാരമില്ലാതിരുന്ന പൗരസ്ത്യസംഘത്തിന് അങ്ങനെ ഈ സഭയുടെമേല്‍ അധികാരം കൈവരുകയും കല്‍ദായസഭയ്ക്കു ബാധകമായ പൗരസ്ത്യകാനോന്‍ നിയമം ഈ സഭയ്ക്കും ബാധകമാകുകയും ചെയ്തു. അങ്ങനെ എല്ലാ പ്രകാരത്തിലും സ്വത്വം നഷ്ടപ്പെട്ട് വ്യക്തിത്വമില്ലാതായിക്കഴിഞ്ഞ ഒരു സഭയെയാണ്, കല്‍ദായ പ്രച്ഛന്നവേഷമണിയിച്ചും 'സീറോ-മലബാര്‍' നെറ്റിപ്പട്ടംകെട്ടിച്ചും ഇന്നു ലോകമെങ്ങും എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നത് എന്നു നാം മനസ്സിലാക്കണം. മറ്റു റീത്തുകാരെ വെറുപ്പിച്ചും തങ്ങളുടെ ആത്മീയകാര്യങ്ങള്‍ മറ്റു റീത്തുകളില്‍ നിര്‍വ്വഹിച്ചുപോന്നിരുന്ന സീറോ-മലബാര്‍ സഭാംഗങ്ങളെ പല തരത്തില്‍ കഷ്ടപ്പെടുത്തിയും ലോകാധികാരത്തിനായി കെട്ടഴിച്ചു വിട്ടിരിക്കുന്ന ഈ അശ്വമേധക്കുതിരയെ പിടിച്ചുകെട്ടാന്‍ സമയമായി എന്നു പറയേണ്ടിയിരിക്കുന്നു.
പ്രവാസികത്തോലിക്കരില്‍ ചിന്താശേഷിയുള്ളവരെല്ലാം സീറോ-മലബാര്‍ രൂപതാസ്ഥാപനത്തെ എതിര്‍ക്കുകയാണുണ്ടായിട്ടുള്ളത്. അമേരിക്കയില്‍ ചിക്കാഗോ രൂപത വരുന്നുവെന്നറിഞ്ഞ് ആയിരക്കണക്കിനു പേരാണ് അന്ന് അതിനെതിരെ നിവേദനം തയ്യാറാക്കി റോമിന് ഒപ്പിട്ടയച്ചത്! ആരു കേള്‍ക്കാന്‍? തങ്ങള്‍ക്ക്, തങ്ങളുടെ റീത്തിലുള്ളവരുടെമേല്‍ ലോകമെമ്പാടും അജപാലനാവകാശമുണ്ടെന്നു വാദിച്ചും, അതിലുപരി സീറോ-മലബാര്‍ സഭയ്ക്ക് പൗരസ്ത്യസംഘത്തിലുള്ള സ്വാധീനമുപയോഗിച്ചും പ്രവാസിമലയാളികളുടെമേല്‍ രൂപതകള്‍ അടിച്ചേല്‍പ്പിക്കുകയാണ്.
കേരളത്തോടും മലയാളഭാഷയോടുമുള്ള പ്രവാസിമലയാളികളുടെ ഗൃഹാതുരത്വംമാത്രമാണ് വിദേശരാജ്യങ്ങളിലെ സീറോ-മലബാര്‍ രൂപതകള്‍ക്കും പള്ളികള്‍ക്കും അല്പമെങ്കിലും പ്രസക്തി നല്‍കുന്നത്. മറ്റു സാമൂഹികബന്ധങ്ങളൊന്നുമില്ലാതെ ചിതറി ഒറ്റപ്പെട്ടു ജീവിക്കുന്ന പ്രവാസിമലയാളികളെ സംബന്ധിച്ച്, ആഴ്ചയിലൊരിക്കല്‍ ഒത്തുകൂടാനുള്ള ഒരു സ്ഥിരസംവിധാനം വിലപ്പെട്ടതാണ്. അതായത്, മതാനുഷ്ഠാനപരമായോ അല്ലാതെയോ ഉള്ള സാംസ്‌കാരികാനുരൂപണത്തിനുള്ള അവരുടെ ത്വരയാണ്, മുഖ്യമായും, പ്രവാസിമലയാളിക്കത്തോലിക്കരെ സീറോ-മലബാര്‍ പള്ളികളിലെത്തിക്കുന്നത്. അതില്‍ പ്രധാനഘടകം മലയാളഭാഷയാണുതാനും.
എന്നാല്‍, ആരാധനാഭാഷ മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കു വൈകാതെ മാറ്റേണ്ടിവരുമെന്നതാണു സാഹചര്യം. പുതിയ തലമുറയ്ക്ക് മലയാളം കഷ്ടിച്ചു പറയാനറിയാമെന്നല്ലാതെ, എഴുതാനോ വായിക്കാനോ അറിയില്ല എന്നതാണു കാരണം. അതുകൊണ്ട്, വേദപാഠക്ലാസ്സുകള്‍ മുമ്പേതന്നെ ഇംഗ്ലീഷിലാക്കിക്കഴിഞ്ഞു. കുട്ടികള്‍ക്കുള്ള കുര്‍ബാന ഇംഗ്ലീഷിലാക്കാന്‍ വികാരിമാര്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കള്‍ മലയാളത്തിനുവേണ്ടി വാദിക്കുകയും വഴക്കിടുകയും ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. അവരെ അനുനയിപ്പിക്കാന്‍ രൂപതാതലത്തില്‍ പ്രത്യേക പരിശീലനം നേടിയ വൈദികര്‍ പള്ളികള്‍തോറും മാറിമാറി പ്രസംഗിച്ചു നടക്കുന്നു. 'കേരളത്തില്‍പ്പോലും കാര്യങ്ങളെല്ലാം ഇപ്പോള്‍ ഇംഗ്ലീഷിലായിക്കൊണ്ടിരിക്കുകയല്ലേ, പിന്നെയെന്തിന് അമേരിക്കയില്‍ അതിനു മടിക്കുന്നു' എന്നാണ് അവരുടെ ചോദ്യം. 'എങ്കില്‍പ്പിന്നെ, സീറോ-മലബാര്‍ രൂപതയുടെയും പള്ളികളുടെയും ആവശ്യമെന്തായിരുന്നു' എന്നും, 'മാതൃഭാഷ വേണ്ടെന്നുവച്ചാല്‍ എന്തു സാംസ്‌കാരികാനുരൂപണമാണ് പിന്നെ അവശേഷിക്കുന്നത്' എന്നുമുള്ള ചോദ്യങ്ങള്‍ മാതാപിതാക്കളും ഉന്നയിക്കുന്നു...
ക്രൈസ്തവലേബലില്‍, പാശ്ചാത്യനാഗരികമൂല്യങ്ങളുടെയും അതു മുന്നോട്ടുവയ്ക്കുന്ന എല്ലാ സമ്പ്രദായങ്ങളുടെയും വക്താക്കളും പ്രചാരകരുമായിമാത്രം നിലകൊണ്ട ചരിത്രമുള്ള കത്തോലിക്കാപൗരോഹിത്യത്തിന് മലയാളഭാഷയോ കേരളീയതയോ ഒന്നും ഒരു പ്രശ്‌നമല്ല എന്ന കാര്യം ആര്‍ക്കാണറിയാത്തത്! ഇടവകകള്‍തോറുമുണ്ടായിരുന്ന എയ്ഡഡ് സ്‌കൂളുകളിലൂടെ ഖജനാവിലെ പണം ഏറ്റവുമധികം നേടിക്കൊണ്ടിരുന്ന വൈദിക-കന്യാസ്ത്രീവിഭാഗങ്ങളുടെ മുന്‍കൈയില്‍, മലയാളത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെത്തന്നെ തകര്‍ത്തുകളഞ്ഞ സമീപകാലചരിത്രം ആര്‍ക്കാണറിഞ്ഞുകൂടാത്തത്? മലയാളികളെ മുഴുവന്‍ ഇംഗ്ലീഷുകാരാക്കി പുറത്തേക്കു കയറ്റുമതിചെയ്യാന്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ക്ക്, സാംസ്‌കാരികാനുരൂപണം പറഞ്ഞു രൂപതകളുണ്ടാക്കി പിന്നീടത് ഇംഗ്ലീഷീകരിക്കാനോ പാട്! തനതു പൈതൃകത്തെ അട്ടിമറിച്ച് കേരളനസ്രാണികളില്‍ അന്യപൈതൃകം കെട്ടിവച്ച നമ്മുടെ മെത്രാന്മാര്‍ക്കാണോ, ആ കല്‍ദായതൊഴുത്തില്‍നിന്ന് ഇംഗ്ലീഷ്‌തൊഴുത്തിലേക്ക് ഈ സഭയെ മാറ്റിക്കെട്ടാന്‍ കഴിയാത്തത്!
അമേരിക്കയിലെ സീറോ-മലബാര്‍ മക്കള്‍ ഇന്നു നേരിടുന്ന അതേ പ്രതിസന്ധി ഒട്ടും വൈകാതെതന്നെ കാനഡയിലും ആസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ആവര്‍ത്തിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കല്യാണിലും ഡല്‍ഹിയിലുംമറ്റുമുള്ള രൂപതകളിലും മലയാളം തഴയപ്പെടുകതന്നെ ചെയ്യും. അങ്ങനെയെങ്കില്‍, മാതൃഭാഷയെ മാനിക്കുകയോ സാംസ്‌കാരികാനുരൂപണം നടത്തുകയോ ചെയ്യാത്ത 'സീറോ-മലബാര്‍ അജപാലന'ത്തെ എന്തിന് പ്രവാസി മലയാളികള്‍ അംഗീകരിക്കണം? അവരുടെ കുട്ടികളെ അവര്‍ ജീവിക്കുന്നതും അവര്‍ക്കു കൂടുതല്‍ സഹജവുമായ സാമൂഹികപശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് സീറോ-മലബാര്‍ ഇടുക്കുതൊഴുത്തില്‍ എന്തിനു തളയ്ക്കണം?
പ്രവാസി സീറോ-മലബാര്‍കാരെ സംബന്ധിച്ച്, ഭാഷയുള്‍പ്പെടെ സ്വന്തം സഭയ്ക്കു തനതായിരുന്ന സകലതും നഷ്ടപ്പെടുന്നതോടുകൂടി തീര്‍ത്തും അനാവശ്യമായിത്തീരുകയാണ്, 'സീറോ'രൂപതകള്‍. എന്നാല്‍, അവരെ തങ്ങളുടെ അധീനതയില്‍ പൂട്ടിയിടാനുള്ള ചങ്ങലകള്‍, സ്വന്തം മക്കളുടെയും പേരക്കുട്ടികളുടെയും വിവാഹമോ മാമോദീസായോ ഒക്കെ നാട്ടിലെ ഇടവകപ്പള്ളികളില്‍ നടത്താനാവശ്യമായ കുറികളുടെ രൂപത്തില്‍, ഈ രൂപതാധികാരികളുടെ കൈകളിലിരിക്കുകയാണ്! അമേരിക്കയിലുംമറ്റും സ്ഥിരമായി ലത്തീന്‍ പള്ളികളില്‍ പോകുന്ന സീറോ-മലബാര്‍കാര്‍ക്ക് ഇത്തരം സാഹചര്യത്തില്‍, നൂറുകണക്കിനു മൈലുകള്‍ക്കപ്പുറത്തുള്ള സീറോ-മലബാര്‍ പള്ളിയില്‍ ചെന്ന് 'സീറോ' വികാരിയുടെ മുമ്പില്‍, ലത്തീന്‍ വികാരിയുടെ കത്തും കൈയില്‍ പിടിച്ച് ഓച്ഛാനിച്ചു നില്‍ക്കേണ്ട അവസ്ഥയാണിന്നുള്ളത്. തികച്ചും അക്രൈസ്തവമായ ഈ സാഹചര്യം മാറ്റിയെടുത്താല്‍ തീരുന്ന പ്രശ്‌നമേ പ്രവാസി സീറോ-മലബാര്‍കാര്‍ക്കുള്ളു. അതിന്, കത്തോലിക്കാസഭയുടെ ഏതു റീത്തില്‍നിന്നും ഏതു റീത്തിലേക്കും നല്‍കുന്ന ഏതു കുറികളും സാധു(valid) ആയിരിക്കും എന്നൊരു പ്രഖ്യാപനത്തിനായി എല്ലാവരും ഒന്നിച്ച് ആവശ്യപ്പെടേണ്ടിയിരിക്കുന്നു. സ്വന്തം സഭയില്‍ റീത്തൈക്യംപോലും സാധ്യമല്ലെങ്കില്‍, കത്തോലിക്കാസഭ സഭൈക്യ(ecumenism)ത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്? അതുകൊണ്ട്, റീത്തൈക്യം നേടിയെടുത്തേ ഒക്കൂ. അതോടെ, കുറിയെന്ന തുരുപ്പുചീട്ട് തുറുപ്പല്ലാതാവുകയും സീറോ-മലബാര്‍ അശ്വമേധക്കുതിര പുല്ലും വെള്ളവും കിട്ടാതെ പിന്തിരിഞ്ഞോടിക്കൊള്ളുകയും ചെയ്യും. 

-എഡിറ്റര്‍

No comments:

Post a Comment