Translate

Friday, November 25, 2016

സഭാജയിലുകൾ

(സത്യജ്വാലയുടെ നവംബർ മാസത്തിലെ എഡിറ്റോറിയൽ - സീറോ മലബാർ സഭയുടെ സാംസ്കാരികാനുരൂപണവും രൂപതകളുടെ ആഗോളവിന്യാസവും - പ്രചോദിപ്പിച്ച കുറിപ്പ്)   

ശ്രീബുദ്ധന്റെ ചിന്താപദ്ധതി മനുഷ്യന് സ്വാതന്ത്യത്തിന്റെ വഴി തെളിച്ചപ്പോൾ മറ്റൊരു ബുദ്ധനായിരുന്ന (ബോധോദയം സംഭവിച്ചവൻ) യേശുവിന്റെ "അനുയായികൾ" ലോകത്തിനു വച്ചുനീട്ടുന്നത് വിശ്വാസത്തിന്റെ അടിമത്തമാണ്. സ്വാതന്ത്ര്യത്തിന്റെ നിരാസമാണ് അടിമത്തം. ഇന്ന് മതത്തിന്റെ പേരിൽ വളർന്നുപടരുന്നതൊക്കെ ഭയപ്പാടും ആർത്തിയും രൂപം കൊടുക്കുന്ന പൊള്ളയായ ദൈവസങ്കല്പങ്ങൾ മാത്രമാണ്. അവയിൽ യേശുവിന് യാതൊരു പങ്കുമില്ല.


അത്യാർത്തിയാണ് വിശ്വാസികളെ പള്ളികളിലേക്കും തീർത്ഥകേന്ദ്രങ്ങളിലേക്കും പേരെടുക്കാനാഗ്രഹിക്കുന്ന ധ്യാനഗുരുക്കളുടെ പക്കലേയ്ക്കും നയിക്കുന്നത്. ദൈവം എല്ലാവർക്കും കൊടുക്കുന്നതൊന്നും പോരാത്ത ഇത്തരക്കാരാണ് നല്ല വിശ്വാസികൾ എന്നാണ് വൈദികരും പഠിപ്പിക്കുന്നത്. പൂഞ്ഞാറിനു കിഴക്കുള്ള അടിവാരം പോലൊരു കുഗ്രാമത്തിൽ നിന്നുപോലും ആഴ്ചതോറും വേളാങ്കണ്ണിക്കും മലയാറ്റൂറിനുമൊക്കെ ബസ്സുകൾ നിറച്ച് യാത്രയാകുന്നത് തങ്ങൾക്ക് അദ്ഭുതങ്ങൾ തന്നെ വേണം എന്ന ആർത്തിയുള്ളവരാണ്. അതു പ്രോത്സാഹിപ്പിക്കാൻ പുരോഹിതരും!

അസ്തിത്വം മുഴുവൻ ദൈവികത്വം നിറഞ്ഞു നില്ക്കുമ്പോഴും ഇവർക്ക് തികയുന്നില്ല. അവർ വ്യക്തിപരവും സവിശേഷവുമായ അനുഗ്രഹങ്ങൾക്കായി യാചിച്ചു കൊണ്ടേയിരിക്കുന്നു. മദ്ധ്യസ്ഥരെ മാറി മാറി തേടിയലയുന്നു. വീര്യം കുറഞ്ഞുപോയ യുദായെ വിട്ടിട്ടു് പുതുതായി കളത്തിലിറക്കിയ എവുപ്രാസിയെ പിടിക്കുന്നു.

എന്നാൽ ബുദ്ധന് പ്രാർത്ഥന അസാധ്യമാണ്. കാരണം, ഉള്ളിൽ ദൈവംതന്നെ നിറഞ്ഞിരിക്കുന്നവൻ എന്തിനായിട്ടാണ് പ്രാർത്ഥിക്കുക? ദൈവത്തെ അറിഞ്ഞവർ മൗനികളായിത്തീരുകയാണ് ചെയ്യുന്നത്. ആരോടും ഒന്നും പറയേണ്ടയാവശ്യം അവർക്കുണ്ടാകുന്നില്ല. ഏറ്റവും നല്ല പ്രാർത്ഥന ശുദ്ധമായ മൗനമാണ്. മുഴുവൻ അസ്തിത്വത്തെയും മുന്നിൽ കണ്ടുകൊണ്ടുള്ള പ്രണാമമാണത്. എല്ലാം നന്ദിയോടെ കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന ഹർഷോന്മാദമാണത്. പ്രാർത്ഥിക്കുകയല്ല, മറിച്ച് പ്രാർത്ഥനയിൽ ആയിരിക്കുക എന്നതുതന്നെയാണ് ധ്യാനം. അവിടെ സ്വത്വം അപ്രത്യക്ഷമാകുന്നു. അഹംബോധമില്ലാതാകുന്നു. അതുകൊണ്ടു് വ്യക്തിപരമായതെല്ലാം മായുന്നു. സുന്ദരമായ അസ്തിത്വത്തിന്റെ മഹാഭൂമികയായിത്തീരുക എന്നതാണ് ധ്യാനത്തിൽ സംഭവിക്കുന്നത്. അഹത്തിന്റെയഭാവം സൃഷ്ടിക്കുന്ന സംശുദ്ധ ശൂന്യത! പ്രാർത്ഥനയിൽ സ്വാർത്ഥകേന്ദ്രമായ "ഞാൻ" നിറഞ്ഞു നില്ക്കുമ്പോൾ ധ്യാനത്തിൽ "ഞാൻ" അപ്രത്യക്ഷനാകുന്നു. "ഒരു ചെടി പുഷ്പിക്കുന്നത് അതിന്റെ ധ്യാനമാണെന്ന് ഓഷോ പറയുന്നു.

ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിക്കും ഇത് മനസ്സിലാവില്ല. കാരണം, 'ഞാൻ' നിറഞ്ഞു തുളുമ്പുന്ന യാചനകളുടെ ആവർത്തനമാണ് വിശ്വാസസാക്ഷ്യം എന്നാണവർ ധരിച്ചിരിക്കുന്നത്. അതിനുദാഹരണമാണ് എണ്ണിയാലൊടുങ്ങാത്ത നൊവേനകളും കൊന്ത നമസ്ക്കാരങ്ങളുടെ ചങ്ങലകളും.
മറിച്ചൊന്ന് പറഞ്ഞുകൊടുക്കാനുളള വിവരം ഒരു പരോഹിതനും ഒട്ടില്ല താനും. നമ്മൾ അയ്യോപാവം പറയുമ്പോൾ പ്രസാദിക്കുകയും അല്ലാത്തപ്പോൾ കണ്ടില്ലെന്നു വയ്ക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തെയാണ് നമ്മുടെ പുരോഹിതർക്കും അവരുടെ സ്പെഷൽ പതിപ്പ് ക്രിസ്തുമതത്തിനുമറിയാവുന്നത്. അപരിമേയവും അനന്തവുമായ ഉണ്മയെപ്പറ്റിയും അതിന്റെ വർത്തമാനാനുഭവമായ സ്വന്തം അല്പാസ്തിത്വത്തെപ്പറ്റിയും ലഭ്യമായ അവബോധത്തിൽ ഈശ്വരാനുഭവത്തിലും മാറ്റം വരാം എന്നു വകവയ്ക്കാനുള്ള ധൈര്യം ക്രിസ്തുമതത്തിന് ഒരിക്കലും കൈവരില്ല. കാരണം, അതത്ര യാഥാസ്ഥിതികമാണ്. വാതസവത്തിൽ, പിതാവായ ദൈവമെന്ന സങ്കല്പം തന്നെ ബാലിശമാണ്, പ്രാകൃതമാണ്. ആൺകോയ്മയുടെയും പിതൃസ്വരൂപത്തിന്റെയും അധിനിവേശത്തിൽ നിന്നുരുവായതാണ് ആ സങ്കല്പം. യേശുവും അതിനു വഴിപ്പെട്ടെങ്കിൽ അത് സ്വാഭാവികം മാത്രം. സുവിശേഷത്തെ ആധാരമാക്കി ആ ആശയത്തിൽ പിടിമുറുക്കുന്നതിൽ അർത്ഥമില്ല. കൂടുതൽ ആഴമായവയിലേക്ക് പോകാനാകാത്തവർക്ക് ഇത്തരം അത്താണികൾ ആവശ്യമായി വരും. അതനുവദിക്കുക. വ്യാജമായ രോഗങ്ങൾക്ക് വ്യാജമായ മരുന്നുകൾ ഫലപ്രദമാകാൻ പ്രകൃതി പലപ്പോഴും അനുവദിക്കാറുണ്ടല്ലോ.

എന്നാൽ ഇത്തരം ശരാശരി അർത്ഥവ്യതിയാനങ്ങൾ മാത്രമാണോ ക്രിസ്ത്യാനിറ്റിയും അതിന്റെ പൗരോഹിത്യവും സൃഷ്ടിക്കുന്നത്? അല്ലല്ലോ. തങ്ങളുടെ മതമാണ് ഏറ്റവും ശരിയെന്ന നിർലജ്ജമായ മാനസ്സിക തടവറയെയും അവർ കെട്ടിയുണ്ടാക്കി വിശ്വാസികളെ അതിനുള്ളിൽ ബന്ധിക്കുന്നു. വേലികളില്ലാത്ത മനസ്സിൻറെ വിശാലതയാണ് സ്വാതന്ത്ര്യം. ക.സഭയിൽ, എന്ന് എവിടെ തിരിഞ്ഞാലും, വേലികളുടെ സമൃദ്ധിയാണ് കാണാൻ കഴിഞ്ഞിരുന്നത്. ഇന്നാകട്ടെ, കരുണയുടെ വർഷം കടന്നുപോയിട്ടും, അവ ഒന്നിനൊന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. മതത്തിലായാലും അതിനു വെളിയിലായാലും ഏതെങ്കിലും പ്രത്യേകതകൾ അവകാശപ്പെടുന്ന ഓരോ ഗ്രൂപ്പും മനുഷ്യനെ സംബന്ധിച്ച് ഒരു തടവറയാണ്. അവ മനുഷ്യരെ വെട്ടിമുറിക്കുകയും വേർതിരിക്കുകയും മാത്രമാണ് ചെയ്യുന്നത്. എൻറെ മതം, അതിൻറെ വിശ്വാസങ്ങൾ, എൻറെ രൂപത, എൻറെ ഇടവക, എൻറെ റീത്ത് എന്നതെല്ലാം ഓരോരോ ജയിലുകളാണ്. ആ ജയിലുകളിലുള്ളവർ തങ്ങളുടെ ജയിലാണ് മെച്ചമെന്ന് അത്തരം മറ്റു ജയിലുകളിൽ കഴിയുന്ന മരമണ്ടന്മാരോടു് കയർക്കുന്നു. അന്യനാടുകളിൽ ചെന്നുപോലും ഈ ജയിലുകളുടെ ശാഖകൾ പടുത്തുയർത്തുന്നു, സീറോ മലബാർ സഭ. ഇത്തരം സഭാജയിലുകൾ USAയിൽ, ആസ്ത്രേലിയയിൽ, ഇംഗ്ലണ്ടിൽ ഒക്കെ സ്ഥാപിതമായിക്കഴിഞ്ഞു. ഫരിദാബാദിലും കൽക്കട്ടയിലും ചെന്നൈയിലും അവരത് പണ്ടേ ചെയ്തുവച്ചു.

മാനസിക തടവറ-നിർമ്മിതിയുടെ ഈ സംസ്കാര ശോഷണത്തെ പ്രോത്സാഹിപ്പിക്കുന്ന തൊഴിലാണ് നമ്മുടെ മെത്രാന്മാരും പുരോഹിതരും, അടുത്ത കാലത്ത് പ്രത്യേകിച്ചും, ഏറ്റെടുത്തിരിക്കുന്നത്. അതുവഴി അവർ അന്യരെ വഞ്ചിക്കുകയാണെന്ന് അവരിൽ മിക്കവർക്കും അറിയാം. അത് ഏറെ നാൾ തുടരുമ്പോൾ, സ്വയം വഞ്ചിക്കുകയാണെന്ന കാര്യംപോലും അവർ മറക്കുന്നു. അജ്ഞതയുടെയും കാപട്യത്തിന്റെയും കൂമ്പാരങ്ങളാണ് ഇത്തരം മേലാളന്മാർ. മനുഷ്യരെ ശുദ്ധീകരിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാൻ പര്യാപ്തരല്ലാത്ത അവർ സ്വന്തം മതത്തെയും സമൂഹത്തെയും ജീർണിപ്പിച്ചുകൊണ്ടിരിക്കുന്നു.

സഹസ്രാബദങ്ങളുടെ ചരിത്രം ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു. അണലി സന്തതികളെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും യേശു വളിച്ചത് മനുഷ്യ സമൂഹത്തിൻറെ ഇത്തരം അപനിർമാണങ്ങളിൽ വ്യാപൃതരായ പുരോഹിതരെയാണ്.

No comments:

Post a Comment