Translate

Sunday, April 23, 2017

ചര്‍ച്ച് ആക്ടിനുവേണ്ടിയും രഹസ്യക്കുമ്പസാരത്തിനെതിരായും

ശക്തമായി പ്രവര്‍ത്തിക്കാനുറച്ച് 

ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍

2017 ഏപ്രില്‍ 8, ശനിയാഴ്ച എറണാകുളം ഐ.എം.എ. ഹാളില്‍, ചര്‍ച്ച് ആക്ടിനെയും കുമ്പസാരവിവാദത്തെയുംകുറിച്ച് 'ജോയിന്റ് ക്രിസ്റ്റിയ ന്‍ കൗണ്‍സില്‍' (JCC) നടത്തിയ ചര്‍ച്ചായോഗത്തില്‍ ചര്‍ച്ച് ആക്ട് നടപ്പാക്കിക്കുന്നതിനും ഇന്നത്തെ രഹസ്യക്കുമ്പസാരസമ്പ്രദായം അവസാനിക്കുന്നതിനുംവേണ്ടി ശക്തമായി പ്രവര്‍ത്തിക്കാന്‍ തീരൂമാനിച്ചു. JCC വൈസ് പ്രസിഡന്റ്  ആന്റോ കോക്കാട്ട് ആദ്ധ്യക്ഷ്യം വഹിച്ച പരിപാടി ഫാ.ഷിബു ഉദ്ഘാടനം ചെയ്തു. JCCയും ഘടക സംഘടനകളും  പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമായിരുന്നെന്ന് സഭയില്‍ സമീപകാലത്തുണ്ടായ പുരോഹിത ലൈംഗികാതിക്രമങ്ങളും സാമ്പത്തികതിരിമറികളും സംബന്ധിച്ച് വ്യാപകമായി വന്നുകൊണ്ടിരിക്കുന്ന  വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളക്രൈസ്തവസമൂഹവും പൊതുസമൂഹവും മാധ്യമങ്ങളും  അംഗീകരിച്ചിരിക്കുന്ന സമയമാണിതെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ആന്റോ കോക്കാട്ട് പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഗവണ്മെന്റിനും ഇതിനെതിരെ ഇനി കണ്ണടച്ചിരിക്കാനാവില്ല. ഈ സാഹചര്യത്തില്‍,  ക്രൈസ്തവസഭയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചും അനാചാരങ്ങള്‍ക്ക് അറുതിവരുത്തിയും വിശ്വാസികളെ പുരോഹിതാധിപത്യത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന നമ്മുടെ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറാന്‍ കച്ചകെട്ടിയിറങ്ങണമെന്ന് അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. 
സഭാസ്വത്തുഭരണത്തിന്റെ കാര്യംമാത്രമല്ല, സഭയുടെ കൂദാശകളും പുനഃപരിശോധിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. കെ.പി.ഷിബു പറഞ്ഞു. ലൈംഗികതയെ പാപമാക്കിക്കൊണ്ട് മനുഷ്യരെയെല്ലാം പാപികളാക്കി, പാപമോചനത്തിനെന്നുപറഞ്ഞ് തങ്ങളുടെ മുമ്പില്‍ മുട്ടുകുത്തിച്ച് വിശ്വാസികളെ അടിമകളാക്കുന്ന കുമ്പസാരം തികഞ്ഞ അനാചാരമാണ്. പാപം വിറ്റ് അധികാരവും പണവും നേടുകയാണ് പൗരോഹിത്യം. വിശ്വാസികളെ കൂദാശാടിമത്വത്തില്‍നിന്നും മോചിപ്പിച്ച്, ഓരോ ഇടവകയും  ഓരോ ട്രസ്റ്റാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് നാം ശക്തമായി നീങ്ങേണ്ടിയിരിക്കുന്നു,  അദ്ദേഹം പറഞ്ഞു. അതിന് ചര്‍ച്ച് ആക്ട് നടപ്പിലാക്കിക്കിട്ടേണ്ടതുമുണ്ട്. ഫാ.റോബിന്റേതുപോലുള്ള കേസ്സുകള്‍ തേഞ്ഞുമാഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍, അത്തരം കേസ്സുകളില്‍ നിയമപരമായിക്കൂടി ഇടപെടാന്‍ JCC തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു സംസാരിച്ച സി.എല്‍. ജോയി, ജീവിതത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ പാപിയായി ചിത്രീകരിച്ച് ദൈവത്തിലും പാപമുണ്ട് എന്ന് ധ്വനിപ്പിക്കുന്ന സഭാപ്രബോധനം അതില്‍ത്തന്നെ തെറ്റാണെന്ന് പ്രസ്താവിച്ചു. എല്ലാ തെറ്റുകളുടെയും തുടക്കം അതാണ്. അതില്‍ ഊന്നിനിന്ന്, യേശുവചനങ്ങളുമായി പുലബന്ധംപോലുമില്ലാത്ത മിത്തുകള്‍ സൃഷ്ടിച്ച് അതിന്മേലാണ്  നാലാം  നൂറ്റാണ്ടുമുതല്‍ സഭ കെട്ടിപ്പടുത്തിരിക്കുന്നത് . ശുദ്ധീകരണസ്ഥലത്തിന്റെ സൃഷ്ടിയും കുമ്പസാരം ഉള്‍പ്പെടെയുള്ള മിക്ക കൂദാശകളുടെ സൃഷ്ടിയും ഇത്തരം വ്യാജ മിത്തുകളില്‍ അടിയുറപ്പിച്ച് നിലനിര്‍ത്തി അടിമത്വവും ചൂഷണവും തുടരുകയാണ്. ഇവയ്‌ക്കെല്ലാമെതിരെകൂടി പ്രവര്‍ത്തിക്കാന്‍ ഖഇഇയെയും മറ്റ് സ്വതന്ത്രസഭാപ്രസ്ഥാനങ്ങളെയും അദ്ദേഹം  ആഹ്വാനംചെയ്തു.
ഒരു പ്രമേയാവതരണമാണ് തുടര്‍ന്നു നടന്നത്. ഇന്നത്തെ രഹസ്യക്കുമ്പസാരസമ്പ്രദായത്തിനുപകരം, കേരളസഭയുടെ പരസ്യക്കുമ്പസാരപാരമ്പര്യമായ 'പിഴമൂളല്‍'സമ്പ്രദായം സിനഡുകൂടി വീണ്ടെടുക്കണമെന്ന്  സീറോ-മലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ്പിനോട് ആവശ്യപ്പെടുന്ന പ്രമേയം അഡ്വ. ഇന്ദുലേഖാ ജോസഫ് അവതരിപ്പിക്കുകയും യോഗം അത് കൈയടിച്ച് പാസ്സാക്കുകയും ചെയ്തു. മാര്‍ച്ച്  18-ന്  മാര്‍ ആലഞ്ചേരിയുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും ഉണ്ടായ ആശയവിനിമയത്തെക്കുറിച്ചുംകൂടി ഹ്രസ്വമായി ഇന്ദുലേഖ വിശദീകരിക്കുകയുണ്ടായി. തുടര്‍ന്നു സംസാരിച്ച DCFI പ്രസിഡന്റ് അഡ്വ. സി.ജെ. ജോസ് , പുരോഹിത ലൈംഗികപീഡനക്കേസുകളില്‍ നിയമനടപടി സ്വീകരിക്കണമെന്ന ഫാ.കെ.പി.ഷിബുവിന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങുകയും, ഇരകളുടെയോ കുടുംബാംഗങ്ങളുടെയോ പിന്തുണ അതിനാവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
സഭയുടെ സാമ്പത്തികഭരണത്തിന് ആവശ്യമായ നിയമങ്ങള്‍ സഭയ്ക്കുണ്ടെന്നു വാദിക്കുന്ന സഭാമേലധ്യക്ഷന്മാര്‍, എന്തുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആ നിയമത്തിന് അംഗീകാരംനേടാന്‍ തയ്യാറാകുന്നില്ലെന്ന്  തുടര്‍ന്നു സംസാരിച്ച കെ.സി.ആര്‍.എം. പ്രസിഡന്റ് കെ.ജോര്‍ജ് ജോസഫ് ചോദിച്ചു. ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് പെസഹാ വ്യാഴാഴ്ച നടക്കുന്ന സ്ത്രീകളുടെ കാല്‍കഴുകല്‍ ശുശ്രൂഷയിലേക്ക് അദ്ദേഹം എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന്, ബ്രഹ്മചര്യ-കന്യകാത്വവൃതവാഗാദനങ്ങള്‍ എടുപ്പിക്കുന്നതിലെ മനുഷ്യാവകാശലംഘനങ്ങള്‍ തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രിയോടും മനുഷ്യാവകാശ കമ്മീഷനോടും നിയമപരിഷ്‌കരണ കമ്മീഷനോടും അഭ്യര്‍ ത്ഥിക്കുന്ന ഒരു പ്രമേയം ജോര്‍ജ് മൂലേച്ചാലില്‍ അവതരിപ്പിച്ചു. യോഗം ആ പ്രമേയവും കൈയടിച്ചു പാസ്സാക്കി. തുടര്‍ന്നദ്ദേഹം, ജോസഫ് പുലിക്കുന്നേല്‍ മിക്ക സംഘടനാനേതാക്കള്‍ ക്കും അയച്ചിരുന്ന ചര്‍ച്ച് ആക്ട് നടപ്പാക്കലുമായി ബന്ധപ്പെട്ടുള്ള ഒരു കത്ത് എല്ലാവരുടെയും അറിവിലേക്കായി വായിച്ചവതരിപ്പിച്ചു. ഇതിനുശേഷം ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റ് ഇ.ആര്‍.ജോസഫ്, കെ.സി.ആര്‍.എം വൈസ് പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസ് (ഇപ്പന്‍), അഡ്വ.ജേക്കബ്ബ് മുണ്ടയ്ക്കന്‍ മുതലായവരുടെ പ്രസംഗങ്ങളും ഉണ്ടായിരുന്നു. JCC ജന.സെക്രട്ടറി വി.കെ. ജോയിയുടെ സ്വാഗതപ്രസംഗത്തോടെ രാവിലെ പത്തരയ്ക്ക് ആരംഭിച്ച പരിപാടി മുന്‍ ജന.സെക്രട്ടറി അഡ്വ.വര്‍ഗ്ഗീസ് പറമ്പിലിന്റെ നന്ദി പ്രകാശനത്തോടെ രണ്ടുമണിക്ക് പ്രര്യവസാനിച്ചു.

No comments:

Post a Comment