Translate

Thursday, April 6, 2017

അരമനക്കോടതികള്‍ വിശുദ്ധ പാപികളുടെ സങ്കേതം

(കേരളശബ്ദം, ഏപ്രില്‍ 2, 2017)

പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം

അടുത്ത കാലത്ത് പാലക്കാട്ടുനിന്നൊരു വാര്‍ത്തയുണ്ടായിരുന്നു. സംഭവം 2013-ല്‍ നടന്നതാണ്. ഫാദര്‍ ആരോഗ്യരാജ് എന്ന പള്ളിവികാരിയുടെ ലൈംഗികപീഡനശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെ അയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മെത്രാനും നാല് വൈദികരും വികാരിയെ രക്ഷിക്കാന്‍ കുറ്റം മറച്ചുവെച്ചു. ഇതു സംബന്ധിച്ച ഒരു വാര്‍ത്തയില്‍ പറയുന്നതിങ്ങനെ, ''സഭാനിയമപ്രകാരം മാത്രം വികാരിയെ ശിക്ഷാനടപടിക്ക് വിധേയനാക്കി കുറ്റം ഒളിപ്പിച്ചു.'' വാര്‍ത്തയുടെ ഈ ഭാഗം അധികമാരും ശ്രദ്ധിച്ചുകാണില്ല. എന്താണീ സഭാനിയമം എന്നൊന്നും സാധാരണക്കാര്‍ക്കറിയില്ലല്ലോ. 
വൈദികര്‍ക്കെതിരെ പരാതികളുയര്‍ന്നാലുടനെ അതേക്കുറിച്ചന്വേഷിക്കുന്നതിനും കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കുന്നതിനുമുള്ള സംവിധാനമാണ് അരമനക്കോടതി എന്നറിയപ്പെടുന്ന സഭാകോടതി(എക്ലീസിയാസ്റ്റിക്കല്‍ ട്രിബ്യൂണല്‍).  എന്നാല്‍ ഈ കോടതിതന്നെ പുരോഹിതകുറ്റവാളികളെ സംരക്ഷിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതെങ്ങനെയെന്ന് ഒരു സംഭവവിവരണത്തിലൂടെ വ്യക്തമാക്കാം.
സംഭവം നടന്നത് 1998-99 കാലത്ത് ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പിന്റെ അരമനയില്‍. സത്യവിശ്വാസിയായ ഒരു സാധാരണക്കാരന്‍ ഒരു പരാതിയുമായി ആര്‍ച്ച്ബിഷപ്പിനെ സമീപിച്ചു. തന്റെ പ്രായപൂര്‍ത്തിയാകാത്ത ഏക മകള്‍ ഗര്‍ഭിണിയായിരിക്കുന്നു; അവളുടെ വയറ്റില്‍ വളരുന്ന കൊച്ചിന്റെ അച്ഛന്‍ തന്റെ ഇടവകയില്‍ നിന്നു സ്ഥലംമാറിപ്പോയ കൊച്ചച്ചനാണ്. ഇതു ശരിവച്ച് അയാളുടെ മകളുടെ പരാതിയും മെത്രാനു കിട്ടി.
പരാതികള്‍ കൈപ്പറ്റുമ്പോള്‍ കുറ്റാരോപിതനായ കൊച്ചച്ചന്‍ മെത്രാന്റെ കോളേജിലൊരു ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു. എന്നിട്ടും അയാള്‍ക്കെതിരെ കാനോന്‍ നിയമപ്രകാരം  നടപടിയെടുക്കാനായിരുന്നു മെത്രാന്റെ തീരുമാനം. ആദ്യപടിയായി മറ്റൊരു വൈദികനെ പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ് എന്ന സ്ഥാനപ്പേരു നല്‍കി കേസന്വേഷിക്കാന്‍ നിയോഗിച്ചു. ഒരു ത്വരിതപരിശോധനയ്ക്കു ശേഷം മെത്രാന് പ്രമോട്ടര്‍  ഒരു 'പരാതി' സമര്‍പ്പിച്ചു. പ്രതി 'ദൈവജനത്തിന്റെ വിശ്വാസത്തിന് ഗൗരവതരമായ ഹാനിയും ഉതപ്പും വരുത്തിയിരിക്കുന്നു എന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നു'മായിരുന്നു അതിലുണ്ടായിരുന്നത്. പാവം പെണ്‍കുട്ടി. അവളുടെ വിശ്വാസത്തിനും ഹാനിയും ഉതപ്പും സംഭവിച്ചുകാണും.   
പരാതി സ്വീകരിച്ച മെത്രാന്‍ ജുഡീഷ്യലന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണവിഷയം അരമനരേഖകളില്‍ കാണുന്നതിങ്ങനെ: ''സത്യസന്ധരും ഗൗരവബുദ്ധിക്കാരുമായ ആളുകള്‍ക്ക് ഉതപ്പുണ്ടാക്കുന്നതും തന്റെ സല്‍പ്പേരു നഷ്ടപ്പെടുത്തുന്നതുമായ ഫാ....ന്റെ ലൈംഗികദുര്‍വൃത്തി.''  (ലൈംഗികദുര്‍വൃത്തി മറ്റുള്ളവര്‍ അറിയാതിരിക്കുന്നതിനു വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നല്ലേ ഇതിന്റെയര്‍ത്ഥം?). 
ജുഡീഷ്യലന്വേഷണത്തില്‍ കൊച്ചച്ഛന്‍(കൊച്ചിന്റെയച്ഛന്‍)  പെണ്‍കുട്ടിയെ വശീകരിച്ച് നാലഞ്ചു പള്ളിമേടകളില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു ഗര്‍ഭിണിയാക്കിയെന്നും അവളുടെ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചെന്നും അവള്‍ പ്രായപൂര്‍ത്തിയാകാത്തവളാണെന്നും തെളിഞ്ഞു. എന്നാല്‍ വിചിത്രമായ മൂന്നാരോപണങ്ങളാണ് അവര്‍ പ്രതിക്കെതിരെ നിരത്തിയത് : (1) പ്രതി തന്റെ കന്യാത്തം(സെലിബസി) നഷ്ടപ്പെടുത്തിയിരിക്കുന്നു. (2) അയാള്‍ സ്വന്തം സല്‍പ്പേര് ഇല്ലാതാക്കിയിരിക്കുന്നു. (3) അയാള്‍ നല്ലവരായ വിശ്വാസികള്‍ക്ക് ഉതപ്പുണ്ടാക്കിയിരിക്കുന്നു.     
അടുത്ത പടി കോടതി രൂപീകരണമാണ്. ഒരു റവ. ഡോ. മോണ്‍സിഞ്ഞോര്‍ പ്രിസൈഡിംഗ് ജഡ്ജിയും രണ്ടു വൈദികര്‍ സഹജഡ്ജിമാരും മറ്റൊരു വൈദികന്‍ നോട്ടറിയുമായി നിയമിക്കപ്പെട്ടു. പിന്നെയൊരു വൈദികന് വക്കീലിന്റെ പണികിട്ടി. ഇനി വേണ്ടത് സാക്ഷികളാണ്. ആ പെണ്‍കുട്ടി പറയുന്നതെല്ലാം ശരിയാകണമെന്നില്ലല്ലോ. പ്രതി അവളെയും കൂട്ടി ചെന്ന നാലഞ്ചു പള്ളികളില്‍ അവരെ കയറ്റി പാര്‍പ്പിച്ച അച്ചന്മാരും(സംഗതി അവരറിയാതെയാവാനിടയില്ലല്ലോ) അയാള്‍ക്ക് ഗര്‍ഭഛിദ്രത്തിന് ഉപദേശം നല്‍കിയ ലേഡീഡോക്ടറുമടക്കം പത്തുപതിനഞ്ച് സാക്ഷികളെയും കണ്ടെത്തി. 
പീഡനത്തിനിരയായ പെണ്‍കുട്ടിയോ അവളുടെ അച്ഛനോ അല്ല വാദിസ്ഥാനത്ത്. തുടര്‍നാടകത്തില്‍ ആ വേഷം കെട്ടേണ്ടത്  പരാതിയെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രമോട്ടറാണ്. യഥാര്‍ത്ഥ പരാതിക്കാരായ അച്ഛനെയും മോളെയും കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിക്കാണും. കേസിലെ പ്രതി ഏതായാലും കൊച്ചച്ഛന്‍തന്നെ. അയാള്‍ തന്റെ കന്യാത്തം കളഞ്ഞെന്നു തെളിയിക്കണമല്ലോ. അതിനായി  ആ പെണ്‍കുട്ടിക്കുമുണ്ട് ഒരു റോള്‍ - തേര്‍ഡ് പാര്‍ട്ടി. അങ്ങനെ, യഥാര്‍ത്ഥ വാദിയാകേണ്ടവള്‍ മൂന്നാംകക്ഷിയാക്കപ്പെട്ടു. അവളുടെ ജീവിതവും ചാരിത്ര്യവും പുരോഹിതന്‍ നശിപ്പിച്ചു എന്ന ആരോപണം, പുരോഹിതന്‍ തന്റെ കന്യാത്തവും സല്‍പ്പേരും നശിപ്പിച്ചു എന്നു മാറ്റിമറിക്കപ്പെട്ടു. 
ചങ്ങനാശേരിയിലും പാലായിലുമായി കോടതി 11 പ്രാവശ്യം സമ്മേളിച്ചു. ഇതിനിടെ മൂന്നാം കക്ഷിയായ പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അതിന്റെ മൂന്നാം ദിവസം പാലായില്‍ കോടതി സമ്മേളിച്ച് അവളെയും വിചാരണ ചെയ്തു. തൊണ്ടിമുതലായി നവാഗതയെയും കൊണ്ടുവന്നോയെന്നറിയില്ല. 
ഏഴുമാസം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും കോടതിനടപടികള്‍ക്കും ശേഷം മൂന്നു പുരോഹിതജഡ്ജിമാരും  ചേര്‍ന്ന് ഏകകണ്ഠമായി വിധി പ്രസ്താവിച്ചു:
''ലൈംഗിക ദുര്‍വൃത്തിയിലൂടെ പ്രതി സഭയുടെ നിയമങ്ങള്‍(ഇഇഋഛ 368, 373, 374, 382) ലംഘിക്കുകയും അങ്ങനെ സഭയുടെ അച്ചടക്കം ലംഘിക്കുകയും ചെയ്തിരിക്കുന്നു. ഇതു ദൈവജനത്തിനും അവരുടെ ആത്മീയപോഷണത്തിനും ഹാനിവരുത്തിയിരിക്കുന്നു'' എന്നാണു തുടക്കം. എട്ട് ശിക്ഷാനടപടികളില്‍ നാലാമത്തേത് ഒഴികെയുള്ളവയുടെ ചുരുക്കമിതാണ്: പ്രതി ഇടയശുശ്രൂഷകളില്‍നിന്ന് നീക്കപ്പെടണം, അയാളുടെ താമസസ്ഥലം നിയന്ത്രിക്കപ്പെടണം, പ്രതി രേഖാമൂലം ഒരു പരസ്യപ്രസ്താവന നല്‍കണം, പ്രതിയെ സ്വകാര്യമായി വിശുദ്ധകുര്‍ബാന ചൊല്ലാന്‍ അനുവദിക്കേണ്ടതാണ്, പ്രതിക്ക് 30 സാധാരണ കുര്‍ബാനയുടെ പണം ജീവനാംശമായി കൊടുക്കണം, മൂന്നു മാസത്തിനകം പ്രതി ഈ വിധി അനുസരിക്കുന്നില്ലെങ്കില്‍ ജീവനാംശം നിര്‍ത്തുകയും പുരോഹിതവൃത്തിയില്‍ നിന്നു നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും വേണം, പ്രതിക്ക് 15 ദിവസത്തിനകം അപ്പില്‍ കൊടുക്കാവുന്നതുമാണ്. 
പ്രതിയുടെ പീഡനത്താല്‍ അമ്മയായ, പ്രായപൂര്‍ത്തിയാകാത്ത, പെണ്‍കുട്ടിയെക്കുറിച്ചാണ് ശിക്ഷാനടപടി (4): ''ക്ഷതം(ശിഷൗൃ്യ) സംഭവിച്ച മൂന്നാം കക്ഷി ... ക്ക് പ്രതി അനുയോജ്യവും  നീതിയുക്തവുമായ പ്രതിഫലം(ൃലാൗിലൃമശേീി) നല്‍കണം. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പാണ് തുക നിശ്ചയിക്കേണ്ടത്.'' പണി ചെയ്താല്‍ പ്രതിഫലം കൊടുക്കുകയെന്നത് ഒരു ക്രൈസ്തവമൂല്യമാണല്ലോ. ഈ വിധി പ്രഖ്യാപിക്കുമ്പോള്‍ 4 മാസം പ്രായമുള്ള, മൂന്നാം കക്ഷിയുടെ പെണ്‍കുഞ്ഞിനെക്കുറിച്ച് അതിലൊരിടത്തും യാതൊരു പരാമര്‍ശവുമില്ല. 
ഈ കോടതിനാടകത്തില്‍ എത്ര അനായാസമാണ് ഒരാള്‍ മറ്റൊരാളോടു ചെയ്ത അപരാധം അയാള്‍ തന്നോടുതന്നെ ചെയ്ത കുറ്റകൃത്യമായി മാറുന്നത്? അയാളുടെ കാമപൂര്‍ത്തിക്കിരയായ പെണ്‍കുട്ടിയും അതിന്റെ ഫലമായുണ്ടായ അവളുടെ പിഞ്ചുപൈതലും എത്ര ക്രൂരമായാണ് അവഗണിക്കപ്പെടുന്നത്?  നമ്മുടെയൊക്കെ സാമാന്യബോധത്തെ പരിഹസിക്കുന്ന ഈ നാടകത്തിന്റെ രേഖകള്‍ പുറത്താകുമെന്ന് ആരും കരുതിക്കാണില്ല. എന്നാല്‍ അരമനയ്ക്കകത്തു നിന്നുതന്നെ, മനസ്സാക്ഷി മരവിക്കാത്ത ഒരു പുരോഹിതന്‍ ഈ ലേഖകനത് അക്കാലത്ത് ചോര്‍ത്തിത്തന്നു. ഞാനതിലെ വിവരങ്ങള്‍  ആദ്യമായി പങ്കുവച്ചത് തുരുത്തി ഇടവകാംഗമായ ഡോ. സി. പി. മാത്യുവുമായിട്ടാണ്. അദ്ദേഹത്തിന്റെ ഇടവകപ്പള്ളിയിലായിരുന്നു കേസിലെ പീഡനപരമ്പരയുടെ ഒരു എപ്പിസോഡിന്റെ ഷൂട്ടിംഗ് നടന്നത്.
സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ ഡോക്ടര്‍ അതു ചര്‍ച്ച ചെയ്യുന്നതിനായി ഇടവകാംഗങ്ങളെ തന്റെ വീട്ടില്‍ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. തിയതിയും സമയവും നിശ്ചയിച്ച് ഒരു ബിറ്റ്‌നോട്ടീസും അടിച്ചിറക്കി. എന്നാല്‍ സമ്മേളനം ആരംഭിക്കുന്നതിനുമണിക്കൂറുകല്‍ക്കു മുമ്പ് ഒരുപറ്റം വിശുദ്ധഗുണ്ടകള്‍ സ്ഥലത്തെത്തി അദ്ദേഹത്തിന്റെ  കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സമ്മേളനം വേണ്ടെന്നു വയ്പ്പിക്കുകയും ചെയ്തു. 
സഭാകോടതിയുടെ നടപടികള്‍ അരമനയ്ക്കു വെളിയിലാരും അറിയരുതെന്ന് സഭാനേതൃത്വത്തിന് എന്താണിത്ര നിര്‍ബ്ബന്ധം? കാരണമുണ്ട്. തങ്ങളുടെ കോടതിനടപടികള്‍ നീതിയെക്കുറിച്ചുള്ള പൊതു ധാരണകള്‍ക്കും ഇന്ത്യന്‍ ശിക്ഷാനിയമത്തിനും എതിരാണെന്ന് അവര്‍ക്കുതന്നെ നല്ല ബോധ്യമുണ്ട്.  എങ്കില്‍പ്പിന്നെ അവരെന്തുകൊണ്ട് അതൊക്കെ ചെയ്തുകൂട്ടുന്നു?  ഇതിനുത്തരം തേടേണ്ടത് അവരുടെ മനസ്സിനെ ഭരിക്കുന്ന വൈദേശിക കാനോന്‍ നിയമവ്യവസ്ഥയിലാണ്. അതിലെ പ്രസക്തമായ ചില വകുപ്പുകള്‍മാത്രം നമുക്കൊന്നു പരിശോധിക്കാം.
കാനോന്‍ നിയമങ്ങള്‍ രണ്ടു തരമുണ്ട്: പാശ്ചാത്യവും പൗരസ്ത്യവും. മേല്‍വിരിച്ച കോടതിസംഭവം നടന്നത് ചങ്ങനാശേരി അതിരൂപതയിലാണല്ലോ. അതുള്‍പ്പെട്ട സീറോ-മലബാര്‍ സഭയ്ക്കു ബാധകം പൗരസ്ത്യകാനോന്‍ നിയമമാണ്. അതില്‍, മേല്‍വിവരിച്ച  കോടതിസംഭവവുമായി ബന്ധപ്പെട്ട, കോടതിരേഖകളില്‍ സൂചിപ്പിക്കുന്ന, വകുപ്പുകള്‍(കാനോനകള്‍) 15 എണ്ണമുണ്ട്: 281, 285, 289, 368, 373, 374, 382, 909, 975, 1389, 1390, 1450, 1452, 1453, 1464.  ഇവയിലൊന്നിലും കോടതിയുടെ ഘടനാപരമായ കാര്യങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല, അതിനെ ഭരിക്കേണ്ട മൗലികതത്വങ്ങളാണുള്ളത്.
കാനോന 373 സ്ഥാപിക്കുന്നത് ദൈവരാജ്യത്തിനു വേണ്ടിയുള്ള വൈദികകന്യാത്തം ഏറ്റവും വിലമതിക്കപ്പെടേണ്ടതാണെന്നാണ്. ഒരു വൈദികന്‍ അതിനെതിരെ പരസ്യമായി പാപം ചെയ്ത്(ുൗയഹശരഹ്യ ശെിിശിഴ മഴമശിേെ രവമേെശ്യേ) സ്ഥിരമായി ഉതപ്പുണ്ടാക്കിക്കൊണ്ടിരുന്നാല്‍ അയാളെ  സസ്‌പെന്റ് ചെയ്യണമെന്നും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ വൈദികവൃത്തിയില്‍ നിന്നു നീക്കുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും കാനോന 1453(1) അനുശാസിക്കുന്നു. 
ഒരു പുരോഹിതന്‍ ആര്‍ക്കെതിരെ എന്തു ലൈംഗികകുറ്റകൃത്യം ചെയ്താലും പരിശുദ്ധകാനോനകളനുസരിച്ച് അത് അയാളുടെ കന്യാത്തത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അതിന്നിരയാക്കപ്പെടുന്ന സ്ത്രീയോടോ പെണ്‍കുട്ടിയോടോ ആണ്‍കുട്ടിയോടോ നീതിപുലര്‍ത്തുന്ന യാതൊരു പരാമര്‍ശവും കാനോനകളിലില്ല. ആരെ പീഡിപ്പിച്ചു എന്നതല്ല, പീഡിപ്പിച്ച ആളിന് എന്തു സംഭവിച്ചു എന്നുള്ളതാണ് പരമപ്രധാനം. പീഡിപ്പിച്ചത് ഒരു വൈദികനാണെങ്കില്‍ അയാളുടെ കന്യാത്തത്തിന് അയാള്‍ കളങ്കമേല്‍പ്പിച്ചിരിക്കുന്നു. ഇതാണ് അയാളുടെമേല്‍ ആരോപിക്കാവുന്ന ഏറ്റവും വലിയ കുറ്റം.  
കാനോന 382-ാം വകുപ്പ്  പുരോഹിതന്‍ കന്യാത്ത ചോര്‍ച്ചക്കിടയാക്കുന്ന എന്തും ഒഴിവാക്കണമെന്ന് അനുശാസിക്കുന്നു. അങ്ങനെ ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളിലൊന്നുമാത്രമേ ആകുന്നുള്ളു അയാളുടെ പീഡനത്തിനിരയായ പെണ്‍കുട്ടി. കുറ്റകൃത്യം പുറംലോകമറിഞ്ഞിട്ടില്ലെങ്കില്‍ പിന്നെ വിചാരണയും ശിക്ഷാവിധിയുമൊക്കെ വളരെയെളുപ്പം. നാട്ടുകാരറിഞ്ഞെങ്കിലാണു പ്രശ്‌നം. അപ്പോള്‍ മറ്റു രണ്ടു കുറ്റങ്ങള്‍കൂടി പ്രതിയുടെമേല്‍ ചാര്‍ത്തപ്പെടും: പ്രതി  തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും സത്യവിശ്വാസികള്‍ക്ക് ഉതപ്പുണ്ടാക്കിയെന്നും. ഈ രണ്ടു കുറ്റകൃത്യങ്ങള്‍കൂടി  സംശയാതീതമായി തെളിയിക്കപ്പെട്ടാലും കുറ്റവാളിക്കു കിട്ടാവുന്ന പരമാവധി ശിക്ഷ കത്തനാര്‍പണി പോകും എന്നതുമാത്രമാണ്. അതും, പശ്ചാത്തപിക്കാതെ കുറ്റകൃത്യങ്ങളില്‍ തുടരുമെന്നു വാശിപിടിച്ചാല്‍മാത്രം. പശ്ചാത്തപിച്ചാലോ, അയാള്‍ക്കു കിട്ടുന്നത് വിശുദ്ധിയുടെ പരിവേഷമായിരിക്കും. അതോടെ, യഥാര്‍ത്ഥ പരാതിക്കാര്‍ കുഞ്ഞാടുകളാണെങ്കില്‍  നിശ്ശബ്ദരാക്കപ്പെടുന്നു. ഭരണകൂടത്തിന്റെ ഭാഗമായ നീതിപീഠത്തെ സമീപിക്കാനാവാതെ അവരൊതുങ്ങിക്കൂടുന്നു. അങ്ങനെ വിശുദ്ധപാപികളെ സൃഷ്ടിച്ചു സംരക്ഷിക്കുന്നു അരമനക്കോടതികള്‍.   
ഇതു കൂടുതല്‍ വ്യക്തമാകുന്നതിന് നമുക്കു മേല്‍പ്പറഞ്ഞ കോടതിസംഭവത്തിന്റെ മറ്റൊരു വശംകൂടി പരിശോധിക്കേണ്ടിയിരിക്കന്നു. പീഡനപരമ്പരയുടെ  അരങ്ങേറ്റം മെത്രാസനത്തിനു മുമ്പിലുള്ള പാസ്റ്ററല്‍ സെന്ററിലായിരുന്നു. നീണ്ട രണ്ടുമൂന്നു കൊല്ലക്കാലമാണ് പള്ളിമേടകള്‍ കേന്ദ്രീകരിച്ച് അതു തുടര്‍ന്നത്.  ഇതിനിടക്കെപ്പോഴോ പീഡനവീരന്‍ പിടിക്കപ്പെട്ടപ്പോള്‍ അയാള്‍ തെറ്റു സമ്മതിക്കുകയും പെണ്‍കുട്ടിയെ, അവള്‍ പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് അവള്‍ക്കുകൂടി സമ്മതമെങ്കില്‍,  വിവാഹം കഴിച്ചുകൊള്ളാമെന്ന് അവളുടെയച്ഛന് എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. അതിനും ശേഷമാണ് പരാതിയുമായി പെണ്‍കുട്ടിയുടെ അച്ഛന്‍ അരമനയിലെത്തുന്നത്. 
അരമനക്കോടതിക്കു മുമ്പില്‍ ഈ ഉടമ്പടിയുടെ കാര്യം വരികയും അങ്ങനെയൊന്നുണ്ടെന്ന് പ്രതി സമ്മതിക്കുകയും അതനുസരിക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നിട്ടും അത്തരമൊരു പരിഹാരസാധ്യത കോടതി പരിഗണിക്കുന്നതേയില്ല. ഇതിന്റെ പിന്നിലുള്ളതും കാനോന്‍ നിയമത്തിന്റെ കാണാച്ചരടുകള്‍ തന്നെ. കാനോന 1453 (1) പ്രകാരം വിലക്കപ്പെട്ട വിവാഹത്തിന് ഒരു വൈദികന്‍ ശ്രമിച്ചാല്‍ അയാളെ വൈദികവൃത്തിയില്‍ നിന്നു നീക്കം ചെയ്യണം. പ്രതി തന്റെ ഉടമ്പടി പാലിക്കാനൊരുങ്ങിയാല്‍ അയാളുടെ വൈദികസേവനം സഭയ്ക്കു നഷ്ടമാവില്ലെ? അതും അച്ചന്‍പണിക്കാളെ കിട്ടാന്‍ വിഷമിക്കുന്ന ഇക്കാലത്ത്.
സഭാചട്ടക്കൂടിനെ നിര്‍ണയിക്കുന്ന ഈ കാനോനകളുടെ പ്രതിലോമപരത മനസ്സിലാക്കിയാല്‍പ്പിന്നെ സണ്‍ഡേ ശാലോമില്‍ വന്ന ''വൈദികനുനേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍''  എന്ന വിവാദ എഡിറ്റോറിയലെഴുതിയ പത്രധിപരോട് നമുക്ക് സഹതാപമേ തോന്നൂ.  പീഡിപ്പിക്കപ്പെട്ട 15 കാരിയോട്, അയാള്‍ പറയുന്നു, ''മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുന്നില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടിവരിക. കുഞ്ഞേ, ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ടു നീ മറന്നു. ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ടു നീ അറിഞ്ഞില്ല.'' പിന്നെ ''ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ'' എന്നാണു ചോദ്യം. എന്തു പറയാനാണ്. വേദപാഠക്ലാസുകളില്‍ ഇനിയെങ്കിലും പ്രസക്തമായ കാനോനകള്‍ കൂടി പഠിപ്പിച്ചാല്‍ കാമവെറിപൂണ്ടടുക്കുന്ന കത്താനന്മാരെ തിരുത്താന്‍ വിശ്വാസികളായ പെണ്‍കുട്ടികള്‍ക്കെങ്കിലും കഴിഞ്ഞേക്കും. പക്ഷേ, ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറയുന്ന ഫാദര്‍ ആരോഗ്യരാജ് ചെയ്തതുപോലെ തിരുത്താന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ അയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാലോ? 
  ഇവിടെ ഉയര്‍ന്നുവരുന്ന ഉരു പ്രധാനപ്രശ്‌നമിതാണ്: ഭരണഘടനാസ്ഥാപനമായ ഇന്‍ഡ്യന്‍ ജുഡീഷ്യറിയുടെ അധികാരപരിധി ലംഘിക്കുന്ന തരത്തില്‍ ഇത്തരം സമാന്തര കോടതികള്‍ രൂപീകരിക്കാന്‍ മതസമുദായ സംഘടനകള്‍ക്കവകാശമുണ്ടോ?  അവകാശമുണ്ടെന്നുവന്നാല്‍ സമുദായത്തിലെ ദര്‍ബ്ബലവിഭാഗങ്ങള്‍ക്ക് എങ്ങനെ നീതി നിഷേധിക്കപ്പെടുകയും പുരോഹിതാദി പ്രബലവിഭാഗങ്ങളിലെ കുറ്റ'വ്യാളി'കള്‍ പൊതുനീതിപീഠത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടുകയും ചെയ്യുമെന്നു കാണിക്കുന്നു മേല്‍പ്പറഞ്ഞ 1999-ലെ കോടതിനാടകം. ഇത്തരം മതകോടതികളുടെ മറവില്‍ കുറ്റവാളികള്‍ രക്ഷപെടാതിരിക്കണമെങ്കില്‍ അടിയന്തിരമായി അവ നിരോധിക്കുകയോ അവയുടെമേല്‍ കര്‍ശനമായ നിയന്ത്രണമുണ്ടാവുകയോ വേണം. 

ഏറ്റുമാനൂര്‍
9495897122
 


2 comments:

 1. This comment has been removed by the author.

  ReplyDelete
 2. ആദിയിൽ ആദത്തെ നഗ്നനായി സൃഷ്‌ടിച്ച ദൈവത്തിന്റെ മുന്നിൽ എന്നപോലെ, ശിശുക്കളെ നാം പിറന്നപടി ദൈവത്തിന്റെ പ്രതിപുരുഷനായ [എന്നവർ ഏകപക്ഷികമായി അവകാശപ്പെടുന്ന] പുരോഹിതന്റെ കൈകളിൽ ''മാമോദീസാ'' കൂദാശയ്ക്കായി പള്ളിയിൽ നൽകുന്നു! ആശിശുവിന്റെ ശരീരം പരിണാമത്തിനു വിധേയമാക്കുമ്പോൾ, "മാതള തേന്മലർ മാണിക്യ മുത്തുകൾ മാറത്തു കൂമ്പുന്ന പ്രായമെത്തിക്കഴിഞ്ഞാൽ'', ദൈവമെന്ന പിതാവിന് തുല്യനായ rev :ഫാദറിന് അവളെ പ്രാപിക്കണം / അവളുടെ നഗ്നത വീണ്ടും കാണണം പോലും! എതിർത്താൽ അവളെ മാമോദീസാ മുക്കിയ ആ കാരങ്ങൾകൊണ്ട് തന്നെ കഴുത്തു ഞെരിച്ചു കൊല്ലുന്നു പോലും ! സ്വർഗം നാണിക്കുന്നു..പാത്രിപ്പടയെ ...നിന്റെ കപടതയുടെ ളോഹ വലിച്ചുകീറുന്ന കാലമിതാ എത്തിക്കഴിഞ്ഞു! !

  മാമോദീസാത്തൊട്ടിലിൽ വച്ച് മാത്രം സ്ത്രീയുടെ നഗ്നത കണ്ടിട്ടുള്ള നല്ല പുരോഹിതന്മാർ വാണ ഈ കേരളത്തിൽ കാമഭ്രാന്തന്മാർ എങ്ങിനെയോ ളോഹയിൽ കയറിക്കൂടി ! കിരാതന്മാരായ ഇവരെ "ആട്ടിൻതോലിട്ട ചെന്നായ്ക്കളുടെ ഇടയിലുംനിന്നും" സാധാരണ ജനം [വിശ്വാസമെന്ന വിഡ്ഢിത്തം സ്വയം ഭൂഷണമായി ബുദ്ധിയിൽ ചൂടിയവർ] എങ്ങിനെ തിരിച്ചറിയും ? എല്ലാരും ഒരേ കുപ്പായധാരികൾ, ഇതിലേതു കാണ്ടാമൃഗം? ഏതാണ് പുലി>,ഏതാണ് പുല്പുലി? ഏതു കരടി> ഏതിൽ സിംഹം? എന്നൊക്കെ എങ്ങിനെ ഉൾക്കണ്ണില്ലാത്ത അജഗണം തിരിച്ചറിയും , കണ്ടെത്തും? ആവില്ലാർക്കും !
  ആയതിനാൽ ഈ നിക്രിഷ്ട ജീവികളെ നാം എന്നേക്കുമായി സ്വജീവിതങ്ങളിൽനിന്നും അകറ്റുക ഒഴിവാക്കുക എന്നതാണ് ഏറെ കമനീയം!

  "ഫാദര്‍ ആരോഗ്യരാജ് എന്ന പള്ളിവികാരിയുടെ ലൈംഗിക പീഡനശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെ അയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!. മെത്രാനും നാല് വൈദികരും വികാരിയെ രക്ഷിക്കാന്‍ കുറ്റം മറച്ചുവെച്ചു! ഹോ! " ഇന്ന് ''അല്മായശബ്ദം'' ബ്ലോഗ് ഞാൻ തുറന്നപ്പോൾ, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം എഴുതിയ ഈ വാചകം ഞാൻ വായിച്ചപ്പോൾ, എരിതീയിൽ എണ്ണ ഒഴിക്കുന്നതു പോലെ എന്റെയുള്ളിലൊരാളിക്കത്തൽ !
  " ഞാനും എന്റെ കുടുംബവുമൊ , ഞങ്ങൾ യഹോവയെ സ്തുതിക്കും" എന്ന ദാവീദിൻറെ ''ചുണയൻ വിശ്വാസസത്യവാങ്'' പോലെ, ഞാനും അകമേ മന്ത്രിച്ചു ," ഞാനും എന്റെ കുടുംബവുമൊ, ഞങ്ങൾ കത്തനാർവർഗത്തെ വീട്ടിൽ കയറ്റുകയില്ല, വഴിയിൽ ഇവറ്റകളെ കണ്ടാൽ വന്ദിക്കുകയില്ല, ഇവന്റെയൊക്കെ കൂദാശ മൂലം കിട്ടിയേക്കാവുന്ന 'മൂഢസ്വർഗ്ഗവും' ഞങ്ങൾക്ക് വേണ്ടേ വേണ്ടാ !ഇവന്മാരുടെ പാപപങ്കിലമായ കൈകളാൽ, നാവിനാൽ അർപ്പിതമാകുന്ന ഒരു കുർബാനയും കൂദാശയും. ''സ്വർഗ്ഗസ്ഥനായ പിതാവേ'' എന്ന് നേരിട്ട് വിളിക്കുന്ന ഞങ്ങൾക്ക് സ്വപ്നത്തിൽ കൂടിപ്പോലും വേണ്ടേവേണ്ടാ" എന്ന്! samuelkoodal

  ReplyDelete