Translate

Sunday, April 23, 2017

ആ കുരിശു പൊളിച്ചാൽ ഞങ്ങൾക്കെന്താ.....

കുരിശു പൊളിച്ചത് ''ധനവികാരത്തെ'' വൃണപ്പെടുത്തും. എന്റെ കുരിശും നിന്റെ കുരിശും അവന്റെ കുരിശും യേശുവിനു കുരിശായി.
ത്യാഗത്തിന്റേയും വേദനയുടേയും പ്രതീകമായിരുന്നു യേശുവിന്റെ കുരിശ്. ആത്മീയ രക്ഷക്കുള്ള പ്രതീകമായിരുന്നു ഇത്. ഇന്നത് ധനരക്ഷക്കും സാമൂഹിക തേർവാഴ്ച്ചക്കും അധികാര സംരക്ഷണത്തിനും സ്ത്രീ--ബാല ചൂഷണത്തിനും ബലഹീനരായ അന്ധവിശ്വാസികളെ ചൂഷണം ചെയ്യുന്നതിനുമുള്ള പ്രധാന ഉപകരണമാണ്. മൂന്നാറിൽ സ്പിരിറ്റ് ഇൻ ജീസസ്സുകാർ നാട്ടിയ കുരിശും ഇതിനുള്ള രക്ഷാകവചംതന്നെയെന്നതിൽ തർക്കമില്ല. കത്തേലിക്കാ സഭയുടെയും യാക്കോബായ സഭയുടെയും ധനസംരക്ഷകരായിട്ടുള്ള ബഹുമാന്യർ പറയുന്നു ,സർക്കാർ ഭൂമി കൈയ്യേറി കുരിശു സ്ഥാപിച്ചാൽ ഞങ്ങൾ അനുകൂലിക്കില്ലെന്നും അതിനെ എതിർക്കുമെന്നും. ആഹ... അതിനു കാരണവുമുണ്ട്. ഈ സ്പിരിറ്റിൻ ജീസസ്സുകാർ ഞങ്ങളുടെ കൂടേന്ന് സ്പിരിറ്റു കൂടി പോയവരാണ്. മുൻപും ഇപ്പോഴും ഞങ്ങൾ ഭൂമികൈയ്യറാനായി ആദ്യം കരിശുനാട്ടുകയാണ് പതിവ്. അങ്ങനെ ഞങ്ങളുടെ കുരിശുനാട്ടിയ ദശലക്ഷക്കണക്കിനു വിലമതിക്കുന്ന കുരിശുമലകളും റോഡു പുറമ്പോക്കുകളും ചില സർക്കാർ നിരപ്പു സ്ഥലങ്ങളും പതിച്ചുകിട്ടിയും കിട്ടാതെയും ഇപ്പോഴും ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ തൊട്ടടുത്ത സ്ഥാനമുള്ള യാക്കോബായക്കാരും അവരുടെ കുരിശു നാട്ടി സ്ഥലങ്ങൾ പിടിച്ചടക്കി വച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടല്ലെ സ്പിരിറ്റുകാരും വളരുന്നത്. അവരുടെ കുരിശും നാട്ടാൻ  സമ്മതിച്ചാൽ ഈ കുരിശുമായി അവരും അങ്ങുവളരും. അത് ഞങ്ങളുടെ മേലുള്ള ഒരു കൈയ്യേറ്റമാകില്ലേ. അതുകൊണ്ടാണ് ആ കുരിശു പൊക്കണമെന്ന് ഞങ്ങളുടെ അഭിവന്ദ്യ മേലദ്ധ്യക്ഷൻമാർ പറയുന്നത്. ഇപ്പോൾതന്നെ പെന്തക്കോസ്തുകാരുടെ ശല്യം സഹിക്കാൻ പറ്റാതായിട്ടുണ്ട്. ഇതിനിടയിൽ ചില ആത്മായ സംഘടനകളും കത്തോലിക്കാസഭയുടെ കൊള്ളക്കെതിരെ രംഗത്തുവരുന്നതും കുരിശായിട്ടുണ്ട്. സ്പിരിറ്റുകാർ ചെറുതായതുകൊണ്ട് അവരുടെ കുരിശിന്റെ വിലയും കുറയും . സി.പി. ഐ. മന്ത്രിയും സർക്കാരുമൊക്കെ വലിയ കൈയ്യേറ്റമൊഴിപ്പിക്കലുകാരാണെങ്കിൽ ഞങ്ങൾ കൈയ്യേറി കുരിശുനാട്ടിയ നൂറുകണക്കിനു സ്ഥലങ്ങൾ തൊട്ടു കാണിച്ചുതരാം. നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ സഭ കൈയ്യേറി സ്ഥാപിച്ച  ഒറ്റ കുരിശെങ്കിലും പറിച്ചുനോക്ക്. അപ്പോൾ കാണാം കളി. അല്ലെങ്കിൽ രണ്ടാം സ്ഥാനക്കാരുടെ കുരിശു പറിച്ചുനോക്ക് ,അപ്പോഴും കാണാം കളി. കുരിശു പോയിട്ട് ഒരു കലാകാരൻ വരച്ച യേശുവിന്റെ അത്താഴ ഫോട്ടോയ്ക്ക് എവിടെയോ സാമ്യമുണ്ടെന്നു പറഞ്ഞ് മനോരമ പത്രത്തെ ചുരുട്ടിക്കൂട്ടി എറിഞ്ഞത് അടുത്തകാലത്താണ് .പിന്നീടിന്നുവരെ ഞങ്ങളുടെ സഭയുടെ ദുർനടത്തങ്ങൾ ഒരക്ഷരം പോലും എഴുതാൻ പേന പൊങ്ങിയിട്ടില്ലത്രെ ആ മഹാന്മാർക്ക്. മന്ത്രിസഭയുടെ ആയുസും കുറയുമെന്നു സാരം.
സഭാ നവീകരണപ്രസ്ഥാനക്കാരും ചിലവിരോധികളും ചിലപ്പോൾ പറയും  ഞങ്ങളുടെ കുരിശുകൾക്ക് യേശുവിന്റെ കുരിശുമായി യാതോരു ബന്ധവും അംശവടിവും ഇല്ലെന്നും. ചിലപ്പോൾ രണ്ടാമതും വരുമെന്നു പറഞ്ഞ് പേടിപ്പിക്കുന്ന ക്രിസ്തുവുമായി യാതോരു ബന്ധവുമില്ലെന്നുമൊക്കെ. നാട്ടിൽ കാണുന്ന കുരിശ് ഞങ്ങളുടെ പണം കായ്ക്കുന്ന മരമാണെന്നും , കച്ചവടവും ധൂർത്തും തോന്ന്യാസവും കാണിക്കാനുള്ള സംരക്ഷണ കവചമാണെന്നുപോലും അവർ പറയും. ഞങ്ങൾ മാമോന്റെ ആൾക്കാരാണെന്നും ദൈവവിശ്വാസമില്ലാത്തവരാണെന്നു പോലും പറയും. സാധാരണ അടിമ വിശ്വാസികൾ ഇതൊക്കെ മനസ്സിലാക്കുന്നതുവരെ ഞങ്ങൾക്കൊരു ചുക്കും ചുണ്ണാമ്പുമില്ല. അവന്റെയും ഇവന്റെയുമൊക്കെ കുരിശെല്ലാം പറിച്ച് ദൂരെയെറിഞ്ഞേക്ക് ,പക്ഷേ ഞങ്ങൾക്കിഷ്ടമുള്ളിടത്ത് ഞങ്ങൾ നാട്ടുന്ന കുരിശ്ശേൽ കൈവയ്ക്കരുത്. ഞങ്ങൾ കൈയ്യേറുന്ന സ്ഥലത്ത് മറ്റു സമുദായത്തിലുള്ളവർ തർക്കത്തിനുവന്നാൽ അല്പം  ഇടം വേണമെങ്കിൽ (രക്ഷയില്ലെങ്കിൽ )വിട്ടുകൊടുക്കും ഞങ്ങൾ കാരുണ്യമുള്ളവരാ. ഏഷ്യയിലെ ഏറ്റവും വലിയ കുരിശു സ്ഥാപിച്ചിട്ടുള്ള മൂന്നാറിനടുത്തുള്ള എഴുകുംവയലിലേപോലുള്ള കൈയ്യേറ്റം തൊടാനാരെങ്കിലുമുണ്ടോ. അവരുടെ കുരിശുപറിച്ചു ദൂരെക്കളയ്, ഞങ്ങളുടെ കുരിശിനെ തൊട്ടുപോകരുത്. സ്പിരിറ്റന്മാർക്കുവന്ന  കുരിശ്... പറിക്കുന്നതും നാട്ടുന്നതും യേശുവിന്റെ വേദനയുടെയും രക്ഷയുടെയും കുരിശല്ലാത്തതുകൊണ്ട് നവീകരണ പ്രസ്ഥാനക്കാർക്കും കുലുക്കമില്ലത്രെ. ഞങ്ങെടെ കുരിശും നിന്റെ കുരിശും അവന്റെ കുരിശും ഇപ്പോൾ യേശുവിനു കുരിശായി. ഇങ്ങനെ പോയാൽ യേശുവിന്റെ രണ്ടാം വരവ് ഉടൻ ഉണ്ടാവില്ലെന്നാണ് കാലാവസ്ഥാ നിരീഷകരുടെ അഭിപ്രായം.
                                                                        ....
          


No comments:

Post a Comment