Translate

Monday, April 9, 2018

സീറോ-മലബാര്‍ സഭാവിപുലീകരണശ്രമങ്ങളും കര്‍ദിനാള്‍ സാന്ദ്രിയുടെ പരിഹാരവും

പി.സി. ജോസഫ്, ചെന്നൈ, ഫോണ്‍:0442-644-2751

(2018  മാർച്ചു  ലക്കം 'സത്യജ്വാല'യിൽ നിന്ന്) 

ലോകമെമ്പാടും സീറോ-മലബാര്‍ രൂപതകള്‍ സ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്കു പരിഹാരം നിര്‍ദ്ദേശിച്ച് പൗരസ്ത്യസംഘം തലവനായ കര്‍ദ്ദിനാള്‍ മാര്‍ സാന്ദ്രി ഡല്‍ഹി വിശ്വാസികള്‍ക്കായി അയച്ച പ്രബോധനം ഒരു ചരിത്രരേഖയാണ്. ഇതുസംബന്ധിച്ച്, പാവങ്ങളായ സാധാരണ കത്തോലിക്കാവിശ്വാസികള്‍ക്കുള്ള ചില സംശയങ്ങള്‍ താഴെ കൊടുക്കുന്നു: അധികാരവും അറിവുമുള്ള ഏതെങ്കിലും ഉത്തരവാദപ്പെട്ടവര്‍  ഇതിനു മറുപടി നല്‍കിയാല്‍കൊള്ളാം.
ഹൊസൂറിലെ പുതിയ സീറോ-മലബാര്‍രൂപതയുടെ അധികാരപരിധിയില്‍ മദ്രാസ്സ്-മൈലാപ്പൂര്‍ രൂപത ഉള്‍പ്പെട്ടപ്പോള്‍, അവിടുത്തെ 'സീറോ' പാരമ്പര്യമുള്ള എല്ലാ വിശ്വാസികളും സീറോ-മലബാര്‍ ഇടവകകളിലെ അംഗങ്ങള്‍ ആയിത്തീര്‍ന്നു. ലത്തീന്‍പള്ളികളില്‍ അതുവരെ ഉണ്ടായിരുന്ന അംഗത്വം അതോടെ ഇല്ലാതായി. ഇത് കത്തോലിക്കാ കാനോന്‍നിയമങ്ങള്‍ അനുസരിച്ചാണ്. ഈ നിയമങ്ങള്‍ മാറ്റാന്‍ അപ്പസ്‌തോലിക്കാ സിംഹാസനത്തിനുമാത്രമേ അധികാരമുള്ളൂ. 
ഇവിടെ സീറോ-മലബാര്‍ രൂപത വരുന്നതിനു മുന്‍പുതന്നെ 36 കപ്പേളകളും 25-ല്‍പരം സീറോ-മലബാര്‍ വൈദികരും അനേകം കന്യാസ്ത്രീകളും ഉണ്ട്. ഇവിടെ ഉണ്ടെന്നു പറയുന്ന 20000 (കൂടിയാല്‍ 60000) സീറോ-വിശ്വാസികള്‍ക്കും ആവശ്യമായ അജപാലനശുശ്രുഷകള്‍ നല്‍കാന്‍ അവര്‍ പ്രാപ്തരാണ്.  
കര്‍ദിനാള്‍ മാര്‍ സാന്ദ്രി 'സീറോ'പാരമ്പര്യമുള്ള ഡെല്‍ഹിയിലെ പ്രവാസിവിശ്വാസികളുടെ അറിവിനായി 2014-ല്‍ ഒരു ഉപദേശം നല്‍കിയിരുന്നു. അതനുസരിച്ച് പുതിയ സീറോ-മലബാര്‍രൂപത വന്ന ശേഷവും, ഏതെങ്കിലും 'സീറോ'മക്കള്‍ക്ക് ലത്തീന്‍പള്ളികളില്‍ മാമ്മോദീസാമുതല്‍ മരിച്ചടക്കുവരെ നടത്താന്‍ പൂതി വന്നാല്‍, സീറോ-മലബാര്‍ വൈദികരുടെ അനുവാദത്തോടെ, അവരുടെ പകരക്കാരായി ലത്തീന്‍ വൈദികര്‍ക്ക് അവ നടത്തിക്കൊടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ജ്ഞാനസ്‌നാനം നല്‍കാനും വിവാഹം നടത്താനും ലത്തീന്‍ വൈദികന്‍ 'സീറോ'വൈദികനോട് അഭ്യര്‍ത്ഥിച്ച് അനുവാദംവാങ്ങണം (CFR.Can:677#678 and 683) 
ഈ പ്രബോധനം സ്വാഭാവികമായും മദ്രാസിലെ 'സീറോ'കത്തോലിക്കര്‍ക്കും ബാധകമായിരിക്കും. പക്ഷേ അതിന് തമിഴ് വൈദികര്‍ക്കു ആഗ്രഹമുണ്ടോ എന്ന് അവരോടു ചോദിക്കേണ്ടിവരും. 
മൂന്നു ലക്ഷത്തില്‍പ്പരം കത്തോലിക്കരുള്ള മദ്രാസ്-മൈലാപ്പൂര്‍ രൂപതയില്‍ 120 പള്ളികളേയുള്ളു. അവയില്‍ പലതിന്റെയും സ്ഥിതി ശോചനീയമാണ്. ആകെയുള്ളത് 200 വൈദികര്‍. ഒരു പള്ളിയില്‍ അഞ്ചും ആറും കുര്‍ബാന നടത്തിയും, ശനി-ഞായര്‍ ഭേദമില്ലാതെ ശുശ്രൂഷകളെല്ലാം നല്‍കിയുമാണ് അവര്‍ അജപാലനം നിര്‍വഹിക്കുന്നത്. അതില്‍ അവരും വിശ്വാസികളും സംതൃപ്തരാണ്. ഇതുവരെ ഭാഷാഭേദമില്ലാതെ മലയാളിക്കത്തോലിക്കരോട് അവര്‍ കാണിച്ച മര്യാദ അവകാശമായി എടുക്കാനാവില്ല. അതായത്, ഡല്‍ഹിയില്‍ നടക്കുന്നത് മദ്രാസ്സില്‍ ചെലവാകണമെന്നില്ല. ഈ വിവരം  കൊച്ചിയിലെ സീറോ-മലബാര്‍ മെത്രാന്‍മാര്‍ക്ക് നന്നായി അറിയാം. 
ഒരു വ്യക്തിക്ക് തന്റെ റീത്ത് സ്വയം തീരുമാനിക്കാനുള്ള പൊതുഅവകാശം ഇല്ല എന്ന സത്യം ഉറപ്പിച്ചു പറഞ്ഞതിന് കര്‍ദിനാളിനു നന്ദി! അതു മാറ്റാനോ തിരുത്താനോ അപ്പോസ്തലിക സിംഹാസനത്തിന്റെ സമ്മതം
വേണമത്രെ! അതായത്, ഡല്‍ഹിയിലെ 'സീറോ'കത്തോലിക്കര്‍ ഫരീദാബാദു രൂപത യില്‍ത്തന്നെ. വേറെ നിവൃത്തിയില്ലെങ്കില്‍ അവര്‍ക്ക് ലത്തിന്‍പള്ളികളില്‍ പോകാനും കുര്‍ബാനയില്‍ പങ്കെടുക്കാനുമുള്ള അനുവാദം കര്‍ദ്ദിനാള്‍ നല്‍കിയിട്ടുണ്ട്. 
മദ്രാസിലെ 'സീറോ'മക്കള്‍ക്ക് ഇവിടത്തെ ലത്തീന്‍പള്ളികളില്‍ കുര്‍ബാനയില്‍ സംബന്ധിക്കാനും കുമ്പ സാരിക്കാനും വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതിന് ഒരു പ്രബോധനമോ അനുവാദമോ വേണ്ട. പക്ഷേ, 'ഫ്രീ സ്റ്റേറ്റ് സര്‍ട്ടിഫിക്കറ്റ്' 'സീറോ'വികാരിയുടേതുതന്നെ വേണം. ആരു പറഞ്ഞാലും കേരളത്തിലെ സുറിയാനി പള്ളി വികാരിമാര്‍  ലത്തീന്‍ അച്ചന്മാരുടെ സര്‍ട്ടിഫിക്കറ്റു സ്വീകരിക്കില്ല.  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ ഒപ്പിട്ടു നല്കിയ ഇടയലേഖനം ആദരിക്കാത്തവര്‍, കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ വാക്കും കേള്‍ക്കില്ല. 
2018 ജനുവരി 18-ന് പോപ്പ് ഫ്രാന്‍സീസ് 30000 അടി മുകളില്‍ ആകാശത്തുവച്ചു ഒരു വിവാഹം ആശീര്‍വദിച്ചു. ദമ്പതികള്‍ എട്ടു വര്‍ഷംമുന്‍പ് പള്ളിക്കുപുറത്തു കല്ല്യാണം കഴിച്ചവരായിരുന്നു. ആരുടെയും ഫ്രീ സ്റ്റേറ്റ് സര്‍ട്ടിഫിക്കറ്റും ഇല്ലാതെ പോപ്പ് കാനോന്‍നിയമം വെട്ടിച്ചു  വിവാഹം ആശീര്‍വദിച്ചു! സീറോ- മലബാര്‍ കര്‍ദ്ദിനാള്‍ പോപ്പ് ആയേക്കാം. എന്നാല്‍ അവര്‍ ഫ്രാന്‍സീസ് എന്ന നാമം സ്വീകരിക്കില്ല. 
'ഒരു കത്തോലിക്കാവിശ്വാസി സീറോ-മലബാര്‍സഭയിലെ അംഗം ആയിരുന്നാലും (cfr.CCEO can: 112#2), ലത്തീന്‍ ഇടവകയിലെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായി ഉള്‍പ്പെടാനാകും' (Can be fully involved)-  പൗരസ്ത്യസഭകളുടെ തലവനായ കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ വേറൊരു പ്രബോധനമാണിത്. 'Fully involved'  എന്നതിന്റെ ശരിയായ അര്‍ത്ഥം അങ്ങേര്‍ക്കറിയുമോ, അഥവാ മദ്രാസിലെ ലത്തീന്‍ വൈദികര്‍ക്കു മനസ്സിലാകുമോ എന്ന് അറിയില്ല. അവര്‍ക്കു മനസ്സിലായാലും തമിഴ് ഇടവകക്കാര്‍ അതു നടപ്പിലാക്കാന്‍ സമ്മതിക്കില്ല. ഒരു ലത്തീന്‍ വൈദികനെ സീറോ-മലബാര്‍വക പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാനോ സുറിയാനി കുര്‍ബാനയില്‍ ഒപ്പം നില്‍ക്കാനോപോലും അനുവദിക്കാത്ത 'സീറോ'സഭയിലെ വൈദികനോ മെത്രാനോ  മദ്രാസിലെ ലത്തീന്‍ പള്ളികളില്‍ ലഭിച്ചിരുന്ന പഴയ സ്വാതന്ത്ര്യം ഇനിയും കിട്ടുമോ എന്നു സംശയമാണ്.  തമിഴരെ നുള്ളിയാല്‍ ഫലം എന്താണെന്നു സുറിയാനിക്കാര്‍ക്കു നന്നായി അറിയാം. 
ഒരു സഭയിലെ അംഗത്തിന് വേറൊരു സഭയിലെ ജിവിതത്തിലും പ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ണമായി പങ്കെടുക്കാന്‍ അനുവാദം നല്‍കാനുള്ള അധികാരം പൗരസ്ത്യസഭകളുടെ തലവനുണ്ടോ? ഒരു വിശ്വാസിക്ക് രണ്ടു സഭകളില്‍ അംഗമാകാമോ?
കേരളത്തിലെ സഭകളുടെ സഹകരണത്തെക്കുറിച്ച് വത്തിക്കാനിലെ കര്‍ദ്ദിനാളന്മാര്‍ക്ക് അറിവുണ്ടാകില്ല. സീറോ-മലബാര്‍സഭയുടെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ ആരും അറിയില്ല എന്ന ധാരണയില്‍ പെട്ടിയില്‍ മൂടിവച്ചിരിക്കയാണ്. കഴിഞ്ഞ 40 വര്‍ഷമായി 'സീറോ'സഭ ആരെയും ക്രിസ്ത്യാനി ആക്കിയിട്ടില്ല. പക്ഷേ, 'അഖിലഭാരത സീറോ-മലബാര്‍ സഭ' അനുവദിച്ചത് സുവിശേഷപ്രചാരണത്തിനായിട്ടാണ്! ലക്ഷങ്ങള്‍ മുടക്കി സീറോ-മലബാര്‍ സൃഷ്ടിച്ച വത്തിക്കാന്‍ 'ലോബി' അവരുടെ കടമ നിറവേറ്റി. ഇനി മദ്രാസിലും ഭാരതത്തില്‍ എല്ലായിടത്തും അരമനകളും പള്ളികളും പണിയാനുള്ള സ്വാതന്ത്ര്യം വിശ്വാസികളുടേതാണ്. ഈശോ മിശിഹാ ഇതൊന്നും അറിയാതിരിക്കട്ടെ!      

No comments:

Post a Comment