Translate

Wednesday, April 11, 2018

ധ്യാനഗുരു കല്ലിനെ അപ്പമാക്കി!


എറണാകുളത്തു വിശുദ്ധ വാരത്തിലും പര്യമ്പുറത്തുമായി നടന്ന കളികളെല്ലാം ഭരണിക്കുളങ്ങര പിതാവിനു മേജറാവാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നെന്ന് പലരും ദൂഷണം പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. എറണാകുളംകാരനായതിന്റെ പേരിൽ ഈ തങ്കപ്പെട്ട മനുഷ്യനെപ്പറ്റി അപരാധം പറയുന്നവരുടെ നാക്ക് പഴുത്തോ പുഴുത്തോ പോവത്തേയുള്ളൂ. വത്തിക്കാനിൽ നല്ല പിടിപാടും സുന്ദരൻ ഇംഗ്ളീഷും കൈയ്യിലുള്ള ഇദ്ദേഹം എന്തുകൊണ്ടും മേജർ പദവിക്കർഹനാണ്. കാനൻ നിയമത്തിൽ അഗാധപണ്ഡിതനും തല്പരനുമായ അദ്ദേഹം അതു ഹിന്ദിയിലേക്കെങ്ങിനെ തർജ്ജമ ചെയ്യേണ്ടതെന്നു ദൽഹിക്കാരിൽനിന്നാണ് പഠിച്ചതെന്നുള്ളത് ഒരു കുറവല്ലല്ലോ. വത്തിക്കാന്റെ ഔദ്യോഗിക കൗൺസലറായി എംബസികളിൽ ലത്തീൻകാരനായി ജോലി ചെയ്ത അദ്ദേഹത്തെ ഫരീദാബാദ് ബിഷപ്പായി നിയമിച്ചതേ, കറതീർന്ന സീറോ മലബാറുകാരനായി - അതൊരൽഭുതമായി രേഖപ്പെടുത്താവുന്നതാണു താനും! എന്റെ നോട്ടത്തിൽ താമരക്കുരിശു സ്വന്തം രൂപതയിൽ കേറ്റാൻ അനുവദിക്കാതിരുന്നതു കൊണ്ട് അദ്ദേഹത്തിന്റെ  മഹത്ത്വം കൂടിയിട്ടുള്ളതേയുള്ളൂ. ക്നാനായാക്കാരുടെ സ്വവർഗ്ഗസ്നേഹത്തിനനുവാദം കൊടുത്തതു വഴി ആലഞ്ചേരിയും അങ്ങാടിയത്തും ചതിവു കാണിച്ചുവെന്നു പരസ്യമായി തുറന്നു പറയാനുള്ള ആർജ്ജവം അദ്ദേഹം കാട്ടി. ഒരൊറ്റ അബദ്ധമേ അദ്ദേഹത്തിനു പറ്റിയിട്ടുള്ളു - ഡൽഹിയിൽ പണിയാൻ പദ്ധതിയിട്ട മാർത്തോമ്മാത്തുരുത്തിൽ ഒരു  വീടു വാങ്ങാൻ കാശു  കൊടുത്ത സ്വദേശത്തും വിദേശത്തുമുള്ള പത്തിരുന്നൂറുപേരുടെ ഇരുപ്പത്തഞ്ചുകോടിയോളം പോകാൻ ഒരു കാരണം ഈ നല്ല മനുഷ്യനാണെന്നു നാട്ടുകാർ വിശ്വസിക്കുന്നു. പണം വാങ്ങിയതു മെത്രാനല്ലെന്നും, അയാളവിടെ കുർബ്ബാന ചൊല്ലിയതേയുള്ളെന്നും, ആളെ ചേർക്കാൻ പോയ വൈദികർക്കെതിരെ നടപടിയെടുക്കുമെന്നുമെല്ലാം ഇപ്പോൾ കേൾക്കുന്നു.

മേജർ സ്ഥാനത്തിനർഹനായ ഒരു സ്ഥാനാർത്ഥി, എന്റെ നോട്ടത്തിൽ താഴത്ത് പിതാവാ. ആരു മേജറായാലും തല്ലുകൊണ്ട ഇടയന്ത്രത്തിനെ മൈന്റ് ചെയ്യാനിടയില്ല! സോണിയാഗാന്ധിക്കയച്ച കത്തിന് മറുപടി കിട്ടിയിട്ടില്ലെന്നതും, പതിവായി അരമന ഗേറ്റിൽ ബഹളം നടക്കാറുണ്ടെന്നതും, ഏഷ്യാ നെറ്റുകാർ ഇന്റർവ്യൂവിനു വന്നപ്പോൾ 'താങ്കളെ'ന്നാണ് വിളിച്ചതെന്നതും ജീവൻ ടി വി പ്രശ്നത്തിൽ കഴുത്തോളം തെറികേട്ടുവെന്നതുമൊക്കെ താഴത്തിന്റെ പോരായ്മയാണോ? ഒരു ഗിന്നസ് അവാർഡ് അദ്ദേഹത്തിന്റെ പേരിലാ. ഏറ്റവും വലിയ ക്രിസ്മസ്പാപ്പാ മേള (ബോൺ നത്താലെ) നടത്തിയതിന്. ഇരിഞ്ഞാലക്കുടയിൽ നടന്ന ഏറ്റവും ഏറ്റവും വലിയ തിരുവാതിരകളിക്കു പ്രചോദനമായതിന്റെ പേരിലും അവാർഡ് കൊടുക്കേണ്ടതായിരുന്നു. സ്വന്തം വികാരി ജനറാൾ സുബോധത്തോടെ നാലു വണ്ടിക്കിട്ടിടിപ്പിച്ചപ്പോഴും ഒരു വൈദികൻ 9 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അളവെടുത്തപ്പോഴുമൊക്കെ സമചിത്തതയോടെ അവരുടെ രക്ഷക്കുതകുന്ന രീതിയിൽ പെരുമാറിയിട്ടുള്ള അദ്ദേഹം ഇപ്പോൾ നാറ്റക്കേസുകൾ പിടിക്കാറില്ല. വീട്ടമ്മമാരാണോ, അൾത്താരബാലന്മാരാണൊ എന്നൊക്കെ നോക്കാതെ വ്യാപകമായി വിലക്കപ്പെട്ട പഴം ഇപ്പോഴും രൂപതയിൽ വിതരണം ചെയ്യപ്പെടുന്നു. എഗ്രിമെന്റ് വലിച്ചുകീറി കൊട്ടയിലിട്ടിട്ട് ആശ്രമക്കാരുടെ പള്ളി തന്റേടത്തോടെ പിടിച്ചെടുക്കുകയും വിശ്വാസികളെ പരസ്യമായി വെല്ലുവിളിക്കാൻ കൂട്ടാക്കാതിരിക്കാതിരിക്കാതിരിക്കുകയുമൊക്കെ ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോൾ താഴത്തുനിന്ന് മുകളിലേക്ക് കാര്യമായി വരുന്നില്ല. ഒല്ലൂർ ഇടവകക്കാർ മൂക്ക് കൊണ്ട് ക്ഷ വരപ്പിച്ചുവെന്നാണ് കേട്ടത്. പകരമൊരു നല്ല വൈദികനെ അദ്ദേഹം എവിടെനിന്നു കൊണ്ടുവന്നവർക്കു കൊടുക്കും? കൊരട്ടി മുത്തിയുടെ കഥയും പെരുത്ത ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. 

സിനിമക്കു പറ്റിയയൊരു കഥ പറയാം. ഒരു കേരളമെത്രാൻ ആഫ്രിക്കയിൽ സന്ദർശനത്തിനു പോകുന്നു. കിട്ടിയ കാശുമുഴുവൻ കൊണ്ടുവരാൻ ഒരു പണിയുമില്ല, അവസാനം അവിടെയുണ്ടായിരുന്ന ഒരു മലയാളി ഒരുപായം പറഞ്ഞുകൊടുത്തു, അതു മുഴുവൻ സ്വർണ്ണമാക്കുക. അതിൻപ്രകാരം ആ പണത്തിനുമുഴുവൻ സ്വർണ്ണം വാങ്ങി വടത്തിന്റെയത്ര വലുപ്പമുള്ള മാലയാക്കി അതിന്റെയറ്റത്തൊരു കുരിശും കൊളുത്തി കഴുത്തിലിട്ട് അദ്ദേഹം നാട്ടിലേക്കു തിരിച്ചു. പക്ഷെ, ഹൃദയാഘാതം മൂലം ആഫ്രിക്കയിലെ ഒരു കടത്തിണ്ണയിൽ കിടന്നദ്ദേഹം വിടവാങ്ങുന്നു. കഥ തുടരേണ്ടത്, നാട്ടിലെത്തിയ മൃതദേഹത്തിൽ ഇല്ലാതിരുന്ന സ്വർണ്ണവടത്തെപ്പറ്റിയും കൂടെയുണ്ടായിരുന്ന വൈദികനെ ചുറ്റിയുള്ള അന്വേഷണവുമായിട്ടായിരിക്കണം. ഈ കഥയെപ്പറ്റി ഓർത്തുകൊണ്ടിരുന്നപ്പോൾ ഒരു ന്യുസിലന്റ് വാർത്ത വന്നു, ഒരു പ്രസിദ്ധധ്യാനഗുരുവിന്റെ പെട്ടി കസ്റ്റംസുകാർ പരിശോധിച്ചപ്പോൾ ഒരു പായ്കറ്റ് സ്വർണ്ണ ബ്രിട്ടാണിയാ ബിസ്കറ്റ്! വഴിക്കു കഴിക്കാൻ ഒരു പ്രസിദ്ധ ജുവല്ലറിക്കാരൻ കേരളത്തിലേക്ക് കൊടുത്തു വിട്ടതായിരുന്നത്. അതു പരി.ആത്മാവിന്റെ പ്രവർത്തനമായിരുന്നെന്നറിയാവുന്ന ഒരു എമിരേറ്റ് മെത്രാൻ മാർത്തോമ്മാ പാരമ്പര്യത്തിൽ ഇങ്ങിനെ കല്ല് അപ്പമായി മാറാറുണ്ടെന്നു പറഞ്ഞു കസ്റ്റംസുകാരെ ബോദ്ധ്യപ്പെടുത്തിയതുകൊണ്ട് ആളു പോന്നു. ആ സ്വർണ്ണം മുഴുവൻ ഉടൻതന്നെ കല്ലായി മാറുകയും ചെയ്തത്രെ. ഇതേ അൽഭുതം കൊരട്ടിയിലും സംഭവിച്ചു, അവിടെ കോടിക്കണക്കിനു രൂപായുടെ സ്വർണ്ണമാണ് ചെമ്പായി മാറിയത്. അതലുമിനിയമായി മാറുന്നതിനു മുമ്പേ ഇടവകക്കാർ ഇടപെട്ടു.

മെത്രാന്മാരുടെ കഥ പറഞ്ഞാൽ ചിരിച്ചു മണ്ണുകപ്പും. പണ്ടൊരു സീറോമെത്രാൻ ബറോഡായിൽ നിന്നു കാറിൽ പോകുവാരുന്നു. ഭയഭക്തി ബഹുമാനങ്ങളോടെ സഹായി അച്ചനും ഡ്രൈവറും ഒപ്പം! ഇതിനിടയിൽ മെത്രാനു മുള്ളാൻ മുട്ടി. ആരോടു പറയും? മെത്രാനു പോകാൻ പറ്റിയ മൂത്രപ്പുര വരെ ചെന്നെത്താൻ രണ്ടുമണിക്കൂറുകൂടി മെത്രാൻ പിടിച്ചു നിൽക്കാൻ തീരുമാനിച്ചു. പക്ഷെ, അതിനിടയിൽ അദ്ദേഹം തളർന്നു വീണു, ആശുപത്രിയിലുമെത്തി! പൊതുകക്കൂസിൽ പോകേണ്ടിവരുകയെന്നത് ഒരു സീറോമെത്രാനു മരണത്തെക്കാൾ ഭയാനകം! അടുത്ത കാലത്താണ് വെടിയുണ്ടയേൽക്കാത്ത കാറിൽ സഞ്ചരിച്ചിരുന്ന ഒരു മെത്രാൻ  ഇന്നോവായിലേക്കു മാറിയത്. 'ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെന്ന്' ആരോ ഉറപ്പു കൊടുത്തതാണു കാരണമെന്നാണു കേട്ടത്. ഈ അഹംഭാവം കടലിൽക്കൊണ്ടെക്കളയാൻ ഇപ്പോൾ ഉറക്കെപ്പറയുന്നത് യാക്കോബായ സഭയുടെ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ്. കൂറിലോസ് പറയുന്നത് ഇനിമേൽ തന്നെയാരും തിരുമേനിയെന്നു വിളിക്കരുതെന്നാണ്. സർവ്വ ക്രിസ്ത്യാനികൾക്കും കാളിയാങ്കല്‍, പകലോമറ്റം മുതലായ പണ്ടത്തെ പ്രസിദ്ധ കുടുംബങ്ങളുമായി ബന്ധമുള്ളവരെന്ന അവകാശവാദം തെറ്റാണെന്നാണ് അങ്ങേരു പറയുന്നത്. അന്നിവിടെ ബ്രാഹ്മണരെയില്ലെന്ന് എം ജി എസ് നാരായണൻ വാദിക്കുന്നു. പണ്ടു മാർപ്പാപ്പായായിരുന്നു തോമ്മാസ്ളീഹാ ഇവിടെ വന്നിട്ടില്ലെന്ന് പറഞ്ഞതെങ്കിൽ ഇപ്പോൾ മെത്രാന്മാരും അങ്ങിനെ വാദിച്ചു തുടങ്ങിയിരിക്കുന്നു; വിചിത്രം! ഡി സി ബുക്ക്സിന്റെ 'കേരളചരിത്രത്തിലെ പത്തു കള്ളക്കഥകള്‍' എന്ന പുസ്തകത്തിലാണ്  തോമ്മാസ്ലിഹാ കഥയുടെ ഇന്നത്തെ സ്ഥാനം. കൊടുങ്ങല്ലൂരിൽ പള്ളിയും പണിത് എല്ലാ ഞായറാഴ്ച്ചയും മുടങ്ങാതെ കുർബ്ബാനയും ചൊല്ലിയിരുന്ന മാർത്തോമ്മാ ഔട്ട്! എന്താല്ലേ? 

സീറോമലബാർ സഭയെ കർത്താവീശോമിശിഹാ ഇതുവരെ നശിപ്പിക്കാതിരുന്നതിന്റെ കാരണം, സത്യത്തിൽ ശ്രീ ജോസഫ് പുലിക്കുന്നേൽ സാറിവിടെ ഉണ്ടായിരുന്നതുകൊണ്ടായിരുന്നെന്നു തോന്നുന്നു. അദ്ദേഹം പറയുന്നതു കേട്ട് ആരെങ്കിലും നന്നാകും എന്നൊരു നേരിയ പ്രതീക്ഷ തോമ്മാശ്ളീഹാക്കും ഉണ്ടായിരുന്നിരിക്കണം; അല്ലായിരുന്നെങ്കിൽ കഴിഞ്ഞകൊല്ലമേ റഫായേൽ മാലാഖാ വന്ന് മാനിക്കേയൻ കുരിശെടുത്ത് കൽദായാവാദികളുടെ തലക്കിട്ടു രണ്ടെണ്ണം കൊടുത്തേനെ? തമാശക്ക് പറഞ്ഞതല്ലിത്.

No comments:

Post a Comment