Translate

Saturday, April 21, 2018

സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാമോ?

I

ജോസഫ് പുലിക്കുന്നേല്‍

(ഓശാനമാസികയുടെ 2009 ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍ രണ്ടു ഭാഗമായി പ്രസിദ്ധീകരിക്കുന്നു)

2009 ജൂണ്‍ 11-ാം തീയതിയിലെ ദീപിക ദിനപത്രത്തില്‍ ''സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാമോ'' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിന്റെ ഒരു പഠനമാണ് താഴെ കൊടുക്കുന്നത്.
I മാര്‍ കല്ലറങ്ങാട്ട് എഴുതുന്നു: ''രാഷ്ട്രീയം അതില്‍തന്നെ അശുദ്ധമല്ല. രാഷ്ട്രീയത്തിലെ കുലീനത്വമുള്ള ഒരു വഴി - ജനാധിപത്യം- നമ്മള്‍ കണ്ടെത്തിയിട്ടും അതിനെ മനഃപൂര്‍വ്വം നാംതന്നെ അശുദ്ധമാക്കുകയാണ്. അടിസ്ഥാന മൂല്യങ്ങളേയും നീതിയേയും അപ്രസക്തമാക്കി പ്രത്യയശാസ്ത്രങ്ങളും വ്യക്തി താത്പര്യങ്ങളും ഒരു രാജ്യത്തെ കയറിഭരിക്കുമ്പോഴാണ്  രാജ്യം തകരുന്നത്. ജനാധിപത്യം തകര്‍ക്കപ്പെടുന്നത് ഒറ്റ രാത്രികൊണ്ടല്ല. മൂല്യനീരസം ഒരു അടിസ്ഥാന പ്രമാണംപോലെ കരുതുമ്പോള്‍ അത് സാവകാശം ജനാധിപത്യ മര്യാദകളെ കൊല ചെയ്യും. ഒരു രാജ്യം നിലനില്‍ക്കുന്നത് അവിടത്തെ ജനങ്ങളുടെ ബൗദ്ധിക നിലവാരംകൊണ്ടു മാത്രമല്ല. ഒരുപക്ഷേ, അതിനേക്കാള്‍ ജനങ്ങളുടെ സ്വഭാവശുദ്ധിയേയും ധാര്‍മിക ബോധത്തേയും ആശ്രയിച്ചാണ് അതിന്റെ നിലനില്‍പ്പ്.''
രാഷ്ട്രീയത്തിലെ ''കുലീനത്വമുള്ള ഒരു വഴിയാണ് ജനാധിപത്യം'' എന്ന് അദ്ദേഹം സമ്മതിക്കുന്നതില്‍ നന്ദി പറയാം. രാഷ്ട്രീയത്തില്‍ മാത്രമല്ല മതത്തിലും ജനാധിപത്യം കൂലീനത്വമുള്ള ഒരു വഴിയാണ്. ഈ കുലീനമായ വഴി ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ചത് യേശുവും അപ്പസ്‌തോലന്മാരുമായിരുന്നു. ആധ്യാത്മിക ശുശ്രൂഷകരെ ആദ്യമായി തെരഞ്ഞെടുത്ത മത സമൂഹം ക്രൈസ്തവരായിരുന്നു. യൂദാസിനു പകരം ആരെ നിയോഗിക്കണമെന്നുള്ള തീരുമാനം എടുത്തത് പത്രോസോ അപ്പസ്‌തോലന്മാരോ ആയിരുന്നില്ല മറിച്ച് നൂറ്റി ഇരുപതോളം സഹോദരന്മാര്‍ ചേര്‍ന്നായിരുന്നു. (അപ്പ. പ്രവ. 1-15)
യേശുവിനു ശേഷം സഭയുടെ ഭൗതിക വസ്തുക്കള്‍ ഭരിക്കേണ്ടത് ആര് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അപ്പസ്‌തോലന്മാര്‍ ജനാധിപത്യ രീതിയാണ് നിര്‍ദ്ദേശിച്ചത്. ''ആ പന്ത്രണ്ടുപേര്‍ ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: 'ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണ വിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം.'' (അപ്പ. പ്രവ. 6: 2-4). അതായത് സഭയുടെ ആദ്ധ്യാത്മിക പരിപാലകരായ അപ്പസ്‌തോലന്മാരും അപ്പസ്‌തോല പിന്‍ഗാമികളും പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും മാത്രം ഏര്‍പ്പെടണമെന്നായിരുന്നു അപ്പസ്‌തോല തീരുമാനം. ഭൗതിക വസ്തുക്കളുടെ ഭരണം സഭാംഗങ്ങള്‍ ജനാധിപത്യരീതിയില്‍ നടത്തണം.
ആദിമ സഭയില്‍ ആദ്ധ്യാത്മിക പരിപാലകരും അപ്പസ്‌തോല പിന്‍ഗാമികളുമായ മെത്രാന്മാരെ അതതു സഭകള്‍ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. നാലു നൂറ്റാണ്ടോളം സഭാഭരണ വ്യവസ്ഥയില്‍ ''ജനാധിപത്യമെന്ന കുലീന വഴി'' സഭയാണ് സ്വീകരിച്ചത്.
ക്രൈസ്തവ മതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കുകയും നാലാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ചാള്‍സ് ഒന്നാമന്‍ ചക്രവര്‍ത്തി അധികാരത്തിലേറുകയും ചെയ്തതോടെ മെത്രാന്മാരെ രാജാക്കന്മാര്‍ നിയമിക്കുന്ന പതിവ് നിലവില്‍ വന്നു. ജനങ്ങളില്‍നിന്നും മെത്രാന്മാരെ നിയമിക്കാനുള്ള അധികാരം രാജാക്കന്മാര്‍ പിടിച്ചെടുത്തു. പിന്നീട് മെത്രാന്മാരെ നിയമിക്കാനുള്ള അധികാരം രാജാക്കന്മാരില്‍ നിന്നും റോമിലെ മാര്‍പാപ്പാ പിടിച്ചെടുത്തു!! അങ്ങിനെ അപ്പസ്‌തോല കാലം മുതല്‍ നാലു നൂറ്റാണ്ടുകാലം വരെ നിലനിന്നിരുന്ന ''ജനാധിപത്യത്തിന്റെ കുലീന വഴി'' സഭ ഉപേക്ഷിച്ചു.
മാര്‍പാപ്പായെ നിയമിക്കാനുള്ള അധികാരത്തിനുവേണ്ടി രാജാക്കന്മാര്‍ പരസ്പരം മത്സരിച്ചു. രണ്ടും മൂന്നും മാര്‍പാപ്പാമാര്‍ ഒരേ അവസരത്തില്‍ സഭയെ ഭരിച്ച സംഭവങ്ങളുമുണ്ടായി. എന്തിന് മാര്‍പാപ്പാമാരെ ചില രാജാക്കന്മാര്‍ ബന്ധിച്ച് കാര്യം നേടുകയും ചെയ്തു. അങ്ങിനെ സഭയുടെ അടിസ്ഥാന മൂല്യ പ്രമാണം ലംഘിച്ച്  ജനാധിപത്യ മര്യാദകളെ സഭയ്ക്കുള്ളില്‍ കൊല ചെയ്തത് മാര്‍പാപ്പാമാരും മെത്രാന്മാരുമാണ്. ഇക്കാര്യം എന്തേ മാര്‍ കല്ലറങ്ങാട്ട് ചിന്തിക്കുന്നില്ല എന്നു വിനീതമായി ചോദിക്കട്ടെ!! 
II മാര്‍ കല്ലറങ്ങാട്ട് എഴുതുന്നു: ''രാഷ്ട്രീയത്തില്‍ സഭയ്ക്കുള്ള പങ്കെന്താണ്?  സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളില്‍ സഭ ഇടപെടണമെന്ന് വേദപുസ്തകവും ചരിത്രവും ആവശ്യപ്പെടുന്നു. പ്രവാചകന്മാര്‍ എല്ലാവരുംതന്നെ ഇസ്രായേലിലെയും അയല്‍രാജ്യങ്ങളിലെയും രാഷ്ട്രീയ സാമൂഹിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നു. യോഹന്നാന്‍ മാംദാനയും ഈശോതന്നെയും അവരുടെ സമൂഹത്തിലെ രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിന്റെ പ്രതിനിധികള്‍ രാഷ്ട്രീയാധികാരത്തിന്റെ ദുര്‍വിനിയോഗത്തിനെതിരെ ശബ്ദമുയര്‍ത്തുകയും നീതിപൂര്‍വം അധികാരം പ്രയോഗിക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്നുണ്ട്.''
പഴയ നിയമത്തിലെ പ്രവാചകന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. ദൈവജനമായ ഇസ്രായേലിനെ വഴിവിട്ട് ചരിക്കാന്‍ പ്രേരിപ്പിച്ച മഹാ പുരോഹിതര്‍ക്കെതിരെ ആയിരുന്നു അവര്‍ ഇടപെട്ടിരുന്നത്. ഇസ്രായേലിന്റെ ദേവാലയമായ ജെറൂശലേമിനെയും മഹാപുരോഹിതരെയും കുറിച്ച് എസെക്കിയേല്‍ ദീര്‍ഘദര്‍ശി ഇങ്ങനെ എഴുതി.
''ജെറൂശലേമിനോട്''പറയുന്നു: ''എന്നാല്‍ നീ നിന്റെ സൗന്ദര്യത്തില്‍ ആശ്രയം സമര്‍പ്പിച്ചു, നിന്റെ കീര്‍ത്തിയാല്‍ ഒരു വേശ്യയായി; വഴിപോക്കരോടെല്ലാം കൂത്താടി നീ മതിമറന്നു വ്യഭിചരിച്ചു. നിന്റെ വസ്ത്രങ്ങളില്‍ ചിതലെടുത്തു, നീ മനോഹരമായി അലങ്കരിച്ച പൂജാഗിരികള്‍ ഉണ്ടാക്കി അവയില്‍ വ്യഭിചരിച്ചു; ഇതുപോലെയുള്ള പ്രവൃത്തി മുമ്പെങ്ങും സംഭവിച്ചിട്ടില്ല; ഇനി സംഭവിക്കയുമില്ല. ഞാന്‍ നിനക്കു നല്കിയ സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ എടുത്തു മനുഷ്യ രൂപങ്ങള്‍ നിര്‍മിച്ച് അവയുമായി നീ വ്യഭിചരിച്ചു. നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രം എടുത്ത് അവയെ മൂടി; എന്റെ തൈലവും ധൂപവും അവയുടെ മുമ്പില്‍ സമര്‍പ്പിച്ചു.'' (എസെക്കിയേല്‍ 16: 15-18).
യേശയ്യ ദീര്‍ഘ ദര്‍ശി ജെറൂശലേമിനോട് ഇങ്ങനെ പറഞ്ഞു: ''ജെറൂശലേം തകര്‍ന്നു കഴിഞ്ഞു, യഹൂദാ വീണുകഴിഞ്ഞു. കാരണം, അവരുടെ സംസാരവും ചെയ്തികളും കര്‍ത്താവിന്ന് എതിരാണ്; അവന്റെ മഹനീയ സാന്നിധ്യത്തെ ധിക്കരിക്കുന്നതാണ്. അവരുടെ പക്ഷപാതം അവര്‍ക്കെതിരെ സാക്ഷ്യം നല്കുന്നു; സൊദോമിനെപ്പോലെ അവര്‍ തങ്ങളുടെ പാപം ഉദ്‌ഘോഷിക്കുന്നു, അവര്‍ അതു മറയ്ക്കുന്നില്ല; അവര്‍ക്കു ദുരിതം! അവര്‍ സ്വയം നാശം വരുത്തി വച്ചിരിക്കുന്നു. നീതിമാന്മാരോട് അവരുടെ കാര്യം ഭദ്രമാണെന്ന് പറയുക. കാരണം, അവര്‍ തങ്ങളുടെപ്രവര്‍ത്തിയുടെ സല്‍ഫലം അനുഭവിക്കും ദുഷ്ടന്നു ദുരിതം!'' (യെശയ്യ 3: 8-10).
ഇസ്രായേല്‍ പുരോഹിതരോട് യിരെമ്യാ ദീര്‍ഘദര്‍ശി പറയുന്നു: ''ഇടയന്മാരേ, അലമുറയിട്ടു കരയൂ; ആട്ടിന്‍പറ്റത്തിന്റെ നാഥന്മാരേ, ചാരത്തില്‍ ഉരുളുവിന്‍; കാരണം, നിങ്ങളെ കശാപ്പു ചെയ്ത് എറിഞ്ഞുകളയുന്ന ദിനങ്ങള്‍ വന്നെത്തിയിരിക്കുന്നു; നല്ല ആണാടുകളെപ്പോലെ നിങ്ങള്‍ നിലം പതിക്കും. ഇടയന്മാര്‍ക്ക് അഭയകേന്ദ്രമുണ്ടാകില്ല; ആട്ടിന്‍പറ്റത്തിന്റെ നാഥന്മാര്‍ക്ക് രക്ഷപ്പെടാനും ആവില്ല. ശ്രദ്ധിക്കൂ, ഇടയന്മാരുടെ നിലവിളി, ആട്ടിന്‍പറ്റത്തിന്റെ നാഥന്മാരുടെ മുറവിളി! കാരണം, കര്‍ത്താവ് അവരുടെ മേച്ചില്‍പ്പുറം കൊള്ളയടിക്കുന്നു. കര്‍ത്താവിന്റെ ഉഗ്രകോപം നിമിത്തം, സമാധാനമുള്ള ആട്ടിന്‍പറ്റങ്ങള്‍ നശിച്ചുപോയിരിക്കുന്നു.'' (യിരെ. 25: 34-37)
എസെക്കിയേല്‍ പ്രവാചകന്റെ താക്കീത്: ''കര്‍ത്താവിന്റെ അരുളപ്പാട് എനിക്ക് ഉണ്ടായി: 'മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാര്‍ക്ക് എതിരെ പ്രവചിക്കുക; അവരോട്, ഇടയന്മാരോടു തന്നെ, പ്രവചിക്കുക. ഇങ്ങനെ പറയുക; കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നു: തങ്ങളെത്തന്നെ തീറ്റിപോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ തീറ്റിപോറ്റേണ്ടത്? നിങ്ങള്‍ പാല്‍ കുടിക്കുന്നു; ആട്ടിന്‍രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തവയെ കശാപ്പു ചെയ്യുന്നു; എന്നാല്‍ ആടുകളെ നിങ്ങള്‍ തീറ്റിപ്പോറ്റുന്നില്ല. ദുര്‍ബലങ്ങളായവയ്ക്കു നിങ്ങള്‍ ശക്തി കൊടുത്തില്ല; രോഗമുള്ളവയെ ചികിത്സിച്ചു ഭേദമാക്കിയില്ല; മുറിവേറ്റവയെ വച്ചുകെട്ടിയില്ല; വഴിതെറ്റിപ്പോയവയെ തിരികെ കൊണ്ടുവന്നില്ല; കാണാതെ പോയവയെ അന്വേഷിച്ചില്ല; എന്നാല്‍ ബലം പ്രയോഗിച്ച് ക്രൂരമായി നിങ്ങള്‍ അവയെ ഭരിച്ചു. അങ്ങനെ ഇടയന്‍ ഇല്ലായ്കയാല്‍ അവ ചിതറിപ്പോയി വന്യമൃഗങ്ങള്‍ക്കെല്ലാം ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; എല്ലാ പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും അവ അലഞ്ഞുനടന്നു; എന്റെ ആടുകള്‍ ഭൂമുഖത്തെങ്ങും ചിതറിപ്പോയി; അവയെപ്പറ്റി ചോദിക്കാനോ അന്വേഷിക്കാനോ ആരും ഉണ്ടായിരുന്നില്ല. (എസെക്കി. 34:1-6)
പഴയനിയമ പ്രവാചകന്മാര്‍ ഇസ്രായേലി പുരോഹിതന്മാരുടെ അധര്‍മ്മവും ആ അധര്‍മ്മത്തിന്റെ ഫലമായി ഇസ്രായേലിനെതിരെ ദൈവത്തിന്റെ ഇടപെടലിനെയും കുറിച്ചാണ് പറഞ്ഞത്.
ഹേറോദേസിന്റെ നയവൈകല്യങ്ങളേയോ ഭരണവൈകല്യങ്ങ ളേയോ ആയിരുന്നില്ല യോഹന്നാന്‍ മാംദാനാ ശാസിച്ചത.് മറിച്ച് യഹൂദനെന്നു ഭാവിച്ചിരുന്ന ഹേറോദേസ് സഹോദര ഭാര്യയെ വിവാഹം കഴിച്ചതിലുള്ള അമര്‍ഷമായിരുന്നു. (ലേവ്യര്‍ 18:18) പഴയ നിയമശാസനങ്ങളുടെ ലംഘനം അധാര്‍മ്മികവും ദുര്‍മാതൃകയും ആയിരുന്നു. ആ അധാര്‍മ്മികതയെക്കുറിച്ച് ശാസിക്കാന്‍ ഓരോ യഹൂദനും കടമയുണ്ടായിരുന്നു. പക്ഷേ യോഹന്നാനു മാത്രമേ അതിന് ധാര്‍മ്മികമായ കരുത്ത് ഉണ്ടായിരുന്നുള്ളു എന്നു മാത്രം.
യേശു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ യഹൂദരെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചിരുന്നത് റോമാക്കാരുടെ ആധിപത്യമായിരുന്നു.  ഈ ആധിപത്യത്തിനെതിരെ അനേകം കലാപങ്ങള്‍ യേശുവിന്റെ കാലത്തും നടന്നിരുന്നു. യേശുവില്‍നിന്ന് യഹൂദര്‍ പ്രതീക്ഷിച്ചിരുന്നതും റോമിനെതിരെ കലാപം നയിച്ച് ഇസ്രായേലിനെ അടിമത്തത്തില്‍ നിന്നും രക്ഷിക്കും എന്നായിരുന്നു. പക്ഷേ റോമന്‍ ഭരണകൂടത്തിനെതിരായോ ഹേറോദേസിന്റെ ഭരണത്തിനെതിരായോ യേശു ഒരക്ഷരം പറഞ്ഞില്ലെന്നു മാത്രമല്ല ''സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക'' എന്നു കല്പിച്ചു. അവിടുന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു. ''എന്റെ രാജ്യം ഐഹികമല്ല!'' അവിടുന്ന് അവതരിച്ചതും ജീവിച്ചതും ദൈവരാജ്യത്തിന്റെ നിര്‍മ്മാണത്തിനുവേണ്ടിയാണ്. ആ ദൈവരാജ്യ നിര്‍മ്മിതിക്ക് വിരുദ്ധമായിരുന്ന ശക്തികളെയാണ് അവിടുന്ന് ശക്തമായി വിമര്‍ശിച്ചത്. ആ ശക്തികള്‍ പുരോഹിതര്‍ ആയിരുന്നു. അതുകൊണ്ടാണ് അവിടുന്ന് ശക്തമായ ഭാഷയില്‍ പുരോഹിതരെയും ഫരിസേയരെയും നിയമജ്ഞരെയും വിമര്‍ശിച്ചത്. ''വെള്ളപൂശിയ ശവക്കല്ലറകളെ''ന്നും ''അന്ധരായ വഴികാട്ടികളെ''ന്നും ''കപട നാട്യക്കാരെ''ന്നും ''അണലിക്കൂട്ട''മെന്നും അവിടുന്ന് അവരെ വിമര്‍ശിക്കുകയുണ്ടായി. യേശു രാഷ്ട്രീയ വിമര്‍ശനം നടത്തിയെന്ന ബഹമാന്യനായ മാര്‍ കല്ലറങ്ങാടിന്റെ പ്രസ്താവന തികച്ചും വേദപുസ്തകപരമായി തെറ്റാണ്.

No comments:

Post a Comment