Translate

Saturday, April 7, 2018

എന്തുകൊണ്ട് വിമർശനം അനിവാര്യം?




ചാക്കോ കളരിക്കൽ

പറയേണ്ട സമയത്ത് മിണ്ടാതിരിക്കുകയും മിണ്ടാതിരിക്കെണ്ടിടത്ത് മിണ്ടുകയും ചെയ്യുക മനുഷ്യരുടെ സ്വഭാവത്തിൽ പെട്ടതാണ്. പറയേണ്ടത് ഒരു ആശയമായിരിക്കാം, നിരീക്ഷണമായിരിക്കാം, നിർദ്ദേശമായിരിക്കാം, വിമർശനമായിരിക്കാം. കാര്യങ്ങൾ തുറന്നു പറഞ്ഞാൽ മറ്റുള്ളവരെ വേദനിപ്പിക്കും എന്ന തോന്നലുണ്ടാകാം. തന്നെ മഠയനായി മറ്റുള്ളവർ കാണുമെന്ന ഭയമുണ്ടായെന്നിരിക്കാം. തൻറെ പറച്ചിൽ വലിയ വിപത്തിന് കാരണമാകുമെന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം. ചിലർക്ക് മൗനം ചിലപ്പോൾ സുരക്ഷിതത്വത്തിനുള്ള കരുതലുമാകാം. മൗനമായിരിക്കാൻ ഭയവും കാരണമാകാം. പലവിധ അപകടസാധ്യതകൾ ഉയരുന്നുവെങ്കിലും എന്തെങ്കിലും പറയുന്നതാണ് മികച്ച പ്രവർത്തി.

സമൂഹം നിശബ്‌ദതയെ അംഗീകാരമായി കണക്കാക്കുന്നു. മൗനം അവലംഭിച്ചാൽ ഏതെങ്കിലും സംഘർഷത്തിൽ ഏർപ്പെടാതിരിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നവർ ധാരാളമുണ്ട്. പക്ഷെ യാഥാർത്ഥ്യം നേരെ മറിച്ചാണ്. ആശയവിനിമയത്തിൻറെ സജീവമായ രൂപംതന്നെയാണ് നിശബ്‌ദമായിരിക്കുന്നതും. നാം അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും ഒരു വിഷയത്തിൽ ഉൾപ്പെടുന്നുവോ ആ വിഷയത്തിലുള്ള നമ്മുടെ ഇൻപുട്ട്‌ അല്ലെങ്കിൽ ഇൻപുട്ടിൻറെ കുറവ് എല്ലാവർക്കും അറിയാം. അത് വെറും സ്വാഭാവികം മാത്രമാണ്. അപരൻറെ പ്രവർത്തികളെ നിരാകരിക്കുകയും അതേസമയം ആ വിഷയത്തിൽ നാം മൗനം പാലിക്കുകയും ചെയ്‌താൽ കൂടുതൽ ചീത്തപ്രവർത്തികൾ ചെയ്യാൻ നാം അയാളെ പ്രാപ്തനാക്കുകയാണ് ചെയ്യുന്നത്. വലിയ നന്മ മുൻഗണന ആയിരിക്കണം. നമ്മുടെ സ്വാർത്ഥചിന്ത മൂലം മൗനം അവലംഭിച്ചാൽ സമൂഹത്തിനായിരിക്കും തോൽവി സംഭവിക്കുന്നത്. മറിച്ച്, നമ്മൾ ബഹളമുണ്ടാക്കിയാൽ വിഷയം മുൻപിലാകുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യും.

കേരളത്തിലെ കത്തോലിക്കാസഭകളിൽ പ്രത്യേകിച്ച് സീറോ-മലബാർ സഭയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നിരവധി ദുഷ്പ്രവർത്തികളെ കണ്ടിട്ടും പ്രതികരിക്കാതെ 'ഞാനായി എൻറെ പാടായി' എന്ന മട്ടിൽ മൗനം പാലിക്കുമ്പോൾ അവരുടെ പ്രവർത്തികളെ അംഗീകരിക്കുകയും കൂടുതൽ അധർമങ്ങൾ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. അനീതിക്കെതിരായി ശബ്ദമുയർത്തുന്നത് ദൈവികമാണ്. ധൈര്യമുള്ളവർക്കുമാത്രമേ ശങ്കയില്ലാതെ സംസാരിക്കാൻ കഴിയൂ. ധൈര്യമുള്ളവർക്കുമാത്രമേ ശ്രവിക്കാനും കഴിയൂ.

നാം എതിർപ്പ് പ്രകടിപ്പിയ്ക്കുന്നില്ലായെങ്കിൽ നമ്മൾ അനുകൂലിക്കാത്ത കാര്യങ്ങളെ നാം അനുകൂലിക്കുന്നതായി മറ്റുള്ളവർ ധരിക്കും. സഭയിൽ മാന്യമായും സ്വതന്ത്രമായും ജനാധിപത്യപരമായും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സഭയിലെ തെറ്റുകൾ തിരുത്താൻ ഒച്ചപ്പാടുണ്ടാക്കും. ഏകാധിപതികളായ സഭാധികാരികളുടെ കീഴിൽ അടിമകളെപ്പോലെ കഴിയണ്ട കാര്യമില്ല. ഇടവകകളിൽ ഒച്ചപ്പാടുണ്ടാക്കാനാണ് ഫ്രാൻസിസ് പാപ്പ ചെറുപ്പക്കാരെ ഉപദേശിച്ചത്.

സഹജീവികളെ സ്നേഹിക്കുന്നെങ്കിൽ, നിങ്ങളെയും മറ്റുള്ളവരെയും ബഹുമാനിക്കുന്നെങ്കിൽ, സ്വതന്ത്രമായി ശ്വസിക്കാനും സ്വജീവിതത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ അനീതിക്കെതിരായി സംസാരിക്കണം; തെറ്റിനെ തിരുത്താൻ ആവശ്യപ്പെടണം. ഒരു അടിമയെന്ന നിലയിൽ നമ്മൾ ജീവിക്കാൻ പാടില്ല.

യേശുവിൻറെ നാമംതന്നെ സഭാധികാരികൾക്ക് അരോചകമാണ്. അവരുടെ പ്രവർത്തികൾ തന്നെയാണ് അതിന് മതിയായ തെളിവ്. ഇന്ന് സഭയിലെ ആട്ടിൻകൂട്ടവും അധികാരവൃന്ദവും തമ്മിൽ തുറന്ന യുദ്ധത്തിലാണ്, പ്രത്യേകിച്ച് സഭാഭരണകാര്യങ്ങളിൽ. ക്രിസ്തു വീണ്ടും വീണ്ടും വെറുക്കപ്പെട്ടവനായി ക്രൂശിക്കപ്പെടുകയാണ്. ആ സത്യം തുറന്നു പറയുന്നവരെയും സഭാധികാരം വെറുത്ത് ക്രൂശിക്കുകയാണ്. സാമാന്യ ബോധമില്ലാത്ത സഭാതലവൻ കാട്ടിക്കൂട്ടിയ തെറ്റിനെ ന്യായീകരിച്ച്‌ പുതപ്പിട്ട് മൂടാൻ കാനോൻ നിയമത്തിൻറെ മ്ലേച്ഛമായ വാദഗതി അവതരിപ്പിക്കുമ്പോൾ വിശ്വാസികൾ ഉണർന്ന് പ്രവർത്തിക്കണം. സിവിൽ നിയമവും കാനോൻ നിയമവും വസ്തുവ്യവഹാരത്തിൽ പാലിച്ചിട്ടില്ലന്നുള്ളത് സ്പഷ്ടമാണ്. സഭയിലെ സമകാലിക അരാജകത്വം വിശ്വാസികളാണ് സഭയെന്ന് തെളിയിക്കാനുള്ള സുവർണാവസരമായി പരിണമിച്ചിരിക്കുകയാണിപ്പോൾ. കാരണം, നമ്മിൽ നിന്നും സഭാധികാരം മോഷ്ടിച്ച പള്ളിഭരണത്തെ നിയമാനുസരണം പിടിച്ചെടുക്കാനുള്ള ഒരു നിലപാടിലേയ്ക്ക് സാധാരണ വിശ്വാസികൾ മാറിക്കഴിഞ്ഞു.

അപ്പോസ്തലന്മാർ ഭൗതിക ഭരണത്തിനിൽനിന്നും ഒഴിവായി ദൈവവചന പ്രഘോഷണത്തിൽമാത്രം വ്യാവൃതരായിയെന്നും വിശ്വാസികളുടെ പൊതുസ്വത്ത് കൈകാര്യം ചെയ്യാനായി സഹോദരരുടെ ഇടയിൽനിന്നും സമ്മതരും വിജ്‌ഞാനവും ആത്മാവും നിറഞ്ഞവരെ തെരഞ്ഞെടുത്ത് അവരെ ഏല്പിച്ചുയെന്നും നാം അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങളിൽ വായിക്കുന്നുണ്ട് (അപ്പൊ. 6: 1-4). ആദിമസഭയിലെ വിശ്വാസികളുടെ പൊതുസ്വത്ത് കൈകാര്യം ചെയ്ത അതേ രീതിയിലായിരുന്നു മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളിഭരണം പള്ളിപൊതുയോഗങ്ങൾവഴി വിശ്വാസികൾ നടത്തിയിരുന്നത്. മലിനീകരിക്കപ്പെടാത്ത ആ പള്ളിഭരണ സമ്പ്രദായത്തെ അധികാര ദുർമോഹികളായ മെത്രാന്മാർ നശിപ്പിച്ച് വികാരിയെ ഉപദേശിക്കുവാൻ മാത്രം അവകാശമുള്ള ഒരു സമതിയാക്കി അതിനെ മാറ്റി. അതിൻറെ ദുഷ്‌ഫലങ്ങളിൽ  ഒന്നുമാത്രമാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന വസ്തുസംബന്ധമായ കള്ളക്കച്ചവടം. വിശ്വാസികളുടെ പൊതുസ്വത്തുഭരണത്തിൽ സുതാര്യത പുനഃസ്ഥാപിക്കാൻ ഇന്ത്യൻ ഭരണഘടനാപരമായി വിശ്വാസികൾക്ക് അവകാശപ്പെട്ട 'ചർച്ച് ആക്ട്' നിയമപരമായി പ്രാബല്യത്തിൽ വന്നേ മതിയാവൂ. എങ്കിൽ ഇന്ന് രൂപതകളിൽ നടക്കുന്ന നിരവധി സാമ്പത്തിക ക്രമക്കേടുകൾക്ക് തടയിടാൻ സാധിക്കും. ഈ ആശയത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കെ സി ആർ എം - നോർത്ത് അമേരിക്ക -യുടെ ഏഴാമത് ടെലികോൺഫെറൻസ് ഏപ്രിൽ 11, 2018 ബുധനാഴ്ച വൈകീട്ട് ഒൻപതുമണിയ്ക്ക് (9 pm Eastern Standard time) നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിഷയം: "പള്ളിയോഗപുനഃസ്ഥാപനം ചർച്ചാക്റ്റിലൂടെ". സഭയെ സ്നേഹിക്കുന്നവരും സഭ നന്നാകണമെന്ന് ആഗ്രഹിക്കുന്നവരും സഭയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമെന്ന് ചിന്തിക്കുന്നവരും വിശ്വാസികളുടെ പൊതുസ്വത്ത് സുതാര്യമായി കൈകാര്യം ചെയ്യപ്പെടണമെന്ന് കരുതുന്നവരുമെല്ലാം ഈ ടെലികോൺഫെറൻസിൽ സംബന്ധിച്ച്‌ തങ്ങളുടെ വിമർശനശബ്ദം ഉയർത്തുക. സംസാരിക്കണ്ട സമയമാണിത്; മിണ്ടാതിരിക്കണ്ട സമയമല്ല. അതുകൊണ്ട് നിങ്ങൾ എല്ലാവരെയും അതിലേയ്ക്ക് ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

വിഷയം അവതരിപ്പിക്കുന്നത്: സത്യജ്വാല മാസികയുടെ ചീഫ് എഡിറ്റർ ശ്രീ ജോർജ് മൂലേച്ചാലിൽ. വിളിക്കേണ്ട നമ്പർ: 1-712-770-4160. Access code: 605988#

http://www.emalayalee.com/varthaFull.php?newsId=160190


No comments:

Post a Comment