Translate

Sunday, April 29, 2018

പള്ളിയോഗപുനഃസ്ഥാപനം ചര്‍ച്ച് ആക്ടിലൂടെ


ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റോറിയല്‍, സത്യജ്വാല, ഏപ്രില്‍ 2018)

ലോകമെമ്പാടുമുള്ള മുഴുവന്‍ ക്രൈസ്തവരുടെയും പൊതു പൈതൃകമാണ് സഭായോഗസമ്പ്രദായം. കാരണം, ആദിമസഭാപൈതൃകത്തിനും പാരമ്പര്യങ്ങള്‍ക്കും ഉടമകളാണ്, ഇന്നലത്തെയും ഇന്നത്തെയും നാളെത്തെയും എല്ലാ ക്രൈസ്തവരും. ആദിമസഭയില്‍ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് യോഗം ചേര്‍ന്നായിരുന്നുവെന്ന് 'അപ്പോസ്‌തോല പ്രവര്‍ത്തനങ്ങ'ളില്‍ നാം വായിക്കുന്നു. യൂദാസിനു പകരം മത്ഥിയാസിനെ തിരഞ്ഞെടുത്തത് പത്രോസ് സ്വയമായോ അപ്പോസ്തലരോടുമാത്രം കൂടിയാലോചിച്ചോ ആയിരുന്നില്ല; മറിച്ച്, നൂറ്റി യിരുപതോളം വിശ്വാസികള്‍ ഒത്തുകൂടിയ ഒരു യോഗത്തിലായിരുന്നു (അപ്പോ. പ്രവ.1: 15-26). സഭയിലെ ആദ്ധ്യാത്മിക - ഭൗതികശുശ്രൂഷകളെ വേര്‍തിരിച്ചുകൊണ്ട് അപ്പോസ്തലന്മാര്‍ നടത്തിയ പ്രഖ്യാപനത്തിലൂടെ (അപ്പോ.പ്രവ. 6: 2-4), സഭയുടെ ഈ യോഗസമ്പ്രദായം ആധികാരികമായി വ്യവസ്ഥാപിക്കപ്പെടുകയുംചെയ്തു. അതനുസരിച്ച് സഭയുടെ ആദ്ധ്യാത്മിക-ഭൗതികശുശ്രൂഷകരെ വിശ്വാസിസമൂഹം യോഗംചേര്‍ന്നു തിരഞ്ഞെടുക്കുന്ന സമ്പ്രദായം രൂപപ്പെട്ടു.
ഈ യോഗസമ്പ്രദായം ഒരു സാമൂഹികവിപ്ലവംകൂടി ആയിരുന്നു. റോമന്‍സാമ്രാജ്യത്തിന്റെ ശ്രേണീബദ്ധമായ (hierarchical) ആധിപത്യഭരണവ്യവസ്ഥ അജയ്യമായി നിലനിന്നിരുന്ന അക്കാലത്ത് ജനങ്ങള്‍ക്ക് സ്വയം ഭരിക്കാം എന്നു ചിന്തിക്കാന്‍പോലും നിര്‍വ്വാഹമില്ലായിരുന്നു. അപ്പോഴാണ്, യേശുവിന്റെ സ്‌നേഹദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങേയറ്റം വികേന്ദ്രീകൃതവും ജനാധിപത്യപരവും അധികാരം തീണ്ടാത്തതുമായ ഒരു പുതിയ മാനുഷിക ജീവിതവ്യവസ്ഥ അവതരിക്കപ്പെടുന്നത്. റോമന്‍ അധികാരവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞവരെ സംബന്ധിച്ച്, സ്വാതന്ത്ര്യവും സ്വയംനിര്‍ണ്ണയാവകാശവും സ്വയംഭരണാവകാശവും പ്രദാനംചെയ്യുന്ന ഈ ശുശ്രൂഷാവ്യവസ്ഥിതി അവരുടെ അന്തസ്സിനെ ഉയര്‍ത്തുന്ന ഒരു പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും നാന്ദിയായിരുന്നു. ഈ  ആദിമസഭാസംവിധാനത്തില്‍ ആകൃഷ്ടരാകാനും അതിലേക്ക് ആളുകള്‍ ഒഴുകിയെത്താനും കാരണമായത് ഇക്കാരണത്താലാകണം.  ക്രിസ്തീയതയുടെ വ്യാപനത്തെ റോമന്‍ സാമ്രാജ്യം ഒരു വെല്ലുവിളിയായിക്കണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയത്, നിലവിലിരുന്ന രാജകീയഅധികാരവ്യവസ്ഥിതിയെ അടിയേ തകര്‍ക്കാന്‍പോരുന്ന ഒരു വിപ്ലവമാണത് എന്നു തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു.
ആമുഖമായി ഇത്രയും പറഞ്ഞത്, രണ്ടുകാര്യങ്ങളില്‍ ഊന്നാനാണ്. ഒന്ന്, പള്ളിയോഗസഭാഭരണസമ്പ്രദായം കേരളനസ്രാണികള്‍ക്കുമാത്രം അവകാശപ്പെടാവുന്ന ഒരു പാരമ്പര്യമല്ല; അതു റീത്തുഭേദമെന്യേ, എല്ലാ കത്തോലിക്കാ വിഭാഗങ്ങളുടെയും വിശ്വാസഭേദമെന്യേ, എല്ലാ ക്രൈസ്തവസഭാവിഭാഗങ്ങളുടെയും പൊതുപൈതൃകമാണ്.
രണ്ടാമതായി, അതിലളിതമായ ഈ യോഗസമ്പ്രദായമാണ് ക്രിസ്തീയജീവിതത്തിന് അടിത്തറ തീര്‍ക്കുന്നത് എന്നതാണ്.  ഇതിനെ താത്വികമായി ഇങ്ങനെ കാണാം: യേശുവിന്റെ സ്‌നേഹദര്‍ശനത്തിന്റെ സാമൂഹിക രൂപം ദൈവരാജ്യമാണ്. അത് ഭൂമിയില്‍ സംസ്ഥാപിക്കുപ്പെടുന്നത് മനുഷ്യരുടെ കൂട്ടായ്മകളിലൂടെയാണ്. ഈ കൂട്ടായ്മകളാണ് സഭകള്‍ എന്നറിയപ്പെടുന്നത്. സ്‌നേഹത്തിലധിഷ്ഠിതമായ ഈ സഭാകൂട്ടായ്മകളുടെ സാമൂഹിക നടത്തിപ്പ് അധികാരപരമാകാനാവില്ല എന്നു നാം ഓര്‍ക്കണം. കാരണം, സ്‌നേഹമുള്ളിടത്ത് അധികാരമില്ല; അത് നിഷിദ്ധമാണുതാനും. അവിടെയാണ്, തുല്യതയും പാരസ്പര്യബോധവും ഉള്ളവരുടെ കൂടിയാലോചനായോഗങ്ങള്‍ എന്ന വഴി തെളിഞ്ഞുവരുന്നത്. ആദിമസഭയില്‍ ഈ വഴി തെളിഞ്ഞുവരുന്നത് നാം കാണുന്നുണ്ട്. ചുരുക്കത്തില്‍, യോഗസമ്പ്രദായമില്ലെങ്കില്‍ ക്രിസ്തീയസമൂഹമോ ക്രിസ്തീയജീവിതമോ ഇല്ല. അത് ക്രിസ്തീയതയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അവശ്യം ആവശ്യമായ അടിസ്ഥാന സംവിധാനം (infrastructure) തന്നെയാണ്.
തങ്ങളുടെ ചെറുകൂട്ടായ്മാസമൂഹത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ വളര്‍ച്ച ഉറപ്പുവരുത്തിക്കൊണ്ട്, ആ സമൂഹത്തിനാവശ്യമായ കാര്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കുന്നത് പരസ്പരതുല്യതയിലുള്ള സ്വതന്ത്രചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും പ്ലാനിങ്ങിനും നടത്തിപ്പിനും സഭായോഗം എന്നൊരു വേദി ഉള്ളതുകൊണ്ടാണ്. അതില്ലാതായാല്‍, ആ നിമിഷം അധികാരവ്യവസ്ഥ സഭയ്ക്കുള്ളില്‍ നുഴഞ്ഞുകയറുകയും തുല്യത നഷ്ടപ്പെടുകയും സഭ അധികാരികളും അധീനരുമായി വിഭജിക്കപ്പെടുകയും, അങ്ങനെ  സഭ സഭയല്ലാതാകുകയും ചെയ്യും. അതു സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന്, ഇന്നത്തെ ഏതു സഭയിലേക്കു നോക്കിയാലും കാണാന്‍ സാധിക്കും. അതുകൊണ്ട് നസ്രാണിക്രൈസ്തവരുടെ പള്ളിയോഗപാരമ്പര്യം മാത്രമല്ല, മുഴുവന്‍ ക്രൈസ്തവസഭകളുടെയും സഭായോഗപാരമ്പര്യം വീണ്ടെടുക്കേണ്ടത് ആവശ്യമായിരിക്കുന്നു. അങ്ങനെമാത്രമേ, ഏതു സഭയെയും ക്രിസ്തീയതയിലേക്കു നവീകരിക്കാനാവൂ. നസ്രാണികള്‍ തങ്ങളുടെ മാര്‍ത്തോമ്മാ പാരമ്പര്യത്തിലുള്ള പള്ളിയോഗസമ്പ്രദായം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍, ലത്തീന്‍ പാരമ്പര്യത്തിലുള്ളവര്‍ ആദിമസഭാപാരമ്പര്യപ്രകാരമുള്ള സഭായോഗസമ്പ്രദായം വീണ്ടെടുക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇവ രണ്ടും ഉള്ളടക്കത്തില്‍ ഒന്നുതന്നെ ആയതിനാല്‍, ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി തമ്മില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാവുന്നതുമാണ്. ഈ രണ്ട് പാരമ്പര്യങ്ങളിലുംപെട്ട സഭകള്‍ കേരളത്തിലുണ്ട് എന്നതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.
ലോകത്തിലുള്ള മുഴുവന്‍ സഭകളേയും ലത്തീനികരിക്കാനുള്ള, അതായത് പാശ്ചാത്യസഭാസമ്പ്രദായങ്ങള്‍ ഇതര സഭകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള പരിശ്രമമായിരുന്നു രണ്ടാം വത്തിക്കാന്‍ സുനഹദോസുവരെ കത്തോലിക്കാസഭ തുടര്‍ന്നുപോന്നത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസാണ് ആദ്യമായി, പൗരസ്ത്യദേശത്തെ സഭകള്‍ക്കുള്ള ഡിക്രികളിലൂടെ, മറ്റുസഭകളെ തങ്ങളുടെ പൂര്‍വ്വപാരമ്പര്യത്തിലേക്കു തിരിച്ചു
പോകാന്‍ അനുവദിക്കുകയും അതിന് ആഹ്വാനംചെയ്യുകയും ചെയ്തത്. അതൊരു മഹത്തായ സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നെങ്കിലും, പാശ്ചാത്യസഭ  എവിടേക്കും തിരിച്ചുപോകേണ്ടതില്ലാത്ത ക്രിസ്തീയതയുടെ ഒരു മാതൃകയായി തുടര്‍ന്നും നിലനിന്നതിനാല്‍, അത് ഉദ്ദേശിച്ച ഫലം കണ്ടില്ല. വാസ്തവത്തില്‍ വേണ്ടിയിരുന്നത്, പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ സഭകളും അവയുടെ പൂര്‍വ്വപാരമ്പര്യത്തിലേക്ക്, ആദിമസഭാപാരമ്പര്യത്തിലേക്ക്, തിരികെ പോകണം എന്ന ആഹ്വാനവും അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായിരുന്നു. കാരണം, പാശ്ചാത്യസഭയും കാലത്തിന്റെയോ വ്യക്തികളുടെയോ  ആയ ചരിത്രസാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ട് 4-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ത്തന്നെ ക്രിസ്തീയതയില്‍നിന്നു വ്യതിചലിച്ചുപോയിട്ടുള്ളതാണ്.
കേരളനസ്രാണിസഭയെ സംബന്ധിച്ച്, ആദിമസഭാപാരമ്പര്യത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ ആദ്യപടി, മാര്‍ത്തോമ്മായുടെ പേരിലറിയപ്പെടുന്ന അതിന്റെ പള്ളിയോഗപാരമ്പര്യം വീണ്ടെടുക്കുക എന്നുള്ളതാണ്; അങ്ങനെ, പാശ്ചാത്യരീതിയിലുള്ള പുരോഹിതമേല്‍ക്കോയ്മാ സമ്പ്രദായത്തിനു അറുതിവരുത്തുകയെന്നതാണ്. 
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം, ഈ ലക്ഷ്യംവച്ച് ധാരാളം പഠനങ്ങളും ആശയപ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുകയുണ്ടായെങ്കിലും, തീരുമാനങ്ങളെടുക്കുവാനും നടപടിക്രമങ്ങള്‍ തീരുമാനിക്കാനുമുള്ള അവകാശം പാശ്ചാത്യസമ്പ്രദായപ്രകാരമുള്ള മെത്രാന്‍സിനഡിനുമാത്രമായിരുന്നതിനാല്‍ ഫലംകാണുകയുണ്ടായില്ല. അതായത്, പൗരസ്ത്യദേശത്തെ ഒരു സഭയായ കേരളസഭയുടെ തനിമയും പാരമ്പര്യവും എന്തെന്നും, എങ്ങനെ അതു വീണ്ടെടുക്കാമെന്നും, വീണ്ടെടുക്കണമോ എന്നുതന്നെയും തീരുമാനിക്കാനുള്ള സംവിധാനം പൂര്‍ണ്ണമായും പാശ്ചാത്യമായിരുന്നു. ജനാധിപത്യം നടപ്പാക്കാന്‍ രാജാക്കന്മാരെ ചുമതലപ്പെടുത്തുന്നതുപോലെയായിരുന്നു, ഫലത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനങ്ങള്‍.
എന്നാല്‍, സ്വന്തം സഭയുടെ തനിമയെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും അതിന്റെ അവിഭാജ്യഘടകമായിരുന്ന പള്ളിയോഗസമ്പ്രദായത്തെക്കുറിച്ചും അതു വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിശ്വാസിസമൂഹത്തിനിടയില്‍ വ്യാപകമായ ഒരവബോധമുണ്ടാകാന്‍ അതവസരമുണ്ടാക്കി. പക്ഷേ, പള്ളിയോഗപാരമ്പര്യം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് അവര്‍ നടത്തിയ നിരവധിയായ സമരങ്ങളും നല്‍കിയ നിവേദനങ്ങളും പാഴായിപ്പോയി. പാശ്ചാത്യശൈലിയിലുള്ള തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സഭയുടെ തനതുവ്യക്തിത്വവും പാരമ്പര്യങ്ങളും മെത്രാന്മാര്‍ മറച്ചുവയ്ക്കുകയും അതിനെ നിഷേധിച്ചുപറയുകയും ചെയ്തു. ഇന്ത്യന്‍ സഭയുടെമേല്‍ അധികാരമില്ലാതിരുന്ന പൗരസ്ത്യസംഘവുമായി ഒത്തുകളിച്ച് ഈ സഭയെ കല്‍ദായസഭയുടെ ഭാഗമാക്കുകയും, പാശ്ചാത്യകാനോന്‍നിയമം അനുകരിച്ചുണ്ടാക്കിയ പൗരസ്ത്യകാനോന്‍നിയമം ഈ സഭയ്ക്കു ബാധകമാക്കുകയുമാണവര്‍ ചെയ്തത്. അങ്ങനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാഴ്‌വാക്കുകളായിത്തീര്‍ന്നു. പാശ്ചാത്യസഭയുടെ മേല്‍ക്കോയ്മയില്‍നിന്നും മേല്‍ക്കോ
യ്മാസംവിധാനത്തില്‍നിന്നും രക്ഷപ്പെടാന്‍ അവസരം ലഭിച്ച സഭകള്‍, കേരളസഭയുള്‍പ്പെടെ, 'പൗരസ്ത്യം' എന്ന ലേബലൊട്ടിച്ച്, പാശ്ചാത്യസമ്പ്രദായത്തില്‍ത്തന്നെ വ്യവസ്ഥാപിക്കപ്പെടുകയാണുണ്ടായത്. പാശ്ചാത്യസങ്കല്പപ്രകാരമുള്ള അതേ പുരോഹിത മേല്‍ക്കോയ്മാസംവിധാനം പൗരസ്ത്യകാനോന്‍ നിയമത്തിന്റെ ബലത്തില്‍ കൂടുതല്‍ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നു.
ഈ സാഹചര്യമാണ്, ചര്‍ച്ച് ആക്ട് എന്ന ആശയം ഉടലെടുക്കാന്‍ കാരണമാക്കിയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കേരളസഭയുടെ പള്ളിയോഗസമ്പ്രദായം വീണ്ടെടുക്കുന്നതില്‍ നമ്മുടെ മെത്രാന്മാര്‍ വിവേകത്തോടും സഭാസ്‌നേഹത്തോടുംകൂടി സഹകരിച്ചിരുന്നെങ്കില്‍, സഭാസ്വത്തുക്കള്‍ ഭരിക്കാന്‍ ഒരു നിയമം നിര്‍മ്മിച്ചുതരണമെന്ന ആവശ്യം ഗവണ്‍മെന്റിനുമുമ്പില്‍ ആരും ഉയര്‍ത്തുമായിരുന്നു എന്നു തോന്നുന്നില്ല. കാരണം, അത് മറ്റൊരു മതസമൂഹത്തിലും ഇല്ലാതിരുന്നത്ര ജനാധിപത്യപരമായിരുന്നു. ഇവിടുത്തെ ഹൈന്ദവസമൂഹം ബ്രാഹ്മണപുരോഹിതാധിപത്യത്തില്‍ അമര്‍ന്നിരുന്ന കാലഘട്ടംമുഴുവനും പരസ്പരതുല്യതയും ജനാധിപത്യവും പ്രഖ്യാപിച്ച് നിലനിന്ന ഒന്നായിരുന്നു, നമ്മുടെ പള്ളിയോഗപാരമ്പര്യം എന്നു നാമോര്‍ക്കണം. കേരളത്തിലെ പ്രബുദ്ധരായ വിശ്വാസി സമൂഹത്തിനുമുമ്പില്‍ ആ മഹത്തായ പാരമ്പര്യത്തെ തള്ളിക്കളയുകയാണ് നമ്മുടെ മെത്രാന്മാര്‍ ചെയ്തത്. സ്വാഭാവികമായും വിശ്വാസിസമൂഹം അടുത്ത വഴി അന്വേഷിച്ചു എന്നുമാത്രം. ഇതുകൊണ്ട് തങ്ങള്‍ക്കുണ്ടായ നഷ്ടമെത്രയെന്ന് നമ്മുടെ മെത്രാന്‍സംഘം ഇന്നോളം മനസ്സിലാക്കിയിട്ടില്ല. ഒന്നാമതായി, സമ്പത്തിലും അധികാരത്തിലും മനസ്സുനട്ട അവര്‍ക്ക്, ആദ്ധ്യാത്മികത നഷ്ടമായി. പിന്നെ, വിശ്വാസിസമൂഹത്തില്‍നിന്നു ലഭിക്കുമായിരുന്ന സ്‌നേഹ-ബഹുമാനങ്ങള്‍ നഷ്ടമായി. പകരം, വിശ്വാസിസമൂഹം അവരെ കൂക്കിവിളിക്കുകയും കോടതി കയറ്റുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ആത്മാവു നഷ്ടപ്പെടുത്തിക്കൊണ്ട് മറ്റുള്ളതെല്ലാം നേടാന്‍ ശ്രമിക്കുന്ന അന്തസ്സാരശൂന്യരുടേതിനു സമാനമായിരിക്കുന്നു, കേരളമെത്രാന്‍ സംഘത്തിന്റെയും പുരോഹിത അനുയായികളുടെയും ഇന്നത്തെ അവസ്ഥ.  സഭാകേന്ദ്രങ്ങളിലേക്കുള്ള നിവേദനസമര്‍പ്പണങ്ങള്‍ നിര്‍ത്തി ഗവണ്‍മെന്റിനെ സമീപിക്കുവാന്‍ പ്രബുദ്ധരായ വിശ്വാസിസമൂഹം തീരുമാനിച്ച നിമിഷംമുതല്‍, ഈ പുരോഹിതദുഷ്പ്രഭുത്വം സാമൂഹികതിരസ്‌കാരത്തിന്റെ രുചി അറിഞ്ഞുതുടങ്ങി. ഇന്നത്, അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. അതിനനുസൃതമായി ചര്‍ച്ച് ആക്ടിനുവേണ്ടിയുള്ള മുറവിളിയും ഉച്ചത്തില്‍ മുഴങ്ങുകയാണ്.
കേരളസഭയുടെ പള്ളിയോഗപാരമ്പര്യവും ചര്‍ച്ച് ആക്ടും
16 നൂറ്റാണ്ടുകാലം അഭംഗുരം നിലനിന്ന കേരളക്രൈസ്തവരുടെ പള്ളിയോഗ സഭാഭരണസമ്പ്രദായത്തെപ്പറ്റി, മെത്രാന്മാരുള്‍പ്പെടെ നമ്മുടെ പുരോഹിതശ്രേഷ്ഠര്‍ എഴുതിവച്ചിട്ടുള്ള നിരവധിയായ ചരിത്രഗ്രന്ഥങ്ങളിലൂടെയും പഠനപ്രബന്ധങ്ങളിലൂടെയും നമുക്ക് വ്യക്തമായൊരു ധാരണ കിട്ടിയിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ചരിത്രപണ്ഡിതനായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതിയിരിക്കുന്നു:
''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു. പ്രാദേശിക താല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം, പേജ്: 198-199).
കേരളക്രൈസ്തവരുടെ സഭാഭരണസമ്പ്രദായമനുസരിച്ച്, സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം മെത്രാന്മാര്‍ക്കോ വൈദികര്‍ക്കോ ആയിരുന്നില്ലെന്നും മറിച്ച്, വിശ്വാസിസമൂഹത്തിനായിരുന്നുവെന്നുമുള്ള ഈ ചരിത്രവസ്തുത റവ. ഡോ. എ.എം. മുണ്ടാടന്‍ (സി.എം.ഐ.), റവ. ഡോ. പ്ലാസിഡ് പൊടിപാറ (സി.എം.ഐ.), റവ. ഡോ. ജോസ് കുറിയേടത്ത്, റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിങ്ങനെ വേറെയും ഒട്ടുവളരെ സഭാചരിത്രകാരന്മാര്‍ തങ്ങളുടെ ആധികാരികപഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
'സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പ്രസ്പഷ്ടമാക്കുന്ന' കേരളക്രൈസ്തവരുടെ പല തട്ടുകളുള്ള ഈ പള്ളിയോഗസമ്പ്രദായം അറിയപ്പെട്ടിരുന്നത് 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (Law of Thomas) എന്നാണ്. അതേക്കുറിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ചു ബിഷപ്പായിരുന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് : ''അവരുടെ (കേരള ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക 'മാര്‍ത്തോമ്മായുടെ നിയമം' (തോമായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം... മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നതാണ്'' (Acts of the Synod of Bishops of the Syro-Malabar Church, page 71-72, തര്‍ജ്ജമ സ്വന്തം).
ഇപ്പോള്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ സഭാസമ്പ്രദായത്തെക്കുറിച്ച്, 'Law of Thomas' എന്ന പേരില്‍ ഒരു പഠനഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ''മാര്‍ത്തോമ്മായുടെ നിയമം ഒരു ക്രൈസ്തവജീവിതസമ്പ്രദായമെന്ന നിലയില്‍, ക്രിസ്തുവിലും അവിടുത്തെ പ്രബോധനങ്ങളിലും അധിഷ്ഠിതമായിരുന്നു'' എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യപ്രകാരമുള്ള സഭാഭരണസമ്പ്രദായം എപ്രകാരമുള്ളതായിരുന്നു എന്ന് അതില്‍ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം. - മലബാര്‍/മലങ്കരസഭയുടെ മഹായോഗം അഥവാ പൊതുയോഗം അല്ലെങ്കില്‍ പള്ളിയോഗം'' - (Law of Thomas, page : 41-42, തര്‍ജ്ജമ സ്വന്തം).
നിര്‍ദ്ദിഷ്ട ട്രസ്റ്റ്ബില്‍ വിഭാവനം ചെയ്തിരിക്കുന്നത് 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ അതേ മാതൃകയില്‍ മൂന്നു തലങ്ങളിലുള്ള യോഗസമ്പ്രദായമാണ് എന്ന് അതു പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. ചുരുക്കത്തില്‍, കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തിന്റെ കാലാനുസൃതമായ പുനരാവിഷ്‌കാരമാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതു മനസ്സിലാക്കാന്‍ നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ടിന്റെ ഉള്ളടക്കം എന്താണെന്ന് നോക്കിയാല്‍ മതി. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അതില്‍ കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്:
''സഭയുടെ ലൗകികകാര്യങ്ങളുടെയും സമ്പത്തിന്റെയും കൂടുതല്‍ ജനാധിപത്യപരവും കാര്യക്ഷമവും നീതിയുക്തവുമായ ഭരണസംവിധാനമാണ് ബില്‍ ലക്ഷ്യംവയ്ക്കുന്നത്. നിയമപ്രകാരം രൂപീകരിക്കുന്ന ക്രിസ്തീയകാരുണ്യട്രസ്റ്റുകളും കമ്മിറ്റികളുമായിരിക്കും സഭാസ്വത്തുക്കളുടെ ഭരണം നടത്തുന്നത്. പുരാതനകാലം മുതലേ കേരളത്തിലെ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനംപോലെ കൈകാര്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല എന്നത് പല വിധത്തിലുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്.  ഈ സാഹചര്യത്തില്‍, സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന് ഒരു ജനാധിപത്യചട്ടക്കൂടു രൂപപ്പെടുത്തി, ലൗകികസ്വത്തുക്കളുടെ ഭരണം ബൈബിളധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃക (Christian Modality)യിലേക്കു കൊണ്ടു വരുന്നതിന് ഈ ബില്‍ ഉദ്ദേശിക്കുന്നു.
സഭാസമൂഹത്തെ പല തലങ്ങളായി തിരിച്ച് ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ഈ ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും അടിസ്ഥാനഘടകം ഇടവകയാണ്. അതിനു മുകളിലായി രൂപത അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്. ഏറ്റവും മുകളിലായി സംസ്ഥാനഘടകം. അടിസ്ഥാനഘടകമായ ഇടവകകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള ഈ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ഈ മൂന്നുതലങ്ങളിലുമുള്ള ട്രസ്റ്റ് അംഗങ്ങളെയും ട്രസ്റ്റ് കമ്മിറ്റികളെയും മാനേജിംഗ് കമ്മിറ്റികളെയും തെരഞ്ഞെടുക്കുന്നു.''
കൂടാതെ, 'സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയുംപറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ലെ'ന്നു പ്രസ്താവിക്കുന്നുമുണ്ട,് ഇതില്‍.
ഈ ട്രസ്റ്റ് ബില്‍ അനുസരിച്ച്:
1. ഓരോ ഇടവകയിലെയും 18 വയസ്സിനുമേലുള്ള എല്ലാ സ്ത്രീപുരുഷന്മാരും ഇടവക ട്രസ്റ്റ് അസംബ്ലി (ഇടവക പൊതുയോഗം) അംഗങ്ങളാണ്. അവരാണ്, അവര്‍ തെരഞ്ഞെടുക്കുന്ന  ട്രസ്റ്റ്  കമ്മറ്റിക്കാരിലൂടെയും ട്രസ്റ്റിമാരിലൂടെയും (കൈക്കാരന്മാര്‍)  തങ്ങളുടെ പള്ളിസ്വത്തുക്കളും സ്ഥാപനങ്ങളും പള്ളിയോഗതീരുമാനപ്രകാരം ഭരിക്കുക. ഇടവക ട്രസ്റ്റ് അസംബ്ലി (പൊതുയോഗം)ക്കും ട്രസ്റ്റ് കമ്മറ്റിയോഗത്തിനും വികാരി ആധ്യക്ഷ്യം വഹിക്കുന്നു.
2. രൂപതാ ട്രസ്റ്റ് അസംബ്ലിയിലേക്ക് ഓരോ ഇടവകയിലെയും 300 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ പ്രതിനിധികളെ ഇടവകപൊതുയോഗം തെരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ രൂപതാ ട്രസ്റ്റ് അസംബ്ലി തങ്ങളില്‍നിന്ന് 25 പേരുടെ ഒരു രൂപതാ ട്രസ്റ്റ് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നു. ഈ കമ്മറ്റിയാണ് രൂപതാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം നിര്‍വഹിക്കേണ്ടത്. രൂപതാ ട്രസ്റ്റ് അസംബ്ലിയുടെയും ട്രസ്റ്റ് കമ്മറ്റിയുടെയും യോഗങ്ങള്‍ക്ക് മെത്രാനാണ് ആധ്യക്ഷ്യംവഹിക്കുക.
3. സംസ്ഥാനതലത്തില്‍, ആകമാന വ്യക്തിസഭാതല (ഉദാ: സീറോ-മലബാര്‍ സഭ) ട്രസ്റ്റ് അസംബ്ലി യിലേക്ക് ഓരോ ഇടവകയും ഓരോ അംഗത്തെ തെരഞ്ഞെടുത്ത് അയയ്ക്കുന്നു (കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവനുസരിച്ച് പ്രതിനിധികളുടെ എണ്ണം കൂടാം). വ്യക്തിസഭകളുടെ ഭൗതികഭരണനിര്‍വഹണം ഈ ട്രസ്റ്റ് അസംബ്ലി തെരഞ്ഞെടുക്കുന്ന 101 അംഗങ്ങളുടെ ട്രസ്റ്റ് കമ്മറ്റിയില്‍ നിക്ഷിപ്തമാണ്. ഈ യോഗത്തിന് ആദ്ധ്യക്ഷ്യം വഹിക്കുന്നത് ആകമാനവ്യക്തിസഭകളുടെ തലവനായിരിക്കും.
ഈ എല്ലാ തലങ്ങളിലും, തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര കണക്കുപരിശോധകര്‍ (internal auditors) ഉണ്ടായിരിക്കും. രൂപതാതലത്തിലും വ്യക്തിസഭാതലത്തിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെക്കൊണ്ടും കണക്കുകള്‍ പരിശോധിപ്പിക്കണം. എല്ലാ തലത്തിലുമുള്ള കണക്കുകള്‍ സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയോടെ ഗവണ്‍മെന്റ് നിയോഗിക്കുന്ന സഭാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയുംവേണം -ചര്‍ച്ച് ആക്ടിന്റെ രത്‌നച്ചുരുക്കം ഇതാണ്. 
ഇങ്ങനെ, ഇടവകതലത്തിലും രൂപതാതലത്തിലും സംസ്ഥാനതലത്തിലും വിശ്വാസിസമൂഹത്തിന്റെ പ്രതിനിധികളുടേതായ ട്രസ്റ്റുകള്‍ രൂപീകരിക്കണമെന്നും സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണത്തിന് ഈ ട്രസ്റ്റുകളെ ചുമതലപ്പെടുത്തണമെന്നും വ്യവസ്ഥചെയ്തുള്ള ഒരു നിയമനിര്‍മ്മാണനിര്‍ദ്ദേശമാണ് ചര്‍ച്ച് ആക്ട് എന്നറിയപ്പെടുന്ന (The Kerala Christian Church Properties and Institutions Trust Bill).
            ഇത്രയും പറഞ്ഞതിന്റെ വെളിച്ചത്തില്‍ത്തന്നെ, നമ്മുടെ പരമ്പരാഗതപള്ളിയോഗസമ്പദായവും നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട് വിഭാവനംചെയ്യുന്ന സഭാഭരണസംവിധാനവുംതമ്മില്‍ ഒരു താരതമ്യപഠനം നടത്താനും, അവയുടെ അന്തഃസത്തയില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെന്നു കണ്ടെത്താനും ആര്‍ക്കും സാധിക്കും. ഈ സഭയുടെ പൂര്‍വ്വപാരമ്പര്യമായ പള്ളിയോഗഭരണസമ്പ്രദായത്തെ നിയമമായി പ്രഖ്യാപിക്കുന്നു എന്നേയുള്ളു, ഇവിടെ. മുമ്പ്, ഇടവകകളും രൂപതകളും വ്യക്തിസഭകളും ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍, ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ അവ ഇനി രജിസ്റ്റര്‍ ചെയ്യപ്പെടും. ഗവണ്‍മെന്റുമായി ബന്ധപ്പെടാന്‍ ഇനിയൊരു സഭാകമ്മീഷണര്‍ ഉണ്ടാകും എന്നൊരു വ്യത്യാസവുമുണ്ട്. ഉണ്ടാകാന്‍പോകുന്ന മറ്റൊരു മാറ്റം, മുമ്പ് കുടുംബനാഥന്മാര്‍ക്കുമാത്രമേ യോഗാംഗത്വമുണ്ടായിരുന്നുള്ളുവെങ്കില്‍, ഇനിയത് 18 വയസ്സുതികഞ്ഞ എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും ഉണ്ടാകും എന്നതാണ്.
ആകെമൊത്തം നോക്കുമ്പോള്‍, ചര്‍ച്ച് ആക്ടിലൂടെ സംഭവിക്കുന്നത്, ഭാരതസഭയ്ക്കു കൈമോശം വന്നിരുന്ന പള്ളിയോഗ സഭാഭരണസമ്പ്രദായത്തിന്റെ കാലാനുസൃതപുനഃസ്ഥാപനംതന്നെയാണ്. ഉദയംപേരൂര്‍ സൂനഹദോസിലൂടെ ഈ സഭയ്ക്കു നഷ്ടപ്പെട്ട ഭാരതീയത്തനിമയുടെ വീണ്ടെടുപ്പുകൂടിയാണിത്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ പോര്‍ട്ടുഗീസുകാര്‍ നടത്തിയ ആധിപത്യശ്രമങ്ങള്‍ക്കെതിരെ ഒരു നൂറ്റാണ്ടുകാലം പൊരുതി പരാജയപ്പെട്ട നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ക്ക് നാം നേടിക്കൊടുക്കുന്ന മഹത്തായ ഒരു വിജയമകുടവുമാണിത്. പാശ്ചാത്യരീതിയിലുള്ള സഭാധികാരത്തെ ഇനിമേല്‍ അനിസരിക്കില്ലെന്ന ശപഥംചെയ്തു നടത്തിയ കൂനന്‍കുരിശു സത്യത്തെ വഞ്ചിച്ച നമ്മുടെ പിതാമഹന്മാര്‍ക്കുള്ള ശാപമോക്ഷവുമാണിത്. ഈ സഭയുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിദേശകാനോന്‍നിയമത്തിലെ അധീശത്വവകുപ്പുകളെ മറികടക്കലാണിത്. അക്രൈസ്തവമായ റോമന്‍ അധികാരഘടനയെ സഭയില്‍നിന്ന് ഉച്ചാടനംചെയ്യലും, യേശുവിന്റെ ശുശ്രൂഷാഘടനയെ സഭയിലേക്ക് ആവാഹിക്കലുമാണിത്...
അതുകൊണ്ട്, ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള നമ്മുടെ പരിശ്രമങ്ങളെ ആരും വിലകുറച്ചു കാണേണ്ടതില്ല. ചരിത്രത്തിലിടംപിടിക്കുന്ന മഹത്തായ ഒരു സ്വാതന്ത്ര്യസമരമാണത്; സുബോധമുള്ള എല്ലാവരും അണിചേരേണ്ട സ്വാതന്ത്ര്യസമരം!   
 - എഡിറ്റര്‍

No comments:

Post a Comment