Translate

Saturday, June 2, 2018

മതേതര ഇന്ത്യയുടെ കറുത്ത ക്രിസ്ത്യാനികളും വിവേചനങ്ങളും




ജോസഫ് പടന്നമാക്കൽ 

ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലു വർണ്ണങ്ങളുൾപ്പെടുന്നതാണ് ഹിന്ദുമതം. ഇതുകൂടാതെ ചാതുർവർണ്ണ്യങ്ങൾക്കു  വെളിയിലായി അധഃകൃതരായി കരുതുന്ന അഞ്ചാമതൊരു വർഗമാണ് ദളിതർ അഥവാ തൊട്ടുകൂടാ ജാതികൾ. ദളിതർ ക്രിസ്തുമതം സ്വീകരിച്ചതോടെ അവരെ ഇന്ത്യയിലെ നിയമം അനുസരിച്ച് അധഃകൃത വിഭാഗമായി കരുതുന്നില്ല. ഹിന്ദു ദളിതരെക്കാളും പീഢിപ്പിക്കപ്പെടുന്ന വലിയ ഒരു സമുദായമാണ്, 'ക്രിസ്ത്യൻ ദളിതർ'. ഹൈന്ദവമതത്തിലെ ജാതി വ്യവസ്ഥയിൽ നിന്നും പീഢനങ്ങളിൽ നിന്നും രക്ഷപെടാനായിരുന്നു അവർ ക്രിസ്ത്യാനികളായത്. എന്നാൽ മതം മാറിയ ശേഷം രണ്ടുതരത്തിലാണ്, ദളിതർ   പീഢിപ്പിക്കപ്പെടുന്നത്. ആദ്യം, തീവ്ര ചിന്താഗതിക്കാരായ ഹൈന്ദവരിൽ നിന്നും ക്രിസ്ത്യാനികളെന്ന നിലയിൽ പീഢനങ്ങൾ ഏറ്റു വാങ്ങണം. രണ്ടാമത് ജാതിവ്യവസ്ഥയുടെ പേരിൽ സ്വന്തം മതമായ ക്രിസ്ത്യാനികളിൽനിന്നും അവഗണനകൾ സഹിക്കണം.

സമൂഹത്തിൽ ഹിന്ദു ദളിതരുടെയും ക്രിസ്ത്യൻ ദളിതരുടെയും തമ്മിലുള്ള സാംസ്ക്കാരിക ചരിത്രത്തിൽ വലിയ അന്തരമില്ല. ദളിത ഹിന്ദുവെന്നോ ദളിത ക്രിസ്ത്യാനിയെന്നോ അറിയപ്പെടാത്ത കാലങ്ങളിൽ അവരുടെ പൂർവിക തലമുറകൾ ജാതിവ്യവസ്ഥയുടെ അടിമപ്പാളയത്തിൽ കഴിഞ്ഞവരായിരുന്നു.  ഉന്നത ജാതികളിൽനിന്നുമുള്ള വിവേചനത്തോടെ മാത്രമേ ഒരു ദളിതനു ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ. ഓരോ ദിവസവും അവർ കടന്നുപോവുന്നത്! മനുഷ്യൻ മനുഷ്യനെ വിലകല്പിക്കാത്ത വിവേചനത്തിന്റെ ലോകത്തിൽക്കൂടിയാണ്.

ഇന്ത്യയിൽ ജനസംഖ്യയുടെ രണ്ടു ശതമാനം ക്രിസ്ത്യാനികളുണ്ടെന്നാണ് സ്ഥിതിവിവര കണക്കുകൾ പറയുന്നത്. അവരിൽ 70  ശതമാനത്തോളം ദളിതരാണ്.  ദളിതർക്ക് പ്രത്യേകമായ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യാനികളും മുസ്ലിമുകളുമായ ദളിതർക്ക് അത്തരം പരിഗണകൾ ഇന്ത്യൻ ഭരണഘടനയിൽ നിഷേധിച്ചിരിക്കുന്നു. അവരെ അധഃകൃത (ഷെഡ്യൂൾഡ് കാസ്റ്റ്) സമുദായത്തിലുൾപ്പെടുത്താതെ പിന്നോക്ക സമുദായമായി കരുതുന്നു. ഇത് 'ദളിത ക്രിസ്ത്യാനി' എന്ന പ്രശ്‍നം മാത്രമല്ല തികച്ചും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തുള്ള അനീതികൂടിയാണ്. ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയിൽനിന്നും ഓടി രക്ഷപ്പെടാനാണ് ദളിതരിൽ ഭൂരിഭാഗം ക്രിസ്തുമതത്തിലേക്ക് മത പരിവർത്തനം ചെയ്തത്. എന്നാൽ ഒരിക്കൽ ദളിതർ ക്രിസ്ത്യാനിയായാൽ മുമ്പുള്ളതിനേക്കാളും കഠിനമായ യാതനകൾ സവർണ്ണ ക്രിസ്ത്യാനികളിൽ നിന്നും ദളിത ക്രിസ്ത്യാനികൾ അനുഭവിക്കേണ്ടി വരുന്നു.

തമിഴ് നാട്ടിലെയും ആന്ധ്രയിലെയും തെലുങ്കാനയിലെയും നിയമം അനുസരിച്ച് ക്രിസ്ത്യൻ ദളിതരും സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് അർഹരാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം ജില്ലാ കളക്റ്റർമാർ ക്രിസ്ത്യൻ ദളിതർക്ക് ആനുകൂല്യങ്ങൾ നിക്ഷേധിക്കുന്നു. അവരുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തിയാലും അധികൃത സ്ഥാനത്തുനിന്ന് യാതൊരു പ്രതികരണവും ലഭിക്കാറില്ല. 1950 മുതൽ ക്രിസ്ത്യൻ ദളിതർക്കും 'ദളിത സ്റ്റാറ്റസ്' നൽകണമെന്ന മുറവിളി നടക്കുന്നു. ഇന്നും ദളിത ക്രിസ്ത്യാനികളുടെ കാര്യത്തിൽ സുപ്രീം കോടതിയിൽ തീരുമാനമാകാതെ കേസ് ഫയലിൽ തന്നെ കിടക്കുന്നു. മതത്തിന്റെ പേരിൽ പൗരാവകാശം നിക്ഷേധിക്കപ്പെടുന്നത് അനീതിയാണെന്ന് ക്രിസ്ത്യാനി ദളിതരും മുസ്ലിം ദളിതരും ഒരുപോലെ വാദിക്കുന്നു.

ഔദ്യോഗികമായ ഇന്ത്യയുടെ രേഖകളിൽ, ദളിത ക്രിസ്ത്യാനികൾ എന്ന ഒരു അസ്തിത്വമില്ല. ഒരുവന് ദളിതനും ക്രിസ്ത്യാനിയും ഒരേസമയത്ത് ആവാൻ സാധിക്കില്ലെന്നതാണ് കാരണം. ഒരു ക്രിസ്ത്യാനിയെന്നു പറഞ്ഞാൽ ഹിന്ദുവായിരുന്നപ്പോഴുള്ള ജാതി വിവേചനം ഇല്ലാതാക്കി,  മനുഷ്യരെല്ലാം തുല്യരാണെന്നുള്ള ക്രിസ്തുവിന്റെ തത്ത്വം ഉൾക്കൊള്ളുകയെന്നതാണ്. ഹൈന്ദവ മതം ഉപേക്ഷിക്കുന്നതോടെ ജാതി വിവേചനവും ഉപേക്ഷിക്കേണ്ടതായുണ്ട്. ദൗർഭാഗ്യകരമെന്നു പറയട്ടെ,  ഇന്ത്യയിൽ ക്രിസ്ത്യാനിയായി മതം മാറുന്ന ഒരാളിന്റെ അവസ്ഥ അങ്ങനെയല്ല. ഇന്ത്യൻ വ്യവസ്ഥയിലും സംസ്‌കാരത്തിലും ജാതി ചിന്തകൾ അലിഞ്ഞു ചേർന്നിരിക്കുന്നു. അതിൽനിന്ന് ദളിതൻ ക്രിസ്ത്യാനിയായാലും രക്ഷപെടാൻ സാധിക്കില്ല. സമൂഹത്തിൽ ദളിത ക്രിസ്ത്യാനിയും അടിച്ചമർത്തപ്പെട്ടവനായി ജീവിക്കണം. മതപരിവർത്തനം ചെയ്തവർ ക്രിസ്ത്യാനിയായാൽ വിവേചനം അവസാനിക്കുമെന്നും ചിന്തിക്കുന്നു. എന്നാൽ അവരുടെ പ്രതീക്ഷകൾ അസ്ഥാനത്തായി ദളിതൻ വീണ്ടും അടിമപ്പാളയത്തിൽ വീഴുകയാണ് ചെയ്യുന്നത്. ഏതു മതത്തിൽ പോയാലും ഒപ്പം ജാതി വിവേചനത്തിന്റെ ലേബലും കാണും. പള്ളിയും ജാതി ചിന്ത പോഷിപ്പിക്കുന്നതു കാണാം.

തലമുറകളായി ഈ മണ്ണിൽത്തന്നെ ജനിച്ചുവളർന്ന ഒരു ദളിതനെ ഇന്ത്യനെന്നതിനേക്കാൾ കൂടുതൽ അറിയപ്പെടുന്നത് ദളിതനായിട്ടാണ്. അതേ സമയം ക്രിസ്ത്യനിയായും അറിയപ്പെടുന്നു. കൃസ്തുമതം ഒരു വിദേശമതമായിട്ടാണ് വർഗീയ വാദികളായ ഹിന്ദുക്കൾ കരുതുന്നത്. അതുമൂലം ഒരു ദളിതന് ദളിതനെന്ന നിലയിലും ക്രിസ്ത്യാനിയെന്ന നിലയിലും സ്വന്തം രാജ്യത്തു ജീവിക്കണമെങ്കിൽ ഉയർന്ന ജാതികളോടും സവർണ്ണ ക്രിസ്ത്യാനികളോടും ഒരുപോലെ മല്ലിട്ടു ജീവിക്കണം. ക്രിസ്ത്യാനിയായാലും സവർണ്ണ ക്രിസ്ത്യാനികളും ഉയർന്ന ജാതികളിലുള്ള ഹിന്ദുക്കളും അവരെ തൊട്ടു കൂടാ ജാതികളായി മാത്രമേ കരുതുകയുള്ളൂ. ദളിത ക്രിസ്ത്യാനികൾ സവർണ്ണ ഹിന്ദുക്കളുടെ സഹായം ആവശ്യപ്പെട്ടാൽ അവരെ പുച്ഛിച്ചു അസഭ്യ വാക്കുകൾ പറഞ്ഞു അപമാനിക്കുന്നതും നിത്യ സംഭവങ്ങളാണ്. "നീ എന്തിനാണ് സഹായം ചോദിച്ചു ഇവിടെ വന്നത്? സഹായത്തിന് നിന്റെ പാതിരിയുടെ അടുത്തു പോവൂ, അല്ലെങ്കിൽ സഹായം തേടി ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോവുമെന്നെല്ലാം' ശകാര വാക്കുകൾകൊണ്ട് അഭിഷേകം ചെയ്യും. ഹിന്ദു ദളിതർ ക്ലേശം അനുഭവിക്കുന്നതിന്റെ ഇരട്ടി ക്രിസ്ത്യൻ ദളിതർ അനുഭവിക്കേണ്ട സാമൂഹിക വ്യവസ്ഥിതിയാണ് ഇന്ത്യയിൽ നിലവിലുള്ളത്.

ഇന്ത്യയിലെ ക്രിസ്ത്യൻ പള്ളികളിൽ വിവേചനം വന്നതെങ്ങനെയെന്നുള്ളത് വിസ്മയകരമായ ഒരു ചോദ്യമാണ്. മിഷനറിമാരുടെ കാലത്താണ് ഇതിന്റെ ആരംഭം. ആദ്യകാലത്തെ മിഷ്യനറിമാർ ക്രിസ്തുമതത്തിനു തുടക്കമിട്ടെങ്കിലും അവർക്ക് വർണ്ണ വിവേചനം അവസാനിപ്പിക്കാൻ സാധിച്ചില്ല. കൂടാതെ മതം പ്രചരിപ്പിക്കാൻ പാരമ്പര്യ ക്രിസ്ത്യാനികളുടെ സഹായം ആവശ്യമായിരുന്നു. അങ്ങനെ ക്രിസ്ത്യാനികളുടെയിടയിൽ വലിയവനെന്നുള്ള ചിന്തകൾ സൃഷ്ടിച്ചതും മിഷ്യനറിമാരാണ്. അതുകൊണ്ടാണ് അംബേദ്ക്കർ കൂടെക്കൂടെ മിഷ്യനറിമാരെ വിമർശിച്ചുകൊണ്ടിരുന്നത്. ഹൈന്ദവ ദൈവങ്ങളുടെ ബിംബങ്ങളെ മിഷ്യനറിമാർ എതിർത്തെങ്കിലും ഉന്നത ക്രിസ്ത്യാനികളുടെ ജാതി വ്യവസ്ഥയെന്ന ബിംബത്തെ തകർക്കാനായി അവർ ഒന്നും പ്രവൃത്തിച്ചിട്ടില്ല. കാലം കഴിയുംതോറും വിവേചനം വർദ്ധിച്ചിട്ടേയുള്ളൂ. പോരാഞ്ഞ്, സവർണ്ണ ക്രിസ്ത്യാനികൾ മാറ്റങ്ങൾ ആഗ്രഹിക്കുന്നില്ല.  ദളിതരെ താണവരായി കരുതണമെന്നുള്ള ചിന്ത ഭൂരിഭാഗം സവർണ്ണ ക്രിസ്ത്യാനികളുടെയിടയിൽ പ്രകടമാണ്. ദളിതരെ പീഢിപ്പിച്ച് അധികാരം മുഴുവൻ സവർണ്ണരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു.

സവർണരുമൊത്ത് ദളിതർക്ക് ആരാധന സ്വാതന്ത്ര്യമില്ല. സവർണ്ണർക്കും അവർണ്ണർക്കും ഒരു ക്രിസ്തു മാത്രമേയുള്ളൂവെന്ന സത്യം മറക്കുന്നു.  അതേ ക്രിസ്തുവിന്റെ ദേവാലയത്തിൽ സവർണ്ണ ക്രിസ്ത്യാനികളുടെ ഇരിപ്പടങ്ങളിൽനിന്നും അകന്ന് ദളിതൻ പ്രത്യേകമായ ഒരു സ്ഥലത്തിരിക്കണം. സാധാരണ അവർ പള്ളിയുടെ തറയിലായിരിക്കും ഇരിക്കുന്നത്. ദളിതർ കുർബാന കൈക്കൊള്ളുന്നുണ്ടെങ്കിൽ പുരോഹിതൻ നൽകുന്ന വൈൻ കുടിക്കാൻ അവർക്ക് അനുവാദമില്ല. ദളിതന്റെ ചുണ്ടുകൾ സ്പർശിക്കുന്നമൂലം വൈൻ നിറച്ചിരിക്കുന്ന കാസാ അശുദ്ധമാകുമെന്നു സവർണ്ണ ക്രിസ്ത്യാനികൾ ചിന്തിക്കുന്നു. പള്ളികളുടെ പെരുന്നാളുദിനങ്ങളിലുള്ള  ഘോഷയാത്രകൾ ദളിതർ വസിക്കുന്ന തെരുവുകളിൽക്കൂടി പോവില്ല. ചില പള്ളിക്കുള്ളിൽ ദളിതരുടെ മൃതശരീരം പോലും കയറ്റുവാൻ അനുവദിക്കില്ല. ദളിതന്റെ ശവ സംസ്ക്കാര ചടങ്ങുകൾക്ക് പുരോഹിതർ സംബന്ധിക്കാത്ത സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. പള്ളിക്കുള്ളിൽ ദളിതർക്കായി കുർബാന ചൊല്ലാനും അനുവദിക്കില്ല.

തമിഴ്നാട്ടിലുടനീളം ദളിത ക്രിസ്ത്യാനികൾക്കായി പ്രത്യേകമായ സെമിത്തേരികളുണ്ട്. തമിഴ്‌നാട്ടിൽ തൃശ്നാപ്പള്ളി പട്ടണത്തിന്റെ നടുക്കുതന്നെ കത്തോലിക്കരുടേതായ ഒരു സെമിത്തേരി കാണാം.  സെമിത്തേരിയുടെ ഒരു വശം ദളിതരുടെ മൃതദേഹം മറവുചെയ്യാനായി മതിലുകൊണ്ടു മറ ച്ചിരിക്കുന്നു. ഇതിൽക്കൂടുതൽ ദളിതരോടുള്ള വിവേചനത്തിന് എന്തു തെളിവ് വേണം! മരണത്തിൽപ്പോലും ദളിതന് പാരതന്ത്ര്യത്തിൽനിന്നും മുക്തിയില്ലെന്നാണോ? അതേ സമയം ക്രിസ്ത്യൻ ദളിതരിൽ വിവേചനമില്ലെന്ന് കത്തോലിക്ക സഭ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ദളിതർക്ക് സെമിത്തേരി പ്രത്യേകം വേർതിരിച്ചു പണി കഴിപ്പിച്ചിരിക്കുന്നതിൽ വത്തിക്കാനിൽനിന്നു പോലും നാളിതുവരെ പ്രതികരണമുണ്ടായിട്ടില്ല. ആറു പതിറ്റാണ്ടുകൾക്കു മുമ്പാണ് ഈ സെമിത്തേരി പണി കഴിപ്പിച്ചത്. ഇത് മനുഷ്യത്വപരമല്ലെന്നും മതിലുകൾ അവിടെനിന്നു പൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പെരിയാർ സ്ഥാപിച്ച സംഘടനായ ദ്രാവിഡ മുന്നേറ്റം കഴകം പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അത്തരം വേർതിരിച്ചുള്ള ദളിതർക്കുവേണ്ടിയുള്ള ശവസംസ്ക്കാരാചാരങ്ങൾ ആധുനിക സമൂഹത്തിനു തന്നെ ലജ്‌ജാവഹമാണ്. വിവേചനം നിറഞ്ഞ ഈ സെമിത്തേരിയിൽ ശവ സംസ്ക്കാരച്ചടങ്ങുകൾക്കായി പുരോഹിതർ എത്തുന്നതും ക്രിസ്തീയതയ്ക്കു തന്നെ കളങ്കവുമാണ്.

ഇന്ത്യയിൽ മൊത്തം ക്രിസ്ത്യാനികളിൽ എഴുപതു ശതമാനം ദളിതരാണെങ്കിലും സഭയുടെ നേതൃത്വ സ്ഥാനങ്ങളിലുള്ള ദളിതർ നാലു ശതമാനം പോലുമില്ല. സെമിനാരിയിൽ പുരോഹിതനാകാൻ ആഗ്രഹിക്കുന്ന ദളിത കുട്ടികൾക്ക് പ്രവേശനം വളരെ അപൂർവമായേ നൽകാറുള്ളൂ. ഇരുന്നൂറിൽപ്പരം  ബിഷപ്പുമാരിൽ ഒരു ഡസനിൽത്താഴെ ദളിത ബിഷപ്പുമാർ മാത്രമേ ഇന്ത്യൻ കത്തോലിക്ക സഭയ്ക്കുള്ളൂ. ഇത്തരം വിവേചനങ്ങൾക്കെതിരെ കാലാ കാലങ്ങളായി ദളിതർ പ്രതികരിക്കാറുണ്ടെങ്കിലും അടഞ്ഞ ചെവികളിൽക്കൂടി മാത്രമേ സഭാധികാരികൾ അവരുടെ ശബ്ദം ശ്രവിക്കാറുള്ളൂ. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സി.ബി.സി.ഐ ദളിത വിവേചനത്തെ എതിർക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ദളിതരോടുള്ള വിവേചനത്തിനെതിരെ ഫലപ്രദമായി യാതൊന്നും ചെയ്യുന്നില്ല.

ദളിതർ ഭൂരിപക്ഷമുള്ള രൂപതകളുടെ ബിഷപ്പുമാരും സാധാരണ സവർണ്ണ ക്രിസ്ത്യാനികളിൽനിന്നുമുള്ള ഒരാളായിരിക്കും.  തമിഴ് നാട്ടിലെ കത്തോലിക്കരുടെ കാര്യം തന്നെ എടുക്കുകയാണെങ്കിലും അവിടെയുള്ള എഴുപതു ശതമാനം ക്രിസ്ത്യാനികളും ഹിന്ദുക്കളിൽനിന്ന് മത പരിവർത്തനം ചെയ്തവരാണെന്നു കാണാം. എന്നാൽ ഇരുപതിൽപ്പരം ബിഷപ്പുമാർ തമിഴ്നാട്ടിലുള്ളതിൽ അവരിൽ ദളിതർ നാലു പേരു മാത്രമാണുള്ളത്. ഭൂരിഭാഗം സ്ഥലങ്ങളിലും സവർണ്ണ ക്രിസ്ത്യാനികൾ അവരുടെ സമുദായത്തിൽ നിന്നും ബിഷപ്പിനെ വേണമെന്ന് പ്രചരണവും നടത്തുന്നു. ദളിത് ക്രിസ്ത്യനായ ബിഷപ്പുണ്ടെങ്കിൽ തന്നെയും ദളിതരുടെ പുരോഗതിക്കായി അദ്ദേഹത്തിന് കാര്യമായി ഒന്നും തന്നെ ചെയ്യാനും സാധിക്കില്ല.

സഭയുടെ അധികാരസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ദളിതർക്ക് സ്ഥാന മാനങ്ങൾ കൊടുക്കാൻ സഭ തയ്യാറല്ല. അതേ സമയം ക്രിസ്ത്യൻ സഭാനേതൃത്വം ദളിതരെ പ്രീതിപ്പെടുത്താൻ ക്രിസ്ത്യൻ ദളിതർക്കും സർക്കാർ ജോലികളിൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഇന്ത്യൻ നിയമത്തിൽ ക്രിസ്ത്യൻ ദളിതരെ അവഗണിച്ച നിയമവ്യവസ്ഥകൾ ദളിത ക്രിസ്ത്യാനികളുടെ ദൈനം ദിന ജീവിതത്തെയും അവരുടെ ഭാവിയെയും ബാധിക്കുന്നു. സ്‌കൂളിലും കോളേജിലും ജോലിക്കാര്യങ്ങളിലും ക്രിസ്ത്യൻ ദളിതർക്ക് റിസേർവേഷൻ ലഭിക്കില്ല. വിദ്യാഭ്യാസ കാര്യങ്ങളിലും ജോലി കാര്യങ്ങളിലും റിസർവേഷൻ ഹിന്ദു ദളിതർക്ക് മാത്രമാണുള്ളത്. ഇത് ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. 1950-ലെ ഇന്ത്യൻ പ്രസിഡന്റിന്റെ വിളംബരപ്രകാരം അത്തരം ആനുകൂല്യങ്ങൾ മുസ്ലിം ദളിതർക്കും ക്രിസ്ത്യൻ ദളിതർക്കും നിഷേധിച്ചിരിക്കുന്നു. ഭരണഘടനയുടെ മറ്റൊരു നിയമമനുസരിച്ച് ജാതി വിവേചനം കുറ്റകരമാണ്. ആ സ്ഥിതിക്ക് ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന സഭയും കുറ്റക്കാരാണ്. കൃസ്ത്യൻ ദളിതർക്കും മുസ്ലിം ദളിതർക്കും റിസർവേഷൻ നിഷേധിക്കുന്ന വഴി ജാതി മത ഭേദമെന്യേ സമത്വമെന്ന തത്ത്വത്തെ ഇന്ത്യൻ ഭരണഘടന തന്നെ നിഷേധിക്കുന്നു.

തമിഴ് നാട്ടിൽ പള്ളികളുടെ ഭരണസംവിധാനങ്ങളിൽ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് ദളിതർ സമരങ്ങളും പ്രകടനങ്ങളും നടത്തിയിരുന്നു. അതുമൂലം പള്ളികളുടെ പ്രവർത്തനം സ്തംബിപ്പിക്കുകയുമുണ്ടായി. ദളിതർ പൊയ്ക്കൊണ്ടിരുന്ന പല പള്ളികളും അടച്ചിടേണ്ടിയും വന്നു.  ഇതിൽനിന്നും മനസിലാക്കേണ്ടത് ഇന്ത്യയിൽ ക്രിസ്തുമതത്തിനും ജാതി വ്യവസ്ഥ തുടച്ചുമാറ്റാൻ കഴിയുകയില്ലെന്നാണ്. ഉയർന്ന ജാതികളിൽ നിന്ന് ക്രിസ്ത്യാനികളായി മതം മാറുന്നവരും അവരുടെ സങ്കുചിത മനസുമായി മാത്രമേ ജീവിക്കാൻ ആഗ്രഹിക്കുകയുള്ളൂ. ദളിത ക്രിസ്ത്യാനികൾ സവർണ്ണ ക്രിസ്ത്യാനികളിൽ നിന്നു മോചിതരാകാൻ സമരം ചെയ്തുകൊണ്ടിരിക്കുന്നു. പ്രതീക്ഷകളാണ് അവരെ വിപ്ലവമാർഗങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വഴികൾ ഇന്നും ബഹുദൂരമാണ്. കാരണം, ക്രിസ്ത്യൻ ദളിതർ വിവേചനം നേരിടുന്നത് മൂന്നു സമരമുഖങ്ങളിൽക്കൂടിയാണ്. ആദ്യത്തേത് ഇന്ത്യൻ സമൂഹത്തിൽ നിലവിലുള്ള ഉച്ഛനീചത്വങ്ങളിൽ നിന്നും മോചനം വേണം. രണ്ടാമത് ഇന്ത്യ സർക്കാരിന്റെ പക്ഷാപാതമായ നയങ്ങളിൽനിന്നും പരിഹാരം കണ്ടെത്തണം. മൂന്നാമത് സവർണ്ണ ക്രിസ്ത്യാനികളിൽനിന്നുള്ള പീഢനങ്ങളിൽ നിന്നും മുക്തി നേടണം.

ഇന്ത്യയിൽ ജാതി വ്യവസ്ഥ അവസാനിച്ചുവെന്നു ഇന്ത്യൻ ഭരണഘടന പറയുന്നു. എന്നാൽ ജാതി വ്യവസ്ഥ ഇന്ത്യ മുഴുവനായുണ്ട്. ഇന്ത്യയിലെ നിയമവ്യവസ്ഥകളും ഭരണഘടനയും ക്രിസ്ത്യൻ ദളിതരോട് അങ്ങേയറ്റം വിവേചനം കാണിച്ചിരിക്കുന്നു. തൊട്ടുകൂടായ്മ എന്ന വ്യവസ്ഥ ഹിന്ദു മതത്തിൽ മാത്രമുള്ള ഒരു സാമൂഹിക തിന്മയായി ഭരണഘടന വ്യക്തമാക്കുന്നു. അതുകൊണ്ടു ഒരു ദളിതൻ അധഃകൃത വിഭാഗത്തിൽ (ഷെഡ്യൂൾഡ് കാസ്റ്റിൽ) ഉൾപ്പെടണമെങ്കിൽ അയാൾ ഹിന്ദുവായിരിക്കണം. ബുദ്ധ മതവും സിക്കുമതവും ഹിന്ദുമതത്തിന്റെ ഉപവിഭാഗങ്ങളായി
കണക്കാക്കുന്നതുകൊണ്ടു ആ മതങ്ങളിലെ ദളിതരും ഷെഡ്യൂൾഡ് കാസ്റ്റ് നിയമത്തിന്റെ പരിധിയിൽപ്പെടും. ക്രിസ്തുമതം തൊട്ടുകൂടാ ജാതിയല്ലാത്തതുകൊണ്ടു ക്രിസ്ത്യൻ ദളിതർക്ക് അധഃകൃത സമുദായത്തിനു ലഭിക്കുന്ന സംവരണം  ലഭിക്കില്ല. ഇത് തികച്ചും വിവേചനമെന്ന് ക്രിസ്ത്യൻ ദളിതർ കരുതുന്നു. ദളിത ക്രിസ്ത്യാനികളെ ഹൈന്ദവ മതത്തിലെപ്പോലെ അധഃകൃതരായി പരിഗണിക്കാത്തതുമൂലം അവർക്ക് 1979ൽ പാസാക്കിയ തൊട്ടുകൂടാ ജാതികൾക്കായുള്ള (Untouchability Offences Act) നിയമ പരിരക്ഷയും ലഭിക്കില്ല. ദളിത ക്രിസ്ത്യാനികളോട് ക്രൂരത ഉന്നത ജാതികൾ പ്രവർത്തിച്ചാലും അവർക്ക് സാധാരണ പൗരരുടെ അവകാശമേ ലഭിക്കുള്ളൂ. അതേ സമയം ഹിന്ദു ദളിതരെ സംരക്ഷിക്കാൻ അനേകം നിയമങ്ങളുണ്ട്. അതും നിയമ വ്യവസ്ഥയിലെ മറ്റൊരു വിവേചനമാണ്.

സഭയിൽ ജാതി വ്യവസ്ഥയില്ലെന്നു കത്തോലിക്കാ സഭ അവകാശപ്പെടുന്നു. സഭ ഒരിക്കലും വിവേചനം കാണിക്കാറില്ലെന്നു ലോകം മുഴുവൻ കൊട്ടി ഘോഷിക്കുന്നുമുണ്ട്. അതിന്റെ പേരിൽ വിദേശപ്പണം സമാഹരിക്കുകയും ചെയ്യുന്നു. ദളിതരുടെ കുട്ടികൾ സ്‌കൂളിൽ പഠിക്കുമ്പോഴും വിവേചനം അനുഭവിക്കണം. വടക്കേ ഇന്ത്യയിൽ പല ഭാഗങ്ങളിലും സഭയുടെ വകയായി നല്ല നിലയിൽ നടത്തുന്ന സ്‌കൂളുകളുണ്ട്. അവിടെ ക്രിസ്ത്യാനികൾ അല്ലാത്തവരാണ് കൂടുതലും പഠിക്കുന്നത്. ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാത്ത ദളിത ക്രിസ്ത്യാനി കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്യും. ക്രിസ്ത്യൻ പുരോഹിതർ നടത്തുന്ന പേരു കേട്ട സ്‌കൂളുകളിൽ ക്രിസ്ത്യൻ ദളിതരുടെ കുട്ടികൾക്ക് പ്രവേശനം കൊടുക്കില്ല. അയൽക്കാരനെ സ്നേഹിക്കാൻ ക്രിസ്തു പഠിപ്പിക്കുന്നു. അവിടെ വിശന്നു വലയുന്ന ദളിത കുഞ്ഞുങ്ങളും പള്ളിയോട് സഹകരിക്കുന്നു. ക്രിസ്ത്യൻ വിശ്വാസം മുറുകെപ്പിടിക്കുന്നു. ധനികരായവർ ദരിദ്രരെ ചൂഷണം ചെയ്തു ജീവിക്കുന്നു. ധനികർ പ്രസിദ്ധിയേറിയ ക്രിസ്ത്യൻ സ്‌കൂളുകളിൽ കുട്ടികളെ അയക്കുമ്പോൾ അവിടെയൊന്നും പാവപ്പെട്ട ദളിത ക്രിസ്ത്യാനിക്ക് സ്‌കൂളുകളിൽ പ്രവേശനം കൊടുക്കില്ല.

ക്രിസ്ത്യൻ ദളിതരുടെ സ്ത്രീകൾക്കെതിരേയുള്ള വിവേചനമാണ് മഹാ കഷ്ടം. ഇന്ത്യയിൽ ഏറ്റവുമധികം കഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് ദളിത സ്ത്രീകൾ. സ്ത്രീകളെ ഇരു മടങ്ങായ (ഡബിൾ) ദളിതരെന്നും വിളിക്കുന്നു. മൃഗങ്ങളെക്കാൾ താണ സമീപനമാണ് ദളിത സ്ത്രീകളോട് അനുവർത്തിച്ചു വരുന്നത്. കാരണം അവർ ദളിതരാണ്. അബലകളായ ദളിത സ്ത്രീകളാണ്. 'സ്ത്രീ ശക്തി സ്വരൂപിണി'യെന്നൊക്കെ ദളിത സ്ത്രീകളെ സംബന്ധിച്ചടത്തോളം പുരാണങ്ങളിലെ പഴഞ്ചൻ വാക്യങ്ങൾ മാത്രം.  ദളിത സ്ത്രീകളെ ഇന്ത്യയിൽ ബലാൽസംഗം ചെയ്യുന്നത് നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. ക്രിസ്ത്യൻ ദളിത സ്ത്രീകളോടും ഏതാണ്ട് ഇതുപോലെ തന്നെയാണ് സവർണ്ണ ജാതികൾ പെരുമാറുന്നത്.

സമൂഹത്തിൽ ദളിത സ്ത്രീകളെ നാലാംതരം വർഗമായിട്ടാണ് കരുതിയിരിക്കുന്നത്. ചില ക്രിസ്ത്യൻ സമൂഹത്തിൽ സ്ത്രീകൾ വിദ്യാഭ്യാസമുള്ളവരെങ്കിലും ജോലിയുണ്ടെങ്കിലും വീടിനുള്ളിലെ എല്ലാത്തരം നീചമായ ജോലികളും ചെയ്യണം. സ്ഥിരമായ വരുമാനമുണ്ടെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിലും അവർക്ക് വീടിനുള്ളിൽ സ്വാതന്ത്ര്യമില്ല. പുരുഷനും സ്ത്രീയും തുല്യ സ്വാതന്ത്ര്യമെന്ന് പുരുഷനറിയാമെങ്കിലും പുരുഷൻ എപ്പോഴും അനായാസമായ ഉല്ലാസ ജീവിതമാണ് താൽപര്യപ്പെടുന്നത്. പുരുഷൻ വലിയ പ്ലാറ്റ്ഫോറങ്ങളിൽ നിന്നുകൊണ്ട് സ്ത്രീ സമത്വം വേണമെന്ന് പ്രസംഗിക്കുമ്പോൾ സ്വന്തം വീട്ടിൽ സ്ത്രീക്ക് യാതൊരു സ്വാതന്ത്ര്യവും കൊടുക്കില്ല. അവർ അവിടെ അടിമകളെപ്പോലെ പ്രതിഫലമില്ലാതെ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണം. കുഞ്ഞിനെ ഗർഭത്തിൽ ചുമക്കുന്ന ഒരു ഉപകരണമായി മാത്രമാണ് സ്ത്രീയെ കാണുന്നത്. ഒരു ദളിത സ്ത്രീ ഏതെങ്കിലും കാരണത്താൽ കേസുകളിൽ കുടുങ്ങിയാൽ അവരെ ലൈംഗികമായും അപവാദങ്ങൾ പറഞ്ഞും അശ്ളീല പദങ്ങളിലും പോലീസ് ഓഫീസർമാർ പീഢിപ്പിക്കാൻ ശ്രമിക്കും.

ലോകമാകമാനമുള്ള ജനം ചിന്തിക്കുന്നത്, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജാതി വർഗ വിവേചനമില്ലെന്നാണ്. ഇന്ത്യയിൽ ജാതി വിവേചനം നിയമം മൂലം നിരോധിച്ചിരിക്കുന്നു. അതുകൊണ്ടു ഐത്യാചാരം ഇന്ത്യയിൽ അനുവദനീയമല്ലെന്നുള്ള അനുമാനമാണ് പുറം ലോകത്തിനുള്ളത്. ഇന്ത്യയിൽ ഒരിടത്തും ദളിത വിവേചനമില്ലെന്നു ഇന്ത്യയുടെ സർക്കാർ പറയുന്നു, ജാതി  വ്യവസ്ഥയെന്നുള്ളത് ചരിത്രമാണെന്നും പ്രചരിപ്പിക്കുന്നു. ദളിതർക്കെതിരെയുള്ള തൊട്ടുകൂടാ ഐത്യാചാരങ്ങൾക്കു പരിഹാരം ചരിത്രം നിർദ്ദേശിച്ചിട്ടുമില്ല. ദളിതരുടെ പ്രശ്നങ്ങൾ പുറം ലോകം ചൂണ്ടി കാണിച്ചാൽ 'അത് ഇന്ത്യയുടെ മാത്രം ആഭ്യന്തര കാര്യമെന്നും നിങ്ങൾ അതിൽ ഇടപെടേണ്ടയെന്നു' പ്രസ്താവനകളുമിറക്കും. ദളിതർ അഭിമുഖീകരിക്കുന്ന ഈ പ്രശ്നങ്ങൾക്ക്  രാജ്യാന്തര ശ്രദ്ധയും ആവശ്യമാണ്. ഭാവി കാര്യങ്ങൾ സുരക്ഷിതമാവാൻ ദളിതർ ജാഗ്രതയോടെ മുമ്പോട്ട് പോവേണ്ടതുമുണ്ട്.

സവർണരുടെ തീന്മേശയിൽ ദളിതരുമൊത്തു ഭക്ഷണം കഴിക്കുകയും ഇതര ജാതികളിൽ നിന്നും വിവാഹം കഴിക്കുകയുമെന്നതു ദളിത ജീവിതത്തിൽ അപൂർവമാണ്. ദളിത ക്രിസ്ത്യാനികൾക്കും അവിടെ വിലക്ക് കല്പിച്ചിരിക്കുന്നു. ഉയർന്ന ജാതികളുടെയും സവർണ്ണ ക്രിസ്ത്യാനികളുടെയും വീടിനുള്ളിൽ പ്രവേശിക്കാൻ അവർണ്ണ ക്രിസ്ത്യാനിക്ക് അനുവാദമില്ല. സുറിയാനി ക്രിസ്ത്യാനികൾ സ്വന്തം ജാതിയിൽ നിന്നും പാരമ്പര്യമുള്ള കുടുംബത്തിൽനിന്നും മാത്രമേ വിവാഹം ആലോചിക്കുള്ളൂ. വിവാഹം ഒരു ദളിതനുമായി നടക്കുകയെന്നത് വളരെ അപൂർവവുമാണ്. സഭയുടെ നേതൃത്വത്തിലുള്ള പത്രങ്ങളിലും മാഗസിനിലും വിവാഹ പരസ്യങ്ങളിലും ജാതിയെപ്പറ്റി പ്രത്യേകമായി പരാമർശിക്കാറുണ്ട്. പുരാതന കത്തോലിക്കാ കുടുംബവും വെളുത്ത നിറവും സൗന്ദര്യവുമെല്ലാം വധുവിന് അല്ലെങ്കിൽ വരനുവേണ്ടിയുള്ള വിവാഹ പരസ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് സാധാരണമാണ്,

പാവം കെവിൻ, അവനൊരു ദളിതനായിരുന്നു. അവന്റെ മരണം ലോകമാകമാനമുള്ള മലയാളികളെ കരയിപ്പിച്ചു കഴിഞ്ഞു. ഒരു കെവിൻ മാത്രമല്ല ഭാരതത്തിൽ പിറന്നു വീണിട്ടുള്ളത്. ആയിരമായിരം ദളിതരുടെ രക്തകണ്ണുനീർ ഈ നാടിന്റെ പവിത്ര ഭൂമിയിൽ പതിഞ്ഞിട്ടുണ്ട്. അവനെപ്പോലെ കിടപ്പാടമില്ലാത്തവനും പണമുള്ള പെണ്ണിനെ പ്രേമിച്ചവനും വല്യ വീട്ടിലെ പെണ്ണിനെ സ്വന്തമാക്കിയവനും അടിമപ്പാളയങ്ങളിലെ പാളീച്ചകൾ പറ്റിയവനും അക്കൂടെയുണ്ട്. ദളിതനായ അവൻ ചെയ്ത തെറ്റ് ഒരു നസ്രാണി പെണ്ണിനെ ജീവനു തുല്യമായി സ്നേഹിച്ചതായിരുന്നു. അവന്റെ മരണത്തിൽ, ഈ സമൂഹവും ജാതിയും മതവും ഐത്യവും  ഒരുപോലെ കുറ്റക്കാരാണ്.  പാരമ്പര്യ വാദികളായ ക്രിസ്ത്യാനികൾ അവനെ ദളിതനായി കണ്ടു. പണമുള്ളവർ അവനെ പാമരനായി കണ്ടു. വെറും ഒരു കൂരയിൽ കഴിഞ്ഞ അവൻ നീനുവിനെ സ്നേഹിച്ചത് ചതിക്കാനല്ലായിരുന്നു. എങ്കിലും അവനെ ദുരഭിമാനം പേറി നടക്കുന്ന സമൂഹവും സവർണ്ണ മേധാവിത്വവും മരണത്തിലേക്ക് നയിച്ചു. ഒരു ജീവനെ കൊയ്തെടുക്കാൻ കാരണവും ദുഷിച്ച ജാതി വ്യവസ്ഥ തന്നെ. അതുമൂലം രണ്ടു കുടുംബങ്ങളാണ് ഗതികേടിലകപ്പെട്ടത്. പാടത്തു പണിയുന്ന ദളിതപ്പെണ്ണിനെ കാണുമ്പോൾ ജന്മിക്കു കാമം ഇളകിയാൽ ആരും ഗൗനിക്കില്ലായിരുന്നു. എന്നാൽ ദളിതൻ സവർണ്ണന്റെ മകളെ പ്രേമിച്ചാൽ അവന്റെ ജീവനും അതോടെ അവസാനിക്കും. ഇരുപതാം വയസ്സിൽ 'നീനു' എന്ന പെൺകുട്ടിയെ വിധവയാക്കിയ ഉത്തരവാദിത്തം ആഢ്യ ബ്രാഹ്മണിത്വം വിളമ്പുന്ന കേരളത്തിലെ ക്രൈസ്തവ സഭകൾക്കുമുണ്ട്.










Also please read: ദളിത ക്രിസ്ത്യാനികളും വർണ്ണ ക്രിസ്ത്യാനികളുടെ ജാതീയതയും   http://emalayalee.com/varthaFull.php?newsId=119815

No comments:

Post a Comment