Translate

Sunday, June 3, 2018

KCRM -നോര്‍ത്ത് അമേരിക്കാ മാര്‍ ജേക്കബ് അങ്ങാടിയത്തിനു നല്കുന്ന മെമ്മോറാണ്ടം

KCRM -നോര്‍ത്ത് അമേരിക്കാ 2018 മെയ് 20-ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനു നല്കുന്ന മെമ്മോറാണ്ടം
പ്രിയ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്,
ആദ്യമേതന്നെ വടക്കേ അമേരിക്കയിലെ കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനത്തെ പരിചയപ്പെടുത്താം. 2017-ല്‍ രൂപീകൃതമായ ഒരു സ്വതന്ത്ര അല്മായ സംഘടനയാണിത്. കേരളത്തില്‍ 1990 മുതല്‍ നിലവിലുള്ള ഗഇഞങ-ന്റെ ഒരു ബ്രാഞ്ചാണിത്. ഞങ്ങള്‍ കത്തോലിക്കാസഭയില്‍ ഒരു തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം, ഗവേഷണം, സംവാദങ്ങള്‍ മുതലായവയിലൂടെയും സഭാസംബന്ധിയായ ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിച്ചുകൊണ്ടും സഭാപൗരന്മാര്‍ക്ക് വിദ്യാഭ്യാസം നല്കുന്നുമുണ്ട്. KCRM പ്രസിദ്ധീകരണമായ 'സത്യജ്വാല'മാസികയെ പ്രൊമോട്ടുചെയ്യുന്നുമുണ്ട്.
ഞങ്ങള്‍ ക്രൈസ്തവസഭകളെ ബാധിക്കുന്ന നിരവധി വിഷയങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ അന്തര്‍ദേശീയ ടെലികോണ്‍ഫറന്‍സുകളും പതിവായി സംഘടിപ്പിക്കാറുണ്ട്. 2018 മെയ് 9-ന് നടത്തിയ KCRM-NA-യുടെ ടെലികോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ അപ്പോള്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഏകകണ്ഠമായി ഇങ്ങനെയൊരു മെമ്മോറാണ്ടം തയ്യാറാക്കി, അയയ്ക്കുവാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചാണ് ഈ മെമ്മോറാണ്ടം.
ആ ടെലി കോണ്‍ഫറന്‍സിന്റെ വിഷയം 'സ്വവംശവിവാഹനിഷ്ഠയും ഇടവകാംഗത്വവും' എന്നതായിരുന്നു. പൗരസ്ത്യസംഘം 1986-ല്‍ നല്കിയ 'റീസ്‌ക്ര്ിപ്റ്റു' മുതല്‍ 2018 മാര്‍ച്ച് 2-ന് നിങ്ങളുടെ രൂപതയിലെ ക്‌നാനായ ഇടവകകളിലും മിഷനുകളിലും ഉള്ള സ്വംശവിവാഹനിഷ്ഠ അനുസരിക്കുന്നില്ലാത്ത ക്‌നാനായ കുടുംബങ്ങളെയും ദത്തെടുക്കപ്പെട്ട കുട്ടികളെയും സംബന്ധിച്ചു നല്കിയിട്ടുള്ള ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരെ വിശദമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. 2014 സെപ്റ്റംബര്‍ 19-ന് നിങ്ങള്‍ നല്കിയ ഇടയലേഖനത്തെപ്പറ്റി പൗരസ്ത്യസംഘം അവരുടെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 2001 നവംബര്‍ 21-ന് നിങ്ങളെ രൂപതാഭരണം ഏല്പിക്കുമ്പോള്‍ നല്കിയിരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ആ ഇടയലേഖനം സ്വീകാര്യമല്ലെന്ന് പൗരസ്ത്യസംഘത്തിന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും വിധത്തില്‍ സ്വവംശവിവാഹനിഷ്ഠ പുലര്‍ത്തുന്ന ഇടവകയും മിഷനും പാടില്ലെന്ന് നിങ്ങളുടെ സഭാംഗങ്ങളെ അനുസ്മരിപ്പിക്കണമെന്നു പൗരസ്ത്യസംഘം അതിലൂടെ വീണ്ടും നിങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. നിങ്ങള്‍ ഉപയോഗിച്ചിരുന്ന 'നിര്‍ബന്ധിതമായി' എന്ന വാക്ക് വ്യക്തതയ്ക്കുവേണ്ടി ഒഴിവാക്കേണ്ടതാണെന്നും വിശദീകരിച്ചിരുന്നു. 2018 മാര്‍ച്ച 2-ലെ കത്തിനുശേഷം ഉള്ള സ്ഥിതി ഇതാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
ഒരു ക്‌നാനായ ഇടവകയും മിഷനും സ്വവംശവിവാഹനിഷ്ഠ പുലര്‍ത്തുന്നതായിരിക്കരുത് എന്ന പൗരസ്ത്യസംഘത്തിന്റെ മാര്‍ഗനിര്‍ദേശം ഗ്രഹിക്കുകയോ പരിഗണിക്കുകയോ സമുദായത്തെ അറിയിക്കുകയോ ചെയ്യുന്നതിന് നിങ്ങള്‍ വിമുഖരാണെന്നത് തികച്ചും പ്രതിഷേധജനകമാണെന്ന്  ഗഇഞങ-ചഅ-യുടെ അംഗങ്ങളായ ഞങ്ങള്‍ കരുതുന്നു. നിങ്ങള്‍ ഇപ്പോഴും ക്‌നാനായരായ എല്ലാവര്‍ക്കും അംഗത്വം നല്കണം എന്ന് പൗരസ്ത്യസംഘത്തിന്റെ മാര്‍ഗനിര്‍ദേശം നിലനില്‌ക്കെത്തന്നെ സ്വംശവിവാഹനിഷ്ഠ അനുസരിക്കുന്നില്ലാത്ത ക്‌നാനായ കുടുംബങ്ങളെയും ദത്തെടുക്കപ്പെട്ട കുട്ടികളെയും ശുദ്ധ ക്‌നാനായരല്ലെന്നു പറഞ്ഞ് നിങ്ങളുടെ രൂപതയിലെ ക്‌നാനായ ഇടവകകളിലും മിഷനുകളിലും അംഗത്വംനല്കാന്‍ വിസമ്മതിക്കുന്നതായി ഞങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇത് വംശീയവിവേചനം ഉള്‍പ്പെടുന്ന ഒരു വിഷയമായതിനാല്‍ ഇതു തുറന്നുകാട്ടിയാല്‍ രൂപതയ്‌ക്കെതിരെ കോടിക്കണക്കിനു ഡോളര്‍ നിയമപരമായി അവകാശപ്പെടാനാവുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.
ഈ വിവേചനം അവസാനിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ കത്തോലിക്കാസഭയുടെ, പ്രത്യേകിച്ച് സീറോ-മലബാര്‍സഭയുടെ സല്‍പ്പേര് കളങ്കപ്പെടും. ഇത് തിരിച്ചറിഞ്ഞ് പൗരസ്ത്യസംഘത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ആവശ്യകമായ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. തെക്കുംഭാഗരുടേതെന്നോ വടക്കുംഭാഗരുടേതെന്നോ ഉള്ള ഭേദമില്ലാതെ രൂപതയിലെ എല്ലാ ഇടവകകളിലേക്കും മിഷനുകളിലേക്കും പൗരസ്ത്യസംഘത്തിന്റെ മാര്‍ഗനിര്‍ദേശമെന്തെന്നു വ്യക്തമാക്കുന്ന ഇടയലേഖനം എത്രയും വേഗം അയയ്ക്കണമെന്നും നിങ്ങളുടെ രൂപതയില്‍ ഉള്ള ഒരു മിഷനും ഇടവകയും വംശവിവാഹനിഷ്ഠ പുലര്‍ത്തുന്നതല്ലെന്ന് വ്യക്തമാക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
ക്രിസ്തുവില്‍ നിങ്ങളുടെ
ചാക്കോ കളരിക്കല്‍,
ജനറല്‍ കോഓര്‍ഡിനേറ്റര്‍,
KCRM-നോര്‍ത്ത് അമേരിക്ക
copy to:
Leonardo Cardinal Sandri, Prefect of the Congregation for the Oriental Churches
George Cardinal Alancherry, Major Arch Bishop, Syro-Malabar Church
Mathew Moolekatt, Metropolitan, Archeparchy of Kottayam
C. V. Sebastian Mlattusseril, Prsident, Kerela Catholic church Reformation Movement

No comments:

Post a Comment